Thursday, 15 April 2010

‘ഗോനുവിന്റെ’ ഓർമ്മകളിൽ...

ഒന്നര മാസത്തെ അവധിയിൽ നാട്ടിലെത്തി കറങ്ങി നടക്കുമ്പോളാണ്, ജോലി ചെയ്തിരുന്ന ബഹറൈനിലെ പരസ്യ ഏജൻസിയിൽ നിന്നും വിളി വരുന്നത് - നിന്റെ സേവനം തൽക്കാലം ഇനി ബഹറൈനിൽ വേണ്ട.
ഒരു നിമിഷം നിലച്ച് പോയ ശ്വാസം വീണ്ടും വന്നത് മുഴുവനും കേട്ടപ്പോളാണ്..
കമ്പനി മസ്കറ്റിൽ പുതിയതായി ഒരു ബ്രാഞ്ച് തുടങ്ങുന്നു. ഒറ്റപ്പാലംകാരനായ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മോഹനേട്ടനെയും,എന്നെയുമാണ് മസ്കറ്റിലെ ബ്രാഞ്ചിലേക്ക് ആദ്യം വിടുന്നത്. അവിടെ ഓഫീസ് തുറന്നു കഴിഞ്ഞു. അവിടെ ചെന്ന് ക്ലയന്റ്സിനെ കണ്ട് പിടിക്കണം, ബിസിനസ്സ് ജെനറേറ്റ് ചെയ്യണം.. ഇൻഡ്യൻ മിലിട്ടറിയിലും, പിന്നീട് വർഷങ്ങളോ‍ളം സൌദി അറേബ്യയിലും ഓഫീസ് അഡ്മിനിസ്ട്രേഷൻ ,പബ്ലിക് റിലേഷൻ വിഭാഗങ്ങളിൽ ജോലി ചെയ്ത് അനുഭവപരിചയമുള്ള മോഹനേട്ടൻ കൂടെയുള്ളത്കൊണ്ട് എനിക്ക് ഒരു ടെൻഷനും തോന്നിയില്ല. സഹായത്തിന് ഒമാനികളായ 2 പേരുമുണ്ടാകും.

അങ്ങനെ, അവധി കഴിഞ്ഞ് തിരിച്ച് ചെല്ലുമ്പോൾ, മിനറൽ വാട്ടർ കുപ്പിയിൽ നിറച്ച്, ലഗേജിലിട്ട് കൊണ്ട് ചെല്ലാമെന്നേറ്റ ‘നൊസ്റ്റാൾജിക് സ്മരണകളുണർത്തുന്ന ’ രണ്ട് ഹണിബീ ബോട്ടിലും കാത്തിരിക്കുന്ന ബഹറൈനിലെ കൂട്ടുകാരെ നിരാശരാക്കികൊണ്ട് 2006 ഒക്ടോബർ മാസത്തിൽ ഞാനും മോഹനേട്ടനും മസ്കറ്റിലേക്ക് വിമാനം കയറി. മസ്കറ്റ് എയർപോർട്ടിലിറങ്ങിയതേ മനസിലായി -ഞങ്ങളുടെ സഹായത്തിനായുള്ള ഒമാനി സഹപ്രവർത്തകർ ‘നല്ല ബുദ്ധിയും, വിവരവുമുള്ളവരാണന്ന്.’ ഞങ്ങളെ കൂട്ടികൊണ്ട് പോകാൻ വന്ന സയിദ്, ഞങ്ങളിലാരുടെയും പേരുപോലും നേരെ ചൊവ്വെ ഓഫീസിൽ നിന്ന് ചോദിച്ചറിയാതെ, പേരെഴുതിയ ഒരു പ്ലകാർഡ്പോലും കരുതാതെ, ആദ്യമായി മസ്കറ്റിൽ വന്നിറങ്ങി, ഭാഷയറിയാതെ വിഷമിച്ച് നിന്ന രണ്ട് ബംഗാളികളെ കൂട്ടികൊണ്ട് ഓഫീസിലെത്തിയെന്നറിഞ്ഞപ്പോൾ, കരയണോ ചിരിക്കണമോ എന്ന കൺഫ്യൂഷനിലായി ഞങ്ങൾ. മോഹനേട്ടൻ ഉണർന്ന് പ്രവർത്തിച്ചത്കൊണ്ട് അല്പം കഷ്ടപ്പെട്ടിട്ടാണങ്കിലും രാത്രി വൈകി ഞങ്ങൾക്ക് ഏർപ്പാടാക്കിയിരുന്ന താമസ സ്ഥലത്ത് ഒരു ടാക്സി പിടിച്ച് എത്തി.

ദിവസങ്ങൾ കടന്നു പോയി.. ബിസിനസ് മീറ്റിംഗുകളും, പ്രസന്റേഷൻസുമായി മോഹനേട്ടൻ തിരക്കിലായി. എനിക്കുള്ള ഡിസൈനിംഗ് ജോലികൾ എത്തി തുടങ്ങുന്നതേയുള്ളു. കാര്യമായ പണികളൊന്നുമില്ലാതെ ഓഫീസിലിരുന്ന് ഓർക്കുട്ടിംഗും, ചാറ്റിംഗും,പിന്നെ ഇടക്കൊക്കെ കയറി വരുന്ന, ഇംഗ്ലീഷിൽ പത്തിരുപത്തഞ്ച് വാക്കുകൾ മാത്രമറിയുന്ന സയിദിനോട് ആംഗ്ഗ്യഭാഷയിൽ കത്തി വച്ചും, ഓഫീസ് സമയത്തിന്റെ 80%ഉം മൊബൈൽ ഫോണിൽ ആരോടൊക്കെയോ കൊഞ്ചികുഴയുന്ന ഓഫീസ് സെക്രട്ടറി കം റിസപ്ഷനിസ്റ്റ് ലൈലയുടെ ലീലാവിലാസങ്ങൾ നോക്കിയിരുന്നും ഞാൻ സമയം കളഞ്ഞു.

4.45ആകുമ്പോഴെ ‘വൈകിട്ടെന്താ പരിപടി’ എന്നും ചോദിച്ച്, അടുത്ത സുഹ്രുത്തും ജീവൻ ടി.വിയുടെ ഫ്രാഞ്ചൈസി നടത്തുന്ന,മസ്കറ്റിലെ ‘അറിയപ്പെടുന്ന മീഡിയാ പേർസണാലിറ്റിയിലൊരാൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, പ്രേംജിത്തിന്റെ ഫോൺ വരും. 5.30 ആകുന്നതോടെ, മോഹനേട്ടന്റെ ജോലികളെല്ലാം കഴിഞ്ഞ് ‘വൈകിട്ടത്തെ പരിപാടിക്കായി’ മസ്കറ്റിന്റെ സിരാകേന്ദ്രമായ ‘റൂവി’യിലേക്ക്. 2 പെഗ്ഗ് ചെന്നു കഴിഞ്ഞാൽ പ്രേംജിത്തിലെ കവി ഉണരും. പ്രേംജിത്ത് വഴി പരിചയപെട്ട സത്യേട്ടൻ, മനോഹരേട്ടൻ, ഉണ്ണിയേട്ടൻ അങ്ങനെ ഒരുപാട് നല്ല സൌഹ്രദങ്ങളും, കവിയരങ്ങുകളും നിറഞ്ഞ വൈകുന്നേരങ്ങൾ.. ജീവൻ ടി.വിയിൽ സമ്പ്രേഷണം ചെയ്ത്കൊണ്ടിരിക്കുന്ന പ്രേംജിത്തിന്റെ ‘ഒമാനീയം’ പരിപാടിയുടെ ഷൂട്ടിംഗ് ജോലികൾക്കായി കൂറ്റൻ പാറകെട്ടുകളും, മലനിരകളും, മരുഭൂമികളും നിറഞ്ഞ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വ്യതസ്തമായ ഒമാനിന്റെ ഭൂപ്രക്രതിയിലൂടെയുള്ള ദൂര യാത്രകളും ഒക്കെയായി ജോലിയുടെ കാര്യമായ ടെൻഷനൊന്നുമില്ലാതെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു, മസ്കറ്റ് ജീവിതത്തിനു കർട്ടനിടാൻ സമയമടുത്തു എന്ന മുന്നറിയിപ്പോടെ ഇംഗ്ലണ്ടിൽ നിന്നും ചേച്ചിയുടെ വിളി വരുന്നത് വരെ. മസ്കറ്റിൽ ഒരുവിധം സെറ്റിലായി വരികയായിരുന്നു.. എങ്കിലും, ലണ്ടൻ എന്ന പേരിന്റെ ആകർഷണം കൊണ്ട് അധികം വൈകാതെ തന്നെ മസ്കറ്റിലെ ബ്രിട്ടിഷ് എംബസിയിൽ വിസക്ക് അപേക്ഷിച്ചു.

അങ്ങനെ,ജുൺ മാസത്തിലെ ഒരു ചൊവ്വഴ്ച ഉച്ചതിരിഞ്ഞ്, മസ്കറ്റിലെ അവസാന നാളുകൾ എങ്ങനെ പരമാവധി ആഘോഷിക്കാം എന്നുള്ള ആലോചനയിൽ ഒഫീസിനു പുറത്തെ ബാൽക്കണിയിൽ നിൽക്കവെ , സയിദ് ഓഫീസിലേക്ക് പാഞ്ഞ് പോകുന്നത് കണ്ടു. ഇവനിതെന്ത് പറ്റി, പറയാൻ പറ്റാത്ത എവിടെയേലും ഉറുമ്പ് കടിച്ചോ എന്നാലോചിച്ച് ഞാനും കാര്യമെന്തന്നറിയാനുള്ള ആകാംക്ഷയോടെ ഓഫീസിനുള്ളിലേക്ക് ചെന്നു. കിതപ്പോടെ, മോഹനേട്ടനോട് അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്കിടെ വീണ ഒന്നു രണ്ട് ഇംഗ്ലീഷ് വാക്കുകൾ - വിൻഡ്,റെയിൻ-മാത്രം എനിക്ക് മനസിലായി. അറബിക് ഒരുവിധം നന്നായി അറിയാവുന്ന മോഹനേട്ടൻ എന്തൊക്കെയോ തിരിച്ചും പറയുന്നുണ്ട്. മോഹനേട്ടൻ കാര്യങ്ങൾ എനിക്ക് വിശദീകരിച്ച് തന്നു. ‘ഗോനു’എന്ന പേരിട്ട സൈക്ലോൺ - കനത്ത മഴയും, ചുഴലിക്കാറ്റും ഒമാനിലെമ്പാടും, പ്രത്യേകിച്ചും മസ്കറ്റ് ഏരിയയിൽ അടുത്ത മൂന്ന് നാല് ദിവസങ്ങളിൽ കനത്ത നാശം വിതക്കാൻ പോകുന്നു. ഗവണ്മെന്റ് അടുത്ത 4 ദിവസത്തേക്ക് പ്രൈവറ്റ് സ്ഥാപനങ്ങൾക്കുൾപ്പടെ അവധി പ്രഖ്യാപിച്ചിരിക്കുന്നു. വാർത്തയുടെ സത്യാവസ്ഥ ഒന്നുറപ്പിക്കാനായി മോഹനേട്ടൻ ഒമാൻ ട്രൈബ്യൂൺ , അൽ-വതാൻ ഉൾപ്പടെ അറിയാവുന്ന പത്രമോഫീസകളീലെല്ലാം ഫോൺ ചെയ്ത് വിവരം തിരക്കി. എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ്-കനത്ത മഴയും , കാറ്റൂം മസ്കറ്റിനെ ബാധിക്കാൻ പോകുന്നു., ജനങ്ങൾ കരുതിയിരിക്കണം.

‘ഓ ..ഇത്രെയുള്ളോ. പേമാരിയും, കൊടുങ്കാറ്റും, ഉരുൾപൊട്ടലും നമ്മളെത്ര കണ്ടിരിക്കുന്നു. ഒരു ഗോനു പോലും. അമേരിക്കയിലൊക്കെ കാറ്റും മഴയും ഉണ്ടായപ്പോൾ കത്രീനയെന്നോ, സെലീനയെന്നോ ഇട്ടത് പോലെ വല്ല സ്റ്റൈലൻ പേരു വല്ലോമിടാനുള്ളതിനു..ഇതൊരുമാതിരി ഓമനത്തം തോന്നിക്കുന്ന മോനു..ഗോനു.’ ഞാൻ മോഹനേട്ടനോട് പറഞ്ഞു.

മുന്നാല് ദിവസം അവധിയെന്നു കേട്ടപ്പോൾ ഞങ്ങൾ ശരിക്കും സന്തോഷിച്ചു.അപ്പോൾ തന്നെ ഓഫീസ് അടച്ച് ഞങ്ങളിറങ്ങി. പോകുന്ന വഴി സാധനങ്ങൾ വാങ്ങാനായി ലുലു സൂപ്പർമാർക്കറ്റിൽ കയറിയ ഞങ്ങൾ , ഭക്ഷണ-പാനീയങ്ങളുടെ സെക്ഷനിലെ തിക്കും തിരക്കും കണ്ടമ്പരന്നു. ഒരുവിധം അകത്ത് കടന്ന് ചെന്നപ്പോളെക്കും 2 പാകറ്റ് ബ്രെഡ് ഒഴികെ ആ സൈഡ് കാലിയായിരിക്കുന്നു. പാൽ, പച്ചക്കറി, മീറ്റ് എല്ലാം തീർന്നിരിക്കുന്നു.. ഒടുവിൽ ഗതികെട്ട് കുറച്ച് ടിൻ ഫുഡും, തൈരും മേടിച്ച് ഞങ്ങൾ സ്ഥലം വിട്ടു. പുറത്ത് റോഡിലിറങ്ങിയപ്പോൾ എല്ലാ റോഡുകളും വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. മഴയും,കാറ്റും വരുന്നെന്ന് കേട്ടപ്പോൾ,ഇതൊന്നും കാണാത്ത പാവം അറബികൾ പേടിച്ച് നെട്ടോട്ടമോടുന്നത് കണ്ടപ്പോൾ തമാശയാണ് തോന്നിയത്.

പ്രേംജിത്തിനെയും മറ്റ് കൂട്ട്കാരെയും ഫോണിൽ വിളിച്ച് അപ്രതീക്ഷിതമായി വീണു കിട്ടിയ അവധി ദിവസങ്ങൾ എങ്ങനെ പ്രയോജനപെടുത്താമെന്ന് ഡിസ്കസ് ചെയ്തു. ‘നീയെന്തായലും,ആദ്യം തന്നെ മല്ല്യയെ വിളിച്ച് 3 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ സ്റ്റോക് ചെയ്ത് വക്ക്. ബാക്കിയൊക്കെ നമ്മുക്ക് പിന്നെയാലോചിക്കാം.’ കള്ളുകുടിയാണ് അജണ്ടയിൽ ആദ്യമെന്ന് പ്രേംജിത്തിന്റെ മറുപടിയിൽ നിന്ന് മനസിലായി.

ഏത് പാതിരാക്കും, മസ്കറ്റിന്റെ നഗര പരിധിയിലെവിടെയും ‘എനർജി ഡ്രിങ്കുകൾ’ വീ‍ട്ടിൽ ഡെലിവറി ചെയ്യുന്ന, വിജയ് മല്ല്യ എന്നറിയപെടുന്ന പാതി മലയാളിയായ ബാംഗ്ലൂർക്കാരൻ മണിയെ വിളിച്ച് ഓർഡർ കൊടുത്തു. ഡെലിവറി 15 മിനിട്ടിനുള്ളിൽ വീട്ടിലെത്തും. മോഹനേട്ടൻ കാറിന്റെ സ്പീഡ് കൂട്ടി.. വീട്ടിലെത്തി അല്പം കഴിഞ്ഞ് ഞാൻ ജനൽ തുറന്ന് നോക്കി.. പേമാരിയും കൊടുങ്കാറ്റും പോയിട്ട് ഒരു ചാറ്റൽ മഴയുടെ പോലും ലക്ഷണമില്ല.

‘മോഹനേട്ട, മഴയുമില്ല, ഒരു കോപ്പുമില്ല.. ഷട്ടിൽ കളിക്കാനിറങ്ങാം.’ ദിവസവും ജോഗിംഗ്, അല്ലെങ്കിൽ എന്തെങ്കിലും വ്യായാമം ശീലമുള്ള മോഹനേട്ടനോട് ഞാൻ പറഞ്ഞു. സമീപത്തുള്ള, ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നായ സുൽത്താൻ കാബൂസ് പള്ളിയൂടെ വിശാലമായ പച്ച വിരിച്ച മൈതാനത്ത് ഞങ്ങൾ ബാഡ്മിന്റൺ കളിച്ചൂകൊണ്ടിരുന്നപ്പോളേക്കും ദൂരെ മല നിരകളിൽ നിന്നും കാർമേഘങ്ങൾ ഉരുണ്ട് കൂടുന്നത് കണ്ടു. ചെറിയ ചാറ്റൽ മഴയോടൊപ്പം കാറ്റും വീശാൻ തുടങ്ങിയതോടെ ഞങ്ങൾ കളി മതിയാക്കി തിരിച്ച് പോകാൻ തീരുമാനിച്ചു. പോകുന്ന വഴിയിൽ കണ്ട ഒന്നു രണ്ട് കടകൾക്ക് മുൻപിലും എന്തെങ്കിലും കിട്ടുമോന്നറിയാൻ വണ്ടി നിറുത്തി നോക്കിയെങ്കിലും, അതെല്ലാം നേരത്തെ തന്നെ ഷട്ടറിട്ട് കഴിഞ്ഞിരുന്നു.

പ്രേംജിത്തും കൂട്ടുകാരും എത്തി, ‘വൈകിട്ടത്തെ പരിപാടി’ തുടങ്ങി. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പുറത്ത് മഴയുടെ ശക്തി കൂടി..തിരിച്ച് ഡ്രൈവ് ചെയ്ത് പോകാനുള്ളത്കൊണ്ടും മഴയും കാറ്റും ശക്തി പ്രാപിച്ചതിനാലും, പ്രേംജിത്തും സത്യേട്ടനും അതികം വൈകാതെ തിരിച്ചു പോയി.രാത്രിയെപ്പോളോ ഉണർന്ന ഞാൻ, പുറത്ത് നിന്നുള്ള ശബ്ദം കേട്ട് ജനൽ പകുതി തുറന്നതും അടച്ചതും ഒരുമിച്ചായിരുന്നു.അത്രക്ക് ശക്തിയിലായിരുന്നു കാറ്റും മഴയും.. വിചാരിച്ചത് പോലയല്ല, ‘ഗോനു’പ്രശ്നക്കാരനാണന്ന് തോന്നുന്നു. മോഹനേട്ടനും അതിനിടയിൽ ഉണർന്നു. മലനിരകളും,അറബിയിൽ ‘വാദി’ എന്നറിയപ്പെടുന്ന താഴ്വരകളും നിറഞ്ഞ ഇവിടെ എത്ര മഴ പെയ്താലും വെള്ളപ്പൊക്കമൊന്നുമുണ്ടാകില്ല എന്ന് ആശ്വസിച്ച് ഞങ്ങൾ വീണ്ടും ഉറങ്ങി.

മോഹനേട്ടന്റെ ഫോ‍ണിലുള്ള ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാൻ ഉണർന്നത്. മോഹനേട്ടനും കട്ടിലിൽ തന്നെയാണ്. കസിനും, മസ്കറ്റിൽ നിന്നുമകലെ, ‘ഇബ്രി’ എന്ന സ്ഥലത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അകൌണ്ടന്റുമായ സുനിലുമായി ‘ഗോനു സൈക്ലോണിനെ’കുറിച്ച് ചർച്ചയിലാണ്. ഗോനുവിന്റെ അവസ്ഥ എന്തായെന്നറിയാനായി സ്റ്റെപ്പിറങ്ങി മെയിൽ ഡോർ തുറന്ന് നോക്കിയ ഞാൻ ശരിക്കും ഞെട്ടിപോയി. ഞങ്ങളുടെ ഫ്ലാറ്റ് ഇരിക്കുന്ന കെട്ടിടത്തിന്റെ കോമ്പൌണ്ടിലുള്ള മരങ്ങളെല്ലാം തന്നെ ശക്തമായ കാറ്റിൽ ഒടിഞ്ഞും, കടപുഴകിയും കിടക്കുന്നു. പാർക്ക് ചെയ്തിരിക്കുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് ഒരു മരം വീണ് കിടക്കുന്നത്. അതിന്റെ ചില്ലൊക്കെ തകർന്ന്, ചളുങ്ങിയിരിക്കുന്നു. ഭാഗ്യത്തിന് ഞങ്ങളുടെ കാർ അല്പം മാറി സുരക്ഷിതമായി കിടപ്പുണ്ട്.ദൂരെ മലഞ്ചെരുവിൽ നിന്നും വെള്ളച്ചാട്ടം പോലെ മഴവെള്ളം ശക്തിയിൽ കുത്തിയൊലിച്ച് വന്ന് റോഡെല്ലാം തകർന്ന് കിടക്കുന്നു.. ഇപ്പോഴും മഴ പെയ്ത്കൊണ്ടിരിക്കുകയാണ്.‘ഇത് നമ്മൾ പ്രതീ‍ക്ഷിച്ചത് പോലെയല്ലസിജോ..കുഴപ്പമാകുമെന്നു തോന്നുന്നു..’ അതിനിടയിൽ താഴെ ഇറങ്ങി വന്ന മോഹനേട്ടൻ പറഞ്ഞു.

ഉച്ചവരെ ടി.വി കണ്ടും, ഭക്ഷണം കഴിച്ചും സമയം കളഞ്ഞു.മഴ കാരണം പൂറത്തിറങ്ങാനുമാകുന്നില്ല.അടുക്കളയിലെ സാധനങ്ങളെല്ല്ലാം തീരാറാകുന്നു. ഇന്നും കടകളിൽ നിന്നൊന്നും കിട്ടിയില്ലങ്കിൽ സംഗതി കുഴയും..‘നമുക്കെന്തായാലും ഏതെങ്കിലും കടകളുണ്ടോന്ന് ഒന്നു കറങ്ങി നോക്കാം. കുടി വെള്ളവും ഒരു കാനിന്റെ പകുതി മാത്രമേ ബാക്കിയുള്ളൂ.’ മോഹനേട്ടൻ പറഞ്ഞു.

വീണ്കിടക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു വിധം കാർ പുറത്തിറക്കി. റോഡ് മിക്കവാറും തകർന്ന് കിടക്കുന്നു.. വെള്ളം കെട്ടികിടക്കുന്ന റോഡിലൂടെ മോഹനേട്ടൻ കഷ്ടപെട്ട് ഡ്രൈവ് ചെയ്തു. മഴയും കാറ്റും തകർക്കുകയാണ്. അല്പദൂരം പോയപ്പോളെ മനസിലായി,പ്രശ്നമാകുമെന്ന്. എങ്കിലും ഒരു കാൻ വെള്ളമെങ്കിലും എവിടെനിന്നെങ്കിലും ഒപ്പിക്കണമെല്ലോ എന്നോർത്ത് മുൻപോട്ട് തന്നെ പോയി. എല്ലാ കടകളും, ഹോട്ടലുകളും അടഞ്ഞ് കിടക്കുകയാണ്. റോഡിൽ വളരെ അപൂർവ്വമായി ഒന്നോ രണ്ടോ വാഹനങ്ങൾ. ഇടക്കിടെ സൈറൺ മുഴക്കി വെള്ളകെട്ടിനെ കീറി മുറിച്ച് സ്പീഡിൽ പോകുന്ന പോലീസ് വാഹനങ്ങളും. ഞങ്ങൾ താമസിക്കുന്ന, അൽ-ക്വയർ എന്ന ആ ഏരിയയിലെങ്ങും ഒരു കടപോലും തുറന്നിട്ടില്ല. കാലാവസ്ഥ കൂടുതൽ വഷളായികൊണ്ടിരിക്കുന്നു. കാർ റോഡ് സൈഡിൽ നിർത്തി, എന്ത് ചെയ്യണമെന്നാലോചിച്ചിരിക്കുമ്പോൾ സുനിലിന്റെ വിളി മോഹനേട്ടന്റെ ഫോണിൽ വീണ്ടും വന്നു. ഞങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോൾ സുനിൽ അങ്ങോട് ക്ഷണിച്ചു. അവിടെ അത്രയും ഗുരുതരമല്ല സ്ഥിതി. ‘ഗോനു’ ഒന്നടങ്ങുന്നത് വരെ അവിടെ താമസിക്കുകയും ചെയ്യാം. ഭക്ഷണവും,വെള്ളവുമെല്ലാം ആവശ്യത്തിനു സ്റ്റോക്കുമുണ്ട്. അത് വലിയൊരു ആശ്വാസമായി തോന്നി. മോഹനേട്ടൻ വണ്ടി തിരിച്ചു. പക്ഷെ,മസ്കറ്റ് നഗരാതിർത്തി വിട്ട് ആ വഴിയിൽ അല്പദൂരം പോയപ്പോളെക്കും കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി.ദൂരെയുള്ള മലനിരകളിൽ നിന്നും, ഉരുൾപൊട്ടൽ പോലെ വെള്ളവും ചെളിയും കുത്തിയൊലിച്ച് വന്ന് റോഡ് മിക്കവാറും അപ്രത്യക്ഷമായി തുടങ്ങി. കാറ്റും മഴയും രൂക്ഷമായി തുടരുന്നു.. ഒട്ടും മുൻപോട്ട് പോകാൻപറ്റാതായി. ഞങ്ങൾക്ക് മുകളിൽ ആകാശത്ത് എയർഫോർസിന്റെ രണ്ട് ഹെലികോപ്ടറുകൾ കറങ്ങുന്നത് കാണാമയിരുന്നു. വണ്ടി നിറുത്തി എന്ത് ചെയ്യണമെന്നാലോചിച്ച്കൊണ്ടിരുന്നപ്പോൾ ഒരു ഹെലികോപ്ടറിൽ നിന്നും ഞങ്ങൾക്ക് നേരെ തുടരെ ഫ്ലാഷ് ലൈറ്റ് വരുന്നത് കണ്ടു. അവർ മുന്നറിയിപ്പ് തരുന്നതാണ്. തിരിച്ച് പോകുന്നതാണ് നല്ലതെന്ന് മനസിലായി. ചെളികുഴിയായി മാറികൊണ്ടിരുന്ന റോഡിൽ കാർ തിരിക്കാൻ മോഹനേട്ടൻ ശരിക്കും കഷ്ടപെട്ടു.

തിരിച്ച് പോകുമ്പോൾ പ്രേംജിത്തിന്റെ ഫോൺ വന്നു.അവിടെ എത്തിയാൽ വെള്ളം എങ്ങനെയെങ്കിലും കിട്ടുമോന്ന് നോക്കാമെന്ന്. സംഗീത പരിപാടികളും,വല്ലപ്പോളും കിട്ടുന്ന ചരമ/അപകട വാർത്തകളും മാത്രം സമ്പ്രേഷണം ചെയ്ത് തട്ടിമുട്ടി പോകുന്ന പ്രേംജിത് , അപ്രതീക്ഷിതമായി വീണുകിട്ടിയ വാർത്താപ്രാധാന്യമുള്ള സംഭവമായ ‘ഗോനു’ പരമാവധി ഉപയോഗപ്പെടുത്താനായി കാമറയുമായി മസ്കറ്റിലെമ്പാടും കറങ്ങുകയാണ്.അല്പ ദൂരം പോയപ്പോൾ എതിരെ ഒരു പോലീസ് വാൻ വരുന്നത് കണ്ടു. ഞങ്ങൾക്കടുത്തെത്തി ലൈറ്റ് ഫ്ലാഷ് ചെയ്ത് നിറുത്താൻ പറഞ്ഞു. ഞങ്ങൾ പോയ റോഡ് അല്പദൂരം കൂടി കഴിഞ്ഞുള്ള സ്ഥലത്ത് രണ്ട് കാറുകൾ ഉൾപ്പടെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച് പോയന്നും,എത്രയും പെട്ടന്ന് തിരിച്ച് വീട്ടിൽ പോകാനും അവർ പറഞ്ഞു. പുറകിലേക്ക് തിരിഞ്ഞ് നോക്കിയ ഞങ്ങളുടെ ഉള്ളൊന്ന് കിടുങ്ങി..മഴവെള്ളം കുത്തിയൊലിച്ച് ആ പ്രദേശമാകെ വലിയൊരു പുഴയായ് മാറികൊണ്ടിരിക്കുകയാണ്.. എത്രയും പെട്ടന്ന് വീട്ടിലെത്തിയാൽ മതിയെന്നായി.. ചെളികുളമായ റോഡിലൂടെ മോഹനേട്ടൻ സാഹസികമായി കാറോടിച്ചു. ഒമാനിലെ ഏറ്റവും വലിയ കാർ ഡീലറായ ‘ഭവാൻസിന്റെ’ ഗോഡൌണിനു മുന്നിലൂടെ പോയ ഞങ്ങൾ, അവിടെ കണ്ട കാഴ്ച കണ്ട് അമ്പരപ്പോടെ കാർ നിർത്തി. ഷോറുമകളിലേക്ക് കൊണ്ട്പോകാനായി പാർക്ക് ചെയ്തിരിക്കുന്ന നൂറ്കണക്കിന് ടയോട്ട കാറുകളും, വാനുകളും പുറകിലെ മതിലും ഗേറ്റും തകർത്ത് വന്ന ചെളിവെള്ളപാച്ചിലിൽ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. പല കാറുകളും തലകീഴായി മറിഞ്ഞും, ഒന്നു മറ്റൊന്നിന്റെ മുകളിലുമായി കിടക്കുന്ന കാഴ്ച ഭയാനകമായിരുന്നു..

പോകുന്ന വഴിയിൽ തന്നെയാണ് ഞങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം. പെട്ടന്നാണോർമ്മ വന്നത് - ഓഫീസിൽ വെള്ളത്തിന്റെ കുപ്പികളിരുപ്പുണ്ട്. ഞങ്ങളുടേതുൾപ്പടെ,ആ ബിൽഡിംഗിലെ മിക്കവാറും എല്ല കമ്പനികളുടെയും സൈൻ പോസ്റ്റുകളും, ബോർഡ്കളും താഴെ വീണു ചിതറി കിടക്കുന്നുണ്ടായിരുന്നു. വണ്ടി നിർത്തി ഞങ്ങൾ ഓഫീസിനുള്ളിലേക്ക് കയറി.ശക്തമായ കാറ്റിൽ അടുത്ത ഏതൊ ബിൽഡിങിൽ നിന്ന് ടൈത്സ് വന്നടിച്ച് ജനൽ പൊട്ടിയിരിക്കുന്നു. എത്രയും പെട്ടന്ന് വീട്ടിലെത്തിയാൽ മതിയെന്നുള്ളത്കൊണ്ട് കൂടുതലൊന്നും നോക്കാൻ നിന്നില്ല, വെള്ളവുമെടുത്ത് സ്ഥലം വിട്ടു. അല്പദൂരം ചെന്നപ്പോളേക്കും, ഉച്ചത്തിൽ അലാം മുഴക്കികൊണ്ട് പോലീസ് വാനുകളും, ആംബുലൻസും പുറകിൽ നിന്ന് വരുന്നത് കണ്ട് മോഹനേട്ടൻ അവർക്ക് പോകാനായി വണ്ടി സൈഡിലൊതുക്കി,വീണ്ടും അല്പദൂരം പോയ ഞങ്ങൾ, മുന്നിലെ കാഴ്ച കണ്ട് തരിച്ചിരുന്നു. മുൻപിലെ റോഡ് വലിയൊരു ഗർത്തമായി രൂപാന്തരപ്പെട്ടിരിക്കുന്നു.നിരവധി കാറുകളും, വാനുകളും അതിൽ തലകീഴായ് മറിഞ്ഞ് കിടക്കുന്നു..ഞങ്ങളെ കടന്ന് പോയ പോലീസ് വാഹനം, റോഡിനു കുറുകെ നിർത്തിയിട്ട് തിരികെ പോകാൻ ആംഗ്യം കാണിക്കുന്നു. ഏതൊക്കെയൊ വഴികളിലൂടെ ഒരുവിധം വീട്ടിലെത്തി..

കുറെ നേരത്തേക്ക് പരസ്പരമൊന്നും സംസാരിക്കാൻ പോലും തോന്നിയില്ല. വല്ലാത്തൊരു ഭയം ഞങ്ങളെ കീഴ്പെടുത്തിയിരിക്കുന്നു. സുനാമി ഉൾപ്പടെ, പ്രക്രതി ദുരന്തങ്ങളൊക്കെ പത്രത്തിലും, ടി.വിയിലും കണ്ടിട്ട് മാത്രമുള്ള ഞങ്ങളെ ‘ഗോനു’ ശരിക്കും തളർത്തി. എന്തെങ്കിലും വാർത്തകളുണ്ടോന്നറിയാനായി ടി.വി ഓൺ ചെയ്തു.. ഒരു നീല സ്ക്രീൻ മാത്രം. ബിൽഡിംഗിന്റെ ടെറസ്സിൽ വച്ചിരിക്കുന്ന ഡിഷ് ഒക്കെ കാറ്റിൽ എവിടെയൊ പോയിട്ടുണ്ടാകും. ആരെയെങ്കിലും വിളിച്ച് നോക്കാമെന്ന് കരുതി ഫോണെടുത്തു. സമാധാനമായി. നെറ്റ്വർക്ക് ബിസി. പരിഭ്രാന്തരായ ആളുകളുടെ ഫോൺ വിളികൾ കാരണം മൊബൈൽ സർവീസുകൾ ജാമായി. ആ കെട്ടിടത്തിലെ തന്നെ മറ്റ് ഫ്ലാറ്റ്കളിൽ ഒന്ന് പോയി മുട്ടി നോക്കാം, എന്താ സ്ഥിതി എന്നറിയാമല്ലോ എന്ന് പറഞ്ഞ് മോഹനേട്ടൻ പുറത്തിറങ്ങി. എന്തെങ്കിലും സഹായം ചോദിച്ചങ്കിലോ എന്ന് കരുതിയാകണം, ആരും വാതിൽ തുറന്നില്ല. പക്ഷെ, പുറത്തെ ഞങ്ങളുടെ ശബ്ദം കേട്ട് തൊട്ടടുത്ത ഫ്ലാറ്റിലെ ജർമ്മൻ യുവതിയും, ലബനോൻ കാരനായ അവരുടെ ഭർത്താവും വാതിൽ തുറന്നു. മുന്നറിയിപ്പുകളെ അർഹിക്കുന്ന ഗൌരവത്തോടെ കണ്ട അവരൊക്കെ എല്ലാം സ്റ്റോക് ചെയ്ത് വച്ച് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയിരിക്കുന്നു.

6 മണി കഴിഞ്ഞതേയുള്ളു. എങ്ങനെയെങ്കിലും ഉറക്കമെങ്കിലും വരട്ടെ എന്നോർത്ത് അല്പം ‘മരുന്നും’, ബാക്കിയിരുന്ന ചോറും കഴിച്ച് ഞങ്ങൾ കിടന്നു. ഉറങ്ങാൻ ശ്രമിച്ചങ്കിലും പറ്റുന്നില്ല. അടുത്ത ആഴ്ച ലണ്ടൻ നഗരത്തിൽ കറങ്ങി നടക്കുന്നതും സ്വപ്നം കണ്ടിരുന്ന എന്റെ അന്ത്യവിശ്രമം മിക്കവാറും ഇവിടെ തന്നെയാരിക്കും എന്നൊക്കെ ആലോചിച്ച് കിടന്നു. നേരം കഴിയുംതോറും വയറിന്റെ വിളി അസഹ്യമായി. ആകെ അവശേഷിച്ച അല്പം ഭക്ഷണമാണ് വൈകിട്ട് കഴിച്ചത്. കഴിക്കനൊന്നുമില്ല എന്ന അറിവ് വിശപ്പ് കൂട്ടി. മോഹനേട്ടൻ നല്ല ഉറക്കത്തിലാണ്. കഴിക്കാൻ പറ്റുന്ന എന്തെങ്കിലുമുണ്ടോ എന്നറിയാൻ ഞാനെഴുന്നേറ്റ് കിച്ചണിൽ ചെന്ന് ഷെൽഫ്കളെല്ലാം പരിശോധിച്ചു. പണ്ടെപ്പോഴോ വാങ്ങി, ഉപയോഗിക്കാൻ മറന്ന നാടൻ അവലിന്റെ പാക്കറ്റിൽ അല്പം ബാക്കിയിരിക്കുന്നു. കെറ്റിലിൽ വെള്ളം ചൂടാക്കിയൊഴിച്ച്, ഫ്രിഡ്ജിലിരുന്ന ഒരു തക്കാളിയുമെടുത്ത് ഞെരടി,പഞ്ചസാരയും കൂട്ടി ജീവിതത്തിലന്ന് വരെ അനുഭവിക്കത്ത രുചിയോടെ അവൽ നനച്ച് കഴിച്ചു. ഓഫീസിൽ നിന്നെടുത്ത അവസാന കുപ്പിയിൽ ബാക്കിയുള്ളതിൽ നിന്നു കുറച്ച് വെള്ളം കുടിച്ച്, കൈ കഴുകാനയി ടാപ്പ് തുറന്നപ്പോളാണ്,അടുത്ത ദുരന്തം വന്നെത്തിയിരിക്കുന്നു എന്ന് മനസിലായത്. നാട്ടിലെ പബ്ലിക് ടാപ്പ് തുറന്നത്പോലെ ഒരു പൊട്ടലും ചീറ്റലോടെ അല്പം കലങ്ങിയ വെള്ളം വന്നു. കൈ നനഞ്ഞ് വന്നപ്പോളെക്കും അതും നിന്നു. ജല വിതരണവും തകരാറിലായിരിക്കുന്നു. ഇനി ഇലക്ട്രിസിറ്റി കൂടെ നിലച്ചാൽ എല്ലാം പൂർത്തിയായി.! വീണ്ടും ഉറങ്ങാനൊരു ശ്രമം നടത്താനൊരുങ്ങുമ്പോൾ..ടോയ്ലറ്റിൽ പോകാനൊരു തോന്നൽ.. പൂപ്പൽ പിടിച്ച അവലും,പഴകിതുടങ്ങിയ തക്കാളിയും ചതിച്ചതായിരിക്കണം. ഈശ്വരാ..എന്തൊരു പരീക്ഷണമാണിത് എന്നോർത്ത് കിച്ചണിൽ ചെന്ന് വെള്ളകുപ്പിയെടുത്ത് നോക്കി. പകുതിയിൽ താഴെ മാത്രം. അതെടുത്ത് ടോയ്ലെറ്റിൽ ഉപയോഗിച്ചാൽ, പിന്നീട് അല്പം കുടിക്കണമെന്ന് തോന്നിയാൽ.? യു.കെ യിൽ എത്തിയതോടെ ആ രീതികളുമായൊക്കെ പൊരുത്തപെട്ടെങ്കിലും,ടിഷ്യു മാത്രമുപയോഗിച്ച് കാര്യം നടത്താൻ അന്നൊന്നും ആലോചിക്കാൻ കൂടി സാധിക്കില്ലായിരുന്നു. ദ്രാവക രൂപത്തിൽ പിന്നെ വീട്ടിൽ ആകെയുള്ളത് കുറച്ച് ബീയർ കുപ്പികളാ‍ണ്. അതെടുത്ത് കൊണ്ട് പോയാലോ എന്നയി അടുത്ത ചിന്ത. നടൻ ദിലീപ് മിനറൽ വാട്ടറിലാണ് കുളിക്കുന്നതെന്നു കേട്ടിട്ടുണ്ട്. എന്തായാലും അത്രക്ക് അങ്ങട് പോകണ്ട. നിവർത്തിയില്ലാതെ, ടിഷ്യുബോക്സ് എടുത്ത് ടോയ്ലറ്റിൽ പോയി..

നേരം വെളുത്തു. പ്രഭാതക്രത്യങ്ങളൊന്നും നിർവഹിക്കാനാകാതെ, ബാക്കിയുള്ള അല്പം വെള്ളമിരിക്കുന്ന കുപ്പിയിലും നോക്കി ഞങ്ങളിരിക്കുമ്പോൾ ആരോ ഡോർബെൽ അടിച്ചു. തുറന്ന് നോക്കിയപ്പോൾ, അയൽക്കാരായ ലബനീസ്കാരനാണ്. തലേന്ന് കണ്ടപ്പോൾ, ഞങ്ങളുടെ ദുരവസ്ഥയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലങ്കിലും, എങ്ങനെയോ മനസിലാക്കി അര ബക്കറ്റ് വെള്ളവും, കുറച്ച് ബ്രെഡ് പീസ്കളും, രണ്ട് മുട്ടയുമായി നിൽക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ദൈവ ദൂതൻ മുന്നിൽ പ്രത്യക്ഷപെട്ടത്പോലെ തോന്നി. അത്യവശം പ്രഭാത ക്രത്യങ്ങളൊക്കെ നിർവഹിച്ച്, ഓംലറ്റും, ബ്രെഡും കഴിച്ചുകൊണ്ടിരുന്നപ്പൊഴേക്കും, ഞങ്ങൾ പേടിച്ചത്പോലെ തന്നെ കരണ്ടും പോയി. ‘എല്ലാം പൂർത്തിയായി. അവസാന അത്താഴമായിരുന്നിരിക്കണം കഴിച്ചത്. ’ മോഹനേട്ടൻ പറഞ്ഞു. പക്ഷെ ഉച്ച കഴിഞ്ഞ്, ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിന്ന ഞാൻ പ്രതീക്ഷയുടെ ചില ദ്രശ്യങ്ങൾ കണ്ടു. വെള്ളം നിറച്ച വലിയ ടാങ്കുകളുമായി മുനിസിപ്പാലിറ്റിയുടെ ഒരു ലോറി ദൂരെ നിന്ന് വരുന്നു. മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞും തുടങ്ങി. കലങ്ങിയതാണങ്കിലും ബകറ്റുകളിലും,കന്നാസുകളിലും അത്യാവശത്തിനുള്ള വെള്ളം ശേഖരിച്ചു.

ദിവസങ്ങൾ കഴിഞ്ഞു.. ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരുന്നു. എത്ര പേർ മരിച്ചെന്നും, നാശനഷ്ടങ്ങളുടെ കണക്കുകളും അറിവായി വരുന്നതേയുള്ളു. ഒരു കെട്ടിടം പൂർണ്ണമായി ഒലിച്ച് പോയി, അതിലുണ്ടായിരുന്ന ഏഴ് മലയാളികളുൾപ്പടെ നിരവധി പേർ മരിച്ചെന്നറിയാൻ കഴിഞ്ഞു. തകർന്ന റോഡുകളും, പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കിയെടുക്കുന്നതിനിടയിൽ, മണിക്കൂറുകൾ നീണ്ട ട്രാഫിക് ജാമിലൂ‍ടെയും സഞ്ചരിച്ച് ‘ഗോനു ബോംബിംഗിൽ’ തകർന്ന മസ്കറ്റ് നഗരം ഞങ്ങൾ കണ്ടു. ഗോനു സ്പെഷ്യൽ എപിസോഡുകളുമായി പ്രേംജിത്ത് ചാനലിൽ നിറഞ്ഞ് നിന്നു. അടച്ചിട്ടിരുന്ന മസ്കറ്റ് എയർപോർട്ട് തുറന്ന്, വിമാന സർവീസുകൾ സാധാരണ നിലയിലായി അധികം വൈകാതെ ഞാൻ മസ്കറ്റിനോട് വിട പറഞ്ഞു. ടേക്ക് ഓഫ് ചെയ്ത എമിറേറ്റ്സ് വിമാനത്തിലിരുന്ന് ജനലിലൂടെ ‘ഗോനു’ താംഡവമാടിയ മസ്കറ്റ് നഗരത്തിലേക്ക് നോക്കിയപ്പോൾ ഓർമ്മ വന്നത്, ‘ജുറാസിക് പാർക്ക്’ സിനിമയുടെ ക്ലൈമാക്സ് സീനിൽ ,ദുരന്തങ്ങൾ വേട്ടയാടിയ ദ്വീപിൽ നിന്നും എങ്ങനെയൊ രക്ഷപെട്ട് ഹെലികോപ്ടറിൽ ഇരുന്ന് താഴേക്ക് നോക്കുന്ന ജോൺ ഹാമണ്ടും കൂട്ടരെയുമാണ്.. പക്ഷെ ഒരുപാട് നല്ല സൌഹ്രദങ്ങളും, അനുഭവങ്ങളും സമ്മാനിച്ച മസ്കറ്റ് ഇന്നും എനിക് പ്രിയപെട്ടതാണ്...

ചില ഗോനു ദ്രശ്യങ്ങൾ..()
8 comments:

 1. നർമ്മത്തിന്റെ മേമ്പൊടി വിതറി നന്നായി തുടക്കം കുറിച്ചിട്ട്,ഗോനുവിന്റെ ഭീകര താണ്ഡവം ശരിക്കും ഭയങ്കരമായ വർണ്ണക്കാഴ്ച്ചകളിലൂടെ നീ വരച്ചു കാണിച്ചിരിക്കുന്നു ,കേട്ടൊ..സിജൊ.
  അഭിനന്ദനങ്ങൾ...

  പിന്നെ സിജോയുടെ ബ്ലോഗ്ഗിന്റെ ലിങ്ക് ഞാൻ എന്റെ പുതിയ പോസ്റ്റിൽ കൊടുത്തിട്ടുണ്ട് ..കേട്ടൊ.
  നമ്മുക്കെല്ലാവർക്കും അടുത്തമാസം ഒരു യുകെ ബ്ലോഗ്ഗ് മീറ്റ് സംഘടിപ്പിക്കണം !

  ReplyDelete
 2. HI Sijo,

  Sooooooooooooo nostalgic. its a complete rewinded episode of Gonu in Muscat. Well written Sijo. Enthayalum Muscat ennum namuk priyapettatu thanne... Keep writing and all th best, Affly, Mohanettan

  ReplyDelete
 3. ശക്തമായ ഗോനു
  ഓര്‍മ്മകളില്‍ മറക്കാന്‍ കഴിയാത്ത രണ്ട് നാളുകള്‍
  കുടിക്കാന്‍ വെള്ളമില്ലെങ്കിലും
  നാല് ദിവസം കുടിച്ച് തീര്‍ത്ത വെള്ളത്തിന് കണക്കില്ല

  ReplyDelete
 4. ഹോ... ഭീകരമായ അവസ്ഥ. നന്നായി വിവരിച്ചിരിയ്കുന്നു

  ReplyDelete
 5. ഗോനു വിനെ നിസ്സരനായ് കരുതിയത്‌ തെറ്റിപോയിഅല്ലേ ..അവന്‍ ഭീകരനാണെന്നു തെളിയിച്ചു .ആ ഫോട്ടോസ് കാണുമ്പോള്‍ തന്നെ പേ ടിതോന്നുന്നു .ഏതായാലും ഈശ്വരകൃപ യുന്ടെന്നു വെക്തം .ലണ്ടന്‍ സ്വപ്നം സഫലീകരിച്ചുവല്ലോ ..പോസ്റ്റ്‌ നന്നായിട്ടുണ്ട് നര്‍മം ചാലിച്ചുകൊണ്ടുള്ളരചന കൊള്ളാം .ഈ പോസ്റ്റിന്റെ ലിങ്ക് ബിലാത്തിപട്ടണ ത്തിന്റെ പോസ്റ്റില്‍ നിന്നും കിട്ടിയതാണ് .

  ReplyDelete
 6. വിവരണം അസ്സലായി

  ReplyDelete
 7. ഗോനുവിനെപ്പറ്റി പത്രത്തില്‍ വായിച്ചിരുന്നെങ്കിലും അതിന്റെ ഭീകരത ശരിക്കും മനസ്സിലാക്കിയത് ഈ പോസ്റ്റിലൂടെയാണ്. മുന്നറിയിപ്പുകളെ അവഗണിക്കുന്ന ശീലം നമ്മള്‍ക്കുള്ളതാണ്. പാശ്ചാത്യര്‍ക്ക് അങ്ങനല്ല. അതിപ്പോ ഏതാണ് മനസ്സിലായിക്കാണുമല്ലോ സിജോ ? അല്ലേ ?

  ReplyDelete
 8. മാഷെ നിങ്ങള്‍ ആള്‍ക്വയറില്‍ എവിടെ ആയിരുന്നു ...കഴിഞ്ഞ കൊല്ലവും ചെറിയ ഒരു ഗോനു പോലെ ഉണ്ടായി ....

  ReplyDelete