Friday 20 April 2012

ഡ്യുപ്ലികേറ്റ് ബർത്ത്ഡേ

രാവിലെ ജോലിക്ക് പോകാൻ റെഡിയാകുന്നതിനിടയിൽ പതിവ് പോലെ വീട്ടിലേക്ക് വിളിച്ച് കത്തിവയ്ക്കുന്നതിനിടയിലാണ് പപ്പ പറഞ്ഞത്, ‘ഡാ, നിനക്ക് ഹാപ്പി ബർത്ത്ഡേ ആശംസിച്ചുകൊണ്ട് എച്ച്ഡി.എഫ്സി ബാങ്കിന്ന് എന്റെ ഫോണിലൊരു മെസ്സേജ് വന്നല്ലോ’ന്ന്. നാട്ടിലെ കോണ്ടാക്ട് നമ്പറായി എച്ച്ഡി.എഫ്സി അകൌണ്ടിൽ കൊടുത്തിരിക്കുന്നത് പപ്പയുടെ നമ്പറാണ്. ആ.. എന്തൂട്ടേലുമാകട്ടെ, ഇന്നല്ലല്ലോ എന്റെ ബർത്ത്ഡേന്നറിയാവുന്നത്കൊണ്ട് കാര്യമായി എടുത്തില്ല. ഓഫീസിലേക്കുള്ള യാത്രമധ്യേ ഫോണിലും ഒന്ന് രണ്ട് ഹാപ്പി ബർത്ത്ഡേ സ്കൈപ്പ് മെസ്സേജുകൾ വന്നപ്പോൾ ഇതെന്തൂട്ടാന്ന് കലുങ്കുഷമായി ചിന്തിച്ചപ്പോളാണോർമ്മ വന്നത് - ഏപ്രിൽ 20. ഇന്നാണ് എന്റെ ഡ്യൂപ്ലികേറ്റ് ബർത്ത്ഡേ. ഒറിജിനലി 1982 ജൂൺ 30ന് ഭൂജാതനായ എന്നെ സ്കൂളിൽ ചേർത്ത സമയത്ത്, ഫോർ സം റീസൺസ്, ജനനതീയതി ഏപ്രിൽ 20 ആയി മാറി. അങ്ങനെ അന്നു മുതൽ എല്ലാ ഒഫീഷ്യൽ രേഖകളിലും എന്റേതല്ലാത്ത കുറ്റത്താൽ, എന്റേതല്ലാത്ത ജനനതീ‍യതിയും പേറി ജീവിക്കുകയാണ്. 

ഓഫീസിലെത്തി വാതിൽ തുറന്ന് അകത്ത് കേറി - റിസപ്ഷനിസ്റ്റ് മദാമ്മ വന്ന് ആലിംഗനം ചെയ്ത് ഹാപ്പി ബെർത്ത്ഡേ വിഷ് ചെയ്തപ്പോൾ ഒന്ന് ഞെട്ടി. പിന്നാലെ സഹപ്രവർത്തകർ ഹാപ്പി ബർത്ത്ഡേയും പാടി വന്നു. മാനേജർടെ വക ഒരു ഒരു കുപ്പി ഷാമ്പൈൻ മേശപ്പുറത്ത്, പുറമേ കുറേ ആശംസാ കാർഡുകളും. ഉച്ചക്ക് ലഞ്ച് സഹപ്രവർത്തകർ വക ഒരു പബ്ബിൽ. ആരുടെയടുത്തും ‘ഇന്നല്ല എന്റെ ബർത്ത്ഡേ, ഇങ്ങനല്ല എന്റെ ബർത്ത്ഡേന്നൊന്നും’ എക്സ്പ്ലെയിൻ ചെയ്യാൻ പോയില്ല. (ഭാഗ്യം, വീകെൻഡായത്കൊണ്ട് വൈകിട്ട് തിരിച്ച് പാർട്ടി വേണംന്ന് ആരും പറഞ്ഞില്ല, എല്ലാത്തിനും അവരുടേതായ അർമ്മാദങ്ങളുണ്ടാകും.). 

അങ്ങനെ ഡ്യുപ്ലികേറ്റ് ബർത്ത്ഡേ ഒറിജിനലിനേക്കാൾ ഗംഭീരമായി ആഘോഷിച്ച് നിർവ്രതിയടയുന്നു. :)

(ഇങ്ങനൊരു ബ്ലോഗുണ്ടാരുന്നു എന്ന് മറന്ന് പോകാതിരിക്കാൻ ചുമ്മാ പോസ്റ്റുന്നത്. :(