Thursday, 2 June 2011

ഒരു ‘ക്രോസ് കണ്ഡ്രി‘ വീരഗാഥ..

2003ലെ ഏപ്രിൽ മാസം.

‘ജീവിതം യൌവന തീക്ഷണവും, പ്രണയസുരഭിലവുമായിരുന്ന’ ഒരു കാലഘട്ടത്തെ, അപ്രതീക്ഷിതമായി അറേബ്യൻ മരുഭൂമിയേക്കാൾ വരണ്ട സൌദി അറേബ്യയിലെ ജീവിതത്തിലേക്ക് പറിച്ച് നട്ട അഞ്ച് മാസങ്ങൾ.. ജീവിതത്തോട് എല്ലാ രീതിയിലും വിരക്തി തോന്നി തുടങ്ങിയ ദിവസങ്ങൾ.. വല്ലപ്പോഴും വെള്ളിയാഴ്ചകളിൽ അൽ-കോബാറിൽ പോയി ബഹറൈനിലേക്ക് നീണ്ട് കിടക്കുന്ന സൌദി-ബഹറൈൻ കോസ് വേ കടൽ പാലം കണ്ട്, ആ‍ പാലത്തിനക്കരെ സൌദിയിലേത് പോലെ കരി നിയമങ്ങളും, നിയന്ത്രങ്ങളുമില്ലത്ത ബഹറൈൻ എന്നൊരു സ്വപ്ന ഭൂമി ഉണ്ട്, വിധിയുണ്ടങ്കിൽ എന്നെങ്കിലുമൊരിക്കൽ അവിടെ പോകണം എന്ന ആഗ്രഹവും, പിന്നെ കൂടെ താമസിക്കുന്നവർ എല്ലവരും ഇടക്കിടെ പിരിവെടുത്ത് വാങ്ങി കഴിക്കുന്ന “അറേബ്യൻ മട്ടൺ കബ്സയും”, ഒഴിച്ചാൽ, വേറൊന്നും സ്വപ്നം കാണാൻ പോലുമില്ലാത്ത നാളുകൾ..

അൽ-കോബാറിനടുത്ത റാസ്റ്റനൂറ എന്ന ചെറു പട്ടണത്തിലെ, “അൽ ഷഹ്രാണി” (അലുകുലുത് , അൽ- &*$%“| എന്നൊക്കെ ഞങ്ങൾ മലയാളീകരിച്ച) ഞങ്ങളൂടെ കമ്പനി ഓഫീസ്.

പതിവ് പോലൊരു ബ്രേക് ഫാസ്റ്റ് ബ്രേക്കിൽ, ഓഫീസിനോട് ചേർന്നുള്ള കഫ്റ്റേരിയയിൽ ഒണക്ക കുബൂസ്, മഴക്കാലത്തെ ‘രയറോം പുഴപോലെ’ ചാറുള്ള കടല കറി കൂട്ടി തട്ടി വിടുമ്പോളാണ് ഓഫീസിലെ HR മനേജർ കൊല്ലംകാരനായ ജേക്കബ് ചേട്ടൻ, ഭാര്യയുണ്ടാക്കി കൊടുത്ത ദോശയുമായി ഹാളിലേക്കെത്തി എന്നോട് പറഞ്ഞത് :
“ഡേ പയ്യൻസ്.. നിനക്ക് ഒടുക്കത്തെ ഭാഗ്യമാ കേട്ടോ.. ബഹറൈൻ ഓഫിസിലെ ജെറി പറഞ്ഞിട്ട് നിനക്ക് ആറു മാസത്തെ മൾട്ടിപിൾ റി എന്റ്രി വിസ അടിച്ചിട്ടുണ്ട്. അവിടെ നിന്നേക്കൊണ്ട് എന്തരോ പണിയുണ്ടന്ന്.”

കുബൂസ് എന്റെ തൊണ്ടയിൽ കുരുങ്ങി; എന്റെ മാത്രമല്ല,ആദ്യത്തെ വിമാനയാത്രയിൽ നെടുമ്പാശ്ശേരി മുതൽ കൂടെയുണ്ടായിരുന്ന സേവ്യർ, ഒപ്പം ജോലിചെയ്യുന്ന സിൽവസ്റ്റർ, വിജു, ജോൺ എല്ലാവരും ഒരു നിമിഷം കുബൂസ് താഴെ വച്ച് അവിശ്വസിനീയതോടെ എന്നെയും ജേക്കബ് ചേട്ടനേയും നോക്കി. നാട്ടിൽ നിന്നേ പരിചയമുള്ള ബഹറൈൻ ഓഫിസിലെ ജെറി, കമ്പനി ലേബലില്ലാതെ പേർസണലായി എടുക്കുന്ന ഡിസൈൻ പണികൾ കാശൊന്നും മേടിക്കാതെ ചെയ്ത് കൊടുക്കുന്നതിന് പകരമായി,‘എന്നെ എത്രേം പെട്ടന്ന് ഈ നരകത്തീന്ന് ഒന്ന് രക്ഷിച്ച് ബഹറൈനിലേക്ക് കൊണ്ട് പോ, അല്ലങ്കിൽ നിങ്ങടെ ഒരു പണിം ഇനി ചെയ്യില്ല’ എന്ന് കുഞ്ഞാലികുട്ടി-മാണി സ്റ്റൈലിൽ നടത്തിയ സമ്മർദ്ദ തന്ത്രം ഫലം കണ്ടിരിക്കുന്നു.!

പിന്നീടുള്ള ദിവസങ്ങളിൽ, ‘ദേ ഇപ്പ ഇത് തീർക്കണം, അത് തീർക്കണം' എന്നൊക്കെ പറഞ്ഞ് ചൊറിയാറുള്ള ഐടി മാനേജർ ജോണിനോടൊക്കെ ‘ഒന്ന് പോടാപ്പ‘ എന്നൊരു മനോഭാവം വന്നതും, ഗൂഗിളിൽ ബഹറൈനേപറ്റി സെർച്ച് ചെയ്ത് സമയം കളഞ്ഞതുമൊഴിച്ചാൽ, ഞാൻ പക്ഷേ കൂളായിരുന്നു.

ബഹറൈനിലേക്ക് ഇന്ന് വിടും നാളെ വിടുമെന്ന് കരുതി പെട്ടിയിൽ അവശ്യസാധനങ്ങളെല്ലാം പായ്ക് ചെയ്ത് റെഡിയാക്കി ദിവസങ്ങൾ കഴിഞ്ഞു. ‘വന്ന് ആറ് മാസമാകുന്നതിനു മുൻപേ ബഹറൈനിലേക്ക് വേണേൽ ഡൈലി പോയി വരാൻ പറ്റുന്ന രീതിയിൽ വിസയടിച്ച ഭാഗ്യവാൻ’ എന്ന അസൂയയോടെ എന്നെ നോക്കിയിരുന്ന സഹപ്രവർത്തകർക്ക് ദിവസങ്ങൾ കഴിയും തോറും ആശ്വാസം കൂടി വന്നു. ഇത് ആ ജേക്കബ് ചേട്ടൻ ചുമ്മാ ഇറക്കിയ നമ്പറാ, എന്ന് പല സൈഡിൽ നിന്നും അശരീരി കേൾക്കാനും തുടങ്ങിയതോടെ ഞാൻ കൂടുതൽ അസ്വസ്ഥനായി.

മലയാളിയായ ബോസിന്റെ ഓഫിസിനു മുൻപിലൂടെ അങ്ങോടുമിങ്ങോടും വെറുതെ നടന്നും, കമ്പ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാനാണന്ന വ്യാജേന കക്ഷിയുടെ ഓഫിസിലെത്തി, ‘ദേ സാർ ഞാനിവിടെയുണ്ട്, എന്തായി എന്നെ ബഹറൈനിലോട്ട് വിടുന്ന കാര്യം?” എന്ന് ഇൻഡയറക്ടായി ചോദിച്ചുകൊണ്ട് കുറെ ദിവസങ്ങൾ നോക്കി. നോ പ്രതികരണം. ബഹറൈൻ സ്വപ്നം തന്ന് കൊതിപ്പിച്ച ജേക്കബ് ചേട്ടനെ കാണുന്നത് തന്നെ ദേഷ്യമായി തുടങ്ങി.

അങ്ങനെ, ഒരു വ്യഴാഴ്ച ഉച്ചകഴിഞ്ഞ്..

ദൂരെ മരുഭുമിയിൽ നിന്നടിക്കുന്ന വരണ്ട മണൽകാറ്റിൽ, ഓഫീസിനു പുറത്തെ പനകളിൽ കായ്ച്ച് കിടക്കുന്ന ഈന്തപ്പഴങ്ങൾ പഴുത്തോയെന്ന് ഞെക്കി പരിശോധിച്ച്കൊണ്ട്, താമസ സ്ഥലത്തേക്ക് പോകാനുള്ള വണ്ടിയും കാത്ത് നിൽകുമ്പോൾ പുറകിൽ നിന്ന് ജേക്കബ് ചേട്ടന്റെ വിളി വന്നു. “ഹെയ്..നീയിവിടെ കുറ്റിയടിച്ച് നിക്കുവാണോ. ഇന്ന് വൈകിട്ട് ഖാലിദ് ബഹറൈനിലേക്ക് പോകുമ്പോ നീയും കൂടെ പോണം.. വേഗം റൂമിൽ പോയി നിന്റെ പെട്ടിയൊക്കെ പായ്ക്ക് ചെയ്യ്.”

സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാൻ കൈയിലൊന്ന് നുള്ളി നോക്കി. വേദനിക്കുന്നുണ്ട്. ഓഫീസിലെ ഡ്രൈവർ വരാനൊന്നും കാത്ത് നിന്നില്ല; റോഡിലൂടെ പോയ ഒരു ടാക്സി കൈ കാണിച്ച് നിർത്തി റൂമിലെത്തി. കുളിച്ച് റെഡിയായി, ആഴ്ചകൾക്ക് മുൻപേ പായ്ക് ചെയ്ത് വച്ചിരിക്കുന്ന പെട്ടിയുമെടുത്ത്, മൊബൈലിൽ സ്പോൺസർ അറബിയുടെ മകനായ ഖാലിദിന്റെ വിളി വരുന്നതും നോക്കിയിരുപ്പായി. മിനിറ്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം.. കാത്തിരിപ്പിനൊടുവിൽ മൊബൈലിൽ ഖാലിദിന്റെ റിംഗ്. അസൂയയോടെ, സങ്കടത്തോടെ നിൽക്കുന്ന കൂട്ടുകാരോട് തൽകാലത്തേക്ക് ബൈ പറഞ്ഞ് റൂമിൽ നിന്നിറങ്ങി.

ഖാലിദിന്റെ മെർസിഡസ് എസ് ക്ലാസ് ഒരു മൂളലോടെ വന്ന് നിന്നു. ജീവിതത്തിലാദ്യമായാണ് ഒരു ബെൻസ് കാറിൽ കേറാൻ പോകുന്നത്. അതിന്റെ പകപ്പോടെ നിൽക്കുമ്പോൾ, മുന്നിലെ ചില്ല് ഡോർ മുകളിലേക്ക് തുറന്ന് വന്നു.
‘യാള്ള..ഗെറ്റിൻ ബ്രദർ.’ അമേരിക്കയിൽ പോയി പഠിച്ചത് കൊണ്ട് ഖാലിദിന് ഇംഗ്ലീഷറിയാം. ആനപ്പുറത്തിരിക്കുന്ന അണ്ണാനെപോലെ വിശാലമായ പതുപതുത്ത സീറ്റിൽ ഞാൻ ആസനസ്ഥനായി. ഡോർ താനെ അടഞ്ഞു. ‘ചിയറപ് ബ്രദർ..’ ഖാലിദ് ഒരു കോളയുടെ കാൻ എന്റെ നേർക്ക് നീട്ടി. അത്തറിന്റെയും പെർഫ്യൂമിന്റെയും രൂക്ഷഗന്ധം. കാതടപ്പിക്കുന്ന ശബ്ദത്തിൽ സ്റ്റീരിയോയിൽ അറബിക് സംഗീതം. അതിനെയും വെല്ലുന്ന ഉച്ചത്തിൽ തൊണ്ടകീറി പാടുന്ന ഖാലിദ്. ഒരുവിധം നല്ല സ്പീഡിൽ പോയാലും അരമണിക്കുറിൽ കൂടുതലെടുക്കാറുള്ള അൽ-കോബാറിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തി. ഖാലിദിന്റെ ഒരു സുഹ്രുത്ത് അവിടെ നിന്ന് കയറിയപ്പോൾ ഞാൻ പുറകിലെ സീറ്റിലേക്ക് മാറി.

ബഹറൈനിലേക്കുള്ള കിംഗ് ഫഹദ് കടൽ പാലത്തിലൂടെ കാർ ഓടിക്കൊണ്ടിരുന്നു. പിന്നിൽ ചെറുതായി ചെറുതായി കാഴ്ചയിൽ നിന്ന് മറഞ്ഞ് തുടങ്ങുന്ന സൈദി തീരവും, ഇരുവശങ്ങളിലും അലയടിക്കുന്ന സമുദ്രവും നോക്കി ഞാനിരുന്നു. 25കി.മിറ്ററോളം ദൂരമുള്ള കോസ് വേയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഒരു ചെറു ദ്വീപ് പോലെയുള്ള ഇരു രാജ്യങ്ങളുടെയും ബോർഡർ സ്റ്റേഷനെത്താറായതോടെ വാഹനങ്ങളുടെ നീണ്ട ക്യു കാണാൻ തുടങ്ങി. വീകെൻഡ് കുത്തിമറിഞ്ഞ് ആഘോഷിക്കാൻ ബഹറൈനിലേക്ക് പോകുന്ന സൌദികളുടെ തിരക്ക്. ക്യൂവിലൂടെ ഇഴഞ്ഞ് നീങ്ങി സൌദി-ബഹറൈൻ എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം കഴിഞ്ഞു.. ഒന്നിനും കാറിൽ നിന്നിറങ്ങേണ്ടി പോലും വന്നില്ല. ഒരാഴ്ചത്തെ വിസയാണ് അടിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ സൌദി ജീവിതത്തിന്റെ ശ്വാസം മുട്ടലിന് ഒരു ചെറിയ ബ്രേക്ക്.

ബഹറൈനിൽ ഖാലിദിന്റെ താമസം ഹോട്ടൽ ഷെറാട്ടണിലാണ്. കമ്പനിയുടെ ബഹറൈനിലെ മാർകറ്റിംഗ് ചെയ്യുന്ന ജെറിയുടെ കൂടെയാണ് എന്റെ താമസം. ജെറി വരുന്നത് വരെ ഖാലിദിനൊപ്പം ഷെറാട്ടണിലെ ഒരു റെസ്റ്റോറന്റിൽ ജീവിതത്തിലാദ്യമായി അറേബ്യൻ ബെല്ലി ഡാൻസും കണ്ട് ബിയറും കുടിച്ചിരുന്നു. അധികം വൈകാതെ ജെറിയെത്തി. കമ്പനിയുടെ മെയിൻ ജോലികളെല്ലാം നടക്കുന്നത് സൌദിയിലായത്കൊണ്ടും, ജെറിയും, ഡ്രൈവർ അനിലുമല്ലാതെ വേറെ സ്റ്റാഫുകളാരുമില്ലാത്തത്കൊണ്ടും, ബഹറൈനിൽ കാര്യമായ ഓഫീസ് സെറ്റപ്പുകളൊന്നുമില്ല. ജെറി താമസിക്കുന്ന ഫ്ലാറ്റിലെ ഒരു മുറിയാണ് ഓഫിസ്. ഒരു കമ്പ്യുട്ടർ ഷോപ്പിൽ ജോലി ചെയ്യുന്ന ഷിഹാബുദ്ദിൻ എന്ന ഷിബുവും, ജോർജ്ജും, ബോബിയുമുൾപ്പടെ സമപ്രായക്കാരായ ഗഡിസുമുണ്ട് ഫ്ലാറ്റിൽ.

രാവിലെ അലാം വച്ചെഴുന്നേൽക്കണ്ട, ‘പണ്ടാരമടങ്ങി വർക്ക് ചെയ്യുന്നുണ്ട്’ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി, ചെയ്ത് തീർത്ത വർക്കുകളൂടെ ഫയലുകൾ വീണ്ടും തുറന്ന് വച്ച് ചുമ്മാ സ്ക്രീനിൽ നോക്കിയിരുന്ന് സമയം കളയേണ്ട. തോന്നുമ്പേളെഴുന്നേറ്റ്, രണ്ടോ മൂന്നോ മണിക്കൂർ മാത്രം ചെയ്യാനുള്ള ജോലികൾ അടുത്ത റൂമിലെ കമ്പ്യൂട്ടറിൽ പോയിരുന്ന് ചെയ്ത്, ബാക്കി സമയം താഴെ കമ്പ്യൂട്ടർ ഷോപ്പിൽ പോയി സഹമുറിയന്മാർ ഷിബുവും പിള്ളേരോടും കത്തി വച്ചിരിക്കാം. അനിൽ ഫ്രിയാണങ്കിൽ അവന്റെയൊപ്പം കണ്ണൂർ ജില്ലയുടെ മാത്രം വലിപ്പമുള്ള ബഹറൈൻ ചുറ്റിയടിക്കാം. നഷ്ടപ്പെട്ട ഒരു കോളേജ്-ഹോസ്റ്റൽ ജീവിതം തിരികെ കിട്ടിയത് പോലെയായിരുന്നു എനിക്ക്.

സെറ്റ് സാരിയുടുത്ത മലയാളി ചേച്ചിമാർ സെർവ് ചെയ്യുന്ന ‘നാലുകെട്ട്, തറവാട്, കല്പക’ തുടങ്ങിയ കേരളാ റെസ്റ്റോറന്റ്സ് വിത്ത് ബാർ.. DJ യും, ഇംഗ്ലീഷ് ബാൻഡുകളുമുള്ള നൈറ്റ് ക്ലബുകൾ.. ഡാൻസ് ബാർ എന്നറിയപ്പെടുന്ന ഇന്ത്യൻ-അറബിക് മുജ്രകൾ.. ചിലവു കുറഞ്ഞ രീതിയിൽ കള്ള് കുടിക്കാൻ ‘കർണാടക ക്ലബിന്റെയും, ഇന്ത്യൻ ക്ലബിന്റെയും റൂഫ് ടോപ് ബാറുകൾ.. ഞായറാഴ്ച കുർബാന കാണാൻ പള്ളി.. മലയാള സിനിമകൾ റിലീസാവുന്ന തിയറ്റർ.. വൈകിട്ട് കൂട്ടുകാരൊത്ത് മനാമ ബീച്ചിലെ ഫുട്ബോൾ കളി. സൌദിയിൽ നിന്ന് ചെന്ന എനിക്ക് ബഹറൈൻ ജീവിതം ഒരു ‘ലാസ് വെഗാസ്’ ഹോളിഡേ പോലെയായിരുന്നു.

ദിവസങ്ങൾ പോയതറിഞ്ഞില്ല.

“ഡാ, നിന്റെ വിസയിന്ന് തീരുവല്ലേ.. നിന്നെ തിരിച്ച് സൌദിലേക്ക് വിട്ടേക്കാൻ ബോസ് വിളിച്ച് പറഞ്ഞിട്ടുണ്ട്..”

ഉറക്കമുണർന്നിട്ടും ബെഡിൽ നിന്നെണീക്കാതെ, അന്നത്തെ ‘കലാപരിപാടികളുടെ’ മാസ്റ്റർപ്ലാൻ മനസ്സിൽ തയ്യാറാക്കികൊണ്ട് കിടക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് ജെറിയുടെ വാക്കുകൾ ഒരു ബോംബ് പോലെ വന്ന് പതിച്ചു. അടിച്ച്പൊളിച്ച് ബഹറൈൻ ജീവിതമാസ്വദിക്കുന്നതിനിടയിൽ, ഒരാഴ്ചത്തെ വിസയുടെ കാര്യമൊക്കെ ഞാൻ മറന്ന് പോയിരുന്നു.

“ങ്ങേ.. എന്താ പറഞ്ഞെ..?” ഞെട്ടലോടെ കട്ടിലിൽനിന്ന് ചാടിയെണീറ്റു ഞാൻ.

“നിന്റെ ഒരാഴ്ചത്തെ വിസ ഇന്ന് കൊണ്ട് തീരുവല്ലേ. സൌദിന്നാരും ഈ വീകെൻഡ് ഇങ്ങോട്ട് വരുന്നില്ലന്ന്. ഇവിടെ എയർപോർട്ടിന്ന് ദമാമിലേക്ക് ബസ്സൊണ്ട്, നിന്നെ അതിൽ കേറ്റി വിട്ടേക്കാൻ പറയുന്നു അങ്ങേര്..” ജെറി പറഞ്ഞു.

“ജെറിഭായി..പ്ലീസ്. ഇവിടെ അർജന്റ് വർക്കുണ്ടെന്നോ എന്തെങ്കിലും പറഞ്ഞ് എന്നെയിവിടെ നിർത്തോ.. ഇപ്പയിനി പോയാൽ അടുത്ത കാലത്തൊന്നും എന്നെയിങ്ങോട്ട് വിടില്ലാ..പ്ലീസ്..” ഞാൻ നെലവിളിയോടെ ജെറിയുടെ കാലിൽ വീണു.

“നീയിവിടെ നിൽക്കുന്നേന് എനിക്കൊരു കുഴപ്പോമില്ലട, പക്ഷെ വിസ തീർന്നില്ലേ.. ഇല്ലീഗലായി നിന്നാ ചെലപ്പോ പിന്നെയിങ്ങോട്ട് വരാൻപറ്റാണ്ടാവും..അതാ പ്രശ്നം. അല്ലങ്കിൽ വിസ എക്സ്റ്റൻഡ് ചെയ്യണം..അതിന് ഇവിടുത്തെ ഗവണ്മെന്റ് ഓഫീസ്കളൊക്കെ ഉച്ചയാകുമ്പോ അടയ്ക്കും..വീകെൻഡ് അല്ലേ.” ജെറി തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി.

“വേറൊരു ഓപ്ഷനുണ്ട്. ഇവിടെ ഷോർട് വിസിറ്റിന് സൌദിന്ന് വരാറുള്ള മലയാളി ബിസിനസ്കാരൊക്കെ വിസ എക്സ്റ്റൻഡ് ചെയ്യുന്ന ഒരു കുറുക്ക് വഴി.” ടിവിയുടെ മുന്നിലായിരുന്ന അനിൽ എന്റെ ബഹളം കേട്ടെഴുന്നേറ്റ് വന്ന് പറഞ്ഞു.

‘ഏന്തുവാ..വേഗം പറഞ്ഞ് തൊലക്ക്. മനുഷ്യനിവിടെ ടെൻഷനടിച്ചിരിക്കുവാ..”

“കോസ് വേയിൽ പോയി, ബഹറൈൻ എക്സിറ്റ് ചെയ്ത്, സൌദി ഇമിഗ്രേഷനിൽ എന്റ്രി സ്റ്റാമ്പ് ചെയ്ത് അതിലെയൊന്ന് കറങ്ങി തിരിച്ച് വീണ്ടും ബഹറൈനിലേക്ക് എന്റ്രി ചെയ്യുക.. നിനക്ക് മൾട്ടിപ്പിൾ റി-എന്ര്ട്രി വിസയല്ലേ.. അപ്പോ നീ ആദ്യം വന്നത് പോലെ തന്നെ ഒരാഴ്ചത്തയോ മറ്റോ വിസ അവരടിച്ച് തരും."
"പക്ഷേ, നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയാത്ത, സൈദി ബഹറൈൻ ലൈസൻസൊന്നുമില്ലാത്ത ഞാനെങ്ങനെ കോസ് വേ കറങ്ങി വരും..?”
"അതാ പ്രശ്നം. പിന്നെ ഒരേയൊരു ചാൻസുള്ളത് - നീ റിസ്കെടുക്കാൻ തയാറാണേൽ, ഞാൻ കോസ് വേയിൽ, ബഹറൈൻ ബോർഡർ വരെ കൊണ്ട് വിടാം. ഒരു അര കിലോമിറ്ററെങ്ങാണ്ട് ദൂരമല്ലേയുള്ളു, സൈദി എമിഗ്രേഷനിലേക്ക്.. അത് നീ നടന്ന് പോയി വിസ അടിച്ച് തിരികെ വരിക. ഒരു രാജ്യത്തിന്റെ ബോർഡർ നടന്ന് ക്രോസ് ചെയ്യണം എന്ന ഒരു ഡിപ്ലോമാറ്റിക് ഇഷ്യു ഒഴിച്ചാൽ ലീഗലി നീ ഓകെയാണ്.”
അനിൽ ഭയങ്കരമായ ചില ഡിപ്ലോമാറ്റിക് പോയന്റുകൾ വെളിപ്പെടുത്തി.

സൈദി വിസയില്ലാത്തത്കൊണ്ട് അനിലിന് ബഹറൈൻ ചെക് പോയന്റ് വരയെ വരാൻ പറ്റു. സൌദി ബോർഡറിലേക്ക് നടന്ന് പോകുക! ആദ്യമായി ദമാം എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ, ബാഗിൽ കുറച്ച് സി.ഡികളുണ്ടായതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളോർത്തപ്പോൾ തന്നെ മനസ്സൊന്ന് കിടുങ്ങി.

സൌദി ബോർഡർ നടന്ന് ക്രോസ് ചെയ്യുക എന്ന ‘ഭീകര ദൌത്യം’ മുന്നിൽ നിൽക്കുമ്പോളും എന്ത് ത്യാഗം സഹിച്ചും ബഹറൈനിൽ നിൽക്കണമെന്ന ആഗ്രഹം കാരണം, രണ്ടും കല്പിച്ച്, ‘യെസ്..ലെറ്റ്സ് ഡു ഇറ്റ്’ എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വൈകാതെ തന്നെ അനിലും ഞാനും വണ്ടിയെടുത്തിറങ്ങി. വ്യാഴാഴ്ചയാത്കൊണ്ട് കമ്പ്യൂട്ടർ ഷോപ്പ് നേരത്തെ അടച്ച് റൂമിൽ വന്ന ഷിബുവും ഒപ്പം കൂടി.

കോസ് വേയിൽ, ബഹറൈൻ എമിഗ്രേഷൻ ചെക് പോസ്റ്റിനടുത്ത് കാർ പാർക്കിൽ വണ്ടി നിർത്തി. ഒന്ന്-ഒന്നര മണിക്കുർ; അതിനുള്ളിൽ കറങ്ങി തിരിഞ്ഞ് വരാമെന്നുള്ള പ്രതീക്ഷയിൽ, അവരോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ഞാനിറങ്ങി. നേരെ ബഹറൈൻ എക്സിറ്റ് ചെക്ക് പോസ്റ്റിലേക്ക് നടന്നു. സൌദിയിലേക്ക് പോകുന്ന ചില കാറുകൾ എന്നെ കടന്ന് പൊയ്ക്കോണ്ടിരുന്നു. എങ്കിലും കാര്യമായ ക്യു ഒന്നുമില്ല. പക്ഷേ ദൂരേ എതിർവശത്ത് ബഹറൈനിലേക്ക് പോകാനുള്ള വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. എന്നെ കടന്ന് പോയ ഒന്ന് രണ്ട് കാറുകളുടെ തിരക്കൊഴിഞ്ഞപ്പോൾ, പതുക്കെ സെക്യൂരിറ്റിയിലുള്ള പട്ടാളക്കാരുടെയടുത്ത് ചെന്ന് കാര്യം പറഞ്ഞു; മറുപടിയൊന്നും പറയാതെ ‘പോയി തൊലയ്’ എന്ന അർത്ഥത്തിൽ കൈ വീശി കാണിച്ചു. എമിഗ്രേഷനിലിരിക്കുന്ന ബഹറൈനിയും കൂടുതലൊന്നും ചോദിക്കാതെ ‘എക്സിറ്റ്’ സ്റ്റാമ്പ് ചെയ്ത് പാസ്പോർട്ട് എന്റെ നേർക്കിട്ടു.

ബഹറൈൻ അതിർത്തി കഴിഞ്ഞു. ഇനിയാണ് ശരിക്കുമുള്ള പരീക്ഷണം. അല്പദൂരം നടന്നപ്പോഴേക്കും, അകലെ ‘വെൽകം ടു ദ് കിംഗ്ഡം ഓഫ് സൌദി അറേബ്യ’ എന്നെഴുതിയ ബോർഡും, അതിന് താഴെയുള്ള എന്റ്രി ഗേറ്റിൽ, എന്നേക്കാൾ പൊക്കമുള്ള എ.കെ47 തോക്കും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൌദി ബോർഡർ ഫോഴ്സിലെ രണ്ട് പട്ടാളക്കാരെയും കണ്ടതോടെ നെഞ്ചിടിപ്പ് കൂടി.. നടപ്പിന്റെ സ്പീഡ് കുറഞ്ഞു. സൌദി ഗേറ്റ് വേയുടെ അടുത്തെത്താറായി. ദൂരെ നിന്നേ എന്നെ കണ്ടപ്പോൾ, തോക്കും നിലത്ത് കുത്തി സൊറ പറഞ്ഞിരിക്കുകയായിരുന്ന സെക്യൂരിറ്റി പട്ടാളക്കാർ ചാടിയെണിറ്റ് എന്നെ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടതോടെ അവശേഷിച്ചിരുന്ന ധൈര്യവും ആവിയായി തുടങ്ങി. നടപ്പ് തീരെ പതുക്കെയായി.. എന്നെ നോക്കികൊണ്ട് നിന്നിരുന്ന പട്ടാളക്കാരിലൊരുവൻ, തോക്കുമെടുത്ത്, അറബിയിൽ ഉച്ചത്തിലെന്തൊക്കെയൊ പറഞ്ഞുകൊണ്ട് എന്റേ നേരെ നടന്നടക്കുന്നത് കണ്ടതോടെ,കണ്ണിലിരുട്ട് കേറി. യുദ്ധഭൂമിയിൽ ശത്രുവിനു മുന്നിൽ കീഴടങ്ങിയ പട്ടാളക്കാരൻ വെള്ളത്തുവാല എടുത്ത് വീശിക്കാണിക്കുന്നത് പോലെ, ഞാൻ പാസ്പോർട്ടെടുത്ത് ഉയർത്തി കാണിച്ച് അവിടെ നിന്നു. അയാൾക്ക് പിന്നാലെ മറ്റ് പട്ടാളക്കാരനും എന്റെ നേരെ വരുന്നത് കണ്ടതോടെ ഇനിയവിടെ നിന്നാൽ പൊകയാകുമെന്ന് എനിക്കുറപ്പായി. രണ്ടൂം കല്പിച്ച് ഒന്നുമറിയാത്തത് പോലെ തിരിഞ്ഞ് നടന്നു. പുറകിൽ നിന്ന് അറബിയിൽ ഉച്ചത്തിലെന്തൊക്കെയോ കേൾക്കുന്നുണ്ട്. പെട്ടന്ന്, റോഡരികിലായി ഒരു കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന ഒരു പിക്കപ്പ് വാനും, അതിൽ എന്തോ സാധനം ലോഡ് ചെയ്യുന്ന ബംഗാളിയെന്ന് തോന്നിക്കുന്ന ഒരാളും എന്റെ കണ്ണിൽ പെട്ടു. കഴുത്തിൽ ഐഡന്റിറ്റി കാർഡ് കാണാം. കോസ് വേയിലെ ഏതോ ജോലിക്കാരനാണ്. ഒറ്റയോട്ടത്തിന് അയാളുടെ പിക്കപ്പിനു പിന്നിലൊളിച്ച്, തിരിഞ്ഞ് നോക്കി. പട്ടാളക്കാർ അല്പദൂരം വന്ന് ചുറ്റും നോക്കി തിരിഞ്ഞ് നടന്നിരുന്നു.

‘ദൈവമേ.. ഇനിയെന്താണൊരു വഴി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയായല്ലോ’ എന്നോർത്തുകൊണ്ട് നിൽക്കുമ്പോൾ, പിക്കപ്പിന് പിന്നിൽ സാധനങ്ങൾ ലോഡ് ചെയ്ത് കഴിഞ്ഞ് തിരിഞ്ഞ ബംഗാളി എന്നെ കണ്ടു. അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും, പിന്നെ പാസ്പോർട്ട് കാണിച്ചും അവനെ ഒരുവിധത്തിൽ കാര്യം ബോദ്ധ്യപ്പെടുത്തി. “എടാ മണ്ടൻ മദ്രാസി, നിനക്ക് തോന്നുന്നുണ്ടോ സൈദി ബോർഡർ നടന്ന് ക്രോസ്സ് ചെയ്ത് നിനക്ക് ജീവനോടെ തിരിച്ച് വരാനാവുമെന്ന്..? ഇവിടെ നിന്ന് ഇതിലേ പോകുന്ന ഏതേലും വണ്ടികാരോട് ആ പട്ടാളക്കാർ കാണാതെ ലിഫ്റ്റ് ചോദിച്ച് കേറ്.” അവൻ പറഞ്ഞു. തിരിച്ച് രണ്ട് ചീത്ത പറയാൻ തോന്നിയെങ്കിലും, ഒരു കച്ചിത്തുരുമ്പിട്ട് തന്നതാണല്ലോയെന്നോർത്ത് ശുക്രിയ പറഞ്ഞ്, ഏതെങ്കിലും വാഹനം വരുന്നതും നോക്കി നില്പാരംഭിച്ചു.

വല്ലപ്പോഴും കടന്ന് പോകുന്ന വണ്ടികൾക്കെല്ലാം കൈ കാണിച്ച് നോക്കിയെങ്കിലും ആരും മൈൻഡ് ചെയ്യുന്നു പോലുമില്ല. സമയം വൈകിക്കൊണ്ടിരിക്കുന്നു. ഒന്നരമണിക്കുറോളമായി ഇപ്പോൾ തന്നെ. കത്തുന്ന വെയിലിലുള്ള നില്പും, പൊരിഞ്ഞ ദാഹവും, പേടിയുമെല്ലാം കൊണ്ട് വല്ലാതെ തളർന്ന് തുടങ്ങി.. എന്ത് ചെയ്യുമെന്നൊരു ഐഡിയയുമില്ല. അപ്പോളാണ് പുറത്ത് കാത്ത് കിടക്കുന്ന അനിലിനെയും ഷിബുവിനെയുമോർമ്മ വന്നത്. വിളിച്ച് പറയാമെന്ന് കരുതി ഫോണെടുത്തു. അത് ബാറ്ററി തീർന്ന് ഓഫായിരിക്കുന്നു.അതിനിടെ കുറേ വാഹനങ്ങൾ ഒരുമിച്ച് വന്നതോടെ സൌദി എമിഗ്രേഷനിലേക്ക് ചെറിയൊരു ക്യൂ രൂപപ്പെട്ടു. നിർത്തിയിട്ടിരിക്കുന്ന ഓരോ കാറിന്റെയും സൈഡിൽ ചെന്ന് ചില്ലിൽ തട്ടി നോക്കി. എന്തോ പുലിവാലാണെന്ന് മനസ്സിലാക്കിയാവാം, ആരും ഗ്ലാ‍സ്സ് താഴ്ത്തിയത്പോലുമില്ല.

ക്യൂവിന്റെ പുറകിലൊരു കാറിൽ നിന്ന് മലയാളം പാട്ട് കേട്ടത് അപ്പോളാണ്. ഓടി ചെന്ന് നോക്കി. ജെന്റിൽമാൻ ലുക്കുള്ള ചെറുപ്പക്കാരനായ ഒരു മലയാളിയും കുടുംബവുമാണ്. സൈഡ് വിൻഡോ തുറന്നിരിക്കുന്നു. “സർ മലയാളിയണോ. എന്നെയൊന്ന് സഹായിക്കാമോ?” പ്രതീക്ഷയോടെ അയാളോട് ചോദിച്ചു. പാസ്പോർട്ട് കാണിച്ച് കൊടുത്ത് കാര്യങ്ങൾ പറഞ്ഞു. “നേരെ ചൊവ്വേ ജീവിക്കുന്ന മലയാളികളെ നാറ്റിക്കാൻ വേണ്ടി നാട്ടിന്ന് കുറ്റിം പറിച്ചോണ്ട് കുറേയെണ്ണങ്ങളെറങ്ങിക്കൊള്ളും.” അയാൾ ഡോറിന്റെ ചില്ല് ഉയർത്തി. ദ്രോഹി. ആകെയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു. ഇനിയും ഈ നില്പ് തുടരുന്നതിൽ കാര്യമില്ലന്ന് തോന്നി. കടന്ന് പോകുന്ന വണ്ടികളിലിരുന്ന് എന്റെയീ പരുങ്ങി നില്പ് കണ്ട ആരെങ്കിലും സെക്യൂരിറ്റിയിലുള്ളവരോട് ഒന്ന് സൂചിപ്പിച്ചാൽ മതി, അതോടെ തീരും.

വരുന്നത് വരട്ടെ, തിരിച്ച് ബഹറൈൻ എമിഗ്രേഷൻ ഓഫിസിൽ പോയി കാര്യം പറയാമെന്ന് കരുതി തിരിച്ച് നടന്നു. അപ്പോളാണ് പെയിന്റൊക്കെ ഇളകി തുരുമ്പെടുത്തു തുടങ്ങിയ ഒരു പിക്കപ്പ് വാൻ ക്യൂവിന്റെ ഏറ്റവും പിന്നിലായി പതുക്കെ വന്നു നിന്നത്. പോയാലൊരു വാക്ക്. നടക്കുന്നതിനിടയിൽ വെറുതെ വാതിലൊലൊന്ന് തട്ടി നോക്കി. ഉള്ളിലിരുന്ന ആൾ ഗ്ലാസ്സ് താഴ്ത്തി. കറുത്ത് തടിച്ച ഒരറബി. അയാൾ അറബിയിൽ എന്തോ ചോദിച്ചതിന് മറുപടിയായി, പാസ്പോർട്ട് കാണിച്ചും, ആംഗ്യഭാഷയിലും കാര്യം പറഞ്ഞു. മനസ്സിലായിട്ടാണോ എന്തോ, അയാൾ വാനിന്റെ വാതിൽ തുറന്ന് തന്നു. വിശ്വസിക്കാനാകാതെ കുറച്ച് നേരം അയാളെ നോക്കി നിന്ന്, പിന്നെ ചാടി അകത്ത് കയറി. അകത്തിരുന്നപ്പോളാണ് അയാളെ ശരിക്കും കണ്ടത്. മുഷിഞ്ഞ് നാറിയ അറബികുപ്പായവും, പുറകിലെ സീറ്റിലും മറ്റുമായി ചിതറിക്കിടക്കുന്ന കച്ചറ സാധനങ്ങളും, വല്ലാത്ത ദുർഗന്ധവും. എന്തെങ്കിലുമാകട്ടെ, കൂടിപോയാൽ പത്ത്-പതിനഞ്ച് മിനിറ്റിന്റെ കാര്യം. അങ്ങനെ ആശ്വസിച്ചിരുന്നു. പത്തുമിനിറ്റ്കൊണ്ട് തന്നെ ക്യൂവിലൂടെ നീങ്ങി സൈദി എമിഗ്രേഷൻ പോയന്റിൽ എത്തി. സെക്യൂരിറ്റിയിലുള്ള പട്ടാളക്കാർ കാറിലിരിക്കുന്ന എന്നെ കണ്ടതോടെ സംശയത്തോടെ അയാളോട് അറബിയിലെന്തോ ചോദിച്ചു. പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന ശബ്ദത്തിൽ അയാൾ തിരിച്ചുമെന്തോ പറഞ്ഞു. എന്റെ പാസ്പോർട്ട് വാങ്ങി അയാൾ പുറത്തിറങ്ങി; പട്ടാളക്കാരുമായി നീണ്ട വാഗ്വാദം. ഒടുവിൽ അയാളോടെതിർത്ത് നിൽക്കാൻ വയ്യാഞ്ഞിട്ടോ, അതോ അയാളുടെ ദുർഗന്ധം കൊണ്ടോ എന്തോ, സഹികെട്ട പട്ടാളക്കാർ പിന്തിരിഞ്ഞു. എമിഗ്രേഷൻ കൌണ്ടറിലും ചില ചോദ്യങ്ങൾ. എല്ലാത്തിനും പാസ്പോർട്ടിൽ നോക്കി അയാൾ മറുപടി പറഞ്ഞു. അടുത്തത് കസ്റ്റംസ് ചെക്കിംഗ്. കച്ചറ സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്ന ആ പിക്കപ്പ് വാനിന്റെ ഓരോ മുക്കും മൂലയിലും കസ്റ്റംസ് കാരുടെ പരിശോധന. എല്ലാം കഴിഞ്ഞൊടുവിൽ അയാളുടെ പാട്ട വണ്ടി സൌദി ബോർഡറിനുള്ളിൽ പ്രവേശിച്ചു. ഇനി അടുത്തെവിടെയെങ്കിലും ഇറങ്ങണം.

‘സാർ..ശുക്രാൻ.. ഐ വാണ്ട് ടു ഗോ ബാക്, പ്ലീസ് സ്റ്റോപ് ദ് കാർ സം വേർ.’ ഞാൻ അയാളെ തൊഴുത്കൊണ്ട് പറഞ്ഞു. എവിടെ, അയാൾ ശ്രദ്ധിക്കുന്നു പോലുമില്ല. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. ഉള്ളിൽ ഒരു ആന്തൽ. വണ്ടി ബോർഡർ സ്റ്റേഷൻ കഴിഞ്ഞ് പാലത്തിലേക്കെത്താറാകുന്നു. “പ്ലീസ് സ്റ്റോപ്പ്..” ഞാൻ അലറി വിളിച്ചു. സഡൻ ബ്രേക്ക്. വണ്ടി നിന്നു. ഒരു സെക്കന്റ് പോലും താമസിക്കാതെ ഞാൻ ഡോർ തുറന്ന് ചാടിയിറങ്ങി, പുറകിൽ നിന്നും അറബിയിൽ അയാളുടെ ഉച്ചത്തിലുള്ള തെറിവിളിക്കിടയിൽ തിരിഞ്ഞ് നോക്കാതെയോടി. ദൂരെയായി ഒരു മോസ്കും, അതിനോട് ചേർന്നൊരു കഫ്റ്റേരിയയും കണ്ടു. സൌദി ബോർഡറിനുള്ളിലെങ്കിലുമെത്തി. പകുതി ആശ്വാസം. ഇനിയിപ്പോ തിരിച്ച് പോകാൻ പറ്റിയില്ലങ്കിലും ഓഫിസിൽ വിളിച്ചാൽ ആരെങ്കിലും വരുമെന്നൊരു സമാധാനം. എന്തായാലും ഇനി ഇത്പോലൊരു പരീക്ഷണം വേണ്ടന്ന് ഉറപ്പിച്ചു. കഫ്റ്റേരിയയിൽ നിന്ന് വാങ്ങിയ വെള്ളക്കുപ്പി വായിലേക്ക് കമിഴ്ത്തികൊണ്ട് ബെഞ്ചിൽ തളർന്നിരുന്നു.

പക്ഷേ, ബഹറൈനിലേക്ക് പോകാനായി കിടക്കുന്ന കാറുകളുടെ നീണ്ട നിര വീണ്ടുമൊരു പരീക്ഷണത്തിന് എന്നെ പ്രലോഭിപ്പിച്ച്കൊണ്ടിരുന്നു. കഫ്റ്റേരിയയുടെ അടുത്തുള്ള മോസ്കിൽനിന്നുമിറങ്ങി വരുന്ന ചില അറബികൾ, പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറി ബഹറൈനിലേക്കുള്ള ക്യൂവിൽ ചേരുന്നത് അപ്പോളാണ് ശ്രദ്ധയിൽ പെട്ടത്. ക്യൂവിലുള്ള കാറുകളിൽ പോയി മുട്ടുന്നതിലും നല്ലത് പള്ളിയിൽ നിന്നിറങ്ങി വരുന്ന ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കുകയാണെന്നുള്ള ഐഡിയ പെട്ടന്ന് മനസ്സിൽ വന്നു. അല്പനേരത്തിനുള്ളിൽ, പള്ളിയിൽ നിന്നിറങ്ങി വന്ന ആദ്യം കണ്ട ജെന്റിൽമാൻ ലുക്കുള്ള ഒരു ചെറുപ്പക്കാരൻ അറബിയുടെ അടുത്ത് തന്നെ ചെന്ന് കാര്യം പറഞ്ഞു. ‘യാള്ള, കം വിത്ത് മീ’. പാസ്പോർട്ട് മേടിച്ച് നോക്കിയതിനു ശേഷം ആൾ പറഞ്ഞു. വിശ്വസിക്കാനായില്ല; മനസ്സിലൊരായിരം പൂത്തിരി കത്തി.

കത്തുന്ന ചൂടിൽ നിന്നും തളർച്ചയിൽ നിന്നും അയാളുടെ കാറിലെ തണുപ്പിലേക്ക് ഒരാശ്വാസത്തോടെ കയറിയിരുന്നു. കാർ ക്യൂവിലൂടെ പതിയെ ഇഴഞ്ഞ് നീങ്ങുമ്പോൾ സ്റ്റീരിയോയിലെ അറബിക് സംഗീതത്തിനൊപ്പം സീറ്റിലും, തുടയിലും താളമടിച്ച്കൊണ്ട് അയാൾ പാടികൊണ്ടിരുന്നു. പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ഞാൻ, പെട്ടന്ന് തുടയിലൊരു കൈ അനങ്ങുന്നതറിഞ്ഞ് ഞെട്ടി തിരിഞ്ഞ് നോക്കി. ചുള്ളൻ സീറ്റിലെ താളമടിക്കൽ പതുക്കെ എന്റെ കാലിലേക്ക് മാറ്റിയിരിക്കുന്നു. ഒരു പരുങ്ങലോടെ ഒതുങ്ങിയിരിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കൈയും ഒപ്പം വരുന്നു. അപ്പോളാണ് സംഭവം വേറെയാണന്ന് എനിക്ക് മനസിലായത്. വറചട്ടിന്ന് എരിതീയിലേക്ക്. ‘യു ഹാൻസം ബോയി. കം വിത് മീ ടുഡേ നൈറ്റ്. ഐ സ്ലീപ് ഇൻ 5സ്റ്റാർ ഹോട്ടൽ.’ അയാൾ എന്റെ കാലിൽ താളമടിക്കൽ തുടർന്ന്കൊണ്ട് മുറി ഇംഗ്ലീഷിൽ പറഞ്ഞു. ഇപ്പോൾ അനങ്ങാതിരിക്കുന്നതാണ് ബുദ്ധി. അയാളെ പ്രകോപിപ്പിക്കാതെ ഈ ബോർഡർ കടമ്പ കടക്കണം. ഒരു വളിച്ച ചിരിയോടെ തലയാട്ടിക്കൊണ്ട് ഞാനിരുന്നു. അയാളുടെ താളമടി സഹിച്ച്, നിമിഷങ്ങളെണ്ണി അസഹ്യതയോടെ കഴിച്ച്കൂട്ടി. ഒടുവിൽ എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം കഴിഞ്ഞ് കാർ ബഹറൈന്റെ മണ്ണിലേക്ക്. വീണ്ടും ഒരാഴ്ചത്തെ വിസ. പക്ഷേ ആശ്വാസത്തിനു പകരം വല്ലാത്തൊരു പേടിയോടെയും ആശങ്കയോടെയും എങ്ങനെ ഇയാളിൽ നിന്ന് രക്ഷപെടുമെന്നോർത്ത് തലപുകച്ചുകൊണ്ടിരുന്നു.

‘യു ടയേർഡ്.? വാണ്ട് ബർഗർ?’ അയാളുടെ പെട്ടന്നുള്ള ചോദ്യം, തളർന്ന്, പേടിയോടെ സീറ്റിന്റെ ഒരു അരികിൽ ചുരുണ്ട് കൂടിയിരുന്ന എന്റെ തലയിലൊരു ആപ്പിളായി വീണു.

‘യെസ് സാർ. ആം ടൂ ടയേർഡ്, ഐ വാണ്ട് ടു ഗോ റ്റു ടോയ്ലറ്റ് ഓൾസൊ..” ഞാൻ ആവേശത്തോടെ പറഞ്ഞു. അയാൾ കോസ് വേയിലെ മക്ഡൊണാൾഡ്സിന്റെ പാർക്കിംഗിൽ കാർ നിർത്തി.

“യു ഗോ ടോയ്ലെറ്റ്. ഐ ബൈ ബർഗർ ഫോർ യു. ഫാസ്റ്റ്.”

അയാൾക്കൊപ്പം, മക്ഡൊണാൾഡ്സ് റെസ്റ്റോറന്റിനുള്ളിലെത്തി. ടോയ്ലെറ്റിനു നേരെ നടന്ന്, ഡോർ പകുതിയടച്ച്, കൌണ്ടറിലേക്കുള്ള ക്യൂവിൽ നിൽക്കുന്ന അയാളുടെ നോട്ടം എന്നിലെത്തുന്നില്ല എന്ന് തോന്നിയ ആ നിമിഷം- രണ്ടും കല്പിച്ച് ഡോർ തുറന്നിറങ്ങിയോടി; പുറകിൽ പേപ്പട്ടി കടിക്കാൻ വരുന്നവനോടുന്നത് പോലെയുള്ള ഓട്ടം. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് ഒടുവിൽ അനിൽ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. അവരുണ്ട് അവിടെ.! രണ്ടര മണിക്കുറോളമായി, എന്നെ കാണാതെ ടെൻഷനടിച്ച് എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയായിരുന്നു അനിലും ഷിബുവും.

“വിടടാ വണ്ടി, കർണാടക ക്ലബിലേക്ക്..” കാറിന്റെ പിന്നിലെ സീറ്റിൽ തളർന്ന് വീണ് ഞാൻ അനിലിനോട് പറഞ്ഞു.

-----------------------

ബഹറൈനിലെ ദിവസങ്ങൾ വീണ്ടും പഴയത്പോലെ കടന്ന് പോയി. ഒരിക്കൽ കൂടി ഒരാഴ്ച സൈദിയിലേക്ക് പോകേണ്ടി വന്നു; പിന്നീടൊരിക്കലും പോകേണ്ടി വന്നിട്ടില്ലാത്തത് കൊണ്ട് ‘നൊസ്റ്റാൾജിയ’- ‘റാസ്തനൂറയും, കബ്സയും, ആ വരണ്ട മണൽകാറ്റും..

സംഭവസ്ഥലം. ഗൂഗിൾ മാപ്പിൽ നിന്നും.