പതിവു പോലെ ഞായറാഴചയുടെ ആലസ്യത്തിൽ വൈകിയാണുണർന്നത്. എങ്കിലും കുളിച്ച് ഫ്രഷായി, റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച് വന്നിട്ടും ഇനിയും അരമണിക്കൂറോളമുണ്ട്, ആൾഡ്രിൻ റെഡിയായിനിൽക്കാൻ പറഞ്ഞ 10 മണിക്ക്. വെറുതെ ഹോട്ടലിന് പുറത്തിറങ്ങി നടന്നു. മറ്റ് യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങൾ, തൊട്ടടുത്തുള്ള പാരീസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഒർളി എയർ പോർട്ടിൽ വന്ന് പോകുന്നതിന്റെ ശബ്ദമൊഴിച്ചാൽ ശാന്തമായൊരു അന്തരീക്ഷം. ഹോട്ടലിനു ചുറ്റിലുമുള്ള ഗാർഡനിലുടെ കുറച്ച് നടന്നപ്പോളേക്കും മൊബൈലിൽ ആൽഡ്രിന്റെ വിളിയെത്തി. കോച്ച് റെഡിയാണ്.
വീണ്ടും ഡിസ്നിലാൻഡിലേക്ക്.
തലേന്ന് ഡിസ്നി സ്റ്റുടിയോയിൽ മിസ്സ് ചെയ്ത സംഗതികളിൽ കേറണോ, അതോ ഇനിം, 4 കി.മി ചുറ്റളവിൽ കിടക്കുന്ന ഡിസ്നി തീം പാർക്കിൽ കേറി നിരങ്ങണോ എന്നതായിരുന്നു അന്നത്തെ കൺഫ്യൂഷൻ.
ഏന്തായാലും ഒന്നും നേരെ ചൊവ്വെ കാണാൻ പറ്റില്ല, അതുകൊണ്ട് തലേ ദിവസത്തേപോലെ ഓടി നടന്നെങ്കിലും, പറ്റുന്നിടത്തോളം ഡിസ്നി തീം പാർക്ക് മാത്രം കാണാൻ തീരുമാനിച്ചു. ഡിസ്നി തീം പാർക്ക് കൂടുതലും കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്.
കുട്ടിക്കലത്ത് ബാലരമയിലും, പൂമ്പറ്റയിലുമൊക്കെ വായിച്ചിരുന്ന കഥകളിലേത് പോലുള്ള ഒരു ലോകം.
‘എന്റെയൊക്കെ കൂട്ടിക്കാലമൊക്കെ എത്ര ദരിദ്രമായിരുന്നു, എത്ര ഭാഗ്യം ചെയ്തവരാ ഇവിടെയൊക്കെ വരാൻ പറ്റുന്ന കുട്ടികൾ..’ എനിക്കങ്ങനെ തോന്നാതിരിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വൈകിയാണങ്കിലും കിട്ടിയ ഈ അവസരത്തിൽ ഞങ്ങളെല്ലാം 10 വയസുകാരായി മാറി, ഓരോ കാഴ്ചകളും അത്ഭുതത്തോടെ കണ്ടു.
മിക്കി മൌസും, ഡൊണാൾഡ് ഡക്കുമുൾപ്പടെയുള്ള ഡിസ്നി കാരക്ടേർസ് ഇടക്കിടെ വന്ന് കൈ തന്ന്, കൂടെ നിന്ന് ഫോട്ടൊയെടുത്ത് പോയെങ്കിലും, ഞങ്ങളുടെ പ്രശ്നം വീണ്ടും ഏന്ത് കാണണം, എന്ത് ഒഴിവാക്കണം, ഏത് റൈഡിൽ കേറണം എന്നൊക്കെയായിരുന്നു.
തലേ ദിവസത്തെ റോളർ കോസ്റ്റർ ഹാങ്ങോവർ മാറാത്തത് കൊണ്ട്, വീണ്ടും അത്പോലെയുള്ള ‘അഡ്വവഞ്ചർ’ പരിപാടിക്ക് കേറണോന്നുള്ള സംശയത്തിൽ നിന്നങ്കിലും, മണികണ്ടന്റെ നിർബന്ധത്തിൽ വീണ്ടും ഒരു ‘ജീവന്മരണ പോരാട്ടത്തിന്’ തല വച്ച് കൊടുക്കേണ്ടി വന്നു. ഇത്തവണ, ഗ്രാവിറ്റിയുടെ - അതായാത്, ഒരു തേങ്ങ കണ്ടിച്ച് താഴെയിട്ടാൽ വരുന്ന സ്പീഡിന്റെ 5 ഇരട്ടി സ്പീഡിൽ തഴേക്കും മുകളിലേക്കും പോകുന്ന ഒരു ലിഫ്റ്റിലായിരുന്നു അഗ്നി പരീക്ഷണം. റോളർ കോസ്റ്റർ കണ്ട് പിടിച്ചവന്റെ പൂർവികരെയൊക്കെ ആ റൈഡിൽ സ്മരിച്ചതിന് മാപ്പ് ചോദിക്കുന്ന രീതിയിലുള്ളൊരു പരീക്ഷണമായിരുന്നു 5 മിനിറ്റോളം നിണ്ട് നിന്ന ആ ലിഫ്റ്റ് റൈഡ്. ‘പറ്റിയത് പറ്റി, ഇനി ജന്മത്ത് ഇമ്മാതിരി കോപ്പിലെ പരിപാടിക്കില്ല‘ എന്ന് അവ്ടെ വച്ച് മൂന്ന് വട്ടം സത്യം ചെയ്ത് ആ ലിഫ്റ്റിന്ന് ഇറങ്ങി. പിന്നെ നടക്കുന്ന വഴിക്കെവിടെയെങ്ങാനും റോളർ കോസ്റ്ററോ, അതുപോലത്തെ മനുഷ്യനെ ഇടങ്ങേറാക്കുന്ന എന്തെങ്കിലും പരിപാടിയുടെ ലക്ഷണമെങ്ങാനും കണ്ടാൽ, ഏതേലും തമിഴ് സിനിമയുടെ വിശേഷം പറഞ്ഞ് മണികണ്ടന്റെ ശ്രദ്ധ മാറ്റി വിടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
അവിടെ എത്തുന്ന മറ്റെല്ലാവരെയും പോലെ, ഞങ്ങളും കുട്ടികളായി ‘സ്ലീപിംഗ് ബ്യൂട്ടി കാസിലിലൂം’, ‘ഇറ്റ്സ് എ സ്മാൾ വേൾഡ്’ എന്ന മറ്റൊരത്ഭുത ലോകത്തിലും, ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയനിലും’ കയറിയിറങ്ങിയും നടന്നെങ്കിലും, ഇനിയും കാണാൻ പോലും പറ്റാതെ നിരവധി സംഗതികൾ വീണ്ടും മിസ്സ് ചെയ്തല്ലോ എന്ന നിരാശയിൽ , തളർന്ന് ഒരു കഫേയിൽ കയറിയിരുന്നു.
6 മണി കഴിഞ്ഞു.ഡ്ഡിസ്നി പരേഡ് എന്നൊരു സംഗതിയുണ്ടന്ന് ‘മാപിൽ നിന്ന് മനസിലായി.’ അത് കാണാൻ വേണ്ടിയായിരിക്കണം, ആ ദിവസം ഡിസ്നി ലാൻഡിലെത്തിയ പതിനായിരക്കണക്കിന് മനുഷ്യർ ചെറിയ മഴയിലും, കാത്ത് നിൽക്കുന്നത്. രാവിലെ മുതൽ തുടങ്ങിയ ഓട്ടത്തിൽ ഞങ്ങളും തളർന്നിരുന്നെങ്കിലും, എല്ലാവരും ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന ‘ഡിസ്നി ലൈറ്റ് & ഷോ പരേഡ്’ മിസ്സ് ചെയ്യാൻ മനസ്സ് വന്നില്ല. ഒടുവിൽ 6.30ന് സ്ലീപിംഗ് ബ്യൂട്ടി കാസിലിൽ നിന്നാരംഭിച്ച ഡിസ്നി പരേഡ്, മറ്റൊരത്ഭുത കാഴ്ച്ചയായി ഞങ്ങളുടെ മുൻപിലൂടെ വന്ന് തുടങ്ങി. മിക്കി മൌസ് മുതൽ ഡിസ്നി ‘ഫെയറി ടെയിൽ’ കഥകളിലെ രാജകുമാരനും, രാജകുമാരിയും, മറ്റ് കഥാപത്രങ്ങളും അവിശ്വസിനീയമായ റിയാലിറ്റിയോടെ’ പരേഡിലെ ഓരോ കാഴ്ചകളായി മുൻപിലൂടെ പൊയ്കോണ്ടിരുന്നു. ഡിസ്നിലാൻഡ് കാഴ്ചകളെല്ലാം തന്നെ ഒരിക്കലും അതിന്റെ പൂർണ്ണതയിൽ വിവരിക്കുക പ്രയാസമാണ്, അത് അനുഭവിച്ചറിയാൻ മാത്രമേ പറ്റു.
ഡിസ്നിലാൻഡിലെ രണ്ടാം ദിവസാവും അങ്ങനെ കഴിഞ്ഞു. കോയമ്പത്തൂരിലെ ‘ബ്ലാക് തണ്ടർ തീം പാർക്ക്’, പിന്നെ വീഗാ ലാൻഡ്, ഇവിടെയൊക്കെ പോയതോടെ ‘തീം പാർക്ക്’ എന്ന പരിപാടിയേ മടുത്ത് തുടങ്ങിയിരുന്ന ഞാൻ, പക്ഷേ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഡിസ്നിലാൻഡിൽ നിന്ന് പോന്നത്. അത്രക്കും ആകർഷകവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു, അവിടുത്തെ ഓരോ കാഴ്ചകളും.
പാരീസിലെ ഞങ്ങളൂടെ നാലാം ദിവസം.
അന്ന് തിരിച്ച് ലണ്ടനിലേക്ക് മടങ്ങണം. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ ഉണർന്ന് എല്ലാം പായ്ക് ചെയ്ത് ഹോട്ടലിൽ ചെകൌട്ട് ചെയ്തു. ലോകാത്ഭുതങ്ങളിലൊന്നായ ‘ഐഫൽ ടവറിൽ’ കയറുക എന്നതായിരുന്നു അന്നത്തെ മെയിൻ പ്രോഗ്രാം. 12 മണിക്കായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. അതിനിടയിലുള്ള 2 മണിക്കൂർ, ആദ്യ ദിവസം രാത്രിയിൽ കണ്ട പാരീസ് നഗരത്തെ പകൽ വെളിച്ചത്തിൽ ഒന്നുടെ ഓടി നടന്ന് കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയത്തിന്റെ’(ഫ്രഞ്ചിൽ പ്രൊനൌൺസിയേഷനൊക്കെ വേറെന്തൊക്കെയോയാണ്)മുന്നിലെത്തിയപ്പോൾ, പ്രോഗ്രാമിലില്ലാത്തതാണങ്കിലും, ഞങ്ങളുടെ നിർബന്ധം കാരണം അര മണിക്കൂർ അവിടെ ഞങ്ങൾക്കനുവദിച്ചു. ലൂർവ് മ്യൂസിയത്തിലെ ഓരോ പെയിന്റിംഗ്-ശില്പങ്ങൾ കാണാൻ ഓരോന്നിനും രണ്ട് മിനിറ്റ് വച്ചെടുത്താൽ പോലും, മുഴുവൻ കണ്ട് തീർക്കാൻ ആറു മാസമെടുക്കുമത്രേ.! ഗൈഡ് പറഞ്ഞതെത്രത്തോളം ശരിയാണന്നറിയില്ല, എങ്കിലും ‘ഡാവിഞ്ചി കോഡ്’ സിനിമ കണ്ടത് മുതൽ ഒരാവേശമായി മനസിൽ കിടക്കുകയായിരിന്നു ഈ മ്യൂസിയവും, അതിന്റെ മുൻപിലെ ക്രിസ്റ്റൽ പിരമിഡും. ആറ് മാസമെടുത്ത് കാണണ്ട ആ മ്യൂസിയത്തിൽ, അര മണിക്കുറിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റിയത് മ്യൂസിയത്തിന് മുൻപിലെ ക്രിസ്റ്റൽ പിരമിഡിൽ പോയി നിന്ന് കുറച്ച് ഫോട്ടോസെടുക്കാനും, പിന്നെ, അവിടുത്തെ ഏറ്റവും വലിയ ആകർഷണമായാ ഡാവിഞ്ചിയുടെ ‘മൊണോലിസ’ പെയിന്റിംഗ് ഒരു പത്തു മീറ്ററിനപ്പുറമും നാലഞ്ച് ചില്ല് കൂടുകൾക്കുള്ളിൽ വച്ചിരിക്കുന്നത്, ശബരിമലയിൽ ഭക്തർ ക്യൂ നിന്ന് അയ്യപ്പനെ ദർശിക്കുന്നത് പോലെ ഒരു നോക്ക് കാണുവാനും മാത്രമായിരുന്നു.
ലൂർവ് മ്യൂസിയത്തിൽ നിന്ന് ഐഫൽ ടവറിലേക്ക് കാര്യമായ ദൂരമൊന്നുമില്ലങ്കിലും, ട്രാഫിക്കിൽ കുടുങ്ങി 20 മിനിറ്റോളം വൈകിയാണ് എത്തിയത്. ലേറ്റായതിന്റെ പേരിൽ, ടവറിന്റെ മുകളിലേക്കുള്ള എന്റ്രി ഗേറ്റിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും, ഇതൊക്കെ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആൽഡ്രിന്റെ ഇടപെടൽ കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ ‘ഐഫൽ ടവറിന്റെ’ മുകളിലേക്ക്..
1887-89 ഇൽ നിർമ്മിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സ്റ്റീൽ സ്ട്രക്സ്ചർ.! സന്ദർശകർക്ക് ലിഫ്റ്റിൽ പോകാൻ പറ്റുന്ന മൂന്ന് ലെവലുകളാണ് ടവറിലുള്ളത്. ടവറിന്റെ നാലു പ്ലാറ്റ് ഫോമുകളിലുമുള്ള, 60 പേരെയെങ്കിലും ഉൾകൊള്ളാവുന്ന നാല് ലിഫ്റ്റ്കൾ വഴി ടവറിന്റെ 2 ലെവൽ വരെ പോകാൻ കഴിയും. മൂന്നാമത്തെയും, ഏറ്റവും മുകളിലത്തെയും നിലയിലെത്തണമെങ്കിൽ 15 പേരെ മാത്രം ഉൾക്കൊള്ളുന്ന രണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. അതിനുള്ളിലേക്ക് കയറിപറ്റണമെങ്കിൽ മണിക്കുറുകളോളം ക്യൂ നിൽക്കണം.
ടവറിന്റെ രണ്ടാമത്തെ ലെവലിലെത്തി, ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി. താഴെ ദൂരെയായി ഒഴുകുന്ന ‘സീൻ നദി.’ ടവറിന്റെ താഴെകാണുന്ന പച്ച പുതച്ച മൈതാനത്ത് ഉറുമ്പം കൂട്ടങ്ങളേപോലെ തോന്നിക്കുന്ന സഞ്ചാരികൾ. പകലാണങ്കിലും എവിടെയൊക്കെയോ നിന്നൊഴുകിയെത്തുന്ന ഒരു സംഗീതം. അതായിരുന്നു, പാരിസിനെ തികച്ചും വ്യത്യസ്ഥമാക്കിയിരുന്നത്. തണുത്ത കാറ്റു സഹിക്കാവുന്നതിലപ്പുറുമായപ്പോൾ, ഫോട്ടോയെടുക്കലൊക്കെ നിർത്തി ഭാര്യയും, മകളും, ടവറിനു മുകളിലുള്ള ഒരു റെസ്റ്റോറന്റിലിരുന്നു. കൈവരിയിൽ മുറുകെ പിടിച്ച് നിന്നില്ലങ്കിൽ, നമ്മളെ വരെ പറത്തികൊണ്ട് പോകുമെന്ന് തോന്നുന്നത്ര ശക്തിയിലുള്ള കാറ്റ്.. പക്ഷേ, എനിക്കവിടുന്ന് മാറി നിൽക്കാനാകില്ലായിരുന്നു. കൈയിലൊരു ഗ്ലാസ് ഷാമ്പൈനുമായി, തണുപ്പും, കാറ്റുമൊന്നും വകവക്കാതെ, ‘ഫ്രഞ്ച് കിസ്സ്’ അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും.. (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി.)
സമായം പോയതറിഞ്ഞില്ല.. മൊബൈലിൽ വീണ്ടും ആൽഡ്രിന്റെ വിളി വന്നപ്പോളാണ്, അവരെല്ലാം ഞങ്ങളെ കാത്ത് താഴെ കോച്ച് പാർക്കിലിരിക്കുവാണന്നോർമ്മ വന്നത്. 15 മിനിറ്റോളം കാത്ത് നിൽകേണ്ടി വന്നു താഴേക്കുള്ള ലിഫ്റ്റിലൊന്ന് കയറികൂടാൻ. ഓടി കിതച്ച് ബസിലെത്തി.
4 ദിവസങ്ങൾ.. എങ്ങനെ പോയി എന്നറിഞ്ഞില്ല. ഹൈസ്കൂൾ ക്ലാസ് മുതൽ കേട്ടിട്ടുണ്ട് (പഠിച്ചിട്ടുണ്ട് എന്ന് പറയുന്നില്ല) ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപർട്ട്, ഐഫൽ ടവർ, മൊണോലിസ, വിൻസന്റ് വാങോഗ്.. തുടങ്ങി നിരവധി ഫ്രഞ്ച് കഥകൾ. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല (ആഗ്രഹിച്ചിരുന്നു പോലുമില്ല; കാരണം ആഗ്രഹിച്ചിരുന്നങ്കിൽ അത് അത്യഗ്രഹമല്ല,അതിനുമപ്പുറത്തെ എന്തെങ്കിലുമാകുമായിരുന്നു) ആ കഥകളുടെയൊക്കെ നാട്ടിൽ ഒരിക്കലിങ്ങനെയൊക്കെ വരാനാകുമെന്ന്.
'1998 ലെ വേൾഡ് കപ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ് ബ്രസീലിനെ തോല്പിച്ച സ്റ്റേഡിയമാണത്’ പാരീസ് നഗരത്തെ പിന്നിട്ട് ബസ് ഓടികൊണ്ടിരിക്കുമ്പോൾ Stade de France എന്ന കൂറ്റൻ സൈൻ ബോർഡ് കണ്ടപ്പോൾ ആൽഡ്രിൻ പറഞ്ഞു. പ്രത്യേകിച്ചൊരു താല്പര്യവും തോന്നിയില്ല, കാരണം, ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മറ്റ് നിരവധി സംഭവങ്ങൾക്ക് വേദിയായ ഒരു രാജ്യത്തൂടെ സഞ്ചരിക്കുമ്പോൾ, അതൊക്കെ എത്ര നിസ്സാര സംഗതികൾ!. മൂന്ന് മണിക്കൂർ യാത്രക്കൊടുവിൽ ഫ്രഞ്ച് അതിർത്തിയായ ‘കാലിസ്' തുറമുഖത്തെത്തി.(Port of Calais). അങ്ങനെ നാലു ദിവസം നീണ്ട ‘ഫ്രഞ്ച് വിപ്ലവത്തിന്’ തിരശ്ശീലയായി.. ഇനിയും വരണം, തീർച്ചയായും.. ഗൈഡിന്റെ സഹായമില്ലാതെ, ‘കുറുമാനൊക്കെ‘ നടത്തിയത്പോലെ ഒറ്റക്കൊരു ഫ്രഞ്ച് പര്യടനം വീണ്ടും.
“ടോ മുരളീ മുകുന്ദൻ ചേട്ടാ.. തനിക്ക് നേരത്തേ പറഞ്ഞ് തൊലച്ച് കൂടാരുന്നോ, ഇങ്ങനെയൊരു സംഗതിയുള്ള കാര്യം. എങ്കിൽ അറ്റ് ലിസ്സ് കള്ള് കുടിക്കാനെങ്കിലും ഒരു കമ്പനിയാകുമാരുന്നു..”
‘സീ ഫ്രാൻസ്’ കപ്പലിന്റെ മുകളിലെ ഡക്കിലിരുന്ന് തണുത്ത കാറ്റുമടിച്ച്, ബിയറും കുടിച്ചിരിക്കുമ്പോൾ ഈ ഫ്രഞ്ച് പര്യടനത്തിന് വഴികാണിച്ച് തന്ന മുരളിയേട്ടനെ നന്ദി സൂചകമായി ഫോണിൽ വിളിച്ച് രണ്ട് ചീത്ത പറഞ്ഞു. കപ്പൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തോടടുത്തു.. തിരികെ ‘വീട്ടിലേക്ക്’..
അങ്ങനെ സംഭവ ബഹുലമായ ഒരു യാത്ര അവസാനിച്ചു... അല്ലേ? :)
ReplyDeleteവിവരണം നന്നായി
"ഫ്രഞ്ച് കിസ്സ് അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും.. (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി)"
ReplyDeleteഅതേയ്, ഇയാള് എന്തേലും കണ്ടെങ്കി അതങ്ങു മനസ്സി തന്നെ വച്ചാ പോരെ? എന്തിനാ ഇങ്ങനെ വിളിച്ചു പറഞ്ഞ് ഞങ്ങളെ പോലുള്ള പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നെ? സ്വാമിയെ ശരണമയ്യപ്പാ!!!
ഈ മിക്കീ മൌസിനെയൊക്കെ കാണാനുള്ള ഭാഗ്യമുണ്ടാകുമോ ആവോ..!!
ReplyDeleteപാരീസ് യാത്ര നന്നായി ആസ്വദിച്ചു സിജോ.അഭിനന്ദനങ്ങള്‍!!!
ReplyDeleteഡിസ്നി ലാന്‍ഡ് അപ്പോള്‍ എല്ലായിടത്തും ഒരു പോലെ തന്നെ അല്ലെ... ഇവിടെ ടോക്യോ ഡിസ്നി ലാന്‍ഡ് ഇതുപോലെ തന്നെ....പക്ഷെ ആ ഈഫെല്‍ ടവേര്‍ കാണണം എന്നത് ഒരു വലിയ ആഗ്രഹമാണ്...വളരെ നന്നായി ഈ വിവരണം.....
ReplyDeleteസിജോ വളരെ നന്നായി. ഹൃദ്യമായ വിവരണം. പാരിസ് വളരെകാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സ്വപ്നമാണ്. ഈ കുറിപ്പ് ആഗ്രഹം കൂടി. ഒരവസരം കാത്തിരിക്കുന്നു......സസ്നേഹം
ReplyDeleteസിജോ മനോഹരം..വളരെ ഇഷ്ടായി ഈ വിവരണങ്ങള്‍ ..
ReplyDeleteവിവരണം നന്നായി കേട്ടോ..
ReplyDeleteഇതൊക്കെ കാണാന്‍ പറ്റിയ ഒരാളെ കാണുന്നത് തന്നെ ഒരു ഭാഗ്യം !
വായിക്കുന്നവർക്ക് കൊതിതോന്നുന്ന നിലയിൽ വർണ്ണനകൾ വിവരിക്കുന്നതിലുള്ള സിജോവിന്റെ പുണ്യം ഒന്ന് വേറെ തന്നെ....
ReplyDeleteകണ്ടതിതിനേക്കാൾ മനോഹരമായ കാഴ്ച്ചകളിൽ കൂടി ഇവിടെ എനിക്ക് പാരീസിനെ വീണ്ടും കാണുവാൻ സാധിച്ചു...
കുറുമാന്റെ യൂറോപ്പ് കാഴ്ച്ചകൾ പോലെ നമുക്ക് വേണമെങ്കിൽ ഇനിയൊരു യൂറോപ്പ്യൻ പര്യടനം നടത്താം കേട്ടൊ
ഞാന്‍ അവിടെ നിന്നും പോന്നപോള്‍ സിജോയുടെ യാത്രാവിവരണം എളുപ്പം എഴുതി തീരുന്നു .സന്തോഷായി ..ബിലാത്തിയില്‍ ഒരു നല്ല സഹയാത്രികന്‍ .!!.ഹഹ .അപ്പോള്‍ അടുത്ത യാത്രാ പെട്ടന്ന് തന്നെ പ്ലാന്‍ ഇടൂ ..
ReplyDeleteഞാന്‍ ഇനി ഡിസ്നി ലാന്‍ഡ് ഒന്നും കാണാന്‍ പോകുന്നില്ല ,എല്ലാം ഇവിടെ കണ്ടു തീര്‍ന്നു .
സിജോ...
ReplyDeleteഡിസ്‌നിയിലും ഈഫലിലുമൊക്കെ പോയതിന്റെ സന്തോഷം അയവിറക്കാനായി ഈ പോസ്റ്റ് വായിച്ചപ്പോള്‍. എന്റെ കൂടെ നേഹയും മുഴങ്ങോടിക്കാരിയും ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് എഴുതിയിടാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു ഇപ്പോള്‍.
പഴയ പോസ്റ്റുകള്‍ വായിക്കാനുണ്ട്. ഇനി അങ്ങോട്ട് പോകട്ടെ :)
സിജോ,ഞാന്‍ വരാന്‍ വൈകി.ഡിസ്നി എന്ന wonderlandഉം,പാരിസ് എന്ന റൊമാന്റിക് സിറ്റിയും കാണിച്ച് തന്നതിന് നന്ദി.യാത്രകള്‍ തുടരെട്ടെ.
ReplyDelete