Thursday, 2 June 2011

ഒരു ‘ക്രോസ് കണ്ഡ്രി‘ വീരഗാഥ..

2003ലെ ഏപ്രിൽ മാസം.

‘ജീവിതം യൌവന തീക്ഷണവും, പ്രണയസുരഭിലവുമായിരുന്ന’ ഒരു കാലഘട്ടത്തെ, അപ്രതീക്ഷിതമായി അറേബ്യൻ മരുഭൂമിയേക്കാൾ വരണ്ട സൌദി അറേബ്യയിലെ ജീവിതത്തിലേക്ക് പറിച്ച് നട്ട അഞ്ച് മാസങ്ങൾ.. ജീവിതത്തോട് എല്ലാ രീതിയിലും വിരക്തി തോന്നി തുടങ്ങിയ ദിവസങ്ങൾ.. വല്ലപ്പോഴും വെള്ളിയാഴ്ചകളിൽ അൽ-കോബാറിൽ പോയി ബഹറൈനിലേക്ക് നീണ്ട് കിടക്കുന്ന സൌദി-ബഹറൈൻ കോസ് വേ കടൽ പാലം കണ്ട്, ആ‍ പാലത്തിനക്കരെ സൌദിയിലേത് പോലെ കരി നിയമങ്ങളും, നിയന്ത്രങ്ങളുമില്ലത്ത ബഹറൈൻ എന്നൊരു സ്വപ്ന ഭൂമി ഉണ്ട്, വിധിയുണ്ടങ്കിൽ എന്നെങ്കിലുമൊരിക്കൽ അവിടെ പോകണം എന്ന ആഗ്രഹവും, പിന്നെ കൂടെ താമസിക്കുന്നവർ എല്ലവരും ഇടക്കിടെ പിരിവെടുത്ത് വാങ്ങി കഴിക്കുന്ന “അറേബ്യൻ മട്ടൺ കബ്സയും”, ഒഴിച്ചാൽ, വേറൊന്നും സ്വപ്നം കാണാൻ പോലുമില്ലാത്ത നാളുകൾ..

അൽ-കോബാറിനടുത്ത റാസ്റ്റനൂറ എന്ന ചെറു പട്ടണത്തിലെ, “അൽ ഷഹ്രാണി” (അലുകുലുത് , അൽ- &*$%“| എന്നൊക്കെ ഞങ്ങൾ മലയാളീകരിച്ച) ഞങ്ങളൂടെ കമ്പനി ഓഫീസ്.

പതിവ് പോലൊരു ബ്രേക് ഫാസ്റ്റ് ബ്രേക്കിൽ, ഓഫീസിനോട് ചേർന്നുള്ള കഫ്റ്റേരിയയിൽ ഒണക്ക കുബൂസ്, മഴക്കാലത്തെ ‘രയറോം പുഴപോലെ’ ചാറുള്ള കടല കറി കൂട്ടി തട്ടി വിടുമ്പോളാണ് ഓഫീസിലെ HR മനേജർ കൊല്ലംകാരനായ ജേക്കബ് ചേട്ടൻ, ഭാര്യയുണ്ടാക്കി കൊടുത്ത ദോശയുമായി ഹാളിലേക്കെത്തി എന്നോട് പറഞ്ഞത് :
“ഡേ പയ്യൻസ്.. നിനക്ക് ഒടുക്കത്തെ ഭാഗ്യമാ കേട്ടോ.. ബഹറൈൻ ഓഫിസിലെ ജെറി പറഞ്ഞിട്ട് നിനക്ക് ആറു മാസത്തെ മൾട്ടിപിൾ റി എന്റ്രി വിസ അടിച്ചിട്ടുണ്ട്. അവിടെ നിന്നേക്കൊണ്ട് എന്തരോ പണിയുണ്ടന്ന്.”

കുബൂസ് എന്റെ തൊണ്ടയിൽ കുരുങ്ങി; എന്റെ മാത്രമല്ല,ആദ്യത്തെ വിമാനയാത്രയിൽ നെടുമ്പാശ്ശേരി മുതൽ കൂടെയുണ്ടായിരുന്ന സേവ്യർ, ഒപ്പം ജോലിചെയ്യുന്ന സിൽവസ്റ്റർ, വിജു, ജോൺ എല്ലാവരും ഒരു നിമിഷം കുബൂസ് താഴെ വച്ച് അവിശ്വസിനീയതോടെ എന്നെയും ജേക്കബ് ചേട്ടനേയും നോക്കി. നാട്ടിൽ നിന്നേ പരിചയമുള്ള ബഹറൈൻ ഓഫിസിലെ ജെറി, കമ്പനി ലേബലില്ലാതെ പേർസണലായി എടുക്കുന്ന ഡിസൈൻ പണികൾ കാശൊന്നും മേടിക്കാതെ ചെയ്ത് കൊടുക്കുന്നതിന് പകരമായി,‘എന്നെ എത്രേം പെട്ടന്ന് ഈ നരകത്തീന്ന് ഒന്ന് രക്ഷിച്ച് ബഹറൈനിലേക്ക് കൊണ്ട് പോ, അല്ലങ്കിൽ നിങ്ങടെ ഒരു പണിം ഇനി ചെയ്യില്ല’ എന്ന് കുഞ്ഞാലികുട്ടി-മാണി സ്റ്റൈലിൽ നടത്തിയ സമ്മർദ്ദ തന്ത്രം ഫലം കണ്ടിരിക്കുന്നു.!

പിന്നീടുള്ള ദിവസങ്ങളിൽ, ‘ദേ ഇപ്പ ഇത് തീർക്കണം, അത് തീർക്കണം' എന്നൊക്കെ പറഞ്ഞ് ചൊറിയാറുള്ള ഐടി മാനേജർ ജോണിനോടൊക്കെ ‘ഒന്ന് പോടാപ്പ‘ എന്നൊരു മനോഭാവം വന്നതും, ഗൂഗിളിൽ ബഹറൈനേപറ്റി സെർച്ച് ചെയ്ത് സമയം കളഞ്ഞതുമൊഴിച്ചാൽ, ഞാൻ പക്ഷേ കൂളായിരുന്നു.

ബഹറൈനിലേക്ക് ഇന്ന് വിടും നാളെ വിടുമെന്ന് കരുതി പെട്ടിയിൽ അവശ്യസാധനങ്ങളെല്ലാം പായ്ക് ചെയ്ത് റെഡിയാക്കി ദിവസങ്ങൾ കഴിഞ്ഞു. ‘വന്ന് ആറ് മാസമാകുന്നതിനു മുൻപേ ബഹറൈനിലേക്ക് വേണേൽ ഡൈലി പോയി വരാൻ പറ്റുന്ന രീതിയിൽ വിസയടിച്ച ഭാഗ്യവാൻ’ എന്ന അസൂയയോടെ എന്നെ നോക്കിയിരുന്ന സഹപ്രവർത്തകർക്ക് ദിവസങ്ങൾ കഴിയും തോറും ആശ്വാസം കൂടി വന്നു. ഇത് ആ ജേക്കബ് ചേട്ടൻ ചുമ്മാ ഇറക്കിയ നമ്പറാ, എന്ന് പല സൈഡിൽ നിന്നും അശരീരി കേൾക്കാനും തുടങ്ങിയതോടെ ഞാൻ കൂടുതൽ അസ്വസ്ഥനായി.

മലയാളിയായ ബോസിന്റെ ഓഫിസിനു മുൻപിലൂടെ അങ്ങോടുമിങ്ങോടും വെറുതെ നടന്നും, കമ്പ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനാണന്ന വ്യാജേന കക്ഷിയുടെ ഓഫിസിലെത്തി, ‘ദേ സാർ ഞാനിവിടെയുണ്ട്, എന്തായി എന്നെ ബഹറൈനിലോട്ട് വിടുന്ന കാര്യം?” എന്ന് ഇൻഡയറക്ടായി ചോദിച്ചുകൊണ്ട് കുറെ ദിവസങ്ങൾ നോക്കി. നോ പ്രതികരണം. ബഹറൈൻ സ്വപ്നം തന്ന് കൊതിപ്പിച്ച ജേക്കബ് ചേട്ടനെ കാണുന്നത് തന്നെ ദേഷ്യമായി തുടങ്ങി.

അങ്ങനെ, ഒരു വ്യഴാഴ്ച ഉച്ചകഴിഞ്ഞ്..

ദൂരെ മരുഭുമിയിൽ നിന്നടിക്കുന്ന വരണ്ട മണൽകാറ്റിൽ, ഓഫീസിനു പുറത്തെ പനകളിൽ കായ്ച്ച് കിടക്കുന്ന ഈന്തപ്പഴങ്ങൾ പഴുത്തോയെന്ന് ഞെക്കി പരിശോധിച്ച്കൊണ്ട്, താമസ സ്ഥലത്തേക്ക് പോകാനുള്ള വണ്ടിയും കാത്ത് നിൽകുമ്പോൾ പുറകിൽ നിന്ന് ജേക്കബ് ചേട്ടന്റെ വിളി വന്നു. “ഹെയ്..നീയിവിടെ കുറ്റിയടിച്ച് നിക്കുവാണോ. ഇന്ന് വൈകിട്ട് ഖാലിദ് ബഹറൈനിലേക്ക് പോകുമ്പോ നീയും കൂടെ പോണം.. വേഗം റൂമിൽ പോയി നിന്റെ പെട്ടിയൊക്കെ പായ്ക്ക് ചെയ്യ്.”

സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാൻ കൈയിലൊന്ന് നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. ഓഫീസിലെ ഡ്രൈവർ വരാനൊന്നും കാത്ത് നിന്നില്ല; റോഡിലൂടെ പോയ ഒരു ടാക്സി കൈ കാണിച്ച് നിർത്തി റൂമിലെത്തി. കുളിച്ച് റെഡിയായി, ആഴ്ചകൾക്ക് മുൻപേ പായ്ക് ചെയ്ത് വച്ചിരിക്കുന്ന പെട്ടിയുമെടുത്ത്, മൊബൈലിൽ സ്പോൺസർ അറബിയുടെ മകനായ ഖാലിദിന്റെ വിളി വരുന്നതും നോക്കിയിരുപ്പായി. മിനിറ്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം.. കാത്തിരിപ്പിനൊടുവിൽ മൊബൈലിൽ ഖാലിദിന്റെ റിംഗ്. അസൂയയോടെ, സങ്കടത്തോടെ നിൽക്കുന്ന കൂട്ടുകാരോട് തൽകാലത്തേക്ക് ബൈ പറഞ്ഞ് റൂമിൽ നിന്നിറങ്ങി.

ഖാലിദിന്റെ മെർസിഡസ് എസ് ക്ലാസ് ഒരു മൂളലോടെ വന്ന് നിന്നു. ജീവിതത്തിലാദ്യമായാണ് ഒരു ബെൻസ് കാറിൽ കേറാൻ പോകുന്നത്. അതിന്റെ പകപ്പോടെ നിൽക്കുമ്പോൾ, മുന്നിലെ ചില്ല് ഡോർ മുകളിലേക്ക് തുറന്ന് വന്നു.
‘യാള്ള..ഗെറ്റിൻ ബ്രദർ.’ അമേരിക്കയിൽ പോയി പഠിച്ചത് കൊണ്ട് ഖാലിദിന് ഇംഗ്ലീഷറിയാം. ആനപ്പുറത്തിരിക്കുന്ന അണ്ണാനെപോലെ വിശാലമായ പതുപതുത്ത സീറ്റിൽ ഞാൻ ആസനസ്ഥനായി. ഡോർ താനെ അടഞ്ഞു. ‘ചിയറപ് ബ്രദർ..’ ഖാലിദ് ഒരു കോളയുടെ കാൻ എന്റെ നേർക്ക് നീട്ടി. അത്തറിന്റെയും പെർഫ്യൂമിന്റെയും രൂക്ഷഗന്ധം. കാതടപ്പിക്കുന്ന ശബ്ദത്തിൽ സ്റ്റീരിയോയിൽ അറബിക് സംഗീതം. അതിനെയും വെല്ലുന്ന ഉച്ചത്തിൽ തൊണ്ടകീറി പാടുന്ന ഖാലിദ്. ഒരുവിധം നല്ല സ്പീഡിൽ പോയാലും അരമണിക്കുറിൽ കൂടുതലെടുക്കാറുള്ള അൽ-കോബാറിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തി. ഖാലിദിന്റെ ഒരു സുഹ്രുത്ത് അവിടെ നിന്ന് കയറിയപ്പോൾ ഞാൻ പുറകിലെ സീറ്റിലേക്ക് മാറി.

ബഹറൈനിലേക്കുള്ള കിംഗ് ഫഹദ് കടൽ പാലത്തിലൂടെ കാർ ഓടിക്കൊണ്ടിരുന്നു. പിന്നിൽ ചെറുതായി ചെറുതായി കാഴ്ചയിൽ നിന്ന് മറഞ്ഞ് തുടങ്ങുന്ന സൈദി തീരവും, ഇരുവശങ്ങളിലും അലയടിക്കുന്ന സമുദ്രവും നോക്കി ഞാനിരുന്നു. 25കി.മിറ്ററോളം ദൂരമുള്ള കോസ് വേയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഒരു ചെറു ദ്വീപ് പോലെയുള്ള ഇരു രാജ്യങ്ങളുടെയും ബോർഡർ സ്റ്റേഷനെത്താറായതോടെ വാഹനങ്ങളുടെ നീണ്ട ക്യു കാണാൻ തുടങ്ങി. വീകെൻഡ് കുത്തിമറിഞ്ഞ് ആഘോഷിക്കാൻ ബഹറൈനിലേക്ക് പോകുന്ന സൌദികളുടെ തിരക്ക്. ക്യൂവിലൂടെ ഇഴഞ്ഞ് നീങ്ങി സൌദി-ബഹറൈൻ എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം കഴിഞ്ഞു.. ഒന്നിനും കാറിൽ നിന്നിറങ്ങേണ്ടി പോലും വന്നില്ല. ഒരാഴ്ചത്തെ വിസയാണ് അടിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ സൌദി ജീവിതത്തിന്റെ ശ്വാസം മുട്ടലിന് ഒരു ചെറിയ ബ്രേക്ക്.

ബഹറൈനിൽ ഖാലിദിന്റെ താമസം ഹോട്ടൽ ഷെറാട്ടണിലാണ്. കമ്പനിയുടെ ബഹറൈനിലെ മാർകറ്റിംഗ് ചെയ്യുന്ന ജെറിയുടെ കൂടെയാണ് എന്റെ താമസം. ജെറി വരുന്നത് വരെ ഖാലിദിനൊപ്പം ഷെറാട്ടണിലെ ഒരു റെസ്റ്റോറന്റിൽ ജീവിതത്തിലാദ്യമായി അറേബ്യൻ ബെല്ലി ഡാൻസും കണ്ട് ബിയറും കുടിച്ചിരുന്നു. അധികം വൈകാതെ ജെറിയെത്തി. കമ്പനിയുടെ മെയിൻ ജോലികളെല്ലാം നടക്കുന്നത് സൌദിയിലായത്കൊണ്ടും, ജെറിയും, ഡ്രൈവർ അനിലുമല്ലാതെ വേറെ സ്റ്റാഫുകളാരുമില്ലാത്തത്കൊണ്ടും, ബഹറൈനിൽ കാര്യമായ ഓഫീസ് സെറ്റപ്പുകളൊന്നുമില്ല. ജെറി താമസിക്കുന്ന ഫ്ലാറ്റിലെ ഒരു മുറിയാണ് ഓഫിസ്. ഒരു കമ്പ്യുട്ടർ ഷോപ്പിൽ ജോലി ചെയ്യുന്ന ഷിഹാബുദ്ദിൻ എന്ന ഷിബുവും, ജോർജ്ജും, ബോബിയുമുൾപ്പടെ സമപ്രായക്കാരായ ഗഡിസുമുണ്ട് ഫ്ലാറ്റിൽ.

രാവിലെ അലാം വച്ചെഴുന്നേൽക്കണ്ട, ‘പണ്ടാരമടങ്ങി വർക്ക് ചെയ്യുന്നുണ്ട്’ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി, ചെയ്ത് തീർത്ത വർക്കുകളൂടെ ഫയലുകൾ വീണ്ടും തുറന്ന് വച്ച് ചുമ്മാ സ്ക്രീനിൽ നോക്കിയിരുന്ന് സമയം കളയേണ്ട. തോന്നുമ്പേളെഴുന്നേറ്റ്, രണ്ടോ മൂന്നോ മണിക്കൂർ മാത്രം ചെയ്യാനുള്ള ജോലികൾ അടുത്ത റൂമിലെ കമ്പ്യൂട്ടറിൽ പോയിരുന്ന് ചെയ്ത്, ബാക്കി സമയം താഴെ കമ്പ്യൂട്ടർ ഷോപ്പിൽ പോയി സഹമുറിയന്മാർ ഷിബുവും പിള്ളേരോടും കത്തി വച്ചിരിക്കാം. അനിൽ ഫ്രിയാണങ്കിൽ അവന്റെയൊപ്പം കണ്ണൂർ ജില്ലയുടെ മാത്രം വലിപ്പമുള്ള ബഹറൈൻ ചുറ്റിയടിക്കാം. നഷ്ടപ്പെട്ട ഒരു കോളേജ്-ഹോസ്റ്റൽ ജീവിതം തിരികെ കിട്ടിയത് പോലെയായിരുന്നു എനിക്ക്.

സെറ്റ് സാരിയുടുത്ത മലയാളി ചേച്ചിമാർ സെർവ് ചെയ്യുന്ന ‘നാലുകെട്ട്, തറവാട്, കല്പക’ തുടങ്ങിയ കേരളാ റെസ്റ്റോറന്റ്സ് വിത്ത് ബാർ.. DJ യും, ഇംഗ്ലീഷ് ബാൻഡുകളുമുള്ള നൈറ്റ് ക്ലബുകൾ.. ഡാൻസ് ബാർ എന്നറിയപ്പെടുന്ന ഇന്ത്യൻ-അറബിക് മുജ്രകൾ.. ചിലവു കുറഞ്ഞ രീതിയിൽ കള്ള് കുടിക്കാൻ ‘കർണാടക ക്ലബിന്റെയും, ഇന്ത്യൻ ക്ലബിന്റെയും റൂഫ് ടോപ് ബാറുകൾ.. ഞായറാഴ്ച കുർബാന കാണാൻ പള്ളി.. മലയാള സിനിമകൾ റിലീസാവുന്ന തിയറ്റർ.. വൈകിട്ട് കൂട്ടുകാരൊത്ത് മനാമ ബീച്ചിലെ ഫുട്ബോൾ കളി. സൌദിയിൽ നിന്ന് ചെന്ന എനിക്ക് ബഹറൈൻ ജീവിതം ഒരു ‘ലാസ് വെഗാസ്’ ഹോളിഡേ പോലെയായിരുന്നു.

ദിവസങ്ങൾ പോയതറിഞ്ഞില്ല.

“ഡാ, നിന്റെ വിസയിന്ന് തീരുവല്ലേ.. നിന്നെ തിരിച്ച് സൌദിലേക്ക് വിട്ടേക്കാൻ ബോസ് വിളിച്ച് പറഞ്ഞിട്ടുണ്ട്..”

ഉറക്കമുണർന്നിട്ടും ബെഡിൽ നിന്നെണീക്കാതെ, അന്നത്തെ ‘കലാപരിപാടികളുടെ’ മാസ്റ്റർപ്ലാൻ മനസ്സിൽ തയ്യാറാക്കികൊണ്ട് കിടക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് ജെറിയുടെ വാക്കുകൾ ഒരു ബോംബ് പോലെ വന്ന് പതിച്ചു. അടിച്ച്പൊളിച്ച് ബഹറൈൻ ജീവിതമാസ്വദിക്കുന്നതിനിടയിൽ, ഒരാഴ്ചത്തെ വിസയുടെ കാര്യമൊക്കെ ഞാൻ മറന്ന് പോയിരുന്നു.

“ങ്ങേ.. എന്താ പറഞ്ഞെ..?” ഞെട്ടലോടെ കട്ടിലിൽനിന്ന് ചാടിയെണീറ്റു ഞാൻ.

“നിന്റെ ഒരാഴ്ചത്തെ വിസ ഇന്ന് കൊണ്ട് തീരുവല്ലേ. സൌദിന്നാരും ഈ വീകെൻഡ് ഇങ്ങോട്ട് വരുന്നില്ലന്ന്. ഇവിടെ എയർപോർട്ടിന്ന് ദമാമിലേക്ക് ബസ്സൊണ്ട്, നിന്നെ അതിൽ കേറ്റി വിട്ടേക്കാൻ പറയുന്നു അങ്ങേര്..” ജെറി പറഞ്ഞു.

“ജെറിഭായി..പ്ലീസ്. ഇവിടെ അർജന്റ് വർക്കുണ്ടെന്നോ എന്തെങ്കിലും പറഞ്ഞ് എന്നെയിവിടെ നിർത്തോ.. ഇപ്പയിനി പോയാൽ അടുത്ത കാലത്തൊന്നും എന്നെയിങ്ങോട്ട് വിടില്ലാ..പ്ലീസ്..” ഞാൻ നെലവിളിയോടെ ജെറിയുടെ കാലിൽ വീണു.

“നീയിവിടെ നിൽക്കുന്നേന് എനിക്കൊരു കുഴപ്പോമില്ലട, പക്ഷെ വിസ തീർന്നില്ലേ.. ഇല്ലീഗലായി നിന്നാ ചെലപ്പോ പിന്നെയിങ്ങോട്ട് വരാൻപറ്റാണ്ടാവും..അതാ പ്രശ്നം. അല്ലങ്കിൽ വിസ എക്സ്റ്റൻഡ് ചെയ്യണം..അതിന് ഇവിടുത്തെ ഗവണ്മെന്റ് ഓഫീസ്കളൊക്കെ ഉച്ചയാകുമ്പോ അടയ്ക്കും..വീകെൻഡ് അല്ലേ.” ജെറി തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി.

“വേറൊരു ഓപ്ഷനുണ്ട്. ഇവിടെ ഷോർട് വിസിറ്റിന് സൌദിന്ന് വരാറുള്ള മലയാളി ബിസിനസ്കാരൊക്കെ വിസ എക്സ്റ്റൻഡ് ചെയ്യുന്ന ഒരു കുറുക്ക് വഴി.” ടിവിയുടെ മുന്നിലായിരുന്ന അനിൽ എന്റെ ബഹളം കേട്ടെഴുന്നേറ്റ് വന്ന് പറഞ്ഞു.

‘ഏന്തുവാ..വേഗം പറഞ്ഞ് തൊലക്ക്. മനുഷ്യനിവിടെ ടെൻഷനടിച്ചിരിക്കുവാ..”

“കോസ് വേയിൽ പോയി, ബഹറൈൻ എക്സിറ്റ് ചെയ്ത്, സൌദി ഇമിഗ്രേഷനിൽ എന്റ്രി സ്റ്റാമ്പ് ചെയ്ത് അതിലെയൊന്ന് കറങ്ങി തിരിച്ച് വീണ്ടും ബഹറൈനിലേക്ക് എന്റ്രി ചെയ്യുക.. നിനക്ക് മൾട്ടിപ്പിൾ റി-എന്ര്ട്രി വിസയല്ലേ.. അപ്പോ നീ ആദ്യം വന്നത് പോലെ തന്നെ ഒരാഴ്ചത്തയോ മറ്റോ വിസ അവരടിച്ച് തരും."
"പക്ഷേ, നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയാത്ത, സൈദി ബഹറൈൻ ലൈസൻസൊന്നുമില്ലാത്ത ഞാനെങ്ങനെ കോസ് വേ കറങ്ങി വരും..?”
"അതാ പ്രശ്നം. പിന്നെ ഒരേയൊരു ചാൻസുള്ളത് - നീ റിസ്കെടുക്കാൻ തയാറാണേൽ, ഞാൻ കോസ് വേയിൽ, ബഹറൈൻ ബോർഡർ വരെ കൊണ്ട് വിടാം. ഒരു അര കിലോമിറ്ററെങ്ങാണ്ട് ദൂരമല്ലേയുള്ളു, സൈദി എമിഗ്രേഷനിലേക്ക്.. അത് നീ നടന്ന് പോയി വിസ അടിച്ച് തിരികെ വരിക. ഒരു രാജ്യത്തിന്റെ ബോർഡർ നടന്ന് ക്രോസ് ചെയ്യണം എന്ന ഒരു ഡിപ്ലോമാറ്റിക് ഇഷ്യു ഒഴിച്ചാൽ ലീഗലി നീ ഓകെയാണ്.”
അനിൽ ഭയങ്കരമായ ചില ഡിപ്ലോമാറ്റിക് പോയന്റുകൾ വെളിപ്പെടുത്തി.

സൈദി വിസയില്ലാത്തത്കൊണ്ട് അനിലിന് ബഹറൈൻ ചെക് പോയന്റ് വരയെ വരാൻ പറ്റു. സൌദി ബോർഡറിലേക്ക് നടന്ന് പോകുക! ആദ്യമായി ദമാം എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ, ബാഗിൽ കുറച്ച് സി.ഡികളുണ്ടായതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളോർത്തപ്പോൾ തന്നെ മനസ്സൊന്ന് കിടുങ്ങി.

സൌദി ബോർഡർ നടന്ന് ക്രോസ് ചെയ്യുക എന്ന ‘ഭീകര ദൌത്യം’ മുന്നിൽ നിൽക്കുമ്പോളും എന്ത് ത്യാഗം സഹിച്ചും ബഹറൈനിൽ നിൽക്കണമെന്ന ആഗ്രഹം കാരണം, രണ്ടും കല്പിച്ച്, ‘യെസ്..ലെറ്റ്സ് ഡു ഇറ്റ്’ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വൈകാതെ തന്നെ അനിലും ഞാനും വണ്ടിയെടുത്തിറങ്ങി. വ്യാഴാഴ്ചയാത്കൊണ്ട് കമ്പ്യൂട്ടർ ഷോപ്പ് നേരത്തെ അടച്ച് റൂമിൽ വന്ന ഷിബുവും ഒപ്പം കൂടി.

കോസ് വേയിൽ, ബഹറൈൻ എമിഗ്രേഷൻ ചെക് പോസ്റ്റിനടുത്ത് കാർ പാർക്കിൽ വണ്ടി നിർത്തി. ഒന്ന്-ഒന്നര മണിക്കുർ; അതിനുള്ളിൽ കറങ്ങി തിരിഞ്ഞ് വരാമെന്നുള്ള പ്രതീക്ഷയിൽ, അവരോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ഞാനിറങ്ങി. നേരെ ബഹറൈൻ എക്സിറ്റ് ചെക്ക് പോസ്റ്റിലേക്ക് നടന്നു. സൌദിയിലേക്ക് പോകുന്ന ചില കാറുകൾ എന്നെ കടന്ന് പൊയ്ക്കോണ്ടിരുന്നു. എങ്കിലും കാര്യമായ ക്യു ഒന്നുമില്ല. പക്ഷേ ദൂരേ എതിർവശത്ത് ബഹറൈനിലേക്ക് പോകാനുള്ള വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. എന്നെ കടന്ന് പോയ ഒന്ന് രണ്ട് കാറുകളുടെ തിരക്കൊഴിഞ്ഞപ്പോൾ, പതുക്കെ സെക്യൂരിറ്റിയിലുള്ള പട്ടാളക്കാരുടെയടുത്ത് ചെന്ന് കാര്യം പറഞ്ഞു; മറുപടിയൊന്നും പറയാതെ ‘പോയി തൊലയ്’ എന്ന അർത്ഥത്തിൽ കൈ വീശി കാണിച്ചു. എമിഗ്രേഷനിലിരിക്കുന്ന ബഹറൈനിയും കൂടുതലൊന്നും ചോദിക്കാതെ ‘എക്സിറ്റ്’ സ്റ്റാമ്പ് ചെയ്ത് പാസ്പോർട്ട് എന്റെ നേർക്കിട്ടു.

ബഹറൈൻ അതിർത്തി കഴിഞ്ഞു. ഇനിയാണ് ശരിക്കുമുള്ള പരീക്ഷണം. അല്പദൂരം നടന്നപ്പോഴേക്കും, അകലെ ‘വെൽകം ടു ദ് കിംഗ്ഡം ഓഫ് സൌദി അറേബ്യ’ എന്നെഴുതിയ ബോർഡും, അതിന് താഴെയുള്ള എന്റ്രി ഗേറ്റിൽ, എന്നേക്കാൾ പൊക്കമുള്ള എ.കെ47 തോക്കും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൌദി ബോർഡർ ഫോഴ്സിലെ രണ്ട് പട്ടാളക്കാരെയും കണ്ടതോടെ നെഞ്ചിടിപ്പ് കൂടി.. നടപ്പിന്റെ സ്പീഡ് കുറഞ്ഞു. സൌദി ഗേറ്റ് വേയുടെ അടുത്തെത്താറായി. ദൂരെ നിന്നേ എന്നെ കണ്ടപ്പോൾ, തോക്കും നിലത്ത് കുത്തി സൊറ പറഞ്ഞിരിക്കുകയായിരുന്ന സെക്യൂരിറ്റി പട്ടാളക്കാർ ചാടിയെണിറ്റ് എന്നെ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടതോടെ അവശേഷിച്ചിരുന്ന ധൈര്യവും ആവിയായി തുടങ്ങി. നടപ്പ് തീരെ പതുക്കെയായി.. എന്നെ നോക്കികൊണ്ട് നിന്നിരുന്ന പട്ടാളക്കാരിലൊരുവൻ, തോക്കുമെടുത്ത്, അറബിയിൽ ഉച്ചത്തിലെന്തൊക്കെയൊ പറഞ്ഞുകൊണ്ട് എന്റേ നേരെ നടന്നടക്കുന്നത് കണ്ടതോടെ,കണ്ണിലിരുട്ട് കേറി. യുദ്ധഭൂമിയിൽ ശത്രുവിനു മുന്നിൽ കീഴടങ്ങിയ പട്ടാളക്കാരൻ വെള്ളത്തുവാല എടുത്ത് വീശിക്കാണിക്കുന്നത് പോലെ, ഞാൻ പാസ്പോർട്ടെടുത്ത് ഉയർത്തി കാണിച്ച് അവിടെ നിന്നു. അയാൾക്ക് പിന്നാലെ മറ്റ് പട്ടാളക്കാരനും എന്റെ നേരെ വരുന്നത് കണ്ടതോടെ ഇനിയവിടെ നിന്നാൽ പൊകയാകുമെന്ന് എനിക്കുറപ്പായി. രണ്ടൂം കല്പിച്ച് ഒന്നുമറിയാത്തത് പോലെ തിരിഞ്ഞ് നടന്നു. പുറകിൽ നിന്ന് അറബിയിൽ ഉച്ചത്തിലെന്തൊക്കെയോ കേൾക്കുന്നുണ്ട്. പെട്ടന്ന്, റോഡരികിലായി ഒരു കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന ഒരു പിക്കപ്പ് വാനും, അതിൽ എന്തോ സാധനം ലോഡ് ചെയ്യുന്ന ബംഗാളിയെന്ന് തോന്നിക്കുന്ന ഒരാളും എന്റെ കണ്ണിൽ പെട്ടു. കഴുത്തിൽ ഐഡന്റിറ്റി കാർഡ് കാണാം. കോസ് വേയിലെ ഏതോ ജോലിക്കാരനാണ്. ഒറ്റയോട്ടത്തിന് അയാളുടെ പിക്കപ്പിനു പിന്നിലൊളിച്ച്, തിരിഞ്ഞ് നോക്കി. പട്ടാളക്കാർ അല്പദൂരം വന്ന് ചുറ്റും നോക്കി തിരിഞ്ഞ് നടന്നിരുന്നു.

‘ദൈവമേ.. ഇനിയെന്താണൊരു വഴി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയായല്ലോ’ എന്നോർത്തുകൊണ്ട് നിൽക്കുമ്പോൾ, പിക്കപ്പിന് പിന്നിൽ സാധനങ്ങൾ ലോഡ് ചെയ്ത് കഴിഞ്ഞ് തിരിഞ്ഞ ബംഗാളി എന്നെ കണ്ടു. അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും, പിന്നെ പാസ്പോർട്ട് കാണിച്ചും അവനെ ഒരുവിധത്തിൽ കാര്യം ബോദ്ധ്യപ്പെടുത്തി. “എടാ മണ്ടൻ മദ്രാസി, നിനക്ക് തോന്നുന്നുണ്ടോ സൈദി ബോർഡർ നടന്ന് ക്രോസ്സ് ചെയ്ത് നിനക്ക് ജീവനോടെ തിരിച്ച് വരാനാവുമെന്ന്..? ഇവിടെ നിന്ന് ഇതിലേ പോകുന്ന ഏതേലും വണ്ടികാരോട് ആ പട്ടാളക്കാർ കാണാതെ ലിഫ്റ്റ് ചോദിച്ച് കേറ്.” അവൻ പറഞ്ഞു. തിരിച്ച് രണ്ട് ചീത്ത പറയാൻ തോന്നിയെങ്കിലും, ഒരു കച്ചിത്തുരുമ്പിട്ട് തന്നതാണല്ലോയെന്നോർത്ത് ശുക്രിയ പറഞ്ഞ്, ഏതെങ്കിലും വാഹനം വരുന്നതും നോക്കി നില്പാരംഭിച്ചു.

വല്ലപ്പോഴും കടന്ന് പോകുന്ന വണ്ടികൾക്കെല്ലാം കൈ കാണിച്ച് നോക്കിയെങ്കിലും ആരും മൈൻഡ് ചെയ്യുന്നു പോലുമില്ല. സമയം വൈകിക്കൊണ്ടിരിക്കുന്നു. ഒന്നരമണിക്കുറോളമായി ഇപ്പോൾ തന്നെ. കത്തുന്ന വെയിലിലുള്ള നില്പും, പൊരിഞ്ഞ ദാഹവും, പേടിയുമെല്ലാം കൊണ്ട് വല്ലാതെ തളർന്ന് തുടങ്ങി.. എന്ത് ചെയ്യുമെന്നൊരു ഐഡിയയുമില്ല. അപ്പോളാണ് പുറത്ത് കാത്ത് കിടക്കുന്ന അനിലിനെയും ഷിബുവിനെയുമോർമ്മ വന്നത്. വിളിച്ച് പറയാമെന്ന് കരുതി ഫോണെടുത്തു. അത് ബാറ്ററി തീർന്ന് ഓഫായിരിക്കുന്നു.അതിനിടെ കുറേ വാഹനങ്ങൾ ഒരുമിച്ച് വന്നതോടെ സൌദി എമിഗ്രേഷനിലേക്ക് ചെറിയൊരു ക്യൂ രൂപപ്പെട്ടു. നിർത്തിയിട്ടിരിക്കുന്ന ഓരോ കാറിന്റെയും സൈഡിൽ ചെന്ന് ചില്ലിൽ തട്ടി നോക്കി. എന്തോ പുലിവാലാണെന്ന് മനസ്സിലാക്കിയാവാം, ആരും ഗ്ലാ‍സ്സ് താഴ്ത്തിയത്പോലുമില്ല.

ക്യൂവിന്റെ പുറകിലൊരു കാറിൽ നിന്ന് മലയാളം പാട്ട് കേട്ടത് അപ്പോളാണ്. ഓടി ചെന്ന് നോക്കി. ജെന്റിൽമാൻ ലുക്കുള്ള ചെറുപ്പക്കാരനായ ഒരു മലയാളിയും കുടുംബവുമാണ്. സൈഡ് വിൻഡോ തുറന്നിരിക്കുന്നു. “സർ മലയാളിയണോ. എന്നെയൊന്ന് സഹായിക്കാമോ?” പ്രതീക്ഷയോടെ അയാളോട് ചോദിച്ചു. പാസ്പോർട്ട് കാണിച്ച് കൊടുത്ത് കാര്യങ്ങൾ പറഞ്ഞു. “നേരെ ചൊവ്വേ ജീവിക്കുന്ന മലയാളികളെ നാറ്റിക്കാൻ വേണ്ടി നാട്ടിന്ന് കുറ്റിം പറിച്ചോണ്ട് കുറേയെണ്ണങ്ങളെറങ്ങിക്കൊള്ളും.” അയാൾ ഡോറിന്റെ ചില്ല് ഉയർത്തി. ദ്രോഹി. ആകെയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു. ഇനിയും ഈ നില്പ് തുടരുന്നതിൽ കാര്യമില്ലന്ന് തോന്നി. കടന്ന് പോകുന്ന വണ്ടികളിലിരുന്ന് എന്റെയീ പരുങ്ങി നില്പ് കണ്ട ആരെങ്കിലും സെക്യൂരിറ്റിയിലുള്ളവരോട് ഒന്ന് സൂചിപ്പിച്ചാൽ മതി, അതോടെ തീരും.

വരുന്നത് വരട്ടെ, തിരിച്ച് ബഹറൈൻ എമിഗ്രേഷൻ ഓഫിസിൽ പോയി കാര്യം പറയാമെന്ന് കരുതി തിരിച്ച് നടന്നു. അപ്പോളാണ് പെയിന്റൊക്കെ ഇളകി തുരുമ്പെടുത്തു തുടങ്ങിയ ഒരു പിക്കപ്പ് വാൻ ക്യൂവിന്റെ ഏറ്റവും പിന്നിലായി പതുക്കെ വന്നു നിന്നത്. പോയാലൊരു വാക്ക്. നടക്കുന്നതിനിടയിൽ വെറുതെ വാതിലൊലൊന്ന് തട്ടി നോക്കി. ഉള്ളിലിരുന്ന ആൾ ഗ്ലാസ്സ് താഴ്ത്തി. കറുത്ത് തടിച്ച ഒരറബി. അയാൾ അറബിയിൽ എന്തോ ചോദിച്ചതിന് മറുപടിയായി, പാസ്പോർട്ട് കാണിച്ചും, ആംഗ്യഭാഷയിലും കാര്യം പറഞ്ഞു. മനസ്സിലായിട്ടാണോ എന്തോ, അയാൾ വാനിന്റെ വാതിൽ തുറന്ന് തന്നു. വിശ്വസിക്കാനാകാതെ കുറച്ച് നേരം അയാളെ നോക്കി നിന്ന്, പിന്നെ ചാടി അകത്ത് കയറി. അകത്തിരുന്നപ്പോളാണ് അയാളെ ശരിക്കും കണ്ടത്. മുഷിഞ്ഞ് നാറിയ അറബികുപ്പായവും, പുറകിലെ സീറ്റിലും മറ്റുമായി ചിതറിക്കിടക്കുന്ന കച്ചറ സാധനങ്ങളും, വല്ലാത്ത ദുർഗന്ധവും. എന്തെങ്കിലുമാകട്ടെ, കൂടിപോയാൽ പത്ത്-പതിനഞ്ച് മിനിറ്റിന്റെ കാര്യം. അങ്ങനെ ആശ്വസിച്ചിരുന്നു. പത്തുമിനിറ്റ്കൊണ്ട് തന്നെ ക്യൂവിലൂടെ നീങ്ങി സൈദി എമിഗ്രേഷൻ പോയന്റിൽ എത്തി. സെക്യൂരിറ്റിയിലുള്ള പട്ടാളക്കാർ കാറിലിരിക്കുന്ന എന്നെ കണ്ടതോടെ സംശയത്തോടെ അയാളോട് അറബിയിലെന്തോ ചോദിച്ചു. പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന ശബ്ദത്തിൽ അയാൾ തിരിച്ചുമെന്തോ പറഞ്ഞു. എന്റെ പാസ്പോർട്ട് വാങ്ങി അയാൾ പുറത്തിറങ്ങി; പട്ടാളക്കാരുമായി നീണ്ട വാഗ്വാദം. ഒടുവിൽ അയാളോടെതിർത്ത് നിൽക്കാൻ വയ്യാഞ്ഞിട്ടോ, അതോ അയാളുടെ ദുർഗന്ധം കൊണ്ടോ എന്തോ, സഹികെട്ട പട്ടാളക്കാർ പിന്തിരിഞ്ഞു. എമിഗ്രേഷൻ കൌണ്ടറിലും ചില ചോദ്യങ്ങൾ. എല്ലാത്തിനും പാസ്പോർട്ടിൽ നോക്കി അയാൾ മറുപടി പറഞ്ഞു. അടുത്തത് കസ്റ്റംസ് ചെക്കിംഗ്. കച്ചറ സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്ന ആ പിക്കപ്പ് വാനിന്റെ ഓരോ മുക്കും മൂലയിലും കസ്റ്റംസ് കാരുടെ പരിശോധന. എല്ലാം കഴിഞ്ഞൊടുവിൽ അയാളുടെ പാട്ട വണ്ടി സൌദി ബോർഡറിനുള്ളിൽ പ്രവേശിച്ചു. ഇനി അടുത്തെവിടെയെങ്കിലും ഇറങ്ങണം.

‘സാർ..ശുക്രാൻ.. ഐ വാണ്ട് ടു ഗോ ബാക്, പ്ലീസ് സ്റ്റോപ് ദ് കാർ സം വേർ.’ ഞാൻ അയാളെ തൊഴുത്കൊണ്ട് പറഞ്ഞു. എവിടെ, അയാൾ ശ്രദ്ധിക്കുന്നു പോലുമില്ല. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. ഉള്ളിൽ ഒരു ആന്തൽ. വണ്ടി ബോർഡർ സ്റ്റേഷൻ കഴിഞ്ഞ് പാലത്തിലേക്കെത്താറാകുന്നു. “പ്ലീസ് സ്റ്റോപ്പ്..” ഞാൻ അലറി വിളിച്ചു. സഡൻ ബ്രേക്ക്. വണ്ടി നിന്നു. ഒരു സെക്കന്റ് പോലും താമസിക്കാതെ ഞാൻ ഡോർ തുറന്ന് ചാടിയിറങ്ങി, പുറകിൽ നിന്നും അറബിയിൽ അയാളുടെ ഉച്ചത്തിലുള്ള തെറിവിളിക്കിടയിൽ തിരിഞ്ഞ് നോക്കാതെയോടി. ദൂരെയായി ഒരു മോസ്കും, അതിനോട് ചേർന്നൊരു കഫ്റ്റേരിയയും കണ്ടു. സൌദി ബോർഡറിനുള്ളിലെങ്കിലുമെത്തി. പകുതി ആശ്വാസം. ഇനിയിപ്പോ തിരിച്ച് പോകാൻ പറ്റിയില്ലങ്കിലും ഓഫിസിൽ വിളിച്ചാൽ ആരെങ്കിലും വരുമെന്നൊരു സമാധാനം. എന്തായാലും ഇനി ഇത്പോലൊരു പരീക്ഷണം വേണ്ടന്ന് ഉറപ്പിച്ചു. കഫ്റ്റേരിയയിൽ നിന്ന് വാങ്ങിയ വെള്ളക്കുപ്പി വായിലേക്ക് കമിഴ്ത്തികൊണ്ട് ബെഞ്ചിൽ തളർന്നിരുന്നു.

പക്ഷേ, ബഹറൈനിലേക്ക് പോകാനായി കിടക്കുന്ന കാറുകളുടെ നീണ്ട നിര വീണ്ടുമൊരു പരീക്ഷണത്തിന് എന്നെ പ്രലോഭിപ്പിച്ച്കൊണ്ടിരുന്നു. കഫ്റ്റേരിയയുടെ അടുത്തുള്ള മോസ്കിൽനിന്നുമിറങ്ങി വരുന്ന ചില അറബികൾ, പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറി ബഹറൈനിലേക്കുള്ള ക്യൂവിൽ ചേരുന്നത് അപ്പോളാണ് ശ്രദ്ധയിൽ പെട്ടത്. ക്യൂവിലുള്ള കാറുകളിൽ പോയി മുട്ടുന്നതിലും നല്ലത് പള്ളിയിൽ നിന്നിറങ്ങി വരുന്ന ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കുകയാണെന്നുള്ള ഐഡിയ പെട്ടന്ന് മനസ്സിൽ വന്നു. അല്പനേരത്തിനുള്ളിൽ, പള്ളിയിൽ നിന്നിറങ്ങി വന്ന ആദ്യം കണ്ട ജെന്റിൽമാൻ ലുക്കുള്ള ഒരു ചെറുപ്പക്കാരൻ അറബിയുടെ അടുത്ത് തന്നെ ചെന്ന് കാര്യം പറഞ്ഞു. ‘യാള്ള, കം വിത്ത് മീ’. പാസ്പോർട്ട് മേടിച്ച് നോക്കിയതിനു ശേഷം ആൾ പറഞ്ഞു. വിശ്വസിക്കാനായില്ല; മനസ്സിലൊരായിരം പൂത്തിരി കത്തി.

കത്തുന്ന ചൂടിൽ നിന്നും തളർച്ചയിൽ നിന്നും അയാളുടെ കാറിലെ തണുപ്പിലേക്ക് ഒരാശ്വാസത്തോടെ കയറിയിരുന്നു. കാർ ക്യൂവിലൂടെ പതിയെ ഇഴഞ്ഞ് നീങ്ങുമ്പോൾ സ്റ്റീരിയോയിലെ അറബിക് സംഗീതത്തിനൊപ്പം സീറ്റിലും, തുടയിലും താളമടിച്ച്കൊണ്ട് അയാൾ പാടികൊണ്ടിരുന്നു. പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ഞാൻ, പെട്ടന്ന് തുടയിലൊരു കൈ അനങ്ങുന്നതറിഞ്ഞ് ഞെട്ടി തിരിഞ്ഞ് നോക്കി. ചുള്ളൻ സീറ്റിലെ താളമടിക്കൽ പതുക്കെ എന്റെ കാലിലേക്ക് മാറ്റിയിരിക്കുന്നു. ഒരു പരുങ്ങലോടെ ഒതുങ്ങിയിരിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കൈയും ഒപ്പം വരുന്നു. അപ്പോളാണ് സംഭവം വേറെയാണന്ന് എനിക്ക് മനസിലായത്. വറചട്ടിന്ന് എരിതീയിലേക്ക്. ‘യു ഹാൻസം ബോയി. കം വിത് മീ ടുഡേ നൈറ്റ്. ഐ സ്ലീപ് ഇൻ 5സ്റ്റാർ ഹോട്ടൽ.’ അയാൾ എന്റെ കാലിൽ താളമടിക്കൽ തുടർന്ന്കൊണ്ട് മുറി ഇംഗ്ലീഷിൽ പറഞ്ഞു. ഇപ്പോൾ അനങ്ങാതിരിക്കുന്നതാണ് ബുദ്ധി. അയാളെ പ്രകോപിപ്പിക്കാതെ ഈ ബോർഡർ കടമ്പ കടക്കണം. ഒരു വളിച്ച ചിരിയോടെ തലയാട്ടിക്കൊണ്ട് ഞാനിരുന്നു. അയാളുടെ താളമടി സഹിച്ച്, നിമിഷങ്ങളെണ്ണി അസഹ്യതയോടെ കഴിച്ച്കൂട്ടി. ഒടുവിൽ എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം കഴിഞ്ഞ് കാർ ബഹറൈന്റെ മണ്ണിലേക്ക്. വീണ്ടും ഒരാഴ്ചത്തെ വിസ. പക്ഷേ ആശ്വാസത്തിനു പകരം വല്ലാത്തൊരു പേടിയോടെയും ആശങ്കയോടെയും എങ്ങനെ ഇയാളിൽ നിന്ന് രക്ഷപെടുമെന്നോർത്ത് തലപുകച്ചുകൊണ്ടിരുന്നു.

‘യു ടയേർഡ്.? വാണ്ട് ബർഗർ?’ അയാളുടെ പെട്ടന്നുള്ള ചോദ്യം, തളർന്ന്, പേടിയോടെ സീറ്റിന്റെ ഒരു അരികിൽ ചുരുണ്ട് കൂടിയിരുന്ന എന്റെ തലയിലൊരു ആപ്പിളായി വീണു.

‘യെസ് സാർ. ആം ടൂ ടയേർഡ്, ഐ വാണ്ട് ടു ഗോ റ്റു ടോയ്ലറ്റ് ഓൾസൊ..” ഞാൻ ആവേശത്തോടെ പറഞ്ഞു. അയാൾ കോസ് വേയിലെ മക്ഡൊണാൾഡ്സിന്റെ പാർക്കിംഗിൽ കാർ നിർത്തി.

“യു ഗോ ടോയ്ലെറ്റ്. ഐ ബൈ ബർഗർ ഫോർ യു. ഫാസ്റ്റ്.”

അയാൾക്കൊപ്പം, മക്ഡൊണാൾഡ്സ് റെസ്റ്റോറന്റിനുള്ളിലെത്തി. ടോയ്ലെറ്റിനു നേരെ നടന്ന്, ഡോർ പകുതിയടച്ച്, കൌണ്ടറിലേക്കുള്ള ക്യൂവിൽ നിൽക്കുന്ന അയാളുടെ നോട്ടം എന്നിലെത്തുന്നില്ല എന്ന് തോന്നിയ ആ നിമിഷം- രണ്ടും കല്പിച്ച് ഡോർ തുറന്നിറങ്ങിയോടി; പുറകിൽ പേപ്പട്ടി കടിക്കാൻ വരുന്നവനോടുന്നത് പോലെയുള്ള ഓട്ടം. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് ഒടുവിൽ അനിൽ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. അവരുണ്ട് അവിടെ.! രണ്ടര മണിക്കുറോളമായി, എന്നെ കാണാതെ ടെൻഷനടിച്ച് എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയായിരുന്നു അനിലും ഷിബുവും.

“വിടടാ വണ്ടി, കർണാടക ക്ലബിലേക്ക്..” കാറിന്റെ പിന്നിലെ സീറ്റിൽ തളർന്ന് വീണ് ഞാൻ അനിലിനോട് പറഞ്ഞു.

-----------------------

ബഹറൈനിലെ ദിവസങ്ങൾ വീണ്ടും പഴയത്പോലെ കടന്ന് പോയി. ഒരിക്കൽ കൂടി ഒരാഴ്ച സൈദിയിലേക്ക് പോകേണ്ടി വന്നു; പിന്നീടൊരിക്കലും പോകേണ്ടി വന്നിട്ടില്ലാത്തത് കൊണ്ട് ‘നൊസ്റ്റാൾജിയ’- ‘റാസ്തനൂറയും, കബ്സയും, ആ വരണ്ട മണൽകാറ്റും..

സംഭവസ്ഥലം. ഗൂഗിൾ മാപ്പിൽ നിന്നും.

Friday, 4 March 2011

മഞ്ഞിന്റെ മറയിട്ടോരോർമകൾക്കുള്ളിൽ...‘സംഗീതം അനന്തസാഗരമാണ്.. അതിന്റെ തീരത്ത് തിരകളെണ്ണി നിൽക്കാൻ പോലും യോഗ്യതയില്ലാത്താത്കൊണ്ട് ആ ഏരിയായിലേക്ക് പോലും അടുക്കാത്ത ആളാണ് ഞാൻ..’

പാട്ടുകളോടുള്ള എന്റെ ഇഷ്ടവും, എന്റെ സോംഗ് കളക്ഷനും കണ്ട്, ഞാൻ പാടുന്ന ആളാണന്ന് തൈറ്റിദ്ധരിക്കുന്നവരോട് സ്ഥിരം പറയാറുള്ളതായിരുന്നു, 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ’ ലാലേട്ടന്റെ ഈ ഡയലോഗ്.

കുട്ടികാലത്തെ അന്താക്ഷരി കളികളിലൂടെയായിരുന്നു പാട്ടുകളോടുള്ള ഇഷ്ടത്തിന്റെ തുടക്കം. ജെന്റിൽമാൻ-കാതലൻ-രംഗീല ട്രെന്റിൽ, ആ പ്രായത്തിലുള്ള മറ്റെല്ലാവരെയും പോലെ തമിഴ്-ഹിന്ദി പാട്ടുകളും, മലയാളത്തിലെ അടിപൊളി പാട്ടുകളുമായിരുന്നു അപ്പോളത്തെ ഫേവറൈറ്റ്സ്.

കോളേജ് ജീവിതകാലത്ത്, ‘ബുദ്ധിജീവിയാകാൻ’ പഠിക്കുന്ന കുറച്ച് കൂട്ട്കാരെ കിട്ടിയതോടെ ‘നമ്മളെന്തോ വല്ല്യ സംഭവമാണന്ന് കാണിക്കാനായി' ജാടയ്ക്ക് വേണ്ടി ഹിന്ദുസ്ഥാനി ക്ലാസികുകളും, ഒന്നും മനസിലാകാത്ത, ഗുലാം അലിയുടെ ഗസലുകളുടെ കാസറ്റുകളുമൊക്കെ പൊക്കിപിടിച്ച് നടക്കാറുണ്ടായിരുന്നെങ്കിലും, പതുക്കെ പതുക്കെ എന്റെ മ്യൂസിക് ടേസ്റ്റ്, ലൈറ്റ് റൊമാന്റിക് - മെലഡികളിലേക്കായി. സിനിമാ പാട്ടുകളുടെ കമ്പ്ലീറ്റ് കാര്യങ്ങളും ചെയ്യുന്നത് യേശുദാസ്, ചിത്ര, എം.ജി.ശ്രീകുമാർ, ജയചന്ദ്രൻ തുടങ്ങിയവരാണന്ന തെറ്റിധാരണ മാറി, ‘ഗാന രചന, സംഗീത സംവിധാനം’ തുടങ്ങിയ സംഗതികളും ഒരു ഗാനത്തിന്റെ പിറവിക്ക് പിന്നിലുണ്ടന്ന് മനസ്സിലായത് ആ കാലത്തായിരുന്നു. ഇഷ്ടമുള്ള പാട്ടുകളുടെയൊക്കെ കാസറ്റ് പൈസ മുടക്കി വാങ്ങുക എന്നത് പ്രാക്ടികലല്ലായിരുന്നത്കൊണ്ട്, ബ്ലാങ്ക് കാസറ്റ് വാങ്ങി റേഡിയോയിൽ വരുന്ന ഇഷ്ടഗാനങ്ങൾ കാസറ്റിലേക്ക് റെക്കോഡ് ചെയ്തായിരുന്നു എന്റെ പാട്ട് ശേഖരണം പുരോഗമിച്ചത്.

ഇന്റർനെറ്റ്-MP3 യുഗമായതോടെ പാട്ട് കളക്ഷൻ എളുപ്പമായി. പാടിയതാരാണന്നതിനൊപ്പം തന്നെ, ആ പാട്ടിനെ ഇത്രയേറെ മനോഹരമാക്കിയ ട്യൂൺ ചെയ്തതാരാണന്നും ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഒരു കാര്യം കൌതുകത്തോടെ ഞാൻ മനസ്സിലാക്കിയത് - എന്റെ പ്രിയപെട്ട മലയാളം പാട്ടുകളിലധികവും ‘രവീന്ദ്രൻ മാസ്റ്റർ’ സംഗീതം നൽകിയവയാണ്.! (ജോൺസൺ - ഔസേപ്പച്ചന്റെയും പാട്ടുകളുമുണ്ടന്നുള്ളത് മറക്കുന്നില്ല..)

നഷ്ടപ്രണയങ്ങളും, വെറുതെയുള്ള ‘ലോൺലി ഫീലിംഗ്സുകളുമായി’ തെക്ക് വടക്ക് നടന്നിരുന്ന ആ യൂത്ത് ഏജിനെ ‘ഇന്നുമെന്റെ കണ്ണുനീരിലും, പ്രമദവനവും, സായന്തനവും, മൂവന്തിതാഴ്വരയുമൊക്കെ’ കൂടുതൽ തീക്ഷ്ണമാക്കി. ലെനിൻ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയും, അതിലെ രവീന്ദ്രൻ മാഷ് ഈണമിട്ട ‘മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ, വാർമുകിലേ വാനിൽ നീ വന്നുനിന്നാലോർമ്മകളിൽ..’ തുടങ്ങിയ പാട്ടുകളും സുഖമുള്ള നൊമ്പരമായി മനസ്സിൽ പെയ്തിറങ്ങുകയും ചെയ്തതോടെ ഞാൻ രവീന്ദ്രൻ മാഷിന്റെ പാട്ടുകളുടെ ഫാനായി.

2003ലെ ഒരു ഈദ് അവധിക്കാലത്ത്, ‘രവീന്ദ്രൻ നൈറ്റ്’ എന്ന സംഗീത പരിപാടിയ്ക്ക് വന്നപ്പോൾ ബഹറൈനിൽ വച്ചായിരുന്നു അപ്രതീക്ഷിതമായി രവീന്ദ്രൻ മാസ്റ്ററെ നേരിട്ട് കാണാനൊരു അവസരം കിട്ടിയത്. സുഹ്രുത്തായ ബോബി നടത്തിയിരുന്ന ജീവൻ ടിവിയുടെ ബഹറൈൻ ഫ്രാഞ്ചൈസി, രവിന്ദ്രൻ നൈറ്റ് ഷോയുടെ ഒഫീഷ്യൽ മീഡിയയായിരുന്നത്കൊണ്ട് പരിപാടിയുടെ ആദ്യാ‍വസാനം പങ്കെടുക്കാൻ പറ്റി. മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിൽനിന്നും വ്യതസ്ഥമായി സ്റ്റേജിന്റെ നടുക്ക് ഒരു കസേരയിലിരുന്ന് മാഷ് കാണികളോട് സംസാരിച്ചു. ഓരോ പാട്ടും രൂപപെട്ട് വന്ന രീതിയും അതിന് പിന്നിലെ കഥകളുമൊക്കെ മാഷ് പറഞ്ഞ് കഴിയുമ്പോൾ ഗായകരായ ബിജു നാരായണൻ, രാധിക തിലക് തുടങ്ങിയവർ വന്ന് ആ പാട്ട് പാടും.

പരിപാടിയുടെ കാമറാമാനായ സുഹ്രുത്ത് അജിയേട്ടനും (അജിത് നായർ - നിലാവ് സിനിമയുടെ സംവിധായകൻ), ഞാനും ഇടയ്ക്കിടെ സ്റ്റേജിന്റെ പിന്നിൽ പോയി ഞങ്ങളുടെ ഇഷ്ടഗാനങ്ങൾ ഒരു പേപ്പറിലെഴുതികൊടുത്തത് ബിജു നാരായണനും,രാധികയും പാടി. ഗൾഫിൽ സ്ഥിരം അരങ്ങേറുന്ന മിമിക്രി - ദപ്പാങ്കുത്ത് ഡാൻസ് സ്റ്റേജ് ഷോകൾ കണ്ട് ശീലിച്ച ഓഡിയൻസിന് പുതിയൊരനുഭവമായിരുന്നു രവീന്ദ്രസംഗീതം. പ്രോഗ്രാമിന് ശേഷം, ബോബിയ്ക്കും സുഹ്രുത്തുക്കൾക്കുമൊപ്പം ഹോട്ടൽ മുറിയിലെത്തി രവീന്ദ്രൻ മാഷിനെ വീണ്ടും കാണാൻ സാധിച്ചു. ‘ഏതാണ് മാഷിന്റെ പുതിയ പാട്ട്’ എന്ന് ചോദിച്ചപ്പോൾ, “ വിഷുപക്ഷിപാടും പാട്ടിൽ.. ല ലല ലാലലല്ല....” എന്ന് മൂളുകയാണ് മാഷ് ചെയ്തത്. ‘കളഭം തരാം..ഭഗവാനെൻ മനസ്സും തരാം...” എന്ന് തുടങ്ങുന്ന, മലയാളികൾ എന്നും ഹ്രുദയത്തിൽ സൂക്ഷിക്കുന്ന ആ പാട്ട് അങ്ങനെ രവീന്ദ്രൻ മാഷിന്റെ ശബ്ദത്തിൽ തന്നെ ആദ്യമായി കേൾക്കാൻ പറ്റിയത് ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളിലൊന്നായിരുന്നു.

യേശുദാസിന്റെ കഴിവുകളെ ഏറ്റവും നന്നായി ഉപയോഗിച്ചത് രവീന്ദ്രൻ മാസ്റ്ററായിരുന്നിരിക്കണം. ഭരതം,ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം,രാജശില്പി, അമരം, ആറാം തംബുരാൻ തുടങ്ങി എത്രയെത്ര സിനിമകളിലെ പാട്ടുകൾ.. പൊന്നോണതരംഗിണി, വസന്തഗീതങ്ങൾ തുടങ്ങിയ ആൽബങ്ങൾ .. ഹ്രദയത്തെ തൊടുന്ന മെലഡികളും,സെമിക്ലാസികലുകളും മാത്രമല്ല - ‘സുന്ദരീ സുന്ദരീ (ഏയ് ഓട്ടോ),കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം) രാമായാണകാറ്റേ (അഭിമന്യു), മനസ്സിൽ മിഥുനമഴ (നന്ദനം)‘ തുടങ്ങിയ ഫാസ്റ്റ് നമ്പർ അടിപൊളിപാട്ടുകളും മാഷ് മലയാളികൾക്ക് സമ്മാനിച്ചു.

സൌപർണ്ണികാമ്രത, തിരുസ്സന്നിധാനം വാഴ്ത്തുന്നു’ , കുടജാദ്രിയിൽ, കാർമുകിൽ വർണന്റെ, തുടങ്ങിയ മാഷ് സംഗീതം നൽകിയ പാട്ടുകൾ ഒരു ദേവാലയത്തിൽ പോകുമ്പോളുണ്ടാകുന്നതിനേക്കാളും വലിയ ആത്മീയാനുഭവമാണ് തരുന്നത്..!

മലയാളി ഹ്രദയങ്ങളിലേക്ക് ഏഴു സ്വരങ്ങളും തഴുകിയെത്തിയ, കാതിൽ തേനും വയമ്പും തൂവിയ, മഞ്ഞക്കിളിയുടെ മൂളിപാട്ട് പോലെ, നിരവധി പാട്ടുകൾ സമ്മാനിച്ച രവീന്ദ്രൻ മാസ്റ്റർ, ഹർമോണിയപെട്ടി താഴെവെച്ച് സംഗീതത്തിന്റെ ഏതോ നിദ്രയിൽ ലയിച്ചിട്ട് മാർച്ച് 3ന് 6 വർഷം കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ മലയാളി ഹ്രദയങ്ങളിൽ മാഷ് എന്നും ജീവിക്കുന്നു.. നേരിട്ട് ബന്ധമില്ലാത്ത ഒരാൾ, അതും ഒരു ‘സെലിബ്രിറ്റി’ മരിച്ചപ്പോൾ ,ആദ്യമായി എന്റെ കണ്ണുകൾ നിറഞ്ഞതെന്തിന് എന്ന ചോദ്യത്തിന് മാഷിന്റെ പാട്ടുകൾ തന്നെ എന്നും എനിക്ക് ഉത്തരം തന്നുകൊണ്ടിരിക്കുന്നു..

----------------------------------
യക്ഷിയും ഞാനും’ എന്ന സിനിമയിലൂടെ രവീന്ദ്രൻ മാഷിന്റെ മകൻ സാജൻ മാധവ് സംഗീത സംവിധായകനായി. തുടക്കം ആശാവകമാണ്; കേട്ടാലറപ്പ് വരുന്ന പാട്ടുകളിറങ്ങുന്ന ഈ കാലത്ത്, രവീന്ദ്ര സംഗീതത്തിന്റെ ഒരംശമെങ്കിലും തരാൻ രവീന്ദ്രൻ മാസ്റ്ററുടെ മകന് കഴിയട്ടെയെന്ന് ആശംസിക്കുന്നു..

Thursday, 24 February 2011

ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -2

പാർട്ട് 1 ഇവിടെ

‘80 -90കളിലെ പൈങ്കിളി പരിപാടികളൊന്നും ഇപ്പോളത്തെ പെൺകുട്ടികളുടെയടുത്ത് ചിലവാകില്ലന്നും, ചില്ലറ ‘മോഡേൺ ആർട്സൊക്കെ’ ചെയ്താലേ അവര് ഇമ്പ്രസ്സ്ഡാകു എന്നുമൊക്കെ പറഞ്ഞ് ജയനെ കണ്വിൻസ് ചെയ്യിപ്പിക്കാൻ നോക്കിയെങ്കിലും, തനിക്ക് കിട്ടിയ പ്രൊഡക്ടിന്റെ ക്വാളിറ്റിയിൽ തീർത്തും അൺസാറ്റിസ്ഫൈഡായിരുന്ന ജയൻ, പ്രതിഫലത്തിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ വരുത്തി. - പൊറോട്ടയ്ക്കൊപ്പം ബീഫിനു പകരം വെറും മസാലക്കറിയും, കവിതയിലെ ബാൽക്കണി ടികറ്റിനുപകരം 12രൂപയുടെ സെകൻഡ് ക്ലാസ്സ് ടിക്കറ്റൂം.

ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ, ആകാംക്ഷയോടെ “മാഷെ / ലക്ഷ്മിയേടത്തീ, എനിക്കെന്തേലും കത്തുണ്ടോ” എന്ന ചോദ്യവുമായി ലക്ഷ്മി നിവാസിന്റെ വാതിലിൽ മുട്ടി കുറേ ദിവസം അവരെ ശല്ല്യപ്പെടുത്തികൊണ്ടിരുന്നു. ഒടുവിൽ, “തനിക്കെന്തേലും കത്ത് വന്നാൽ അങ്ങ് കൊണ്ട് തന്നേക്കാം, ഇവിടാരും അതെടുത്ത് തിന്നത്തൊന്നുമില്ല” എന്ന ലക്ഷ്മിയേടത്തിയുടെ പ്രസ്താവനയോടെ അത് അടങ്ങി. ആതിരയെയും പെൻഫ്രണ്ട്ഷിപ്പുമൊക്കെ പതുക്കെ റിസൈകിൾ ബിന്നിൽ നിന്ന് പോലും ഡിലിറ്റായി. ‘മോഹങ്ങൾ മുരടിച്ച’ എനിക്ക് സാന്ത്വനമായി വീണ്ടും പോളിയിലെ ജൂനിയേർസ് മാത്രം.

പതിവ്പോലൊരു ദിവസം പോളിയിലെയും എസ്.എൻ കോളേജിലെയും പെൺകുട്ടികളെ സുരക്ഷിതരായി ബസ്സ് കയറ്റി വിട്ട്, പുരുഷുവേട്ടന്റെ കടയിൽ നിന്ന് ചായയും പഴമ്പൊരിയും കഴിച്ച് Rs.3.5 അക്കൌണ്ടിൽ ആഡ് ചെയ്ത്, വായനശാലയിലുമൊന്ന് ഒപ്പ് വച്ച് ആറരയോടെ റൂമിലെത്തി. ഡ്രസ്സ് മാറി കുളിക്കാൻ കയറിയപ്പോളാണ് താഴെ നിന്നും കുഞ്ഞിക്കണ്ണൻ മാഷിന്റെ ശബ്ദം കേട്ടത്.
“ആ സിജോ അവിടെയുണ്ടോ ജയാ..?”

“അവൻ കുളിക്ക്വാ മാഷേ.”

കഴിഞ്ഞ മാസത്തെ വാടക കൊടുത്തിട്ടില്ല. അത് ചോദിക്കാനായിരിക്കും മാഷ് അന്വേഷിക്കുന്നതെന്നോർത്ത് കുളി കഴിഞ്ഞിട്ടും കുറേ നേരം വെറുതെ നിന്ന്, മാഷ് തിരിച്ച് പോയി എന്നുറപ്പായതിന് ശേഷം ഞാൻ ബാത്രൂമിൽ നിന്ന് പുറത്തിറങ്ങി.

“ഡാ‍ാ തെണ്ടീ..ദ്രോഹി..**&*^(@‌)##@.. നിന്നെ ഞാ‍ാൻ..” പുറത്ത് പതുങ്ങി നിൽക്കുകയായിരുന്ന ജയൻ അലറികൊണ്ട് എന്റെ നേരെ ചാടിവീണു.

“എന്തുവാടാ. നിനക്കെന്താ നാഗവല്ലി കൂടിയോ.?” കാര്യമെന്താന്നറിയാതെ ഞാൻ ജയനോട് ചോദിച്ചു.

“നാഗവല്ലിയല്ലടാ.. ആതിരവല്ലി. ചതിയാ.. മൈ.. മൈ ഡിയറേ.. ഞാൻ കണ്ട്പിടിച്ച പെൻഫ്രണ്ട് ആതിരയ്ക്ക് നീ കത്തയച്ചു..അല്ലേ..” അപ്പോളാണ് ജയന്റെ കൈയിലിരിക്കുന്ന പൊട്ടിച്ച കവർ ഞാൻ ശ്രദ്ധിച്ചത്. ആതിരയുടെ കത്ത്.! മനസ്സിലൊരു ലഡു പൊട്ടി. ‘ജയാ, ആ കത്തിങ്ങ് താടാ..’ എന്ന് പറയാൻ വാ പൊളിച്ചെങ്കിലും, കീരിക്കാടൻ ജോസിനേപ്പോലെ, കീലേരി അച്ചുവിനേപോലെ, ഗർജ്ജിച്ച്കൊണ്ട് നിൽക്കുന്ന ജയന്റെയടുത്ത് ഇനി നിന്നാൽ അവനെന്നെയെടുത്ത് സിക്സറടിക്കുമെന്ന് നല്ല ബോദ്ധ്യമുള്ള ഞാൻ ഒറ്റയോട്ടത്തിന് മുകളിൽ അനീഷിന്റെ റൂമിലെത്തി, അവിടെ അനീഷുമൊത്ത് പോളിയിലെ രാഷ്ട്രീയ തന്ത്രങ്ങളുടെ കരുക്കൾ നീക്കുകയായിരുന്ന ചെയർമാൻ മനോജ് മാത്യുവിന്റെ പിന്നിൽ അഭയം തേടി.

“ജയാ.. അമൈതി.. അമൈതി. അക്രമം ഒന്നിനുമൊരു പരിഹാരമല്ല, നമ്മുക്ക് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം”. എന്റെ പിന്നാലെ റൂമിലെത്തിയ ജയനോട് മനോജേട്ടന്റെ മറവിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞു.

“ഒരു കോപ്പിലെ ചർച്ചയുമില്ല.. നിന്നെ ഞാൻ... മനോജേട്ടാ അവനെയിങ്ങ് വിട്ടേ.. ഈ ഡേഷ് മോൻ ചെയ്തത് ശരിയാണോ മനോജേട്ടാ..?”

“ശരിയും തെറ്റും ആപേക്ഷികമാണ് സഖാക്കളെ. ഗ്ലോബലൈസേഷന്റെയും, ലിബറൈസേഷന്റെയും ഈ കാലഘട്ടത്തിൽ, കമ്പോളവത്കരിക്കപ്പെട്ട ഒരൂ തലമുറയുടെ ശരിയും തെറ്റും നമ്മുക്ക്...”

“ഒന്ന് പോയേ മനോജേട്ടാ.. മനുഷ്യനിവിടെ വട്ടായിരിക്കുമ്പോളാ നിങ്ങടെ മറ്റേടത്തെ ക്ലോബൈലസേഷൻ..”. മനോജേട്ടനെ പൂർത്തിയാക്കാനനുവധിക്കാതെ ജയൻ എന്റെ നേരെ തിരിഞ്ഞെങ്കിലും, മനോജേട്ടന്റെ ഇടപെടൽ മൂലം ഒരു താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ജയൻ പിന്മാറി.

അന്ന് വൈകിട്ട് ലക്ഷ്മി ലോഡ്ജിലെ കാരണവന്മാരായ സുനിയേട്ടൻ, അഭിലാഷ്, മനോജ് തുടങ്ങിയവരുടെ മധ്യസ്ഥതയിൽ കൂടിയ അടിയന്തിര അനുരഞ്ജന യോഗത്തിൽ ചില കണ്ടീഷൻസോടെ ജയനും ഞാനും ‘മാഗ്നാ കാർട്ടയിൽ’ ഒപ്പ് വച്ചു.
കണ്ടീഷൻസ്:
1 - ജയന് ചിലവായ പൊറോട്ട,മസാലക്കറി, കവിതയിലെ സെകൻഡ്ക്ലാസ് ടികറ്റ്, ഞാൻ അതുപോലെ തിരിച്ചോ, അതിന്റെ പൈസയായിട്ടോ റീഫണ്ട് ചെയ്യണം.
2 - ആതിര എനിക്ക് റിപ്ലേ അയച്ച സ്ഥിതിക്ക്, ഇനി ആ ഫ്രണ്ട്ഷിപ് പുരോഗമിക്കുന്ന മുറയ്ക്ക്, ആതിരയുടെ ഫ്രണ്ട്സർക്കിളിലുള്ള മറ്റ് ഗേൾസിനെ, ഞാൻ ഇനിഷ്യേറ്റിവെടുത്ത് ജയന് പരിചയപ്പെടുത്തികൊടുക്കണം.

ഒന്നും, രണ്ടും കണ്ടീഷൻസ് 1മാസത്തിനുള്ളിൽ നിറവേറ്റാമെന്ന് സാക്ഷികളെ നിർത്തി സത്യം ചെയ്തതിനു ശേഷം, ജയൻ ആതിരയുടെ കത്ത് എനിക്ക് കൈമാറി. “നിന്നോടാരാ പെണ്ണേ ഫ്രം അഡ്രസ്സെഴുതാൻ പറഞ്ഞെ.. അത്കൊണ്ടല്ലേ ആ ജയന് മനസ്സിലായത്.” കത്തിൽ നോക്കി ആതിരയെ സ്നേഹപൂർവ്വമൊന്നു ശാസിച്ചിട്ട് വായിക്കാൻ തുടങ്ങി. .

“Hey.. I simply liked the way you responded.. it was cute എന്ന് തുടങ്ങി 'സോറി, കൂടുതൽ ഡീറ്റൈത്സ് , ഫോൺ നമ്പർ ഒന്നും തൽകാലം ചോദികേണ്ട, ഒരു കൌതുകത്തിന് YES vibesലേക്കൊരു കാർഡ് അയച്ചതാണ്, വല്ലപ്പോളൂം ടൈം കിട്ടുമ്പോൾ മാത്രം എഴുതാമെന്നും’, ഒടുവിൽ 'Catch me if you can'..എന്ന ചലഞ്ചോടെ ഒരു രഞ്ജിനി ഹരിദാസ് സ്റ്റൈൽ മംഗ്ലീഷ് ലെറ്റർ.!

“പ്രതീക്ഷിച്ചപോലെ അത്ര പോസിറ്റിവ് ആയില്ലങ്കിലും, റിപ്ലേ കിട്ടിയ സ്ഥിതിക്ക് സംഭവം പാളിയിട്ടില്ല. സ്കോപ്പുണ്ട്.“
അടുത്ത ദിവസം, പോളി കാന്റീനിലിരുന്ന് ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ ഒന്നാം ഘട്ട റിസൽട്ട് വിലയിരുത്തികൊണ്ട് രഞ്ജിത് പറഞ്ഞു.

“ഛേ..എന്നാലും ഇവള് ശരിയല്ലട.. എഴുതീരിക്കണ കണ്ടില്ലേ.. catch me if you can എന്ന്. എന്ന്വച്ചാ, ധൈര്യുണ്ടേ അവളെ വന്ന് പിടിക്കാൻ..” നാലാം തവണയും ആ ലെറ്റർ വായിച്ച് അതിലെ നിഗൂഡാർത്ഥങ്ങൾ ഡീകോഡ് ചെയ്ത്കൊണ്ടിരുന്ന മറ്റൊരു ഗഡി - സുധീഷിന്റെ കമന്റ്.

“ഒന്ന് പോയേടാ..catch me if you can ന്ന് വച്ചാ, അവളെ കണ്ട് പിടിക്കാൻ പറ്റുങ്കിൽ കണ്ട് പിടിക്ക് എന്നാ. ഇനി സെകൻഡ് സ്റ്റേജിൽ നമ്മൾ കുറച്ചുകൂടെ തന്ത്രപരമായി നീങ്ങണം. ഉടനെ റിപ്ലേ ചെയ്യരുത്. അവൾടെ വെല്ലുവിളി ഏറ്റെടുത്ത്, അവൾടെ ഫുൾ ഡീറ്റൈത്സുമായി വേണം അടുത്ത ലെറ്റർ അയക്കാൻ. കഴിയുമെങ്കിൽ കത്ത് നേരിട്ട് അവൾടെ കൈയിൽ തന്നെ കൊടുക്കണം..” രഞ്ജിത്ത് സ്ട്രാറ്റജി വെളിപെടുത്തി.

“അളിയാ..അത്രേം വേണോ. റിസ്കല്ലേ അതൊക്കെ..?”

“ഡേ, റിസ്കെടുത്തവരേ ഈ ലോകത്ത് എന്തെങ്കിലും നേടിയിട്ടുള്ളു. ഓപറേഷൻ നാളെ തുടങ്ങും. ആദ്യം അവളെ കണ്ട് പിടിക്കണം, കൂടുതൽ ഡീറ്റൈത്സ് അറിയണം. നീ രാവിലെ ഏഴ് മണിയാവുമ്പോ സുനിയേട്ടനെ എങ്ങനേലും സോപ്പിട്ട് അയാൾടെ സ്കൂട്ടറുമെടുത്ത് അവൾടെ വീടിന്റെ മുന്നിലെത്തണം. അഡ്രസ്സറിയാവുന്നത്കൊണ്ട് കണ്ട്പിടിക്കാനീസിയാ. ഞാനും നേരത്തെ വീട്ടിന്നെറങ്ങി ഏഴരയാകുമ്പോ കണ്ണോത്തുംചാലിലെത്താം.”

അടുത്ത ദിവസം രാവിലെ തന്നെ മണിക്കുറിന് 5രൂപ വാടകയ്ക്ക് സുനിയേട്ടന്റെ സ്കൂട്ടറുമെടുത്ത് ആതിരയുടെ വീട് ലക്ഷ്യമാക്കി വിട്ടു. ആ ഏരിയ നന്നായി അറിയാമായിരുന്നത്കൊണ്ട് അധികം ചുറ്റാതെ തന്നെ ഗേറ്റിൽ സൌപർണ്ണിക’ എന്നെഴുതിയ വീട് കണ്ട്പിടിച്ചു. അടുത്ത് തന്നെ ഒരു ഹോസ്പിറ്റലുള്ളത്കൊണ്ട് അവിടെയിവിടെ ചുറ്റിനടന്നാലും ആരും ശ്രദ്ധിക്കില്ല. അടുത്തുള്ള ഒരു പെട്ടിക്കടയിൽനിന്നും ചായ വാങ്ങി കുടിച്ച്കൊണ്ട്, ‘സൌപർണ്ണിക’യുടെ ഗേറ്റിലേക്ക് കണ്ണും നട്ട് നില്പ് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോൾ രഞ്ജിത്തും സ്ഥലത്തെത്തി. അല്പസമയം കഴിഞ്ഞപ്പോൾ, ഗേറ്റ് തുറന്ന് ഒരു സ്കൂട്ടർ പ്രത്യക്ഷപ്പെട്ടു. മധ്യവയസ്കനായ ഒരാളും, പുറകിൽ സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയും.

“ഡാ ..ദേ ആതിര”. രഞ്ജിത്ത് എന്നെ തോണ്ടികൊണ്ട് പറഞ്ഞു.

“ഹെയ്..ഇത് ആതിരയാകാൻ വഴിയില്ല. ആറിലോ ഏഴിലോ പഠിക്കുന്ന ഈ കൊച്ചൊന്നും ലെറ്ററെഴുതാനായിട്ടില്ല.” ഞാൻ പറഞ്ഞു.

“ഹോ പിന്നെ.. അഞ്ചിൽ പഠിക്കുന്ന എന്റെയനിയന് ഇപ്പോ തന്നെ ക്ലാസ്സിൽ 2 ലൈനുണ്ട്..പിന്നെയാ..” രഞ്ജിത്ത് പറഞ്ഞു. എന്തായാലും കുറച്ച് സമയംകൂടി നിരീക്ഷണം തുടരാമെന്ന് തീരുമാനിച്ചു. അധികം വൈകിയില്ല, എട്ടരയായപ്പോൾ ഒരു അമ്മയും മകളും ഗേറ്റു തുറന്നിറങ്ങി വന്നു. മകൾ ചുരിദാറിട്ട ഒരു നാടൻ പെൺകുട്ടി.

“ഇത് തന്നെ കക്ഷി. ലക്ഷണം കണ്ടിട്ട് ലവൾ SN കോളേജിലെയാണന്ന് തോന്നുന്നു. അമ്മ ഏതോ സ്കൂളിലെ ടീച്ചറും.. ” രഞ്ജിത് പറഞ്ഞു.

അവർ ഗേറ്റ് പുറത്ത്നിന്ന് പൂട്ടി ബസ്റ്റോപ്പിലേക്ക് നടന്നു; രഞ്ജിത്തും ഞാനും പതുക്കെ സ്കൂട്ടറിലും. ആതിര കയറിയ ബസ്സിന്റെ പിന്നാലെ സ്കൂട്ടറിൽ ഞങ്ങളും ഫോളോ ചെയ്തു. ഒടുവിൽ ഞങ്ങളൂടെ ഊഹം ശരിവച്ച്കൊണ്ട്, അവൾ SN കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി. SN കോളേജിലെ ഒന്ന് രണ്ട് സുഹ്രത്തുക്കളോട് തിരക്കി രഞ്ജിത്ത് കൂടുതൽ ഡീറ്റൈത്സുമെടുത്തു. പ്രീഡിഗ്രി സെകൻഡ് ഇയർ സ്റ്റുഡന്റ്. അന്ന് വൈകിട്ട് ടെലികോം ഓഫീസിൽ ജോലി ചെയ്യുന്ന സുനിയേട്ടൻ വഴി അവളൂടെ വീട്ടിലെ ഫോൺ നമ്പർ കൂടി കിട്ടിയതോടെ ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ സെകൻഡ് സ്റ്റേജും വിജയകരമായി പൂർത്തിയായി.

“ഇത്രേമായ സ്ഥിതിക്ക് ഇനി ഈസിയാ. നല്ലൊരു അടിപൊളി കത്ത് തയ്യാറാക്കുക. പ്രണയവും കോപ്പുമൊന്നും ഇപ്പോ വേണ്ട. അവൾ നല്ല ഫ്രണ്ടായി കഴിഞ്ഞിട്ട് നീ പതുക്കെ ട്രാക്ക് മാറ്റി വിട്ടാൽ മതി. ഈ കത്ത് അവളുടെ കൈയിൽ നേരിട്ടേല്പിക്കുന്നതോടെ അവൾ ശരിക്കും ഞെട്ടും.” അടുത്ത ദിവസം, ഫൈനൽ സ്ട്രാറ്റജീസ് വിശദീകരിച്ച്കൊണ്ട് രഞ്ജിത്ത് പറഞ്ഞു.

“എടാ, കത്ത് കൈയിൽ കൊണ്ട് കൊടുക്കുന്നതൊക്കെ ഒരു.. ഒരുമ്മതിരി പഴേ പൈങ്കിളി ഏർപ്പാടല്ലേ.. തന്നേമല്ല, അവള് മേടിച്ചില്ലേ ആകെ നാറും.” ഞാൻ രഞ്ജിത്തിനോട് പറഞ്ഞു.

“എടാ.. അതിന് ‘ഓ പ്രിയേ.. ഞാനാണ് നിന്റെ പെൻഫ്രണ്ട്.. ഇതാ എന്റെ സ്നേഹസന്ദേശം‘ എന്നും പറഞ്ഞ് നീ നേരെ അവൾടെ മുന്നിൽ ചെന്ന് ലെറ്ററ് കൊടുക്കുവല്ല. ഇതിനൊക്കെ വേറെ ഐഡിയ ഉണ്ട്. അവള് ഞെട്ടുകയും ചെയ്യും.”

“എന്തോന്ന് ഐഡിയ.?”

“വീടിന്റെ സെറ്റപ്പ് നമ്മള് മനസ്സിലാക്കിയിടത്തോളം, അവൾടെ അച്ഛനും അമ്മേം ജോലിക്കാരാണ്. ഇനി അവളൊറ്റയ്ക്ക് വീട്ടിലുള്ള ഒരു ചാൻസ് വരുന്ന വരെ നമ്മൾ വെയ്റ്റ് ചെയ്യണം. അന്ന് നീ കൊറിയർ ബോയ് ആകും. ഓകേ?”

“നീയാടാ യഥാർത്ഥ സുഹ്രുത്ത്.” രഞ്ജിത്തിനെ തോളിൽ തട്ടി അഭിനന്ദിച്ചു.

അധികം കാത്തിരിക്കേണ്ടി വന്നില്ല; അടുത്ത ദിവസം തന്നെ ജില്ലാവ്യാപകമായി SFIയുടെ പഠിപ്പ്മുടക്ക് സമരം. സമരദിവസങ്ങളിൽ പെൺകുട്ടികൾ കാ‍മ്പസിൽ അധികം ചുറ്റി നടക്കാതെ നേരത്തെ വീട്ടിൽ പോവുകയാണ് പതിവ്. എങ്കിലും ഒന്നുറപ്പിക്കാനായി അടുത്തുള്ള ടെലിഫോൺ ബൂത്തിൽ പോയി 1രൂപയുടെ കോയിനിട്ട് ആതിരയുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. അങ്ങേതലക്കൽ ഒരു പെൺശബ്ദം ഹലോ പറഞ്ഞു.
“അച്ഛനോ അമ്മയോ ഉണ്ടോ മോളേ..?” എം.സ് ത്രിപ്പുണിത്തുറയുടെ ശബ്ദത്തിൽ ഞാൻ ചോദിച്ചു.
“ഇല്ലല്ലോ.. ജോലിക്ക് പോയിരിക്ക്വാ. ഇതാരാ.?”
“മോൾക്കിന്ന് ക്ലാസ്സില്ലായിരുന്നോ..?”
“ഇല്ല. സമരമായകൊണ്ട് നേരത്തേ വന്നു. ആരാന്ന് പറഞ്ഞില്ലല്ലോ?”
“ഞാൻ മോൾടെ അച്ചന്റെ പരിചയക്കാരനാ. സുധാകരൻ. പിന്നെ വിളിക്കാം.” ഫോൺ കട്ട് ചെയ്തു.

ഒരു ടു വീലർ ഒപ്പിക്കണം. സുനിയേട്ടൻ ജോലിക്ക് പോയത്കൊണ്ട് അത് നടക്കില്ല. ഒടുവിൽ, പോളിയിലെ അപൂർവ്വം ‘വാഹന ഓണേർസിലൊരാളായ’ ക്ലാസ്മേറ്റ് സുധീഷിന് അന്ന് മാറ്റിനിക്ക് ടികറ്റ് ഓഫർ ചെയ്ത്, അവന്റെ ‘സുസുകി സമുറായിലേറി’ ‘ആതിര നിവാസിലേക്ക്’ വിട്ടു. ഗേറ്റ് തുറന്നകത്ത് കയറി ബൈക്കിൽ നിന്നിറങ്ങി, നെഞ്ചിടിപ്പോടെ കോളിംഗ് ബെല്ലടിച്ചു. ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.

“ആരാ.. എന്താ വേണ്ടെ.?”
അടുക്കളയിലെ എന്തോ ജോലിക്കിടയിൽ നിന്നും വന്നത്കൊണ്ടായിരിക്കണം, നനഞ്ഞ കൈ ചുരിദാറിൽ തുടച്ച്കൊണ്ട് അവൾ.. ആതിര.! കടിച്ചാപൊട്ടാത്ത ഇംഗ്ലീഷിൽ ഇൻഡ്യൻ എക്സ്പ്രസ് പെൻഫ്രണ്ട് കോളത്തിൽ പരസ്യം കൊടുത്തതും, അത്കഴിഞ്ഞ് catch me if you can എന്ന് ചലഞ്ച് ചെയ്ത് കത്തയച്ചതുമൊക്കെ, ‘അമ്പലത്തീന്ന് ദേ ഇപ്പ എത്ത്യേഉള്ളു’ എന്ന ഭാവത്തിൽ, കുറിയൊക്കെ തൊട്ട് നിൽക്കുന്ന ഈ പാവം പെണ്ണായിരുന്നോ..!

“ഹെയ്.. എന്താ കാര്യംന്ന്.?” ആതിര വീണ്ടും ചോദിച്ചു.
“ഞാൻ DTDC കൊറിയർ സർവീസിന്നാ. ആതിര വിശ്വനാഥന് ഒരു കൊറിയറുണ്ട്, . ദേ ഇവിടെ പേരെഴുതി സൈൻ ചെയ്യു.” ഞാൻ കൈയിലുണ്ടായിരുന്ന ഒരു നോട്ട്ബുക്കിന്റെ ബാക്പേജ് തുറന്ന് അവൾക്ക് നേരെ നീട്ടി. ഒട്ടൊരു സംശയത്തോടെ അല്പനേരം നോക്കി, പിന്നെ പതുക്കെ പേരെഴുതി ഒപ്പിട്ടു. ഞാൻ കവർ കൊടുത്തു.

ബൈക്കിൽ ഗേറ്റ് കടക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. കൈയിൽ ആ കവറുമായി സംശയത്തോടെ എന്നെ നോക്കി അവൾ സിറ്റൌട്ടിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് പോരുന്ന വഴിയിൽ,‘കൊറിയർ സർവീസിന്റെ’ ആഫ്ക്ടർ ഇഫക്ട് എന്താണന്നറിയാനായി ഒരു ടെലിഫോൺ ബൂത്തിൽ കയറി ആതിരയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.

“തന്റെ ഹാൻഡ് റൈറ്റിംഗ് കൊള്ളാം.. പക്ഷേ സിഗ്നേച്ചറൊരു രസമില്ല. ഒരുമ്മാതിരി കാക്ക അപ്പിയിട്ട് വച്ചപോലെ.” ആതിര ഫോണെടുത്തയുടനെ ഞാൻ പറഞ്ഞു.

“യൂ.. ചീറ്റ്.. ഇഡിയറ്റ്. എനിക്കപ്പോളേ സംശയമുണ്ടാരുന്നു. നിനക്കിട്ട് വച്ചിട്ടുണ്ട് ഞാൻ. നീ തന്നെയാ നേരത്തെ അച്ചനുണ്ടോന്ന് ചോദിച്ച് മിമിക്രി ശബ്ദത്തില് വിളിച്ചതും, അല്ലേ. പിന്നേ, എന്റെ ഒറിജിനൽ സിഗ്നേച്ചർ അതല്ല മോനെ. നീ മിസ് യൂസ് ചെയ്താലോന്നോർത്ത് വെറുതെ കോറി വരച്ചതാ അത്..” ഒരു പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.

-----------------------------------------------------------

വെറും ‘ലൈനടിക്കലും, പ്രണയവും, ഗേൾഫ്രണ്ടും’ മാത്രമല്ല സ്ത്രീയെന്നും, നല്ലൊരു സുഹ്രത്താകാനും ഒരു പെൺകുട്ടിയ്ക്ക് സാധിക്കുമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ആതിര എനിക്ക് ബോദ്ധ്യപെടുത്തി തന്നു. ആതിരയുടെ ക്ലാസ്മേറ്റ്സും,ഫ്രണ്ട്സും എന്റെയും ഫ്രണ്ട്സായി. എന്റെ സുഹ്രുത്തുക്കൾ - രഞ്ജിത്ത്,ജയൻ ഒക്കെ ആതിരയുടെയും ഫ്രണ്ട്സായി. സമര ദിവസങ്ങളിലും മറ്റും ഇടയ്ക്കിടെ പോയി SN കോളെജ് കാമ്പസിലും ഞങ്ങൾ പരിചിതമുഖങ്ങളായി. ജയനെ ‘ചതിച്ച കഥ പറഞ്ഞ്’ ഇടയ്യ്ക്കിടെ തല്ലുകൂടിയും, തമാശകളുമൊക്കെയുമായും, പിന്നെ ഇടയ്ക്കിടെ ആതിരയുടെ അമ്മയുണ്ടാക്കുന്ന ദോശയും സാമ്പാറും, തൈരു സാദവും കഴിക്കാനായി ‘സൌപർണികയിലേക്ക്’ സന്ദർശനം നടത്തിയും കാമ്പസ്ജീവിതം കഴിഞ്ഞ്പോയി..

ജീവിതത്തിന്റെ ഓരോ സ്റ്റേജിലും, ഓരോരോ വേർപെടലുകൾ. അത് ഒഴിവാക്കാൻ പറ്റാത്തതാണ്. ജീവിക്കാനും, ജീവിപ്പിക്കാനുമുള്ള പരക്കം പാച്ചിലിനിടയിൽ എല്ലാവരെയും പോലെ തന്നെ ഞാനും, മറന്നില്ലങ്കിലും ഓർത്തില്ല പല സുഹ്രത്തുക്കളയും, പല ബന്ധങ്ങളെയും.. നാട്ടിലെത്തിയ ഒരു അവധിക്കാലാത്ത്, ഒരു സുഹ്രുത്ത് പറഞ്ഞറിഞ്ഞു, ആതിരയുടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്, ഏതോ ഗൽഫ് രാജ്യത്ത് കുടുംബമായി താമസിക്കുന്നു എന്ന്. ഓർകൂട്ടിന്റെയും ഫേസ്ബുക്കിന്റെയും യുഗമെത്തിയതോടെ, എവിടെയൊക്കെയോ, എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പല ബന്ധങ്ങളും വീണ്ടും കൂട്ടിയിണക്കപ്പെട്ടെങ്കിലും ചിലത് അവിടെയും കണ്ടെത്താനായുമില്ല.

എങ്കിലും,

ഒരിക്കൽ ജീവിതത്തെ,മനസിനെ തൊട്ട് പോയവരെല്ലാവരും... അവരെവിടെയായാലും, എപ്പോഴുമോർത്തില്ലങ്കിലും, ആരെയും മറക്കാനാകുകയുമില്ല..

------------------------------------------------------------

Dedicated to:
പൊടിയും മാറാലയും പിടിച്ച് തുടങ്ങിയ ‘ഓർകുട്ടിൽ’ കുറെ കാലത്തിന് ശേഷം ലോഗിൻ ചെയ്തപ്പോൾ, റീസന്റ് വിസിറ്റേർസിൽ കണ്ട പരിചയമുള്ള ഒരു പേര്.. ‘വന്ന് എത്തി നോക്കിയിട്ടെന്തേ, ഒരു മെസേജ്, അല്ലേൽ ഫ്രണ്ട് റിക്വസ്റ്റ് പോലുമയക്കാത്തെ എന്ന ചോദ്യത്തിന്, “താനൊക്കെ എന്നെ എപ്പോളെ മറന്നിട്ടുണ്ടാകുമെന്നോർത്തു..’ എന്ന് മറുപടി പറഞ്ഞ ആ സുഹ്രുത്തിന്.

(ഇതിലെ പേരുകളെല്ലാം സാങ്കല്പികമാണ്.)

Thursday, 17 February 2011

ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -1

“കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നൂ‍ൂ‍ൂ‍ൂ‍ൂ...”

ചാർജ് തീർന്ന ബാറ്ററിയുടെ അവസാന തുള്ളി ഊർജവും ഊറ്റിയെടുത്ത്കൊണ്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫുട്പാത്ത് കടയിൽ നിന്നും വാങ്ങിയ, റൂം മേറ്റ് പ്രസൂണിന്റെ 'മേഡ് ഇൻ കോയമ്പത്തൂർ' വാക്മാൻ ആസ്മരോഗിയെപോലെ പാടികൊണ്ടിരുന്നു.. ഉടുത്തിരുന്ന ലുങ്കിയും ബെഡ്ഷീറ്റും ചേർന്ന ഡബിൾ ലെയർ ബ്ലാങ്കറ്റ് ഞാൻ തലയിലേക്ക് മൂടി. ഊട്ടിയിലെ പൈൻ മരങ്ങൾ നിറഞ്ഞ മലഞ്ചെരുവിലൂടെ ലാലേട്ടനും കാർത്തികയ്ക്കും പകരം ഞാനും ‘ഫസ്റ്റ് ഇയർ സിവിലിലെ രേഖയും’ മരം ചുറ്റി നടന്നു. പക്ഷേ പുറത്തുനിന്നുള്ള കലപില ശബ്ദങ്ങളും, അടുത്ത റൂമിൽ അനീഷ് 7.30ന്റെ പ്രാദേശിക വാർത്തകളുടെ വോള്യം കൂട്ടിയതും പിന്നെ ‘നിറഞ്ഞ ബ്ലാഡർ എമ്പ്റ്റി ചെയ്യാ‍നുള്ള ഉൾവിളിയും‘ കാ‍രണം അധികം വൈകാതെ തന്നെ ഊട്ടിയിൽ നിന്ന് തൽകാലത്തേക്ക് മടങ്ങാൻ ഞാൻ നിർബന്ധിതനായി.

‘ലക്ഷ്മി ലോഡ്ജ്’ 1999ലെ മറ്റൊരു സുപ്രഭാതത്തിലേക്കുറക്കമുണർന്നു. 8 റൂമുകളിലെ 17 അന്തേവാസികൾക്കായുള്ള രണ്ട് ടോയ്ലെറ്റിന്റെയും, 3 ബാത്രൂമിന്റെയും മുന്നിൽ പതിവ് പോലെ ക്യു രൂപം പ്രാപിച്ച് വരുന്നു. എന്തായാലും ഇനി ഒരു മണിക്കുറത്തേക്കെങ്കിലും ആ സൈഡിലേക്ക് പോയിട്ട് കാര്യമില്ല. ഓപൺ എയറിൽ കാര്യം സാധിക്കാനായി ഞാൻ രണ്ടാം നിലയിലെ റൂമിൽ നിന്നും സ്റ്റെപ്പിറങ്ങി.

എസ്.എൻ കോളേജ്, ഗവ.പോളിടെക്നിക്, ഗവ. ഐ.ടി.ഐ, ജൂനിയർ ടെക്.സ്കൂൾ തുടങ്ങി അക്ഷര കേരളത്തിന്റെ തിലകക്കുറികളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരനിരയായി സ്ഥിതിചെയ്യുന്ന, കണ്ണുർ - തലശേരി ദേ.പാ.47നരികെ ‘തോട്ടട’യിലാണ് ചരിത്രപ്രസിദ്ധമായ ലക്ഷ്മി ലോഡ്ജ് ‘ബർജ്-അൽ അറബ്’ പോലെ രണ്ട് നിലകളിൽ തലയുയർത്തി നിൽക്കുന്നത്. ഐ.ടി.ഐയിൽ നിന്നും മെക്കാനിക്കൽ ഇൻസ്ട്രക്സ്ടറായി വിരമിച്ച കുഞ്ഞിക്കണ്ണൻ മാഷ്, തന്റെ റിട്ടയർമെന്റ് ജീവിതം എംഗേജ്ഡ് ആയി നിലനിർത്താനും, ഒപ്പം പെൻഷൻ കൂടാതെ ഒരു സൈഡ് വരുമാനവും എന്ന ലക്ഷ്യത്തോടെ, എസ്.എൻ കോളേജ്-പോളി-ഐടിഐ കളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പഠിക്കുന്ന കുട്ടികളെ മുന്നിൽ കണ്ട് തുടങ്ങിയ ഒരു മഹദ് സ്ഥാപനമാണ് - നെരൂദയുടെയും,ഖലിൽ ജിബ്രാന്റെയും, രാജേഷിന്റെയും, ബിനുവിന്റെയും കവിതാ ശകലങ്ങൾ ചോക്കിലും കരിയിലും ആലേഖനം ചെയ്ത, പായൽ പിടിച്ച ചുവരുകളുള്ള - ‘ലക്ഷ്മി ലോഡ്ജ്’. മാഷിന്റെ ഔദ്യോഗിക വസതിയായ ‘ലക്ഷ്മി നിവാസിന്റെ’ കോമ്പൌണ്ടിനുള്ളിൽ തന്നെ ഒരു ഔട്ട് ഹൌസ് പോലെ സ്ഥിതി ചെയ്യുന്നത്കൊണ്ടാണ് ‘ലക്ഷ്മി ലോഡ്ജെന്ന്’ പേര് വീണത്.

പുറത്തിറങ്ങി പറമ്പിന്റെ മൂലയ്ക്ക് ഒരു വാഴയുടെ മറവിൽ ‘കാര്യം സാധിച്ച്’ തിരിഞ്ഞപ്പോളാണ്, മാഷിന്റെ പത്നി ലക്ഷ്മിയേടത്തി ഉണങ്ങാനായി അഴയിൽ വിരിച്ചിട്ടിരിക്കുന്ന സാരിയെ ഒരു മിനി മറപ്പുരയാക്കി മാറ്റി, അതിന്റെ പിന്നിൽ പുറത്തെ ടാപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം പിടിച്ച്, തോർത്ത്മുണ്ട് മാത്രമുടുത്ത് വിശാലമായി കുളിക്കുന്ന പോളി ചെയർമാനും, SFIയുടെ യൂണിറ്റ് സെക്രട്ടറിയും, കൂടാതെ ദാസ് കാപിറ്റലും, എം.എൻ വിജയൻ-അഴിക്കോട് തുടങ്ങിയവരുടെ പുസ്തകങ്ങളും വായിച്ചിട്ടുള്ള, പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ പോകാറുള്ള മനോജ് മാത്യു നിന്ന് കുളിക്കുന്നത് ഞാൻ കണ്ടത്.

“മനോജേട്ടാ, പബ്ലിക്കായി കുളി പാടില്ലന്ന് കുഞ്ഞിക്കണ്ണൻ മാഷിന്റെ വാണിംഗുള്ളതാ കേട്ടോ”. ഞാൻ പറഞ്ഞു.

“സുഹ്രത്തേ, മനുഷ്യന്റെ പ്രാധമിക-അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അവനെ വിലക്കാൻ ഒരു മുതലാളിത്ത-ബൂർഷ്വാ വ്യവസ്ഥിതിക്കും കഴിയില്ല.” മനോജേട്ടന്റെ മറുപടി കേട്ട് ഞെട്ടിയ ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു.

“എന്തോന്നാടേ.. ഗവണ്മെന്റാശുപത്രീന്ന് വന്ന പോലെ രാവിലെ തന്നെ ബക്കറ്റും പിടിച്ച് ടോയ്ലെറ്റിന്റെ മുന്നിൽ ക്യൂ നിൽക്കാൻ നിങ്ങൾക്കൊന്നും ലജ്ജയില്ലേ..?”
ബാത്രൂമിന്റെ മുന്നിൽ നിൽക്കുകയായിരുന്ന അടുത്ത റൂമുകളിലെ സിബിച്ചൻ, തോമസ്, ബിജു തുടങ്ങിയവരുടെ നേർക്ക് പൊതുവായൊരു ചോദ്യമുയർത്തിയിട്ട്, ടെലികോം ഓഫീസിലെ ജീവനക്കാരനും എന്റെ നാട്ടുകാരനുമായ സുനിലേട്ടന്റെ മുറിയിലേക്ക് കയറി. പടങ്ങളിൽ കാണുന്ന ശ്രീനാരയണ ഗുരുവിനേപ്പോലെ കട്ടിലിൽ കണ്ണടച്ച് ചമ്രം പടിഞ്ഞിരുന്ന് ‘പ്രാണയാമം’ ചെയ്യുകയാണ് കക്ഷി. അടുത്തിടെ ചെയ്ത ‘ആർട് ഓഫ് ലിവിങ്’ കോഴ്സിന്റെ ആഫ്റ്റർ ഇഫക്ട്. അടുത്ത കട്ടിലിൽ, ഈജിപ്റ്റിലെ ‘മമ്മിഫിക്കേഷൻ’ ചെയ്ത ഡെഡ്ബോഡി പോലെ പുതപ്പിൽ പൊതിഞ്ഞ് ഒരു രൂപം കിടക്കുന്നു. സുനിയേട്ടന്റെ സഹമുറിയനും, കമ്പനി വക 0.5kg വെയ്റ്റുള്ള അൽകാടെൽ മൊബൈൽ സ്വന്തമായുള്ള, എസ്കോടെൽ മൊബൈലിലെ മാർകറ്റിംഗ് എക്സിക്യുട്ടീവ് അഭിലാഷ് തോമസ്. ലക്ഷ്മി ലോഡ്ജിലെ താമസക്കാരിലെ രണ്ടേ രണ്ട് ‘ഉദ്യോഗസ്ഥർ’.

റൂമിന്റെ പിന്നിലായുള്ള ചെറിയ കിച്ചണിലേക്ക് ചെന്ന് ഞാൻ പാത്രങ്ങൾ പൊക്കി നോക്കി. ചീനചട്ടിയിൽ കുറച്ച് ഉപ്പ്മാവിരിക്കുന്നു. അഭിലാഷിന്റെ വിഹിതമായിരിക്കും. സ്റ്റീൽ കപ്പിലെ കട്ടൻ കാപ്പി ഒരു ഗ്ലാ‍സ്സിലൊഴിച്ച് സിപ്പെടുത്തു. മധുരം നഹി.
“പഞ്ചാരയില്ലേ സുനിയേട്ടാ..?”

“വേണേ എട്ത്ത് മോന്തീട്ട് പോടാ. ഓസിന് കിട്ടുന്ന കാപ്പിയല്ലേ.” പ്രാണയാമം തടസപ്പെട്ടതിന്റെ അരിശത്തിൽ സുനിലേട്ടൻ.

“ഇന്നെന്ത് പറ്റി.. ജൂനിയേർസ് പെമ്പിള്ളേരെ ബസ്റ്റോപ്പ് മുതൽ സ്വീകരിച്ചാനയിക്കാൻ പോണില്ലേ.? അല്ലേ രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് എഴുന്നുള്ളുന്നതാണല്ലോ.?” പാന്റ്സിന്റെ സിബ്ബ് വലിച്ചിട്ട്കൊണ്ട് സുനിലേട്ടൻ ചോദിച്ചു.

“ഇന്നൊരു 30റുപീസ് തടയുന്ന പണിയൊത്തിട്ടുണ്ട് സുനിയേട്ടാ. മെക്കാനിക്കലിലെ സുരേഷിന്റെ റെക്കോഡ് വരച്ച് കൊടുക്കണം. സോ, ഉച്ച വരെ കാഷ് ലീവെടുത്തു.” ഞാൻ പറഞ്ഞു.

ലഞ്ച് ബോക്സ് ബാഗിലെടുത്ത് വച്ചതിന് ശേഷം പോകാനായൊരുങ്ങിയ സുനിയേട്ടൻ, റൂമിലെ മേശയിലിരുന്ന ബ്രഡ് കൂടിലേക്കും രണ്ട് നേന്ത്രപ്പഴത്തിലേക്കും, പിന്നെ എന്റെ മുഖത്തേക്കും മാറി മാറി സംശയത്തോടെ നോക്കി. പിന്നെ മുകളിലെ ഷെൽഫിലിരിക്കുന്ന വലിയ സ്യൂട്കേസ് പെട്ടി തുറന്ന് ബ്രെഡും, പഴവുമെടുത്ത് അതിനുള്ളിൽ സുരക്ഷിതമായി വച്ച്, നമ്പർ ലോക്കിട്ട് പെട്ടി പൂട്ടി. “ഒരുത്തനേം വിശ്വസിക്കാൻ പറ്റാത്ത കാലമാണേ.. നമ്മള് സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ.”

“വിശന്നിരുന്ന ഒരു ദുർബല നിമിഷത്തിൽ, ആ ജയൻ സുനിയേട്ടന്റെ ഒരു പഴമെടുത്ത് തിന്നതിന്റെ പേരിൽ ലക്ഷ്മി ലോഡ്ജ് നിവാസികളെ ഒന്നടങ്കം അപമാനിക്കുന്ന സുനിയേട്ടന്റെ പെരുമാറ്റം അങ്ങേയറ്റം ക്രൂരവും പൈശാചികവും, അപലപനീയവുമാണ്.” ഞാൻ പ്രതിഷേധമറിയിച്ച്കൊണ്ട് കാപ്പിയുമെടുത്ത് റൂമിൽ നിന്നിറങ്ങി; ബജാജ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് സുനിയേട്ടൻ ഓഫീസിലേക്കും.

സ്റ്റെപ്പ് കയറി മുകളിലെത്തി. വരാന്തയിലൊരു കസേരയിൽ, പോളിടെക്നികിലെ രണ്ടാംവർഷ മെക്.എഞ്ചി. സ്റ്റുഡന്റ്, വയനാട് സ്വദേശി - അടുത്ത റൂമിൽ താമസിക്കുന്ന ജയൻ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ യൂത്ത് സ്പെഷ്യൽ സപ്ലിമെന്റിൽ ആകാംക്ഷയോടെ മുഖം പൂഴ്ത്തിയിരിക്കുന്നു. ഒരു കസേര വലിച്ചിട്ട് അരമതിലിൽ കാലും കേറ്റി വച്ച് ഞാനുമിരുന്നു. ജയന്റെ മടിയിൽ നിന്ന് പത്രത്തിന്റെ ഒരു ഷീറ്റ് വലിച്ചെടുത്തു.

“വയ്ക്കടാ അവിടെ.. തൊട്ട് പോകല്ല്.”
ജയൻ ഗർജ്ജിച്ചു. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ജയന്റെ നേത്രുത്വത്തിൽ തുടങ്ങിയ ഇൻഡ്യൻ എക്സ്പ്രസ് സബ്സ്ക്രിപ്ഷൻ - തങ്ങളെല്ലാം ആൾറെഡി ഇംഗ്ലീഷിൽ നല്ല എക്സ്പെർട്സ് ആണന്ന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും ബോദ്ധ്യപ്പെട്ടത്കൊണ്ടും, പടങ്ങൾ കാണാൻ നാന, ചിത്രഭൂമി തുടങ്ങിയ ധാരാളം മാസികകളുള്ളത്കൊണ്ടും - ഒരു വൻപരാജയമായി മാറുകയും, പത്രത്തിന്റെ ഒരു മാസത്തെ ബില്ല് ജയൻ തന്നെ അടയ്കേണ്ടി വരികയും ചെയ്തതാണ് ഈ ഗർജ്ജനത്തിന് കാരണം. ഇപ്പോൾ, പത്രത്തിന്റെ കൂടെ കിട്ടുന്ന 'YES' എന്ന യൂത്ത് സപ്ലിമെന്റ് വായിക്കാൻ ബുധനാഴ്ചകളിൽ മാത്രം ജയൻ പത്രം വാങ്ങും.

മുന്നിലെ ടീപോയിൽ റെക്കോഡ് ബുക്ക് തുറന്ന് വച്ച്, ഇടയ്ക്കിടെ കാപ്പിയും സിപ്പ് ചെയ്ത് ഞാൻ സുരേഷിന്റെ റെക്കോഡ് വരയ്ക്കാനാരംഭിച്ചു.

“ഡേയ്, കുഞ്ഞാ, ഇങ്ങോട്ട് നോക്കിക്കേ.. എനിക്ക് നിന്റെയൊരു ഹെല്പ് വേണം.” പത്രത്തിൽ നിന്നും മുഖമുയർത്തികൊണ്ട് ജയൻ പറഞ്ഞു.

“ഒന്ന് പോടാവ്ടുന്ന്. ആ പത്രത്തേലൊന്ന് തൊട്ടപ്പോ എന്താരുന്നു ബഹളം.എന്നിട്ടിപ്പോ അവന് ഹെല്പ് വേണം പോലും.” ഞാൻ രോഷത്തോടെ പ്രതികരിച്ചു.

“എന്റളിയാ, നീയീ പത്രം മുഴോനോടെയെടുത്തോ. ഇത് സംതിംഗ് വെരി ഇമ്പോർട്ടന്റ് ആൻഡ് അർജന്റ്. എടാ കഴിഞ്ഞ ഒന്നൊന്നര മാസമായിട്ട് ഞാനീ 'YES vibes'ൽ വരുന്ന കമ്പ്ലീറ്റ് പെൻ ഫ്രണ്ട് റിക്വസ്റ്റിനും ലെറ്ററെഴുതാറുണ്ട്. ഒരൊറ്റ ലവളുമാരും ഇത് വരെ എനിക്കൊരു റിപ്ലേ അയച്ചിട്ടില്ല. കൂടുതലും കോഴിക്കോട്,കൊച്ചിൻ സൈഡിന്നായകൊണ്ട് അതൊക്കെ പോട്ടേന്ന് വയ്ക്കാം. പക്ഷേ ദേ ഇത് നോക്ക്, ഇവിടെ കണ്ണോത്തുംചാലിന്ന് ഒരു കൊച്ചിന്റെ പരസ്യം. ആതിര വിശ്വനാഥൻ.ഇത് മിസ്സാവാൻ പാടില്ല.” ജയൻ ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തി.

“അതിന് ഞാനെന്ത് വേണം.? ആതിരയെ പോയി കണ്ട് നിനക്ക് വേണ്ടി സംസാരിക്കണോ.?” ഞാൻ ചോദിച്ചു.

“എടാ കോപ്പേ, അതല്ല. ഞാൻ പുതിയൊരൈഡിയ പരീക്ഷിക്കാൻ തീരുമാനിച്ചു. നീയെനിക്കൊരു കത്തും കവറും നിന്റെ വാട്ടർകളറുപയോഗിച്ച് നല്ല കലാപരമായി അലങ്കരിച്ച് ചെയ്ത് തരണം. അവൾക്ക് കിട്ടുന്ന നൂറുകണക്കിന് കത്തുകളിൽ നിന്ന് ഇത് സ്റ്റാൻഡൌട്ട് ചെയ്ത് നിൽക്കണം. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ് ബെസ്റ്റ് ഇമ്പ്രഷൻ.”

“നിനക്ക് കത്ത് ഡിസൈൻ ചെയ്ത് തന്നിട്ട് എനിക്കെന്ത് ഗുണം..?” ഞാനൊരു ചൂണ്ടയിട്ടു.

“ടോപ് സ്റ്റാർ ഹോട്ടലിന്ന് പൊറോട്ടേം ബീഫും, പിന്നെ ക്രിഷ്ണാ ടാക്കിസില് ഫസ്റ്റ് ഷോയ്ക്കൊരു ടികറ്റും. പോരെ.?”

“പൊറോട്ടേം ബീഫും ഓകെ. പക്ഷെ, ക്രിഷ്ണാ ടാക്കിസില് ‘ആദിപാപമാ’ പടം. അത് ഞാൻ കണ്ടതാ. അടുത്തയാഴ്ച കവിതയിൽ നരസിംഹം റിലീസുണ്ട്. പകരം അതിന്റെ ബാൽക്കണി ടികറ്റ് മതി.”

“ഡേ, കവിതയില് ബാൽക്കണി ടിക്കറ്റിന് 25രൂപയാ. ഒന്നഡ്ജസ്റ്റ് ചെയ്യടാ..പ്ലീസ്.” ജയൻ ബാർഗൈനിംഗ് തുടങ്ങി.
“ഒരു രക്ഷയുമില്ല മോനേ. നിനക്ക് നഷ്ടപെടുന്നത് വെറും 25രൂപ. പക്ഷേ നിന്നെ കാത്തിരിക്കുന്നത് ആതിരയുമൊത്തുള്ള പ്രണയസുരഭിലമായ നാളുകളാണ്.”

ഒടുവിൽ ജയൻ സമ്മതിച്ചു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് വരുമ്പോഴേയ്ക്കും ലെറ്ററും കവറും കളർഫുള്ളായി ഡിസൈൻ ചെയ്ത് വച്ചേക്കണമെന്ന് പറഞ്ഞ് ജയൻ ഡ്രസ്സ് ചെയ്ത് പോളിയിലേക്ക് പോയി.

ഞാൻ വെറുതെ പത്രത്തിലെ പെൻ ഫ്രണ്ട്ഷിപ് കോളമെടുത്ത് നോക്കി. Hey pals.. എന്ന് തുടങ്ങി,കേംബ്രിഡ്ജ് ഇംഗ്ലീഷിൽ മുന്നാല് ലൈൻ പരസ്യം. ‘ആതിര വിശ്വനാഥൻ, സൌപർണ്ണിക (ഹൌസ്), കെ.കെ. റോഡ്, കണ്ണോത്തുംചാൽ പി.ഓ., കണ്ണുർ’. പേരും, പിന്നെ ഇംഗ്ലീഷിന്റെ ലെവലുമൊക്കെ വച്ച് നോക്കുമ്പോ ഇതേതോ കൂടിയ ഇനമാ. മനസിലോർത്തു.

പ്രണയം വിഷയമായിട്ടുള്ള എന്ത് കാര്യങ്ങളിലും ഭയങ്കരമായ ഡെഡിക്കേഷനും ആത്മാർത്ഥതയുമുള്ളത് കൊണ്ട് ഒരു മണിക്കുറിനുള്ളിൽ, ഒരു A4 വെള്ളകടലാസിൽ ‘കാല്പനിക പ്രണയത്തിന്റെ സിംബത്സായാ' ഇലകൾ പൊഴിഞ്ഞ് കിടക്കുന്ന, നേർത്ത മഴ ചാറുന്ന വഴിയും ഒരു പെൺകുട്ടി കുടചൂടി നടക്കുന്നതിന്റെ ബാക് വ്യൂവും, പിന്നെ സൈഡിലൊരു റോസപ്പൂവുമൊക്കെ വാട്ടർകളറിൽ ചെയ്തൊപ്പിച്ചു. കവറിലും അതുപോലെന്തൊക്കെയോ ചെയ്ത്, കൂടെ, ഏതോ സിനിമ പോസ്റ്ററിൽ കണ്ട 'Friendship is a blessing..'എന്ന വാചകവുമെഴുതി. ഒന്നുടെയൊന്നു നോക്കി. ഇനി ജയൻ മെയിൻ കണ്ടന്റ് കൂടി എഴുതിയാൽ മതി. ആകെമൊത്തം സംഭവം കൊള്ളാം..


പക്ഷേ..

ഒരു നിമിഷം എന്നിലെ ‘ചതിയൻ ചന്തു’ ഉണർന്നു. എന്ത്കൊണ്ട് എന്റെ പേരിൽ ഈ ലെറ്റർ ആതിരയ്ക്ക് അയച്ച്കൂടാ..? 5പായ്ക് മസിലുള്ള (അന്ന് 6പായ്ക് മാർകറ്റിലെത്തിയിട്ടില്ലായിരുന്നു), പോളി ക്രികറ്റ് ടീമിന്റെ കാപ്റ്റനായ, സൈനിക് സ്കൂളിൽ പഠിച്ചത്കൊണ്ട് മണിമണിപോലെ ഇംഗ്ലീഷ് പറയുന്ന ജയന്, വേണമെന്ന് വച്ചാ 10 ആതിരമാരെ ഈസിയായി വളയ്ക്കാം. ടോട്ടൽ പോപുലേഷന്റെ 30%ൽ താഴെമാത്രം നാരീമണികളുള്ള ഒരു പോളിടെക്നികിൽ, ഇന്ദ്രൻസിനെ വെല്ലുന്ന ബോഡി സ്ട്രക്ചറും വച്ച്, അല്പസ്വല്പം വരയുടെയും നാക്കിന്റെയും ബലത്തിൽ പിടിച്ച് നിൽക്കുന്ന എനിക്കല്ലേ ജയാ ശരിക്കുമൊരു ‘തൂലികാ സുഹ്രുത്തിന്റെ’ ആവശ്യം..? എന്റെ മനസ് പലവിധ ചിന്തകളാൽ പ്രക്ഷുബ്ധമായി.

ആരോ സ്റ്റെപ് കയറി മുകളിലേക്ക് വരുന്ന ശബ്ദം എന്നെ ചിന്തകളിൽനിന്നുണർത്തി. ക്ലാസ്മേറ്റും, കോളേജിലെ ‘അറിയപ്പെടുന്ന സാഹിത്യകാരനും’, ലവ് ലെറ്ററെഴുത്തിൽ അഗാത പാണ്ഡിത്യവുമുള്ള സോൾഗഡി രഞ്ജിത്താണ്. ഇത്പോലുള്ള സന്ദർഭങ്ങളിൽ അഡ്വൈസ് തരാൻ ഇവനാണ് ബെസ്റ്റ്.

“എന്തുവാടേ, ക്ലാസും കട്ട് ചെയ്ത് നീയിവിടെ പടംവരേം കൊണ്ടിരിക്കുവാണോ.” രഞ്ജിത് ചോദിച്ചു.

“കറക്ട് സമയത്താ അണ്ണാ നിന്റെ വരവ്...” രഞ്ജിതിന് ഞാൻ കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.

“ഇതിലിപ്പോ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. കിട്ടിയ അവസരങ്ങൾ ഉപയോഗിച്ചവരാണ് ഈ ലോകത്ത് മഹാന്മാരായവരെല്ലാം തന്നെ. ടോൾസ്റ്റോയി, നെഹ്രു, ഗാന്ധിജി, കെ മുരളീധരൻ, ഈ ഞാൻ..അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.! എന്തിനേറെ, യേശുദാസിന് തൊണ്ടവേദനായത്കൊണ്ട് കിട്ടിയ ഒരവസരത്തിൽ പാടിയിട്ടാണ് എം.ജി ശ്രീകുമാറിന് ദേശീയ അവാർഡ് വരെ കിട്ടിയത്. സോ, നോ സെകൻഡ് ഒപീനിയൻ, ലെറ്ററെഴുതാൻ ഞാനും സഹായിക്കാം. ഇന്ന് തന്നെ പോസ്റ്റ് ചെയ്താൽ അവൾക്ക് കിട്ടുന്ന ആദ്യത്തെ കത്തുകളിലൊന്ന് നിന്റെയായിരിക്കും. ജയന് നീ ഒരു തട്ടികൂട്ട് ഡിസൈൻ ചെയ്ത് കൊടുക്ക്. ചങ്ങായി ഇതറിയുകേ വേണ്ട.”

“എന്നാലും.. ഇതിച്ചിരി കൂടിയ കേസല്ലേടെ. ഒടുക്കത്തെ ഇംഗ്ലീഷും. മലയാളത്തിൽ മാത്രമെഴുതിയാൽ നമ്മള് വെറും ലോക്കലാണന്ന് അവൾ വിചാരിച്ചാലോ.. ?” എനിക്ക് കോൺഫിഡൻസ് പോര.

“ഒന്ന് പോടേ.. ഇവൾക്കുള്ള ഇംഗ്ലീഷൊക്കെ എന്റെ കയിലുണ്ട്. എഴുതിക്കോ നീ.
For no reason, for a moment, i wished if you were my friend..“

“കൊള്ളാലോടാ. ഇത്രപെട്ടന്ന് എവിടുന്ന് വരുന്ന് ഇതൊക്കെ.?” ഞാൻ രഞ്ജിതിന്റെ കഴിവിൽ അത്ഭുതപ്പെട്ടു.

“ഇതൊക്കെ വെറും സാമ്പിള്. പിന്നെ നിന്നോടായത്കൊണ്ട് സത്യം പറയാം. കോളേജ് മാഗസിനിൽ ഒരു ഇംഗ്ലീഷ് കവിതകൊടുത്ത് എന്റെ റേഞ്ചൊന്ന് കൂട്ടാൻ വേണ്ടി, നാട്ടിലെയൊരു ചങ്ങായിനെകൊണ്ട്, “അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ..ഒരുമാത്ര വെറുതെ നിനച്ച്പോയി” എന്ന പാട്ട് ട്രാൻസ്ലേറ്റ് ചെയ്യിപ്പിച്ചതാഷ്ട. പക്ഷേ, അത് ചീറ്റിപോയി. ഇതിപ്പോ അതില് ചെറിയൊരു മാറ്റം വരുത്തി ഫ്രണ്ടാക്കിന്നേയുള്ളു.”

രഞ്ജിത്തിന്റെ സാഹിത്യത്തിന്റെ ബാക്ക്പ്പിൽ - ആതിരയുടെ മോർ ഡിറ്റൈത്സ്, വിത് ഫോൺ നമ്പറുമായി റിപ്ലേ ചെയ്യണമെന്ന അപേക്ഷയോടെ- മുന്നാല് പാരഗ്രാഫിൽ ലെറ്റർ പൂർത്തിയാക്കി. ജയന് വേണ്ടി ‘മോഡേൺ ആർട്ട് പെയിന്റിംഗ്’പോലെ ഒരു പേപ്പറിൽ കളറ് വാരിപൂശി വച്ച് ഞങ്ങൾ ലെറ്ററുമായി ഇറങ്ങി.

“....കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ.. പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി..”

ബസ്റ്റോപ്പിനടുത്തുള്ള പോസ്റ്റ് ബോക്സിൽ കത്ത് പോസ്റ്റ് ചെയ്ത് തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ ഊട്ടിയിലെ പൈൻ മരങ്ങൾക്കിടയിലൂടെ എന്റെകൂടെ ഡ്യയറ്റ് പാടാൻ രേഖയ്ക്ക് പകരം ആതിരയായിരുന്നു. കണ്ണോത്തുംചാലിലെ ‘സൌപർണ്ണിക’യിലേക്ക്, ആതിരയ്ക്കായുള്ള എന്റെ ‘സ്നേഹസന്ദേശം’ അങ്ങനെ പ്രയാണമാരംഭിച്ചു..

(ബാക്കി തുടരുമായിരിക്കും..)

Tuesday, 8 February 2011

അച്ഛനും, അമ്മയ്ക്കും.. പിന്നെ മകൾക്കും.

രാത്രിയേറെ വൈകിയിരുന്നു. അവന് വൈകിട്ട് മുതൽ തുടങ്ങിയ പനി ഒട്ടും കുറഞ്ഞിട്ടില്ല, നിർത്താതെയുള്ള കരച്ചിലും. പെട്ടന്നെപ്പോളോ കരച്ചിലിന്റെ ശക്തി കൂടിയ ഒരു നിമിഷത്തിൽ ശ്വാസം കിട്ടാതെ അവൻ വിഷമിച്ചു. തുണി നനച്ച് നെറ്റിയിലിട്ടും, മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി, താരാട്ട് പാടിയും അവനെ ഉറക്കി എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാൻ പാട്പെട്ടിരിക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് ഒന്ന് കാളി. പിന്നെയൊന്നുമാലോചിച്ചില്ല. 10ഉം, 6ഉം വയസ്സായ അവന്റെ ചേട്ടനെയും, ചേച്ചിയേയും, 15 വയസ്സായ,ദൂരെയുള്ള വല്ല്യചന്റെ വീട്ടിൽ നിന്ന് പഠിച്ച്, പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയ മൂത്ത മകളുടെ കൈയിലേല്പിച്ച്, ഒന്നര വയസ്സായ അവനെയുമെടുത്ത്കൊണ്ട് ആ അച്ഛനും അമ്മയും പാതിരാത്രിക്ക് മലയിറങ്ങി.

കൂരിരുട്ടിൽ,രണ്ട് ബാറ്ററിയിട്ട ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ പാമ്പും പഴുതാരയുമുള്ള കാട്ട് വഴിയിലൂടെ അവർ അവനെയുമെടുത്ത്കൊണ്ടോടി. 2 കിലോമീറ്ററോളമെങ്കിലും കാട്ട് വഴിയിലൂടെ നടന്നാലെ ടാറിട്ട റോഡിലെത്തു. പ്രാഥമികാരോഗ്യ കേന്ദ്രം’ വീണ്ടും ഒരു 4 കിലോമീറ്റർ അകലെയുണ്ട്. പക്ഷേ, ഈ രാത്രിയിൽ അതൊന്നും തുറന്നിട്ടുണ്ടാവില്ല. പിന്നെയുള്ളത് 15 കിലോമീറ്റർ അകലെയുള്ള കൊച്ച് ടൌണിലെ ഒരു സ്വകാര്യ ആശുപത്രിയാണ്. അത് മാത്രമാണ് ലക്ഷ്യം. കൈയിൽ കരുതിയിരുന്ന സ്റ്റീൽ കപ്പിലെ ചൂട് വെള്ളം അവന്റെ ചുണ്ടിൽ നനച്ച് കൊടുക്കാൻ മാത്രം അവർ കുറച്ച് സമയം വഴിയരികിലെ കല്ലിലിരുന്നു. വീണ്ടും അവനെ തോളിലേറ്റി നടത്തം - അഥവാ ഓട്ടം. മെയിൻ റോഡിലെത്തി.പക്ഷേ എങ്ങും കൂരിരുട്ട് മാത്രം. ഒരു വാഹനത്തിന്റെയും ശബ്ദം പോലും കേൾക്കുന്നില്ല. ആലോചിച്ച് നിൽക്കാനുള്ള സമയമില്ല. വീണ്ടും അവനെയുംകൊണ്ട് അവർ നടന്നു. പെട്ടന്നൊരു വാഹനത്തിന്റെ ശബ്ദം എവിടെയോ കേട്ടു. ദൂരെയെവിടെ നിന്നോ ഒരുവെളിച്ചം പതുക്കെ മലയിറങ്ങി വരുന്നു. അടുത്തെത്താറയപ്പോൾ അതൊരു ലോറിയാണന്ന് മനസ്സിലായി. കുഞ്ഞിനെയുമെടുത്ത് പിടിച്ച്കൊണ്ട് ആ അച്ഛൻ കൈ കാണിച്ചു. പക്ഷേ, നിർദാക്ഷിണ്യം അവർ നിർത്താതെ പോയി. അമ്മ തളർന്ന്, ഒരു ഒരു വിതുമ്പലോടെ റോഡ്സൈഡിൽ കുത്തിയിരുന്നു.

‘കർത്താവിനിവനെ വേണംന്നാരിക്കും.. കൊണ്ട് പോട്ടെ..”

പക്ഷേ, ‘കർത്താവിനവനെ അപ്പോൾ വേണ്ടായിരുന്നു.’

മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന്, തിരുവിതാംകൂർ ദേശത്തേക്ക് എത്തിപെടാനുള്ള ആകെയുള്ള ഒരാശ്രയമായിരുന്ന KSRTC യുടെ രാത്രി സർവീസ് കോട്ടയം ബസ്, കണ്ണൂരിന്റെ മലയോരമെല്ലാം കറങ്ങി തിരിഞ്ഞ് വന്ന്കൊണ്ടിരുന്ന സമയമായിരുന്നു അത്. വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാകതെ ആ അച്ഛൻ, റോഡിന്റെ നടുക്ക് തന്നെയിറങ്ങി നിന്ന് ആ ബസ്സിന് കൈ കാണിച്ചു. ആ ബസിന്റെ റൂട്ടിലല്ലങ്കിൽ പോലും, ആ നല്ലവനായ ഡ്രൈവർ അവരെ ടൌണിലെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഇറക്കി.

അങ്ങനെ ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു.

കാലം കടന്നുപോയി. എത്ര കഷ്ടപെട്ടാണ് മക്കളെ വളർത്തിയതെന്ന് പപ്പയും അമ്മയും ഈ കഥ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു.

‘ഹോ, അതൊക്കെ എല്ലാ കാർന്നോമ്മാരും ചെയ്യുന്നതാ. ആശുപത്രീം വണ്ടി സൌകര്യോമൊന്നുമില്ലാത്ത കാട്ടിൽ പോയി താമസിക്കാൻ നിങ്ങളോടാരാ പറഞ്ഞെ’ എന്ന് തമാശയ്ക്കാണേലും പറഞ്ഞ് ഈ കാര്യങ്ങളെ നിസ്സാരമാക്കാറുണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ, പ്രശ്നങ്ങൾ എല്ലാം കണ്ട് മനസിലാക്കി, വല്ലപ്പോളുമൊക്കെ (ഇഷ്ടത്തോടെയല്ലങ്കിൽ കൂടി) - പുലർച്ചെ നാലുമണിക്കെണീറ്റ്, ചിരട്ടയിൽ മെഴുക് തിരി കത്തിച്ച് വച്ച് പപ്പയെ റബ്ബർ ടാപ്പിംഗിൽ സഹായിച്ചും, സ്കൂളവധി ദിവസങ്ങളിൽ 8 മണിക്ക് റബ്ബർപാലെടുത്ത് കൊടുത്തും, മിൽമ ബൂത്തിൽ പാല് കൊണ്ട്പോയി കൊടുത്തും, പിന്നെ ഇടയ്ക്ക് കിട്ടുന്ന വൈകുന്നേരങ്ങളിൽ അയൽക്കാരും സോൾ ഗഡീസുമായ സനു, മനോജ്, സതീഷ് തുടങ്ങിയവരുടെയൊപ്പം തോർത്ത്മുണ്ട് കൊണ്ട് മീൻ പിടിച്ചും, തോട്ടിൽ പോയി ചാടി മറിഞ്ഞും ഞാൻ കൌമാരത്തിലേക്ക് പ്രവേശിച്ചു.

വീണ്ടും കാലചക്രമുരുണ്ടു. 35mm ബ്ലാക് & വൈറ്റിൽ നിന്നും ജീവിതം 70mm കളറിലേക്ക് മാറി.

ഞാനുമൊരു അച്ഛനായി.

ഇന്നലെ മോൾക്ക് ചെറിയ പനിയായിരുന്നു. സാധാരണ ജലദോഷം -പനി-ചുമയ്കെല്ലാമുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ സ്റ്റോക്ക് ഉണ്ട്. ഇനിയല്പം കൂടുതലാണേൽ പോലും വണ്ടിയെടുത്ത് പോയാൽ 10 മിനിറ്റിനുള്ളിലെത്തിചേരാവുന്ന ഹോസ്പിറ്റലുണ്ട്. അതിലും എമർജൻസി കേസാണേൽ 999 എന്ന നമ്പർ വിളിച്ചാൽ ആംബുലൻസ്, ഡോക്ടർ എല്ലാം മിനിറ്റുകൾക്കുള്ളിൽ എത്തും.

ഞാനോർക്കുകയായിരുന്നു - എന്റെ അപ്പനുമമ്മയും പറഞ്ഞത് കഥകൾ മാത്രമായിരുന്നില്ല, ഞാൻ വളർന്ന ജീവിതവും അത് തന്നെയായിരുന്നു.

പക്ഷേ,
‘മകളേ, നിനക്ക് പറഞ്ഞ് തരാൻ നിനക്ക് ഭാവനയിൽ പോലും കാണാൻ പറ്റാത്ത, വളരെ കുറച്ച് അനുഭവങ്ങളല്ലേ എനിക്കുള്ളു.

ചെറുപ്പത്തിൽ, പെരുന്നാൾ ദിവസങ്ങളിൽ പള്ളിപ്പറമ്പിൽ വന്ന കടകളൊന്നിൽ ഞാൻ കണ്ട് ഇഷ്ടപെട്ട കീ കൊടുത്താലോടുന്ന ഒരു കാറ് 15 രൂപ കൊടുത്ത് മേടിച്ച് തരാൻ പപ്പായ്ക്കാവില്ലന്നറിഞ്ഞ് കൊണ്ട്, പെരുന്നാളിന്റെ 3 ദിവസങ്ങളിലും കൊതിയോടെ അത് ഞാൻ നോക്കി നിന്ന കഥ, എങ്ങനെ പറഞ്ഞാലും, ഒന്നോ രണ്ടോ തവണ പരീക്ഷിച്ച് നീ തന്നെ മടുത്ത നിന്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ നിനക്ക് മനസ്സിലാകുമോ..?

സ്കൂൾ വിട്ടോടി വന്ന് കട്ടൻ ചായയും കുടിച്ച് - ചിലപ്പോൾ അമ്മയുണ്ടാക്ക്കി വയ്കുന്ന ഇലയടയും കഴിച്ച്, സനുവിന്റെയും, മനോജിന്റെയുമൊപ്പം ‘ഏറുപന്ത് കളിക്കാനും, ചപ്പ് ചവറുകൾ കൂട്ടിയുരുട്ടി പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞ ‘ഫുട്ബോൾ’ കളിക്കാനും പോയിരുന്ന കഥകൾ കേൾക്കുമ്പോൾ ‘ടോയ് സ്റ്റോറി 3യും, ഹാരിപോർട്ടറും’ കണ്ട് വീറ്റബിക്സും, മറ്റ് ബേബി ടിൻ ഫുഡ്സും മനസില്ലാമനസ്സോടെ കഴിക്കുന്ന നിനക്കെന്തെങ്കിലും തോന്നുമോ?

അടുത്ത വീടുകളിലെ സമ പ്രായക്കാരൊത്ത് അവരുടേതേയ ലോകത്ത് തുമ്പിയെ പിടിച്ചും, പൂ പറിച്ചും, പിന്നെ ഞങ്ങൾ ഉറുമ്പ് കടി കൊണ്ട് മാവിൽ വലിഞ്ഞ് കേറി പറിച്ചെടുക്കുന്ന നാട്ടുമാമ്പഴത്തിന്റെ ഷെയറിനായി വരുന്ന എന്റെ ചേച്ചിയടക്കമുള്ള അന്നത്തെ‘ഗേൾസ് സെറ്റിനെ’പറ്റി പറഞ്ഞാൽ നിനക്കൊരുപക്ഷേ ചിരിക്കാൻ പോലും തോന്നില്ലായിരിക്കും.

അയൽക്കാരായ ഞങ്ങൾ അഞ്ച് കൂട്ടുകാർ, ഓരോ ലക്കവും ഓരോരുത്തർ എന്ന കണ്ടീഷനിൽ മേടിച്ച് അത്ഭുതത്തോടെ വായിച്ച് സ്വപ്നം കണ്ടിരുന്ന ‘പൂമ്പാറ്റയിലെയും,ബാലരമയിലെയും, അമർ ചിത്ര കഥകളിലെയും’ ആ അത്ഭുത ലോകം, നീ എപ്പോളേ, യൂറ്റ്യൂബ്-മഞ്ചാടി വീഡിയോകളിലും, മറ്റ് കാർട്ടൂൺ ചാനലുകളിലും കണ്ട് മടുത്തിട്ടുണ്ടാവും. പണ്ട് മഴക്കാലത്ത് മാത്രം വരുന്ന കുത്തൊഴുക്കിൽ, തോട്ടിലെ പാറപ്പുറത്ത് കവുങ്ങിന്റെ പാളയിട്ട് ഊർന്ന് വരുന്ന സുഖം കിട്ടില്ലങ്കിൽ കൂടെ, നിനക്കാസ്വദിക്കാനായി വാട്ടർ തീം പാർക്കുകൾ നാട്ടിലെങ്ങുമുണ്ട്, ഡിസ്നി ലാൻഡ് മുതൽ വീഗാലാൻഡ് വരെ നിനക്ക് ചോയ്സുമുണ്ട്..

ജൂൺ-ജൂലൈ മാസങ്ങളിൽ, സ്കൂൾ വിട്ട് വരുമ്പോൾ, അത്യാവശം തുന്നൽ പണിയുള്ളതെങ്കിലും നനയാതിരിക്കാൻ പാകത്തിൽ ഒരു കുടയുണ്ടായിരുന്നിട്ടും, മറ്റ് ‘കന്നാലി ചെക്കന്മാരോട് വഴക്കുണ്ടാക്കിയും, കളിച്ചും, ആകെയുള്ള ഒരു യൂണിഫോം ചെളിവെള്ളം തെറിപിച്ച് നാശമാക്കി‘ എന്ന പേരിൽ അമ്മയുടെ വഴക്കൊന്നും നിനക്ക് കേൾക്കേണ്ടി വരില്ല, കാരണം, നിന്നെ സ്കൂളിൽ കൊണ്ടെ വിടാനും, തിരിച്ച് കൊണ്ടുവരാനും ഈ അച്ചനുണ്ടാവും. ഒരു മഴത്തുള്ളിയുടെ കുളിരു പോലും നിന്റെ ദേഹത്തേൽക്കേണ്ടിയും വരില്ല, നിനക്ക് പനി പിടിച്ചാലോ എന്ന് പേടിച്ച് നിന്നെ ഒരു കുഞ്ഞു തണുപ്പിൽ പോലും ജാകറ്റില്ലാതെ പുറത്തിറക്കാറില്ലല്ലോ..

നിനക്കൊരു ഹോം വർക്ക് ചെയ്യാൻ, അല്ലങ്കിൽ പഠിക്കുന്ന ഒരു വിഷയത്തിലൊരു സംശയമുണ്ടായാൽ തന്നെ ‘മാഷോട് ചോദിക്കാനാവാതെ പേടിയോടെ നിന്ന’ നിന്റെ അച്ചന്റെ അവസ്ഥ നിനക്കുണ്ടാവില്ല. ഒരു മൌസ് ക്ലിക്കിനപ്പുറം ഈ ലോകത്തിൽ ലഭ്യമായ എല്ലാ വിവരവും, വിവരണങ്ങളുമുള്ള ഇന്റർനെറ്റ് നിനക്കായുണ്ട്. പത്താം ക്ലാസിന് ശേഷവും, പിന്നീട് കലാലയജീവിതത്തിന്റെ ഓരോ ‘ടേണിംഗ് പോയന്റുകളിലും‘ അതുവരെയുണ്ടായിരുന്ന കൂട്ടുകാരെ പിരിയുന്നത് എനിക്ക് വല്ലാത്ത വേദനയായിരുന്നു. പക്ഷേ, പല രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് കൂട്ടുകരെ ‘ഫേസ്ബുക്കിൽ’ കിട്ടിയേക്കാവുന്ന നിനക്ക് , പിന്നീടൊരിക്കലും കണ്ടെത്താനാവാതെ എനിക്ക് നഷ്ടപ്പെട്ട സുഹുത്തക്കളേക്കുറിച്ച് പറഞ്ഞാൽ നീ ചിരിക്കുമോ..?

രാവിലെയെഴുന്നേറ്റ്, ആകാശവാണി കേട്ടുകൊണ്ട് മുറ്റമടിച്ച്, പിന്നെ അല്പനേരം പാഠപുസ്തകത്തിൽ പൂണ്ടിരുന്ന് തല പെരുത്ത്, ഉത്തരം തെറ്റുമോ എന്ന് പേടിയോടെ കണക്ക് ഹോം വർക്ക് ചെയ്തും, അലക്കി വെളുപ്പിച്ചതെങ്കിലും, ഇസ്തിരിയൊന്നുമിടാത്ത ചുളിവുള്ള യുണിഫോമിട്ട്, വഴിയിൽ കാണുന്ന അപ്പൂപ്പൻ താടിയുടെ പുറകേയോടിയും, കൂട്ടുകാരോടൊപ്പം കളി തമാശകൾ പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ആ ഒരു ബാല്യം നിനക്കില്ല.

നിനക്ക് ‘കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമില്ലാത്ത’ ഒരു ജീവിതം മാത്രമേ തരാൻ എനിക്കാവുന്നുള്ളു. പക്ഷേ നിനക്ക് നഷ്ടപെടുന്ന പലതും അതിനേക്കാൾ വലുതാണെങ്കിലും, അതൊന്നും തരാനെനിക്കാവുന്നുമില്ലല്ലോ..

Tuesday, 4 January 2011

ഒരു ചാരിറ്റി ദുരന്തം

ഇംഗ്ലണ്ടിലെത്തിയപ്പോൾ മുതൽ എന്നെ ആകർഷിച്ച സംഗതികളാണ് ഇവിടുത്തെ ‘ചാരിറ്റി ഷോപ്പുകളും , കാർ ബൂട്ട് സെയിലും’.

‘ബ്രിട്ടിഷ് ഹാർട്ട് ഫൌണ്ടേഷൻ, കാൻസർ റിസർച്ച് യു.കെ, റെഡ്ക്രോസ് സൊസൈറ്റി’ തുടങ്ങി നിരവധി സംഘടനകൾ അവരുടെ ഫണ്ടിന് വേണ്ടി നടത്തുന്ന ചാരിറ്റി ഷോപ്പുകൾ യു.കെയിലെ എല്ലാ ടൌണുകളിലുമുണ്ട്. ആളുകൾ തങ്ങൾക്കാവശ്യമില്ല്ലാത്തതും, എന്നാൽ ഉപയോഗയോഗ്യവുമായ സാധനങ്ങൾ സംഭാവനയായി നൽകുന്നതാണ് ഈ കടകളിൽ പ്രധാനമായുമുള്ളത്. ചിതലെടുത്ത് പോയാലും, തുരുമ്പിച്ചാലും ഒരു മൊട്ടുസൂചി പോലും മറ്റുള്ളവർക്ക് വെറുതെ കൊടുക്കില്ലന്ന നമ്മുടെ സ്വഭാവം ഇവിടുത്തുകാർക്കില്ലാത്തത്കൊണ്ട് ഈ കടകളിലൊന്നും സാധനങ്ങൾക്കൊരു ക്ഷാമവുമില്ല. കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ, ഡ്രസ്സുകൾ, തുടങ്ങി ഇലക്ട്രോണിക് സാധങ്ങൾ വരെയുണ്ടാകും ഈ ചാരിറ്റി ഷോപ്പുകളിൽ. ശമ്പളമൊന്നും വാങ്ങാതെ ജോലി ചെയ്യുന്ന വോളണ്ടിയേർസാണ് ഈ കടകളിൽ നിൽക്കുന്നവർ. ഹൈസ്ട്രീറ്റ് റീട്ടൈൽ ഷോപ്പുകളിൽ തൊട്ടാൽ പൊള്ളുന്ന വിലയുള്ള ബ്രാൻഡഡ് സാധനങ്ങൾ പോലും, സെകൻഡ് ഹാൻഡ് ആണെങ്കിൽ കൂടി നല്ല ക്വാളിറ്റിയിൽ നിസ്സാര വിലയ്ക്ക് കിട്ടുമെന്നുള്ളത്കൊണ്ട് ഞാനും ഇടയ്കിടെ ചാരിറ്റി ഷോപ്പുകളിലെ ഒരു സന്ദർശകനായിരുന്നു.

‘കാർബൂട്ട് സെയിൽ‘ എന്നത് വേനൽക്കാലത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സംഗതി കാര്യമായിട്ടൊന്നുമില്ല. ആളുകൾ തങ്ങൾക്കാവശ്യമില്ലാത്ത ഉപയോഗപ്രദവുമായ സാധനങ്ങൾ വീട്ടിൽ നിന്നൊഴിവാക്കാനായി കാറിന്റെ ബൂട്ടിൽ കുത്തി നിറച്ച് ഒരു മൈതാനത്ത് കൊണ്ട് വന്ന് നിരത്തി വയ്ക്ക്കുന്ന ഒരു ഞായറഴ്ച ചന്ത. ഉദാഹരണത്തിന്, കുട്ടികൾക്ക് മേടിക്കുന്ന കളിപാട്ടങ്ങൾ, ബേബി വാക്കർ, സൈക്കിൾ തുടങ്ങിയവ കുട്ടികൾ വളരുന്നതോടെ അവർക്കത് വീട്ടിലെ സഥലം മിനക്കെടുത്തുന്ന സാധനങ്ങളാകും. ചിലർ സാധനങ്ങൾ വെറുതെയും കൊടുക്കും. സായിപ്പന്മാരുടെ മറ്റൊരു സണ്ഡേ ടൈം പാസ്സ് - നമ്മുക്ക് നിസ്സാര പൈസക്ക് വിലപേശി വാങ്ങാനുള്ള മറ്റൊരു ഓപ്ഷൻ.

കാര്യങ്ങളിങ്ങനെയൊക്കെയാണങ്കിലും ചാരിറ്റി ഷോപ്പുകൾ ചിലപ്പോൾ തലവേദനയായി മാറാറുമുണ്ട്.
സ്ത്രീകളുടെ ജന്മനാ ഉള്ള പല വീക്നെസുകളിലൊന്നാണല്ലോ ഷോപ്പിംഗ്. മാസത്തിലൊരിക്കൽ നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചത്കൊണ്ട് നമ്മളാരും ചായക്കടയിൽ പോയി വല്ലപ്പോളുമൊരു ചായയും കടിയും കഴിക്കാതിരിക്കുന്നില്ലല്ലോ, എന്ന ‘വരട്ട് തത്ത്വവാദവും’ പറഞ്ഞ് ഇടയ്ക്കിടെയുള്ള ഷോപ്പിംഗ് കൂടാതെ, ടൌണിലുള്ള ചാരിറ്റി ഷോപ്പുകളിലും കേറി, ‘ദേ 2 പൌണ്ടേയുള്ളു’ എന്നൊക്കെ പറഞ്ഞ് പിന്നേം എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങിച്ച് കൂട്ടുക എന്നത് സഹധർമ്മിണിയുടെയുടെ ഒരു ഹോബിയായിരുന്നു. (ഇടയ്കൊക്കെ ഒന്നു രണ്ട് ഉപകാരമുള്ള സാധനങ്ങൾ കിട്ടിയിട്ടുമുണ്ട്).

അങ്ങനെയിരിക്കെയാണ് ‘വെള്ളമടിക്കാൻ മുട്ടിയിരിക്കുന്നവന്റെ വീടിന്റെ മുന്നിൽ ബിവറേജിന്റെ കൌണ്ടർ തുറന്നത് പോലെ’, ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ‘ബ്രെയിൻ വേവ്’ എന്ന, ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള ചാരിറ്റി സംഘടനയുടെ കട തുറന്നത്. പൊതുവേ ചാരിറ്റി കടകളൊരു വീക്നസ്സായ ഭാര്യയ്ക്കത് അപ്രതിക്ഷിതമായി കിട്ടിയ ചാകരയായി. ഡൈലി ജോലിക്ക് പോയി തിരിച്ച് വരുമ്പോൾ അവിടെ ഹാജർ വച്ചിട്ടേ കക്ഷി വീട്ടിലേക്ക് കേറി വരു എന്ന സ്ഥിതിയായി.
‘ഇതെന്തിനാ മേടിച്ചേ’ എന്ന് ചോദിച്ചാൽ ഉടൻ വരും ഉത്തരം - 'എന്തോരം പൈസ വെറുതെ കള്ള് കുടിച്ച് കളയുന്നു, ഇതിപ്പോ കുറേ പാവം കുട്ടിക്കൾക്ക് വേണ്ടിയെങ്കിലും ഉപകാരപെടും.'

അങ്ങനെയിരിക്കെ, രണ്ടാഴ്ച്ചത്തെ ക്രിസ്മസ് അവധിക്കായി നമ്മുടെ ‘സ്കൂളടച്ചു.’

‘ക്രിസ്മസൊക്കെയല്ലേടേ, വാ.. അർമ്മാദിക്കാം’ എന്നും പറഞ്ഞ് വിളിക്കുന്ന കൂട്ടുകാരുടെ പ്രലോഭനങ്ങളെ അതിജീവിക്കനാവാതെ, ഇടയ്കിടെ വീട്ടിൽ നിന്ന് മുങ്ങി നമ്മുടെ പ്രിയപ്പെട്ട സ്പോർട്സ് ഐറ്റമായ ചീട്ട് കളിയിലെ 28ൽ പല വട്ടം ചാമ്പ്യനായും, പല പുതിയ ബ്രാൻഡ്കൾ പരീക്ഷിച്ചും ദിവസങ്ങൾ കഴിഞ്ഞു. ‘കിലുക്കവും, നാടോടിക്കാറ്റും, പഞ്ചാബി ഹൌസും’ വീണ്ടും വീണ്ടും കണ്ട് മടുത്തു. ഈ അവധിക്കാലത്ത് ചെയ്ത് തീർക്കാൻ നേരത്തെ പ്ലാൻ ചെയ്ത കര്യങ്ങളെല്ലാം‘റ്റു ഡു ലിസ്റ്റ്’ എന്നെഴുതി കലണ്ടറിൽ ഒട്ടിച്ച് വച്ചതല്ലാതെ അതുമൊന്നും നടന്നിട്ടില്ല. പെട്ടന്നന്നാണൊരുൾവിളി വന്നത്. വീടൊക്കെയൊന്നു ക്ലീൻ ചെയ്യാം. വെറുതെ തീറ്റേം കുടീമായി സുഖിച്ചിരിക്കുന്നു എന്ന ഭാര്യയുടെ പരാതിക്കൊരു താൽകാലിക പരിഹാരമാകുകയും ചെയ്യും.

രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞയുടൻ തന്നെ ക്ലീനിംഗ് പണി ഏറ്റെടുത്തു. നാട്ടിൽ നിന്ന് ആദ്യമായി ഇങ്ങോട്ട് വന്നപ്പോൾ കൊണ്ട് വന്ന പെട്ടി മുതലുള്ള സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചെറിയ സ്റ്റോർ റൂമിൽ തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചു. പഴയ ബാഗുകൾ, ഷൂസുകൾ, കൊച്ചിന്റെ ടോയ്സ് തുടങ്ങി സകല അലുകുലുത്ത് സാധനങ്ങളും കാർഡ്ബോർഡ് ബോക്സുകളിലും അല്ലാതെയും ആക്രിക്കടയിൽ വച്ചിരിക്കുന്നത് പോലെ വാരിവലിച്ചിട്ടിരിക്കുന്നു. ‘ഇതിനകത്ത് പെരുമ്പാമ്പ് പെറ്റ് കിടന്നാൽ പോലും അറിയില്ലല്ലോ’ എന്ന് മനസ്സിൽ തോന്നിയെങ്കിലും, ഈ രാജ്യത്ത് പാമ്പുകളുള്ളതായി ഇത് വരെ കേട്ടിട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ഒരു സൈഡിൽ നിന്ന് പണി തുടങ്ങി. (ചില പ്രത്യേക തരം ‘പാമ്പുകളെ’ കണ്ടിട്ടുണ്ടങ്കിലും, അവ കൂടുതലും വീകെൻഡുകളിൽ പബ്ബുകളിലും ബാറുകളിലും മാത്രം കാണപ്പെടുന്നവയും നിരുപദ്രവകാരികളുമാണ്).

ഭാര്യയുടെ ചെരിപ്പുകളൂം, ഷൂസുകളും, ലേഡീസ് ബാഗുകളും മാത്രം ഒരു സൈഡിലേക്കൊതുക്കി നോക്കിയപ്പോൾ, ‘എന്തുകൊണ്ട് എനിക്കൊരു സെകൻഡ് ഹാൻഡ് കട തുടങ്ങിക്കൂട?’ എന്നൊരു ആലോചന മനസ്സിൽ വന്നത് തികച്ചും സ്വാഭാവികം. ഉപയോഗിക്കുന്നില്ലാത്ത കുറേയെണ്ണമെങ്കിലും ഏതേലും ചാരിറ്റി കടേൽ കൊടുത്ത് സ്ഥലമൊഴിവാക്കാൻ ഞാൻ മുൻപ് പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ടങ്കിലും, ‘എനിക്ക് 9ആം ക്ലാസ്സിൽ കണക്ക് പരീക്ഷ പാസ്സായപ്പോൾ പപ്പ മേടിച്ച് തന്നതാ ഈ ബാഗ്‘, ‘ഈ ചെരിപ്പ് ഞാൻ യു.കെലെത്തീട്ട് ആദ്യമായി വാങ്ങിയ സംഗതിയാ, അത് കൊടുക്കാൻ പറ്റില്ല’ തുടങ്ങിയ സീരിയസ്സായിട്ടുള്ള ഇഷ്യൂസെടുത്തിട്ട് ഭാര്യ വിലക്കിയത്കൊണ്ട്, ഇത്രേം ‘ചരിത്ര പ്രാധാന്യമുള്ള ആന്റ്വിക് സാധനങ്ങൾ’ ആ സ്റ്റോർ റൂമിൽ പൊടിപിടിച്ച് വിശ്രമജീവിതം നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇനിയെങ്കിലുമീ വിലമതിക്കാനാവത്ത സാധനങ്ങൾക്കൊരു ശാപമോക്ഷം കൊടുക്കണം. ഞാൻ തീരുമാനിച്ചു. ഇവൾടെ സമ്മതത്തോടെയെന്തായാലും ഇതൊന്നുമൊഴിവാക്കാൻ പറ്റില്ല. ഒരുവിധം കൊള്ളാവുന്ന കുറേ ലേഡീസ് ബാഗുകളും, ചെരിപ്പുകളും, ഒരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി ഒരു കോർണറിൽ മാറ്റിവച്ചു. യിവളെന്തായാലും, ഈ സ്റ്റോർ റൂമിൽ കേറി ഇതൊക്കെയുണ്ടോന്ന് നോക്കാനൊന്നും പോണില്ല. നാളെ കക്ഷി ജോലിക്ക് പോകുന്ന തക്കം നോക്കി താഴെ ചാരിറ്റി ഷോപ്പിൽ കൊണ്ടെ തട്ടണം. സ്റ്റോർ റൂമൊരു സൈഡാക്കിയതോടെ ഞാൻ ക്ലീനിംഗ് ജോലി മതിയാക്കി.

അടുത്ത ദിവസം രാവിലെ ഭാര്യയുണർന്ന് ജോലിക്ക് പോയി,ഉടനെ തന്നെ ഞാൻ തലേന്ന് പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗുമെടുത്ത് താഴെയുള്ള ചാരിറ്റി ഷോപ്പിലേക്ക് വിട്ടു. സാധനങ്ങൾ കൊടുത്തപ്പോൾ, ‘ഹോ ഇറ്റ്സ് എക്സലന്റ്.. ബ്രില്ല്യന്റ്..താങ്ക്യൂ സോമച്ച്’ തുടങ്ങിയ സായിപ്പിന്റെ സ്ഥിരം മറുപടികൾ കേട്ട് സായൂജ്യമടങ്ങി വീട്ടിലേക്ക് മടങ്ങി.

‘ഡേ, നീയ് അഞ്ചാറ് മുട്ടയെടുത്ത് സ്ക്രാമ്പിൾ ചെയ്ത് വെക്ക്, ഞങ്ങൾ ദേ അങ്ങോട്ട് വരുന്നു’ എന്ന് വിളിച്ച് പറഞ്ഞ ഫ്രണ്ട്സിനെ, ‘വൈകിട്ടാകട്ടേയിഷ്ടാ, ഇവിട്ത്തെ മുട്ടേടെയൊക്കെ സ്റ്റോക്ക് കാലിയായി’ എന്ന് പറഞ്ഞ് ഒരു വിധം ഒഴിവാക്കി, നല്ല കുട്ടിയായി ടിവിയും കണ്ട് ഉച്ച വരെയിരുന്നു.

‘ദേ, നമ്മ്ടെ ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്യാനുള്ള എന്തേലും കിട്ടുമോന്ന് നോക്കാൻ ഞാൻ ഒന്ന് രണ്ട് കടകളിൽ പോയി നോക്കീട്ടേ വരുള്ളൂ കേട്ടോ”. നാലുമണി കഴിഞ്ഞപ്പോൾ ഭാര്യയുടെ വിളി വന്നു.
“ഓകേ, പ്രിയതമേ.. പറ്റുങ്കിൽ ഒരു പുൽകൂട് തന്നെ പൊക്കിയെടുത്ത് കൊണ്ടു വരൂ..” ഞാൻ പറഞ്ഞു.

അരമണിക്കൂറിനുള്ളിൽ കക്ഷി വീട്ടിലെത്തി. ഒന്നു രണ്ട് പ്ലാസ്റ്റിക് കൂടുകളുമുണ്ട് കൈയിൽ. ക്രിസ്മസ് ട്രീ ഡെക്കറേഷൻസ് ആയിരിക്കും. ഒറ്റയ്ക്കിരുന്നുള്ള ബോറടി മാറ്റാൻ രാവിലെ മുതൽ തന്നെ ഉച്ചഭക്ഷണം കഴിച്ചതീന്റെ ക്ഷീണം കാരണം ഞാൻ കിടന്നിടത്തുന്ന് അനങ്ങിയില്ല.

“ദേ, ഇങ്ങോട്ട് നോക്ക്യേ.. ക്രിസ്മസൊക്കെയായിട്ട് എല്ലാരും പാർട്ണേർസിന് എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് കൊടുക്കും. നിങ്ങളോ എനിക്കൊന്നും മേടിച്ച് തന്നില്ല. അത്കൊണ്ട് ഞാൻ തന്നെ എനിക്കെന്തെങ്കിലും ട്രീറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു.”

ശ്ശോ..ശരിയാണല്ലോ.. ക്രിസ്മസായിട്ട് അവൾടെ ക്രഡിറ്റ് കാർഡ് വച്ചിട്ടെങ്കിലുമൊരു ഗിഫ്റ്റ് മേടിച്ച് കൊടുക്കണമെന്നോർത്തിട്ട് മറന്നല്ലോ. ഞാൻ കുറ്റബോധത്തോടെ എണീറ്റ്, അവൾ കൊണ്ട് വന്ന പ്ലസ്റ്റിക് കൂട് തുറന്ന് നോക്കി.

രാവിലെ, ഞാൻ താഴെ ‘ബ്രയിൻ വേവ്’ ചാരിറ്റിഷോപ്പിൽ കൊണ്ട് കൊടുത്ത ലേഡീസ് ബാഗുകളിലൊരെണ്ണം, കടക്കാർ പോളിഷ് ചെയ്ത തിളക്കത്തിന്റെ അഹങ്കാരത്തോടെ എന്നെ നോക്കി പല്ലിളിച്ച് ചിരിക്കുന്നു.

“പേടിക്കേണ്ട, ഞാൻ പുതിയതൊന്നും മേടിച്ചിട്ടില്ല. താഴത്തെ ചാരിറ്റി കടേന്നാ. 7പൌണ്ടേയുള്ളു. ഇതുകൂട്ട് പുതിയതിന് എന്തായാലും മിനിമം 30 പൌണ്ടെങ്കിലും വരും. എനിക്ക് പണ്ടിത്പോലത്തെയൊരു ബാഗുണ്ടാരുന്നു. അതെവിടെ പോയോ ആവോ.. എനിക്കൊത്തിരിയിഷ്ടമാ ഈ ലേസൊക്കെയുള്ള ലതർ ബാഗ്.”

ഞാൻ ഓടിപോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. 7 പൌണ്ട്കൊണ്ട് രണ്ട് ദിവസത്തെ അർമ്മാദത്തിനുള്ള ഒരു കുപ്പി വാങ്ങാമായിരുന്നു എന്ന സങ്കടത്തേക്കാൾ, എന്നെ സമാധാനിപ്പിച്ചത്, ഞങ്ങളെ ശരിക്കും പരിചയമുള്ള ആ മദാമ്മ തള്ള, ‘ഇത് നിന്റെ ഹസ്ബൻഡ് രാവിലെ ഇവിടെ കൊണ്ട് തന്നതാ കൊച്ചേ’ എന്ന് ഭാര്യയോട് പറയാത്തതിലായിരുന്നു.

“പാവം നീ.. 7 പൌണ്ടല്ലേയുള്ളു. സാരമില്ല, നല്ല ബാഗ്.” ഞാൻ പറഞ്ഞു.

“ഹും. അവിടെ ഒത്തിരി പുതിയ ഐറ്റംസ് വന്നിട്ടുണ്ട്. ഇന്ന് ഒന്നും നോക്കാൻ സമയം കിട്ടിയില്ല. നാളെ എനിക്ക് ഓഫാ, ഒന്നൂടെ പോയി നോക്കണം.”

ഞാൻ പിന്നേം പോയി ഒരു ഗ്ലാസ് വെള്ളം കൂടെ കുടിച്ചു.
--------------------------------------------