Tuesday, 30 November 2010

പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്

രാവിലെ അലാറം അടിച്ചപ്പോൾ, പതിവ് പോലെ തന്നെ ഞാൻ മൊബൈൽ എടുത്തൊരേറു കൊടുത്തു. പിന്നെയാണോർമ്മ വന്നത്, ഓഫീസിൽ പോകാനുള്ള ബെല്ലടിയല്ലല്ലോ അത് !. ചാടിയെണീറ്റ് ഒരു മണിക്കൂറിനുള്ളിൽ റെഡിയായി, താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്, ലോഞ്ചിലെത്തിയപ്പോൾ, ആൾഡ്രിൻ ഞങ്ങളെ കാത്തെന്നപോലെ അവിടെയുണ്ടായിരുന്നു. “വീകെൻഡാണ്, നല്ല തിരക്കുണ്ടാവും. പെട്ടന്നു പുറപ്പെടണം.“ ആൽഡ്രിൻ പറഞ്ഞു. കോച്ചിൽ ഒരു മണിക്കൂറോളമുള്ള യാത്രയുണ്ടായിരുന്നു ഡിസ്നിലാൻഡ് വില്ലേജിലേക്ക്. ടികറ്റെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത്കൊണ്ട് നീണ്ട ക്യുവിലൊന്നും നിൽക്കാതെ തന്നെ അകത്ത് കയറാൻ പറ്റി. വാൾട്ട് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സൂം, ഡിസ്നിലാൻഡ് തീം പാർക്കുമാണ് പ്രധാനമായും ഡിസ്നി വില്ലേജിലുള്ളത്. ഇന്ന് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സിലും, അടുത്ത ദിവസം തീം പാർക്കിലും എന്നാണ് പ്ലാൻ. ഈ രണ്ട് ദിവസം കാണാൻ മാത്രം എന്തൂട്ട് തേങ്ങയാ ഇവിടെയിരിക്കുന്നെ എന്ന് ഞാൻ ന്യായമായൊരു സംശയം ആൽഡ്രിനോട് ചോദിച്ചു. “പോയി കണ്ട് നോക്കു, ഇഷ്ടപെട്ടില്ലങ്കിൽ നിങ്ങളൂടെ ടികറ്റ് ഞാൻ റീഫണ്ട് ചെയ്ത് തരും.” ഡിസ്നി വില്ലേജിന്റെ പൂർണ്ണ വിവരങ്ങളടങ്ങിയ മാപ്പും തന്ന് ആൾഡ്രിൻ പോയി.



ഞങ്ങൾ അകത്ത് കയറി. നായുടെ കൈയിൽ പൊതിയാ തേങ്ങ കിട്ടിയപോലെ, ആ മാപ്പും പിടിച്ച്, ഞങ്ങൾ കുറേ നേരം നോക്കി നിന്നു. ഒന്നു മനസിലാകുന്നില്ല. പത്താംക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി മുംബൈയിൽ പോയി, അന്തം വിട്ട് നിന്നത് പോലെ ഞാൻ നിന്നു. നിരവധി റൈഡുകൾ, തീയറ്ററുകൾ, സ്റ്റുടിയോകൾ.. ആകെ മൊത്തം കൺഫ്യൂഷൻ. അങ്ങനെ നോക്കി നിൽകുമ്പോൾ, ഞങ്ങളേപോലെ തന്നെ കൺഫ്യൂഷനിൽ നിൽക്കുന്ന ടൂർ ഗഡിസ് ‘മണികണ്ടൻ ആൻഡ് ഫാമിലിയെ’ കണ്ടു. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷൻ ഷെയർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചൂ. ആദ്യം കണ്ടത് തന്നെ ‘ഹവാന ക്ലബ്’ എന്ന പബ്ബ് ആയിരുന്നു. “ഒരു ബീയറടിച്ചാൽ എല്ലാ കൺഫ്യൂഷനും മാറും.” മണികണ്ടൻ പറഞ്ഞതനുസരിച്ച്, ‘ഹവാന ക്ലബിൽ’ ഓരോ ബിയറും പൂശിയിരുന്ന് ഡിസ്നിലാണ്ട് മാപ് നോക്കിയപ്പോൾ കുറേ ഐഡിയകൾ കിട്ടി. രണ്ട് ദിവസം പോയിട്ട്, രണ്ടാഴ്ച ചിലവഴിച്ചാലും ഇവിടെ മൊത്തമൊന്ന് നടന്ന് കാണാൻ പോലും പറ്റില്ലന്ന് മനസിലായി. ‘നോട്ട് റ്റു മിസ്സ്’ എന്നെഴുതിയിരിക്കുന്ന കുറേ സംഗതികളുണ്ട്., അതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കുക എന്ന് തീരുമാനിച്ചു.

പബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആദ്യം തന്നെ കണ്ടത് ‘സിനിമാജിക്’ എന്ന തീയറ്ററാണ്. 5 മിനിറ്റേയുള്ളു അടുത്ത ഷോയ്ക്. കേറി നോക്കമെന്ന് തീരുമാനിച്ചു. ബ്ലാക് & വൈറ്റ് യൂറോപ്യൻ കാലഘട്ടത്തിലേത്പോലെ ഇന്റീരിയറുള്ള ഒരു തീയറ്ററായിരുന്നു അത്. തിയറ്റർ നിറഞ്ഞ് ആളുണ്ടായിരുന്നു. ‘ഉദയാനാണ് താരം’ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് പോലെ, ‘സിനിമ‘ യുടെ ചരിത്രവും, മറ്റ് വിവരണങ്ങളുമൊക്കെ സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങി.

“ഈ കോപ്പിലെ ബ്ലാക് & വൈറ്റ് സിനിമ കാണാനാണോ നമ്മൾ വന്നത്. വാടേ, ഉള്ള സമയം കളയാതെ പോയി വല്ല റൈഡിലും കേറാം.” മണികണ്ടന് സംഗതി അത്രക്ക് പിടിച്ചില്ല. “ഒരു അഞ്ച് മിനിറ്റോടെ ഇരുന്ന് നോക്കാം.” ഞാൻ പറഞ്ഞു.

പെട്ടന്ന് കാണികളുടെ ഇടയിൽ നിന്നും എന്തോ ശബ്ദം കേട്ടു. ഒരാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ്, ചുറ്റിനും ടോർച്ചടിച്ച് നോക്കി, എന്തൊക്കെയോ അലറി വിളിക്കുന്നു.! അയാളുടെ കൂടെയുള്ള ഒരു സ്ത്രീയും കുട്ടിയും, അയാളെ പിടിച്ചിരുത്താനാവുന്നത് ശ്രമിക്കുന്നുമുണ്ട്.
ശെടാ..ഇതിപ്പോ നാട്ടിലെ തീയറ്ററിൽ പോയപോലെയായല്ലോ!. ഇവിടേമുണ്ടോ ഇത് മാതിരി അലമ്പ് കേസുകൾ.
ഞങ്ങൾ അന്തം വിട്ടിരിക്കുമ്പോളേക്കും, സെക്യൂരിറ്റിക്കാർ വന്ന് അയാളെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അയാൾ പെട്ടന്ന് അവരെ തള്ളി മാറ്റി സ്ക്രീനിനടുത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ അമ്പരന്നിരിക്കുമ്പോൾ, അയാൾ സ്ക്രീനിനോട് ചേർന്നുള്ള സ്റ്റേജിലേക്ക് ചാടി കയറി, കൈവരിയിൽ പിടിച്ച് സ്ക്രീനിലേക്ക് കുതിച്ചു. അടുത്ത നിമിഷം അയാളും സ്ക്രീനിൽ തെളിഞ്ഞ് വന്നു. പഴയൊരു ബ്ലാക്&വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ ദ്രശ്യങ്ങളായിരുന്നു സ്ക്രീനിൽ അപ്പോൾ. ഇയാളും ആ കഥാപാത്രങ്ങൾകൊപ്പം സ്ക്രീനിലെത്തി!. അപ്പോൾ മാത്രമാണ്, ഇതൊക്കെ ആ ഷോയുടെ ഭാഗമാണന്ന് ഞങ്ങൾക്ക് മനസ്സിലായത്. കാണികളുടെ നീണ്ട കരഘോഷങ്ങൾക്കിടെയിൽ, അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും, കുട്ടിയുമെഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന് കയറി. പിന്നീടുള്ള അര മണിക്കൂർ ശരിക്കും ‘വണ്ടറടിപ്പിക്കുന്ന’ കാഴ്ചയായിരുന്നു. പഴയകാല ബ്ലാക്&വൈറ്റ് ക്ലാസികുകൾ, ചാർളി ചാപ്ലിൻ സിനിമകൾ തുടങ്ങി, ടൈറ്റാനികും, അവതാറ് വരെയുള്ള സിനിമകൾ മിക്സ് ചെയ്ത്, സ്റ്റേജും, സ്ക്രീനുമെല്ലാം ചേർന്ന് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ഷോ. ഓരോ സിനിമകളിലെയും കഥാപത്രങ്ങളുമൊത്ത് ഇയാൾ അഭിനയിച്ചു. ഇടക്ക് സ്റ്റേജിലുള്ള, അയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെയും സ്ക്രീനിലേക്ക് വിളിച്ച് കേറ്റി. ഒടുവിൽ,ഒരു ജെയിംസ് ബോണ്ട് സിനിമയുടെ സീനിനിടയിൽ, ബോണ്ട്, നമ്മുടെ ‘കഥാനായകനെ’ ഒരു ചവിട്ട് കൊടുത്തതോടെ കക്ഷി, സ്ക്രീനിൽ നിന്നും തെറിച്ച് സ്റ്റേജിലേക്ക് വീണ്, അവിടെയുള്ള സ്ത്രീയെയും,കുട്ടിയെയും കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്, വീണ്ടും, കാണികൾക്കിടയിലേക്കിറങ്ങിയതോടെ, ‘സിനിമാജിക്’ എന്ന വിസ്മയ കാഴ്ച തീർന്നു.

‘കാര്യം എവ്ടെ നോക്കിയാലും മുട്ടൻ ടെക്നോളജിയൊക്കെ തന്നെയാ, പക്ഷേ, എന്നാലും ഇതുപോലൊക്കെ എങ്ങനെ ചെയ്യുന്നെ’ എന്നൊക്കെ സിനിമാജികിന്റെ ഹാങ്ങോവറിൽ കുറച്ച് നേരം ചർച്ച ചെയ്തതിനു ശേഷം അടുത്ത പരിപാടിയെന്താന്ന് നോക്കിയപ്പോൾ, നോട്ട് റ്റു മിസ്സിൽ, ‘സ്പേസ് മൌണ്ടയ്ൻ‘ എന്നൊരു സംഗതി കണ്ടു. റോളർ കോസ്റ്റർ റൈഡാണ്. കുറെ കാലമായി കേൾക്കുന്നു റോളർ കോസ്റ്റർ എന്ന്. എന്ത് പണ്ടാരമെങ്കിലുമാകട്ടെ, ഒന്ന് പരീക്ഷിച്ചിട്ട് ബാക്കി കാര്യം. ‘ദുർബലഹ്രദയർക്ക്’ പറ്റിയ പരിപാടിയല്ല എന്ന് താഴെ എഴുതിയിരിക്കുന്നത് കണ്ട്, ‘ദുർബലരായ’ ഭാര്യമാരെ, ഒരു റെഫ്രഷിംഗ് ബ്രേക്കിന് വിട്ടിട്ട്, ഞാനും മണിയനും, സ്പേസ് മൌണ്ടനിൽ കേറാനുള്ള ക്യൂവിലെത്തി.

മണികണ്ടൻ ഇംഗ്ലണ്ടിലെ പല അമ്യൂസ്മെന്റ് പാർക്കുകളിലും റോളർ കോസ്റ്ററിൽ കയറിയിട്ടുള്ള എക്സ്പീരിയൻസിന്റെ ഗമക്ക് മസില് പിടിച്ച് മുന്നിൽ നടന്നു. നാട്ടില്, ചെറുപുഴ അയ്യപ്പ ക്ഷേത്ര ഉത്സ്തവത്തിനും, കണ്ണൂര് ഓണം ഫെയറിനും ഇതുപോലുള്ള പല റൈഡുകളിലും കയറിയിട്ടുണ്ട് മോനെ, അത്കൊണ്ട് ഈ കോസ്റ്ററു കൊണ്ടൊന്നും നമ്മൾ പേടിക്കില്ല, എന്ന ഭാവത്തോടെ പുറകിൽ ഞാനും.

എന്റ്രി ഗേറ്റിനടുത്തെത്തും തോറും, അകത്ത് നിന്നുള്ള കാതടിപ്പിക്കുന്ന ഒച്ചയും, റൈഡിൽ കയറിക്കഴിഞ്ഞവരുടെ അലർച്ചയും കേൾക്കാൻ തുടങ്ങിയതോടെ എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി. “ആത്മഹത്യ ചെയ്യാൻ പോവുകയാണന്നുള്ള മാനസികാവസ്ഥയുണ്ടാക്കിയെടുക്കുക, പിന്നെ പേടിയൊന്നും തോന്നില്ല.” റോളർ കോസ്റ്റർ കാപ്സൂളിനകത്തേക്ക് കയറുമ്പോൾ മണി പറഞ്ഞു. എങ്ങാനും വടിയായലും, ജീവൻ പറന്ന് പോകാതിരിക്കാൻ വേണ്ടിയായിരിക്കണം, രണ്ട് സൈഡിൽന്നും, ലോക്ക് വന്ന് മൂടി. റോളർ കോസ്റ്റർ പതുക്കെ നീങ്ങി കട്ട പിടിച്ച ഇരുട്ടിലേക്ക് കയറി നിന്നു. എന്താ സംഗതിയെന്നൊന്നും മനസിലാകാതെയിരിക്കുമ്പോൾ, മുന്നിലെ ഇരുട്ടിൽ കൌണ്ട് ഡൌൺ തെളിഞ്ഞ് വന്നു. 10.. 9.. 8..-- 1...0

“ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്.

കണ്ണുകളിറുക്കിയടച്ച്, ഈ പണ്ടാരമൊക്കെ കണ്ട്പിടിച്ചവന്റെ മാതാപിതാക്കളെയൊക്കെ സ്മരിച്ച്, ‘ഒന്ന് നിർത്തഡാ ഡേഷുകളെ’ ന്നൊക്കെ അലറിവിളിക്കുന്നതിനിടക്ക് പതുക്കെ കണ്ണൊന്ന് തുറന്ന് നോക്കിയെങ്കിലും തീഗോളങ്ങളും, നക്ഷത്രങ്ങളുമൊക്കെ നേരെ പാഞ്ഞ് വരുന്നത് കണ്ട്, വീണ്ടും കണ്ണുകളിറുക്കിയടച്ചു.. 90 ഡിഗ്രിയിലും, 180 ഡിഗ്രിയിലും,360 ഡിഗ്രിയിലും, ഇനി അതിനപ്പുറത്തെന്തെങ്കിലുമുണ്ടേൽ ആ ഡിഗ്രിയിലും റോക്കറ്റിന്റെ സ്പീഡിൽ പാഞ്ഞ് പോകുമ്പോൾ, ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ഞാനിതാ വരുന്നേയെന്ന് പ്രാർഥിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. മൂന്ന് മിനിട്ട് കഴിഞ്ഞ് സംഗതി പതുക്കെ നിന്നപ്പോൾ വാഷിംഗ് മഷീനിൽ കിടന്ന് കറങ്ങിയത് പോലെയായിരുന്നു എന്റെ അവസ്ഥ.എങ്കിലും പുറത്തിറങ്ങിയപ്പോൾ ഒരു ത്രില്ല് തോന്നാതിരുന്നുമില്ല.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. കാണാനും, കയറാനുമായി റൈഡുകളും, കാഴ്ചകളും നിരന്ന് കിടക്കുന്നു. ഉത്സവപറമ്പിലെത്തിയ കുട്ടികളേപോലെ, സമയമൊട്ടും കളയാതെ ഞങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്നു. മൈക്കൾ ജാക്സൺ കാണികൾക്കിടയിലേക്കിറങ്ങി വന്ന് ന്രത്തം ചെയ്യുന്ന 3D ഷോ, ഒരു ഹോളിവുട് ത്രില്ലറിലെ ആക്ഷൻ രംഗങ്ങളിലേത് പോലെ സ്ഫോടനങ്ങളും, മഴയും, മലവെള്ളപാച്ചിലിലൂടെയുമുള്ള ഒരു സാഹസിക ട്രയിൻ യാത്ര, ഇടയ്ക്ക് ക്ഷീണമകറ്റാൻ ഏതെങ്കിലും കഫേയിൽ ഓടിചെന്നൊരു ബിയറടി, ഇത്രയുമായപ്പോളേക്കും സമയം സന്ധ്യയായിരുന്നു. 7മണിക്ക് കോച്ചിലെത്തണം. ഡിസ്നി സ്റ്റുഡിയോയിലെ പകുതി കാഴ്ച്ചകളും ഇനിയും ബാക്കി കിടക്കുന്നു. സാരമില്ല, അടുത്ത ദിവസം ‘ഡിസ്നി തീം പാർക്കിൽ’ അർമ്മാദിക്കാമെന്നുള്ള ആശ്വാസത്തിൽ ഞങ്ങൾ കോച്ച് പാർക്കിലേക്ക് നടന്നു.








10 comments:

  1. ശ്ശെ! വായിച്ച് ത്രില്ലടിച്ച് വന്നപ്പഴേയ്ക്കും പോസ്റ്റ് അങ്ങ് തീര്‍ന്നു പോയല്ലോ... സാരമില്ല. അടുത്ത ഭാഗം വരുമ്പോ വായിയ്ക്കാം :)

    വിവരണം ബഹുരസം...

    ReplyDelete
  2. ചെറുതായിപ്പോയല്ലോ സിജോ.സാരമില്ല ഈ കുറവ് അടുത്തതില്‍ തീര്‍ക്കാം,അല്ല തീര്‍ക്കണം!!

    ReplyDelete
  3. വിസ്മയം തീർക്കുന്ന വർണ്ണനകളാൾ ഡിസ്നി സ്റ്റുഡിയോയുടെ മായാജാലക്കാഴ്ച്ചകൾ നന്നായി ഈ ആലേഖനങ്ങളിലൂടെ വരച്ചിട്ടത് അസ്സലായി കേട്ടൊ..

    അവിടെ തീം പാർക്കിൽ വെച്ച് സ്പേസ് മൌണ്ടൻ റൈഡിൽ കയറിയപ്പോൾ ഈ മണ്ടന്റെ ധൈര്യം മുഴുവൻ ചോർന്നുപോകുന്നത് നേരിട്ടനുഭവിച്ചത് ഇപ്പോഴും ഉൾക്കിടില്ലത്തോടെ ഞാനിവിടെ ഓർക്കുന്നു....!

    പിന്നെ ഇതെല്ലാം ധാരാളം പേർ വായിക്കുവാൻ വേണ്ടി ഒന്നുകൂടി ഊർജ്ജിതമായി ബൂലോഗത്ത് സജീവമാകൂ..സിജോ

    ReplyDelete
  4. നല്ല രസായി, എഴുത്ത്. തുടരട്ടെ....

    ReplyDelete
  5. “ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്. ഹ...ഹ..ഹ...സെയിം പിച്ച്.
    നല്ല വിവരണം. പോസ്റ്റ് ഇഷ്ടമായി. ഇതെല്ലാം ധാരാളം പേർ വായിക്കുവാൻ വേണ്ടി ഊർജ്ജിതമായി ബൂലോഗത്ത് സജീവമാകണമെന്ന് മുരളിയേട്ടന്‍ പറഞ്ഞതിനോട് പൂര്‍‌ണ്ണമായും യോജിക്കുന്നു.

    ReplyDelete
  6. vivaranavum chithrangalum nannaayi

    ReplyDelete
  7. എടാ പുവേ . ഞാന്‍ നാട്ടില്‍ പോകുവാ ... പിന്നെ നിന്റെ യാത്ര വിവരണങ്ങള്‍ ഇനിയും എന്റമ്മേ ...... ന്നുള്ള പഞ്ചില്‍ ഇങ്ങു പോരട്ടെ . മിസ്സ്‌ ആക്കിയ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് അതില്‍ ഒന്നാണ് ഈ യൂറോപ്പ് പര്യടനവും .. അപ്പോള്‍ ശരി അളിയാ സമയം വളരെ കുറച്ചെ ഉള്ളു .

    ReplyDelete
  8. വരാന്‍ വൈകി ,എന്നാലും ഇപ്പോള്‍ സമധാനമായി വായിച്ചു തിരിച്ച് പോകുന്നു ...

    ''ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്''

    ഇതില്‍ ഒക്കെ കയറാതെ ഇരുന്നാല്‍ ഈ വിളിച്ച് കൂവണ്ട വല്ല കാര്യം ഉണ്ടോ ?ഹഹ ഞാന്‍ ഇതില്‍ ഒന്നും ഈ ജന്മത്തില്‍ കയറില്ല ...

    ReplyDelete
  9. Njaan kaanaattha Disney Land... Ippol avide poya polulla anubhavam. nannaayi ezhuthi.

    ReplyDelete