Friday, 10 December 2010

പാരീസ് ഡ്രീംസ്-3

പതിവു പോലെ ഞായറാഴചയുടെ ആലസ്യത്തിൽ വൈകിയാണുണർന്നത്. എങ്കിലും കുളിച്ച് ഫ്രഷായി, റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച് വന്നിട്ടും ഇനിയും അരമണിക്കൂറോളമുണ്ട്, ആൾഡ്രിൻ റെഡിയായിനിൽക്കാൻ പറഞ്ഞ 10 മണിക്ക്. വെറുതെ ഹോട്ടലിന് പുറത്തിറങ്ങി നടന്നു. മറ്റ് യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങൾ, തൊട്ടടുത്തുള്ള പാരീസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഒർളി എയർ പോർട്ടിൽ വന്ന് പോകുന്നതിന്റെ ശബ്ദമൊഴിച്ചാൽ ശാന്തമായൊരു അന്തരീക്ഷം. ഹോട്ടലിനു ചുറ്റിലുമുള്ള ഗാർഡനിലുടെ കുറച്ച് നടന്നപ്പോളേക്കും മൊബൈലിൽ ആൽഡ്രിന്റെ വിളിയെത്തി. കോച്ച് റെഡിയാണ്.

വീണ്ടും ഡിസ്നിലാൻഡിലേക്ക്.

തലേന്ന് ഡിസ്നി സ്റ്റുടിയോയിൽ മിസ്സ് ചെയ്ത സംഗതികളിൽ കേറണോ, അതോ ഇനിം, 4 കി.മി ചുറ്റളവിൽ കിടക്കുന്ന ഡിസ്നി തീം പാർക്കിൽ കേറി നിരങ്ങണോ എന്നതായിരുന്നു അന്നത്തെ കൺഫ്യൂഷൻ.

ഏന്തായാലും ഒന്നും നേരെ ചൊവ്വെ കാണാൻ പറ്റില്ല, അതുകൊണ്ട് തലേ ദിവസത്തേപോലെ ഓടി നടന്നെങ്കിലും, പറ്റുന്നിടത്തോളം ഡിസ്നി തീം പാർക്ക് മാത്രം കാണാൻ തീരുമാനിച്ചു. ഡിസ്നി തീം പാർക്ക് കൂടുതലും കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്.

കുട്ടിക്കലത്ത് ബാലരമയിലും, പൂമ്പറ്റയിലുമൊക്കെ വായിച്ചിരുന്ന കഥകളിലേത് പോലുള്ള ഒരു ലോകം.
‘എന്റെയൊക്കെ കൂട്ടിക്കാലമൊക്കെ എത്ര ദരിദ്രമായിരുന്നു, എത്ര ഭാഗ്യം ചെയ്തവരാ ഇവിടെയൊക്കെ വരാ‍ൻ പറ്റുന്ന കുട്ടികൾ..’ എനിക്കങ്ങനെ തോന്നാതിരിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വൈകിയാണങ്കിലും കിട്ടിയ ഈ അവസരത്തിൽ ഞങ്ങളെല്ലാം 10 വയസുകാരായി മാറി, ഓരോ കാഴ്ചകളും അത്ഭുതത്തോടെ കണ്ടു.

മിക്കി മൌസും, ഡൊണാൾഡ് ഡക്കുമുൾപ്പടെയുള്ള ഡിസ്നി കാരക്ടേർസ് ഇടക്കിടെ വന്ന് കൈ തന്ന്, കൂടെ നിന്ന് ഫോട്ടൊയെടുത്ത് പോയെങ്കിലും, ഞങ്ങളുടെ പ്രശ്നം വീണ്ടും ഏന്ത് കാണണം, എന്ത് ഒഴിവാക്കണം, ഏത് റൈഡിൽ കേറണം എന്നൊക്കെയായിരുന്നു.

തലേ ദിവസത്തെ റോളർ കോസ്റ്റർ ഹാങ്ങോവർ മാറാത്തത് കൊണ്ട്, വീണ്ടും അത്പോലെയുള്ള ‘അഡ്വവഞ്ചർ’ പരിപാടിക്ക് കേറണോന്നുള്ള സംശയത്തിൽ നിന്നങ്കിലും, മണികണ്ടന്റെ നിർബന്ധത്തിൽ വീണ്ടും ഒരു ‘ജീവന്മരണ പോരാട്ടത്തിന്’ തല വച്ച് കൊടുക്കേണ്ടി വന്നു. ഇത്തവണ, ഗ്രാവിറ്റിയുടെ - അതായാത്, ഒരു തേങ്ങ കണ്ടിച്ച് താഴെയിട്ടാൽ വരുന്ന സ്പീഡിന്റെ 5 ഇരട്ടി സ്പീഡിൽ തഴേക്കും മുകളിലേക്കും പോകുന്ന ഒരു ലിഫ്റ്റിലായിരുന്നു അഗ്നി പരീക്ഷണം. റോളർ കോസ്റ്റർ കണ്ട് പിടിച്ചവന്റെ പൂർവികരെയൊക്കെ ആ റൈഡിൽ സ്മരിച്ചതിന് മാപ്പ് ചോദിക്കുന്ന രീതിയിലുള്ളൊരു പരീക്ഷണമായിരുന്നു 5 മിനിറ്റോളം നിണ്ട് നിന്ന ആ ലിഫ്റ്റ് റൈഡ്. ‘പറ്റിയത് പറ്റി, ഇനി ജന്മത്ത് ഇമ്മാതിരി കോപ്പിലെ പരിപാടിക്കില്ല‘ എന്ന് അവ്ടെ വച്ച് മൂന്ന് വട്ടം സത്യം ചെയ്ത് ആ ലിഫ്റ്റിന്ന് ഇറങ്ങി. പിന്നെ നടക്കുന്ന വഴിക്കെവിടെയെങ്ങാനും റോളർ കോസ്റ്ററോ, അതുപോലത്തെ മനുഷ്യനെ ഇടങ്ങേറാക്കുന്ന എന്തെങ്കിലും പരിപാടിയുടെ ലക്ഷണമെങ്ങാനും കണ്ടാൽ, ഏതേലും തമിഴ് സിനിമയുടെ വിശേഷം പറഞ്ഞ് മണികണ്ടന്റെ ശ്രദ്ധ മാറ്റി വിടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

അവിടെ എത്തുന്ന മറ്റെല്ലാവരെയും പോലെ, ഞങ്ങളും കുട്ടികളായി ‘സ്ലീപിംഗ് ബ്യൂട്ടി കാസിലിലൂം’, ‘ഇറ്റ്സ് എ സ്മാൾ വേൾഡ്’ എന്ന മറ്റൊരത്ഭുത ലോകത്തിലും, ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയനിലും’ കയറിയിറങ്ങിയും നടന്നെങ്കിലും, ഇനിയും കാണാൻ പോലും പറ്റാതെ നിരവധി സംഗതികൾ വീണ്ടും മിസ്സ് ചെയ്തല്ലോ എന്ന നിരാശയിൽ , തളർന്ന് ഒരു കഫേയിൽ കയറിയിരുന്നു.

6 മണി കഴിഞ്ഞു.ഡ്ഡിസ്നി പരേഡ് എന്നൊരു സംഗതിയുണ്ടന്ന് ‘മാപിൽ നിന്ന് മനസിലായി.’ അത് കാണാൻ വേണ്ടിയായിരിക്കണം, ആ ദിവസം ഡിസ്നി ലാൻഡിലെത്തിയ പതിനായിരക്കണക്കിന് മനുഷ്യർ ചെറിയ മഴയിലും, കാത്ത് നിൽക്കുന്നത്. രാവിലെ മുതൽ തുടങ്ങിയ ഓട്ടത്തിൽ ഞങ്ങളും തളർന്നിരുന്നെങ്കിലും, എല്ലാവരും ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന ‘ഡിസ്നി ലൈറ്റ് & ഷോ പരേഡ്’ മിസ്സ് ചെയ്യാൻ മനസ്സ് വന്നില്ല. ഒടുവിൽ 6.30ന് സ്ലീപിംഗ് ബ്യൂട്ടി കാസിലിൽ നിന്നാരംഭിച്ച ഡിസ്നി പരേഡ്, മറ്റൊരത്ഭുത കാഴ്ച്ചയായി ഞങ്ങളുടെ മുൻപിലൂടെ വന്ന് തുടങ്ങി. മിക്കി മൌസ് മുതൽ ഡിസ്നി ‘ഫെയറി ടെയിൽ’ കഥകളിലെ രാജകുമാരനും, രാജകുമാരിയും, മറ്റ് കഥാപത്രങ്ങളും അവിശ്വസിനീയമായ റിയാലിറ്റിയോടെ’ പരേഡിലെ ഓരോ കാഴ്ചകളായി മുൻപിലൂടെ പൊയ്കോണ്ടിരുന്നു. ഡിസ്നിലാൻഡ് കാഴ്ചകളെല്ലാം തന്നെ ഒരിക്കലും അതിന്റെ പൂർണ്ണതയിൽ വിവരിക്കുക പ്രയാസമാണ്, അത് അനുഭവിച്ചറിയാൻ മാത്രമേ പറ്റു.



ഡിസ്നിലാൻഡിലെ രണ്ടാം ദിവസാവും അങ്ങനെ കഴിഞ്ഞു. കോയമ്പത്തൂരിലെ ‘ബ്ലാക് തണ്ടർ തീം പാർക്ക്’, പിന്നെ വീഗാ ലാൻഡ്, ഇവിടെയൊക്കെ പോയതോടെ ‘തീം പാർക്ക്’ എന്ന പരിപാടിയേ മടുത്ത് തുടങ്ങിയിരുന്ന ഞാൻ, പക്ഷേ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഡിസ്നിലാൻഡിൽ നിന്ന് പോന്നത്. അത്രക്കും ആകർഷകവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു, അവിടുത്തെ ഓരോ കാഴ്ചകളും.







പാരീസിലെ ഞങ്ങളൂടെ നാലാം ദിവസം.

അന്ന് തിരിച്ച് ലണ്ടനിലേക്ക് മടങ്ങണം. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ ഉണർന്ന് എല്ലാം പായ്ക് ചെയ്ത് ഹോട്ടലിൽ ചെകൌട്ട് ചെയ്തു. ലോകാത്ഭുതങ്ങളിലൊന്നായ ‘ഐഫൽ ടവറിൽ’ കയറുക എന്നതായിരുന്നു അന്നത്തെ മെയിൻ പ്രോഗ്രാം. 12 മണിക്കായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. അതിനിടയിലുള്ള 2 മണിക്കൂർ, ആദ്യ ദിവസം രാത്രിയിൽ കണ്ട പാരീസ് നഗരത്തെ പകൽ വെളിച്ചത്തിൽ ഒന്നുടെ ഓടി നടന്ന് കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയത്തിന്റെ’(ഫ്രഞ്ചിൽ പ്രൊനൌൺസിയേഷനൊക്കെ വേറെന്തൊക്കെയോയാണ്)മുന്നിലെത്തിയപ്പോൾ, പ്രോഗ്രാമിലില്ലാത്തതാണങ്കിലും, ഞങ്ങളുടെ നിർബന്ധം കാരണം അര മണിക്കൂർ അവിടെ ഞങ്ങൾക്കനുവദിച്ചു. ലൂർവ് മ്യൂസിയത്തിലെ ഓരോ പെയിന്റിംഗ്-ശില്പങ്ങൾ കാണാൻ ഓരോന്നിനും രണ്ട് മിനിറ്റ് വച്ചെടുത്താൽ പോലും, മുഴുവൻ കണ്ട് തീർക്കാൻ ആറു മാസമെടുക്കുമത്രേ.! ഗൈഡ് പറഞ്ഞതെത്രത്തോളം ശരിയാണന്നറിയില്ല, എങ്കിലും ‘ഡാവിഞ്ചി കോഡ്’ സിനിമ കണ്ടത് മുതൽ ഒരാവേശമായി മനസിൽ കിടക്കുകയായിരിന്നു ഈ മ്യൂസിയവും, അതിന്റെ മുൻപിലെ ക്രിസ്റ്റൽ പിരമിഡും. ആറ് മാസമെടുത്ത് കാണണ്ട ആ മ്യൂസിയത്തിൽ, അര മണിക്കുറിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റിയത് മ്യൂസിയത്തിന് മുൻപിലെ ക്രിസ്റ്റൽ പിരമിഡിൽ പോയി നിന്ന് കുറച്ച് ഫോട്ടോസെടുക്കാനും, പിന്നെ, അവിടുത്തെ ഏറ്റവും വലിയ ആകർഷണമായാ ഡാവിഞ്ചിയുടെ ‘മൊണോലിസ’ പെയിന്റിംഗ് ഒരു പത്തു മീറ്ററിനപ്പുറമും നാലഞ്ച് ചില്ല് കൂടുകൾക്കുള്ളിൽ വച്ചിരിക്കുന്നത്, ശബരിമലയിൽ ഭക്തർ ക്യൂ നിന്ന് അയ്യപ്പനെ ദർശിക്കുന്നത് പോലെ ഒരു നോക്ക് കാണുവാനും മാത്രമായിരുന്നു.

ലൂർവ് മ്യൂസിയത്തിൽ നിന്ന് ഐഫൽ ടവറിലേക്ക് കാര്യമായ ദൂരമൊന്നുമില്ലങ്കിലും, ട്രാഫിക്കിൽ കുടുങ്ങി 20 മിനിറ്റോളം വൈകിയാണ് എത്തിയത്. ലേറ്റായതിന്റെ പേരിൽ, ടവറിന്റെ മുകളിലേക്കുള്ള എന്റ്രി ഗേറ്റിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും, ഇതൊക്കെ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആൽഡ്രിന്റെ ഇടപെടൽ കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ ‘ഐഫൽ ടവറിന്റെ’ മുകളിലേക്ക്..



1887-89 ഇൽ നിർമ്മിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സ്റ്റീൽ സ്ട്രക്സ്ചർ.! സന്ദർശകർക്ക് ലിഫ്റ്റിൽ പോകാൻ പറ്റുന്ന മൂന്ന് ലെവലുകളാണ് ടവറിലുള്ളത്. ടവറിന്റെ നാലു പ്ലാറ്റ് ഫോമുകളിലുമുള്ള, 60 പേരെയെങ്കിലും ഉൾകൊള്ളാവുന്ന നാല് ലിഫ്റ്റ്കൾ വഴി ടവറിന്റെ 2 ലെവൽ വരെ പോകാൻ കഴിയും. മൂന്നാമത്തെയും, ഏറ്റവും മുകളിലത്തെയും നിലയിലെത്തണമെങ്കിൽ 15 പേരെ മാത്രം ഉൾക്കൊള്ളുന്ന രണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. അതിനുള്ളിലേക്ക് കയറിപറ്റണമെങ്കിൽ മണിക്കുറുകളോളം ക്യൂ നിൽക്കണം.

ടവറിന്റെ രണ്ടാമത്തെ ലെവലിലെത്തി, ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി. താഴെ ദൂരെയായി ഒഴുകുന്ന ‘സീൻ നദി.’ ടവറിന്റെ താഴെകാണുന്ന പച്ച പുതച്ച മൈതാനത്ത് ഉറുമ്പം കൂട്ടങ്ങളേപോലെ തോന്നിക്കുന്ന സഞ്ചാരികൾ. പകലാണങ്കിലും എവിടെയൊക്കെയോ നിന്നൊഴുകിയെത്തുന്ന ഒരു സംഗീതം. അതായിരുന്നു, പാരിസിനെ തികച്ചും വ്യത്യസ്ഥമാക്കിയിരുന്നത്. തണുത്ത കാറ്റു സഹിക്കാവുന്നതിലപ്പുറുമായപ്പോൾ, ഫോട്ടോയെടുക്കലൊക്കെ നിർത്തി ഭാര്യയും, മകളും, ടവറിനു മുകളിലുള്ള ഒരു റെസ്റ്റോറന്റിലിരുന്നു. കൈവരിയിൽ മുറുകെ പിടിച്ച് നിന്നില്ലങ്കിൽ, നമ്മളെ വരെ പറത്തികൊണ്ട് പോകുമെന്ന് തോന്നുന്നത്ര ശക്തിയിലുള്ള കാറ്റ്.. പക്ഷേ, എനിക്കവിടുന്ന് മാറി നിൽക്കാനാകില്ലായിരുന്നു. കൈയിലൊരു ഗ്ലാസ് ഷാമ്പൈനുമായി, തണുപ്പും, കാറ്റുമൊന്നും വകവക്കാതെ, ‘ഫ്രഞ്ച് കിസ്സ്’ അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും.. (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി.)

സമായം പോയതറിഞ്ഞില്ല.. മൊബൈലിൽ വീണ്ടും ആൽഡ്രിന്റെ വിളി വന്നപ്പോളാണ്, അവരെല്ലാം ഞങ്ങളെ കാത്ത് താഴെ കോച്ച് പാർക്കിലിരിക്കുവാണന്നോർമ്മ വന്നത്. 15 മിനിറ്റോളം കാത്ത് നിൽകേണ്ടി വന്നു താഴേക്കുള്ള ലിഫ്റ്റിലൊന്ന് കയറികൂടാൻ. ഓടി കിതച്ച് ബസിലെത്തി.

4 ദിവസങ്ങൾ.. എങ്ങനെ പോയി എന്നറിഞ്ഞില്ല. ഹൈസ്കൂൾ ക്ലാസ് മുതൽ കേട്ടിട്ടുണ്ട് (പഠിച്ചിട്ടുണ്ട് എന്ന് പറയുന്നില്ല‌) ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപർട്ട്, ഐഫൽ ടവർ, മൊണോലിസ, വിൻസന്റ് വാങോഗ്.. തുടങ്ങി നിരവധി ഫ്രഞ്ച് കഥകൾ. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല (ആഗ്രഹിച്ചിരുന്നു പോലുമില്ല; കാരണം ആഗ്രഹിച്ചിരുന്നങ്കിൽ അത് അത്യഗ്രഹമല്ല,അതിനുമപ്പുറത്തെ എന്തെങ്കിലുമാകുമായിരുന്നു) ആ കഥകളുടെയൊക്കെ നാട്ടിൽ ഒരിക്കലിങ്ങനെയൊക്കെ വരാനാകുമെന്ന്.

'1998 ലെ വേൾഡ് കപ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ് ബ്രസീലിനെ തോല്പിച്ച സ്റ്റേഡിയമാണത്’ പാരീസ് നഗരത്തെ പിന്നിട്ട് ബസ് ഓടികൊണ്ടിരിക്കുമ്പോൾ Stade de France എന്ന കൂറ്റൻ സൈൻ ബോർഡ് കണ്ടപ്പോൾ ആൽഡ്രിൻ പറഞ്ഞു. പ്രത്യേകിച്ചൊരു താല്പര്യവും തോന്നിയില്ല, കാരണം, ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മറ്റ് നിരവധി സംഭവങ്ങൾക്ക് വേദിയായ ഒരു രാജ്യത്തൂടെ സഞ്ചരിക്കുമ്പോൾ, അതൊക്കെ എത്ര നിസ്സാര സംഗതികൾ!. മൂന്ന് മണിക്കൂർ യാത്രക്കൊടുവിൽ ഫ്രഞ്ച് അതിർത്തിയായ ‘കാലിസ്' തുറമുഖത്തെത്തി.(Port of Calais). അങ്ങനെ നാലു ദിവസം നീണ്ട ‘ഫ്രഞ്ച് വിപ്ലവത്തിന്’ തിരശ്ശീലയായി.. ഇനിയും വരണം, തീർച്ചയായും.. ഗൈഡിന്റെ സഹായമില്ലാതെ, ‘കുറുമാനൊക്കെ‘ നടത്തിയത്പോലെ ഒറ്റക്കൊരു ഫ്രഞ്ച് പര്യടനം വീണ്ടും.

“ടോ മുരളീ മുകുന്ദൻ ചേട്ടാ.. തനിക്ക് നേരത്തേ പറഞ്ഞ് തൊലച്ച് കൂടാരുന്നോ, ഇങ്ങനെയൊരു സംഗതിയുള്ള കാര്യം. എങ്കിൽ അറ്റ് ലിസ്സ് കള്ള് കുടിക്കാനെങ്കിലും ഒരു കമ്പനിയാകുമാരുന്നു..”
‘സീ ഫ്രാൻസ്’ കപ്പലിന്റെ മുകളിലെ ഡക്കിലിരുന്ന് തണുത്ത കാറ്റുമടിച്ച്, ബിയറും കുടിച്ചിരിക്കുമ്പോൾ ഈ ഫ്രഞ്ച് പര്യടനത്തിന് വഴികാണിച്ച് തന്ന മുരളിയേട്ടനെ നന്ദി സൂചകമായി ഫോണിൽ വിളിച്ച് രണ്ട് ചീത്ത പറഞ്ഞു. കപ്പൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തോടടുത്തു.. തിരികെ ‘വീട്ടിലേക്ക്’..




Tuesday, 30 November 2010

പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്

രാവിലെ അലാറം അടിച്ചപ്പോൾ, പതിവ് പോലെ തന്നെ ഞാൻ മൊബൈൽ എടുത്തൊരേറു കൊടുത്തു. പിന്നെയാണോർമ്മ വന്നത്, ഓഫീസിൽ പോകാനുള്ള ബെല്ലടിയല്ലല്ലോ അത് !. ചാടിയെണീറ്റ് ഒരു മണിക്കൂറിനുള്ളിൽ റെഡിയായി, താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്, ലോഞ്ചിലെത്തിയപ്പോൾ, ആൾഡ്രിൻ ഞങ്ങളെ കാത്തെന്നപോലെ അവിടെയുണ്ടായിരുന്നു. “വീകെൻഡാണ്, നല്ല തിരക്കുണ്ടാവും. പെട്ടന്നു പുറപ്പെടണം.“ ആൽഡ്രിൻ പറഞ്ഞു. കോച്ചിൽ ഒരു മണിക്കൂറോളമുള്ള യാത്രയുണ്ടായിരുന്നു ഡിസ്നിലാൻഡ് വില്ലേജിലേക്ക്. ടികറ്റെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത്കൊണ്ട് നീണ്ട ക്യുവിലൊന്നും നിൽക്കാതെ തന്നെ അകത്ത് കയറാൻ പറ്റി. വാൾട്ട് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സൂം, ഡിസ്നിലാൻഡ് തീം പാർക്കുമാണ് പ്രധാനമായും ഡിസ്നി വില്ലേജിലുള്ളത്. ഇന്ന് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സിലും, അടുത്ത ദിവസം തീം പാർക്കിലും എന്നാണ് പ്ലാൻ. ഈ രണ്ട് ദിവസം കാണാൻ മാത്രം എന്തൂട്ട് തേങ്ങയാ ഇവിടെയിരിക്കുന്നെ എന്ന് ഞാൻ ന്യായമായൊരു സംശയം ആൽഡ്രിനോട് ചോദിച്ചു. “പോയി കണ്ട് നോക്കു, ഇഷ്ടപെട്ടില്ലങ്കിൽ നിങ്ങളൂടെ ടികറ്റ് ഞാൻ റീഫണ്ട് ചെയ്ത് തരും.” ഡിസ്നി വില്ലേജിന്റെ പൂർണ്ണ വിവരങ്ങളടങ്ങിയ മാപ്പും തന്ന് ആൾഡ്രിൻ പോയി.



ഞങ്ങൾ അകത്ത് കയറി. നായുടെ കൈയിൽ പൊതിയാ തേങ്ങ കിട്ടിയപോലെ, ആ മാപ്പും പിടിച്ച്, ഞങ്ങൾ കുറേ നേരം നോക്കി നിന്നു. ഒന്നു മനസിലാകുന്നില്ല. പത്താംക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി മുംബൈയിൽ പോയി, അന്തം വിട്ട് നിന്നത് പോലെ ഞാൻ നിന്നു. നിരവധി റൈഡുകൾ, തീയറ്ററുകൾ, സ്റ്റുടിയോകൾ.. ആകെ മൊത്തം കൺഫ്യൂഷൻ. അങ്ങനെ നോക്കി നിൽകുമ്പോൾ, ഞങ്ങളേപോലെ തന്നെ കൺഫ്യൂഷനിൽ നിൽക്കുന്ന ടൂർ ഗഡിസ് ‘മണികണ്ടൻ ആൻഡ് ഫാമിലിയെ’ കണ്ടു. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷൻ ഷെയർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചൂ. ആദ്യം കണ്ടത് തന്നെ ‘ഹവാന ക്ലബ്’ എന്ന പബ്ബ് ആയിരുന്നു. “ഒരു ബീയറടിച്ചാൽ എല്ലാ കൺഫ്യൂഷനും മാറും.” മണികണ്ടൻ പറഞ്ഞതനുസരിച്ച്, ‘ഹവാന ക്ലബിൽ’ ഓരോ ബിയറും പൂശിയിരുന്ന് ഡിസ്നിലാണ്ട് മാപ് നോക്കിയപ്പോൾ കുറേ ഐഡിയകൾ കിട്ടി. രണ്ട് ദിവസം പോയിട്ട്, രണ്ടാഴ്ച ചിലവഴിച്ചാലും ഇവിടെ മൊത്തമൊന്ന് നടന്ന് കാണാൻ പോലും പറ്റില്ലന്ന് മനസിലായി. ‘നോട്ട് റ്റു മിസ്സ്’ എന്നെഴുതിയിരിക്കുന്ന കുറേ സംഗതികളുണ്ട്., അതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കുക എന്ന് തീരുമാനിച്ചു.

പബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആദ്യം തന്നെ കണ്ടത് ‘സിനിമാജിക്’ എന്ന തീയറ്ററാണ്. 5 മിനിറ്റേയുള്ളു അടുത്ത ഷോയ്ക്. കേറി നോക്കമെന്ന് തീരുമാനിച്ചു. ബ്ലാക് & വൈറ്റ് യൂറോപ്യൻ കാലഘട്ടത്തിലേത്പോലെ ഇന്റീരിയറുള്ള ഒരു തീയറ്ററായിരുന്നു അത്. തിയറ്റർ നിറഞ്ഞ് ആളുണ്ടായിരുന്നു. ‘ഉദയാനാണ് താരം’ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് പോലെ, ‘സിനിമ‘ യുടെ ചരിത്രവും, മറ്റ് വിവരണങ്ങളുമൊക്കെ സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങി.

“ഈ കോപ്പിലെ ബ്ലാക് & വൈറ്റ് സിനിമ കാണാനാണോ നമ്മൾ വന്നത്. വാടേ, ഉള്ള സമയം കളയാതെ പോയി വല്ല റൈഡിലും കേറാം.” മണികണ്ടന് സംഗതി അത്രക്ക് പിടിച്ചില്ല. “ഒരു അഞ്ച് മിനിറ്റോടെ ഇരുന്ന് നോക്കാം.” ഞാൻ പറഞ്ഞു.

പെട്ടന്ന് കാണികളുടെ ഇടയിൽ നിന്നും എന്തോ ശബ്ദം കേട്ടു. ഒരാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ്, ചുറ്റിനും ടോർച്ചടിച്ച് നോക്കി, എന്തൊക്കെയോ അലറി വിളിക്കുന്നു.! അയാളുടെ കൂടെയുള്ള ഒരു സ്ത്രീയും കുട്ടിയും, അയാളെ പിടിച്ചിരുത്താനാവുന്നത് ശ്രമിക്കുന്നുമുണ്ട്.
ശെടാ..ഇതിപ്പോ നാട്ടിലെ തീയറ്ററിൽ പോയപോലെയായല്ലോ!. ഇവിടേമുണ്ടോ ഇത് മാതിരി അലമ്പ് കേസുകൾ.
ഞങ്ങൾ അന്തം വിട്ടിരിക്കുമ്പോളേക്കും, സെക്യൂരിറ്റിക്കാർ വന്ന് അയാളെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അയാൾ പെട്ടന്ന് അവരെ തള്ളി മാറ്റി സ്ക്രീനിനടുത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ അമ്പരന്നിരിക്കുമ്പോൾ, അയാൾ സ്ക്രീനിനോട് ചേർന്നുള്ള സ്റ്റേജിലേക്ക് ചാടി കയറി, കൈവരിയിൽ പിടിച്ച് സ്ക്രീനിലേക്ക് കുതിച്ചു. അടുത്ത നിമിഷം അയാളും സ്ക്രീനിൽ തെളിഞ്ഞ് വന്നു. പഴയൊരു ബ്ലാക്&വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ ദ്രശ്യങ്ങളായിരുന്നു സ്ക്രീനിൽ അപ്പോൾ. ഇയാളും ആ കഥാപാത്രങ്ങൾകൊപ്പം സ്ക്രീനിലെത്തി!. അപ്പോൾ മാത്രമാണ്, ഇതൊക്കെ ആ ഷോയുടെ ഭാഗമാണന്ന് ഞങ്ങൾക്ക് മനസ്സിലായത്. കാണികളുടെ നീണ്ട കരഘോഷങ്ങൾക്കിടെയിൽ, അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും, കുട്ടിയുമെഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന് കയറി. പിന്നീടുള്ള അര മണിക്കൂർ ശരിക്കും ‘വണ്ടറടിപ്പിക്കുന്ന’ കാഴ്ചയായിരുന്നു. പഴയകാല ബ്ലാക്&വൈറ്റ് ക്ലാസികുകൾ, ചാർളി ചാപ്ലിൻ സിനിമകൾ തുടങ്ങി, ടൈറ്റാനികും, അവതാറ് വരെയുള്ള സിനിമകൾ മിക്സ് ചെയ്ത്, സ്റ്റേജും, സ്ക്രീനുമെല്ലാം ചേർന്ന് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ഷോ. ഓരോ സിനിമകളിലെയും കഥാപത്രങ്ങളുമൊത്ത് ഇയാൾ അഭിനയിച്ചു. ഇടക്ക് സ്റ്റേജിലുള്ള, അയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെയും സ്ക്രീനിലേക്ക് വിളിച്ച് കേറ്റി. ഒടുവിൽ,ഒരു ജെയിംസ് ബോണ്ട് സിനിമയുടെ സീനിനിടയിൽ, ബോണ്ട്, നമ്മുടെ ‘കഥാനായകനെ’ ഒരു ചവിട്ട് കൊടുത്തതോടെ കക്ഷി, സ്ക്രീനിൽ നിന്നും തെറിച്ച് സ്റ്റേജിലേക്ക് വീണ്, അവിടെയുള്ള സ്ത്രീയെയും,കുട്ടിയെയും കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്, വീണ്ടും, കാണികൾക്കിടയിലേക്കിറങ്ങിയതോടെ, ‘സിനിമാജിക്’ എന്ന വിസ്മയ കാഴ്ച തീർന്നു.

‘കാര്യം എവ്ടെ നോക്കിയാലും മുട്ടൻ ടെക്നോളജിയൊക്കെ തന്നെയാ, പക്ഷേ, എന്നാലും ഇതുപോലൊക്കെ എങ്ങനെ ചെയ്യുന്നെ’ എന്നൊക്കെ സിനിമാജികിന്റെ ഹാങ്ങോവറിൽ കുറച്ച് നേരം ചർച്ച ചെയ്തതിനു ശേഷം അടുത്ത പരിപാടിയെന്താന്ന് നോക്കിയപ്പോൾ, നോട്ട് റ്റു മിസ്സിൽ, ‘സ്പേസ് മൌണ്ടയ്ൻ‘ എന്നൊരു സംഗതി കണ്ടു. റോളർ കോസ്റ്റർ റൈഡാണ്. കുറെ കാലമായി കേൾക്കുന്നു റോളർ കോസ്റ്റർ എന്ന്. എന്ത് പണ്ടാരമെങ്കിലുമാകട്ടെ, ഒന്ന് പരീക്ഷിച്ചിട്ട് ബാക്കി കാര്യം. ‘ദുർബലഹ്രദയർക്ക്’ പറ്റിയ പരിപാടിയല്ല എന്ന് താഴെ എഴുതിയിരിക്കുന്നത് കണ്ട്, ‘ദുർബലരായ’ ഭാര്യമാരെ, ഒരു റെഫ്രഷിംഗ് ബ്രേക്കിന് വിട്ടിട്ട്, ഞാനും മണിയനും, സ്പേസ് മൌണ്ടനിൽ കേറാനുള്ള ക്യൂവിലെത്തി.

മണികണ്ടൻ ഇംഗ്ലണ്ടിലെ പല അമ്യൂസ്മെന്റ് പാർക്കുകളിലും റോളർ കോസ്റ്ററിൽ കയറിയിട്ടുള്ള എക്സ്പീരിയൻസിന്റെ ഗമക്ക് മസില് പിടിച്ച് മുന്നിൽ നടന്നു. നാട്ടില്, ചെറുപുഴ അയ്യപ്പ ക്ഷേത്ര ഉത്സ്തവത്തിനും, കണ്ണൂര് ഓണം ഫെയറിനും ഇതുപോലുള്ള പല റൈഡുകളിലും കയറിയിട്ടുണ്ട് മോനെ, അത്കൊണ്ട് ഈ കോസ്റ്ററു കൊണ്ടൊന്നും നമ്മൾ പേടിക്കില്ല, എന്ന ഭാവത്തോടെ പുറകിൽ ഞാനും.

എന്റ്രി ഗേറ്റിനടുത്തെത്തും തോറും, അകത്ത് നിന്നുള്ള കാതടിപ്പിക്കുന്ന ഒച്ചയും, റൈഡിൽ കയറിക്കഴിഞ്ഞവരുടെ അലർച്ചയും കേൾക്കാൻ തുടങ്ങിയതോടെ എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി. “ആത്മഹത്യ ചെയ്യാൻ പോവുകയാണന്നുള്ള മാനസികാവസ്ഥയുണ്ടാക്കിയെടുക്കുക, പിന്നെ പേടിയൊന്നും തോന്നില്ല.” റോളർ കോസ്റ്റർ കാപ്സൂളിനകത്തേക്ക് കയറുമ്പോൾ മണി പറഞ്ഞു. എങ്ങാനും വടിയായലും, ജീവൻ പറന്ന് പോകാതിരിക്കാൻ വേണ്ടിയായിരിക്കണം, രണ്ട് സൈഡിൽന്നും, ലോക്ക് വന്ന് മൂടി. റോളർ കോസ്റ്റർ പതുക്കെ നീങ്ങി കട്ട പിടിച്ച ഇരുട്ടിലേക്ക് കയറി നിന്നു. എന്താ സംഗതിയെന്നൊന്നും മനസിലാകാതെയിരിക്കുമ്പോൾ, മുന്നിലെ ഇരുട്ടിൽ കൌണ്ട് ഡൌൺ തെളിഞ്ഞ് വന്നു. 10.. 9.. 8..-- 1...0

“ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്.

കണ്ണുകളിറുക്കിയടച്ച്, ഈ പണ്ടാരമൊക്കെ കണ്ട്പിടിച്ചവന്റെ മാതാപിതാക്കളെയൊക്കെ സ്മരിച്ച്, ‘ഒന്ന് നിർത്തഡാ ഡേഷുകളെ’ ന്നൊക്കെ അലറിവിളിക്കുന്നതിനിടക്ക് പതുക്കെ കണ്ണൊന്ന് തുറന്ന് നോക്കിയെങ്കിലും തീഗോളങ്ങളും, നക്ഷത്രങ്ങളുമൊക്കെ നേരെ പാഞ്ഞ് വരുന്നത് കണ്ട്, വീണ്ടും കണ്ണുകളിറുക്കിയടച്ചു.. 90 ഡിഗ്രിയിലും, 180 ഡിഗ്രിയിലും,360 ഡിഗ്രിയിലും, ഇനി അതിനപ്പുറത്തെന്തെങ്കിലുമുണ്ടേൽ ആ ഡിഗ്രിയിലും റോക്കറ്റിന്റെ സ്പീഡിൽ പാഞ്ഞ് പോകുമ്പോൾ, ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ഞാനിതാ വരുന്നേയെന്ന് പ്രാർഥിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. മൂന്ന് മിനിട്ട് കഴിഞ്ഞ് സംഗതി പതുക്കെ നിന്നപ്പോൾ വാഷിംഗ് മഷീനിൽ കിടന്ന് കറങ്ങിയത് പോലെയായിരുന്നു എന്റെ അവസ്ഥ.എങ്കിലും പുറത്തിറങ്ങിയപ്പോൾ ഒരു ത്രില്ല് തോന്നാതിരുന്നുമില്ല.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. കാണാനും, കയറാനുമായി റൈഡുകളും, കാഴ്ചകളും നിരന്ന് കിടക്കുന്നു. ഉത്സവപറമ്പിലെത്തിയ കുട്ടികളേപോലെ, സമയമൊട്ടും കളയാതെ ഞങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്നു. മൈക്കൾ ജാക്സൺ കാണികൾക്കിടയിലേക്കിറങ്ങി വന്ന് ന്രത്തം ചെയ്യുന്ന 3D ഷോ, ഒരു ഹോളിവുട് ത്രില്ലറിലെ ആക്ഷൻ രംഗങ്ങളിലേത് പോലെ സ്ഫോടനങ്ങളും, മഴയും, മലവെള്ളപാച്ചിലിലൂടെയുമുള്ള ഒരു സാഹസിക ട്രയിൻ യാത്ര, ഇടയ്ക്ക് ക്ഷീണമകറ്റാൻ ഏതെങ്കിലും കഫേയിൽ ഓടിചെന്നൊരു ബിയറടി, ഇത്രയുമായപ്പോളേക്കും സമയം സന്ധ്യയായിരുന്നു. 7മണിക്ക് കോച്ചിലെത്തണം. ഡിസ്നി സ്റ്റുഡിയോയിലെ പകുതി കാഴ്ച്ചകളും ഇനിയും ബാക്കി കിടക്കുന്നു. സാരമില്ല, അടുത്ത ദിവസം ‘ഡിസ്നി തീം പാർക്കിൽ’ അർമ്മാദിക്കാമെന്നുള്ള ആശ്വാസത്തിൽ ഞങ്ങൾ കോച്ച് പാർക്കിലേക്ക് നടന്നു.








Wednesday, 3 November 2010

പാരീസ് ഡ്രീംസ് 1

യാ‍ത്രകൾ ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക എന്നത് മറ്റെല്ലാവരെയും പോലെ എനിക്കും ചെറുപ്പം മുതൽ തന്നെ ‘അതി ഭയങ്കരമായി’ ഇഷ്ടമുള്ള കാര്യമായിരുന്നു. ആദ്യത്തെ ‘ഒറ്റക്കുള്ള യാത്ര’എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 കി.മി ദൂരെയൂള്ള ‘ചെറുപുഴ‘ എന്ന കൊച്ച് ടൌണിലേക്കായിരുന്നു.(എന്നെ സംബന്ധിച്ച് ഒരു ‘മഹാ നഗരത്തിലേക്ക്’) എന്റെ പ്രായത്തിലുള്ളവരും, കൂട്ടുകാരുമൊക്കെ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ‘ചെറുപുഴ നഗരവും‘, അവിടൂത്തെ ‘അനുരാഗ്, എ.കെ ടാക്കിസുകളുടെ ‘നയനമനോഹരമായ വെള്ളിത്തിരകളുമൊക്കെ’ കാണാൻ ഭാഗ്യം ലഭിച്ചവരായിരുന്നെങ്കിലും വീട്ടിലെ ഏറ്റവും ഇളയതും, പിന്നെ കാണാൻ അല്പം കുഞ്ഞനുമായത് കൊണ്ട് എന്നെ അത്രേം ദൂരേക്കൊക്കെ ഒറ്റക്ക് വിടാൻ വീട്ടിലാർക്കൂം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ വീട്ടിൽ പപ്പയും ചേട്ടനുമില്ലാതിരുന്ന ഒരു ദിവസം, ഒരു ‘എമർജൻസി സിറ്റുവേഷനിൽ’ ചെറുപുഴ വരെ പോകാൻ എനിക്ക് അവസരം കിട്ടി. 9.30ന്റെ കെ.എം.എസ് ബസിനു പോകാൻ, എട്ടരയോടെ ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് തനിച്ച് ചെറുപുഴ വരെ പോയി, 11.30ടെ ‘ഷെറാട്ടൺന്’ തിരിച്ച് വീട്ടിലെത്തിയപ്പോൾ , ചന്ദ്രനിൽ പോയി വന്ന നീൽ ആംസ്ട്രോംഗിനെപോലെയായിരുന്നൂ ഞാൻ. അങ്ങനെ ഒറ്റക്ക് പോയി വന്ന് കഴിവ് തെളിയിച്ചു. പിന്നീട് അതുപോലെ പല ആവശ്യങ്ങൾക്കുമായി ഇടക്കിടെ ചെറിയ യാത്രകൾ ചെയ്തതോടെ അതിന്റെ ത്രില്ല് പോയി.

പിന്നീടുള്ള ജീവിതത്തിലെ എല്ലാ യാത്രകളും അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു. റപ്പായീസ് തട്ട് കടയും, മറൈൻ ഡ്രൈവും, എം.ജി റോഡും, സെന്റ് തെരേസാസ് കോളേജ് പരിസരങ്ങളുമുൾപ്പടെയുള്ള മനോഹരമായ എറണാകുളം നഗരത്തെ സ്നേഹിച്ച് തുടങ്ങി, ഇനിയുള്ള ജീവിതമിവിടെ എന്ന് കരുതിയിരുന്നപ്പോളായിരുന്നു, അപ്രതീക്ഷിതമായി ഗൾഫിലേക്ക് വിമാനം കയറേണ്ടി വന്നത്. പിന്നീടുള്ള 4 വർഷങ്ങളിൽ സൌദി അറേബ്യ, ബഹറൈൻ,ദുബായി, ഒമാൻ എല്ലാം ‘ജോലി’ എന്ന പേരിൽ കറങ്ങി തിരിഞ്ഞ് നടന്നെങ്കിലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, യുറോപിൽ എന്നെങ്കിലും വരാനാകുമെന്ന്. യുറോപ്പ്, അമേരിക്ക എന്നതൊക്കെ എന്നേപോലുള്ളവർക്ക് ‘ചന്ദ്രനിൽ പോകുന്നപോലെ’ അസാധ്യമായ കാര്യമായേ തോന്നിയിട്ടുണ്ടാ‍യിരുന്നുള്ളു. പക്ഷേ, അതുവരെയുള്ള എന്റെ ജീവിതം പോലെ തന്നെ, അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെത്താനും, ഇവിടെ ജോലി ചെയ്യാനുമൊക്കെ അവസരം കിട്ടി.

കടലിലൂടെ 50 കി.മി നീളത്തിലുള്ള ‘ചാനൽ ടണൽ’ തുറന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ‘യുറോസ്റ്റാർ ട്രെയിനിൽ’ വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താമെന്നായി എങ്കിലും, പാരീസിലൊന്ന് പോവുക എന്നത് ഒരു സ്വപ്നമായി മനസിൽ കയറികൂടിയിട്ട് രണ്ട് വർഷത്തോളമായി. തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പന്മാരാണന്ന തെറ്റിദ്ധാരണ ഇംഗ്ലണ്ടിലെത്തിയതോടെ മാറിയിരുന്നു. ജോലി തിരക്കും, പിന്നെ, ഫ്രഞ്ച് അല്ലാതെ ഒരു വാക്ക് പോലും ഒരാളും സംസാരിക്കാത്ത ഫ്രാൻസിൽ കുടുംബവുമായി പോയാൽ കുറച്ച് കഷ്ടപെടേണ്ടി വരുമെന്നുള്ള ചില അനുഭവസ്ഥരുടെ മുന്നറിയിപ്പും പാരീസ് സ്വപ്നത്തിൽ നിന്നും എന്നെ പിറകോട്ട് വലിച്ചു.

അങ്ങനെ , ജോലിയും, വീകെൻഡ് പാർട്ടികളുമായി പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ജീവിതമിങ്ങനെ പൊയ്കോണ്ടിരിക്കെ ഒരു ദിവസം വെറുതെ മുരളി മുകുന്ദനെന്ന ഇംഗ്ലണ്ടിലെ ബൂലോക പുലിയെ വിളിച്ചപ്പോൾ, അങ്ങേര് ഒരു പാരീസ് പര്യടനം കഴിഞ്ഞ് വന്നതിന്റെ കഥകൾ പറഞ്ഞ് കുറെ കൊതിപ്പിച്ചു. ഗൈഡ്, ഹോട്ടൽ, 2ദിവസത്തെ ഡിസ്നിലാൻഡ് ടികറ്റ് എല്ലാം ഉൾപ്പടെയുള്ള പായ്കേജ് ടൂറാണ്, ചാർജും വളരെ കുറവ് എന്ന് കേട്ടതോടെ പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത ദിവസം തന്നെ ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ പോയി വിസയെടുത്തു.

അങ്ങനെ ഒരു വെള്ളിയാഴ്ച പുലർച്ചെ ‘ടാജ് ടൂർസിന്റെ’ ലക്ഷ്വറി കോച്ചിൽ ലണ്ടനിൽ നിന്ന് പുറപ്പെട്ടു. രണ്ടര മണിക്കൂറത്തെ യാത്രക്ക് ശേഷം ഇംഗ്ലണ്ട് അതിർത്തിയായ ‘ഡോവർ’ തുറമുഖത്ത് നിന്നുള്ള 'സീ ഫ്രാൻസ്’ കപ്പലിൽ ഇംഗ്ലീഷ് ചാനലിലൂടെ ഫ്രാൻസിലേക്ക്. ആദ്യമായി കപ്പലിൽ കയറിയതിന്റെ ത്രില്ലിൽ ഡക്കിൽ പോയി നിന്ന് ‘ടൈറ്റാനിക്‘ സ്റ്റൈലിൽ ഫോട്ടോകളെടുത്തും, കപ്പലിനുള്ളിലെ റെസ്റ്റോറന്റുകളിലും, പബ്ബിലുമൊക്കെ കേറിയിറങ്ങിയും ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും അനൌൺസ്മെന്റ് വന്നു, കപ്പൽ ഫ്രഞ്ച് തീരത്തെ പോർട്ട് ഓഫ് കാലിസിലേക്ക് അടുക്കുകയാണന്ന്.(port of Calais) ഫ്രഞ്ച് മണ്ണിലൊന്ന് കാലുകുത്താനവസരം തരാതെ, കപ്പലിൽ നിന്ന് നേരെ വീണ്ടും കോച്ചിലേക്ക് . കാലീസ് തുറമുഖത്ത് നിന്ന് പാരീസ് നഗരത്തിലേക്കുള്ള 3 മണിക്കൂർ യാത്രക്കിടെ, ടൂർ ഗൈഡായാ ആൾഡ്രിൻ ഫെർണാണ്ടസ്, സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച് മറന്ന ഫ്രഞ്ച് വിപ്ലവത്തിന്റെയും, നെപ്പോളിയൻ ബോണപ്പാർട്ടിന്റെയുമൊക്കെ കഥകൾ പറയുന്നത് കേട്ടുകൊണ്ട്, മനോഹരമായ പാടങ്ങളും, ഫാമുകളുമുള്ള ഫ്രഞ്ച് ഗ്രാമങ്ങളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ട് കോച്ചിലിരുന്നു. തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ പതിയെയാണങ്കിലും, 4 മണി കഴിഞ്ഞതോടെ പാരീസ് ഒർളി എയർപോർട്ടിനടുത്തുള്ള നോവോടെൽ ഹോട്ടലിലെത്തി.

ഹോട്ടലിൽ ചെക്കിൻ ചെയ്ത്, ഫ്രഷായി അന്നത്തെ ബാക്കി പരിപാടിയായ പാരിസ് സിറ്റി നൈറ്റ് ടൂറിനായി പുറത്തിറങ്ങി. നഗരത്തോടടുത്തതോടെ, ദൂരെ ഇല്യുമിനേഷനിൽ വെട്ടി തിളങ്ങുന്ന ഈഫൽ ടവർ കാണാമായിരുന്നു. പാരിസിനെ രണ്ടായി പകുത്തൊഴുകുന്ന ‘സീൻ’ നദിയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ ആദ്യ ലക്ഷ്യം. ഈഫൽ ടവറിനടുത്ത് തന്നെയുള്ള ഒരു ജെട്ടിയിൽ നിന്നായിരുന്നു ബോട്ടിൽ കയറേണ്ടിയിരുന്നത്. ഇഫൽ ടവറിന് മുകളിൽ കയറാനുള്ള ഞങ്ങളൂടെ ബുക്കിംഗ്, ടൂറിന്റെ അവസാന ദിവസത്തേക്കായിരുന്നു. ടവറിന് താഴെ നിന്ന് ഫോട്ടോകളെടുത്ത ശേഷം ബോട്ടിൽ കയറി. കലയുടെയും, ഫാഷന്റെയും, പെർഫ്യൂമിന്റെയും, ഷാമ്പയിന്റെയും കേന്ദ്രമായ പാരീസ് നഗരത്തിലൂടെ രാത്രിയിലെ ബോട്ട് യാ‍ത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു.


കാഴ്ചയിൽ മറ്റ് യുറോപ്യൻ നഗരങ്ങളെപോലെയൊക്കെ തന്നെ തോന്നിച്ചെങ്കിലും, പാരീസിന് വേറൊരു സൌന്ദര്യമാണ്. 'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്! അതിനിടെയിൽ പരിചയപ്പെട്ട, ഞങ്ങളൂടെ ടൂർ ഗ്രൂപ്പിലെ തമിഴ്നാട്ടുകാരനായ മണികണ്ടനുമൊത്ത് ബോട്ടിലെ ഓപൺ എയർ റെസ്റ്റോറന്റിൽ നിന്ന് ഷാമ്പയ്നും കുടിച്ചുകൊണ്ട്, സീൻ നദിക്കിരുകരകളിലുമായി, ഇല്ല്യുമനേഷനിൽ തിളങ്ങുന്ന പാരീസ് നഗരത്തെ കൺകുളിർക്കെ കണ്ടു. നഗരത്തിലെമ്പാടുമുള്ള ഓപറ ഹൌസുകളിൽ നിന്നും, തീയറ്ററുകളിൽ നിന്നുമുള്ളതായിരിക്കണം, എവിടെ നിന്നൊക്കെയോ അലയടിക്കുന്ന സംഗീതം പാരീസിനെ കൂടുതൽ ‘റൊമാന്റിക്’ ആക്കി.



സൈൻ നദിക്കിരു കരകളയും ബന്ധിപ്പിക്കുന്ന നിരവധിയായ പാലങ്ങൾക്കടിയിലൂടെയാണ് ബോട്ട് യാത്ര. ഓരോ പാലങ്ങളും, നദിക്കിരുവശങ്ങളിലുമായുള്ള ഓരോ ബിൽഡിംഗുകളും, എന്തുകൊണ്ടാണ് പാരീസിനെ ‘ സിറ്റി ഓഫ് ആർട്ട്’ എന്ന് വിളിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് തന്നുകൊണ്ടിരുന്നു. ഒന്നര മണിക്കൂർ എങ്ങനെ പോയെന്നറിഞ്ഞില്ല. ഈഫൽ ടവറിനടുത്തായി, ഞങ്ങളെ കാത്ത് കിടക്കുന്ന കോച്ചിലെത്തി; വീണ്ടും പാരീസ് നഗര പ്രദിക്ഷണം. ചരിത്രപ്രസിദ്ധമായ പാരീസിന്റെ ഓരോ തെരുവുകളിലൂടെയും ബസ് ഓടികൊണ്ടിരിക്കുമ്പോൾ, അതിന്റെ പിന്നിലുള്ള കഥകളെല്ലാം ടൂർ ഗൈഡ് ആൽഡ്രിൻ വിവരിച്ച് തന്നുകൊണ്ടിരുന്നു. ഡയാന രാജകുമാരി ആക്സിഡന്റിൽ കൊല്ലപ്പെട്ട ടണൽ (Alma Tunnel), അതിനു മുൻപ് അവർ അവസാനമായി അത്താഴം കഴിച്ചിറങ്ങിയ ദോദി അൽ ഫയാദിന്റെ ‘ റിറ്റ്സ് ഹോട്ടൽ, ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയം’ (ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിറ്റിംഗ് ഇവിടെയാണ്‌) ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷൻ സ്ട്രീറ്റ്, നെപ്പോളിയന്റെ ശവകുടീരം.. തുടങ്ങി, പാരീസ് നഗരത്തെ കുറേയൊക്കെ കോച്ചിലിരുന്ന് കണ്ടു. “ഇവിടങ്ങളിൽ വീണ്ടും വരും, വിശദമായി കാണുവാൻ. പക്ഷേ, പാരീസിനെ കാണേണ്ടത് രാത്രിയിലാണ്, അതുകൊണ്ടാണ് ഈ ഓടിച്ചുള്ളൊരു നഗരപ്രദിക്ഷണം.” ആൽഡ്രിൻ പറഞ്ഞു.



ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്. ആൾഡ്രിൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണന്ന് എനിക്ക് ബോധ്യമായി, രാത്രി ഒരുപാട് വൈകി ഹോട്ടലിലേക്ക് തിരിക്കുമ്പോൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വൈകുന്നേരങ്ങളിലൊന്ന് കഴിഞ്ഞ് പോയല്ലോയെന്ന നഷ്ടബോധത്തോടെ ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ ഫ്രഞ്ച് ഷാമ്പയ്നുമായി രാത്രി ഭക്ഷണം കഴിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്. പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല. ഇനി അടുത്ത രണ്ട് ദിവസം ‘ഡിസ്നിലാൻഡ്’ എന്ന അദ്ഭുത ലോകത്തിലേക്കാണ് എന്ന ആകംക്ഷയോടെ ഒന്നരമണിയായപ്പോൾ ഉറക്കത്തിലേക്ക് വീണു.

ചില പാരീസ് രാത്രി കാഴ്ചകൾ




Monday, 4 October 2010

ഇതാണ് ഇൻഡ്യ!

ഇംഗ്ലണ്ടിൽ ജീവിക്കുമ്പോളും, ഒരു ഇന്ത്യാക്കാരനായിരിക്കുന്നതിൽ അഭിമാനം തോന്നിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് കഴിഞ്ഞ നാലു വർഷങ്ങളിൽ. ഇംഗ്ലണ്ടിലെ ഏത് ഹോസ്പിറ്റലിൽ പോയാലും, ഡോക്ടർമാരിൽ പകുതിയും ഇന്ത്യൻ വംശജരായിരിക്കും. നഴ്സുമാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട. HSBC ബാങ്ക്, മൊബൈൽ -ഇന്റെർനെറ്റ് സർവീസ് പ്രൊവഡേർസുൾപ്പടെ, ഇവിടുത്തെ ഏത് പ്രമുഖ കമ്പനികളുടെയും കസ്റ്റമർ സർവീസിൽ വിളിച്ചാലും പോകുന്നത് മുംബൈയിലേയോ, ഹൈദരാബദിലേയോ, ബാംഗ്ലൂരിലേയോ കോൾ സെന്ററുകളിൽ. (ഒരിക്കൽ ടോക്ക്-ടോക് ഇന്റർനെറ്റ് കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ, മലയാളത്തിൽ കാര്യങ്ങൾ പറയാൻ പോലും അവസരമുണ്ടായി).
ഏതൊരു ഐ.ടി. കമ്പനികളിലെയും പകുതിയിലേറെയും സ്റ്റാഫ് ഇന്ത്യക്കാർ തന്നെ. എന്തിനേറെ, ഒരു ചെറിയൊരു “ഇന്ത്യൻ റെസ്റ്റോറന്റോ, ഇന്ത്യൻ ടേക് ഏവേയൊ” ഇല്ലാത്ത ഒരു ടൌണുകളും ഇംഗ്ലണ്ടിലുണ്ടാകില്ല. ഡയനാ രാജകുമാരി താമസിച്ചിരിന്ന, ലണ്ടനിലെ ഏറ്റവും വിലയേറിയ പ്രോപ്പർട്ടികളിലൊന്നായ ‘കെൻസിംഗ്ടൺ പാലസ്’ പോലും ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവി അലങ്കരിക്കുന്ന ഇന്ത്യക്കാരനായ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ കൈവശമാണ് ഇപ്പോൾ.

നൂറ്റാണ്ടുകളോളം തങ്ങളുടെ കോളനിയായിരുന്ന ഒരു രാജ്യം, പതുക്കെ തങ്ങളെ ‘വിഴുങ്ങുന്നൊരു’ ശക്തിയായി മാറുന്നത് ബ്രിട്ടൻ ഒരു പേടിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയായിരിക്കണം, ബി.ബി.സിയും, മറ്റ് ചാനലുകളും ഇൻഡ്യയെ സംബന്ധിക്കുന്ന ഏതൊരു പരിപാടിയും - എന്തിനേറെ, ഇൻഫോസിസിനെ കുറിച്ചോ, അംബാനിയേകുറിച്ചോയുള്ള വാർത്തയാണങ്ങങ്കിലും പശ്ചാതലം കാണിക്കുന്നത്, ഇൻഡ്യയിലെ ഒരു ചേരിയോ, വ്രുത്തിഹീനമായ ഒരു തെരുവോ ആകുന്നത്. ഇപ്പോൾ നമ്മൾ തന്നെ എറിഞ്ഞ് കൊടുത്ത കോമൺ വെൽത്ത് ഗെയിംസ് എന്ന വടിയുപയോഗിച്ച് വീണ്ടും കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മൾ തല്ല് കൊള്ളുകയായിരുന്നു. അറപ്പുളവാക്കുന്ന ഗെയിംസ് വില്ലേജിന്റെ പടങ്ങൾ ലോക മാധ്യമങ്ങളെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. ബി.ബിസിയുടെ ബ്രേക്ഫാസ്റ്റ് ഷോകളിലെ സ്ഥിരം ചർച്ചാവിഷയമായി മാറി, ഇൻഡ്യയുടെ പിടിപ്പ് കേട്. ഓരോ ഇൻഡ്യക്കാരനും, പ്രത്യേകിച്ചും, പ്രവാസികൾ ലോകത്തിനു മുന്നിൽ നാണം കെട്ടു. പണ്ടാരമടങ്ങാൻ, ഇതൊന്നു തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന് വരെ ഒടുവിൽ തോന്നി തുടങ്ങി.

അങ്ങനെയിരിക്കെ, ഇന്നലെ.. പതിവു പോലെ വീകെൻഡിലെ കറങ്ങലുകളൊക്കെ കഴിഞ്ഞ് വീടണയാനൊരുങ്ങുമ്പോളായിരുന്നു, സുഹ്രത്തിന്, പബ്ബിൽ പോയൊരു ബിയറടിക്കണമെന്നൊരാഗ്രഹം പൊട്ടി മുളച്ചത്.! ഇംഗ്ല്ലീഷുകാരുടെ ‘ചായക്കടയായ’ പബ്ബിൽ പോയിരുന്നുള്ള കള്ള് കുടിയിൽ പൊതുവെ വലിയ താല്പര്യമില്ലങ്കിൽ കൂടിയും, ഇന്നലെയെന്തോ അവൻ പറഞ്ഞപ്പോൾ, ശരി, എങ്കിൽ ഒരു ബിയറുമടിച്ച് , സ്ക്രീനിൽ വല്ല ക്ലബിന്റേം ഫുട്ബോൾ മാച്ചും കണ്ട് അര മണിക്കൂറിരിക്കാമെന്നും പറഞ്ഞ് വീടിനടുത്തുള്ള പബ്ബിലേക്ക് കയറി. പതിവ്പോലെ തന്നെ, നല്ല തിരക്ക്. പുറത്തെ ഗാർഡനിലെ ടി.വിയുടെ മുന്നിലെ ആൾകൂട്ടം കണ്ട്, എന്തൂട്ടാ പരിപാടിന്ന് നോക്കിയപ്പോളാണ് പിടി കിട്ടിയത്. അത് തന്നെ.. നമ്മ്ടെ കോമൺ വെൽത് ഗെയിംസ് ഉദ്ഘാടന ചടങ്ങ്!. നമ്മളെ കണ്ടാലേ ആർക്കും മനസിലാകും ഇൻഡ്യക്കാരാണന്ന്. ഇവിടെയിരുന്ന് ഇവമ്മാരുടെ കളിയാക്കൽ കേൾക്കുന്നേക്കാൾ പതുക്കെ മുങ്ങുന്നതാ നല്ലതെന്ന് തോന്നിയെങ്കിലും, വന്ന സ്ഥിതിക്കൊരു ബിയറ്ടിക്കാമെന്ന് തീരുമാനിച്ചു. സ്ക്രീനിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഇത്രയേറെ പഴി കേട്ട ഒരു ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങാണന്ന് വിശ്വസിക്കാനായില്ല!. ഇൻഡ്യക്കാർക്ക് ഈ ഗെയിംസ് നടത്താൻ കൊടുത്തവനെ ചവിട്ടണമെന്ന് പറഞ്ഞുകൊണ്ടിരുന്ന സായിപ്പന്മാർ അവിശ്വസിനീയതയോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, ബിയർ ഗ്ലാസ് പോലും താഴെ വച്ച്, ഹരിഹരൻ ‘സ്വാഗതം’ പാടുന്നതും, ആയിരത്തിൽ പരം സ്കൂൾ കുട്ടികൾ അതിനനസുഅരിച്ച് ഒരു ഒഴുക്കിലെന്നോണം പരിപാടികൾ അവതരിപ്പിക്കുന്നതും നോക്കിയിരുന്നു.

യോഗയെപറ്റിയുള്ള അവതരണവും, ‘ദ് ഗ്രേറ്റ് ഇൻഡ്യൻ ജേർണി’ യിലൂടെ റിക്ഷാക്കാരനെയും, തൊഴിലാളികളെയും, അംബാസിഡർ കാറുമുൾപ്പടെ ഇൻഡ്യയുടെ ‘റിയൽ ക്രോസ് സെക്ഷൻ’ കണ്ടപ്പോൾ ബി.ബി.സിയുടെ അവതാരകൻ പറഞ്ഞു, “യെസ്. ദി ഇസ് ഇൻഡ്യ’. മെമ്മറൈസിംഗ് പ്രസന്റേഷൻ.!“ വേദിയുടെ നടുക്കുള്ള കൂറ്റൻ ഹീലിയം ബലൂണിൽ ദ്രശ്യങ്ങൾ മാറി മറിയുമ്പോൾ, ‘എക്സലന്റ്, വണ്ടർഫുൾ..’ തുടങ്ങി സ്ഥിരം കമന്റുകളിലൂടെയാണങ്കിലും, സായിപ്പ് ഒടുവിൽ സമ്മതിച്ചു, ഒരുമിച്ച് നിന്നാൽ, ഇന്ത്യക്കാർക്ക് ഒന്നും അസാധ്യമല്ലന്ന്!. ‘ഓ യാരോ’ യും, ‘ജയ് ഹോ’യുമായി ഒടുവിൽ റഹ്മാനെത്തിയപ്പോളേക്കും, കൂടെയുണ്ടായിരുന്ന സുഹ്രത്ത്, ടിപ്പികൽ ഇൻഡ്യൻ സ്റ്റൈലിൽ തന്നെ ഒരു വിസിലടിച്ച് ആവേശം പ്രകടിപ്പിച്ചു. ആ പബ്ബിലുണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരായ ഞങ്ങൾക്ക് ഒടുവിൽ പബ്ബിന്റെ മാനേജർ രണ്ട് ഗ്ലാസ്സ് ബിയർ തന്ന് കൊണ്ട് പറഞ്ഞു.” ബീ പ്രൌഡ് ഓഫ് യുവർ കണ്ഡ്രി. യു ഗൈസ് വെൽ ഡൺ.! അടുത്തത് ഞങ്ങളുടെ അവസരമാണ്, 2012 ഒളിമ്പിക്സ്. ഗെയിംസൊക്കെ കുഴപ്പമില്ലാതെ നടന്നേക്കും, പക്ഷേ, ഇൻഡ്യയെ പോലെയത്ര സാംസ്കാരിക വൈവിധ്യങ്ങളില്ലാത്ത ഞങ്ങൾക്ക് ഇതുപോലൊരു ഉദ്ഘാടന ചടങ്ങ് ശരിക്കും വെല്ല് വിളിയായിരിക്കും.”

ഇത് വരെയുള്ള എല്ലാ ആരോപണങ്ങൾക്കും, നാണക്കേടുകൾക്കും, ഒടുവിൽ ഇങ്ങനെയെങ്കിലും മറുപടി കൊടുക്കാനായി.! ഒടുവിൽ ഇൻഡ്യ തെളിയിച്ചു, നമ്മുക്കും ഇങ്ങനെ ചിലതൊക്കെ ചെയ്യൻ കഴിയുമെന്ന്. അതേ, ഇതാണ് ഇൻഡ്യ

Thursday, 16 September 2010

യാത്രയ്ക്കൊടുവിൽ...

കഴിഞ്ഞ വർഷം സെപ്റ്റംബർ 16നായിരുന്നു, സജിത്തിനെ അവസാനമായി കണ്ടത്. ആദ്യമായി കണ്ടതും, അതിന് രണ്ട് ദിവസം മുൻപ് മാത്രം.!

രണ്ടാഴ്ചത്തെ അവധിയുമായി നാട്ടിലേക്കുള്ള യാത്ര. ദുബായ് വരെയുള്ള ഏഴരമണിക്കുർ യാത്രയുടെ ക്ഷീണം കാരണം, ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറിയിരുന്നതേ കണ്ണടഞ്ഞു. അടുത്ത സീറ്റിലാരോ വന്നിരുന്ന്, ഇൻ ഫ്ലൈറ്റ് മാഗസിനുകൾ മറിച്ച് നോക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. വിമാനം ടേക്കോഫ് ചെയ്ത്, പതുക്കെ ഒരു മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നപ്പോൾ, അടുത്തിരുന്നയാൾ പതുക്കെ തോണ്ടി.
“ചേട്ടൻ നാട്ടിലേക്കാണോ?”

ഇതാരടേ ഒരു കോമൺസെൻസുമില്ലാത്ത ഈ ചങ്ങാതി എന്നറിയാൻ കണ്ണ് തുറന്ന് നോക്കി. എന്റെയൊക്കെ അതേ പ്രായം തോന്നിക്കുന്ന ഒരു കക്ഷി. ഇവനാണോ എന്നെ കേറി ചേട്ടാന്ന് വിളിച്ചത്!

“നാട്ടിലേക്കല്ല, ഒന്ന് സൌത്താഫ്രിക്ക വരെ പോകുവാ. തിരുവനന്തപുരത്തേക്കുള്ള ഈ വിമാനത്തിലിരിക്കുന്ന ആളോട്, നാട്ടിൽ പോകുവാണോന്ന് ചോദിക്കണ്ട വല്ല കാര്യോമുണ്ടോ മാഷെ..?”

എന്റെ മറുപടി കേട്ട്, ആൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.. ”അല്ല ചേട്ടാ, ഇനി മൂന്നാല് മണിക്കൂറിങ്ങനെയിരുന്ന് ബോറടിക്കണ്ടല്ലോന്നൊർത്ത്.. വെറുതെയൊന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..”
ഞാൻ കൂടുതലൊന്നും പറയുന്നതിന് മുൻപ് തന്നെ ആൾ സ്വയം പരിചയപ്പെടുത്തി. പേര് സജിത്ത്. ത്രശ്ശൂരടുത്താണ് വീട്. ‘ലിഫ്റ്റ് ടെക്നോളജി കോഴ്സ്’ കഴിഞ്ഞ്, ദുബായിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു.

“ഈ ലിഫ്റ്റ് ടെക്നോളജീന്ന് വച്ചാ സാധനങ്ങള് ലിഫ്റ്റ് ചെയ്യുന്ന ഒരുജ്ജാ‍തി പണിയാന്ന് ഇവിടെയെത്തിയപ്പോളാ ഭായി മനസിലായെ..”

തനി ത്രശ്ശൂർ ശൈലിയിലുള്ള സജിത്തിന്റെ സംസാരം എനിക്കൊരു നേരമ്പോക്കായി. ഞാനും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എയർ ഹോസ്റ്റസ് ഭക്ഷണവും, ഡ്രിങ്ക്സുമായെത്തി. “ഒരു ചെറ്ത് പൂശുന്നോ ഗഡീ..? നാട്ടിലേക്കൊക്കെ പോവല്ലേ.. ഒന്ന് ഞെരിപ്പാകട്ടേന്നെ.” സജിത് എന്നെ നോക്കി കണ്ണിറുക്കി. “കണ്ണൂരുകാരനായ താനെന്തിനാ തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റെടുത്തെ ഗഡീ..?”

“ത്രശ്ശൂരുള്ള താനുമെന്തിനാ തിരുവനന്തപുരത്തേക്ക് പോകുന്നെ.. നെടുമ്പാശേരിയല്ലേ അടുത്ത്..? മറുപടിയായി ഞാനും തിരിച്ചൊരു ചോദ്യം ചോദിച്ചു.

ഗ്ലാസ്സിലെ വിസ്കി പതുക്കെ നുണഞ്ഞ്കൊണ്ട് സജിത്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പി.എസ്.സി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. 3 വർഷത്തെ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് സജിത്ത് മഞ്ജുവിനെ സ്വന്തമാക്കിയത്. മഞ്ജു ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായാണ് പി.എസ്.സി ഇന്റർവ്യൂന് വിളിക്കുന്നത്. അതുകൊണ്ട് എമർജൻസി ലീവെടുത്ത് പോകുന്നതാണ്.

“ഇപ്പോളത്തെ പണികൊണ്ട് ഗൾഫിൽ നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഈ ജോലി കിട്ടിയാൽ നാട്ടിൽ തന്നെ സെറ്റാകണം. കിട്ടാൻ ചാൻസുണ്ട് ട്ടോ. നമ്മള് മറ്റേതാന്നേ..യേത്? റിസർവേഷൻ കാറ്റഗറിയേ.. ഞാനിപ്പോ വരുന്ന കാര്യം ചുള്ളത്തിക്കറിയില്ല. നാളെ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ട്രെയിൻ പിടിച്ചാ അവൾടെ കമ്പ്യൂട്ടർ സെന്ററടക്കുമ്പോളേക്കും അവിടെയെത്തും. ഒരു സർപ്രൈസാകട്ടന്നേ.. അല്ലാ, ഭായി പറഞ്ഞില്ലല്ലോ, എന്തുട്ടാ തിരോന്തരത്ത് കേസ്കെട്ട്?.”

“എനിക്കൊരു മോളുണ്ടായി സജിത്തേ. അവളെ കാണാൻ പോകുവാണ്. ഭാര്യയുടെ വീട് തിരുവനന്തപുരത്താണ്.” ഞാൻ പറഞ്ഞു.

“ആഹാ..കൊള്ളാലോ..എന്നിട്ടാണോ ചുള്ളൻ മിണ്ടാണ്ടിരിക്കണെ..ചിലവുണ്ടേ ഭായി’
“പെങ്ങളേ..ഒരു പെഗ്ഗോടെ തര്വോ.. ദാഹിച്ചിട്ട് വയ്യ”
അതിനിടെ അതിലെ വന്ന ഒരു എയർഹോസ്റ്റസിനെ തോണ്ടികൊണ്ട് സജിത്ത് ചോദിച്ചു. എനിക്ക് ചിരിയടക്കാനായില്ല. “പ്ലീസ് ബീ പേഷ്യന്റ് സർ, ഐ വിൽ കം ബാക്”. ഈർഷ്യതയോടെ പറഞ്ഞ് എയർഹോസ്റ്റസ് പോയി.
“ക്ടാവ് കൊള്ളാലോടാ.. മലയാളം മനസിലായല്ലോ.”

സജിത്തിന്റെ തമാശകളും കേട്ടിരുന്ന് അങ്ങനെ മൂന്നര മണിക്കൂർ പോയതറിഞ്ഞില്ല. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ കൌണ്ടറിലേക്കുള്ള നീണ്ട ക്യൂ വരെ, സജിത് പണ്ടേയുള്ളഒരു സുഹ്രത്തിനോടെന്നപോലെ എന്നോട് സംസാരിച്ച്കൊണ്ടിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ്, ബാഗേജ് വരുന്നതും കാത്ത് നിൽക്കുമ്പോൾ ഒരു ബാഗും തോളിലിട്ട് സജിത് വീണ്ടുമെത്തി.

“ലണ്ടൻ ഭായി, ലഗ്ഗേജെടുത്ത് വക്കാൻ വല്ല്ല ഹെല്പൂം വേണോ?, എനിക്കീ ഹാൻഡ് ബാഗ് മാത്രേയുള്ളു, പെണ്ണിന് കുറച്ച് ലൊട്ട് ലൊടുക്ക് ഗിഫ്റ്റ്കളേ.. പിന്നെ ദേ ഇതും” ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറ് കാണിച്ച് കൊണ്ട് സജിത്.
“വേണ്ട സജിത്തേ, താൻ പൊക്കോ. എവിടേലും ഡ്രോപ് ചെയ്യണേ പറ, എന്റെ അമ്മായിഅപ്പൻ പുറത്ത് വണ്ടിം കൊണ്ട് നിൽക്ക്കുന്നുണ്ട്.”
“വേണ്ട ഭായി, എന്റെ കുറേ പഴ്യ ടീമുകളിവിടെയുണ്ട്.. അവമ്മാരുണ്ടാകും പുറത്ത്. അപ്പോ, നമ്മ്ക്കിനി എപ്പോളേലും ലണ്ടൻ ജംക്ഷനിൻ വച്ച് കാണാംട്ടോ.” കൈ തന്ന് സജിത് പോയി.

3ആ‍ഴ്ച മുൻപുണ്ടായ മോളുമൊത്ത് കേക്ക് മുറിച്ച് അന്ന് ഞങ്ങൾ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറി ആഘോഷിച്ചു.

കണ്ണൂരിലെ എന്റെ വീട്ടിലേക്ക് പോകാനായി അടുത്ത ദിവസം രാവിലെ പപ്പ തമ്പാ‍നൂർ സ്റ്റേഷനിൽ എന്നെയെത്തിച്ചു. രാവിലെ ആറരമണിയായതേയുള്ളുവ്വെങ്കിലും സഹിക്കാൻ പറ്റാത്ത ചൂട്. വിയർത്തൊഴൂകുന്നു. ‘പരശുറാമിനാകെ‘ രണ്ട് എ.സി കോച്ചുകളേയുള്ളു, അതിന് റിസർവേഷനൊന്നും വേണ്ട. പിന്നീട് ടി.ടി.ആർ വരുമ്പോ എക്സ്ട്രാ ഫെയർ അവർക്ക് കൊടുത്താൽ മതിയെന്ന് ടികറ്റ് കൌണ്ടറിലിരുന്നയാൾ പറഞ്ഞു. പാർക്കിംഗിന്റെ പ്രശ്നമുള്ളത്കൊണ്ട് പപ്പ ലഗേജൊക്കെ ട്രയിനുള്ളിലാക്കി തിരിച്ച് പോയി. ട്രെയിൻ പോകാൻ ഇനിയും പതിനഞ്ച് മിനിറ്റോളമുണ്ട്. സ്റ്റേഷനിലെ ടീസ്റ്റാളിൽ നിന്നൊരു കാപ്പിയുംകുടിച്ച്, പ്രത്രത്താളുകൾ മറിക്കുമ്പോൾ പുറകിൽന്നാരോ വിളിച്ചു.

“ഡേയ്, ലണ്ടൻ ഭായ്..”
തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി തന്നെ. സജിത്. തലേന്ന് കണ്ട അതേ വേഷത്തിൽ, എമിറേറ്റ്സിന്റെ ടാഗ് പോലും കളയാത്ത അതേ ബാഗും തൂക്കി തിരക്ക് പിടിച്ചുള്ള വരവാണ്.

“താനപ്പോൾ ഇന്നലെ പോയില്ലെ.?” തെല്ലൊരത്ഭുതത്തോടെ, കൌതുകത്തോടെ ഞാൻ ചോദിച്ചൂ.

“എന്റളീയാ ഒന്നും പറയണ്ടാ, എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ കവറ് കണ്ടപ്പോ ആ ശവികള് പിടിച്ച പിടുത്തം, രണ്ട് കുപ്പിം തീർന്നപ്പോ, ഇന്നലെ പാതിരാത്രി കഴിഞ്ഞാ വിട്ടത്.. ബൈ ദ് ബൈ, ഒരു ദിവസം നിന്നപ്പോളേക്കും ഭായിയെ ഭാര്യാ വീട്ടുകാര് പായ്ക്ക് ചെയ്തോ.? “

“ഇല്ലടോ, അവരെല്ലാം മൂന്ന് ദിവസം കഴിയുമ്പോൾ കണ്ണൂർക്ക് വരും, മോൾടെ മാമ്മോദീസയുണ്ട്.” ഞാൻ പറഞ്ഞു.

സജിത്തും എന്നോടൊപ്പം കയറി. ഗൾഫ് വിശേഷങ്ങൾ, മലയാളസിനിമ തുടങ്ങി സജിത്തിന് സംസാരിക്കാൻ വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു. ഇടക്ക് ടികറ്റ് ചെക്കർ വന്നു.
“ദെന്തൂട്ടാ സാറേ, ഈ എക്സ്ട്രാ മേടിക്കണ നൂറ്റമ്പത് രൂപേടെ തണുപ്പൊന്നുമീ ഏസിക്കില്ലല്ലോ.. സാറിനിയാ ലാലൂനെ കാണുമ്പോ പറ ട്ടോ വണ്ടിലെ ഏസിയൊക്കെ കമ്പ്ലയന്റാണന്ന്.”

ടികറ്റ് ചെക്കർ അന്തംവിട്ട് സജിത്തിനെ നോക്കി ചോദിച്ചു. “ഏത് ലാലുനെ...?

“നമ്മ്ടെയാ മറ്റേ കന്നാലിയേ.. ലാലു പ്രസാദ്..”

ടികറ്റ് ചെക്കറ് പോലും ചിരിച്ചു പോയി.
“ഇപ്പോ മമതയാ സുഹ്രത്തേ മന്ത്രി. ശരി, ഞാൻ പറഞ്ഞേക്കാം.”

സജിത്തിന്റെ സ്റ്റോക്കൊരിക്കലും കാലിയാകത്തത്കൊണ്ട് യാത്രയുടെ മടുപ്പേ തോന്നിയില്ല.
“യൂറോപ്പിലെ തണുപ്പിൽ ജീവിക്കുന്ന നിങ്ങൾക്കൊന്നും നാട്ടിലെ ഈ പച്ചപ്പ് കാണുമ്പോ ഗൾഫ്കാരെപോലെ ഒരു കുളിരു തോന്നണുണ്ടാകില്ല, അല്ലേ ഭായി..?” പുറകിലേക്കോടി മറയുന്ന പച്ച പാടങ്ങൾ കണ്ട്കൊണ്ട് ട്രെയിനിന്റെ വാതിലിനടുത്ത് നിൽകുമ്പോൾ സജിത് പറഞ്ഞു.

വടയും ചായയും വാങ്ങി കഴിച്ചും, സജിത്തിന്റെ നേരമ്പോക്കുകൾ കേട്ടൂകൊണ്ടുമിരുന്ന് എറണാകുളമെത്തിയതറിഞ്ഞില്ല. ഞങ്ങളിരുന്ന കമ്പാർട്മെന്റ് ആളുകളെകൊണ്ട് നിറഞ്ഞു.

“ഭായിടെ നമ്പർ താ. ഞാനിനി കണ്ണൂരോ, ലണ്ടനിലോ വരേണ്ടി വന്നാ ഭായിയെ കോണ്ടാക്ട് ചെയ്യാല്ലോ..“

ഞാനെന്റെ നമ്പർ കൊടുത്തു. സജിത്തിന്റെ ഫോൺ ബാറ്ററി തീർന്ന് ഓഫായത്കൊണ്ട് ഒരു പേപ്പറിൽ അവൻ നമ്പർ കുറിച്ചെടുത്തു. സജിത്തിന്റെ നമ്പർ ചോദിച്ചപ്പോൾ, തലേന്ന് തിരുവനന്തപുരത്തെന്നെടുത്ത പുതിയ കണക്ഷനാണ്, നമ്പർ ഓർമ്മയില്ലന്നും, വീട്ടിലെത്തി ഫോൺ ചാർജ് ചെയ്താലുടനെ എന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെദിവസങ്ങളായുള്ള യാത്രയുടെ ക്ഷീണവും, ഉച്ചവെയിലും കാരണം സജിത്തിന്റെ കത്തിവക്കലിനിടയിലും ഞാനറിയാതെ മയങ്ങിപോയിരുന്നു.

“ട്രാ‍ാ എന്റെ ബാഗ്..നിൽക്കടാ‍ാ അവിടേ..”

സജിത്തിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. സജിത്തിന്റെ ബാഗുമായി ഒരാൾ വാതിലിന് നേരെ ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. പുറകെ സജിത്തും. ഒരു നിമിഷം കൊണ്ട് അയാൾ, ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ചാടി. ട്രെയിൻ ത്രശ്ശുർ സ്റ്റേഷനെത്താറായിരുന്നത് കൊണ്ട് വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ച് നിൽകുമ്പോൾ, സജിത്തും അയാളുടെ പിന്നാലെ ഓടി ട്രെയിനിന് വെളിയിലേക്ക് ചാടുന്നത് കണ്ടു. ഓടി വാതിലിനടുത്തെത്തിയപ്പോളേക്കും ഒരു കൂട്ടമാളുകൾ വാതിലിനടുത്ത് തടിച്ച്കൂടി പുറത്തേക്കെത്തി നോക്കി നിൽക്കുന്നു. ആളുകളെ വകഞ്ഞ്മാറ്റി ഒരുവിധം ഞാൻ പുറത്തേക്ക് നോക്കി. ദൂരെ പുറകിലായി റെയിൽ വേ ട്രാക്കിനരികിലെ പാറക്കഷണങ്ങൾക്കിടയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു രൂപം കണ്ടു. ട്രെയിൻ സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലേക്ക് കയറിയിരുന്നു.

“ഓടുന്ന വണ്ടിടെ എതിർദിശയിലാ ചങ്ങായി ചാടിയിരിക്കുന്നെ..നല്ല വീഴ്ചയാ വീണതെന്ന് തോന്നുന്നു.. വിമാനത്തിന്റെ സ്റ്റികറു പോലും പൊളിക്കാത്ത ബാഗും വച്ച് ട്രെയിനിൽ കേറിയാ ഗൾഫ്കാരനാന്ന് കള്ളന് ആരേലും പറഞ്ഞ് കൊടുക്കണോ.” പുറകിൽ നിന്നാരോ പറഞ്ഞു.

ട്രെയിൻ ഒരുവിധം സ്പീഡ് കുറഞ്ഞ്, നിൽക്കാറായപ്പോൾ ഞാൻ ചാടിയിറങ്ങി പുറകിലേക്കോടി. ട്രെയിനിൽ കയറിപറ്റാനും, ഇറങ്ങാനും തിരക്ക് കൂട്ടുന്ന യാത്രക്കാരുടെയും, ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന കച്ചവടക്കാരെയും തിരക്കിനിടയിലൂടെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ ഞാനോടി നോക്കി. സജിത് വീണ സ്ഥലം പ്ലാറ്റ്ഫോമിന് കുറച്ച് പുറകിലായിരുന്നിരിക്കണം. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. അടുത്ത് കണ്ട പോർട്ടറോട് ഞാൻ അനേഷിച്ചു. അയാൾ കൈ മലർത്തി. ഈയിടെയായി ട്രെയ്നിൽ മോഷണവും പിടിച്ച്പറിയുമൊക്കെ സാധാരണമാണന്നും, സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് പരാതിപ്പെടാനുമായിരുന്നു അയാൾടെ മറുപടി. അപ്പോളാണ് സീറ്റിനടിയിലും, മുകളിലെ റാക്കിനുള്ളിലുമൊക്കെയായിരിക്കുന്ന എന്റെ പെട്ടിയുടെം ബാഗിന്റെയും കാര്യമോർമ്മ വന്നത്. പാസ്പോർട്ടുൾപ്പടെയുണ്ടതിൽ. ട്രെയിൻ പുറപ്പെടാറുമായിരിക്കുന്നു.. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. വല്ലാത്തൊരു നിസ്സഹായവസ്തയോടെ ഞാൻ തിരിച്ച് നടന്നു. ഹ്രദയത്തിൽ ഒരു കല്ല് കയറ്റി വച്ചത്പോലെ തോന്നി എനിക്ക്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ത്രശ്ശുർ മുതലുള്ള യാത്ര.

ഒരു യാത്രക്കിടെ എവിടെ നിന്നോ വന്ന്, കുറച്ച് മണിക്കൂറുകൾകൊണ്ട്, നല്ലൊരു സുഹ്രത്തിനേപോലെ തോന്നിപ്പിച്ച്, അതിലേറെ വേദന ബാക്കിവച്ച് മറ്റൊരു യാത്രക്കിടെ എവിടെയോ അപ്രത്യക്ഷനായ ഒരാൾ.! ലോകത്തിലുള്ള സകലകാര്യങ്ങളെപറ്റിയും ഞങ്ങൾ സംസാരിച്ചെങ്കിലും, സജിത്തിനേപറ്റി കൂടുതൽ ചോദിച്ചുമില്ല, പറഞ്ഞതുമില്ലായിരുന്നു ; ത്രശ്ശൂരെവിടെയാണന്ന് പോലും. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടാകാം. എങ്കിലും, പാസ്പോർട്ടും, മഞ്ജുവിനുള്ള സമ്മാനങ്ങളുമുള്ള ആ ബാഗ് തിരിച്ച് കിട്ടിയിട്ടുണ്ടാകുമോ..? തിരിച്ച് ദുബായിക്ക് പോയിട്ടുണ്ടാകുമോ..? അതോ, സജിത് ആഗ്രഹിച്ചത് പോലെ, ഒരു സർക്കാർ ജോലിയുമായി നാട്ടിൽ സെറ്റായിട്ടുണ്ടാകുമോ..? നാട്ടിലെ ആ യാത്രയിൽ ഞാനുപയോഗിച്ചിരുന്ന, സജിത്തിനു കൊടുത്ത നമ്പർ ഇപ്പോൾ പപ്പയുടെ കൈയിലാണ്. ഇപ്പോളും,വിളിക്കുമ്പോൾ ഇടക്ക് വെറുതെ പപ്പയോട് ചോദിക്കാറുണ്ട് - സജിത്ത് ന്ന് പേരുള്ള ആരെങ്കിലും വിളിച്ചിരുന്നോ..?