Tuesday, 4 January 2011

ഒരു ചാരിറ്റി ദുരന്തം

ഇംഗ്ലണ്ടിലെത്തിയപ്പോൾ മുതൽ എന്നെ ആകർഷിച്ച സംഗതികളാണ് ഇവിടുത്തെ ‘ചാരിറ്റി ഷോപ്പുകളും , കാർ ബൂട്ട് സെയിലും’.

‘ബ്രിട്ടിഷ് ഹാർട്ട് ഫൌണ്ടേഷൻ, കാൻസർ റിസർച്ച് യു.കെ, റെഡ്ക്രോസ് സൊസൈറ്റി’ തുടങ്ങി നിരവധി സംഘടനകൾ അവരുടെ ഫണ്ടിന് വേണ്ടി നടത്തുന്ന ചാരിറ്റി ഷോപ്പുകൾ യു.കെയിലെ എല്ലാ ടൌണുകളിലുമുണ്ട്. ആളുകൾ തങ്ങൾക്കാവശ്യമില്ല്ലാത്തതും, എന്നാൽ ഉപയോഗയോഗ്യവുമായ സാധനങ്ങൾ സംഭാവനയായി നൽകുന്നതാണ് ഈ കടകളിൽ പ്രധാനമായുമുള്ളത്. ചിതലെടുത്ത് പോയാലും, തുരുമ്പിച്ചാലും ഒരു മൊട്ടുസൂചി പോലും മറ്റുള്ളവർക്ക് വെറുതെ കൊടുക്കില്ലന്ന നമ്മുടെ സ്വഭാവം ഇവിടുത്തുകാർക്കില്ലാത്തത്കൊണ്ട് ഈ കടകളിലൊന്നും സാധനങ്ങൾക്കൊരു ക്ഷാമവുമില്ല. കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ, ഡ്രസ്സുകൾ, തുടങ്ങി ഇലക്ട്രോണിക് സാധങ്ങൾ വരെയുണ്ടാകും ഈ ചാരിറ്റി ഷോപ്പുകളിൽ. ശമ്പളമൊന്നും വാങ്ങാതെ ജോലി ചെയ്യുന്ന വോളണ്ടിയേർസാണ് ഈ കടകളിൽ നിൽക്കുന്നവർ. ഹൈസ്ട്രീറ്റ് റീട്ടൈൽ ഷോപ്പുകളിൽ തൊട്ടാൽ പൊള്ളുന്ന വിലയുള്ള ബ്രാൻഡഡ് സാധനങ്ങൾ പോലും, സെകൻഡ് ഹാൻഡ് ആണെങ്കിൽ കൂടി നല്ല ക്വാളിറ്റിയിൽ നിസ്സാര വിലയ്ക്ക് കിട്ടുമെന്നുള്ളത്കൊണ്ട് ഞാനും ഇടയ്കിടെ ചാരിറ്റി ഷോപ്പുകളിലെ ഒരു സന്ദർശകനായിരുന്നു.

‘കാർബൂട്ട് സെയിൽ‘ എന്നത് വേനൽക്കാലത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സംഗതി കാര്യമായിട്ടൊന്നുമില്ല. ആളുകൾ തങ്ങൾക്കാവശ്യമില്ലാത്ത ഉപയോഗപ്രദവുമായ സാധനങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാനായി കാറിന്റെ ബൂട്ടിൽ കുത്തി നിറച്ച് ഒരു മൈതാനത്ത് കൊണ്ട് വന്ന് നിരത്തി വയ്ക്ക്കുന്ന ഒരു ഞായറഴ്ച ചന്ത. ഉദാഹരണത്തിന്, കുട്ടികൾക്ക് മേടിക്കുന്ന കളിപാട്ടങ്ങൾ, ബേബി വാക്കർ, സൈക്കിൾ തുടങ്ങിയവ കുട്ടികൾ വളരുന്നതോടെ അവർക്കത് വീട്ടിലെ സഥലം മിനക്കെടുത്തുന്ന സാധനങ്ങളാകും. ചിലർ സാധനങ്ങൾ വെറുതെയും കൊടുക്കും. സായിപ്പന്മാരുടെ മറ്റൊരു സണ്ഡേ ടൈം പാസ്സ് - നമ്മുക്ക് നിസ്സാര പൈസക്ക് വിലപേശി വാങ്ങാനുള്ള മറ്റൊരു ഓപ്ഷൻ.

കാര്യങ്ങളിങ്ങനെയൊക്കെയാണങ്കിലും ചാരിറ്റി ഷോപ്പുകൾ ചിലപ്പോൾ തലവേദനയായി മാറാറുമുണ്ട്.




സ്ത്രീകളുടെ ജന്മനാ ഉള്ള പല വീക്നെസുകളിലൊന്നാണല്ലോ ഷോപ്പിംഗ്. മാസത്തിലൊരിക്കൽ നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചത്കൊണ്ട് നമ്മളാരും ചായക്കടയിൽ പോയി വല്ലപ്പോളുമൊരു ചായയും കടിയും കഴിക്കാതിരിക്കുന്നില്ലല്ലോ, എന്ന ‘വരട്ട് തത്ത്വവാദവും’ പറഞ്ഞ് ഇടയ്ക്കിടെയുള്ള ഷോപ്പിംഗ് കൂടാതെ, ടൌണിലുള്ള ചാരിറ്റി ഷോപ്പുകളിലും കേറി, ‘ദേ 2 പൌണ്ടേയുള്ളു’ എന്നൊക്കെ പറഞ്ഞ് പിന്നേം എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങിച്ച് കൂട്ടുക എന്നത് സഹധർമ്മിണിയുടെയുടെ ഒരു ഹോബിയായിരുന്നു. (ഇടയ്കൊക്കെ ഒന്നു രണ്ട് ഉപകാരമുള്ള സാധനങ്ങൾ കിട്ടിയിട്ടുമുണ്ട്).

അങ്ങനെയിരിക്കെയാണ് ‘വെള്ളമടിക്കാൻ മുട്ടിയിരിക്കുന്നവന്റെ വീടിന്റെ മുന്നിൽ ബിവറേജിന്റെ കൌണ്ടർ തുറന്നത് പോലെ’, ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ‘ബ്രെയിൻ വേവ്’ എന്ന, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള ചാരിറ്റി സംഘടനയുടെ കട തുറന്നത്. പൊതുവേ ചാരിറ്റി കടകളൊരു വീക്നസ്സായ ഭാര്യയ്ക്കത് അപ്രതിക്ഷിതമായി കിട്ടിയ ചാകരയായി. ഡൈലി ജോലിക്ക് പോയി തിരിച്ച് വരുമ്പോൾ അവിടെ ഹാജർ വച്ചിട്ടേ കക്ഷി വീട്ടിലേക്ക് കേറി വരു എന്ന സ്ഥിതിയായി.
‘ഇതെന്തിനാ മേടിച്ചേ’ എന്ന് ചോദിച്ചാൽ ഉടൻ വരും ഉത്തരം - 'എന്തോരം പൈസ വെറുതെ കള്ള് കുടിച്ച് കളയുന്നു, ഇതിപ്പോ കുറേ പാവം കുട്ടിക്കൾക്ക് വേണ്ടിയെങ്കിലും ഉപകാരപെടും.'

അങ്ങനെയിരിക്കെ, രണ്ടാഴ്ച്ചത്തെ ക്രിസ്മസ് അവധിക്കായി നമ്മുടെ ‘സ്കൂളടച്ചു.’

‘ക്രിസ്മസൊക്കെയല്ലേടേ, വാ.. അർമ്മാദിക്കാം’ എന്നും പറഞ്ഞ് വിളിക്കുന്ന കൂട്ടുകാരുടെ പ്രലോഭനങ്ങളെ അതിജീവിക്കനാവാതെ, ഇടയ്കിടെ വീട്ടിൽ നിന്ന് മുങ്ങി നമ്മുടെ പ്രിയപ്പെട്ട സ്പോർട്സ് ഐറ്റമായ ചീട്ട് കളിയിലെ 28ൽ പല വട്ടം ചാമ്പ്യനായും, പല പുതിയ ബ്രാൻഡ്കൾ പരീക്ഷിച്ചും ദിവസങ്ങൾ കഴിഞ്ഞു. ‘കിലുക്കവും, നാടോടിക്കാറ്റും, പഞ്ചാബി ഹൌസും’ വീണ്ടും വീണ്ടും കണ്ട് മടുത്തു. ഈ അവധിക്കാലത്ത് ചെയ്ത് തീർക്കാൻ നേരത്തെ പ്ലാൻ ചെയ്ത കര്യങ്ങളെല്ലാം‘റ്റു ഡു ലിസ്റ്റ്’ എന്നെഴുതി കലണ്ടറിൽ ഒട്ടിച്ച് വച്ചതല്ലാതെ അതുമൊന്നും നടന്നിട്ടില്ല. പെട്ടന്നന്നാണൊരുൾവിളി വന്നത്. വീടൊക്കെയൊന്നു ക്ലീൻ ചെയ്യാം. വെറുതെ തീറ്റേം കുടീമായി സുഖിച്ചിരിക്കുന്നു എന്ന ഭാര്യയുടെ പരാതിക്കൊരു താൽകാലിക പരിഹാരമാകുകയും ചെയ്യും.

രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞയുടൻ തന്നെ ക്ലീനിംഗ് പണി ഏറ്റെടുത്തു. നാട്ടിൽ നിന്ന് ആദ്യമായി ഇങ്ങോട്ട് വന്നപ്പോൾ കൊണ്ട് വന്ന പെട്ടി മുതലുള്ള സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചെറിയ സ്റ്റോർ റൂമിൽ തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചു. പഴയ ബാഗുകൾ, ഷൂസുകൾ, കൊച്ചിന്റെ ടോയ്സ് തുടങ്ങി സകല അലുകുലുത്ത് സാധനങ്ങളും കാർഡ്ബോർഡ് ബോക്സുകളിലും അല്ലാതെയും ആക്രിക്കടയിൽ വച്ചിരിക്കുന്നത് പോലെ വാരിവലിച്ചിട്ടിരിക്കുന്നു. ‘ഇതിനകത്ത് പെരുമ്പാമ്പ് പെറ്റ് കിടന്നാൽ പോലും അറിയില്ലല്ലോ’ എന്ന് മനസ്സിൽ തോന്നിയെങ്കിലും, ഈ രാജ്യത്ത് പാമ്പുകളുള്ളതായി ഇത് വരെ കേട്ടിട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ഒരു സൈഡിൽ നിന്ന് പണി തുടങ്ങി. (ചില പ്രത്യേക തരം ‘പാമ്പുകളെ’ കണ്ടിട്ടുണ്ടങ്കിലും, അവ കൂടുതലും വീകെൻഡുകളിൽ പബ്ബുകളിലും ബാറുകളിലും മാത്രം കാണപ്പെടുന്നവയും നിരുപദ്രവകാരികളുമാണ്).

ഭാര്യയുടെ ചെരിപ്പുകളൂം, ഷൂസുകളും, ലേഡീസ് ബാഗുകളും മാത്രം ഒരു സൈഡിലേക്കൊതുക്കി നോക്കിയപ്പോൾ, ‘എന്തുകൊണ്ട് എനിക്കൊരു സെകൻഡ് ഹാൻഡ് കട തുടങ്ങിക്കൂട?’ എന്നൊരു ആലോചന മനസ്സിൽ വന്നത് തികച്ചും സ്വാഭാവികം. ഉപയോഗിക്കുന്നില്ലാത്ത കുറേയെണ്ണമെങ്കിലും ഏതേലും ചാരിറ്റി കടേൽ കൊടുത്ത് സ്ഥലമൊഴിവാക്കാൻ ഞാൻ മുൻപ് പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ടങ്കിലും, ‘എനിക്ക് 9ആം ക്ലാസ്സിൽ കണക്ക് പരീക്ഷ പാസ്സായപ്പോൾ പപ്പ മേടിച്ച് തന്നതാ ഈ ബാഗ്‘, ‘ഈ ചെരിപ്പ് ഞാൻ യു.കെലെത്തീട്ട് ആദ്യമായി വാങ്ങിയ സംഗതിയാ, അത് കൊടുക്കാൻ പറ്റില്ല’ തുടങ്ങിയ സീരിയസ്സായിട്ടുള്ള ഇഷ്യൂസെടുത്തിട്ട് ഭാര്യ വിലക്കിയത്കൊണ്ട്, ഇത്രേം ‘ചരിത്ര പ്രാധാന്യമുള്ള ആന്റ്വിക് സാധനങ്ങൾ’ ആ സ്റ്റോർ റൂമിൽ പൊടിപിടിച്ച് വിശ്രമജീവിതം നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയെങ്കിലുമീ വിലമതിക്കാനാവത്ത സാധനങ്ങൾക്കൊരു ശാപമോക്ഷം കൊടുക്കണം. ഞാൻ തീരുമാനിച്ചു. ഇവൾടെ സമ്മതത്തോടെയെന്തായാലും ഇതൊന്നുമൊഴിവാക്കാൻ പറ്റില്ല. ഒരുവിധം കൊള്ളാവുന്ന കുറേ ലേഡീസ് ബാഗുകളും, ചെരിപ്പുകളും, ഒരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി ഒരു കോർണറിൽ മാറ്റിവച്ചു. യിവളെന്തായാലും, ഈ സ്റ്റോർ റൂമിൽ കേറി ഇതൊക്കെയുണ്ടോന്ന് നോക്കാനൊന്നും പോണില്ല. നാളെ കക്ഷി ജോലിക്ക് പോകുന്ന തക്കം നോക്കി താഴെ ചാരിറ്റി ഷോപ്പിൽ കൊണ്ടെ തട്ടണം. സ്റ്റോർ റൂമൊരു സൈഡാക്കിയതോടെ ഞാൻ ക്ലീനിംഗ് ജോലി മതിയാക്കി.

അടുത്ത ദിവസം രാവിലെ ഭാര്യയുണർന്ന് ജോലിക്ക് പോയി,ഉടനെ തന്നെ ഞാൻ തലേന്ന് പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗുമെടുത്ത് താഴെയുള്ള ചാരിറ്റി ഷോപ്പിലേക്ക് വിട്ടു. സാധനങ്ങൾ കൊടുത്തപ്പോൾ, ‘ഹോ ഇറ്റ്സ് എക്സലന്റ്.. ബ്രില്ല്യന്റ്..താങ്ക്യൂ സോമച്ച്’ തുടങ്ങിയ സായിപ്പിന്റെ സ്ഥിരം മറുപടികൾ കേട്ട് സായൂജ്യമടങ്ങി വീട്ടിലേക്ക് മടങ്ങി.

‘ഡേ, നീയ് അഞ്ചാറ് മുട്ടയെടുത്ത് സ്ക്രാമ്പിൾ ചെയ്ത് വെക്ക്, ഞങ്ങൾ ദേ അങ്ങോട്ട് വരുന്നു’ എന്ന് വിളിച്ച് പറഞ്ഞ ഫ്രണ്ട്സിനെ, ‘വൈകിട്ടാകട്ടേയിഷ്ടാ, ഇവിട്ത്തെ മുട്ടേടെയൊക്കെ സ്റ്റോക്ക് കാലിയായി’ എന്ന് പറഞ്ഞ് ഒരു വിധം ഒഴിവാക്കി, നല്ല കുട്ടിയായി ടിവിയും കണ്ട് ഉച്ച വരെയിരുന്നു.

‘ദേ, നമ്മ്ടെ ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്യാനുള്ള എന്തേലും കിട്ടുമോന്ന് നോക്കാൻ ഞാൻ ഒന്ന് രണ്ട് കടകളിൽ പോയി നോക്കീട്ടേ വരുള്ളൂ കേട്ടോ”. നാലുമണി കഴിഞ്ഞപ്പോൾ ഭാര്യയുടെ വിളി വന്നു.
“ഓകേ, പ്രിയതമേ.. പറ്റുങ്കിൽ ഒരു പുൽകൂട് തന്നെ പൊക്കിയെടുത്ത് കൊണ്ടു വരൂ..” ഞാൻ പറഞ്ഞു.

അരമണിക്കൂറിനുള്ളിൽ കക്ഷി വീട്ടിലെത്തി. ഒന്നു രണ്ട് പ്ലാസ്റ്റിക് കൂടുകളുമുണ്ട് കൈയിൽ. ക്രിസ്മസ് ട്രീ ഡെക്കറേഷൻസ് ആയിരിക്കും. ഒറ്റയ്ക്കിരുന്നുള്ള ബോറടി മാറ്റാൻ രാവിലെ മുതൽ തന്നെ ഉച്ചഭക്ഷണം കഴിച്ചതീന്റെ ക്ഷീണം കാരണം ഞാൻ കിടന്നിടത്തുന്ന് അനങ്ങിയില്ല.

“ദേ, ഇങ്ങോട്ട് നോക്ക്യേ.. ക്രിസ്മസൊക്കെയായിട്ട് എല്ലാരും പാർട്ണേർസിന് എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് കൊടുക്കും. നിങ്ങളോ എനിക്കൊന്നും മേടിച്ച് തന്നില്ല. അത്കൊണ്ട് ഞാൻ തന്നെ എനിക്കെന്തെങ്കിലും ട്രീറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു.”

ശ്ശോ..ശരിയാണല്ലോ.. ക്രിസ്മസായിട്ട് അവൾടെ ക്രഡിറ്റ് കാർഡ് വച്ചിട്ടെങ്കിലുമൊരു ഗിഫ്റ്റ് മേടിച്ച് കൊടുക്കണമെന്നോർത്തിട്ട് മറന്നല്ലോ. ഞാൻ കുറ്റബോധത്തോടെ എണീറ്റ്, അവൾ കൊണ്ട് വന്ന പ്ലസ്റ്റിക് കൂട് തുറന്ന് നോക്കി.

രാവിലെ, ഞാൻ താഴെ ‘ബ്രയിൻ വേവ്’ ചാരിറ്റിഷോപ്പിൽ കൊണ്ട് കൊടുത്ത ലേഡീസ് ബാഗുകളിലൊരെണ്ണം, കടക്കാർ പോളിഷ് ചെയ്ത തിളക്കത്തിന്റെ അഹങ്കാരത്തോടെ എന്നെ നോക്കി പല്ലിളിച്ച് ചിരിക്കുന്നു.

“പേടിക്കേണ്ട, ഞാൻ പുതിയതൊന്നും മേടിച്ചിട്ടില്ല. താഴത്തെ ചാരിറ്റി കടേന്നാ. 7പൌണ്ടേയുള്ളു. ഇതുകൂട്ട് പുതിയതിന് എന്തായാലും മിനിമം 30 പൌണ്ടെങ്കിലും വരും. എനിക്ക് പണ്ടിത്പോലത്തെയൊരു ബാഗുണ്ടാരുന്നു. അതെവിടെ പോയോ ആവോ.. എനിക്കൊത്തിരിയിഷ്ടമാ ഈ ലേസൊക്കെയുള്ള ലതർ ബാഗ്.”

ഞാൻ ഓടിപോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. 7 പൌണ്ട്കൊണ്ട് രണ്ട് ദിവസത്തെ അർമ്മാദത്തിനുള്ള ഒരു കുപ്പി വാങ്ങാമായിരുന്നു എന്ന സങ്കടത്തേക്കാൾ, എന്നെ സമാധാനിപ്പിച്ചത്, ഞങ്ങളെ ശരിക്കും പരിചയമുള്ള ആ മദാമ്മ തള്ള, ‘ഇത് നിന്റെ ഹസ്ബൻഡ് രാവിലെ ഇവിടെ കൊണ്ട് തന്നതാ കൊച്ചേ’ എന്ന് ഭാര്യയോട് പറയാത്തതിലായിരുന്നു.

“പാവം നീ.. 7 പൌണ്ടല്ലേയുള്ളു. സാരമില്ല, നല്ല ബാഗ്.” ഞാൻ പറഞ്ഞു.

“ഹും. അവിടെ ഒത്തിരി പുതിയ ഐറ്റംസ് വന്നിട്ടുണ്ട്. ഇന്ന് ഒന്നും നോക്കാൻ സമയം കിട്ടിയില്ല. നാളെ എനിക്ക് ഓഫാ, ഒന്നൂടെ പോയി നോക്കണം.”

ഞാൻ പിന്നേം പോയി ഒരു ഗ്ലാസ് വെള്ളം കൂടെ കുടിച്ചു.
--------------------------------------------

17 comments:

  1. ഇതിവിടെ ബാംഗ്ലൂരും മറ്റൊരു രീതിയില്‍ സംഭവിയ്ക്കാറുണ്ട്...

    അവിടെ സ്വന്തം ഭാര്യയുടെ സാധനങ്ങള്‍ സ്വമേധയാ കൊണ്ട് കൊടുത്തത് ഭാര്യ രണ്ടാമതും കാശു കൊടുത്ത് വാങ്ങിക്കൊണ്ടു വരികയായിരുന്നു എന്നല്ലേയുള്ളൂ... ഇവിടെ നമ്മുടെ ഡ്രസ്സ്, ഷൂസ് തുടങ്ങിയവയെല്ലാം ഓരോരുത്തര്‍ അടിച്ചുമാറ്റി സെക്കന്റ്‌ഹാന്റ് ഷോറൂമുകളില്‍ കൊടുക്കും. പിന്നെ ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് അവിടെ പോയി നമ്മുടെ സ്വന്തം സാധനങ്ങള്‍ കാശു കൊടുത്ത് വാങ്ങാം. (എന്റെ ഒന്നു രണ്ട് സുഹൃത്തുക്കള്‍ക്ക് അവരുടെ നഷ്ടപ്പെട്ട മൊബൈലും മറ്റും അങ്ങനെ രണ്ടാമത് കാശു മുടക്കി തിരികെ പിടിയ്ക്കാന്‍ കഴിഞ്ഞതായി പറഞ്ഞു കേട്ടിട്ടുണ്ട്)


    പോസ്റ്റ് രസമായി. പുതുവത്സരാശംസകള്‍!

    ReplyDelete
  2. ഇവിടത്തെ ഡ്രൈവിംഗ് ടെസ്റ്റ്‌ നു വായിക്കാന്‍ ഇരുന്ന ഞാന്‍ ,ഈ പോസ്റ്റ്‌ വായിച്ചു .ആ ബോര്‍ അടി മാറി കിട്ടി .ഹഹ .ഭാര്യമാര് എല്ലാ ചാരിറ്റി ഷോപ്പില്‍ കയറി ,ആ തിരക്കിനിടയില്‍ നിന്നും ഓരോന്ന് എടുത്ത് കൊണ്ടു വരുന്നത്

    വളരെ ഇഷ്ട്ടത്തോടെ തന്നെ ആണ് ..

    സിജോ ക്ക് അത് തന്നെ വേണം ..കുപ്പി കിട്ടിയില്ല എങ്കിലും നശിച്ചു പോകാത്ത ഒരു ബാഗ്‌ സ്വന്തമായി പിന്നെയും കിട്ടിയല്ലോ ?എന്തായാലും ഈ പോസ്റ്റ്‌ കുറച്ച് ലണ്ടന്‍ കാരികള്‍ ക്ക് അയച്ചു കൊടുക്കാം ..

    ആ ബാഗ്‌ ഇതിന്‌ മുന്‍പ് വാങ്ങിയ സമയം ഓര്‍മ ഉണ്ടോ ?

    ReplyDelete
  3. ഈ ഭാര്യമാരുടെ ഓരോ കുസൃതികള് അല്ലെ.....!!

    ReplyDelete
  4. 7 പൌണ്ടുണ്ടായിരുന്നെങ്കിൽ എത്ര പാവങ്ങൾക്ക് കള്ള് മേടിച്ച് കൊടുക്കാമായിരുന്നു...

    ReplyDelete
  5. രസകരമായ പോസ്റ്റ്,സിജോ..നവവത്സരാശംസകള്‍!!

    ReplyDelete
  6. ഉഗ്രൻ നർമ്മത്തിൽ പൊതിഞ്ഞ ചാരിറ്റി ചാറ്റുകൾ കലക്കീന് പറയേണ്ടല്ലോ..അല്ലേ

    ചാർട്ടറിട്ട് ചാരിറ്റിയിൽ പോകുന്ന എന്റെ പെണ്ണിന്റെ പോഴത്തരങ്ങൾ പറഞ്ഞാലത്... ഉരല് ചെന്ന് മദ്ദളത്തോട് കഥ പറഞ്ഞപോലെയാകും കേട്ടൊ !

    പിന്നെ
    സിജോവിനും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

    ReplyDelete
  7. ഇത് പോലൊന്ന് നമ്മുടെ നാട്ടിലുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഉപയോഗിക്കാത്ത സാതനങ്ങള്‍ക്കൊരു അധീനമുണ്ടായേനെ,,
    വില്പ്പനക്കല്ലാതെ,, കൈനീട്ടി ചെല്ലുന്നവര്‍ക്ക് എടുത്തു കൊടുക്കുന്ന തരത്തില്‍ പള്ളികളിലും മറ്റും ഒരു സംവിധാനം ഉണ്ടായെങ്കിലെന്നു ഞാന്‍ പലപ്പോഴും കരുതാറുണ്ട്.

    വിഷയം രസകരമായി പറഞ്ഞു,

    ReplyDelete
  8. ഹങ്ങന വേണം.. സിജോക്ക് അങ്ങിനെതന്നെ വേണം. സിജോ.. ഇനിയും എന്തെങ്കിലും കൂടെ കൊടുക്കാനുണ്ടോ..ഹി..ഹി

    ReplyDelete
  9. ഉപയോഗശൂന്യമായ, തങ്ങള്‍ക്ക് ഉപദ്രവം മാത്രം വരുത്തി വെക്കുന്ന, ജീവനുള്ള വസ്തുക്കള്‍ ഈ ചാരിറ്റി ഷോപ്പില്‍ കൊടുക്കാന്‍ പറ്റുമോ....
    എന്നാപ്പിന്നെ ഇനിയും വെള്ളം കുടിക്കേണ്ടി വരില്ല.....

    ReplyDelete
  10. ഭാഗ്യം! ഇത്തവണ തല്‍ക്കാലം ധനനഷ്ടമേ സംഭവിച്ചുള്ളൂ. കഷ്ടകാലത്തിന്‌ ആ സായിപ്പ് സത്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ മാനഹാനിയും ശാരീരികക്ലേശവും കൂടി അനുഭവിക്കേണ്ടി വന്നേനെ. ഇനിയും ഈ അഭ്യാസം തുടരാനാണു ഭാവമെങ്കില്‍ ഒരു കിണറുതന്നെ കുടിച്ച് വറ്റിക്കേണ്ടി വരും.
    നല്ല ഒഴുക്കോടെയുള്ള എഴുത്ത്. സിജോയുടെ എഴുത്തിന്റെ ശൈലി എനിക്കിഷ്ടമാണ്‌.

    ReplyDelete
  11. @ചാണ്ടിക്കുഞ്ഞേ, ആരെയാണ്‌ ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടോ, ഞാന്‍ പറഞ്ഞു കൊടുക്കട്ടെ.:)

    ReplyDelete
  12. ഹിഹിഹി-കൊള്ളാം-ചാരിറ്റി ഉദ്യമം നന്നായി.നാളേ ഭാര്യയുടെ കൈയ്യില്‍ നിന്ന് കിട്ടും.

    ReplyDelete
  13. ബൂമാരാന്ഗ്!!
    ആശംസകള്‍ സിജി!!

    ReplyDelete