Tuesday, 8 February 2011

അച്ഛനും, അമ്മയ്ക്കും.. പിന്നെ മകൾക്കും.

രാത്രിയേറെ വൈകിയിരുന്നു. അവന് വൈകിട്ട് മുതൽ തുടങ്ങിയ പനി ഒട്ടും കുറഞ്ഞിട്ടില്ല, നിർത്താതെയുള്ള കരച്ചിലും. പെട്ടന്നെപ്പോളോ കരച്ചിലിന്റെ ശക്തി കൂടിയ ഒരു നിമിഷത്തിൽ ശ്വാസം കിട്ടാതെ അവൻ വിഷമിച്ചു. തുണി നനച്ച് നെറ്റിയിലിട്ടും, മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി, താരാട്ട് പാടിയും അവനെ ഉറക്കി എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാൻ പാട്പെട്ടിരിക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് ഒന്ന് കാളി. പിന്നെയൊന്നുമാലോചിച്ചില്ല. 10ഉം, 6ഉം വയസ്സായ അവന്റെ ചേട്ടനെയും, ചേച്ചിയേയും, 15 വയസ്സായ,ദൂരെയുള്ള വല്ല്യചന്റെ വീട്ടിൽ നിന്ന് പഠിച്ച്, പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയ മൂത്ത മകളുടെ കൈയിലേല്പിച്ച്, ഒന്നര വയസ്സായ അവനെയുമെടുത്ത്കൊണ്ട് ആ അച്ഛനും അമ്മയും പാതിരാത്രിക്ക് മലയിറങ്ങി.

കൂരിരുട്ടിൽ,രണ്ട് ബാറ്ററിയിട്ട ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ പാമ്പും പഴുതാരയുമുള്ള കാട്ട് വഴിയിലൂടെ അവർ അവനെയുമെടുത്ത്കൊണ്ടോടി. 2 കിലോമീറ്ററോളമെങ്കിലും കാട്ട് വഴിയിലൂടെ നടന്നാലെ ടാറിട്ട റോഡിലെത്തു. പ്രാഥമികാരോഗ്യ കേന്ദ്രം’ വീണ്ടും ഒരു 4 കിലോമീറ്റർ അകലെയുണ്ട്. പക്ഷേ, ഈ രാത്രിയിൽ അതൊന്നും തുറന്നിട്ടുണ്ടാവില്ല. പിന്നെയുള്ളത് 15 കിലോമീറ്റർ അകലെയുള്ള കൊച്ച് ടൌണിലെ ഒരു സ്വകാര്യ ആശുപത്രിയാണ്. അത് മാത്രമാണ് ലക്ഷ്യം. കൈയിൽ കരുതിയിരുന്ന സ്റ്റീൽ കപ്പിലെ ചൂട് വെള്ളം അവന്റെ ചുണ്ടിൽ നനച്ച് കൊടുക്കാൻ മാത്രം അവർ കുറച്ച് സമയം വഴിയരികിലെ കല്ലിലിരുന്നു. വീണ്ടും അവനെ തോളിലേറ്റി നടത്തം - അഥവാ ഓട്ടം. മെയിൻ റോഡിലെത്തി.പക്ഷേ എങ്ങും കൂരിരുട്ട് മാത്രം. ഒരു വാഹനത്തിന്റെയും ശബ്ദം പോലും കേൾക്കുന്നില്ല. ആലോചിച്ച് നിൽക്കാനുള്ള സമയമില്ല. വീണ്ടും അവനെയുംകൊണ്ട് അവർ നടന്നു. പെട്ടന്നൊരു വാഹനത്തിന്റെ ശബ്ദം എവിടെയോ കേട്ടു. ദൂരെയെവിടെ നിന്നോ ഒരുവെളിച്ചം പതുക്കെ മലയിറങ്ങി വരുന്നു. അടുത്തെത്താറയപ്പോൾ അതൊരു ലോറിയാണന്ന് മനസ്സിലായി. കുഞ്ഞിനെയുമെടുത്ത് പിടിച്ച്കൊണ്ട് ആ അച്ഛൻ കൈ കാണിച്ചു. പക്ഷേ, നിർദാക്ഷിണ്യം അവർ നിർത്താതെ പോയി. അമ്മ തളർന്ന്, ഒരു ഒരു വിതുമ്പലോടെ റോഡ്സൈഡിൽ കുത്തിയിരുന്നു.

‘കർത്താവിനിവനെ വേണംന്നാരിക്കും.. കൊണ്ട് പോട്ടെ..”

പക്ഷേ, ‘കർത്താവിനവനെ അപ്പോൾ വേണ്ടായിരുന്നു.’

മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന്, തിരുവിതാംകൂർ ദേശത്തേക്ക് എത്തിപെടാനുള്ള ആകെയുള്ള ഒരാശ്രയമായിരുന്ന KSRTC യുടെ രാത്രി സർവീസ് കോട്ടയം ബസ്, കണ്ണൂരിന്റെ മലയോരമെല്ലാം കറങ്ങി തിരിഞ്ഞ് വന്ന്കൊണ്ടിരുന്ന സമയമായിരുന്നു അത്. വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാകതെ ആ അച്ഛൻ, റോഡിന്റെ നടുക്ക് തന്നെയിറങ്ങി നിന്ന് ആ ബസ്സിന് കൈ കാണിച്ചു. ആ ബസിന്റെ റൂട്ടിലല്ലങ്കിൽ പോലും, ആ നല്ലവനായ ഡ്രൈവർ അവരെ ടൌണിലെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഇറക്കി.

അങ്ങനെ ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു.

കാലം കടന്നുപോയി. എത്ര കഷ്ടപെട്ടാണ് മക്കളെ വളർത്തിയതെന്ന് പപ്പയും അമ്മയും ഈ കഥ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു.

‘ഹോ, അതൊക്കെ എല്ലാ കാർന്നോമ്മാരും ചെയ്യുന്നതാ. ആശുപത്രീം വണ്ടി സൌകര്യോമൊന്നുമില്ലാത്ത കാട്ടിൽ പോയി താമസിക്കാൻ നിങ്ങളോടാരാ പറഞ്ഞെ’ എന്ന് തമാശയ്ക്കാണേലും പറഞ്ഞ് ഈ കാര്യങ്ങളെ നിസ്സാരമാക്കാറുണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ, പ്രശ്നങ്ങൾ എല്ലാം കണ്ട് മനസിലാക്കി, വല്ലപ്പോളുമൊക്കെ (ഇഷ്ടത്തോടെയല്ലങ്കിൽ കൂടി) - പുലർച്ചെ നാലുമണിക്കെണീറ്റ്, ചിരട്ടയിൽ മെഴുക് തിരി കത്തിച്ച് വച്ച് പപ്പയെ റബ്ബർ ടാപ്പിംഗിൽ സഹായിച്ചും, സ്കൂളവധി ദിവസങ്ങളിൽ 8 മണിക്ക് റബ്ബർപാലെടുത്ത് കൊടുത്തും, മിൽമ ബൂത്തിൽ പാല് കൊണ്ട്പോയി കൊടുത്തും, പിന്നെ ഇടയ്ക്ക് കിട്ടുന്ന വൈകുന്നേരങ്ങളിൽ അയൽക്കാരും സോൾ ഗഡീസുമായ സനു, മനോജ്, സതീഷ് തുടങ്ങിയവരുടെയൊപ്പം തോർത്ത്മുണ്ട് കൊണ്ട് മീൻ പിടിച്ചും, തോട്ടിൽ പോയി ചാടി മറിഞ്ഞും ഞാൻ കൌമാരത്തിലേക്ക് പ്രവേശിച്ചു.

വീണ്ടും കാലചക്രമുരുണ്ടു. 35mm ബ്ലാക് & വൈറ്റിൽ നിന്നും ജീവിതം 70mm കളറിലേക്ക് മാറി.

ഞാനുമൊരു അച്ഛനായി.

ഇന്നലെ മോൾക്ക് ചെറിയ പനിയായിരുന്നു. സാധാരണ ജലദോഷം -പനി-ചുമയ്കെല്ലാമുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ സ്റ്റോക്ക് ഉണ്ട്. ഇനിയല്പം കൂടുതലാണേൽ പോലും വണ്ടിയെടുത്ത് പോയാൽ 10 മിനിറ്റിനുള്ളിലെത്തിചേരാവുന്ന ഹോസ്പിറ്റലുണ്ട്. അതിലും എമർജൻസി കേസാണേൽ 999 എന്ന നമ്പർ വിളിച്ചാൽ ആംബുലൻസ്, ഡോക്ടർ എല്ലാം മിനിറ്റുകൾക്കുള്ളിൽ എത്തും.

ഞാനോർക്കുകയായിരുന്നു - എന്റെ അപ്പനുമമ്മയും പറഞ്ഞത് കഥകൾ മാത്രമായിരുന്നില്ല, ഞാൻ വളർന്ന ജീവിതവും അത് തന്നെയായിരുന്നു.

പക്ഷേ,
‘മകളേ, നിനക്ക് പറഞ്ഞ് തരാൻ നിനക്ക് ഭാവനയിൽ പോലും കാണാൻ പറ്റാത്ത, വളരെ കുറച്ച് അനുഭവങ്ങളല്ലേ എനിക്കുള്ളു.

ചെറുപ്പത്തിൽ, പെരുന്നാൾ ദിവസങ്ങളിൽ പള്ളിപ്പറമ്പിൽ വന്ന കടകളൊന്നിൽ ഞാൻ കണ്ട് ഇഷ്ടപെട്ട കീ കൊടുത്താലോടുന്ന ഒരു കാറ് 15 രൂപ കൊടുത്ത് മേടിച്ച് തരാൻ പപ്പായ്ക്കാവില്ലന്നറിഞ്ഞ് കൊണ്ട്, പെരുന്നാളിന്റെ 3 ദിവസങ്ങളിലും കൊതിയോടെ അത് ഞാൻ നോക്കി നിന്ന കഥ, എങ്ങനെ പറഞ്ഞാലും, ഒന്നോ രണ്ടോ തവണ പരീക്ഷിച്ച് നീ തന്നെ മടുത്ത നിന്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ നിനക്ക് മനസ്സിലാകുമോ..?

സ്കൂൾ വിട്ടോടി വന്ന് കട്ടൻ ചായയും കുടിച്ച് - ചിലപ്പോൾ അമ്മയുണ്ടാക്ക്കി വയ്കുന്ന ഇലയടയും കഴിച്ച്, സനുവിന്റെയും, മനോജിന്റെയുമൊപ്പം ‘ഏറുപന്ത് കളിക്കാനും, ചപ്പ് ചവറുകൾ കൂട്ടിയുരുട്ടി പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞ ‘ഫുട്ബോൾ’ കളിക്കാനും പോയിരുന്ന കഥകൾ കേൾക്കുമ്പോൾ ‘ടോയ് സ്റ്റോറി 3യും, ഹാരിപോർട്ടറും’ കണ്ട് വീറ്റബിക്സും, മറ്റ് ബേബി ടിൻ ഫുഡ്സും മനസില്ലാമനസ്സോടെ കഴിക്കുന്ന നിനക്കെന്തെങ്കിലും തോന്നുമോ?

അടുത്ത വീടുകളിലെ സമ പ്രായക്കാരൊത്ത് അവരുടേതേയ ലോകത്ത് തുമ്പിയെ പിടിച്ചും, പൂ പറിച്ചും, പിന്നെ ഞങ്ങൾ ഉറുമ്പ് കടി കൊണ്ട് മാവിൽ വലിഞ്ഞ് കേറി പറിച്ചെടുക്കുന്ന നാട്ടുമാമ്പഴത്തിന്റെ ഷെയറിനായി വരുന്ന എന്റെ ചേച്ചിയടക്കമുള്ള അന്നത്തെ‘ഗേൾസ് സെറ്റിനെ’പറ്റി പറഞ്ഞാൽ നിനക്കൊരുപക്ഷേ ചിരിക്കാൻ പോലും തോന്നില്ലായിരിക്കും.

അയൽക്കാരായ ഞങ്ങൾ അഞ്ച് കൂട്ടുകാർ, ഓരോ ലക്കവും ഓരോരുത്തർ എന്ന കണ്ടീഷനിൽ മേടിച്ച് അത്ഭുതത്തോടെ വായിച്ച് സ്വപ്നം കണ്ടിരുന്ന ‘പൂമ്പാറ്റയിലെയും,ബാലരമയിലെയും, അമർ ചിത്ര കഥകളിലെയും’ ആ അത്ഭുത ലോകം, നീ എപ്പോളേ, യൂറ്റ്യൂബ്-മഞ്ചാടി വീഡിയോകളിലും, മറ്റ് കാർട്ടൂൺ ചാനലുകളിലും കണ്ട് മടുത്തിട്ടുണ്ടാവും. പണ്ട് മഴക്കാലത്ത് മാത്രം വരുന്ന കുത്തൊഴുക്കിൽ, തോട്ടിലെ പാറപ്പുറത്ത് കവുങ്ങിന്റെ പാളയിട്ട് ഊർന്ന് വരുന്ന സുഖം കിട്ടില്ലങ്കിൽ കൂടെ, നിനക്കാസ്വദിക്കാനായി വാട്ടർ തീം പാർക്കുകൾ നാട്ടിലെങ്ങുമുണ്ട്, ഡിസ്നി ലാൻഡ് മുതൽ വീഗാലാൻഡ് വരെ നിനക്ക് ചോയ്സുമുണ്ട്..

ജൂൺ-ജൂലൈ മാസങ്ങളിൽ, സ്കൂൾ വിട്ട് വരുമ്പോൾ, അത്യാവശം തുന്നൽ പണിയുള്ളതെങ്കിലും നനയാതിരിക്കാൻ പാകത്തിൽ ഒരു കുടയുണ്ടായിരുന്നിട്ടും, മറ്റ് ‘കന്നാലി ചെക്കന്മാരോട് വഴക്കുണ്ടാക്കിയും, കളിച്ചും, ആകെയുള്ള ഒരു യൂണിഫോം ചെളിവെള്ളം തെറിപിച്ച് നാശമാക്കി‘ എന്ന പേരിൽ അമ്മയുടെ വഴക്കൊന്നും നിനക്ക് കേൾക്കേണ്ടി വരില്ല, കാരണം, നിന്നെ സ്കൂളിൽ കൊണ്ടെ വിടാനും, തിരിച്ച് കൊണ്ടുവരാനും ഈ അച്ചനുണ്ടാവും. ഒരു മഴത്തുള്ളിയുടെ കുളിരു പോലും നിന്റെ ദേഹത്തേൽക്കേണ്ടിയും വരില്ല, നിനക്ക് പനി പിടിച്ചാലോ എന്ന് പേടിച്ച് നിന്നെ ഒരു കുഞ്ഞു തണുപ്പിൽ പോലും ജാകറ്റില്ലാതെ പുറത്തിറക്കാറില്ലല്ലോ..

നിനക്കൊരു ഹോം വർക്ക് ചെയ്യാൻ, അല്ലങ്കിൽ പഠിക്കുന്ന ഒരു വിഷയത്തിലൊരു സംശയമുണ്ടായാൽ തന്നെ ‘മാഷോട് ചോദിക്കാനാവാതെ പേടിയോടെ നിന്ന’ നിന്റെ അച്ചന്റെ അവസ്ഥ നിനക്കുണ്ടാവില്ല. ഒരു മൌസ് ക്ലിക്കിനപ്പുറം ഈ ലോകത്തിൽ ലഭ്യമായ എല്ലാ വിവരവും, വിവരണങ്ങളുമുള്ള ഇന്റർനെറ്റ് നിനക്കായുണ്ട്. പത്താം ക്ലാസിന് ശേഷവും, പിന്നീട് കലാലയജീവിതത്തിന്റെ ഓരോ ‘ടേണിംഗ് പോയന്റുകളിലും‘ അതുവരെയുണ്ടായിരുന്ന കൂട്ടുകാരെ പിരിയുന്നത് എനിക്ക് വല്ലാത്ത വേദനയായിരുന്നു. പക്ഷേ, പല രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് കൂട്ടുകരെ ‘ഫേസ്ബുക്കിൽ’ കിട്ടിയേക്കാവുന്ന നിനക്ക് , പിന്നീടൊരിക്കലും കണ്ടെത്താനാവാതെ എനിക്ക് നഷ്ടപ്പെട്ട സുഹുത്തക്കളേക്കുറിച്ച് പറഞ്ഞാൽ നീ ചിരിക്കുമോ..?

രാവിലെയെഴുന്നേറ്റ്, ആകാശവാണി കേട്ടുകൊണ്ട് മുറ്റമടിച്ച്, പിന്നെ അല്പനേരം പാഠപുസ്തകത്തിൽ പൂണ്ടിരുന്ന് തല പെരുത്ത്, ഉത്തരം തെറ്റുമോ എന്ന് പേടിയോടെ കണക്ക് ഹോം വർക്ക് ചെയ്തും, അലക്കി വെളുപ്പിച്ചതെങ്കിലും, ഇസ്തിരിയൊന്നുമിടാത്ത ചുളിവുള്ള യുണിഫോമിട്ട്, വഴിയിൽ കാണുന്ന അപ്പൂപ്പൻ താടിയുടെ പുറകേയോടിയും, കൂട്ടുകാരോടൊപ്പം കളി തമാശകൾ പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ആ ഒരു ബാല്യം നിനക്കില്ല.

നിനക്ക് ‘കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമില്ലാത്ത’ ഒരു ജീവിതം മാത്രമേ തരാൻ എനിക്കാവുന്നുള്ളു. പക്ഷേ നിനക്ക് നഷ്ടപെടുന്ന പലതും അതിനേക്കാൾ വലുതാണെങ്കിലും, അതൊന്നും തരാനെനിക്കാവുന്നുമില്ലല്ലോ..

Tuesday, 4 January 2011

ഒരു ചാരിറ്റി ദുരന്തം

ഇംഗ്ലണ്ടിലെത്തിയപ്പോൾ മുതൽ എന്നെ ആകർഷിച്ച സംഗതികളാണ് ഇവിടുത്തെ ‘ചാരിറ്റി ഷോപ്പുകളും , കാർ ബൂട്ട് സെയിലും’.

‘ബ്രിട്ടിഷ് ഹാർട്ട് ഫൌണ്ടേഷൻ, കാൻസർ റിസർച്ച് യു.കെ, റെഡ്ക്രോസ് സൊസൈറ്റി’ തുടങ്ങി നിരവധി സംഘടനകൾ അവരുടെ ഫണ്ടിന് വേണ്ടി നടത്തുന്ന ചാരിറ്റി ഷോപ്പുകൾ യു.കെയിലെ എല്ലാ ടൌണുകളിലുമുണ്ട്. ആളുകൾ തങ്ങൾക്കാവശ്യമില്ല്ലാത്തതും, എന്നാൽ ഉപയോഗയോഗ്യവുമായ സാധനങ്ങൾ സംഭാവനയായി നൽകുന്നതാണ് ഈ കടകളിൽ പ്രധാനമായുമുള്ളത്. ചിതലെടുത്ത് പോയാലും, തുരുമ്പിച്ചാലും ഒരു മൊട്ടുസൂചി പോലും മറ്റുള്ളവർക്ക് വെറുതെ കൊടുക്കില്ലന്ന നമ്മുടെ സ്വഭാവം ഇവിടുത്തുകാർക്കില്ലാത്തത്കൊണ്ട് ഈ കടകളിലൊന്നും സാധനങ്ങൾക്കൊരു ക്ഷാമവുമില്ല. കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ, ഡ്രസ്സുകൾ, തുടങ്ങി ഇലക്ട്രോണിക് സാധങ്ങൾ വരെയുണ്ടാകും ഈ ചാരിറ്റി ഷോപ്പുകളിൽ. ശമ്പളമൊന്നും വാങ്ങാതെ ജോലി ചെയ്യുന്ന വോളണ്ടിയേർസാണ് ഈ കടകളിൽ നിൽക്കുന്നവർ. ഹൈസ്ട്രീറ്റ് റീട്ടൈൽ ഷോപ്പുകളിൽ തൊട്ടാൽ പൊള്ളുന്ന വിലയുള്ള ബ്രാൻഡഡ് സാധനങ്ങൾ പോലും, സെകൻഡ് ഹാൻഡ് ആണെങ്കിൽ കൂടി നല്ല ക്വാളിറ്റിയിൽ നിസ്സാര വിലയ്ക്ക് കിട്ടുമെന്നുള്ളത്കൊണ്ട് ഞാനും ഇടയ്കിടെ ചാരിറ്റി ഷോപ്പുകളിലെ ഒരു സന്ദർശകനായിരുന്നു.

‘കാർബൂട്ട് സെയിൽ‘ എന്നത് വേനൽക്കാലത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സംഗതി കാര്യമായിട്ടൊന്നുമില്ല. ആളുകൾ തങ്ങൾക്കാവശ്യമില്ലാത്ത ഉപയോഗപ്രദവുമായ സാധനങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാനായി കാറിന്റെ ബൂട്ടിൽ കുത്തി നിറച്ച് ഒരു മൈതാനത്ത് കൊണ്ട് വന്ന് നിരത്തി വയ്ക്ക്കുന്ന ഒരു ഞായറഴ്ച ചന്ത. ഉദാഹരണത്തിന്, കുട്ടികൾക്ക് മേടിക്കുന്ന കളിപാട്ടങ്ങൾ, ബേബി വാക്കർ, സൈക്കിൾ തുടങ്ങിയവ കുട്ടികൾ വളരുന്നതോടെ അവർക്കത് വീട്ടിലെ സഥലം മിനക്കെടുത്തുന്ന സാധനങ്ങളാകും. ചിലർ സാധനങ്ങൾ വെറുതെയും കൊടുക്കും. സായിപ്പന്മാരുടെ മറ്റൊരു സണ്ഡേ ടൈം പാസ്സ് - നമ്മുക്ക് നിസ്സാര പൈസക്ക് വിലപേശി വാങ്ങാനുള്ള മറ്റൊരു ഓപ്ഷൻ.

കാര്യങ്ങളിങ്ങനെയൊക്കെയാണങ്കിലും ചാരിറ്റി ഷോപ്പുകൾ ചിലപ്പോൾ തലവേദനയായി മാറാറുമുണ്ട്.




സ്ത്രീകളുടെ ജന്മനാ ഉള്ള പല വീക്നെസുകളിലൊന്നാണല്ലോ ഷോപ്പിംഗ്. മാസത്തിലൊരിക്കൽ നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചത്കൊണ്ട് നമ്മളാരും ചായക്കടയിൽ പോയി വല്ലപ്പോളുമൊരു ചായയും കടിയും കഴിക്കാതിരിക്കുന്നില്ലല്ലോ, എന്ന ‘വരട്ട് തത്ത്വവാദവും’ പറഞ്ഞ് ഇടയ്ക്കിടെയുള്ള ഷോപ്പിംഗ് കൂടാതെ, ടൌണിലുള്ള ചാരിറ്റി ഷോപ്പുകളിലും കേറി, ‘ദേ 2 പൌണ്ടേയുള്ളു’ എന്നൊക്കെ പറഞ്ഞ് പിന്നേം എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങിച്ച് കൂട്ടുക എന്നത് സഹധർമ്മിണിയുടെയുടെ ഒരു ഹോബിയായിരുന്നു. (ഇടയ്കൊക്കെ ഒന്നു രണ്ട് ഉപകാരമുള്ള സാധനങ്ങൾ കിട്ടിയിട്ടുമുണ്ട്).

അങ്ങനെയിരിക്കെയാണ് ‘വെള്ളമടിക്കാൻ മുട്ടിയിരിക്കുന്നവന്റെ വീടിന്റെ മുന്നിൽ ബിവറേജിന്റെ കൌണ്ടർ തുറന്നത് പോലെ’, ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ‘ബ്രെയിൻ വേവ്’ എന്ന, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള ചാരിറ്റി സംഘടനയുടെ കട തുറന്നത്. പൊതുവേ ചാരിറ്റി കടകളൊരു വീക്നസ്സായ ഭാര്യയ്ക്കത് അപ്രതിക്ഷിതമായി കിട്ടിയ ചാകരയായി. ഡൈലി ജോലിക്ക് പോയി തിരിച്ച് വരുമ്പോൾ അവിടെ ഹാജർ വച്ചിട്ടേ കക്ഷി വീട്ടിലേക്ക് കേറി വരു എന്ന സ്ഥിതിയായി.
‘ഇതെന്തിനാ മേടിച്ചേ’ എന്ന് ചോദിച്ചാൽ ഉടൻ വരും ഉത്തരം - 'എന്തോരം പൈസ വെറുതെ കള്ള് കുടിച്ച് കളയുന്നു, ഇതിപ്പോ കുറേ പാവം കുട്ടിക്കൾക്ക് വേണ്ടിയെങ്കിലും ഉപകാരപെടും.'

അങ്ങനെയിരിക്കെ, രണ്ടാഴ്ച്ചത്തെ ക്രിസ്മസ് അവധിക്കായി നമ്മുടെ ‘സ്കൂളടച്ചു.’

‘ക്രിസ്മസൊക്കെയല്ലേടേ, വാ.. അർമ്മാദിക്കാം’ എന്നും പറഞ്ഞ് വിളിക്കുന്ന കൂട്ടുകാരുടെ പ്രലോഭനങ്ങളെ അതിജീവിക്കനാവാതെ, ഇടയ്കിടെ വീട്ടിൽ നിന്ന് മുങ്ങി നമ്മുടെ പ്രിയപ്പെട്ട സ്പോർട്സ് ഐറ്റമായ ചീട്ട് കളിയിലെ 28ൽ പല വട്ടം ചാമ്പ്യനായും, പല പുതിയ ബ്രാൻഡ്കൾ പരീക്ഷിച്ചും ദിവസങ്ങൾ കഴിഞ്ഞു. ‘കിലുക്കവും, നാടോടിക്കാറ്റും, പഞ്ചാബി ഹൌസും’ വീണ്ടും വീണ്ടും കണ്ട് മടുത്തു. ഈ അവധിക്കാലത്ത് ചെയ്ത് തീർക്കാൻ നേരത്തെ പ്ലാൻ ചെയ്ത കര്യങ്ങളെല്ലാം‘റ്റു ഡു ലിസ്റ്റ്’ എന്നെഴുതി കലണ്ടറിൽ ഒട്ടിച്ച് വച്ചതല്ലാതെ അതുമൊന്നും നടന്നിട്ടില്ല. പെട്ടന്നന്നാണൊരുൾവിളി വന്നത്. വീടൊക്കെയൊന്നു ക്ലീൻ ചെയ്യാം. വെറുതെ തീറ്റേം കുടീമായി സുഖിച്ചിരിക്കുന്നു എന്ന ഭാര്യയുടെ പരാതിക്കൊരു താൽകാലിക പരിഹാരമാകുകയും ചെയ്യും.

രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞയുടൻ തന്നെ ക്ലീനിംഗ് പണി ഏറ്റെടുത്തു. നാട്ടിൽ നിന്ന് ആദ്യമായി ഇങ്ങോട്ട് വന്നപ്പോൾ കൊണ്ട് വന്ന പെട്ടി മുതലുള്ള സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചെറിയ സ്റ്റോർ റൂമിൽ തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചു. പഴയ ബാഗുകൾ, ഷൂസുകൾ, കൊച്ചിന്റെ ടോയ്സ് തുടങ്ങി സകല അലുകുലുത്ത് സാധനങ്ങളും കാർഡ്ബോർഡ് ബോക്സുകളിലും അല്ലാതെയും ആക്രിക്കടയിൽ വച്ചിരിക്കുന്നത് പോലെ വാരിവലിച്ചിട്ടിരിക്കുന്നു. ‘ഇതിനകത്ത് പെരുമ്പാമ്പ് പെറ്റ് കിടന്നാൽ പോലും അറിയില്ലല്ലോ’ എന്ന് മനസ്സിൽ തോന്നിയെങ്കിലും, ഈ രാജ്യത്ത് പാമ്പുകളുള്ളതായി ഇത് വരെ കേട്ടിട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ഒരു സൈഡിൽ നിന്ന് പണി തുടങ്ങി. (ചില പ്രത്യേക തരം ‘പാമ്പുകളെ’ കണ്ടിട്ടുണ്ടങ്കിലും, അവ കൂടുതലും വീകെൻഡുകളിൽ പബ്ബുകളിലും ബാറുകളിലും മാത്രം കാണപ്പെടുന്നവയും നിരുപദ്രവകാരികളുമാണ്).

ഭാര്യയുടെ ചെരിപ്പുകളൂം, ഷൂസുകളും, ലേഡീസ് ബാഗുകളും മാത്രം ഒരു സൈഡിലേക്കൊതുക്കി നോക്കിയപ്പോൾ, ‘എന്തുകൊണ്ട് എനിക്കൊരു സെകൻഡ് ഹാൻഡ് കട തുടങ്ങിക്കൂട?’ എന്നൊരു ആലോചന മനസ്സിൽ വന്നത് തികച്ചും സ്വാഭാവികം. ഉപയോഗിക്കുന്നില്ലാത്ത കുറേയെണ്ണമെങ്കിലും ഏതേലും ചാരിറ്റി കടേൽ കൊടുത്ത് സ്ഥലമൊഴിവാക്കാൻ ഞാൻ മുൻപ് പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ടങ്കിലും, ‘എനിക്ക് 9ആം ക്ലാസ്സിൽ കണക്ക് പരീക്ഷ പാസ്സായപ്പോൾ പപ്പ മേടിച്ച് തന്നതാ ഈ ബാഗ്‘, ‘ഈ ചെരിപ്പ് ഞാൻ യു.കെലെത്തീട്ട് ആദ്യമായി വാങ്ങിയ സംഗതിയാ, അത് കൊടുക്കാൻ പറ്റില്ല’ തുടങ്ങിയ സീരിയസ്സായിട്ടുള്ള ഇഷ്യൂസെടുത്തിട്ട് ഭാര്യ വിലക്കിയത്കൊണ്ട്, ഇത്രേം ‘ചരിത്ര പ്രാധാന്യമുള്ള ആന്റ്വിക് സാധനങ്ങൾ’ ആ സ്റ്റോർ റൂമിൽ പൊടിപിടിച്ച് വിശ്രമജീവിതം നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയെങ്കിലുമീ വിലമതിക്കാനാവത്ത സാധനങ്ങൾക്കൊരു ശാപമോക്ഷം കൊടുക്കണം. ഞാൻ തീരുമാനിച്ചു. ഇവൾടെ സമ്മതത്തോടെയെന്തായാലും ഇതൊന്നുമൊഴിവാക്കാൻ പറ്റില്ല. ഒരുവിധം കൊള്ളാവുന്ന കുറേ ലേഡീസ് ബാഗുകളും, ചെരിപ്പുകളും, ഒരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി ഒരു കോർണറിൽ മാറ്റിവച്ചു. യിവളെന്തായാലും, ഈ സ്റ്റോർ റൂമിൽ കേറി ഇതൊക്കെയുണ്ടോന്ന് നോക്കാനൊന്നും പോണില്ല. നാളെ കക്ഷി ജോലിക്ക് പോകുന്ന തക്കം നോക്കി താഴെ ചാരിറ്റി ഷോപ്പിൽ കൊണ്ടെ തട്ടണം. സ്റ്റോർ റൂമൊരു സൈഡാക്കിയതോടെ ഞാൻ ക്ലീനിംഗ് ജോലി മതിയാക്കി.

അടുത്ത ദിവസം രാവിലെ ഭാര്യയുണർന്ന് ജോലിക്ക് പോയി,ഉടനെ തന്നെ ഞാൻ തലേന്ന് പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗുമെടുത്ത് താഴെയുള്ള ചാരിറ്റി ഷോപ്പിലേക്ക് വിട്ടു. സാധനങ്ങൾ കൊടുത്തപ്പോൾ, ‘ഹോ ഇറ്റ്സ് എക്സലന്റ്.. ബ്രില്ല്യന്റ്..താങ്ക്യൂ സോമച്ച്’ തുടങ്ങിയ സായിപ്പിന്റെ സ്ഥിരം മറുപടികൾ കേട്ട് സായൂജ്യമടങ്ങി വീട്ടിലേക്ക് മടങ്ങി.

‘ഡേ, നീയ് അഞ്ചാറ് മുട്ടയെടുത്ത് സ്ക്രാമ്പിൾ ചെയ്ത് വെക്ക്, ഞങ്ങൾ ദേ അങ്ങോട്ട് വരുന്നു’ എന്ന് വിളിച്ച് പറഞ്ഞ ഫ്രണ്ട്സിനെ, ‘വൈകിട്ടാകട്ടേയിഷ്ടാ, ഇവിട്ത്തെ മുട്ടേടെയൊക്കെ സ്റ്റോക്ക് കാലിയായി’ എന്ന് പറഞ്ഞ് ഒരു വിധം ഒഴിവാക്കി, നല്ല കുട്ടിയായി ടിവിയും കണ്ട് ഉച്ച വരെയിരുന്നു.

‘ദേ, നമ്മ്ടെ ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്യാനുള്ള എന്തേലും കിട്ടുമോന്ന് നോക്കാൻ ഞാൻ ഒന്ന് രണ്ട് കടകളിൽ പോയി നോക്കീട്ടേ വരുള്ളൂ കേട്ടോ”. നാലുമണി കഴിഞ്ഞപ്പോൾ ഭാര്യയുടെ വിളി വന്നു.
“ഓകേ, പ്രിയതമേ.. പറ്റുങ്കിൽ ഒരു പുൽകൂട് തന്നെ പൊക്കിയെടുത്ത് കൊണ്ടു വരൂ..” ഞാൻ പറഞ്ഞു.

അരമണിക്കൂറിനുള്ളിൽ കക്ഷി വീട്ടിലെത്തി. ഒന്നു രണ്ട് പ്ലാസ്റ്റിക് കൂടുകളുമുണ്ട് കൈയിൽ. ക്രിസ്മസ് ട്രീ ഡെക്കറേഷൻസ് ആയിരിക്കും. ഒറ്റയ്ക്കിരുന്നുള്ള ബോറടി മാറ്റാൻ രാവിലെ മുതൽ തന്നെ ഉച്ചഭക്ഷണം കഴിച്ചതീന്റെ ക്ഷീണം കാരണം ഞാൻ കിടന്നിടത്തുന്ന് അനങ്ങിയില്ല.

“ദേ, ഇങ്ങോട്ട് നോക്ക്യേ.. ക്രിസ്മസൊക്കെയായിട്ട് എല്ലാരും പാർട്ണേർസിന് എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് കൊടുക്കും. നിങ്ങളോ എനിക്കൊന്നും മേടിച്ച് തന്നില്ല. അത്കൊണ്ട് ഞാൻ തന്നെ എനിക്കെന്തെങ്കിലും ട്രീറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു.”

ശ്ശോ..ശരിയാണല്ലോ.. ക്രിസ്മസായിട്ട് അവൾടെ ക്രഡിറ്റ് കാർഡ് വച്ചിട്ടെങ്കിലുമൊരു ഗിഫ്റ്റ് മേടിച്ച് കൊടുക്കണമെന്നോർത്തിട്ട് മറന്നല്ലോ. ഞാൻ കുറ്റബോധത്തോടെ എണീറ്റ്, അവൾ കൊണ്ട് വന്ന പ്ലസ്റ്റിക് കൂട് തുറന്ന് നോക്കി.

രാവിലെ, ഞാൻ താഴെ ‘ബ്രയിൻ വേവ്’ ചാരിറ്റിഷോപ്പിൽ കൊണ്ട് കൊടുത്ത ലേഡീസ് ബാഗുകളിലൊരെണ്ണം, കടക്കാർ പോളിഷ് ചെയ്ത തിളക്കത്തിന്റെ അഹങ്കാരത്തോടെ എന്നെ നോക്കി പല്ലിളിച്ച് ചിരിക്കുന്നു.

“പേടിക്കേണ്ട, ഞാൻ പുതിയതൊന്നും മേടിച്ചിട്ടില്ല. താഴത്തെ ചാരിറ്റി കടേന്നാ. 7പൌണ്ടേയുള്ളു. ഇതുകൂട്ട് പുതിയതിന് എന്തായാലും മിനിമം 30 പൌണ്ടെങ്കിലും വരും. എനിക്ക് പണ്ടിത്പോലത്തെയൊരു ബാഗുണ്ടാരുന്നു. അതെവിടെ പോയോ ആവോ.. എനിക്കൊത്തിരിയിഷ്ടമാ ഈ ലേസൊക്കെയുള്ള ലതർ ബാഗ്.”

ഞാൻ ഓടിപോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. 7 പൌണ്ട്കൊണ്ട് രണ്ട് ദിവസത്തെ അർമ്മാദത്തിനുള്ള ഒരു കുപ്പി വാങ്ങാമായിരുന്നു എന്ന സങ്കടത്തേക്കാൾ, എന്നെ സമാധാനിപ്പിച്ചത്, ഞങ്ങളെ ശരിക്കും പരിചയമുള്ള ആ മദാമ്മ തള്ള, ‘ഇത് നിന്റെ ഹസ്ബൻഡ് രാവിലെ ഇവിടെ കൊണ്ട് തന്നതാ കൊച്ചേ’ എന്ന് ഭാര്യയോട് പറയാത്തതിലായിരുന്നു.

“പാവം നീ.. 7 പൌണ്ടല്ലേയുള്ളു. സാരമില്ല, നല്ല ബാഗ്.” ഞാൻ പറഞ്ഞു.

“ഹും. അവിടെ ഒത്തിരി പുതിയ ഐറ്റംസ് വന്നിട്ടുണ്ട്. ഇന്ന് ഒന്നും നോക്കാൻ സമയം കിട്ടിയില്ല. നാളെ എനിക്ക് ഓഫാ, ഒന്നൂടെ പോയി നോക്കണം.”

ഞാൻ പിന്നേം പോയി ഒരു ഗ്ലാസ് വെള്ളം കൂടെ കുടിച്ചു.
--------------------------------------------

Friday, 10 December 2010

പാരീസ് ഡ്രീംസ്-3

പതിവു പോലെ ഞായറാഴചയുടെ ആലസ്യത്തിൽ വൈകിയാണുണർന്നത്. എങ്കിലും കുളിച്ച് ഫ്രഷായി, റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച് വന്നിട്ടും ഇനിയും അരമണിക്കൂറോളമുണ്ട്, ആൾഡ്രിൻ റെഡിയായിനിൽക്കാൻ പറഞ്ഞ 10 മണിക്ക്. വെറുതെ ഹോട്ടലിന് പുറത്തിറങ്ങി നടന്നു. മറ്റ് യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങൾ, തൊട്ടടുത്തുള്ള പാരീസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഒർളി എയർ പോർട്ടിൽ വന്ന് പോകുന്നതിന്റെ ശബ്ദമൊഴിച്ചാൽ ശാന്തമായൊരു അന്തരീക്ഷം. ഹോട്ടലിനു ചുറ്റിലുമുള്ള ഗാർഡനിലുടെ കുറച്ച് നടന്നപ്പോളേക്കും മൊബൈലിൽ ആൽഡ്രിന്റെ വിളിയെത്തി. കോച്ച് റെഡിയാണ്.

വീണ്ടും ഡിസ്നിലാൻഡിലേക്ക്.

തലേന്ന് ഡിസ്നി സ്റ്റുടിയോയിൽ മിസ്സ് ചെയ്ത സംഗതികളിൽ കേറണോ, അതോ ഇനിം, 4 കി.മി ചുറ്റളവിൽ കിടക്കുന്ന ഡിസ്നി തീം പാർക്കിൽ കേറി നിരങ്ങണോ എന്നതായിരുന്നു അന്നത്തെ കൺഫ്യൂഷൻ.

ഏന്തായാലും ഒന്നും നേരെ ചൊവ്വെ കാണാൻ പറ്റില്ല, അതുകൊണ്ട് തലേ ദിവസത്തേപോലെ ഓടി നടന്നെങ്കിലും, പറ്റുന്നിടത്തോളം ഡിസ്നി തീം പാർക്ക് മാത്രം കാണാൻ തീരുമാനിച്ചു. ഡിസ്നി തീം പാർക്ക് കൂടുതലും കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്.

കുട്ടിക്കലത്ത് ബാലരമയിലും, പൂമ്പറ്റയിലുമൊക്കെ വായിച്ചിരുന്ന കഥകളിലേത് പോലുള്ള ഒരു ലോകം.
‘എന്റെയൊക്കെ കൂട്ടിക്കാലമൊക്കെ എത്ര ദരിദ്രമായിരുന്നു, എത്ര ഭാഗ്യം ചെയ്തവരാ ഇവിടെയൊക്കെ വരാ‍ൻ പറ്റുന്ന കുട്ടികൾ..’ എനിക്കങ്ങനെ തോന്നാതിരിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വൈകിയാണങ്കിലും കിട്ടിയ ഈ അവസരത്തിൽ ഞങ്ങളെല്ലാം 10 വയസുകാരായി മാറി, ഓരോ കാഴ്ചകളും അത്ഭുതത്തോടെ കണ്ടു.

മിക്കി മൌസും, ഡൊണാൾഡ് ഡക്കുമുൾപ്പടെയുള്ള ഡിസ്നി കാരക്ടേർസ് ഇടക്കിടെ വന്ന് കൈ തന്ന്, കൂടെ നിന്ന് ഫോട്ടൊയെടുത്ത് പോയെങ്കിലും, ഞങ്ങളുടെ പ്രശ്നം വീണ്ടും ഏന്ത് കാണണം, എന്ത് ഒഴിവാക്കണം, ഏത് റൈഡിൽ കേറണം എന്നൊക്കെയായിരുന്നു.

തലേ ദിവസത്തെ റോളർ കോസ്റ്റർ ഹാങ്ങോവർ മാറാത്തത് കൊണ്ട്, വീണ്ടും അത്പോലെയുള്ള ‘അഡ്വവഞ്ചർ’ പരിപാടിക്ക് കേറണോന്നുള്ള സംശയത്തിൽ നിന്നങ്കിലും, മണികണ്ടന്റെ നിർബന്ധത്തിൽ വീണ്ടും ഒരു ‘ജീവന്മരണ പോരാട്ടത്തിന്’ തല വച്ച് കൊടുക്കേണ്ടി വന്നു. ഇത്തവണ, ഗ്രാവിറ്റിയുടെ - അതായാത്, ഒരു തേങ്ങ കണ്ടിച്ച് താഴെയിട്ടാൽ വരുന്ന സ്പീഡിന്റെ 5 ഇരട്ടി സ്പീഡിൽ തഴേക്കും മുകളിലേക്കും പോകുന്ന ഒരു ലിഫ്റ്റിലായിരുന്നു അഗ്നി പരീക്ഷണം. റോളർ കോസ്റ്റർ കണ്ട് പിടിച്ചവന്റെ പൂർവികരെയൊക്കെ ആ റൈഡിൽ സ്മരിച്ചതിന് മാപ്പ് ചോദിക്കുന്ന രീതിയിലുള്ളൊരു പരീക്ഷണമായിരുന്നു 5 മിനിറ്റോളം നിണ്ട് നിന്ന ആ ലിഫ്റ്റ് റൈഡ്. ‘പറ്റിയത് പറ്റി, ഇനി ജന്മത്ത് ഇമ്മാതിരി കോപ്പിലെ പരിപാടിക്കില്ല‘ എന്ന് അവ്ടെ വച്ച് മൂന്ന് വട്ടം സത്യം ചെയ്ത് ആ ലിഫ്റ്റിന്ന് ഇറങ്ങി. പിന്നെ നടക്കുന്ന വഴിക്കെവിടെയെങ്ങാനും റോളർ കോസ്റ്ററോ, അതുപോലത്തെ മനുഷ്യനെ ഇടങ്ങേറാക്കുന്ന എന്തെങ്കിലും പരിപാടിയുടെ ലക്ഷണമെങ്ങാനും കണ്ടാൽ, ഏതേലും തമിഴ് സിനിമയുടെ വിശേഷം പറഞ്ഞ് മണികണ്ടന്റെ ശ്രദ്ധ മാറ്റി വിടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

അവിടെ എത്തുന്ന മറ്റെല്ലാവരെയും പോലെ, ഞങ്ങളും കുട്ടികളായി ‘സ്ലീപിംഗ് ബ്യൂട്ടി കാസിലിലൂം’, ‘ഇറ്റ്സ് എ സ്മാൾ വേൾഡ്’ എന്ന മറ്റൊരത്ഭുത ലോകത്തിലും, ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയനിലും’ കയറിയിറങ്ങിയും നടന്നെങ്കിലും, ഇനിയും കാണാൻ പോലും പറ്റാതെ നിരവധി സംഗതികൾ വീണ്ടും മിസ്സ് ചെയ്തല്ലോ എന്ന നിരാശയിൽ , തളർന്ന് ഒരു കഫേയിൽ കയറിയിരുന്നു.

6 മണി കഴിഞ്ഞു.ഡ്ഡിസ്നി പരേഡ് എന്നൊരു സംഗതിയുണ്ടന്ന് ‘മാപിൽ നിന്ന് മനസിലായി.’ അത് കാണാൻ വേണ്ടിയായിരിക്കണം, ആ ദിവസം ഡിസ്നി ലാൻഡിലെത്തിയ പതിനായിരക്കണക്കിന് മനുഷ്യർ ചെറിയ മഴയിലും, കാത്ത് നിൽക്കുന്നത്. രാവിലെ മുതൽ തുടങ്ങിയ ഓട്ടത്തിൽ ഞങ്ങളും തളർന്നിരുന്നെങ്കിലും, എല്ലാവരും ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന ‘ഡിസ്നി ലൈറ്റ് & ഷോ പരേഡ്’ മിസ്സ് ചെയ്യാൻ മനസ്സ് വന്നില്ല. ഒടുവിൽ 6.30ന് സ്ലീപിംഗ് ബ്യൂട്ടി കാസിലിൽ നിന്നാരംഭിച്ച ഡിസ്നി പരേഡ്, മറ്റൊരത്ഭുത കാഴ്ച്ചയായി ഞങ്ങളുടെ മുൻപിലൂടെ വന്ന് തുടങ്ങി. മിക്കി മൌസ് മുതൽ ഡിസ്നി ‘ഫെയറി ടെയിൽ’ കഥകളിലെ രാജകുമാരനും, രാജകുമാരിയും, മറ്റ് കഥാപത്രങ്ങളും അവിശ്വസിനീയമായ റിയാലിറ്റിയോടെ’ പരേഡിലെ ഓരോ കാഴ്ചകളായി മുൻപിലൂടെ പൊയ്കോണ്ടിരുന്നു. ഡിസ്നിലാൻഡ് കാഴ്ചകളെല്ലാം തന്നെ ഒരിക്കലും അതിന്റെ പൂർണ്ണതയിൽ വിവരിക്കുക പ്രയാസമാണ്, അത് അനുഭവിച്ചറിയാൻ മാത്രമേ പറ്റു.



ഡിസ്നിലാൻഡിലെ രണ്ടാം ദിവസാവും അങ്ങനെ കഴിഞ്ഞു. കോയമ്പത്തൂരിലെ ‘ബ്ലാക് തണ്ടർ തീം പാർക്ക്’, പിന്നെ വീഗാ ലാൻഡ്, ഇവിടെയൊക്കെ പോയതോടെ ‘തീം പാർക്ക്’ എന്ന പരിപാടിയേ മടുത്ത് തുടങ്ങിയിരുന്ന ഞാൻ, പക്ഷേ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഡിസ്നിലാൻഡിൽ നിന്ന് പോന്നത്. അത്രക്കും ആകർഷകവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു, അവിടുത്തെ ഓരോ കാഴ്ചകളും.







പാരീസിലെ ഞങ്ങളൂടെ നാലാം ദിവസം.

അന്ന് തിരിച്ച് ലണ്ടനിലേക്ക് മടങ്ങണം. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ ഉണർന്ന് എല്ലാം പായ്ക് ചെയ്ത് ഹോട്ടലിൽ ചെകൌട്ട് ചെയ്തു. ലോകാത്ഭുതങ്ങളിലൊന്നായ ‘ഐഫൽ ടവറിൽ’ കയറുക എന്നതായിരുന്നു അന്നത്തെ മെയിൻ പ്രോഗ്രാം. 12 മണിക്കായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. അതിനിടയിലുള്ള 2 മണിക്കൂർ, ആദ്യ ദിവസം രാത്രിയിൽ കണ്ട പാരീസ് നഗരത്തെ പകൽ വെളിച്ചത്തിൽ ഒന്നുടെ ഓടി നടന്ന് കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയത്തിന്റെ’(ഫ്രഞ്ചിൽ പ്രൊനൌൺസിയേഷനൊക്കെ വേറെന്തൊക്കെയോയാണ്)മുന്നിലെത്തിയപ്പോൾ, പ്രോഗ്രാമിലില്ലാത്തതാണങ്കിലും, ഞങ്ങളുടെ നിർബന്ധം കാരണം അര മണിക്കൂർ അവിടെ ഞങ്ങൾക്കനുവദിച്ചു. ലൂർവ് മ്യൂസിയത്തിലെ ഓരോ പെയിന്റിംഗ്-ശില്പങ്ങൾ കാണാൻ ഓരോന്നിനും രണ്ട് മിനിറ്റ് വച്ചെടുത്താൽ പോലും, മുഴുവൻ കണ്ട് തീർക്കാൻ ആറു മാസമെടുക്കുമത്രേ.! ഗൈഡ് പറഞ്ഞതെത്രത്തോളം ശരിയാണന്നറിയില്ല, എങ്കിലും ‘ഡാവിഞ്ചി കോഡ്’ സിനിമ കണ്ടത് മുതൽ ഒരാവേശമായി മനസിൽ കിടക്കുകയായിരിന്നു ഈ മ്യൂസിയവും, അതിന്റെ മുൻപിലെ ക്രിസ്റ്റൽ പിരമിഡും. ആറ് മാസമെടുത്ത് കാണണ്ട ആ മ്യൂസിയത്തിൽ, അര മണിക്കുറിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റിയത് മ്യൂസിയത്തിന് മുൻപിലെ ക്രിസ്റ്റൽ പിരമിഡിൽ പോയി നിന്ന് കുറച്ച് ഫോട്ടോസെടുക്കാനും, പിന്നെ, അവിടുത്തെ ഏറ്റവും വലിയ ആകർഷണമായാ ഡാവിഞ്ചിയുടെ ‘മൊണോലിസ’ പെയിന്റിംഗ് ഒരു പത്തു മീറ്ററിനപ്പുറമും നാലഞ്ച് ചില്ല് കൂടുകൾക്കുള്ളിൽ വച്ചിരിക്കുന്നത്, ശബരിമലയിൽ ഭക്തർ ക്യൂ നിന്ന് അയ്യപ്പനെ ദർശിക്കുന്നത് പോലെ ഒരു നോക്ക് കാണുവാനും മാത്രമായിരുന്നു.

ലൂർവ് മ്യൂസിയത്തിൽ നിന്ന് ഐഫൽ ടവറിലേക്ക് കാര്യമായ ദൂരമൊന്നുമില്ലങ്കിലും, ട്രാഫിക്കിൽ കുടുങ്ങി 20 മിനിറ്റോളം വൈകിയാണ് എത്തിയത്. ലേറ്റായതിന്റെ പേരിൽ, ടവറിന്റെ മുകളിലേക്കുള്ള എന്റ്രി ഗേറ്റിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും, ഇതൊക്കെ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആൽഡ്രിന്റെ ഇടപെടൽ കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ ‘ഐഫൽ ടവറിന്റെ’ മുകളിലേക്ക്..



1887-89 ഇൽ നിർമ്മിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സ്റ്റീൽ സ്ട്രക്സ്ചർ.! സന്ദർശകർക്ക് ലിഫ്റ്റിൽ പോകാൻ പറ്റുന്ന മൂന്ന് ലെവലുകളാണ് ടവറിലുള്ളത്. ടവറിന്റെ നാലു പ്ലാറ്റ് ഫോമുകളിലുമുള്ള, 60 പേരെയെങ്കിലും ഉൾകൊള്ളാവുന്ന നാല് ലിഫ്റ്റ്കൾ വഴി ടവറിന്റെ 2 ലെവൽ വരെ പോകാൻ കഴിയും. മൂന്നാമത്തെയും, ഏറ്റവും മുകളിലത്തെയും നിലയിലെത്തണമെങ്കിൽ 15 പേരെ മാത്രം ഉൾക്കൊള്ളുന്ന രണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. അതിനുള്ളിലേക്ക് കയറിപറ്റണമെങ്കിൽ മണിക്കുറുകളോളം ക്യൂ നിൽക്കണം.

ടവറിന്റെ രണ്ടാമത്തെ ലെവലിലെത്തി, ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി. താഴെ ദൂരെയായി ഒഴുകുന്ന ‘സീൻ നദി.’ ടവറിന്റെ താഴെകാണുന്ന പച്ച പുതച്ച മൈതാനത്ത് ഉറുമ്പം കൂട്ടങ്ങളേപോലെ തോന്നിക്കുന്ന സഞ്ചാരികൾ. പകലാണങ്കിലും എവിടെയൊക്കെയോ നിന്നൊഴുകിയെത്തുന്ന ഒരു സംഗീതം. അതായിരുന്നു, പാരിസിനെ തികച്ചും വ്യത്യസ്ഥമാക്കിയിരുന്നത്. തണുത്ത കാറ്റു സഹിക്കാവുന്നതിലപ്പുറുമായപ്പോൾ, ഫോട്ടോയെടുക്കലൊക്കെ നിർത്തി ഭാര്യയും, മകളും, ടവറിനു മുകളിലുള്ള ഒരു റെസ്റ്റോറന്റിലിരുന്നു. കൈവരിയിൽ മുറുകെ പിടിച്ച് നിന്നില്ലങ്കിൽ, നമ്മളെ വരെ പറത്തികൊണ്ട് പോകുമെന്ന് തോന്നുന്നത്ര ശക്തിയിലുള്ള കാറ്റ്.. പക്ഷേ, എനിക്കവിടുന്ന് മാറി നിൽക്കാനാകില്ലായിരുന്നു. കൈയിലൊരു ഗ്ലാസ് ഷാമ്പൈനുമായി, തണുപ്പും, കാറ്റുമൊന്നും വകവക്കാതെ, ‘ഫ്രഞ്ച് കിസ്സ്’ അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും.. (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി.)

സമായം പോയതറിഞ്ഞില്ല.. മൊബൈലിൽ വീണ്ടും ആൽഡ്രിന്റെ വിളി വന്നപ്പോളാണ്, അവരെല്ലാം ഞങ്ങളെ കാത്ത് താഴെ കോച്ച് പാർക്കിലിരിക്കുവാണന്നോർമ്മ വന്നത്. 15 മിനിറ്റോളം കാത്ത് നിൽകേണ്ടി വന്നു താഴേക്കുള്ള ലിഫ്റ്റിലൊന്ന് കയറികൂടാൻ. ഓടി കിതച്ച് ബസിലെത്തി.

4 ദിവസങ്ങൾ.. എങ്ങനെ പോയി എന്നറിഞ്ഞില്ല. ഹൈസ്കൂൾ ക്ലാസ് മുതൽ കേട്ടിട്ടുണ്ട് (പഠിച്ചിട്ടുണ്ട് എന്ന് പറയുന്നില്ല‌) ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപർട്ട്, ഐഫൽ ടവർ, മൊണോലിസ, വിൻസന്റ് വാങോഗ്.. തുടങ്ങി നിരവധി ഫ്രഞ്ച് കഥകൾ. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല (ആഗ്രഹിച്ചിരുന്നു പോലുമില്ല; കാരണം ആഗ്രഹിച്ചിരുന്നങ്കിൽ അത് അത്യഗ്രഹമല്ല,അതിനുമപ്പുറത്തെ എന്തെങ്കിലുമാകുമായിരുന്നു) ആ കഥകളുടെയൊക്കെ നാട്ടിൽ ഒരിക്കലിങ്ങനെയൊക്കെ വരാനാകുമെന്ന്.

'1998 ലെ വേൾഡ് കപ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ് ബ്രസീലിനെ തോല്പിച്ച സ്റ്റേഡിയമാണത്’ പാരീസ് നഗരത്തെ പിന്നിട്ട് ബസ് ഓടികൊണ്ടിരിക്കുമ്പോൾ Stade de France എന്ന കൂറ്റൻ സൈൻ ബോർഡ് കണ്ടപ്പോൾ ആൽഡ്രിൻ പറഞ്ഞു. പ്രത്യേകിച്ചൊരു താല്പര്യവും തോന്നിയില്ല, കാരണം, ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മറ്റ് നിരവധി സംഭവങ്ങൾക്ക് വേദിയായ ഒരു രാജ്യത്തൂടെ സഞ്ചരിക്കുമ്പോൾ, അതൊക്കെ എത്ര നിസ്സാര സംഗതികൾ!. മൂന്ന് മണിക്കൂർ യാത്രക്കൊടുവിൽ ഫ്രഞ്ച് അതിർത്തിയായ ‘കാലിസ്' തുറമുഖത്തെത്തി.(Port of Calais). അങ്ങനെ നാലു ദിവസം നീണ്ട ‘ഫ്രഞ്ച് വിപ്ലവത്തിന്’ തിരശ്ശീലയായി.. ഇനിയും വരണം, തീർച്ചയായും.. ഗൈഡിന്റെ സഹായമില്ലാതെ, ‘കുറുമാനൊക്കെ‘ നടത്തിയത്പോലെ ഒറ്റക്കൊരു ഫ്രഞ്ച് പര്യടനം വീണ്ടും.

“ടോ മുരളീ മുകുന്ദൻ ചേട്ടാ.. തനിക്ക് നേരത്തേ പറഞ്ഞ് തൊലച്ച് കൂടാരുന്നോ, ഇങ്ങനെയൊരു സംഗതിയുള്ള കാര്യം. എങ്കിൽ അറ്റ് ലിസ്സ് കള്ള് കുടിക്കാനെങ്കിലും ഒരു കമ്പനിയാകുമാരുന്നു..”
‘സീ ഫ്രാൻസ്’ കപ്പലിന്റെ മുകളിലെ ഡക്കിലിരുന്ന് തണുത്ത കാറ്റുമടിച്ച്, ബിയറും കുടിച്ചിരിക്കുമ്പോൾ ഈ ഫ്രഞ്ച് പര്യടനത്തിന് വഴികാണിച്ച് തന്ന മുരളിയേട്ടനെ നന്ദി സൂചകമായി ഫോണിൽ വിളിച്ച് രണ്ട് ചീത്ത പറഞ്ഞു. കപ്പൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തോടടുത്തു.. തിരികെ ‘വീട്ടിലേക്ക്’..




Tuesday, 30 November 2010

പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്

രാവിലെ അലാറം അടിച്ചപ്പോൾ, പതിവ് പോലെ തന്നെ ഞാൻ മൊബൈൽ എടുത്തൊരേറു കൊടുത്തു. പിന്നെയാണോർമ്മ വന്നത്, ഓഫീസിൽ പോകാനുള്ള ബെല്ലടിയല്ലല്ലോ അത് !. ചാടിയെണീറ്റ് ഒരു മണിക്കൂറിനുള്ളിൽ റെഡിയായി, താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്, ലോഞ്ചിലെത്തിയപ്പോൾ, ആൾഡ്രിൻ ഞങ്ങളെ കാത്തെന്നപോലെ അവിടെയുണ്ടായിരുന്നു. “വീകെൻഡാണ്, നല്ല തിരക്കുണ്ടാവും. പെട്ടന്നു പുറപ്പെടണം.“ ആൽഡ്രിൻ പറഞ്ഞു. കോച്ചിൽ ഒരു മണിക്കൂറോളമുള്ള യാത്രയുണ്ടായിരുന്നു ഡിസ്നിലാൻഡ് വില്ലേജിലേക്ക്. ടികറ്റെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത്കൊണ്ട് നീണ്ട ക്യുവിലൊന്നും നിൽക്കാതെ തന്നെ അകത്ത് കയറാൻ പറ്റി. വാൾട്ട് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സൂം, ഡിസ്നിലാൻഡ് തീം പാർക്കുമാണ് പ്രധാനമായും ഡിസ്നി വില്ലേജിലുള്ളത്. ഇന്ന് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സിലും, അടുത്ത ദിവസം തീം പാർക്കിലും എന്നാണ് പ്ലാൻ. ഈ രണ്ട് ദിവസം കാണാൻ മാത്രം എന്തൂട്ട് തേങ്ങയാ ഇവിടെയിരിക്കുന്നെ എന്ന് ഞാൻ ന്യായമായൊരു സംശയം ആൽഡ്രിനോട് ചോദിച്ചു. “പോയി കണ്ട് നോക്കു, ഇഷ്ടപെട്ടില്ലങ്കിൽ നിങ്ങളൂടെ ടികറ്റ് ഞാൻ റീഫണ്ട് ചെയ്ത് തരും.” ഡിസ്നി വില്ലേജിന്റെ പൂർണ്ണ വിവരങ്ങളടങ്ങിയ മാപ്പും തന്ന് ആൾഡ്രിൻ പോയി.



ഞങ്ങൾ അകത്ത് കയറി. നായുടെ കൈയിൽ പൊതിയാ തേങ്ങ കിട്ടിയപോലെ, ആ മാപ്പും പിടിച്ച്, ഞങ്ങൾ കുറേ നേരം നോക്കി നിന്നു. ഒന്നു മനസിലാകുന്നില്ല. പത്താംക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി മുംബൈയിൽ പോയി, അന്തം വിട്ട് നിന്നത് പോലെ ഞാൻ നിന്നു. നിരവധി റൈഡുകൾ, തീയറ്ററുകൾ, സ്റ്റുടിയോകൾ.. ആകെ മൊത്തം കൺഫ്യൂഷൻ. അങ്ങനെ നോക്കി നിൽകുമ്പോൾ, ഞങ്ങളേപോലെ തന്നെ കൺഫ്യൂഷനിൽ നിൽക്കുന്ന ടൂർ ഗഡിസ് ‘മണികണ്ടൻ ആൻഡ് ഫാമിലിയെ’ കണ്ടു. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷൻ ഷെയർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചൂ. ആദ്യം കണ്ടത് തന്നെ ‘ഹവാന ക്ലബ്’ എന്ന പബ്ബ് ആയിരുന്നു. “ഒരു ബീയറടിച്ചാൽ എല്ലാ കൺഫ്യൂഷനും മാറും.” മണികണ്ടൻ പറഞ്ഞതനുസരിച്ച്, ‘ഹവാന ക്ലബിൽ’ ഓരോ ബിയറും പൂശിയിരുന്ന് ഡിസ്നിലാണ്ട് മാപ് നോക്കിയപ്പോൾ കുറേ ഐഡിയകൾ കിട്ടി. രണ്ട് ദിവസം പോയിട്ട്, രണ്ടാഴ്ച ചിലവഴിച്ചാലും ഇവിടെ മൊത്തമൊന്ന് നടന്ന് കാണാൻ പോലും പറ്റില്ലന്ന് മനസിലായി. ‘നോട്ട് റ്റു മിസ്സ്’ എന്നെഴുതിയിരിക്കുന്ന കുറേ സംഗതികളുണ്ട്., അതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കുക എന്ന് തീരുമാനിച്ചു.

പബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആദ്യം തന്നെ കണ്ടത് ‘സിനിമാജിക്’ എന്ന തീയറ്ററാണ്. 5 മിനിറ്റേയുള്ളു അടുത്ത ഷോയ്ക്. കേറി നോക്കമെന്ന് തീരുമാനിച്ചു. ബ്ലാക് & വൈറ്റ് യൂറോപ്യൻ കാലഘട്ടത്തിലേത്പോലെ ഇന്റീരിയറുള്ള ഒരു തീയറ്ററായിരുന്നു അത്. തിയറ്റർ നിറഞ്ഞ് ആളുണ്ടായിരുന്നു. ‘ഉദയാനാണ് താരം’ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് പോലെ, ‘സിനിമ‘ യുടെ ചരിത്രവും, മറ്റ് വിവരണങ്ങളുമൊക്കെ സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങി.

“ഈ കോപ്പിലെ ബ്ലാക് & വൈറ്റ് സിനിമ കാണാനാണോ നമ്മൾ വന്നത്. വാടേ, ഉള്ള സമയം കളയാതെ പോയി വല്ല റൈഡിലും കേറാം.” മണികണ്ടന് സംഗതി അത്രക്ക് പിടിച്ചില്ല. “ഒരു അഞ്ച് മിനിറ്റോടെ ഇരുന്ന് നോക്കാം.” ഞാൻ പറഞ്ഞു.

പെട്ടന്ന് കാണികളുടെ ഇടയിൽ നിന്നും എന്തോ ശബ്ദം കേട്ടു. ഒരാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ്, ചുറ്റിനും ടോർച്ചടിച്ച് നോക്കി, എന്തൊക്കെയോ അലറി വിളിക്കുന്നു.! അയാളുടെ കൂടെയുള്ള ഒരു സ്ത്രീയും കുട്ടിയും, അയാളെ പിടിച്ചിരുത്താനാവുന്നത് ശ്രമിക്കുന്നുമുണ്ട്.
ശെടാ..ഇതിപ്പോ നാട്ടിലെ തീയറ്ററിൽ പോയപോലെയായല്ലോ!. ഇവിടേമുണ്ടോ ഇത് മാതിരി അലമ്പ് കേസുകൾ.
ഞങ്ങൾ അന്തം വിട്ടിരിക്കുമ്പോളേക്കും, സെക്യൂരിറ്റിക്കാർ വന്ന് അയാളെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അയാൾ പെട്ടന്ന് അവരെ തള്ളി മാറ്റി സ്ക്രീനിനടുത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ അമ്പരന്നിരിക്കുമ്പോൾ, അയാൾ സ്ക്രീനിനോട് ചേർന്നുള്ള സ്റ്റേജിലേക്ക് ചാടി കയറി, കൈവരിയിൽ പിടിച്ച് സ്ക്രീനിലേക്ക് കുതിച്ചു. അടുത്ത നിമിഷം അയാളും സ്ക്രീനിൽ തെളിഞ്ഞ് വന്നു. പഴയൊരു ബ്ലാക്&വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ ദ്രശ്യങ്ങളായിരുന്നു സ്ക്രീനിൽ അപ്പോൾ. ഇയാളും ആ കഥാപാത്രങ്ങൾകൊപ്പം സ്ക്രീനിലെത്തി!. അപ്പോൾ മാത്രമാണ്, ഇതൊക്കെ ആ ഷോയുടെ ഭാഗമാണന്ന് ഞങ്ങൾക്ക് മനസ്സിലായത്. കാണികളുടെ നീണ്ട കരഘോഷങ്ങൾക്കിടെയിൽ, അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും, കുട്ടിയുമെഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന് കയറി. പിന്നീടുള്ള അര മണിക്കൂർ ശരിക്കും ‘വണ്ടറടിപ്പിക്കുന്ന’ കാഴ്ചയായിരുന്നു. പഴയകാല ബ്ലാക്&വൈറ്റ് ക്ലാസികുകൾ, ചാർളി ചാപ്ലിൻ സിനിമകൾ തുടങ്ങി, ടൈറ്റാനികും, അവതാറ് വരെയുള്ള സിനിമകൾ മിക്സ് ചെയ്ത്, സ്റ്റേജും, സ്ക്രീനുമെല്ലാം ചേർന്ന് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ഷോ. ഓരോ സിനിമകളിലെയും കഥാപത്രങ്ങളുമൊത്ത് ഇയാൾ അഭിനയിച്ചു. ഇടക്ക് സ്റ്റേജിലുള്ള, അയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെയും സ്ക്രീനിലേക്ക് വിളിച്ച് കേറ്റി. ഒടുവിൽ,ഒരു ജെയിംസ് ബോണ്ട് സിനിമയുടെ സീനിനിടയിൽ, ബോണ്ട്, നമ്മുടെ ‘കഥാനായകനെ’ ഒരു ചവിട്ട് കൊടുത്തതോടെ കക്ഷി, സ്ക്രീനിൽ നിന്നും തെറിച്ച് സ്റ്റേജിലേക്ക് വീണ്, അവിടെയുള്ള സ്ത്രീയെയും,കുട്ടിയെയും കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്, വീണ്ടും, കാണികൾക്കിടയിലേക്കിറങ്ങിയതോടെ, ‘സിനിമാജിക്’ എന്ന വിസ്മയ കാഴ്ച തീർന്നു.

‘കാര്യം എവ്ടെ നോക്കിയാലും മുട്ടൻ ടെക്നോളജിയൊക്കെ തന്നെയാ, പക്ഷേ, എന്നാലും ഇതുപോലൊക്കെ എങ്ങനെ ചെയ്യുന്നെ’ എന്നൊക്കെ സിനിമാജികിന്റെ ഹാങ്ങോവറിൽ കുറച്ച് നേരം ചർച്ച ചെയ്തതിനു ശേഷം അടുത്ത പരിപാടിയെന്താന്ന് നോക്കിയപ്പോൾ, നോട്ട് റ്റു മിസ്സിൽ, ‘സ്പേസ് മൌണ്ടയ്ൻ‘ എന്നൊരു സംഗതി കണ്ടു. റോളർ കോസ്റ്റർ റൈഡാണ്. കുറെ കാലമായി കേൾക്കുന്നു റോളർ കോസ്റ്റർ എന്ന്. എന്ത് പണ്ടാരമെങ്കിലുമാകട്ടെ, ഒന്ന് പരീക്ഷിച്ചിട്ട് ബാക്കി കാര്യം. ‘ദുർബലഹ്രദയർക്ക്’ പറ്റിയ പരിപാടിയല്ല എന്ന് താഴെ എഴുതിയിരിക്കുന്നത് കണ്ട്, ‘ദുർബലരായ’ ഭാര്യമാരെ, ഒരു റെഫ്രഷിംഗ് ബ്രേക്കിന് വിട്ടിട്ട്, ഞാനും മണിയനും, സ്പേസ് മൌണ്ടനിൽ കേറാനുള്ള ക്യൂവിലെത്തി.

മണികണ്ടൻ ഇംഗ്ലണ്ടിലെ പല അമ്യൂസ്മെന്റ് പാർക്കുകളിലും റോളർ കോസ്റ്ററിൽ കയറിയിട്ടുള്ള എക്സ്പീരിയൻസിന്റെ ഗമക്ക് മസില് പിടിച്ച് മുന്നിൽ നടന്നു. നാട്ടില്, ചെറുപുഴ അയ്യപ്പ ക്ഷേത്ര ഉത്സ്തവത്തിനും, കണ്ണൂര് ഓണം ഫെയറിനും ഇതുപോലുള്ള പല റൈഡുകളിലും കയറിയിട്ടുണ്ട് മോനെ, അത്കൊണ്ട് ഈ കോസ്റ്ററു കൊണ്ടൊന്നും നമ്മൾ പേടിക്കില്ല, എന്ന ഭാവത്തോടെ പുറകിൽ ഞാനും.

എന്റ്രി ഗേറ്റിനടുത്തെത്തും തോറും, അകത്ത് നിന്നുള്ള കാതടിപ്പിക്കുന്ന ഒച്ചയും, റൈഡിൽ കയറിക്കഴിഞ്ഞവരുടെ അലർച്ചയും കേൾക്കാൻ തുടങ്ങിയതോടെ എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി. “ആത്മഹത്യ ചെയ്യാൻ പോവുകയാണന്നുള്ള മാനസികാവസ്ഥയുണ്ടാക്കിയെടുക്കുക, പിന്നെ പേടിയൊന്നും തോന്നില്ല.” റോളർ കോസ്റ്റർ കാപ്സൂളിനകത്തേക്ക് കയറുമ്പോൾ മണി പറഞ്ഞു. എങ്ങാനും വടിയായലും, ജീവൻ പറന്ന് പോകാതിരിക്കാൻ വേണ്ടിയായിരിക്കണം, രണ്ട് സൈഡിൽന്നും, ലോക്ക് വന്ന് മൂടി. റോളർ കോസ്റ്റർ പതുക്കെ നീങ്ങി കട്ട പിടിച്ച ഇരുട്ടിലേക്ക് കയറി നിന്നു. എന്താ സംഗതിയെന്നൊന്നും മനസിലാകാതെയിരിക്കുമ്പോൾ, മുന്നിലെ ഇരുട്ടിൽ കൌണ്ട് ഡൌൺ തെളിഞ്ഞ് വന്നു. 10.. 9.. 8..-- 1...0

“ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്.

കണ്ണുകളിറുക്കിയടച്ച്, ഈ പണ്ടാരമൊക്കെ കണ്ട്പിടിച്ചവന്റെ മാതാപിതാക്കളെയൊക്കെ സ്മരിച്ച്, ‘ഒന്ന് നിർത്തഡാ ഡേഷുകളെ’ ന്നൊക്കെ അലറിവിളിക്കുന്നതിനിടക്ക് പതുക്കെ കണ്ണൊന്ന് തുറന്ന് നോക്കിയെങ്കിലും തീഗോളങ്ങളും, നക്ഷത്രങ്ങളുമൊക്കെ നേരെ പാഞ്ഞ് വരുന്നത് കണ്ട്, വീണ്ടും കണ്ണുകളിറുക്കിയടച്ചു.. 90 ഡിഗ്രിയിലും, 180 ഡിഗ്രിയിലും,360 ഡിഗ്രിയിലും, ഇനി അതിനപ്പുറത്തെന്തെങ്കിലുമുണ്ടേൽ ആ ഡിഗ്രിയിലും റോക്കറ്റിന്റെ സ്പീഡിൽ പാഞ്ഞ് പോകുമ്പോൾ, ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ഞാനിതാ വരുന്നേയെന്ന് പ്രാർഥിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. മൂന്ന് മിനിട്ട് കഴിഞ്ഞ് സംഗതി പതുക്കെ നിന്നപ്പോൾ വാഷിംഗ് മഷീനിൽ കിടന്ന് കറങ്ങിയത് പോലെയായിരുന്നു എന്റെ അവസ്ഥ.എങ്കിലും പുറത്തിറങ്ങിയപ്പോൾ ഒരു ത്രില്ല് തോന്നാതിരുന്നുമില്ല.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. കാണാനും, കയറാനുമായി റൈഡുകളും, കാഴ്ചകളും നിരന്ന് കിടക്കുന്നു. ഉത്സവപറമ്പിലെത്തിയ കുട്ടികളേപോലെ, സമയമൊട്ടും കളയാതെ ഞങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്നു. മൈക്കൾ ജാക്സൺ കാണികൾക്കിടയിലേക്കിറങ്ങി വന്ന് ന്രത്തം ചെയ്യുന്ന 3D ഷോ, ഒരു ഹോളിവുട് ത്രില്ലറിലെ ആക്ഷൻ രംഗങ്ങളിലേത് പോലെ സ്ഫോടനങ്ങളും, മഴയും, മലവെള്ളപാച്ചിലിലൂടെയുമുള്ള ഒരു സാഹസിക ട്രയിൻ യാത്ര, ഇടയ്ക്ക് ക്ഷീണമകറ്റാൻ ഏതെങ്കിലും കഫേയിൽ ഓടിചെന്നൊരു ബിയറടി, ഇത്രയുമായപ്പോളേക്കും സമയം സന്ധ്യയായിരുന്നു. 7മണിക്ക് കോച്ചിലെത്തണം. ഡിസ്നി സ്റ്റുഡിയോയിലെ പകുതി കാഴ്ച്ചകളും ഇനിയും ബാക്കി കിടക്കുന്നു. സാരമില്ല, അടുത്ത ദിവസം ‘ഡിസ്നി തീം പാർക്കിൽ’ അർമ്മാദിക്കാമെന്നുള്ള ആശ്വാസത്തിൽ ഞങ്ങൾ കോച്ച് പാർക്കിലേക്ക് നടന്നു.








Wednesday, 3 November 2010

പാരീസ് ഡ്രീംസ് 1

യാ‍ത്രകൾ ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക എന്നത് മറ്റെല്ലാവരെയും പോലെ എനിക്കും ചെറുപ്പം മുതൽ തന്നെ ‘അതി ഭയങ്കരമായി’ ഇഷ്ടമുള്ള കാര്യമായിരുന്നു. ആദ്യത്തെ ‘ഒറ്റക്കുള്ള യാത്ര’എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 കി.മി ദൂരെയൂള്ള ‘ചെറുപുഴ‘ എന്ന കൊച്ച് ടൌണിലേക്കായിരുന്നു.(എന്നെ സംബന്ധിച്ച് ഒരു ‘മഹാ നഗരത്തിലേക്ക്’) എന്റെ പ്രായത്തിലുള്ളവരും, കൂട്ടുകാരുമൊക്കെ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ‘ചെറുപുഴ നഗരവും‘, അവിടൂത്തെ ‘അനുരാഗ്, എ.കെ ടാക്കിസുകളുടെ ‘നയനമനോഹരമായ വെള്ളിത്തിരകളുമൊക്കെ’ കാണാൻ ഭാഗ്യം ലഭിച്ചവരായിരുന്നെങ്കിലും വീട്ടിലെ ഏറ്റവും ഇളയതും, പിന്നെ കാണാൻ അല്പം കുഞ്ഞനുമായത് കൊണ്ട് എന്നെ അത്രേം ദൂരേക്കൊക്കെ ഒറ്റക്ക് വിടാൻ വീട്ടിലാർക്കൂം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ വീട്ടിൽ പപ്പയും ചേട്ടനുമില്ലാതിരുന്ന ഒരു ദിവസം, ഒരു ‘എമർജൻസി സിറ്റുവേഷനിൽ’ ചെറുപുഴ വരെ പോകാൻ എനിക്ക് അവസരം കിട്ടി. 9.30ന്റെ കെ.എം.എസ് ബസിനു പോകാൻ, എട്ടരയോടെ ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് തനിച്ച് ചെറുപുഴ വരെ പോയി, 11.30ടെ ‘ഷെറാട്ടൺന്’ തിരിച്ച് വീട്ടിലെത്തിയപ്പോൾ , ചന്ദ്രനിൽ പോയി വന്ന നീൽ ആംസ്ട്രോംഗിനെപോലെയായിരുന്നൂ ഞാൻ. അങ്ങനെ ഒറ്റക്ക് പോയി വന്ന് കഴിവ് തെളിയിച്ചു. പിന്നീട് അതുപോലെ പല ആവശ്യങ്ങൾക്കുമായി ഇടക്കിടെ ചെറിയ യാത്രകൾ ചെയ്തതോടെ അതിന്റെ ത്രില്ല് പോയി.

പിന്നീടുള്ള ജീവിതത്തിലെ എല്ലാ യാത്രകളും അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു. റപ്പായീസ് തട്ട് കടയും, മറൈൻ ഡ്രൈവും, എം.ജി റോഡും, സെന്റ് തെരേസാസ് കോളേജ് പരിസരങ്ങളുമുൾപ്പടെയുള്ള മനോഹരമായ എറണാകുളം നഗരത്തെ സ്നേഹിച്ച് തുടങ്ങി, ഇനിയുള്ള ജീവിതമിവിടെ എന്ന് കരുതിയിരുന്നപ്പോളായിരുന്നു, അപ്രതീക്ഷിതമായി ഗൾഫിലേക്ക് വിമാനം കയറേണ്ടി വന്നത്. പിന്നീടുള്ള 4 വർഷങ്ങളിൽ സൌദി അറേബ്യ, ബഹറൈൻ,ദുബായി, ഒമാൻ എല്ലാം ‘ജോലി’ എന്ന പേരിൽ കറങ്ങി തിരിഞ്ഞ് നടന്നെങ്കിലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, യുറോപിൽ എന്നെങ്കിലും വരാനാകുമെന്ന്. യുറോപ്പ്, അമേരിക്ക എന്നതൊക്കെ എന്നേപോലുള്ളവർക്ക് ‘ചന്ദ്രനിൽ പോകുന്നപോലെ’ അസാധ്യമായ കാര്യമായേ തോന്നിയിട്ടുണ്ടാ‍യിരുന്നുള്ളു. പക്ഷേ, അതുവരെയുള്ള എന്റെ ജീവിതം പോലെ തന്നെ, അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെത്താനും, ഇവിടെ ജോലി ചെയ്യാനുമൊക്കെ അവസരം കിട്ടി.

കടലിലൂടെ 50 കി.മി നീളത്തിലുള്ള ‘ചാനൽ ടണൽ’ തുറന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ‘യുറോസ്റ്റാർ ട്രെയിനിൽ’ വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താമെന്നായി എങ്കിലും, പാരീസിലൊന്ന് പോവുക എന്നത് ഒരു സ്വപ്നമായി മനസിൽ കയറികൂടിയിട്ട് രണ്ട് വർഷത്തോളമായി. തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പന്മാരാണന്ന തെറ്റിദ്ധാരണ ഇംഗ്ലണ്ടിലെത്തിയതോടെ മാറിയിരുന്നു. ജോലി തിരക്കും, പിന്നെ, ഫ്രഞ്ച് അല്ലാതെ ഒരു വാക്ക് പോലും ഒരാളും സംസാരിക്കാത്ത ഫ്രാൻസിൽ കുടുംബവുമായി പോയാൽ കുറച്ച് കഷ്ടപെടേണ്ടി വരുമെന്നുള്ള ചില അനുഭവസ്ഥരുടെ മുന്നറിയിപ്പും പാരീസ് സ്വപ്നത്തിൽ നിന്നും എന്നെ പിറകോട്ട് വലിച്ചു.

അങ്ങനെ , ജോലിയും, വീകെൻഡ് പാർട്ടികളുമായി പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ജീവിതമിങ്ങനെ പൊയ്കോണ്ടിരിക്കെ ഒരു ദിവസം വെറുതെ മുരളി മുകുന്ദനെന്ന ഇംഗ്ലണ്ടിലെ ബൂലോക പുലിയെ വിളിച്ചപ്പോൾ, അങ്ങേര് ഒരു പാരീസ് പര്യടനം കഴിഞ്ഞ് വന്നതിന്റെ കഥകൾ പറഞ്ഞ് കുറെ കൊതിപ്പിച്ചു. ഗൈഡ്, ഹോട്ടൽ, 2ദിവസത്തെ ഡിസ്നിലാൻഡ് ടികറ്റ് എല്ലാം ഉൾപ്പടെയുള്ള പായ്കേജ് ടൂറാണ്, ചാർജും വളരെ കുറവ് എന്ന് കേട്ടതോടെ പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത ദിവസം തന്നെ ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ പോയി വിസയെടുത്തു.

അങ്ങനെ ഒരു വെള്ളിയാഴ്ച പുലർച്ചെ ‘ടാജ് ടൂർസിന്റെ’ ലക്ഷ്വറി കോച്ചിൽ ലണ്ടനിൽ നിന്ന് പുറപ്പെട്ടു. രണ്ടര മണിക്കൂറത്തെ യാത്രക്ക് ശേഷം ഇംഗ്ലണ്ട് അതിർത്തിയായ ‘ഡോവർ’ തുറമുഖത്ത് നിന്നുള്ള 'സീ ഫ്രാൻസ്’ കപ്പലിൽ ഇംഗ്ലീഷ് ചാനലിലൂടെ ഫ്രാൻസിലേക്ക്. ആദ്യമായി കപ്പലിൽ കയറിയതിന്റെ ത്രില്ലിൽ ഡക്കിൽ പോയി നിന്ന് ‘ടൈറ്റാനിക്‘ സ്റ്റൈലിൽ ഫോട്ടോകളെടുത്തും, കപ്പലിനുള്ളിലെ റെസ്റ്റോറന്റുകളിലും, പബ്ബിലുമൊക്കെ കേറിയിറങ്ങിയും ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും അനൌൺസ്മെന്റ് വന്നു, കപ്പൽ ഫ്രഞ്ച് തീരത്തെ പോർട്ട് ഓഫ് കാലിസിലേക്ക് അടുക്കുകയാണന്ന്.(port of Calais) ഫ്രഞ്ച് മണ്ണിലൊന്ന് കാലുകുത്താനവസരം തരാതെ, കപ്പലിൽ നിന്ന് നേരെ വീണ്ടും കോച്ചിലേക്ക് . കാലീസ് തുറമുഖത്ത് നിന്ന് പാരീസ് നഗരത്തിലേക്കുള്ള 3 മണിക്കൂർ യാത്രക്കിടെ, ടൂർ ഗൈഡായാ ആൾഡ്രിൻ ഫെർണാണ്ടസ്, സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച് മറന്ന ഫ്രഞ്ച് വിപ്ലവത്തിന്റെയും, നെപ്പോളിയൻ ബോണപ്പാർട്ടിന്റെയുമൊക്കെ കഥകൾ പറയുന്നത് കേട്ടുകൊണ്ട്, മനോഹരമായ പാടങ്ങളും, ഫാമുകളുമുള്ള ഫ്രഞ്ച് ഗ്രാമങ്ങളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ട് കോച്ചിലിരുന്നു. തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ പതിയെയാണങ്കിലും, 4 മണി കഴിഞ്ഞതോടെ പാരീസ് ഒർളി എയർപോർട്ടിനടുത്തുള്ള നോവോടെൽ ഹോട്ടലിലെത്തി.

ഹോട്ടലിൽ ചെക്കിൻ ചെയ്ത്, ഫ്രഷായി അന്നത്തെ ബാക്കി പരിപാടിയായ പാരിസ് സിറ്റി നൈറ്റ് ടൂറിനായി പുറത്തിറങ്ങി. നഗരത്തോടടുത്തതോടെ, ദൂരെ ഇല്യുമിനേഷനിൽ വെട്ടി തിളങ്ങുന്ന ഈഫൽ ടവർ കാണാമായിരുന്നു. പാരിസിനെ രണ്ടായി പകുത്തൊഴുകുന്ന ‘സീൻ’ നദിയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ ആദ്യ ലക്ഷ്യം. ഈഫൽ ടവറിനടുത്ത് തന്നെയുള്ള ഒരു ജെട്ടിയിൽ നിന്നായിരുന്നു ബോട്ടിൽ കയറേണ്ടിയിരുന്നത്. ഇഫൽ ടവറിന് മുകളിൽ കയറാനുള്ള ഞങ്ങളൂടെ ബുക്കിംഗ്, ടൂറിന്റെ അവസാന ദിവസത്തേക്കായിരുന്നു. ടവറിന് താഴെ നിന്ന് ഫോട്ടോകളെടുത്ത ശേഷം ബോട്ടിൽ കയറി. കലയുടെയും, ഫാഷന്റെയും, പെർഫ്യൂമിന്റെയും, ഷാമ്പയിന്റെയും കേന്ദ്രമായ പാരീസ് നഗരത്തിലൂടെ രാത്രിയിലെ ബോട്ട് യാ‍ത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു.


കാഴ്ചയിൽ മറ്റ് യുറോപ്യൻ നഗരങ്ങളെപോലെയൊക്കെ തന്നെ തോന്നിച്ചെങ്കിലും, പാരീസിന് വേറൊരു സൌന്ദര്യമാണ്. 'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്! അതിനിടെയിൽ പരിചയപ്പെട്ട, ഞങ്ങളൂടെ ടൂർ ഗ്രൂപ്പിലെ തമിഴ്നാട്ടുകാരനായ മണികണ്ടനുമൊത്ത് ബോട്ടിലെ ഓപൺ എയർ റെസ്റ്റോറന്റിൽ നിന്ന് ഷാമ്പയ്നും കുടിച്ചുകൊണ്ട്, സീൻ നദിക്കിരുകരകളിലുമായി, ഇല്ല്യുമനേഷനിൽ തിളങ്ങുന്ന പാരീസ് നഗരത്തെ കൺകുളിർക്കെ കണ്ടു. നഗരത്തിലെമ്പാടുമുള്ള ഓപറ ഹൌസുകളിൽ നിന്നും, തീയറ്ററുകളിൽ നിന്നുമുള്ളതായിരിക്കണം, എവിടെ നിന്നൊക്കെയോ അലയടിക്കുന്ന സംഗീതം പാരീസിനെ കൂടുതൽ ‘റൊമാന്റിക്’ ആക്കി.



സൈൻ നദിക്കിരു കരകളയും ബന്ധിപ്പിക്കുന്ന നിരവധിയായ പാലങ്ങൾക്കടിയിലൂടെയാണ് ബോട്ട് യാത്ര. ഓരോ പാലങ്ങളും, നദിക്കിരുവശങ്ങളിലുമായുള്ള ഓരോ ബിൽഡിംഗുകളും, എന്തുകൊണ്ടാണ് പാരീസിനെ ‘ സിറ്റി ഓഫ് ആർട്ട്’ എന്ന് വിളിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് തന്നുകൊണ്ടിരുന്നു. ഒന്നര മണിക്കൂർ എങ്ങനെ പോയെന്നറിഞ്ഞില്ല. ഈഫൽ ടവറിനടുത്തായി, ഞങ്ങളെ കാത്ത് കിടക്കുന്ന കോച്ചിലെത്തി; വീണ്ടും പാരീസ് നഗര പ്രദിക്ഷണം. ചരിത്രപ്രസിദ്ധമായ പാരീസിന്റെ ഓരോ തെരുവുകളിലൂടെയും ബസ് ഓടികൊണ്ടിരിക്കുമ്പോൾ, അതിന്റെ പിന്നിലുള്ള കഥകളെല്ലാം ടൂർ ഗൈഡ് ആൽഡ്രിൻ വിവരിച്ച് തന്നുകൊണ്ടിരുന്നു. ഡയാന രാജകുമാരി ആക്സിഡന്റിൽ കൊല്ലപ്പെട്ട ടണൽ (Alma Tunnel), അതിനു മുൻപ് അവർ അവസാനമായി അത്താഴം കഴിച്ചിറങ്ങിയ ദോദി അൽ ഫയാദിന്റെ ‘ റിറ്റ്സ് ഹോട്ടൽ, ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയം’ (ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിറ്റിംഗ് ഇവിടെയാണ്‌) ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷൻ സ്ട്രീറ്റ്, നെപ്പോളിയന്റെ ശവകുടീരം.. തുടങ്ങി, പാരീസ് നഗരത്തെ കുറേയൊക്കെ കോച്ചിലിരുന്ന് കണ്ടു. “ഇവിടങ്ങളിൽ വീണ്ടും വരും, വിശദമായി കാണുവാൻ. പക്ഷേ, പാരീസിനെ കാണേണ്ടത് രാത്രിയിലാണ്, അതുകൊണ്ടാണ് ഈ ഓടിച്ചുള്ളൊരു നഗരപ്രദിക്ഷണം.” ആൽഡ്രിൻ പറഞ്ഞു.



ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്. ആൾഡ്രിൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണന്ന് എനിക്ക് ബോധ്യമായി, രാത്രി ഒരുപാട് വൈകി ഹോട്ടലിലേക്ക് തിരിക്കുമ്പോൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വൈകുന്നേരങ്ങളിലൊന്ന് കഴിഞ്ഞ് പോയല്ലോയെന്ന നഷ്ടബോധത്തോടെ ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ ഫ്രഞ്ച് ഷാമ്പയ്നുമായി രാത്രി ഭക്ഷണം കഴിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്. പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല. ഇനി അടുത്ത രണ്ട് ദിവസം ‘ഡിസ്നിലാൻഡ്’ എന്ന അദ്ഭുത ലോകത്തിലേക്കാണ് എന്ന ആകംക്ഷയോടെ ഒന്നരമണിയായപ്പോൾ ഉറക്കത്തിലേക്ക് വീണു.

ചില പാരീസ് രാത്രി കാഴ്ചകൾ