Tuesday 30 November 2010

പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്

രാവിലെ അലാറം അടിച്ചപ്പോൾ, പതിവ് പോലെ തന്നെ ഞാൻ മൊബൈൽ എടുത്തൊരേറു കൊടുത്തു. പിന്നെയാണോർമ്മ വന്നത്, ഓഫീസിൽ പോകാനുള്ള ബെല്ലടിയല്ലല്ലോ അത് !. ചാടിയെണീറ്റ് ഒരു മണിക്കൂറിനുള്ളിൽ റെഡിയായി, താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്, ലോഞ്ചിലെത്തിയപ്പോൾ, ആൾഡ്രിൻ ഞങ്ങളെ കാത്തെന്നപോലെ അവിടെയുണ്ടായിരുന്നു. “വീകെൻഡാണ്, നല്ല തിരക്കുണ്ടാവും. പെട്ടന്നു പുറപ്പെടണം.“ ആൽഡ്രിൻ പറഞ്ഞു. കോച്ചിൽ ഒരു മണിക്കൂറോളമുള്ള യാത്രയുണ്ടായിരുന്നു ഡിസ്നിലാൻഡ് വില്ലേജിലേക്ക്. ടികറ്റെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത്കൊണ്ട് നീണ്ട ക്യുവിലൊന്നും നിൽക്കാതെ തന്നെ അകത്ത് കയറാൻ പറ്റി. വാൾട്ട് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സൂം, ഡിസ്നിലാൻഡ് തീം പാർക്കുമാണ് പ്രധാനമായും ഡിസ്നി വില്ലേജിലുള്ളത്. ഇന്ന് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സിലും, അടുത്ത ദിവസം തീം പാർക്കിലും എന്നാണ് പ്ലാൻ. ഈ രണ്ട് ദിവസം കാണാൻ മാത്രം എന്തൂട്ട് തേങ്ങയാ ഇവിടെയിരിക്കുന്നെ എന്ന് ഞാൻ ന്യായമായൊരു സംശയം ആൽഡ്രിനോട് ചോദിച്ചു. “പോയി കണ്ട് നോക്കു, ഇഷ്ടപെട്ടില്ലങ്കിൽ നിങ്ങളൂടെ ടികറ്റ് ഞാൻ റീഫണ്ട് ചെയ്ത് തരും.” ഡിസ്നി വില്ലേജിന്റെ പൂർണ്ണ വിവരങ്ങളടങ്ങിയ മാപ്പും തന്ന് ആൾഡ്രിൻ പോയി.



ഞങ്ങൾ അകത്ത് കയറി. നായുടെ കൈയിൽ പൊതിയാ തേങ്ങ കിട്ടിയപോലെ, ആ മാപ്പും പിടിച്ച്, ഞങ്ങൾ കുറേ നേരം നോക്കി നിന്നു. ഒന്നു മനസിലാകുന്നില്ല. പത്താംക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി മുംബൈയിൽ പോയി, അന്തം വിട്ട് നിന്നത് പോലെ ഞാൻ നിന്നു. നിരവധി റൈഡുകൾ, തീയറ്ററുകൾ, സ്റ്റുടിയോകൾ.. ആകെ മൊത്തം കൺഫ്യൂഷൻ. അങ്ങനെ നോക്കി നിൽകുമ്പോൾ, ഞങ്ങളേപോലെ തന്നെ കൺഫ്യൂഷനിൽ നിൽക്കുന്ന ടൂർ ഗഡിസ് ‘മണികണ്ടൻ ആൻഡ് ഫാമിലിയെ’ കണ്ടു. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷൻ ഷെയർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചൂ. ആദ്യം കണ്ടത് തന്നെ ‘ഹവാന ക്ലബ്’ എന്ന പബ്ബ് ആയിരുന്നു. “ഒരു ബീയറടിച്ചാൽ എല്ലാ കൺഫ്യൂഷനും മാറും.” മണികണ്ടൻ പറഞ്ഞതനുസരിച്ച്, ‘ഹവാന ക്ലബിൽ’ ഓരോ ബിയറും പൂശിയിരുന്ന് ഡിസ്നിലാണ്ട് മാപ് നോക്കിയപ്പോൾ കുറേ ഐഡിയകൾ കിട്ടി. രണ്ട് ദിവസം പോയിട്ട്, രണ്ടാഴ്ച ചിലവഴിച്ചാലും ഇവിടെ മൊത്തമൊന്ന് നടന്ന് കാണാൻ പോലും പറ്റില്ലന്ന് മനസിലായി. ‘നോട്ട് റ്റു മിസ്സ്’ എന്നെഴുതിയിരിക്കുന്ന കുറേ സംഗതികളുണ്ട്., അതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കുക എന്ന് തീരുമാനിച്ചു.

പബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആദ്യം തന്നെ കണ്ടത് ‘സിനിമാജിക്’ എന്ന തീയറ്ററാണ്. 5 മിനിറ്റേയുള്ളു അടുത്ത ഷോയ്ക്. കേറി നോക്കമെന്ന് തീരുമാനിച്ചു. ബ്ലാക് & വൈറ്റ് യൂറോപ്യൻ കാലഘട്ടത്തിലേത്പോലെ ഇന്റീരിയറുള്ള ഒരു തീയറ്ററായിരുന്നു അത്. തിയറ്റർ നിറഞ്ഞ് ആളുണ്ടായിരുന്നു. ‘ഉദയാനാണ് താരം’ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് പോലെ, ‘സിനിമ‘ യുടെ ചരിത്രവും, മറ്റ് വിവരണങ്ങളുമൊക്കെ സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങി.

“ഈ കോപ്പിലെ ബ്ലാക് & വൈറ്റ് സിനിമ കാണാനാണോ നമ്മൾ വന്നത്. വാടേ, ഉള്ള സമയം കളയാതെ പോയി വല്ല റൈഡിലും കേറാം.” മണികണ്ടന് സംഗതി അത്രക്ക് പിടിച്ചില്ല. “ഒരു അഞ്ച് മിനിറ്റോടെ ഇരുന്ന് നോക്കാം.” ഞാൻ പറഞ്ഞു.

പെട്ടന്ന് കാണികളുടെ ഇടയിൽ നിന്നും എന്തോ ശബ്ദം കേട്ടു. ഒരാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ്, ചുറ്റിനും ടോർച്ചടിച്ച് നോക്കി, എന്തൊക്കെയോ അലറി വിളിക്കുന്നു.! അയാളുടെ കൂടെയുള്ള ഒരു സ്ത്രീയും കുട്ടിയും, അയാളെ പിടിച്ചിരുത്താനാവുന്നത് ശ്രമിക്കുന്നുമുണ്ട്.
ശെടാ..ഇതിപ്പോ നാട്ടിലെ തീയറ്ററിൽ പോയപോലെയായല്ലോ!. ഇവിടേമുണ്ടോ ഇത് മാതിരി അലമ്പ് കേസുകൾ.
ഞങ്ങൾ അന്തം വിട്ടിരിക്കുമ്പോളേക്കും, സെക്യൂരിറ്റിക്കാർ വന്ന് അയാളെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അയാൾ പെട്ടന്ന് അവരെ തള്ളി മാറ്റി സ്ക്രീനിനടുത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ അമ്പരന്നിരിക്കുമ്പോൾ, അയാൾ സ്ക്രീനിനോട് ചേർന്നുള്ള സ്റ്റേജിലേക്ക് ചാടി കയറി, കൈവരിയിൽ പിടിച്ച് സ്ക്രീനിലേക്ക് കുതിച്ചു. അടുത്ത നിമിഷം അയാളും സ്ക്രീനിൽ തെളിഞ്ഞ് വന്നു. പഴയൊരു ബ്ലാക്&വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ ദ്രശ്യങ്ങളായിരുന്നു സ്ക്രീനിൽ അപ്പോൾ. ഇയാളും ആ കഥാപാത്രങ്ങൾകൊപ്പം സ്ക്രീനിലെത്തി!. അപ്പോൾ മാത്രമാണ്, ഇതൊക്കെ ആ ഷോയുടെ ഭാഗമാണന്ന് ഞങ്ങൾക്ക് മനസ്സിലായത്. കാണികളുടെ നീണ്ട കരഘോഷങ്ങൾക്കിടെയിൽ, അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും, കുട്ടിയുമെഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന് കയറി. പിന്നീടുള്ള അര മണിക്കൂർ ശരിക്കും ‘വണ്ടറടിപ്പിക്കുന്ന’ കാഴ്ചയായിരുന്നു. പഴയകാല ബ്ലാക്&വൈറ്റ് ക്ലാസികുകൾ, ചാർളി ചാപ്ലിൻ സിനിമകൾ തുടങ്ങി, ടൈറ്റാനികും, അവതാറ് വരെയുള്ള സിനിമകൾ മിക്സ് ചെയ്ത്, സ്റ്റേജും, സ്ക്രീനുമെല്ലാം ചേർന്ന് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ഷോ. ഓരോ സിനിമകളിലെയും കഥാപത്രങ്ങളുമൊത്ത് ഇയാൾ അഭിനയിച്ചു. ഇടക്ക് സ്റ്റേജിലുള്ള, അയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെയും സ്ക്രീനിലേക്ക് വിളിച്ച് കേറ്റി. ഒടുവിൽ,ഒരു ജെയിംസ് ബോണ്ട് സിനിമയുടെ സീനിനിടയിൽ, ബോണ്ട്, നമ്മുടെ ‘കഥാനായകനെ’ ഒരു ചവിട്ട് കൊടുത്തതോടെ കക്ഷി, സ്ക്രീനിൽ നിന്നും തെറിച്ച് സ്റ്റേജിലേക്ക് വീണ്, അവിടെയുള്ള സ്ത്രീയെയും,കുട്ടിയെയും കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്, വീണ്ടും, കാണികൾക്കിടയിലേക്കിറങ്ങിയതോടെ, ‘സിനിമാജിക്’ എന്ന വിസ്മയ കാഴ്ച തീർന്നു.

‘കാര്യം എവ്ടെ നോക്കിയാലും മുട്ടൻ ടെക്നോളജിയൊക്കെ തന്നെയാ, പക്ഷേ, എന്നാലും ഇതുപോലൊക്കെ എങ്ങനെ ചെയ്യുന്നെ’ എന്നൊക്കെ സിനിമാജികിന്റെ ഹാങ്ങോവറിൽ കുറച്ച് നേരം ചർച്ച ചെയ്തതിനു ശേഷം അടുത്ത പരിപാടിയെന്താന്ന് നോക്കിയപ്പോൾ, നോട്ട് റ്റു മിസ്സിൽ, ‘സ്പേസ് മൌണ്ടയ്ൻ‘ എന്നൊരു സംഗതി കണ്ടു. റോളർ കോസ്റ്റർ റൈഡാണ്. കുറെ കാലമായി കേൾക്കുന്നു റോളർ കോസ്റ്റർ എന്ന്. എന്ത് പണ്ടാരമെങ്കിലുമാകട്ടെ, ഒന്ന് പരീക്ഷിച്ചിട്ട് ബാക്കി കാര്യം. ‘ദുർബലഹ്രദയർക്ക്’ പറ്റിയ പരിപാടിയല്ല എന്ന് താഴെ എഴുതിയിരിക്കുന്നത് കണ്ട്, ‘ദുർബലരായ’ ഭാര്യമാരെ, ഒരു റെഫ്രഷിംഗ് ബ്രേക്കിന് വിട്ടിട്ട്, ഞാനും മണിയനും, സ്പേസ് മൌണ്ടനിൽ കേറാനുള്ള ക്യൂവിലെത്തി.

മണികണ്ടൻ ഇംഗ്ലണ്ടിലെ പല അമ്യൂസ്മെന്റ് പാർക്കുകളിലും റോളർ കോസ്റ്ററിൽ കയറിയിട്ടുള്ള എക്സ്പീരിയൻസിന്റെ ഗമക്ക് മസില് പിടിച്ച് മുന്നിൽ നടന്നു. നാട്ടില്, ചെറുപുഴ അയ്യപ്പ ക്ഷേത്ര ഉത്സ്തവത്തിനും, കണ്ണൂര് ഓണം ഫെയറിനും ഇതുപോലുള്ള പല റൈഡുകളിലും കയറിയിട്ടുണ്ട് മോനെ, അത്കൊണ്ട് ഈ കോസ്റ്ററു കൊണ്ടൊന്നും നമ്മൾ പേടിക്കില്ല, എന്ന ഭാവത്തോടെ പുറകിൽ ഞാനും.

എന്റ്രി ഗേറ്റിനടുത്തെത്തും തോറും, അകത്ത് നിന്നുള്ള കാതടിപ്പിക്കുന്ന ഒച്ചയും, റൈഡിൽ കയറിക്കഴിഞ്ഞവരുടെ അലർച്ചയും കേൾക്കാൻ തുടങ്ങിയതോടെ എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി. “ആത്മഹത്യ ചെയ്യാൻ പോവുകയാണന്നുള്ള മാനസികാവസ്ഥയുണ്ടാക്കിയെടുക്കുക, പിന്നെ പേടിയൊന്നും തോന്നില്ല.” റോളർ കോസ്റ്റർ കാപ്സൂളിനകത്തേക്ക് കയറുമ്പോൾ മണി പറഞ്ഞു. എങ്ങാനും വടിയായലും, ജീവൻ പറന്ന് പോകാതിരിക്കാൻ വേണ്ടിയായിരിക്കണം, രണ്ട് സൈഡിൽന്നും, ലോക്ക് വന്ന് മൂടി. റോളർ കോസ്റ്റർ പതുക്കെ നീങ്ങി കട്ട പിടിച്ച ഇരുട്ടിലേക്ക് കയറി നിന്നു. എന്താ സംഗതിയെന്നൊന്നും മനസിലാകാതെയിരിക്കുമ്പോൾ, മുന്നിലെ ഇരുട്ടിൽ കൌണ്ട് ഡൌൺ തെളിഞ്ഞ് വന്നു. 10.. 9.. 8..-- 1...0

“ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്.

കണ്ണുകളിറുക്കിയടച്ച്, ഈ പണ്ടാരമൊക്കെ കണ്ട്പിടിച്ചവന്റെ മാതാപിതാക്കളെയൊക്കെ സ്മരിച്ച്, ‘ഒന്ന് നിർത്തഡാ ഡേഷുകളെ’ ന്നൊക്കെ അലറിവിളിക്കുന്നതിനിടക്ക് പതുക്കെ കണ്ണൊന്ന് തുറന്ന് നോക്കിയെങ്കിലും തീഗോളങ്ങളും, നക്ഷത്രങ്ങളുമൊക്കെ നേരെ പാഞ്ഞ് വരുന്നത് കണ്ട്, വീണ്ടും കണ്ണുകളിറുക്കിയടച്ചു.. 90 ഡിഗ്രിയിലും, 180 ഡിഗ്രിയിലും,360 ഡിഗ്രിയിലും, ഇനി അതിനപ്പുറത്തെന്തെങ്കിലുമുണ്ടേൽ ആ ഡിഗ്രിയിലും റോക്കറ്റിന്റെ സ്പീഡിൽ പാഞ്ഞ് പോകുമ്പോൾ, ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ഞാനിതാ വരുന്നേയെന്ന് പ്രാർഥിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. മൂന്ന് മിനിട്ട് കഴിഞ്ഞ് സംഗതി പതുക്കെ നിന്നപ്പോൾ വാഷിംഗ് മഷീനിൽ കിടന്ന് കറങ്ങിയത് പോലെയായിരുന്നു എന്റെ അവസ്ഥ.എങ്കിലും പുറത്തിറങ്ങിയപ്പോൾ ഒരു ത്രില്ല് തോന്നാതിരുന്നുമില്ല.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. കാണാനും, കയറാനുമായി റൈഡുകളും, കാഴ്ചകളും നിരന്ന് കിടക്കുന്നു. ഉത്സവപറമ്പിലെത്തിയ കുട്ടികളേപോലെ, സമയമൊട്ടും കളയാതെ ഞങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്നു. മൈക്കൾ ജാക്സൺ കാണികൾക്കിടയിലേക്കിറങ്ങി വന്ന് ന്രത്തം ചെയ്യുന്ന 3D ഷോ, ഒരു ഹോളിവുട് ത്രില്ലറിലെ ആക്ഷൻ രംഗങ്ങളിലേത് പോലെ സ്ഫോടനങ്ങളും, മഴയും, മലവെള്ളപാച്ചിലിലൂടെയുമുള്ള ഒരു സാഹസിക ട്രയിൻ യാത്ര, ഇടയ്ക്ക് ക്ഷീണമകറ്റാൻ ഏതെങ്കിലും കഫേയിൽ ഓടിചെന്നൊരു ബിയറടി, ഇത്രയുമായപ്പോളേക്കും സമയം സന്ധ്യയായിരുന്നു. 7മണിക്ക് കോച്ചിലെത്തണം. ഡിസ്നി സ്റ്റുഡിയോയിലെ പകുതി കാഴ്ച്ചകളും ഇനിയും ബാക്കി കിടക്കുന്നു. സാരമില്ല, അടുത്ത ദിവസം ‘ഡിസ്നി തീം പാർക്കിൽ’ അർമ്മാദിക്കാമെന്നുള്ള ആശ്വാസത്തിൽ ഞങ്ങൾ കോച്ച് പാർക്കിലേക്ക് നടന്നു.








Wednesday 3 November 2010

പാരീസ് ഡ്രീംസ് 1

യാ‍ത്രകൾ ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക എന്നത് മറ്റെല്ലാവരെയും പോലെ എനിക്കും ചെറുപ്പം മുതൽ തന്നെ ‘അതി ഭയങ്കരമായി’ ഇഷ്ടമുള്ള കാര്യമായിരുന്നു. ആദ്യത്തെ ‘ഒറ്റക്കുള്ള യാത്ര’എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 കി.മി ദൂരെയൂള്ള ‘ചെറുപുഴ‘ എന്ന കൊച്ച് ടൌണിലേക്കായിരുന്നു.(എന്നെ സംബന്ധിച്ച് ഒരു ‘മഹാ നഗരത്തിലേക്ക്’) എന്റെ പ്രായത്തിലുള്ളവരും, കൂട്ടുകാരുമൊക്കെ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ‘ചെറുപുഴ നഗരവും‘, അവിടൂത്തെ ‘അനുരാഗ്, എ.കെ ടാക്കിസുകളുടെ ‘നയനമനോഹരമായ വെള്ളിത്തിരകളുമൊക്കെ’ കാണാൻ ഭാഗ്യം ലഭിച്ചവരായിരുന്നെങ്കിലും വീട്ടിലെ ഏറ്റവും ഇളയതും, പിന്നെ കാണാൻ അല്പം കുഞ്ഞനുമായത് കൊണ്ട് എന്നെ അത്രേം ദൂരേക്കൊക്കെ ഒറ്റക്ക് വിടാൻ വീട്ടിലാർക്കൂം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ വീട്ടിൽ പപ്പയും ചേട്ടനുമില്ലാതിരുന്ന ഒരു ദിവസം, ഒരു ‘എമർജൻസി സിറ്റുവേഷനിൽ’ ചെറുപുഴ വരെ പോകാൻ എനിക്ക് അവസരം കിട്ടി. 9.30ന്റെ കെ.എം.എസ് ബസിനു പോകാൻ, എട്ടരയോടെ ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് തനിച്ച് ചെറുപുഴ വരെ പോയി, 11.30ടെ ‘ഷെറാട്ടൺന്’ തിരിച്ച് വീട്ടിലെത്തിയപ്പോൾ , ചന്ദ്രനിൽ പോയി വന്ന നീൽ ആംസ്ട്രോംഗിനെപോലെയായിരുന്നൂ ഞാൻ. അങ്ങനെ ഒറ്റക്ക് പോയി വന്ന് കഴിവ് തെളിയിച്ചു. പിന്നീട് അതുപോലെ പല ആവശ്യങ്ങൾക്കുമായി ഇടക്കിടെ ചെറിയ യാത്രകൾ ചെയ്തതോടെ അതിന്റെ ത്രില്ല് പോയി.

പിന്നീടുള്ള ജീവിതത്തിലെ എല്ലാ യാത്രകളും അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു. റപ്പായീസ് തട്ട് കടയും, മറൈൻ ഡ്രൈവും, എം.ജി റോഡും, സെന്റ് തെരേസാസ് കോളേജ് പരിസരങ്ങളുമുൾപ്പടെയുള്ള മനോഹരമായ എറണാകുളം നഗരത്തെ സ്നേഹിച്ച് തുടങ്ങി, ഇനിയുള്ള ജീവിതമിവിടെ എന്ന് കരുതിയിരുന്നപ്പോളായിരുന്നു, അപ്രതീക്ഷിതമായി ഗൾഫിലേക്ക് വിമാനം കയറേണ്ടി വന്നത്. പിന്നീടുള്ള 4 വർഷങ്ങളിൽ സൌദി അറേബ്യ, ബഹറൈൻ,ദുബായി, ഒമാൻ എല്ലാം ‘ജോലി’ എന്ന പേരിൽ കറങ്ങി തിരിഞ്ഞ് നടന്നെങ്കിലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, യുറോപിൽ എന്നെങ്കിലും വരാനാകുമെന്ന്. യുറോപ്പ്, അമേരിക്ക എന്നതൊക്കെ എന്നേപോലുള്ളവർക്ക് ‘ചന്ദ്രനിൽ പോകുന്നപോലെ’ അസാധ്യമായ കാര്യമായേ തോന്നിയിട്ടുണ്ടാ‍യിരുന്നുള്ളു. പക്ഷേ, അതുവരെയുള്ള എന്റെ ജീവിതം പോലെ തന്നെ, അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെത്താനും, ഇവിടെ ജോലി ചെയ്യാനുമൊക്കെ അവസരം കിട്ടി.

കടലിലൂടെ 50 കി.മി നീളത്തിലുള്ള ‘ചാനൽ ടണൽ’ തുറന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ‘യുറോസ്റ്റാർ ട്രെയിനിൽ’ വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താമെന്നായി എങ്കിലും, പാരീസിലൊന്ന് പോവുക എന്നത് ഒരു സ്വപ്നമായി മനസിൽ കയറികൂടിയിട്ട് രണ്ട് വർഷത്തോളമായി. തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പന്മാരാണന്ന തെറ്റിദ്ധാരണ ഇംഗ്ലണ്ടിലെത്തിയതോടെ മാറിയിരുന്നു. ജോലി തിരക്കും, പിന്നെ, ഫ്രഞ്ച് അല്ലാതെ ഒരു വാക്ക് പോലും ഒരാളും സംസാരിക്കാത്ത ഫ്രാൻസിൽ കുടുംബവുമായി പോയാൽ കുറച്ച് കഷ്ടപെടേണ്ടി വരുമെന്നുള്ള ചില അനുഭവസ്ഥരുടെ മുന്നറിയിപ്പും പാരീസ് സ്വപ്നത്തിൽ നിന്നും എന്നെ പിറകോട്ട് വലിച്ചു.

അങ്ങനെ , ജോലിയും, വീകെൻഡ് പാർട്ടികളുമായി പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ജീവിതമിങ്ങനെ പൊയ്കോണ്ടിരിക്കെ ഒരു ദിവസം വെറുതെ മുരളി മുകുന്ദനെന്ന ഇംഗ്ലണ്ടിലെ ബൂലോക പുലിയെ വിളിച്ചപ്പോൾ, അങ്ങേര് ഒരു പാരീസ് പര്യടനം കഴിഞ്ഞ് വന്നതിന്റെ കഥകൾ പറഞ്ഞ് കുറെ കൊതിപ്പിച്ചു. ഗൈഡ്, ഹോട്ടൽ, 2ദിവസത്തെ ഡിസ്നിലാൻഡ് ടികറ്റ് എല്ലാം ഉൾപ്പടെയുള്ള പായ്കേജ് ടൂറാണ്, ചാർജും വളരെ കുറവ് എന്ന് കേട്ടതോടെ പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത ദിവസം തന്നെ ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ പോയി വിസയെടുത്തു.

അങ്ങനെ ഒരു വെള്ളിയാഴ്ച പുലർച്ചെ ‘ടാജ് ടൂർസിന്റെ’ ലക്ഷ്വറി കോച്ചിൽ ലണ്ടനിൽ നിന്ന് പുറപ്പെട്ടു. രണ്ടര മണിക്കൂറത്തെ യാത്രക്ക് ശേഷം ഇംഗ്ലണ്ട് അതിർത്തിയായ ‘ഡോവർ’ തുറമുഖത്ത് നിന്നുള്ള 'സീ ഫ്രാൻസ്’ കപ്പലിൽ ഇംഗ്ലീഷ് ചാനലിലൂടെ ഫ്രാൻസിലേക്ക്. ആദ്യമായി കപ്പലിൽ കയറിയതിന്റെ ത്രില്ലിൽ ഡക്കിൽ പോയി നിന്ന് ‘ടൈറ്റാനിക്‘ സ്റ്റൈലിൽ ഫോട്ടോകളെടുത്തും, കപ്പലിനുള്ളിലെ റെസ്റ്റോറന്റുകളിലും, പബ്ബിലുമൊക്കെ കേറിയിറങ്ങിയും ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും അനൌൺസ്മെന്റ് വന്നു, കപ്പൽ ഫ്രഞ്ച് തീരത്തെ പോർട്ട് ഓഫ് കാലിസിലേക്ക് അടുക്കുകയാണന്ന്.(port of Calais) ഫ്രഞ്ച് മണ്ണിലൊന്ന് കാലുകുത്താനവസരം തരാതെ, കപ്പലിൽ നിന്ന് നേരെ വീണ്ടും കോച്ചിലേക്ക് . കാലീസ് തുറമുഖത്ത് നിന്ന് പാരീസ് നഗരത്തിലേക്കുള്ള 3 മണിക്കൂർ യാത്രക്കിടെ, ടൂർ ഗൈഡായാ ആൾഡ്രിൻ ഫെർണാണ്ടസ്, സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച് മറന്ന ഫ്രഞ്ച് വിപ്ലവത്തിന്റെയും, നെപ്പോളിയൻ ബോണപ്പാർട്ടിന്റെയുമൊക്കെ കഥകൾ പറയുന്നത് കേട്ടുകൊണ്ട്, മനോഹരമായ പാടങ്ങളും, ഫാമുകളുമുള്ള ഫ്രഞ്ച് ഗ്രാമങ്ങളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ട് കോച്ചിലിരുന്നു. തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ പതിയെയാണങ്കിലും, 4 മണി കഴിഞ്ഞതോടെ പാരീസ് ഒർളി എയർപോർട്ടിനടുത്തുള്ള നോവോടെൽ ഹോട്ടലിലെത്തി.

ഹോട്ടലിൽ ചെക്കിൻ ചെയ്ത്, ഫ്രഷായി അന്നത്തെ ബാക്കി പരിപാടിയായ പാരിസ് സിറ്റി നൈറ്റ് ടൂറിനായി പുറത്തിറങ്ങി. നഗരത്തോടടുത്തതോടെ, ദൂരെ ഇല്യുമിനേഷനിൽ വെട്ടി തിളങ്ങുന്ന ഈഫൽ ടവർ കാണാമായിരുന്നു. പാരിസിനെ രണ്ടായി പകുത്തൊഴുകുന്ന ‘സീൻ’ നദിയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ ആദ്യ ലക്ഷ്യം. ഈഫൽ ടവറിനടുത്ത് തന്നെയുള്ള ഒരു ജെട്ടിയിൽ നിന്നായിരുന്നു ബോട്ടിൽ കയറേണ്ടിയിരുന്നത്. ഇഫൽ ടവറിന് മുകളിൽ കയറാനുള്ള ഞങ്ങളൂടെ ബുക്കിംഗ്, ടൂറിന്റെ അവസാന ദിവസത്തേക്കായിരുന്നു. ടവറിന് താഴെ നിന്ന് ഫോട്ടോകളെടുത്ത ശേഷം ബോട്ടിൽ കയറി. കലയുടെയും, ഫാഷന്റെയും, പെർഫ്യൂമിന്റെയും, ഷാമ്പയിന്റെയും കേന്ദ്രമായ പാരീസ് നഗരത്തിലൂടെ രാത്രിയിലെ ബോട്ട് യാ‍ത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു.


കാഴ്ചയിൽ മറ്റ് യുറോപ്യൻ നഗരങ്ങളെപോലെയൊക്കെ തന്നെ തോന്നിച്ചെങ്കിലും, പാരീസിന് വേറൊരു സൌന്ദര്യമാണ്. 'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്! അതിനിടെയിൽ പരിചയപ്പെട്ട, ഞങ്ങളൂടെ ടൂർ ഗ്രൂപ്പിലെ തമിഴ്നാട്ടുകാരനായ മണികണ്ടനുമൊത്ത് ബോട്ടിലെ ഓപൺ എയർ റെസ്റ്റോറന്റിൽ നിന്ന് ഷാമ്പയ്നും കുടിച്ചുകൊണ്ട്, സീൻ നദിക്കിരുകരകളിലുമായി, ഇല്ല്യുമനേഷനിൽ തിളങ്ങുന്ന പാരീസ് നഗരത്തെ കൺകുളിർക്കെ കണ്ടു. നഗരത്തിലെമ്പാടുമുള്ള ഓപറ ഹൌസുകളിൽ നിന്നും, തീയറ്ററുകളിൽ നിന്നുമുള്ളതായിരിക്കണം, എവിടെ നിന്നൊക്കെയോ അലയടിക്കുന്ന സംഗീതം പാരീസിനെ കൂടുതൽ ‘റൊമാന്റിക്’ ആക്കി.



സൈൻ നദിക്കിരു കരകളയും ബന്ധിപ്പിക്കുന്ന നിരവധിയായ പാലങ്ങൾക്കടിയിലൂടെയാണ് ബോട്ട് യാത്ര. ഓരോ പാലങ്ങളും, നദിക്കിരുവശങ്ങളിലുമായുള്ള ഓരോ ബിൽഡിംഗുകളും, എന്തുകൊണ്ടാണ് പാരീസിനെ ‘ സിറ്റി ഓഫ് ആർട്ട്’ എന്ന് വിളിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് തന്നുകൊണ്ടിരുന്നു. ഒന്നര മണിക്കൂർ എങ്ങനെ പോയെന്നറിഞ്ഞില്ല. ഈഫൽ ടവറിനടുത്തായി, ഞങ്ങളെ കാത്ത് കിടക്കുന്ന കോച്ചിലെത്തി; വീണ്ടും പാരീസ് നഗര പ്രദിക്ഷണം. ചരിത്രപ്രസിദ്ധമായ പാരീസിന്റെ ഓരോ തെരുവുകളിലൂടെയും ബസ് ഓടികൊണ്ടിരിക്കുമ്പോൾ, അതിന്റെ പിന്നിലുള്ള കഥകളെല്ലാം ടൂർ ഗൈഡ് ആൽഡ്രിൻ വിവരിച്ച് തന്നുകൊണ്ടിരുന്നു. ഡയാന രാജകുമാരി ആക്സിഡന്റിൽ കൊല്ലപ്പെട്ട ടണൽ (Alma Tunnel), അതിനു മുൻപ് അവർ അവസാനമായി അത്താഴം കഴിച്ചിറങ്ങിയ ദോദി അൽ ഫയാദിന്റെ ‘ റിറ്റ്സ് ഹോട്ടൽ, ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയം’ (ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിറ്റിംഗ് ഇവിടെയാണ്‌) ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷൻ സ്ട്രീറ്റ്, നെപ്പോളിയന്റെ ശവകുടീരം.. തുടങ്ങി, പാരീസ് നഗരത്തെ കുറേയൊക്കെ കോച്ചിലിരുന്ന് കണ്ടു. “ഇവിടങ്ങളിൽ വീണ്ടും വരും, വിശദമായി കാണുവാൻ. പക്ഷേ, പാരീസിനെ കാണേണ്ടത് രാത്രിയിലാണ്, അതുകൊണ്ടാണ് ഈ ഓടിച്ചുള്ളൊരു നഗരപ്രദിക്ഷണം.” ആൽഡ്രിൻ പറഞ്ഞു.



ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്. ആൾഡ്രിൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണന്ന് എനിക്ക് ബോധ്യമായി, രാത്രി ഒരുപാട് വൈകി ഹോട്ടലിലേക്ക് തിരിക്കുമ്പോൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വൈകുന്നേരങ്ങളിലൊന്ന് കഴിഞ്ഞ് പോയല്ലോയെന്ന നഷ്ടബോധത്തോടെ ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ ഫ്രഞ്ച് ഷാമ്പയ്നുമായി രാത്രി ഭക്ഷണം കഴിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്. പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല. ഇനി അടുത്ത രണ്ട് ദിവസം ‘ഡിസ്നിലാൻഡ്’ എന്ന അദ്ഭുത ലോകത്തിലേക്കാണ് എന്ന ആകംക്ഷയോടെ ഒന്നരമണിയായപ്പോൾ ഉറക്കത്തിലേക്ക് വീണു.

ചില പാരീസ് രാത്രി കാഴ്ചകൾ