Tuesday 4 May 2010

‘ഫിയസ്റ്റ ബാർ’

‘ഡാ..ദെവഡ്യാ ഗഡ്ഡീ നീ.. കൊറേ നാളായിട്ട് നിന്റനക്കമൊന്നുമില്ലല്ലോ..’

ഒരു വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യത്തിൽ സോഫയിൽ ചുരുണ്ട് കൂ‍ടിയിരുന്ന് ഇൻഡ്യാവിഷനിലെ നിതീഷ് കുമാറിന്റെ കുസ്രുതികൾ കണ്ട്കൊണ്ടിരിക്കുമ്പോളാണ് ത്രശ്ശൂർകാരനായ സുഹ്രത്ത് ജിനിയുടെ ഫോൺ വന്നത്.

‘ഓ. എന്നാ പറയാനാ മാഷെ..ചുമ്മാ ടിവി കണ്ടിരിക്കുവാ.’ ഞാൻ പറഞ്ഞു.

‘ദെന്ത് പറ്റിഡാ നിനക്ക്.. അല്ലേ വെള്ളിയാഴ്ച ഉച്ചക്കേ ഇന്നേത് ബ്രാൻഡാന്നും ചോദിച്ച് വിളിക്കണ നീ..’ ജിനിക്ക് എന്റെ നിസംഗത സഹിക്കണില്ല.

‘ഓ..അതൊക്കെ നിന്നില്ലേ അളിയാ‍.. ഞാൻ കുരിശും വരച്ച് എന്തേലും കഴിച്ച് ഉറങ്ങാൻ നോക്കുവാ. വരുവാണേൽ കപ്പേം ബീഫും അടിക്കാം’

‘ആ..നിന്റെ കാർന്നോമ്മാര് വന്നല്ലേ.. ഒരു സ്മാള് പോലുമില്ലാതെ നിന്റെ ഒണക്ക കപ്പ തിന്നാൻ വരുവല്ലേ ഞാൻ. ’ ജിനിക്ക് കാര്യം പിടികിട്ടി. ‘ഡാ, ഇതാ പറേണത് തലക്കകത്ത് കിഡ്നി വേണം എന്ന്.’

‘എന്തോന്നാ ചേട്ടാ.കാര്യം പറ.’ ഞാൻ കൺഫ്യൂഷനിലായി..

‘നിന്റെ കാറിന് ഡിക്കിയില്ലേ..അതിലൊരു പൈന്റ് വക്കാനുള്ള സ്ഥലം പോലുമില്ലേ.. എന്നെ കണ്ട് പടി. അല്ലേ വേണ്ട. ഐഡിയ ഞാൻ പറഞ്ഞ് തരാം. നീ ജോലി കഴിഞ്ഞ് വരുന്ന വഴി ഒരു കുപ്പിയും സോഡയും മേടിച്ച് കാറിൽ വക്കുക. വീട്ടിലെത്തി കുളീം കുരിശ് വരേമൊക്കെ കഴിഞ്ഞ് വണ്ടീടെ പാർക്കിംഗ് ശരിയല്ല, അല്ലേ ഓയിലു മാറ്റാനുണ്ട് അങ്ങനെ എന്തേലും തട്ടിവിട്ട് താഴെയിറങ്ങി വന്ന് രണ്ട് നില്പൻ കാച്ചീട്ട് പോണം.ഹല്ല പിന്നെ.’

എന്റമ്മോ...എന്തൊരു പുത്തി. ഞാൻ തലയിൽ കൈവച്ച് പോയി. മറ്റാരും കേക്കണ്ട എന്ന് കരുതി ഫോണുമെടുത്ത് പതുക്കെ പുറത്തിറങ്ങി.

‘അല്ല ചേട്ടാ, അങ്ങനെ രണ്ട് നില്പനടിച്ചാലും തിരിച്ച് ചെല്ലുമ്പോൾ മണമടിക്കില്ലേ? ഒരു ബീയറ് കുപ്പി കണ്ടാൽ ബിൻ ലാദനെ കണ്ട ഒബാമെയെ പോലെ പെരുമാറുന്ന അമ്മയും, കഴിഞ്ഞ വർഷം ഒരു ബിയറടിച്ചു, ഇനി 6 മാസം കുടിയില്ല എന്ന് പറയുന്ന പപ്പേടെം അടുത്ത് അതൊന്നും ശരിയാകില്ലന്നെ.’ എനിക്ക് ഐഡിയ അങ്ങട് പൂർണ്ണമായി ദഹിച്ചില്ല.

‘ഡാ നീയേത് സ്കൂളിന്നാ കള്ള്കുടി പടിച്ചെ. വോഡ്ക അടിച്ചാ മതി.ഒരു സ്മെല്ലും വരില്ല. വേണേൽ ഒരു ബബിൾഗമെടുത്ത് ഒന്ന് ചവച്ചിട്ട് കേറണം.’

‘പക്ഷെ..എന്നാലും ഒറ്റക്ക് കള്ള്കുടി പരമ ബോറാ മാഷെ..എനിക്കത് ശീലമില്ല’ ഞാൻ ഒഴിഞ്ഞ് മാറാൻ നോക്കി.

‘അതിന് നിന്നോടാരാ ഒറ്റക്കടിക്കാൻ പറഞ്ഞത്. വണ്ടിയെടുത്ത് നേരെയിങ്ങ് വിട്. ഞാൻ ഫ്രീയാ.’ അപ്പോ അതാണ് കാര്യം. കക്ഷിയുടെ വീടും മദ്യനിരോധിത മേഘലയിലാണ്.

വെള്ളിയാഴ്ചയല്ലേ. ഒന്ന് പരീക്ഷിച്ച് നോക്കമെന്ന് തീരുമാനിച്ചു. പപ്പയും അമ്മയും നാട്ടിൽ നിന്ന് വിസിറ്റിംഗിന് വന്നതിന് ശേഷം വീകെൻഡ് കൂടലുകളൊന്നുമില്ല. രണ്ട്മൂന്നാഴ്ചയായി ഒരു ബീയർ പോലും തൊട്ടിട്ട്.

“ഡീയെ, നമ്മടെ വണ്ടീടെ ആ ലൈറ്റിന്റെ ബൾബ് പോയികിടക്കുവല്ലേ.. ജിനിയിപ്പോ ഫ്രീയാന്ന്. ഞാനൊന്നു കൊണ്ട്പോയി ഫിക്സ് ചെയ്തിട്ട് വരാം.’ ഭാര്യയോട് അനൌൺസ് ചെയ്ത് ഞാൻ കീയുമെടുത്തിറങ്ങി.

‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ. ഞാൻ കണ്ടാരുന്നു. നീയിനി ബാറ്റൺ ബോസിനെപോലെയൊക്കെ എഴ്തി ജ്നാന പീടമൊക്കെ മേടിക്കുമോ.. പക്ഷെ നീളം കൂടുതലാ.അത്രക്കങ്ങട് വായിക്കാനൊള്ള ക്ഷമയൊന്നും റീഡേർസിനൊണ്ടാകില്ല.’ കാറിലിരുന്ന് രണ്ടാമത്തെ പെഗ്ഗൊഴിച്ച്കൊണ്ട് ജിനി പറഞ്ഞു.

‘ഈ ഗ്ലാസ്സ് കാലിയാക്കി നിങ്ങൾ ഈ പീടം ഒന്നൊഴിഞ്ഞ് തന്നാൽ എനിക്ക് പോയേക്കാമായിരുന്നു. ഹും. അല്ലേലും ബ്ലോഗെന്താ ഗ്ലോബെന്താന്നറിയാത്ത നിങ്ങളെപോലെയുള്ള കൺഡ്രി ഫെല്ലോസിനെ ഉദ്ദേശിച്ചല്ല ഞാനെഴുതുന്നത്. ബൌദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് എന്റെ വായനക്കാർ’. ജിനിയുടെ മിണ്ടാട്ടം മുട്ടി.

“നീ ഈ ഫോർഡ് ഫിയസ്റ്റ മാറ്റി , കുപ്പിയും സോഡയുമൊക്കെ സൂക്ഷിക്കാനൊക്കെ സ്ഥലമുള്ള നല്ലൊരു വണ്ടിയെട്ക്ക്.” ബാക്കിയുള്ള സ്മിർനോഫ് കുപ്പി വളരെ ശ്രദ്ധയോടെ കാറിന്റെ ഡിക്കിയിൽ മാറ്റിനടിയിൽ വക്കുമ്പോൾ ജിനി പറഞ്ഞു.

വീട്ടിലെത്തി. ചൂടോടെ കപ്പയും ബീഫും കഴിച്ചു. സുഖമായി ഉറങ്ങി.
--------------------------------

ഒരാഴ്ച കഴിഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, 5മണിയാകാൻ ഇനി എത്ര മിനിറ്റുകളും സെക്കന്റ്കളുമുണ്ടന്ന് കാൽകുലേറ്റ് ചെയ്ത് ഓഫീസിലിരിക്കുമ്പോൾ ജിനിയുടെ വിളി വന്നു.

“ഡാ നിന്റെ ഫിയസ്റ്റ ബാറിൽ കഴിഞ്ഞയാഴ്ചത്തേതിന്റെ ബാക്കിയിരിപ്പില്ലേ.. ഈ വഴി വരണട്ടാ.”
ഹോ..ഈ മനുഷ്യൻ ഒരാഴ്ച്ചയായി ഇത് തന്നെയാലോചിച്ചിരിക്കുവരുന്നോ പോലും! 5 മണിയായി. ജിനിയുടെ വീട് വഴി വണ്ടി തിരിച്ച് വിട്ടു. ദൂരെ നിന്നേ കണ്ടു - കടലിൽ പോയ അരയനെ കാത്തിരിക്കുന്ന അരയത്തിയെപ്പോലെ, ഗേറ്റിന് വെളിയിൽ ഒരു സിഗരറ്റും പുകച്ച് ആളുണ്ട്.

“നിന്റെ ഗ്ലോബിൽ പുതിയ കതകളൊന്നും കാണുന്നില്ലല്ലോടാ..”
ഡിസ്പോസിബിൾ ഗ്ലാസ്സിലേക്ക് ശ്രദ്ധയോടെ സ്മിർനോഫ് പകരുന്നതിനിടെ ജിനി പറഞ്ഞു.

“മാഷെ, കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായിട്ട് ഓഫീസിൽ വല്ല്യ പണിയൊന്നുമില്ലാരുന്നു. നേരം പോകാൻവേണ്ടി ചെയ്ത പരിപാടിയാ അത്. അല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന പരിപാടിയൊന്നുമല്ല എഴുത്ത്.”

“ഡാ‍.. നിനക്ക് എഴുതാൻ പറ്റിയ ഒരു ഐഡിയ തരാം. പൈങ്കിളി മാത്രമെഴുതാതെ നമ്മ്ടെ ഈ ഫിയസ്റ്റ ബാറിനെകുറിച്ച് ഒരു കാച്ചങ്ങ്ട് കാച്ച്. വീട്ടുകാരറിയാണ്ട് എങ്ങനെ സ്മാളടിക്കാമെന്നാലോചിച്ച് വിഷമിക്കുന്ന ആർക്കേലും കൊണമുണ്ടാകട്ടെ.”

ശരിയാണ്. കുറേ നാളായി പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്നാലോചിക്കുന്നു. സംഗതി എനിക്കിഷ്ടപെട്ടു. സ്മിർനോഫ് അല്പം ബാക്കിയുള്ളത് സുരക്ഷിതമായി ‘ഫിയസ്റ്റ മൊബൈൽ ബാറിന്റെ’ ഡിക്കിയിൽ വച്ചു. വീട്ടിലെത്തി. ഭക്ഷണം കഴിച്ചു.

ജിനി പറഞ്ഞ ഐഡിയ മോശമില്ല. ഫിയസ്റ്റ ബാറിനെപറ്റി എഴുതാം. ബ്ലോഗിൽ പോസ്റ്റിയില്ലങ്കിലും, ‘പെണ്ണ് കെട്ടിയതോടെ നിന്റെ കട്ടേം പടോമൊക്കെ മടങ്ങിയില്ലേടാ’ എന്നും പറഞ്ഞ് വെബ്കാമിൽ കൂടി ലൈവായി വെള്ളമടി മീറ്റ് നടത്തി കൊതിപ്പിക്കുന്ന ഗൾഫിലെ ഗഡീസിനൊരു മറുപടിയെങ്കിലും കൊടുക്കാം. ലാപ്ടോപ് എടുത്ത് blogger.com/home തുറന്നു. സ്മിർനോഫിന്റെ ശക്തിയായിരിക്കും, ആവശ്യത്തിൽ കൂടുതൽ എരിവും പുളിയും മസാലയുമൊക്കെ ചേർത്ത് പട പടെന്ന് വാക്കുകൾ വന്നു. 12മണിയായി. ബാക്കി നാളെ. ഉറങ്ങാൻ കിടന്നു.

നല്ല ചെമ്മീൻ കറി വേകുന്ന മണമടിച്ചാണ് ഉറക്കമുണർന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ 10 മണി.!ഈശ്വരാ..ഓഫീസിൽ പോകാൻ ലേറ്റ് ആയല്ലോന്നോർത്ത് ചാടിയെണീറ്റപ്പോളാ ഓർമ്മ വന്നത് - ഇന്ന് ശനിയാഴ്ചയാണല്ലോ. എന്തായാലും യവളു കൊള്ളാമല്ലൊ..കുറെ നാളായി ചെമ്മീൻ കറി കൂട്ടിയിട്ട് എന്ന് ഇന്നലെ വെറുതെ പറഞ്ഞതെയുള്ളു, അപ്പോളെക്കും ദേ ഉണ്ടാക്കിയിരിക്കുന്നു. ഭാര്യയെപ്പറ്റി പതിവില്ലാത്തവിധം അഭിമാനം തോന്നി. ‘ബ്രഞ്ചിന്’ (ശനി-ഞായർ ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റും ലഞ്ചും ചേർന്നയൊരു സങ്കരയിനം) കുത്തരിച്ചോറും, ചെമ്മീൻ കറിയും കൂട്ടിയൊന്നു പെടക്കാമെന്നുള്ള സന്തോഷപ്രദമായ ചിന്തയിൽ ചാടി എണീറ്റു. കണ്ണും തിരുമ്മി ചെല്ലുമ്പോൾ കക്ഷി ലാപ്ടോപിനു മുന്നിലിരിക്കുന്നു. ങും. ‘പാചകം.കോം’ നോക്കിയിട്ടാണ് ചെമ്മീൻ കറിയുണ്ടാക്കുന്നത്. സാരമില്ല, എങ്ങനെയായലും നമ്മുക്ക് ചെമ്മീൻ കൂട്ടിയാൽ മതി.

‘പപ്പാ, നാട്ടില് ചെറുപുഴയിലൊക്കെ ഒക്കെ ബാറുണ്ടോ..?’ ചോറും ചെമ്മീനും കൂട്ടി ഉരുട്ടി വിഴുങ്ങുന്നതിനിടയിലാണ്, ഭാര്യയുടെ വക അസാധാരണമായൊരു സംശയം പപ്പയോട്.

‘ഇതെന്താ പതിവില്ലാത്ത രീതിയിലൊരു സംശയം?’ പപ്പക്കും അദ്ഭുതം. ‘ചെറുപുഴയിൽ ബാറുണ്ടന്ന് തോന്നുന്നു..’
‘അതിന്റെ പേരെന്താ’? അടുത്ത ക്വസ്റ്റ്യൻ.
‘വോൾവോ ബാർ എന്നാന്നാ തോന്നുന്നെ.. ഇതെന്താ മോളെ നീയിപ്പോൾ നാട്ടിലെ ബാറിന്റെയൊക്കെ പേരന്വേഷിക്കാൻ’?
‘ങും. അപ്പോൾ നാട്ടിലും കാറിന്റെയൊക്കെ പേരിൽ ബാറുകൾ ഉണ്ട് അല്ലേ..’
എന്നെ നോക്കി പതുക്കെ ചിരിച്ച്കൊണ്ടുള്ള ആ മറുപടി കേട്ടതോടെ ചോറ് എന്റെ തൊണ്ടയിൽ കുടുങ്ങി. ഈശ്വരാ..ഇതെന്താ ഇവളിങ്ങനെ മുന വച്ചുള്ള സംസാരം..

ഊണു കഴിഞ്ഞു. അല്പം വിശ്രമത്തിനു ശേഷം, പതിവ് വീക്കെൻഡ് ഷോപ്പിംഗിനായി ‘ടെസ്കോ’യിലേക്ക് പുറപ്പെട്ടു. ടെസ്കോ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരങ്ങി കറിവേപ്പില മുതൽ ഷേവിംഗ് സെറ്റ് വരെ പറക്കിയിട്ടു - കൂട്ടത്തിൽ, പള്ളിൽ കുർബാനക്ക് കൊടുക്കുന്ന അതേ ഐറ്റമാ, ഈസ്റ്ററൊക്കെയല്ലേ എന്ന് പറഞ്ഞ് അമ്മയെ സോപ്പിട്ട് ഒരു കുപ്പി വൈനും. ഷോപ്പിംഗ് ബാഗുകൾ നിറഞ്ഞ ട്രോളിയും തള്ളി കാർ പാർക്കിലെത്തി, കൊച്ചിനും അമ്മക്കും കയറിയിരിക്കാനായി ഡോർ തുറന്നു. അപ്പോളാണ്,പതിവില്ലാത്തവിധം, കൊച്ചിനെ കാർ സീറ്റിലിരുത്തി ബെൽറ്റൊക്കെയിട്ട് ഭാര്യയതാ ഷോപ്പിംഗ് ബാഗുകൾ ഡിക്കിയിലെടുത്ത് വക്കാൻ സഹായിക്കാൻ വരുന്നു. ഇതെന്താ ഇവൾക്ക് പതിവില്ലാത്തവിധമുള്ള ഹെല്പിംഗ് മെന്റാലിറ്റി എന്നാലോചിച്ച് സന്തോഷിച്ചെങ്കിലും ഉടൻ തന്നെ ഞാൻ അപകടം മണത്തു. ഡിക്കിയുടെ ഒരു മൂലക്കുള്ള സ്മിർനോഫ്.!

‘ഡീ, തണുപ്പല്ലേ..നീ കേറിയിരുന്നോ.. ഞാൻ എല്ലാം എടുത്ത് വച്ചോളാം.’ സ്മിർനോഫ് കുപ്പി ഒരു മൂലയിലേക്ക് ഒതുക്കി വച്ച്കൊണ്ട് ഞാൻ പറഞ്ഞു.

‘സാരമില്ലന്നേ.. എന്റെ കെട്ടിയോൻ മാത്രമല്ലേ എന്നും തണുപ്പ് കൊള്ളുന്നെ. സുഖവും ദുഖവും ഷെയർ ചെയ്യണമന്നല്ലെ ബൈബിളിൽ പോലും പറഞ്ഞിരിക്കുന്നെ..’

സംഗതി കൈവിട്ട് പോയി. ട്രോളിയിനിന്നും ഒരു ബാഗെടുത്ത് ഡിക്കിയിൽ വച്ച് കഴിഞ്ഞു കക്ഷി.

‘പപ്പാ ..ദേ ഇങ്ങോട്ടൊന്ന് നോക്കിക്കേ..’ പരീക്ഷാ ഹാളിൽ നിന്നും കോപ്പിയടി കടലാസ് പൊക്കിയെടുക്കുന്ന ടീച്ചറെപ്പോലെ ക്രൂരമായ ചിരിയോടെ സ്മിർനോഫ് കുപ്പിയെടുത്ത് അവൾ അതിനകം കാറിൽ കയറിക്കഴിഞ്ഞ പപ്പയെ വിളിച്ചു.

‘ദ് .. ദെങ്ങനെ ഇവിടെ..ഹെയ്..എന്റെയൊന്നുമല്ല.. ഇന്നാളെപ്പോളൊ ഓഫീസിന്ന്.. അവന്മാരു..പാർട്ടി നടത്തിയപ്പോ..’. കോപ്പിയടി പിടിക്കപ്പെട്ട വിദ്യാർത്ഥിയായി ഞാൻ. ഹെഡ്മാസ്റ്ററും ടീച്ചറും ഇറങ്ങി. ഞാൻ നിന്ന് പരുങ്ങി.

‘ന്നാലും നിനക്കെങ്ങനെ എന്നെ ഒറ്റുകൊടുക്കാൻ മനസ് വന്നെടീ പാരേ..സോറി ഭാര്യേ.. ഇടക്കൊക്കെ രണ്ട് ബിയർ, അല്ലേ രണ്ട് പെഗ് ഒക്കെ നമ്മുടെ കുടുംബ ഭരണ ഘടനയിൽ നീ അനുവദിച്ചതായിരുന്നല്ലോ.’ അതിവേഗ കോടതിയിലെ വിചാരണയും ശിക്ഷവിധിക്കലും കഴിഞ്ഞ് - (ശിക്ഷ കടിനമാണ്-ഡൈലി കാർ മെറ്റൽ ..സോറി ബോട്ടിൽ ഡിറ്റക്ടർ വച്ച് പരിശോധനയുണ്ടാകും, യമഹാ, സ്വാഹ തുടങ്ങിയ കേരളാ പോലീസ് കണ്ട്പിടിച്ച മന്ത്രങ്ങൾ ജപിച്ചതിനു ശേഷമേ വീട്ടിൽ എൻഡ്രി അനുവദിക്കു..etc.)തളർന്നുറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ ദയനീയമായി ഭാ‍ര്യയോട് ചോദിച്ചു.

ചെമ്മീൻ കറിയുടെ റെസിപി നോക്കാനായി രാവിലെ കമ്പ്യുട്ടറിനു മുന്നിലെത്തിയപ്പോളാണ്, തലേദിവസം ഞാൻ പകുതി ടൈപ്പ് ചെയ്ത് ക്ലോസ് ചെയ്യാൻ മറന്ന ബ്ലോഗ് പേജ് ഭാര്യ കണ്ടത്. രണ്ട് കാര്യങ്ങളാണ് ഈ കടുംകൈ ചെയ്യാൻ കക്ഷിയെ പ്രേരിപ്പിച്ചത്.
1. ഞാൻ ബ്ലോഗെഴുത്ത് തുടങ്ങിയതും, ഒന്നു രണ്ട് പോസ്റ്റിട്ടതും ആൾ അറിഞ്ഞിരുന്നില്ല. അത് രഹസ്യമാക്കി വച്ചതിലുള്ള പ്രതിഷേധം. (ചമ്മൽകൊണ്ടായിരുന്നു ഞാൻ പറയാതിരുന്നത്).
2. ഇടക്കൊരു സ്മാളടിക്കണമെന്നുണ്ടായിരുന്നെങ്കിൽ, അവളോട് തന്നെ കാര്യം പറഞ്ഞ്, പപ്പയും അമ്മയുമറിയാതെ ഒരു കുഞ്ഞി കുപ്പി റൂമിനുള്ളിൽ മേടിച്ച് വച്ചാൽ പോരായിരുന്നോ..എന്തിനാ വല്ല്യ കുടിയന്മാരെപ്പോലെ കാറിലിരുന്നൊക്കെ കുടിക്കാൻ പോയെ..?

‘ശരിയാണ്. എല്ലാം എന്റെ തെറ്റ്. നാളെ തന്നെ ഞാനൊരു കുപ്പി മേടിച്ച് റൂമിൽ വച്ചേക്കാം. പോരെ?.’ ഞാൻ ചോദിച്ചു. മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളത്കൊണ്ട്, പുതപ്പ് വലിച്ച് ചെവി മൂടി ഞാൻ ഉറങ്ങി.

അങ്ങനെ ‘ഫിയസ്റ്റ ബാർ’ പൂട്ടി.
-----------------------------------

14 comments:

  1. ഗെഡീ...ഉന്തുട്ടായാലും സാ‍ധ്നം അടിപൊള്യിട്ടാ‍ാ..

    ൻജ്ജങ്ങടെ നാട്ടാർടെ ഉപദേശം കേട്ട് ആരുതുവരേം ഗൊണം പിടിക്ക്യാതെ വന്നിട്ടില്ലാട്ടാ‍ാ...

    അഔ....നാട്ട് ലെ ഒരു തട്ടുകടടക്കമുള്ള ‘കോളീസ്‘ ബാറിനെകുറിച്ചോർക്കുമ്പോൾ വായിലിപ്പളും കപ്പലോടിക്കാം ...കേട്ടൊ

    ReplyDelete
  2. അടുത്ത യാത്ര വിവരണം എന്ത് ആവും എന്ന് നോക്കിയാ ഞാന്‍ .ഇത് വായിച്ചു എന്താ എഴുതാ എന്ന് അറിയാതെ ഇരിക്കുന്നു .കാരണം കപ്പ ,ബീഫ് ,ചെമ്മീന്‍ ഇതൊക്കെ ആലോചിച്ചു കൊണ്ടും .യാത്ര വിവരണം ബാറില്‍ വായിച്ചും തീര്‍ന്നു ..ചെമ്മീന്‍ കറി എനിക്കും പറഞ്ഞു തരണം ട്ടോ .കൊള്ളാം ട്ടോ ...

    ReplyDelete
  3. അളിയാ താന്‍ വിഷമിക്കാതെ നമുക്ക് ഈ ഫിയസ്ട ബാര്‍ ഉടന്‍ തന്നെ പുനര്‍ ആരംഭിക്കാം . ഈ വരുന്ന മേയ് ഒന്‍പതിന് . നമ്മുടെ "ബൂലോക അലവലാതി " ഈസ്റ്റ്‌ ഹാമിലെ തൃശ്ശൂര്‍ ക്കാരന്‍ ഗഡിയുടെ ആശീര്‍വാദത്തില്‍ .....
    പിന്നെ ഈ പോസ്റ്റ്‌ വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു . ഇത് പോലെ ഇനിയും പോരട്ടെ .. തന്റെ കൂട്ടുകാരന്‍ പറഞ്ഞത് ശരിയാ . കഴിഞ്ഞ പോസ്റ്റ്‌ നീളക്കൂടുതല്‍ ആയിരുന്നു .
    ഇത് കലക്കി ....

    ReplyDelete
  4. കലക്കി മാഷേ. രസികന്‍ എഴുത്ത്, അവതരണം.

    എന്നാലും ബാര്‍ തുടങ്ങിയതും ഒടുങ്ങിയതും ഇത്ര പെട്ടെന്നായിപ്പോയല്ലോ :)

    ReplyDelete
  5. പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
    നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
    Date&Time :- 09-05-2010 & 10.30am To 19.00 pm
    Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
    :-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
    How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
    Muralee :-07930134340
    Pradeep :-07805027379
    Vishnu :-07540426428

    ReplyDelete
  6. അളിയാ... കാറ് ബാറ് കൊള്ളാം കലക്കി കേട്ടോ

    ReplyDelete
  7. പുളു! പുളു!

    ഫിയസ്റ്റ ബാർ പൂട്ടിയിട്ടൊന്നുമില്ല!

    ഫാര്യയെ പേടിച്ച്, പൂട്ടി എന്നെഴുതി വച്ചതല്ലേ!!?

    കലക്കൻ കഥ!

    ReplyDelete
  8. ഹഹ രസികന്‍ അവതരണം. ശൈലി.

    (ഫിയസ്റ്റ ബാര്‍ പൂട്ടി എന്ന് ടൈപ്പുചെയ്തു വെച്ചിട്ട് സൈന്‍ ഔട്ട് ചെയ്യാതെ പോയില്ലേ,ഭാര്യ അത് വായിച്ച് വിശ്വസിക്കേം ബാര്‍ പൂര്‍വാധികം ശക്തിയായി പുനരാരംഭിച്ചില്ലേ കള്ളാ) :)

    ReplyDelete
  9. ‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ' ജിനി സ്കോറിങ്ങ് :)

    ‘ബൌദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് എന്റെ വായനക്കാർ’ പിന്നല്ലാതെ... :)

    യമഹാ, സ്വാഹ തുടങ്ങിയ കേരളാ പോലീസ് കണ്ടുപിടിച്ച മന്ത്രങ്ങൾ.

    അങ്ങനെ ഒരുപാടുണ്ട് എടുത്ത് പറയാന്‍. പോരട്ടെ ഇമ്മാതിരി കടുവറുത്ത പോസ്റ്റുകള്‍ ഇനീം :)

    ReplyDelete
  10. @ബിലാത്തിപ്പട്ടണം - മൂന്ന് കൊല്ലത്തോളം ഈയുള്ളവന്‍ വന്നുപോയിരുന്നു ബിലാത്തിയില്‍. അന്നൊന്നും നടത്താത്ത ഒരു മല്ലു ബ്ലോഗ് മീറ്റ്, വെടിപറയല്‍, ഈസ്റ്റ് ഹാം കറക്കം.

    ങുഹും...നടക്കട്ടെ നടക്കട്ടെ. എന്തായാലും ഈ കൊടും കൃത്യത്തിന് എല്ലാവര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷതന്നെ കിട്ടും. വേറൊന്നുമല്ല.വൈകുന്നേരത്തെ ജനകന്‍ സിനിമ തന്നെ :) :)

    മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  11. ‘ഫിയസ്റ്റ ബാറിൽ’ വന്ന എല്ലാർക്കും, നന്ദിസൂചകമായി രണ്ട് സ്മാള് സൌജന്യമായി തരുന്നതായിരിക്കും :)

    നിരക്ഷരൻ ചേട്ടാ,‘ജനകൻ’ സിനിമ കാണുന്നു എന്ന് കേട്ടതോടെ ഞാൻ ലണ്ടനിലേക്ക് ബുക്ക് ചെയ്ത ട്രയിൻ ടിക്കറ്റ് കാൻസൽ ചെയ്ത് മീറ്റ് ബഹിഷ്കരിച്ചു.

    ReplyDelete
  12. നശിപ്പിച്ചു, ഇതൊക്കെ പരസ്യമാക്കിയാല്‍ ഞാനൊക്കെ എന്തോ ചെയ്യും??
    ഈ കമന്‍റ്‌ എനിക്ക് പാര ആകുമോ എന്ത്?

    ReplyDelete
  13. ചുമ്മാ ഇത് വഴി വന്നത് ആണ് ..സിജോ, എന്നെയും ഇവരുടെ കൂടെ (രണ്ടു സ്മാള്‍ )കൂട്ടണ്ടാട്ടോ ..ഹഹ .ബ്ലോഗ്‌ മീറ്റ്‌ കൊള്ളാമായിരുന്നു .. വളരെ കുറച്ചു സമയം ഉണ്ടായിരുന്നു ഉള്ളു . എനിക്ക് ദോശ കഴിക്കാന്‍ പോകാനും കഴിഞ്ഞില്ല ,സിനിമയും കണ്ടില്ല .ബിലാത്തി വിശേഷവുമായി മുരളീ ചേട്ടന്‍ വരുന്നതും നോക്കി ഇരിക്കുന്നു .ആരും എഴുതിയില്ല എങ്കില്‍ ഞാന്‍ എഴുതാം .ഫോട്ടോസ് കുറച്ചു എടുത്തിട്ടുണ്ട് .ഷാമിന്‍ ആയിരുന്നു .(official photo grapher ).

    ReplyDelete