Tuesday, 3 June 2014

സ്കൂളോർമ്മകൾ..

എഫ്ബിയിൽ ഇന്നലെ ശ്രീചിത്രന്റെ സ്കൂളോർമ്മ പോസ്റ്റ് കണ്ടപ്പളാണു സ്കൂളിലെ ആ ആദ്യ സുഹ്രുത്തിനെ ഓർമ്മ വന്നത്.. 
മൂന്നാം ക്ലാസിലുണ്ടായിരുന്ന ചേച്ചീടെ കൂടെയാരുന്നു എസെൻഡിപി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് ആദ്യം  പോയത്. പോകാനൊക്കെ ഭയങ്കര ആവേശമായിരുന്നെങ്കിലും സ്കൂളിലെത്തി, ചേച്ചി എന്നെ ഒന്നാം ക്ലാസിലേക്ക് കേറ്റിവിട്ടതും ഞാൻ അലറിക്കൂവി ചേച്ചീടെ ക്ലാസിലേക്ക് ഓടിയെന്നും, ആദ്യത്തെ ഒന്നു രണ്ടാഴ്ചകൾ പകുതിയും ഞാൻ ചേച്ചീടെ കൂടെ മൂന്നാം ക്ലാസിൽ ചിലവഴിച്ചു എന്നുമൊക്കെയാണു ചേച്ചിയും, പിന്നെ അന്ന് സ്കൂളിലെ പ്രധാനാധ്യാപകനും അയൽക്കാരനുമായ പ്രഭാകരൻ മാഷുമൊക്കെ ചരിത്ര രേഖകളിൽ എഴുതി വച്ചിരിക്കുന്നത്. അതിന്റെ നിജസ്ഥിതിയെപ്പറ്റിയൊന്നും കാര്യമായ ഓർമ്മയില്ലങ്കിലും, ആദ്യമായി കിട്ടിയ കൂട്ടുകാരനെ നല്ല ഓർമ്മയുണ്ട്. 
തൊട്ടടുത്ത് ഇരുന്ന റോബി. അവനെ പെട്ടന്ന് ശ്രദ്ധിക്കാൻ കാരണം ഇഷ്ടനു ആറു വിരലുണ്ടായിരുന്നു വലത്തേ കൈയിൽ. സ്വാഭാവികമായിട്ടും 'ആറുവിരലൻ' എന്ന ഇരട്ടപ്പേർ/ ഐഡന്റിറ്റിയിൽ അറിയപ്പെടുകയും ചെയ്തു അവൻ. നല്ലപോലെ പടം വരക്കുമായിരുന്നു. ‘ഓമ്ലറ്റിന്റെ’ മണമുള്ള ചോറ്റുപാത്രത്തിൽ ചോറുണ്ണുമ്പോൾ  സ്കൂൾ വരാന്തയിലും, കിണറ്റിൻ കരയിലും വച്ച് കണ്ടും, പിന്നെ ചോറ്റ് പാത്രം കഴുകാൻ സ്കൂളിന്റെ പിന്നിലെ തോട്ടിൽ വച്ച് കാണുമ്പോ ചിരിച്ചും ഒക്കെ എങ്ങനെയോ ഞങ്ങൾ ‘സുഹ്രുത്തുക്കളായി’.  ആറു വിരലെന്ന അപകർഷതാ ബോധം പേറി നടന്ന അവനോട് എന്നെ അടുപ്പിച്ചത് അവന്റെ ‘വര’ തന്നെയാരുന്നു..  
ഒരിക്കൽ, ഉച്ച ബ്രേക്കിൽ ചോറൊക്കെയുണ്ടു സ്കൂളിനു പിറകിലെ തോട്ടിൽ പോയി ചോറ്റുപാത്രമൊക്കെ കഴുകി ഞാനും റോബിയും തിരിച്ച് നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ലവനൊരു അങ്ക്യുഷ്യം.. ആദ്യമൊന്നും പറഞ്ഞില്ലങ്കിലും, കുറേ നേരം വിജനതയിലേക്ക് കണ്ണും നട്ട് നിന്ന് ആ‍ശാനൊടുവിൽ ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി.. പ്രകൃതിയുടെ വിളി വരുന്നു.. നമ്പർ 2 അഥവാ അപ്പിയിടാൻ മുട്ടുന്നു എന്ന്. നിക്കറിൽ തൂറി എന്ന പേരിൽ ഓള്രെഡി സതീഷ് എന്നൊരുത്തൻ സ്കൂളിലൊണ്ട്. ഇനിപ്പോ നിക്കറിൽ തൂറി സെകൻഡ് ആകണ്ടന്നോർത്താരിക്കും, റോബി രണ്ടും കല്പിച്ച് ആ ദുർഘട സിറ്റ്വേഷൻ എന്റെയടുത്ത് വെളിപ്പെടുത്തിയത്.. ആരെങ്കിലും വന്നാൽ കൂവി ഒരു മുന്നറിയിപ്പ് കൊടുക്കണം എന്നും പറഞ്ഞ് ആൾ ഒറ്റ ഓട്ടത്തിനു തിരിച്ച് തോട്ടിലെ ഏതോ പൊന്തക്കാട്ടിൽ മറഞ്ഞു.. കുറേ നേരം എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞാൻ പതുക്കെ ആൾടെ ‘സിറ്റ്വേഷനെന്താ‍ന്നറിയാ‍ാൻ’ ലവനെ കൂക്കി വിളിച്ചു. കുറേ നേരം കഴിഞ്ഞപ്പോളൊരു ദീന രോദനം കേട്ട് തോട്ടിറമ്പിലെ ആറ്റുവഞ്ചി കാട്ടിനരികിലേക്ക് ചെന്ന ഞാൻ കണ്ടത് ദയനീയമായൊരു കാഴ്ചയായിരുന്നു. കാട്ടിനിടയിലെ ഏതോ മുള്ളോ, ചുള്ളിക്കമ്പോ മറ്റോ കൊണ്ട് കുത്തിക്കീറിയതോ, അതോ കാലപ്പഴക്കം കൊണ്ടോ എന്തോ, 'കാര്യം സാധിച്ച്' എഴുന്നേറ്റ റോബിയുടെ നിക്കറു കീറി ഏകദേശം ടെന്നിസ് പ്ലെയർ സ്റ്റെഫി ഗ്രാഫിന്റെ പാവാട പോലെയായിരിക്കുന്നു. ആ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണമെന്നറിയാതെ ഞാനും റോബിയും ഇതികർത്തവ്യമൂഡരായി അന്വോന്യം നോക്കി കുറേ നേരം നിന്നു. ഒടുവിൽ ഞാൻ രണ്ടും കല്പിച്ച് സ്കൂളിലേക്ക് തിരിച്ച് ചെന്ന് പ്രഭാകരൻ മാഷിനോട് ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെടുത്തി. ആദ്യം കുറേ ചീത്ത വിളിക്കുകേം കളിയാക്കുകയും ചെയ്തെങ്കിലും മാഷ് ഒടുവിൽ ഒരു സൊല്യുഷൻ കണ്ടെത്തി. സ്കൂളിനടുത്ത് തന്നെ വീടുള്ള മറ്റൊരു ചെക്കനെ വിളിച്ച് വരുത്തി, അവനെ വീട്ടിലേക്ക് വിട്ട് ഒരു നിക്കർ എടുപ്പിച്ചോണ്ട് വന്നു. ഞാനതുമായി ഒരു രക്ഷകനേപ്പോലെ തോട്ടരികിലേക്ക് ഓടി, അവിടെ ചെടികൾക്കിടയിൽ പമ്മി നിൽക്കുന്ന റോബിക്ക് നിക്കർ കൈമാറിയപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ കൃതഞ്ജതാ ഭാവം ഇന്നും ഓർമ്മയിലുണ്ട്..  
കാലമുരുണ്ടു.. വിഷു വന്നു, വർഷം വന്നു.. തിരുവോണം വന്നു.. നാലാം ക്ലാസ് വരെ തല്ലുകൂടിയും, കൂട്ടുകൂടിയും, പാര വച്ചുമൊക്കെ ലവൻ എന്റെ കൂടെയുണ്ടാരുന്നു. അഞ്ചാം ക്ലാസിലേക്ക് വേറെ സ്കൂൾ മാറിയപ്പോൾ രണ്ടാളും രണ്ട് വഴിക്കായി.. പിന്നെ കണ്ടിട്ടില്ല. ഓർകൂട്ടിലും ഫേസ്ബുക്കിലുമൊക്കെ ഇടയ്ക്കൊക്കെ വെറുതെ തിരഞ്ഞെങ്കിലും മലേഷ്യൻ ഫ്ലൈറ്റ് പോലെ ദുരൂഹമായി തുടരുന്നു ആ പഴയ കൂട്ടുകാരനും. 

5 comments:

 1. ഒന്നാം ക്ലാസ്!!!!!!!!!!

  ReplyDelete
 2. ഞാൻ ആദ്യം സ്ക്കൂളി ഇരിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണ്. അമ്മ അധ്യാപികയായിരുന്നു. സ്ക്കൂളിൽ പോകുന്ന വഴി അമ്മ എന്നെ നെഴ്സറിയിൽ ആക്കും. അമ്മ പോകുന്നതിന്റെ പിന്നാലെ ഞാൻ കരച്ചിൽ തുടങ്ങും. ഒടുവിൽ രക്ഷയില്ലാതാകുമ്പോൾ നെഴ്സറിയിലെ ഗീതടീച്ചർ ഇത് കമലം ടീച്ചറിന്റെ മകനാണ്, ഇവനെ ടീച്ചറെ ഏല്പിക്കണം എന്നും പറഞ്ഞ് സ്ക്കൂളിലേയ്ക്ക് പോകുന്ന ഏതെങ്കിലും കുട്ടിയുടെ കൂടെ എന്നെയും വിടും. അങ്ങനെ ഞാനും സ്ക്കൂളിൽ അമ്മയുടെ ക്ലാസിൽ വൈകുന്നേരം വരെ. സ്ക്കൂളിലും കോളേജിലും ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളെ ഇപ്പോഴും ഫേസ്ബുക്കിലും, ജി+ലും തിരയാറുണ്ട്, ചിലരെയൊക്കെ കണ്ടുകിട്ടി.

  ReplyDelete
 3. നന്നായെഴുതി.

  ReplyDelete
 4. ഇതൊന്നും ഞാൻ
  കണ്ടിരുന്നില്ലല്ലോ..
  സൂ‍ൂപ്പർ കേട്ടൊ ഭായ്

  ReplyDelete
 5. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
  (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

  ReplyDelete