Monday, 2 August 2010

ചില ലണ്ടൻ കാഴ്ചകൾ..

ജെറിയുടെ വീട്ടിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം അതികം വൈകാതെ തന്നെ പുറത്ത് പോകാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ പെട്ടന്ന് മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തണുപ്പ് കൂടി വരുന്നു, ഒപ്പം ചാറ്റൽ മഴയും. ഭാര്യ അതോടെ ‘റിവേർസ് ഗിയറിട്ടു’. “ഈ തണുപ്പത്തും മഴയത്തും ഞാനെങ്ങോട്ടുമില്ല. ഞാനും കൊച്ചുമിവിടെയിരുന്നോളാം, നിങ്ങൾ പോയിട്ട് വാ..”
പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.

ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.
കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.

നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.



,

തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. ‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’ നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.


ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.


ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്

ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം.



ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാ‍ൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...

(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:)





3 comments:

  1. വിവരണങ്ങള്‍ നന്നായി.

    ഷെര്‍ലക് ഹോംസിന്റെ ബേക്കര്‍ സ്ട്രീറ്റ് വരെ ഒരിയ്ക്കല്‍ പോകണം എന്നത് പണ്ടേയുള്ള ഒരാഗ്രഹമാണ്...

    ReplyDelete
  2. സിജൊ ഒരു കോഴ്സിന് പങ്കെടുത്തുകൊണ്ടിരുന്നതിനാൽ വിശദമായി വായിച്ചിട്ടെഴുതുകയാണിപ്പോൾ .... നാഴികയ്ക്കുനാല്പതുവട്ടം ലണ്ടനിലെ ഈ തെരുവിലോടെയെല്ലാം സഞ്ചരിക്കാറുണ്ടെങ്കിലും ,ഇതുപോലെയൊന്നും സ്ഥലകാലവിവരണം എന്നെക്കൊണ്ടൊന്നും ആവില്ലയെന്നത് ഒരു സത്യം,ഞാനെന്ത് എഴുതിയാലും അതിൽ ഒരു മസാല മണം വരികയും ചെയ്യും....!
    ഇത്ര നന്നായി എഴുതിയിട്ടും ഈ ബ്ലോഗ്ഗ് പലരും അറിയാതെ കിടക്കുകയാണ് കേട്ടോ /ആദ്യത്തെ ആ‍റുമാസം എനിക്കീഗതി തന്നെയായിരുന്നു.
    പിന്നീട് പലബ്ലോഗുകളിളും പോയി അഭിപ്രായം പറഞ്ഞും , ഫോളൊ ചെയ്തും ഞാനെന്റെ പട്ടണത്തിലേക്ക് ആളെ വിളിച്ചുകയറ്റുകയായിരുന്നു .... !
    എന്തായാലും ...നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്.. അല്ല ഇതെന്നുമനസ്സിലാക്കുക...
    ലണ്ടൻ പട്ടണത്തെ കുറിച്ച് നല്ലകാമ്പും,കഴമ്പുമുള്ള വിവരണങ്ങൾ തന്നെയിത് ...
    ഈ വിവരണങ്ങൾക്കൊപ്പം ഈ മണ്ടനേയും കൂടെ കൂട്ടിയതിൽ അതിയായനന്ദി കേട്ടൊ സിജോ

    ReplyDelete
  3. ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്..അത് കൊണ്ട് സിജോയുടെ യാത്ര പകുതിയില്‍ നിര്‍ത്തിയപോലെയും എനിക്കും തോന്നി ,ഒരുപാട് വിവരണവും ബാക്കി നിര്‍ത്തിയോ ?ചിലപ്പോള്‍ എനിക്ക് തോനിയത് ആവാം ...ശ്രീടെയും ,ബിലാത്തിയുടെയും കമന്റ്‌ ഒന്നു കൂടി വായിച്ച് നോക്കി അടുത്ത യാത്ര തുടരണം ............

    ReplyDelete