Tuesday, 8 February 2011

അച്ഛനും, അമ്മയ്ക്കും.. പിന്നെ മകൾക്കും.

രാത്രിയേറെ വൈകിയിരുന്നു. അവന് വൈകിട്ട് മുതൽ തുടങ്ങിയ പനി ഒട്ടും കുറഞ്ഞിട്ടില്ല, നിർത്താതെയുള്ള കരച്ചിലും. പെട്ടന്നെപ്പോളോ കരച്ചിലിന്റെ ശക്തി കൂടിയ ഒരു നിമിഷത്തിൽ ശ്വാസം കിട്ടാതെ അവൻ വിഷമിച്ചു. തുണി നനച്ച് നെറ്റിയിലിട്ടും, മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി, താരാട്ട് പാടിയും അവനെ ഉറക്കി എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാൻ പാട്പെട്ടിരിക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് ഒന്ന് കാളി. പിന്നെയൊന്നുമാലോചിച്ചില്ല. 10ഉം, 6ഉം വയസ്സായ അവന്റെ ചേട്ടനെയും, ചേച്ചിയേയും, 15 വയസ്സായ,ദൂരെയുള്ള വല്ല്യചന്റെ വീട്ടിൽ നിന്ന് പഠിച്ച്, പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയ മൂത്ത മകളുടെ കൈയിലേല്പിച്ച്, ഒന്നര വയസ്സായ അവനെയുമെടുത്ത്കൊണ്ട് ആ അച്ഛനും അമ്മയും പാതിരാത്രിക്ക് മലയിറങ്ങി.

കൂരിരുട്ടിൽ,രണ്ട് ബാറ്ററിയിട്ട ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ പാമ്പും പഴുതാരയുമുള്ള കാട്ട് വഴിയിലൂടെ അവർ അവനെയുമെടുത്ത്കൊണ്ടോടി. 2 കിലോമീറ്ററോളമെങ്കിലും കാട്ട് വഴിയിലൂടെ നടന്നാലെ ടാറിട്ട റോഡിലെത്തു. പ്രാഥമികാരോഗ്യ കേന്ദ്രം’ വീണ്ടും ഒരു 4 കിലോമീറ്റർ അകലെയുണ്ട്. പക്ഷേ, ഈ രാത്രിയിൽ അതൊന്നും തുറന്നിട്ടുണ്ടാവില്ല. പിന്നെയുള്ളത് 15 കിലോമീറ്റർ അകലെയുള്ള കൊച്ച് ടൌണിലെ ഒരു സ്വകാര്യ ആശുപത്രിയാണ്. അത് മാത്രമാണ് ലക്ഷ്യം. കൈയിൽ കരുതിയിരുന്ന സ്റ്റീൽ കപ്പിലെ ചൂട് വെള്ളം അവന്റെ ചുണ്ടിൽ നനച്ച് കൊടുക്കാൻ മാത്രം അവർ കുറച്ച് സമയം വഴിയരികിലെ കല്ലിലിരുന്നു. വീണ്ടും അവനെ തോളിലേറ്റി നടത്തം - അഥവാ ഓട്ടം. മെയിൻ റോഡിലെത്തി.പക്ഷേ എങ്ങും കൂരിരുട്ട് മാത്രം. ഒരു വാഹനത്തിന്റെയും ശബ്ദം പോലും കേൾക്കുന്നില്ല. ആലോചിച്ച് നിൽക്കാനുള്ള സമയമില്ല. വീണ്ടും അവനെയുംകൊണ്ട് അവർ നടന്നു. പെട്ടന്നൊരു വാഹനത്തിന്റെ ശബ്ദം എവിടെയോ കേട്ടു. ദൂരെയെവിടെ നിന്നോ ഒരുവെളിച്ചം പതുക്കെ മലയിറങ്ങി വരുന്നു. അടുത്തെത്താറയപ്പോൾ അതൊരു ലോറിയാണന്ന് മനസ്സിലായി. കുഞ്ഞിനെയുമെടുത്ത് പിടിച്ച്കൊണ്ട് ആ അച്ഛൻ കൈ കാണിച്ചു. പക്ഷേ, നിർദാക്ഷിണ്യം അവർ നിർത്താതെ പോയി. അമ്മ തളർന്ന്, ഒരു ഒരു വിതുമ്പലോടെ റോഡ്സൈഡിൽ കുത്തിയിരുന്നു.

‘കർത്താവിനിവനെ വേണംന്നാരിക്കും.. കൊണ്ട് പോട്ടെ..”

പക്ഷേ, ‘കർത്താവിനവനെ അപ്പോൾ വേണ്ടായിരുന്നു.’

മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന്, തിരുവിതാംകൂർ ദേശത്തേക്ക് എത്തിപെടാനുള്ള ആകെയുള്ള ഒരാശ്രയമായിരുന്ന KSRTC യുടെ രാത്രി സർവീസ് കോട്ടയം ബസ്, കണ്ണൂരിന്റെ മലയോരമെല്ലാം കറങ്ങി തിരിഞ്ഞ് വന്ന്കൊണ്ടിരുന്ന സമയമായിരുന്നു അത്. വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാകതെ ആ അച്ഛൻ, റോഡിന്റെ നടുക്ക് തന്നെയിറങ്ങി നിന്ന് ആ ബസ്സിന് കൈ കാണിച്ചു. ആ ബസിന്റെ റൂട്ടിലല്ലങ്കിൽ പോലും, ആ നല്ലവനായ ഡ്രൈവർ അവരെ ടൌണിലെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഇറക്കി.

അങ്ങനെ ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു.

കാലം കടന്നുപോയി. എത്ര കഷ്ടപെട്ടാണ് മക്കളെ വളർത്തിയതെന്ന് പപ്പയും അമ്മയും ഈ കഥ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു.

‘ഹോ, അതൊക്കെ എല്ലാ കാർന്നോമ്മാരും ചെയ്യുന്നതാ. ആശുപത്രീം വണ്ടി സൌകര്യോമൊന്നുമില്ലാത്ത കാട്ടിൽ പോയി താമസിക്കാൻ നിങ്ങളോടാരാ പറഞ്ഞെ’ എന്ന് തമാശയ്ക്കാണേലും പറഞ്ഞ് ഈ കാര്യങ്ങളെ നിസ്സാരമാക്കാറുണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ, പ്രശ്നങ്ങൾ എല്ലാം കണ്ട് മനസിലാക്കി, വല്ലപ്പോളുമൊക്കെ (ഇഷ്ടത്തോടെയല്ലങ്കിൽ കൂടി) - പുലർച്ചെ നാലുമണിക്കെണീറ്റ്, ചിരട്ടയിൽ മെഴുക് തിരി കത്തിച്ച് വച്ച് പപ്പയെ റബ്ബർ ടാപ്പിംഗിൽ സഹായിച്ചും, സ്കൂളവധി ദിവസങ്ങളിൽ 8 മണിക്ക് റബ്ബർപാലെടുത്ത് കൊടുത്തും, മിൽമ ബൂത്തിൽ പാല് കൊണ്ട്പോയി കൊടുത്തും, പിന്നെ ഇടയ്ക്ക് കിട്ടുന്ന വൈകുന്നേരങ്ങളിൽ അയൽക്കാരും സോൾ ഗഡീസുമായ സനു, മനോജ്, സതീഷ് തുടങ്ങിയവരുടെയൊപ്പം തോർത്ത്മുണ്ട് കൊണ്ട് മീൻ പിടിച്ചും, തോട്ടിൽ പോയി ചാടി മറിഞ്ഞും ഞാൻ കൌമാരത്തിലേക്ക് പ്രവേശിച്ചു.

വീണ്ടും കാലചക്രമുരുണ്ടു. 35mm ബ്ലാക് & വൈറ്റിൽ നിന്നും ജീവിതം 70mm കളറിലേക്ക് മാറി.

ഞാനുമൊരു അച്ഛനായി.

ഇന്നലെ മോൾക്ക് ചെറിയ പനിയായിരുന്നു. സാധാരണ ജലദോഷം -പനി-ചുമയ്കെല്ലാമുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ സ്റ്റോക്ക് ഉണ്ട്. ഇനിയല്പം കൂടുതലാണേൽ പോലും വണ്ടിയെടുത്ത് പോയാൽ 10 മിനിറ്റിനുള്ളിലെത്തിചേരാവുന്ന ഹോസ്പിറ്റലുണ്ട്. അതിലും എമർജൻസി കേസാണേൽ 999 എന്ന നമ്പർ വിളിച്ചാൽ ആംബുലൻസ്, ഡോക്ടർ എല്ലാം മിനിറ്റുകൾക്കുള്ളിൽ എത്തും.

ഞാനോർക്കുകയായിരുന്നു - എന്റെ അപ്പനുമമ്മയും പറഞ്ഞത് കഥകൾ മാത്രമായിരുന്നില്ല, ഞാൻ വളർന്ന ജീവിതവും അത് തന്നെയായിരുന്നു.

പക്ഷേ,
‘മകളേ, നിനക്ക് പറഞ്ഞ് തരാൻ നിനക്ക് ഭാവനയിൽ പോലും കാണാൻ പറ്റാത്ത, വളരെ കുറച്ച് അനുഭവങ്ങളല്ലേ എനിക്കുള്ളു.

ചെറുപ്പത്തിൽ, പെരുന്നാൾ ദിവസങ്ങളിൽ പള്ളിപ്പറമ്പിൽ വന്ന കടകളൊന്നിൽ ഞാൻ കണ്ട് ഇഷ്ടപെട്ട കീ കൊടുത്താലോടുന്ന ഒരു കാറ് 15 രൂപ കൊടുത്ത് മേടിച്ച് തരാൻ പപ്പായ്ക്കാവില്ലന്നറിഞ്ഞ് കൊണ്ട്, പെരുന്നാളിന്റെ 3 ദിവസങ്ങളിലും കൊതിയോടെ അത് ഞാൻ നോക്കി നിന്ന കഥ, എങ്ങനെ പറഞ്ഞാലും, ഒന്നോ രണ്ടോ തവണ പരീക്ഷിച്ച് നീ തന്നെ മടുത്ത നിന്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ നിനക്ക് മനസ്സിലാകുമോ..?

സ്കൂൾ വിട്ടോടി വന്ന് കട്ടൻ ചായയും കുടിച്ച് - ചിലപ്പോൾ അമ്മയുണ്ടാക്ക്കി വയ്കുന്ന ഇലയടയും കഴിച്ച്, സനുവിന്റെയും, മനോജിന്റെയുമൊപ്പം ‘ഏറുപന്ത് കളിക്കാനും, ചപ്പ് ചവറുകൾ കൂട്ടിയുരുട്ടി പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞ ‘ഫുട്ബോൾ’ കളിക്കാനും പോയിരുന്ന കഥകൾ കേൾക്കുമ്പോൾ ‘ടോയ് സ്റ്റോറി 3യും, ഹാരിപോർട്ടറും’ കണ്ട് വീറ്റബിക്സും, മറ്റ് ബേബി ടിൻ ഫുഡ്സും മനസില്ലാമനസ്സോടെ കഴിക്കുന്ന നിനക്കെന്തെങ്കിലും തോന്നുമോ?

അടുത്ത വീടുകളിലെ സമ പ്രായക്കാരൊത്ത് അവരുടേതേയ ലോകത്ത് തുമ്പിയെ പിടിച്ചും, പൂ പറിച്ചും, പിന്നെ ഞങ്ങൾ ഉറുമ്പ് കടി കൊണ്ട് മാവിൽ വലിഞ്ഞ് കേറി പറിച്ചെടുക്കുന്ന നാട്ടുമാമ്പഴത്തിന്റെ ഷെയറിനായി വരുന്ന എന്റെ ചേച്ചിയടക്കമുള്ള അന്നത്തെ‘ഗേൾസ് സെറ്റിനെ’പറ്റി പറഞ്ഞാൽ നിനക്കൊരുപക്ഷേ ചിരിക്കാൻ പോലും തോന്നില്ലായിരിക്കും.

അയൽക്കാരായ ഞങ്ങൾ അഞ്ച് കൂട്ടുകാർ, ഓരോ ലക്കവും ഓരോരുത്തർ എന്ന കണ്ടീഷനിൽ മേടിച്ച് അത്ഭുതത്തോടെ വായിച്ച് സ്വപ്നം കണ്ടിരുന്ന ‘പൂമ്പാറ്റയിലെയും,ബാലരമയിലെയും, അമർ ചിത്ര കഥകളിലെയും’ ആ അത്ഭുത ലോകം, നീ എപ്പോളേ, യൂറ്റ്യൂബ്-മഞ്ചാടി വീഡിയോകളിലും, മറ്റ് കാർട്ടൂൺ ചാനലുകളിലും കണ്ട് മടുത്തിട്ടുണ്ടാവും. പണ്ട് മഴക്കാലത്ത് മാത്രം വരുന്ന കുത്തൊഴുക്കിൽ, തോട്ടിലെ പാറപ്പുറത്ത് കവുങ്ങിന്റെ പാളയിട്ട് ഊർന്ന് വരുന്ന സുഖം കിട്ടില്ലങ്കിൽ കൂടെ, നിനക്കാസ്വദിക്കാനായി വാട്ടർ തീം പാർക്കുകൾ നാട്ടിലെങ്ങുമുണ്ട്, ഡിസ്നി ലാൻഡ് മുതൽ വീഗാലാൻഡ് വരെ നിനക്ക് ചോയ്സുമുണ്ട്..

ജൂൺ-ജൂലൈ മാസങ്ങളിൽ, സ്കൂൾ വിട്ട് വരുമ്പോൾ, അത്യാവശം തുന്നൽ പണിയുള്ളതെങ്കിലും നനയാതിരിക്കാൻ പാകത്തിൽ ഒരു കുടയുണ്ടായിരുന്നിട്ടും, മറ്റ് ‘കന്നാലി ചെക്കന്മാരോട് വഴക്കുണ്ടാക്കിയും, കളിച്ചും, ആകെയുള്ള ഒരു യൂണിഫോം ചെളിവെള്ളം തെറിപിച്ച് നാശമാക്കി‘ എന്ന പേരിൽ അമ്മയുടെ വഴക്കൊന്നും നിനക്ക് കേൾക്കേണ്ടി വരില്ല, കാരണം, നിന്നെ സ്കൂളിൽ കൊണ്ടെ വിടാനും, തിരിച്ച് കൊണ്ടുവരാനും ഈ അച്ചനുണ്ടാവും. ഒരു മഴത്തുള്ളിയുടെ കുളിരു പോലും നിന്റെ ദേഹത്തേൽക്കേണ്ടിയും വരില്ല, നിനക്ക് പനി പിടിച്ചാലോ എന്ന് പേടിച്ച് നിന്നെ ഒരു കുഞ്ഞു തണുപ്പിൽ പോലും ജാകറ്റില്ലാതെ പുറത്തിറക്കാറില്ലല്ലോ..

നിനക്കൊരു ഹോം വർക്ക് ചെയ്യാൻ, അല്ലങ്കിൽ പഠിക്കുന്ന ഒരു വിഷയത്തിലൊരു സംശയമുണ്ടായാൽ തന്നെ ‘മാഷോട് ചോദിക്കാനാവാതെ പേടിയോടെ നിന്ന’ നിന്റെ അച്ചന്റെ അവസ്ഥ നിനക്കുണ്ടാവില്ല. ഒരു മൌസ് ക്ലിക്കിനപ്പുറം ഈ ലോകത്തിൽ ലഭ്യമായ എല്ലാ വിവരവും, വിവരണങ്ങളുമുള്ള ഇന്റർനെറ്റ് നിനക്കായുണ്ട്. പത്താം ക്ലാസിന് ശേഷവും, പിന്നീട് കലാലയജീവിതത്തിന്റെ ഓരോ ‘ടേണിംഗ് പോയന്റുകളിലും‘ അതുവരെയുണ്ടായിരുന്ന കൂട്ടുകാരെ പിരിയുന്നത് എനിക്ക് വല്ലാത്ത വേദനയായിരുന്നു. പക്ഷേ, പല രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് കൂട്ടുകരെ ‘ഫേസ്ബുക്കിൽ’ കിട്ടിയേക്കാവുന്ന നിനക്ക് , പിന്നീടൊരിക്കലും കണ്ടെത്താനാവാതെ എനിക്ക് നഷ്ടപ്പെട്ട സുഹുത്തക്കളേക്കുറിച്ച് പറഞ്ഞാൽ നീ ചിരിക്കുമോ..?

രാവിലെയെഴുന്നേറ്റ്, ആകാശവാണി കേട്ടുകൊണ്ട് മുറ്റമടിച്ച്, പിന്നെ അല്പനേരം പാഠപുസ്തകത്തിൽ പൂണ്ടിരുന്ന് തല പെരുത്ത്, ഉത്തരം തെറ്റുമോ എന്ന് പേടിയോടെ കണക്ക് ഹോം വർക്ക് ചെയ്തും, അലക്കി വെളുപ്പിച്ചതെങ്കിലും, ഇസ്തിരിയൊന്നുമിടാത്ത ചുളിവുള്ള യുണിഫോമിട്ട്, വഴിയിൽ കാണുന്ന അപ്പൂപ്പൻ താടിയുടെ പുറകേയോടിയും, കൂട്ടുകാരോടൊപ്പം കളി തമാശകൾ പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ആ ഒരു ബാല്യം നിനക്കില്ല.

നിനക്ക് ‘കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമില്ലാത്ത’ ഒരു ജീവിതം മാത്രമേ തരാൻ എനിക്കാവുന്നുള്ളു. പക്ഷേ നിനക്ക് നഷ്ടപെടുന്ന പലതും അതിനേക്കാൾ വലുതാണെങ്കിലും, അതൊന്നും തരാനെനിക്കാവുന്നുമില്ലല്ലോ..

20 comments:

  1. ടച്ചിങ്ങ് പോസ്റ്റ്!

    പലപ്പോഴും വെറുതേയിരിയ്ക്കുമ്പോള്‍ ആലോചിയ്ക്കാറുള്ള കാര്യങ്ങള്‍ തന്നെ ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ അറിയാതെ കണ്ണും മനസ്സും നിറഞ്ഞു. നമ്മുടെ മുന്‍ തലമുറയ്ക്ക് കിട്ടിയ അനുഭവങ്ങളില്‍ നിന്നും നമ്മളിലേയ്ക്കെത്തിയപ്പോഴേ നമുക്ക് പലതും നഷ്ടമായിക്കഴിഞ്ഞു. പുതിയ തലമുറ വളര്‍ന്നു വരുമ്പോള്‍ ആ മാറ്റം പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്നതിനുമപ്പുറമായിക്കഴിഞ്ഞു, അല്ലേ?

    ReplyDelete
  2. കുട്ടിക്കാലം ഓരോരുത്തര്‍ക്കും ഓരോ തരം.
    ഒരുകൂട്ടര്‍ക്ക് പറയാനുള്ളത്‌ ദാരിദ്ര്യത്തിന്‍റെ
    കഥകളാണെങ്കില്‍,പണക്കൊഴുപ്പില്‍ മുങ്ങിയ കുട്ടിക്കാലമായിരിക്കും മറ്റു ചിലര്‍ക്ക് പറയാനുണ്ടാകുക.
    പക്ഷെ ഇതിനിടയിലും മറ്റു ചില കാര്യങ്ങളില്‍
    കുട്ടിക്കാലങ്ങള്‍ക്കൊക്കെ ഒരേ ശേലും,
    ഒരേ ഭാവവും,ഒരേ മണങ്ങളുമാണ്.
    ഈ ഒരു സാമ്യം കുട്ടിക്കാലങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.
    അത് കൊണ്ടാണല്ലോ സിജോയുടെ കുട്ടിക്കാലം
    എന്‍റെയും മറ്റുള്ളവരുടെയും ഒക്കെ
    കുട്ടിക്കാലമായി മാറുന്നത്.
    ഭാവുകങ്ങള്‍.

    ReplyDelete
  3. സിജോ!! നല്ല എഴുത്ത്, നൊമ്പരപ്പെടുത്തി!!
    ആശംസകള്‍!!

    ReplyDelete
  4. ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നുവല്ലോ..എന്‍റെ മകനെ പറ്റിയും ഞാനിങ്ങനെ ച്ലപ്പോഴക്കെ ആലോചിച്ചു കൂട്ടാറുണ്ട്. പക്ഷെ ഇതെല്ലം കാലത്തിന്റെ ആവശ്യമാരിക്കാം.......സസ്നേഹം

    ReplyDelete
  5. ഇതിനെയാണ് സിജോ, ഈ ജനറേഷന്‍ ഗ്യാപ്പ് എന്ന് പറയുന്നത് (എന്റെ ആദ്യ പോസ്റ്റ് തന്നെയിതായിരുന്നു).....
    നമ്മള്‍ പണ്ട് കിട്ടാതെ പോയ അന്നത്തെ ലക്ഷ്വറികളെക്കുറിച്ച് പറയുമ്പോള്‍, അന്നത്തെ ലക്ഷ്വറി ഇന്നത്തെ നെസസ്സിറ്റിയായി മാറിയത് നമ്മള്‍ അറിഞ്ഞാലും, അറിഞ്ഞതായി ഭാവിക്കുന്നില്ല.....

    ReplyDelete
  6. ആദ്യം പറയട്ടെ സിജോ..ആദ്യഭാഗം വല്ലാതെ സ്പർശിച്ചു..

    നൊസ്റ്റാൾജിയ എന്നത് കമ്ഫോർട്ട്നെസ്സിന്റെ ബൈപ്രോഡക്ടാണ്..ഗൂഗിളും മറ്റു ഗാഡ്ജെറ്റുകളുമില്ലാത്തെ നാട്ടിൻപുറത്തെ കുട്ടികൾ അതിനായി കൊതിക്കും..ഇതെല്ലാമുള്ള കുട്ടികൾക്ക് അല്പം സമയം ഉണ്ടാക്കാമെങ്കിൽ തോടും വയലും ഒക്കെ ആസ്വദിക്കാവുനതേയുള്ളൂ...ബേസിക് ഫാക്ടർ പണമണ്...
    ഇതിന് ജനറേഷൻ ഗ്യാപ്പ് എന്ന് പറയും..

    ReplyDelete
  7. daaa...well done!!! thats all i want to say...

    ReplyDelete
  8. @Pony Boy - *നൊസ്റ്റാൾജിയ എന്നത് കമ്ഫോർട്ട്നെസ്സിന്റെ ബൈപ്രോഡക്ടാണ്..ഗൂഗിളും മറ്റു ഗാഡ്ജെറ്റുകളുമില്ലാത്തെ നാട്ടിൻപുറത്തെ കുട്ടികൾ അതിനായി കൊതിക്കും..ഇതെല്ലാമുള്ള കുട്ടികൾക്ക് അല്പം സമയം ഉണ്ടാക്കാമെങ്കിൽ തോടും വയലും ഒക്കെ ആസ്വദിക്കാവുനതേയുള്ളൂ...ബേസിക് ഫാക്ടർ പണമണ്.
    ഇതിന് ജനറേഷൻ ഗ്യാപ്പ് എന്ന് പറയും..*

    Thats absolutely true Pony. പക്ഷേ, തോടും വയലും തരുന്ന നൊസ്റ്റാൾജിയ മാത്രമല്ല വിഷയം, അന്നത്തെ ആ ‘ടഫ് ലൈഫിലൂടെ നാച്വറലായി നമ്മൾ നേടിയെടുത്ത - പ്രതിസന്ധികളെ നേരിടാനുള്ള ഒരു കഴിവ്, സഹജീവികളോടുള്ള സ്നേഹം, കരുണ, മൊറാലിറ്റി, പിന്നെ മാതാപിതാക്കളോടുള്ള കടപ്പാട്.. ഇതെല്ലാം ഈ ജനറേഷന് നഷ്ടപെടുമല്ലോ എന്നും കൂടെയാണ്.

    ReplyDelete
  9. സിജോ ,.പോസ്റ്റിനെ കുറിച്ച് പറയാന്‍ എനിക്ക് ഒന്നുമില്ല ,കാരണം സിജോ ടെ പോസ്റ്റിനു എന്നും അതിന്റെതായ ഒരു ഈണം ഉണ്ട് .......

    എന്‍റെ മനസ്സില്‍ കുട്ടി കളെ കുറിച്ച് ,എപ്പോളും ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട് .പള്ളിയില്‍ പോകുമ്പോള്‍ ഞാന്‍ അവരോട് പ്രാര്‍ത്ഥിക്കാന്‍ പറയും ട്ടോ .അപ്പോള്‍ പാച്ചു ഒരു നിമിഷം കണ്ണടച്ച് നില്‍ക്കുന്ന കാണാം ..അത് കഴിഞ്ഞാല്‍ പിന്നെ പ്രാര്‍ത്ഥന കഴിഞ്ഞു .കുര്‍ബാന എപ്പോള്‍ തീരും എന്ന ചോദ്യം വരും ?

    നമ്മുടെ ചെറുപ്പത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ,എന്തൊക്കെ ഉണ്ടാവും ?,അപ്പാപ്പന്റെ അസുഖം മാറ്റണം ,ആ വീട്ടിലെ കാര്യം ,ഈ വീട്ടിലെ കാര്യം എല്ലാം കൂടി ഒരു നീണ്ട ലിസ്റ്റ് കാണും .നമ്മുടെ കുട്ടികള്‍ക്കോ ഇതൊക്കെ വല്ലതും അറിയോ ?അവര് നോക്കുമ്പോള്‍ അപ്പനും അമ്മയും വലിയ കുഴപ്പം ഒന്നുമില്ല ,പിന്നെ ആണോ പ്രാര്‍ത്ഥന ......അടുത്ത ബര്ത്ഡേ ആവുമ്പോള്‍ എന്ത് സമ്മാനം കിട്ടും എന്ന് വല്ലോം ആവും ചിന്തിക്കുന്നത് .ഇതിനിടയില്‍ കുട്ടികള്‍ വലുതാവും .. നാട്ടില്‍ പോയി കുറച്ച് ദിവസം ,ആ മഴയും കൊണ്ട്‌ ,മണ്ണില്‍ കളിച്ച് തിരിച്ച് വരുമ്പോള്‍ അവര്‍ക്ക് ഈ സന്തോഷം ഒക്കെ അനുഭവിക്കാം ,എന്ന് എനിക്ക് തോന്നുന്നു .(അവര് നമ്മുടെ മക്കള്‍ അല്ലേ ,മത്ത നട്ടാല്‍ കുബളം ഉണ്ടാവില്ലല്ലോ എന്നും ആശ്വസിക്കാം,...ഹഹ )

    ReplyDelete
  10. നഷ്ട്ടപ്പെടലുകളൊക്കെ ശരിക്കും നമ്മുടെ മക്കൾക്ക് തന്നെയാണ്..

    കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമില്ലാത്ത ഒരു ജീവിതം മാത്രമേ അവക്കിവിടെ ഈ ചുമരുകൾക്കുള്ളിൾ തളച്ചിട്ട ഈ ബാല്യകാലത്തും,കൌമാര കാലത്തും നമ്മളെകൊണ്ടാകുകയുള്ളൂ...
    കൌമാരം വിട്ടാൽ അവരാവും,അവരുടെ പാടാകും...
    അതാണിവിടത്തെ,ലോകത്തിപ്പോഴൂള്ള സ്ഥിതി വിശേഷങ്ങൾ...!

    ശരിക്കും ഉള്ളിൽ തട്ടുന്ന വിധം സൂപ്പറായി എഴുതി കേട്ടൊ..സിജോ
    അഭിനന്ദനങ്ങൾ...

    ReplyDelete
  11. മച്ചാ.... എനിക്കെന്തോ എതിര്‍പ്പുണ്ട്. ഇന്നും, ഇക്കാലത്തും ഇപ്പറഞ്ഞ എല്ലാ 'നൊസ്റ്റാള്‍ജിക്‌ സുഖങ്ങളോടും' കൂടി കഴിയുന്ന കുട്ടികള്‍ ഒരുപാടുണ്ട് എന്റെ നാട്ടിലൊക്കെ.
    പിന്നെ പോസ്റ്റിന്റെ ആദ്യ ഭാഗം ഭയങ്കര രസായി വന്നപ്പോള്‍ റൂട്ട് മാറ്റിയതിന് എന്റെ വക ഒരു മുട്ടന്‍ തെറിയും!

    ReplyDelete
  12. ഇന്നും നാട്ടില്‍ ഒട്ടേറെ കുട്ടികള്‍ക്ക് ഇത്തരം നൊസ്റ്റാള്‍ജിയ കിട്ടുന്നുണ്ട്. പക്ഷെ കമ്പ്യൂട്ടറില്‍ തളക്കപ്പെട്ട ജീവിതങ്ങളാവുന്നു ഇന്നത്തെ കുട്ടികള്‍
    നല്ല ഒഴുക്കുണ്ട് വായിക്കാന്‍

    ReplyDelete
  13. കഷ്ടപ്പാടും,ബുദ്ധിമുട്ടും അറിയാതെ,ന്യൂക്ലിയാര്‍ കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ പലപ്പോഴും സ്വാര്‍ത്ഥരാകുന്നു.
    നന്നായി എഴുതി.

    ReplyDelete
  14. Good to meet you greet you and read you here, i do not remember reading your blog before, bu ti do have blogger and batch mate who ha a similar name, Sijo Raphael.'home of black swans- is this name ever mentioned anywhere for England???? never heard??

    ReplyDelete
  15. Make sure to enter a label always. Is it a story/experience/a collection of thoughts.. ?

    ReplyDelete
  16. നല്ല പോസ്റ്റ്.
    എനിക്കിഷ്ടപ്പെട്ടു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ...?

    (ചില്ലറത്തുട്ടുകളുടെ ജീവിതം വായിച്ചിരുന്നോ? ഇല്ലെങ്കിൽ ഒന്നു നോക്കുമല്ലോ http://jayandamodaran.blogspot.com/2011/02/blog-post.html)

    ReplyDelete
  17. Aliya... kannu niranju poyi.. :-(

    ReplyDelete
  18. kurachu vishamandaai.........
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  19. നന്നായി എഴുതിയിരിക്കുന്നു. ഹൃദയസ്പർശിയായ എഴുത്ത്.

    ReplyDelete