Friday 21 May 2010

‘കണ്ണോട് കാൺപതെല്ലാം ..’ - ഒരു നീണ്ട (പ്രണയ)കഥ

അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന വുഡൻ റാക്കിനുള്ളിൽ നിരന്നിരിക്കുന്ന കുപ്പികളിലൂടെ ഞാൻ വെറുതെ വിരലോടിച്ചു. ബ്ലൂലേബൽ വിസ്കി മുതൽ നമ്മ്ടെ സ്വന്തം കിംഗ്ഫിഷ് ബിയർ വരെ, ‘നോക്കി വെള്ളമിറക്കാതെ സ്ഥലം കാലിയാക്കെടേ’ എന്ന ഭാവത്തോടെ എന്നെ നോക്കി പുഛിച്ച് ചിരിക്കുന്നതായി എനിക്ക് തോന്നി...

ഇതൊന്നും കുടിക്കാനുള്ള യോഗം നമ്മുക്കില്ലങ്കിലും, പ്രതിസന്ധിയിലായികൊണ്ടിരിക്കുന്ന എന്റെ ജീ‍വിതത്തിൽ മരുഭൂമിയിലെ മരുപ്പച്ച പോലെ മനസിനൊരു കുളിർമ നൽകുന്ന നയനാനന്ദകരമായ കാഴ്ചയായിരുന്നു അത്.

AD 2007 ആഗസ്റ്റ്.
സ്ഥലം - പ്രിയ റെസ്റ്റോറന്റ്, ഈസ്റ്റ് ഹാം - ലണ്ടൻ.
(‘ഒതന്റിക് സൌത്ത് ഇൻഡ്യൻ & ശ്രീലങ്കൻ റെസ്റ്റോറന്റ്’ എന്ന് സൈൻ ബോർഡും, പിന്നെ തമിഴ്പുലികളെ പേടിച്ച് വർഷങ്ങൾക്ക് മുൻപ് നാട് വിട്ട് ഇവിടെ അഭയം തേടിയ ‘തിലകൻ’ എന്ന് ഞങ്ങൾ വിളിക്കുന്ന (കാണാൻ നമ്മ്ടെ തിലകനെപ്പോലെ തന്നെ)‘തിലക് രത്ന’ എന്ന ശ്രീലങ്കൻ ഓണറും മാത്രം പറയുന്ന സ്ഥാപനം)

കറുത്ത പാന്റ്സും, വെള്ള ഷർട്ടും, ആറെസ്സുസ്സുകാർ കുറി തൊടുന്നപോലെ നീളത്തിൽ ‘പ്രിയ റെസ്റ്റോറന്റ്’ എന്നെഴുതിയ ടൈയും തൂക്കി റിസപ്ഷൻ കം ബാർ കൌണ്ടറിനകത്ത് നിൽക്കുകയാണ് ഞാൻ. റെസ്റ്റോറന്റ് ശൂന്യമാണ്, എന്റെ മനസ് പോലെ തന്നെ. പകുതി ടിന്റ് പേപ്പർ ഒട്ടിച്ച ചില്ല് ഭിത്തിക്ക് പുറത്ത് തെരുവിൽ ഒരുവിധം തിരക്ക് കാണാം. ഇടക്കിടെ വന്ന് പോകുന്ന രണ്ട് നിലയുള്ള ചുവന്ന ലണ്ടൻ സിറ്റി ബസിൽ നിന്നും യാത്രക്കാർ ഇറങ്ങുന്നു, കയറുന്നു. എല്ലാം ഏഷ്യൻ,അല്ലങ്കിൽ ആഫ്രിക്കൻ നിറങ്ങൾ തന്നെ. ഇടക്കെങ്ങാനും ഒരു വെള്ള നിറം കണ്ടാലും അതും ദാരിദ്ര്യം പിടിച്ച ഏതേലും പോളണ്ടോ ചെക്ക് കാരോ ആയിരിക്കുമെന്നുറപ്പിക്കാം.

ഇംഗ്ലണ്ടിലേക്കുള്ള വിസ അടിച്ചതിനു ശേഷം, ഗൂഗിൾമാപ്പിൽ വലുതാക്കിയും ചെറുതാക്കിയും ഒരു നൂറ്പ്രാവശ്യം ഞാൻ കണ്ട ലണ്ടൻ തന്നെയാണോ ഇത്.? കാനറി വാർഫിലെ കൂറ്റൻ ബിൽഡിംഗുകളുടെ പടം ഗൂഗിളിൽ കാണിച്ച്, ‘ജയിംസ് ബോണ്ട് പടങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലമാ, ഇതിലേതെങ്കിലുമൊരു ഓഫീസിലായിരിക്കും മിക്കവാറും ഞാൻ ജോലിചെയ്യാൻ പോകുന്നത്’ എന്നൊക്കെ മസ്കറ്റിൽ വച്ച് കൂട്ട്കാരോട് തട്ടിവിട്ടതിനുള്ള ശിക്ഷയാണോ ഇത്?

ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ, കാട്ടിൽ നിന്ന് അവരെ തിരിച്ച് കൊണ്ട് വരാൻ (ചിന്തകളെ) ഞാനൊരു സി.ഡി എടുത്ത് പ്ലയറിൽ ഇട്ടു. ‘..കണ്ണോട് കാൺപതെല്ലാം തലൈവാ..കൺകളുക്ക് ശൊന്തമല്ലൈ..’ റഹ്മാന്റെ മാന്ത്രിക സംഗീതം റെസ്റ്റോറന്റിന്റെ നിശബ്ദദയിൽ അലയടിച്ചു.

നമ്മുടെ ഭാഷയിൽ കേട്ടാൽ ‘അസഭ്യമെന്ന്’ തോന്നാവുന്ന വാക്കുകൾ വച്ച് മുറി തമിഴിൽ, താഴെ കിച്ചണിലുള്ള തമിഴ് ജോലിക്കാരോട് ടോമി കത്തി വക്കുന്നത് അവ്യക്തമായി കേൾക്കാം. ടൺ കണക്കിന് സ്വപ്നങ്ങളുമായി സ്റ്റുടന്റ് വിസയിൽ ലണ്ടനിലെത്തിപെട്ട മറ്റനേകം മലയാളിപയ്യൻസിൽ പെടുന്നവരാണ് ടോമിയും, ഞാനുമെല്ലാം. ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് നാട്ടിൽ തേരാ പാരാ നടന്ന്, 16+ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ഹാർട്ട് ബീറ്റ്സ് കൂട്ടിയതിനു ശേഷം, ‘ന്നാ ഇനി കുറച്ച് നാൾ ലണ്ടനിലാകാം എന്റെ സേവനം’എന്ന് ചിന്തിച്ച്, അപ്പന്റെ അഞ്ചെട്ട് ലക്ഷവും പൊടിച്ച് ഇവിടെയെത്തിയ അവന് പ്രിയ റെസ്റ്റോറന്റിലെ ജോലി ‘മോർ ദാൻ എക്സ്പക്റ്റഡ്’ കാറ്റഗറിയായതിനാൽ കക്ഷി നല്ല ഹാപ്പിയാണ്. പക്ഷെ, അതുപോലെയാണോ ഗൾഫിലെ തരക്കേടില്ലാത്തൊരു പരസ്യ ഏജൻസിയിൽ 'ഡിസൈനർ' ചെയറിലിരുന്ന്, ബംഗാളിയായ ഓഫീസ് ബോയിയോട് ഓരോ മണിക്കുറിലും ‘വൺ കോഫീ പ്ലീസ്, ഇമ്രാൻ’ എന്നൊക്കെ ഓർഡർ ചെയ്ത് പാട്ടും കേട്ട് സുഖിച്ചിരുന്ന എന്റെ അവസ്ഥ.

‘ഈസ്റ്റ് ഹാമിലൊരു റൂം ശരിയാക്കിട്ടുണ്ട്. പാകിസ്ഥാനികളുടെ കൂടെയാ, 50പൌണ്ടേ ആഴ്ചയിൽ വാടകയുള്ളു ’ എന്ന് പറഞ്ഞ് സുഹ്രത്ത് ഷമീർ വിളിച്ചപ്പോൾ ലണ്ടനിലെത്തിയതിന് ശേഷമുള്ള ആദ്യ ഞെട്ടൽ ഞാൻ ഞെട്ടി - പിന്നീടൂള്ള ഞെട്ടൽ പരമ്പരകളുടെ തുടക്കമാണതെന്നറിയാതെ. “ഹെയ്..പാക്കികളുടെ കൂടെയൊ..നോ വെ.”

“ങ്ഹും. ആഴ്ചയിൽ ഒരു നൂറ്-നൂറ്റമ്പത് പൌണ്ട് മുടക്കാൻ റെഡിയാണോ നീ? എന്നാ സെന്റ്റ്ൽ ലണ്ടനിൽ, നല്ല സായിപ്പന്മാരുടെയൊക്കെ കൂടെ അക്കമഡേഷൻ ശരിയാക്കി തരാം’ എന്ന ഷമീറിന്റെ മറുപടി കേട്ട് തളർന്ന് പോയ ഞാൻ വേറെ വഴികളൊന്നുമില്ലാതെ കാശ്മീർ അതിർത്തിയിൽ കഴിയുന്ന ഇൻഡ്യൻ പട്ടാളക്കാരനെപ്പോലെ, തീപ്പെട്ടി കൂട് പോലെയൊരു റൂമിൽ താമസം തുടങ്ങി. പകൽ മുഴുവനും ‘ഡേ ട്രാവൽ കാർഡ്’ ടിക്കറ്റെടുത്ത് ഈസ്റ്റ് ലണ്ടൻ മുഴുവൻ ജോലി തെണ്ടി അലയും.

പഴ്സിന്റെ കനം മിനിറ്റുകൾ വച്ച് കുറഞ്ഞ് തുടങ്ങി. ആദ്യ ദിവസങ്ങളിൽ രാവിലെ സാൻഡ് വിച്ച്, ഉച്ചക്ക് ഏതേലും ഇൻഡ്യൻ റെസ്റ്റോറന്റിൽന്ന് ബിരിയാണി, വൈകിട്ട് ‘ചെന്നൈ ദോശ’യിൽ നിന്ന് മസാല ദോശ-ഈ രീതിയിൽ പൊയ്ക്കോണ്ടിരുന്ന എന്റെ മെനു വളരെ പെട്ടന്ന് തന്നെ രാവിലെ ഒരു കാപ്പി, ഉച്ചക്ക് ഒരു പഴം, വൈകിട്ട് ഒരു ചെറിയ സാൻഡ് വിച്ച് എന്ന ലെവലിലേക്ക് മാറ്റിയത് ദേഹമനങ്ങിയുള്ള ജോലിയൊന്നും നമ്മൾ ചെയ്യുന്നില്ലല്ലോ, അല്പം ഡയറ്റിംഗ് ഒക്കെയാവാം എന്ന് തോന്നിയത്കൊണ്ടായിരുന്നു. ജോബ്സെന്റർ വെബ്സൈറ്റ് തപ്പി ഡൈലി 50 അപേക്ഷകളെങ്കിലും അയക്കും. ഒന്നുരണ്ട് കമ്പനികളിൽ നിന്ന് ഫോണിലേക്ക് കോളും വന്നു. പക്ഷെ അവരുടെ ഇംഗ്ലീഷ് എന്റെയത്ര നിലവാരമില്ലാത്തതായകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല.

വിശപ്പ് സഹിക്കാനാകാതെ ഞാൻ, അവന്മാരുണ്ടാക്കി കിച്ചണിൽ വക്കുന്ന ബിരിയാണിയും ചപ്പാത്തിയുമൊക്കെ അടിച്ച്മാറ്റുമെന്ന് പേടിച്ചിട്ടാണോ എന്തോ, ഒടുവിൽ അടുത്ത റൂമിൽ താമസിക്കുന്ന പാകിസ്താനിയായ ഷാഹുലാണ്, ഈ റെസ്റ്റോറന്റിൽ കൊണ്ടാക്കിയത്.

“എക്സ്ക്യൂസ് മീ, ടേബിൾ ഫോർ ടു..?”

വീണ്ടും കാട് കയറിയ ചിന്തകളിൽനിന്നും ഒരു കിളി നാദമാണെന്നെയുണർത്തിയത്.. പോളണ്ട്കാരിയാണന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകുന്ന ഒരു സുന്ദരിയും, ഒന്നു നോക്കുക പോലും ചെയ്യാതെ തന്നെ ആന്ധ്രക്കാരനാണന്ന് മനസിലാക്കാവുന്ന ഒരു യുവാവും.

“പ്ലീസ് ബീ സീറ്റഡ്..” ഞാൻ രണ്ട് മെനു ഫോൾഡർ എടുത്ത് കൊടുത്ത് അവരെ ആസനസ്ഥരാക്കി.
കാലമാടൻ. ദരിദ്രവാസിയായ ഏതോ പോളണ്ട്കാരിയെ വളച്ച് കൊണ്ട് വന്നിരിക്കുന്നു. എന്നിൽ ധാർമ്മിക രോഷം തിളച്ചു.(അസൂയകൊണ്ടൊന്നുമല്ല)

“ഡാ തോമാ.. ഡേഷേ..എന്നാ കോപ്പൊണ്ടാക്കുവാ നീയവിടെ. കസ്റ്റമേർസ് വന്നിരിക്കണ കണ്ടില്ലേ..” ഞാൻ കൌണ്ടറിനു പുറകിലേക്ക് പോയി ടോമിയെ വിളിച്ചു.

“കെടന്ന് കാറാതെടാ.. ഞാനെന്റെ തമിൾ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുവാരുന്നു.” ടോമി വന്നു. പതിവ്പോലെ, ഒരു പെൺ സാന്നിധ്യം മനസിലാക്കിയ അവൻ ആവേശത്തോടെ ടേബിളിലെത്തി കാര്യങ്ങൾ ഏറ്റെടുത്തു. ഞാൻ കൌണ്ടറിൽ ചെന്ന് പാട്ടിന്റെ വോള്യം അല്പം കുട്ടിയപ്പോളേക്കും ‘പാക്കരാ’ എന്ന് ഞങ്ങൾ സ്നേഹപൂർവം രഹസ്യമായി വിളിക്കുന്ന ‘ഭാസ്കർ - റെസ്റ്റോറന്റ് മാനേജർ' ഡോർ തുറന്ന് കയറിവന്നു.

“ഏൻഡാ ഇത്..നൈറ്റ് ക്ലബാ?.. ലൌഡ് ഫിലിം സോംഗ്സ് ഇങ്ക നോട്ട് അലൌഡ്. അന്ത സോഫ്റ്റ് മ്യുസിക് പ്ലെ പണ്ണ്..’ പാക്കരണ്ണൻ ബോസിന്റെ അധികാരമെടുത്തു.

“സോറി സർ..ബോറടിച്ചപ്പോ..”
പ്രധാനമന്ത്രിയെ വരെ മിസ്റ്റർ ബ്രൌൺ എന്ന് അഭിസംബോധന ചെയ്യാവുന്ന ഈ രാജ്യത്ത് വന്നിട്ട് ഇവനെയൊക്കെ സാറേന്ന് വിളിക്കേണ്ടി വന്ന എന്റെ വിധിയെ പഴിച്ച്കൊണ്ട് ഞാൻ സി.ഡി മാറ്റിയിട്ടൂ. കെന്നി-ജിയുടെ സാക്സഫോൺ സംഗീതം പതിഞ്ഞ ശബ്ദത്തിൽ റെസ്റ്റോറന്റിൽ നിറഞ്ഞു. 6മണിയായതെയുള്ളു. ഇനിയും 5മണിക്കുർ ഈ നില്പ് നില്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ശരീരവും മനസും തളർന്നു. ആന്ധ്രക്കാരൻ പയ്യൻ ടോയ്ലറ്റിലെങ്ങാണ്ട് പോയ തക്കത്തിന് ടോമി ആ പോളണ്ട് സുന്ദരിയുടെ അടുത്ത് പോളിഷ് പഠനം തുടങ്ങികഴിഞ്ഞിരുന്നു.

കൌണ്ടറിൽ ചാരി നിന്ന് പുറത്തെ തെരുവിലേക്ക് നോക്കികൊണ്ടിരുന്ന എന്റെ സൈറ്റ് സീയിംഗിന് വിരാമമിട്ട്കൊണ്ട് നാലു പെൺകൊടികൾ വാതിൽ തുറന്ന് കയറി വന്നു. ജീൻസും ടോപ്പും ധരിച്ച തമിഴോ അതോ തെലുങ്കോ ആയ മൂന്ന് പേരും, അവരിൽ നിന്ന് വ്യതസ്ഥമായി മഞ്ഞ ചുരിദാറിട്ട മലയാളിമുഖമുള്ള ഒരു പെൺക്കുട്ടിയും. ആസ് യുഷ്വൽ, പെൺകുട്ടികളെ കണ്ടതോടെ പോളണ്ടിനൊരു ബ്രേക്ക് കൊടുത്ത്, ടോമി അങ്ങോട്ട് തിരിഞ്ഞു.

“സിജ്..കേൻ യു ..?” പോളണ്ടിന്റെയത്രേം നിറമില്ലാഞ്ഞിട്ടോ, ഓർഡർ എടുക്കാൻ തുടങ്ങിയത്കൊണ്ടോ എന്തോ, ടോമി അവരെ സ്വീകരിച്ച് എന്നെയേല്പിച്ചു. ടേബിൾ കാണിച്ച് കൊടുത്ത്, മെനു ഫോൾഡറുമായി ഞാൻ ചെന്നു .

“ഗുഡ് ഈവനിംഗ്..”
മൂന്ന് ദിവസത്തെ പരിചയമെ ഈ ജോലിയുമായിട്ടുള്ളത്കൊണ്ട് കൂടുതലൊന്നും പറയാതെ മെനു ടേബിളിൽ വച്ച് ഞാൻ തിരിച്ച് നടക്കാൻ തുടങ്ങവെ..
“എക്സ്ക്യൂസ് മീ, വി വിൽ ഓർഡർ ഡ്രിങ്ക്സ് ഫസ്റ്റ്.. 2 ഗ്ലാസസ് ഓഫ് റെഡ് വൈൻ, വൺ ബകാഡി ബ്രീസർ.. വാട്ട് എബട്ട് യു, ലച്ചൂ..?”കൂട്ടത്തിലെ ലീഡർ എന്ന് തോന്നിച്ച കക്ഷി മെനു മഞ്ഞ ചുരിദാറുകാരിക്ക് പാസ് ചെയ്തു.

“ഒരു ഓറഞ്ച് ജ്യൂസ്.” മെനു എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞപ്പോളാണ് ആ മുഖം ശ്രദ്ധിച്ചത്... മെനു ഫോൾഡർ എന്റെ കൈയിലിരുന്ന് വിറച്ചു.

“ഹെയ് ..ആർ യു ഓൾറൈറ്റ്?” ആ മുഖത്ത് നോക്കി ഷോക്കടിച്ചപോലെ നിന്ന എന്നെ തെലൂങ്കത്തി പെണ്ണിന്റെ ചോദ്യമാണ് ഉണർത്തിയത്. ഒരു സോറി പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു. സ്ഥലത്തിന്റെ പേരു ടൈപ്പ് ചെയ്യുമ്പോൾ ഗുഗിൾ എർത്ത് കറങ്ങി പോകുന്നപോലെ എന്റെ മനസ് ഒരു നിമിഷം കൊണ്ട് ലണ്ടനിൽ നിന്നും 9വർഷം പുറകോട്ട് പോയി പാലക്കാട് കോട്ട മൈതാനിയിൽ ക്രാഷ് ലാൻഡ് ചെയ്തു.
--------------------------------

2001 ഇന്റർ പോളിടെക്നിക് കലോത്സവ വേദി. പാലക്കാട്.

“ഡാ കോപ്പെ, നീ എന്തെട്ക്കുവാ..അവിടെ ബെസ്റ്റ് പരിപാടി നടക്കുന്നു. ഓർകസ്ട്രയും ഗാനമേളയും. നീ വാ‍ടാ”
പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിനായി ബ്രഷ് ഒക്കെ നന്നായി കഴുകി, പെൻസിലിനൊക്കെ മൂർച്ചയുണ്ടോ എന്ന് പരിശോധിച്ച് തയ്യാറെടുത്ത്കൊണ്ടിരിക്കുന്ന എന്റെയടുത്തേക്ക് സുഹ്രത്തും, ഞങ്ങളുടെ കണ്ണൂർ പോളിയിലെ ആസ്ഥാന പഞ്ചാരയുമായ ജുനൈദ് വന്ന് പറഞ്ഞു.

“നിനക്കൊന്നും വേറെ പണിയില്ലേടാ.. ഓർകസ്ട്ര പോലും.”
“ഡാ, അതല്ല, നീയൊന്ന് വന്നു കണ്ട് നോക്ക്..ആ കൊച്ചിന്റെയൊരു പാട്ട്..ഹെന്റമ്മോ എന്തൊരൈശ്വര്യമാടാ അവളെ കാണാൻ..”
“ഹോ ഓർകസ്ട്രയാ...ഡാ ഞാൻ കേട്ടത് ലളിത ഗാന മത്സരമാന്നാ” ഞാൻ ചാടിയെണീറ്റ് ജുനുവിന്റെ പുറകെ ഓടി.

സ്റ്റേജ് നമ്പർ 7നു അടുത്തെത്തിയപ്പോളേ മൈക്കിൽ കൂടി കേട്ടു തുടങ്ങി ‘...കണ്ണോട് കാൺപതെല്ലാം തലൈവാ ..കൺകളുക്ക് ശൊന്തമല്ലൈ.. നീയെന്നെവിട്ട് പിരിവതില്ലൈ..’
സ്റ്റേജിന്റെ മുൻപിൽ ഒരു സൈഡിലായി നിന്ന്കൊണ്ട് കേട്ടു, അല്ല കണ്ടു.. പച്ച ലേസ് തുന്നിയ മഞ്ഞ പാവാടയും, ബ്ലൌസുമിട്ട് സ്റ്റേജിൽ, മുല്ലപ്പൂ ചൂടിയ, വെളുത്ത് മെലിഞ്ഞ, നിഷ്കളങ്കമായ മുഖ ഭാവത്തോടെ ഒരു കൊച്ച് പെൺകുട്ടി പാടുന്നു.. ആ മുഖത്തുന്ന് കണ്ണെടുക്കാതെ അവളുടെ പാട്ട് മുഴുവൻ കേട്ടു.

“ഡാ, എനിക്കവളെയൊന്നു പരിചയപ്പെടണം. എന്താടാ വഴി..?” തിരിച്ച് പോസ്റ്റർ ഡിസൈനിംഗ് മത്സരം നടക്കുന്ന ഹാളിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ജുനുവിനോട് ചോദിച്ചു.
“എന്റിഷ്ടാ, അവള് പാലക്കാട് പോളിലെയാ.. നല്ല കിടു പയ്യന്മാരിഷ്ടം പോലെയുണ്ട് അവരുടെ ടീമിൽ. അവന്മാര് നിന്നെ പോസ്റ്ററ് പോലെയാക്കുവേ.”

മനസ് നിറയെ ആ മഞ്ഞപാവാട കുട്ടിയായിരുന്നത് കൊണ്ടാവാം,മത്സരത്തിന് ഞാൻ ഡിസൈൻ ചെയ്ത പോസ്റ്ററിന്റെ മെയിൻ കളർപോലും മഞ്ഞയായിരുന്നു. ജുനുവും, മറ്റ് കൂട്ട്കാരും കലോത്സവ വേദികളിലൂടെ കളറ്കളെണ്ണി നടക്കുമ്പോൾ മീൻ ചട്ടിക്ക് ചുറ്റും നടക്കുന്ന പൂച്ചയെപോലെ ഞാൻ പാലക്കാട് പോളിക്കാരുടെ പ്രാക്സീസ് റൂമിനു പുറത്ത് ചുറ്റിതിരിഞ്ഞു; അവളോടൊരു വാക്ക് മിണ്ടാനൊരവസരം നോക്കി. കുറേ കറങ്ങി തിരിഞ്ഞ് എന്നെയന്വേഷിച്ച് വന്ന ജുനുവിനു മനസിലായി, ഞാൻ വിടാനുള്ള ഭാവമില്ലന്ന്. നീണ്ട കാത്തിരിപ്പിനൊടുവിൽ റൂമിൽ നിന്ന് അവളും കൂട്ട്കാരികളും പുറത്തിറങ്ങി വരാന്തയിലൂടെ നടന്നു.

“എടാ പോയി മുട്ടടാ.. വേറെ ചാൻസിനി കിട്ടില്ല” ജുനു എന്നെ ഉന്തി തള്ളി അവരുടെ മുന്നിലേക്കിട്ടു.
തമിഴ് സിനിമകളിലെ നാട്ടിൻപുറത്ത്കാരിയായ നായികക്ക് ചുറ്റുമുള്ള തോഴിമാരെപ്പോലെ ഒരു കൂട്ടമുണ്ട് അവളുടെ ചുറ്റിനും.

“എന്താ വേണ്ടെ?” തൂണിന്റെ മറവിൽ നിന്ന് പെട്ടന്ന് ചാടി വീണ ഞങ്ങളോട് കൂട്ടുകാരികളിലൊരാൾ ചോദിച്ചു. എന്റെ ധൈര്യമെല്ലാം ചോർന്ന് പോയി.
“അത്.. അത് നിങ്ങൾടെ ടീം കാപ്റ്റനെവിടെയാ‍.” അവളോട് പറയാൻ മനസിൽ ആലോചിച്ച് വച്ച ഡയലോഗ്കളൊക്കെ ഞാൻ മറന്നു.
“ആ റുമിലുണ്ട്” അവർ നടത്തം തുടർന്നു.

“ഹെയ് ഒരു മിനിറ്റ്. ഇവനു ആ കുട്ടിയെയൊന്ന് പരിചയപ്പെടണംന്ന്”.. ജുനൈദ് ഇടപെട്ടു. അവർ സംശയത്തോടെ ഞങ്ങളെ നോക്കി നിന്നു.
“കുട്ടിടെ പ്.പേരെന്താ..?” രണ്ടും കല്പിച്ച് ഞാൻ ചോ‍ദിച്ചു.
“രാജലക്ഷ്മി..” പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
“നല്ല പാട്ടായിരുന്നു കേട്ടോ”.. എനിക്ക് കുറച്ച് ധൈര്യം വന്നു.
“താങ്ക്സ്.. ഞങ്ങൾക്ക് പ്രാക്ടീസുണ്ട്. ലച്ചു, വാ പോകാം”. അവളെന്തോ പറയാൻ വാ തുറന്നപ്പോളേക്കും തോഴി ഇടക്ക് കയറി മറുപടി പറഞ്ഞ് അവളുടെ കയിൽ പിടിച്ച് നടന്നകന്നു.

“രാജലക്ഷ്മി. പേരിനിച്ചിരി നീളം കൂടുതലാ,അല്ലേടാ? ലക്ഷ്മി എന്നാ അവക്ക് കൂടുതൽ ചേരുന്നത്.” തിരിച്ച് നടക്കുമ്പോ ഞാൻ ജുനൈദിനോട് പറഞ്ഞു.
“സാരല്ലടാ. നീ മതം മാറ്റി ഷേർളിന്നോ, സിസിലിന്നോ പേരിട്ടിട്ട് കെട്ടിയാ മതി.” ഉടൻ വന്നു ജുനൈദിന്റെ മറുപടി.

ലച്ചു പങ്കെടുത്ത പരിപാടികൾ - ശാസ്ത്രീയ സംഗീതം, വയലിൻ എല്ലാം ഞാൻ സ്റ്റേജിന്റെ മുന്നിൽ പോയിരുന്നു കണ്ടു. ഒന്നുടെ ഒന്ന് സംസാരിക്കാനൊരവസരം നോക്കി കുറേ നടന്നെങ്കിലും, അവരുടെ കൂടെയുള്ള പയ്യന്മാരുടെ എണ്ണവും സൈസും കണ്ട് പിന്മാറി. കലോത്സവത്തിന്റെ അവസാന ദിവസം. സമ്മാന ദാനത്തിന്റെ സമയമായി. ലച്ചു എന്ന രാജലക്ഷ്മിയാണ് കലാതിലകം. പോസ്റ്റർ ഡിസൈനിംഗിന് എനിക്ക് രണ്ടാം സമ്മാനമുണ്ട്. സമ്മാനം കിട്ടിയതിനേക്കാൾ ഞാൻ സന്തോഷിച്ചത്, സ്റ്റേജിന്റെ പുറകിൽ വച്ചെങ്കിലും ഒന്നുടെ സംസാരിക്കാനൊരു ചാൻസ് കിട്ടാൻ സാധ്യതയുണ്ടല്ലോയെന്നോർത്തായിരുന്നു. പ്രതീക്ഷിച്ചത്പോലെ തന്നെ, സമ്മാനം സ്വീകരിക്കാൻ കൂട്ടുകാരികളും ശല്യങ്ങളുമില്ലാതെ സ്റ്റേജിന്റെ പുറകിൽ വന്ന് നിന്ന ലച്ചുവിനോട് ഞാൻ പോയി സംസാരിച്ചു.

“ലച്ചുവിന്റെ എല്ലാ പരിപാടികളും നന്നായിരുന്നു, കൺഗ്രാറ്റ്സ്..” ഇത്രയൊക്കെയേ പറയാൻ പറ്റിയുള്ളുവെങ്കിലും, മറുപടിയായി ‘ഏത് പോളിന്നാ, ഏതിനാ പ്രൈസുള്ളത്’ ഇത്രയുമേ അവളും ചോദിച്ചുള്ളുവെങ്കിലും സൂപ്പർ ലോട്ടോ അടിച്ചവനെപ്പോലെ ഞാൻ സന്തോഷിച്ചു.

തിരിച്ച് കണ്ണൂർക്കുള്ള യാത്രയിൽ കൂട്ട്കാരെല്ലാം ട്രയിനിൽ പാട്ടും ബഹളവുമായി അടിച്ച്പൊളിക്കുമ്പോൾ, എന്റെ മനസ് പാലക്കാട് പോളിടെക്നികിലും, ഒരിക്കലും കണ്ടിട്ട്പോലുമില്ലാത്ത ഏതോ അഗ്രഹാരത്തിലുമൊക്കെയായിരുന്നു..(ലച്ചു പാലക്കാട്ടെ ഏതോ അഗ്രഹാരത്തിൽനിന്നുള്ള ബ്രാഹ്മിൺ കുട്ടിയായിരിക്കുമെന്ന് ജുനൈദ് പറഞ്ഞത് കേട്ട്, ഞാനും അങ്ങനെ സങ്കല്പിച്ചു). കലോത്സവ വാർത്തകളും വിജയികളുടെ ഫോട്ടോകളുമായി പാലക്കാട് എഡിഷനിൽ ഇറങ്ങിയ ആ ദിവസത്തെ പത്രങ്ങൾ മുഴുവനുണ്ടായിരുന്നു എന്റെ കൈയിൽ. ഇടക്കിടെ ഓരോ പത്രവും തുറന്ന് വിവിധ പോസുകളിലുള്ള ലച്ചുവിന്റെ ഫോട്ടോകൾ നോക്കി നെടുവീർപ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞു. സാധാരണ ഇമ്മാതിരി അസുഖങ്ങൾ പിടിപെട്ടാൽ, ഒന്നു രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണു എന്റെ പൂർവകാല ചരിത്രം.(നമ്മ്ക്ക് ആക്സസബിളായ കേസല്ലങ്കിൽ). പക്ഷെ ഇത്തവണ ലച്ചു എന്റെ മനസിന്റെ അന്തരാളങ്ങളിലെവിടെയോ അനുരാഗത്തിന്റെ വിത്ത് വിതച്ച് മനസിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.(ഹോ.!). രണ്ട് വീതം മൂന്ന് നേരവും ‘ജീൻസ്’ സിനിമയിലെ ‘കണ്ണോട് കാൺപതെല്ലാം.. കേൾക്കാൻ തുടങ്ങി. ഒടുവിൽ എന്റെ അവസ്ഥ കണ്ട് ജുനൈദ് ഒരു ഐഡിയയുമായി വന്നു. പത്രങ്ങളിൽ നിന്ന് കട്ട് ചെയ്തെടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി ഒരു ചിത്രം വരക്കുക. ഒരു കലാകാരിയെ വീഴിക്കാനുള്ള ഏറ്റവും നല്ല വഴി കല തന്നെയാണ്!

ഉച്ചക്ക് ക്ലാസ് കട്ട് ചെയ്ത് ഹോസ്റ്റൽ റൂമിലെത്തി.‘കണ്ണോട് കാൺപതെല്ലാം..‘ ബാക്ഗ്രൌണ്ടിൽ കേട്ട്കൊണ്ട്, ‘മാത്രഭൂമിയിൽ’ നിന്ന് വെട്ടിയെടുത്ത, വയലിൻ വായിച്ച്കൊണ്ടിരിക്കുന്ന പോസിലുള്ള അവളുടെ ഫോട്ടോയിൽ ഗ്രാഫുകളിട്ട് ഞാൻ വര തുടങ്ങി. രണ്ടാം ദിവസമായപ്പോഴേക്കും വാട്ടർ കളറിൽ ഒരുവിധം വരച്ചൊപ്പിച്ചു.

“ഡാ, ഇത് കണ്ടാൽ അവൾടെ ചേച്ചിനെപ്പോലെയിരിക്കും. ഒരു കാര്യം ചെയ്യ്. നമ്മടെ സിവിലിലെ അമേഷ് നിന്നേക്കാ നന്നായി പെൻസിൽ സ്കെച്ച് ചെയ്യും. അവനൊരു ബിയറ് മേടിച്ച് കൊടുത്ത് ഒരെണ്ണോടെ വരപ്പിക്ക്.”
ചിത്രം കണ്ട ജുനൈദിന്റെ പ്രതികരണം. അവനെ കുറേ തെറിവിളിച്ചെങ്കിലും, ഒരു പെർഫക്ഷന്റെ കുറവ് വരണ്ടാ എന്നോർത്ത് അമേഷിനെകൊണ്ട് ഒരു പെൻസിൽ സ്കെച്ചും ചെയ്യിപ്പിച്ചു. (വരച്ചതിന്റെ താഴെ അവന്റെ പേരെഴുതാതിരിക്കാൻ രണ്ടാമതൊരു ബിയറ്കൂടി കൊടുത്തു.) ഇനി എങ്ങനെ ഇതവിടെ എത്തിക്കും.? പോസ്റ്റിലയച്ചാലും, അവളുടെ കൈയിൽ കിട്ടണമെന്നില്ല. കലുങ്കഷമായ ചർച്ചകൾക്കൊടുവിൽ, ഞാനും ജുനൈദും (അവന്റെ ചിലവ് ഞാൻ വഹിക്കാമെന്ന വ്യവസ്ഥയിൽ) പാലക്കാട് പോയി ലച്ചുവിന് നേരിട്ട് കൊടുക്കാമെന്ന തീരുമാനത്തിലെത്തി. നേരിട്ട് കണ്ട് സംസാരിക്കുകയുമാവാമല്ലോ. പ്രൊജക്ട് വർക്കിന് പോകുന്നെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് പുലർച്ചെയുള്ള ട്രയിനിൽ ഞങ്ങൾ പാലക്കാടേക്ക് തിരിച്ചു.

പാലക്കാട് പോളിടെക്നിക്കിനു വെളിയിൽ ഓട്ടോ നിർത്തിയിറങ്ങുമ്പോൾ ഓട്ടോയുടെ ശബ്ദത്തേക്കാളുച്ചത്തിലായി എന്റെ ഹ്രദയമിടിപ്പ് . എക്സാം അടുത്തിരുന്നതിനാലും, വിദ്യാർത്ഥികളെല്ലാം തന്നെ പ്രൊജക്റ്റ് വർക്കിന്റെ തിരക്കുകളിലുമായിരുന്നതിനാലും അങ്ങിങ്ങ് കുറച്ച് കുട്ടികൾ മാത്രമേ കോമ്പൌണ്ടിലുണ്ടായിരുന്നുള്ളു. ഫൈനലിയർ ഇലക്ട്രോണിക്സ് ബ്രാഞ്ചിന്റെ ക്ലാസ്സെവിടെയാണന്ന് പ്യുണെന്ന് തോന്നിയ ഒരാളോട് ചോദിച്ചു മനസിലാക്കി. രണ്ടാം നിലയിലെ ക്ലാസ്സ് റൂമിനു വെളിയിലെത്തിയതോടെ എന്റെ ടെൻഷൻ അതിന്റെ മാക്സിമത്തിലെത്തി. കൈയിലെ വിറയലൊന്ന് കുറയ്ക്കാനായി ജുനൈദിന്റെ കയിൽനിന്ന് ഞാൻ ചെയ്ത പെയിന്റിംഗിന്റെ കവർ വാങ്ങി പിടിച്ചു. വരാന്തയിൽ നിന്ന് ജനലിലൂടെ നോക്കിയപ്പോളെ കണ്ടു, റൂമിന്റെ ഏറ്റവും പുറകിലെ ഡസ്കിൽ ലച്ചുവും രണ്ട് പെൺകുട്ടികളുമിരുന്ന് റെക്കോർഡ് വരക്കുന്നു. വേറെ കുറച്ച് ആൺകുട്ടികൾ ബഹളമുണ്ടാക്കിയിരിക്കുന്നുമുണ്ട്.

“ഡാ, നമ്മൾ നേരിട്ട് ഇവ്ടെ നിന്ന് വിളിച്ചാൽ ഈ പയ്യന്മാര് വന്ന് ചോദിക്കും. നമ്മൾ ഈ പോളിലെയല്ലന്നു അവന്മാർക്ക് ഈസിയായിട്ട് മനസിലാകും, സംഗതി പാളും. ഓഫീസിൽ പോയി പറഞ്ഞ് പ്യൂൺ വഴി അവളെ വിളിപ്പിക്കുവാരിക്കും നല്ലത്.”
ജുനു പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നി. ഓഫീസിലേക്ക് നടന്നു. ആദ്യം കണ്ട ടേബിളിലെ, ഫയലുകൾക്കിടയിൽ തലകുമ്പിട്ടിരിക്കുന്ന താടിക്കാരനായ ക്ലർക്കിനോട് ഞങ്ങൾ കാര്യം പറഞ്ഞു.‘ഫൈനലിയർ ഇലക്ട്രോണിക്സിലെ രാജലക്ഷ്മിനെ കാണണം.’

“നിങ്ങളാരാ. എവിടുന്നാ. എന്താ കാര്യം.?” താടിക്കാരൻ ക്ലർക്ക് ഫയലിൽനിന്ന് മുഖമുയർത്തി.

“ഞങ്ങളവൾടെ കസിൻസാ. പ്രൊജക്ട് വർക്കിന്റെ കുറച്ച് പേപ്പേർസ് അവൾ വീട്ടിൽ മറന്ന് വച്ചൂ. അത്കൊണ്ട് കൊടുക്കാൻ അവൾടെ അമ്മ പറഞ്ഞിട്ട് വന്നതാ.” ജുനു പെട്ടന്ന് മറുപടി പറഞ്ഞു. ക്ലെവർ ബോയ്. ജുനുവിനെപറ്റി എനിക്കഭിമാനം തോന്നി. താടിക്കാരൻ ഞങ്ങളെയൊന്നു സൂക്ഷിച്ച് നോക്കി. പേന ഫയലിൽ വച്ച് ആൾ എണീറ്റു.

“സാർ വരണമെന്നില്ല. പ്യൂണിനെ വിട്ടൊന്ന് വിളിപ്പിച്ചാ മതി.” ജുനു വിനയാന്വിതനായി പറഞ്ഞു.
“സാരമില്ല. ആട്ടെ, കസിൻസിന്റെ വീടെവിടെയാണ്?” ഓഫീസിന് വെളിയിലേക്ക് നടക്കുമ്പോൾ അയാൾ ചോദിച്ചു.
“കഞ്ചിക്കോട്’ ഞാൻ പറഞ്ഞു.

അയാൾ അല്പനേരം ഞങ്ങൾ രണ്ടാളെം മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു :
“ഞാൻ രാജലക്ഷ്മിടെ അഛനാണ്. ഞാനറിയാത്ത ഈ കസിൻസ് ആരാന്ന് അവളോടൊന്ന് ചോദിക്കണമെല്ലോ. ആ പേപ്പറിങ്ങ് തരൂ.”
ആ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് തലയിൽ വീണപോലെ ഞങ്ങൾ നിൽക്കുമ്പോൾ ജുനൈദിന്റെ കൈയിലിരുന്ന അമേഷ് വരച്ച പെൻസിൽ ഡ്രോയിംഗിന്റെ കവർ അയാൾ തട്ടിപറിച്ചെന്നവണ്ണം മേടിച്ചു. ഒരു നിമിഷംകൊണ്ട് ജുനൈദ് അപ്രത്യക്ഷനായി. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ മൂന്ന് സ്റ്റെപ്പ് ഒറ്റ ചാട്ടത്തിനെന്ന നിരക്കിൽ സ്റ്റെപ്പിറങ്ങി ജുനുവിന്റെ പിന്നാലെയോടി. ഗേറ്റിനടുത്ത് മരച്ചുവട്ടിൽ കിതച്ച്കൊണ്ട് നിന്ന് ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു - രണ്ടാം നിലയിലെ വരാന്തയിൽ ക്ലാസ്സ് റൂമിനുവെളിയിലായി അയാളും ലച്ചുവും കവർ പൊട്ടിച്ച്കൊണ്ട്, താഴെ മരചുവട്ടിൽ നിൽക്കുന്ന ഞങ്ങളെ നോക്കുന്നു. ക്ലാസ് റൂമിൽ നിന്നും അവളുടെ കൂടെയുണ്ടായിരുന്ന കുട്ടികളും പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

“ഡാ, വിട്ടോ..ഇനി നിന്നാ പ്രശ്നമാ” ജുനു ഗേറ്റിനു വെളിയിലേക്കോടി. പുറകെ ഞാനും.
-------------------------

“ഏതവളെ കിനാവ് കണ്ട് നിക്കുവാടാ നീ. ആ ടേബിള് പോയി ക്ലിയർ ചെയ്തേ..”

ആരോ പുറത്ത് തട്ടി. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. ടോമിയാണ്. അവൻ വീണ്ടും എ.ആർ റഹ്മാൻ ഹിറ്റ്സ് സി.ഡി ഇട്ടു. ഭാസ്കരണ്ണൻ പുറത്ത് പോയിട്ടുണ്ടാവും. ഒരു ദീർഘനിശ്വാസത്തോടെ ഞാനവരുടെ ടേബിളിനടുത്തേക്ക് ചെന്നു. അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. തമാശകളൊക്കെ പറഞ്ഞ് ചിരിച്ച്, ഐസ്ക്രീം കഴിക്കുകയാണ് ലച്ചു. അല്പം വണ്ണം വെച്ചിട്ടുണ്ട്. മുല്ലപ്പൂ ചൂടിയിരുന്ന ആ നീണ്ട മുടി ഇപ്പോൾ കഴുത്തിനു താഴെവരെ മാത്രം . നെറ്റിയിലെ ചന്ദനകുറിയില്ല, പകരം നിറുകെയിൽ സിന്ദൂരം.!

“യു കാൻ കീപ് ദിസ്.” ബിൽ പേ ചെയ്തതിന്റെ ബാക്കി, ബിൽ ഫോൾഡറിനുള്ളിൽ വച്ച് ടേബിളിൽ വച്ചപ്പോൾ എന്നെ നോക്കി ലച്ചു പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്ന ഞാൻ ഒന്നും പറയാതെ 2പൌണ്ടിന്റെ ആ കോയിനെടുത്ത് പോക്കറ്റിലിട്ടു. ലച്ചു എനിക്ക് തന്ന ടിപ്സ്!. അവർ പോകാനെണീറ്റു.

“രാജലക്ഷ്മിയല്ലേ..? പാലക്കാട് പോളിയിൽ പഠിച്ചിരുന്ന..?” ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.
“അതെ..എന്നെ എങ്ങനെയറിയാം.? അവിടെ പഠിച്ചിരുന്നോ ഇയാൾ?’. അത്ഭുതത്തോടെ ലച്ചു ചോദിച്ചു.

‘ഇല്ല. പക്ഷെ അറിയാം. ഇന്റർപോളി കലോത്സവത്തിന് കണ്ടിട്ടുണ്ട്. ഈ പാട്ടല്ലേ അന്ന് ഓർകസ്ട്ര മത്സരത്തിനു പാടിയത്.?’ ഞാൻ പറഞ്ഞു.
‘ഈശ്വരാ.. എന്റെ ക്ലാസ്മേറ്റ്സിനെ പലരെപോലും ഞാനിപ്പോ ഓർക്കുന്നില്ല. കലോത്സവത്തിനൊരു ദിവസം കണ്ടിട്ട് ഇയാളെന്നെയോർക്കുന്നെന്നോ! ഞാൻ പാടിയ പാട്ട് പോലും...ഹോ.. വാട്ട് ടു സെ.. ഇറ്റ്സ് സർപ്രൈസിംഗ്!” ലച്ചുവിന് അത്ഭുതമടക്കാനായില്ല.

“ഒരിക്കൽ എന്റെ എത്ര രാത്രികളെ നിദ്രാവിഹീനമാക്കിയതാ ഈ മുഖം. വയലിൻ വായിച്ചിരിക്കുന്ന നിന്റെ ചിത്രം ഞാൻ വരച്ചത് കാൻ വാസിൽ മാത്രമല്ല, എന്റെ ഹ്രദയത്തിൽകൂടിയായിരുന്നു. പത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത് ഞാൻ സൂക്ഷിച്ച നിന്റെ ഫോട്ടോകൾ എന്റെ പഴയ ഡയറികൾക്കുള്ളിലെവിടെയോ ഇപ്പോളുമുണ്ടാകും.. പിന്നെ എങ്ങനെ മറക്കാനാ ഈ മുഖം” - ഇങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല, പകരമൊന്നു ചിരിച്ചു.

കുറച്ച് നേരം കൂടി ഞങ്ങൾ സംസാരിച്ച് നിന്നു. ലച്ചുവിന്റെ വിവാഹം കഴിഞ്ഞിട്ട് 1 വർഷമാകുന്നു. രണ്ട് പേരും ലണ്ടനടുത്തുള്ള റെഡിംഗിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. കൂട്ടുകാരെ കാണാനായി വന്നതാണ് ഈസ്റ്റ് ഹാമിൽ. അല്പനേരത്തിനുള്ളിൽ ഹസ്ബൻഡ് പിക് ചെയ്യാൻ വരും. എപ്പോളെങ്കിലും കാണാമെന്ന് പറഞ്ഞ് ഷേക് ഹാൻഡ് തന്ന് ലച്ചു ഇറങ്ങി. ഇനിയും ഓർമിക്കാനായി, ആ 2പൌണ്ടിന്റെ കോയിൻ സൂക്ഷിച്ച് വക്കണമെന്ന് തമാശ പറഞ്ഞ്, പുറത്തിറങ്ങി അല്പം നടന്ന അവൾ വീണ്ടൂം തിരിഞ്ഞ് എന്നെ നോക്കിയതെന്തിനായിരിക്കും.!

കണ്ണോട് കാൺപതെല്ലാം തലൈവാ കൺകളുക്ക് ശൊന്തമല്ലൈ. ഡാ തോമാ, നീയിപ്പോ തമിഴിൽ നല്ല എക്സ്പെർട്ടായില്ലെ. ഈ ലൈനിന്റെ അർത്ഥമെന്താടാ.?”
രാത്രി വൈകി, റെസ്റ്റോറന്റിൽ നിന്നെടുത്ത ബിയറുമടിച്ച് വിജനമായ ഈസ്റ്റ് ഹാം ഹൈസ്ട്രീറ്റിലെ ബഞ്ചിലിരിക്കുമ്പോൾ ഞാൻ ടോമിയോട് ചോദിച്ചു.

“ഇത് സിമ്പിളല്ലേ.. കണ്ടത്കൊണ്ട് മാത്രം കാണുന്നതെല്ലാം നമ്മുക്ക് സ്വന്തമാകില്ലന്ന്. അതിന് തലേവര കൂടി വേണമെന്ന് പൊട്ടാ‍!.” അവൻ ബീയറെടുത്ത് എന്റെ നേരെ തെറിപ്പിച്ചു.
---------------------------------------------------



ലോകപ്രശസ്ത ചിത്രകാരനായിരുന്ന ഞാൻ 1998-2001 കാലയളവിൽ ചെയ്ത ചില പെയിന്റിംഗുകൾ.
മാർക്ക് ചെയ്തിരിക്കുന്നതാണ്, ലച്ചുവിന്റെ ചിത്രം. :)

Tuesday 4 May 2010

‘ഫിയസ്റ്റ ബാർ’

‘ഡാ..ദെവഡ്യാ ഗഡ്ഡീ നീ.. കൊറേ നാളായിട്ട് നിന്റനക്കമൊന്നുമില്ലല്ലോ..’

ഒരു വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യത്തിൽ സോഫയിൽ ചുരുണ്ട് കൂ‍ടിയിരുന്ന് ഇൻഡ്യാവിഷനിലെ നിതീഷ് കുമാറിന്റെ കുസ്രുതികൾ കണ്ട്കൊണ്ടിരിക്കുമ്പോളാണ് ത്രശ്ശൂർകാരനായ സുഹ്രത്ത് ജിനിയുടെ ഫോൺ വന്നത്.

‘ഓ. എന്നാ പറയാനാ മാഷെ..ചുമ്മാ ടിവി കണ്ടിരിക്കുവാ.’ ഞാൻ പറഞ്ഞു.

‘ദെന്ത് പറ്റിഡാ നിനക്ക്.. അല്ലേ വെള്ളിയാഴ്ച ഉച്ചക്കേ ഇന്നേത് ബ്രാൻഡാന്നും ചോദിച്ച് വിളിക്കണ നീ..’ ജിനിക്ക് എന്റെ നിസംഗത സഹിക്കണില്ല.

‘ഓ..അതൊക്കെ നിന്നില്ലേ അളിയാ‍.. ഞാൻ കുരിശും വരച്ച് എന്തേലും കഴിച്ച് ഉറങ്ങാൻ നോക്കുവാ. വരുവാണേൽ കപ്പേം ബീഫും അടിക്കാം’

‘ആ..നിന്റെ കാർന്നോമ്മാര് വന്നല്ലേ.. ഒരു സ്മാള് പോലുമില്ലാതെ നിന്റെ ഒണക്ക കപ്പ തിന്നാൻ വരുവല്ലേ ഞാൻ. ’ ജിനിക്ക് കാര്യം പിടികിട്ടി. ‘ഡാ, ഇതാ പറേണത് തലക്കകത്ത് കിഡ്നി വേണം എന്ന്.’

‘എന്തോന്നാ ചേട്ടാ.കാര്യം പറ.’ ഞാൻ കൺഫ്യൂഷനിലായി..

‘നിന്റെ കാറിന് ഡിക്കിയില്ലേ..അതിലൊരു പൈന്റ് വക്കാനുള്ള സ്ഥലം പോലുമില്ലേ.. എന്നെ കണ്ട് പടി. അല്ലേ വേണ്ട. ഐഡിയ ഞാൻ പറഞ്ഞ് തരാം. നീ ജോലി കഴിഞ്ഞ് വരുന്ന വഴി ഒരു കുപ്പിയും സോഡയും മേടിച്ച് കാറിൽ വക്കുക. വീട്ടിലെത്തി കുളീം കുരിശ് വരേമൊക്കെ കഴിഞ്ഞ് വണ്ടീടെ പാർക്കിംഗ് ശരിയല്ല, അല്ലേ ഓയിലു മാറ്റാനുണ്ട് അങ്ങനെ എന്തേലും തട്ടിവിട്ട് താഴെയിറങ്ങി വന്ന് രണ്ട് നില്പൻ കാച്ചീട്ട് പോണം.ഹല്ല പിന്നെ.’

എന്റമ്മോ...എന്തൊരു പുത്തി. ഞാൻ തലയിൽ കൈവച്ച് പോയി. മറ്റാരും കേക്കണ്ട എന്ന് കരുതി ഫോണുമെടുത്ത് പതുക്കെ പുറത്തിറങ്ങി.

‘അല്ല ചേട്ടാ, അങ്ങനെ രണ്ട് നില്പനടിച്ചാലും തിരിച്ച് ചെല്ലുമ്പോൾ മണമടിക്കില്ലേ? ഒരു ബീയറ് കുപ്പി കണ്ടാൽ ബിൻ ലാദനെ കണ്ട ഒബാമെയെ പോലെ പെരുമാറുന്ന അമ്മയും, കഴിഞ്ഞ വർഷം ഒരു ബിയറടിച്ചു, ഇനി 6 മാസം കുടിയില്ല എന്ന് പറയുന്ന പപ്പേടെം അടുത്ത് അതൊന്നും ശരിയാകില്ലന്നെ.’ എനിക്ക് ഐഡിയ അങ്ങട് പൂർണ്ണമായി ദഹിച്ചില്ല.

‘ഡാ നീയേത് സ്കൂളിന്നാ കള്ള്കുടി പടിച്ചെ. വോഡ്ക അടിച്ചാ മതി.ഒരു സ്മെല്ലും വരില്ല. വേണേൽ ഒരു ബബിൾഗമെടുത്ത് ഒന്ന് ചവച്ചിട്ട് കേറണം.’

‘പക്ഷെ..എന്നാലും ഒറ്റക്ക് കള്ള്കുടി പരമ ബോറാ മാഷെ..എനിക്കത് ശീലമില്ല’ ഞാൻ ഒഴിഞ്ഞ് മാറാൻ നോക്കി.

‘അതിന് നിന്നോടാരാ ഒറ്റക്കടിക്കാൻ പറഞ്ഞത്. വണ്ടിയെടുത്ത് നേരെയിങ്ങ് വിട്. ഞാൻ ഫ്രീയാ.’ അപ്പോ അതാണ് കാര്യം. കക്ഷിയുടെ വീടും മദ്യനിരോധിത മേഘലയിലാണ്.

വെള്ളിയാഴ്ചയല്ലേ. ഒന്ന് പരീക്ഷിച്ച് നോക്കമെന്ന് തീരുമാനിച്ചു. പപ്പയും അമ്മയും നാട്ടിൽ നിന്ന് വിസിറ്റിംഗിന് വന്നതിന് ശേഷം വീകെൻഡ് കൂടലുകളൊന്നുമില്ല. രണ്ട്മൂന്നാഴ്ചയായി ഒരു ബീയർ പോലും തൊട്ടിട്ട്.

“ഡീയെ, നമ്മടെ വണ്ടീടെ ആ ലൈറ്റിന്റെ ബൾബ് പോയികിടക്കുവല്ലേ.. ജിനിയിപ്പോ ഫ്രീയാന്ന്. ഞാനൊന്നു കൊണ്ട്പോയി ഫിക്സ് ചെയ്തിട്ട് വരാം.’ ഭാര്യയോട് അനൌൺസ് ചെയ്ത് ഞാൻ കീയുമെടുത്തിറങ്ങി.

‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ. ഞാൻ കണ്ടാരുന്നു. നീയിനി ബാറ്റൺ ബോസിനെപോലെയൊക്കെ എഴ്തി ജ്നാന പീടമൊക്കെ മേടിക്കുമോ.. പക്ഷെ നീളം കൂടുതലാ.അത്രക്കങ്ങട് വായിക്കാനൊള്ള ക്ഷമയൊന്നും റീഡേർസിനൊണ്ടാകില്ല.’ കാറിലിരുന്ന് രണ്ടാമത്തെ പെഗ്ഗൊഴിച്ച്കൊണ്ട് ജിനി പറഞ്ഞു.

‘ഈ ഗ്ലാസ്സ് കാലിയാക്കി നിങ്ങൾ ഈ പീടം ഒന്നൊഴിഞ്ഞ് തന്നാൽ എനിക്ക് പോയേക്കാമായിരുന്നു. ഹും. അല്ലേലും ബ്ലോഗെന്താ ഗ്ലോബെന്താന്നറിയാത്ത നിങ്ങളെപോലെയുള്ള കൺഡ്രി ഫെല്ലോസിനെ ഉദ്ദേശിച്ചല്ല ഞാനെഴുതുന്നത്. ബൌദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് എന്റെ വായനക്കാർ’. ജിനിയുടെ മിണ്ടാട്ടം മുട്ടി.

“നീ ഈ ഫോർഡ് ഫിയസ്റ്റ മാറ്റി , കുപ്പിയും സോഡയുമൊക്കെ സൂക്ഷിക്കാനൊക്കെ സ്ഥലമുള്ള നല്ലൊരു വണ്ടിയെട്ക്ക്.” ബാക്കിയുള്ള സ്മിർനോഫ് കുപ്പി വളരെ ശ്രദ്ധയോടെ കാറിന്റെ ഡിക്കിയിൽ മാറ്റിനടിയിൽ വക്കുമ്പോൾ ജിനി പറഞ്ഞു.

വീട്ടിലെത്തി. ചൂടോടെ കപ്പയും ബീഫും കഴിച്ചു. സുഖമായി ഉറങ്ങി.
--------------------------------

ഒരാഴ്ച കഴിഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, 5മണിയാകാൻ ഇനി എത്ര മിനിറ്റുകളും സെക്കന്റ്കളുമുണ്ടന്ന് കാൽകുലേറ്റ് ചെയ്ത് ഓഫീസിലിരിക്കുമ്പോൾ ജിനിയുടെ വിളി വന്നു.

“ഡാ നിന്റെ ഫിയസ്റ്റ ബാറിൽ കഴിഞ്ഞയാഴ്ചത്തേതിന്റെ ബാക്കിയിരിപ്പില്ലേ.. ഈ വഴി വരണട്ടാ.”
ഹോ..ഈ മനുഷ്യൻ ഒരാഴ്ച്ചയായി ഇത് തന്നെയാലോചിച്ചിരിക്കുവരുന്നോ പോലും! 5 മണിയായി. ജിനിയുടെ വീട് വഴി വണ്ടി തിരിച്ച് വിട്ടു. ദൂരെ നിന്നേ കണ്ടു - കടലിൽ പോയ അരയനെ കാത്തിരിക്കുന്ന അരയത്തിയെപ്പോലെ, ഗേറ്റിന് വെളിയിൽ ഒരു സിഗരറ്റും പുകച്ച് ആളുണ്ട്.

“നിന്റെ ഗ്ലോബിൽ പുതിയ കതകളൊന്നും കാണുന്നില്ലല്ലോടാ..”
ഡിസ്പോസിബിൾ ഗ്ലാസ്സിലേക്ക് ശ്രദ്ധയോടെ സ്മിർനോഫ് പകരുന്നതിനിടെ ജിനി പറഞ്ഞു.

“മാഷെ, കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായിട്ട് ഓഫീസിൽ വല്ല്യ പണിയൊന്നുമില്ലാരുന്നു. നേരം പോകാൻവേണ്ടി ചെയ്ത പരിപാടിയാ അത്. അല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന പരിപാടിയൊന്നുമല്ല എഴുത്ത്.”

“ഡാ‍.. നിനക്ക് എഴുതാൻ പറ്റിയ ഒരു ഐഡിയ തരാം. പൈങ്കിളി മാത്രമെഴുതാതെ നമ്മ്ടെ ഈ ഫിയസ്റ്റ ബാറിനെകുറിച്ച് ഒരു കാച്ചങ്ങ്ട് കാച്ച്. വീട്ടുകാരറിയാണ്ട് എങ്ങനെ സ്മാളടിക്കാമെന്നാലോചിച്ച് വിഷമിക്കുന്ന ആർക്കേലും കൊണമുണ്ടാകട്ടെ.”

ശരിയാണ്. കുറേ നാളായി പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്നാലോചിക്കുന്നു. സംഗതി എനിക്കിഷ്ടപെട്ടു. സ്മിർനോഫ് അല്പം ബാക്കിയുള്ളത് സുരക്ഷിതമായി ‘ഫിയസ്റ്റ മൊബൈൽ ബാറിന്റെ’ ഡിക്കിയിൽ വച്ചു. വീട്ടിലെത്തി. ഭക്ഷണം കഴിച്ചു.

ജിനി പറഞ്ഞ ഐഡിയ മോശമില്ല. ഫിയസ്റ്റ ബാറിനെപറ്റി എഴുതാം. ബ്ലോഗിൽ പോസ്റ്റിയില്ലങ്കിലും, ‘പെണ്ണ് കെട്ടിയതോടെ നിന്റെ കട്ടേം പടോമൊക്കെ മടങ്ങിയില്ലേടാ’ എന്നും പറഞ്ഞ് വെബ്കാമിൽ കൂടി ലൈവായി വെള്ളമടി മീറ്റ് നടത്തി കൊതിപ്പിക്കുന്ന ഗൾഫിലെ ഗഡീസിനൊരു മറുപടിയെങ്കിലും കൊടുക്കാം. ലാപ്ടോപ് എടുത്ത് blogger.com/home തുറന്നു. സ്മിർനോഫിന്റെ ശക്തിയായിരിക്കും, ആവശ്യത്തിൽ കൂടുതൽ എരിവും പുളിയും മസാലയുമൊക്കെ ചേർത്ത് പട പടെന്ന് വാക്കുകൾ വന്നു. 12മണിയായി. ബാക്കി നാളെ. ഉറങ്ങാൻ കിടന്നു.

നല്ല ചെമ്മീൻ കറി വേകുന്ന മണമടിച്ചാണ് ഉറക്കമുണർന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ 10 മണി.!ഈശ്വരാ..ഓഫീസിൽ പോകാൻ ലേറ്റ് ആയല്ലോന്നോർത്ത് ചാടിയെണീറ്റപ്പോളാ ഓർമ്മ വന്നത് - ഇന്ന് ശനിയാഴ്ചയാണല്ലോ. എന്തായാലും യവളു കൊള്ളാമല്ലൊ..കുറെ നാളായി ചെമ്മീൻ കറി കൂട്ടിയിട്ട് എന്ന് ഇന്നലെ വെറുതെ പറഞ്ഞതെയുള്ളു, അപ്പോളെക്കും ദേ ഉണ്ടാക്കിയിരിക്കുന്നു. ഭാര്യയെപ്പറ്റി പതിവില്ലാത്തവിധം അഭിമാനം തോന്നി. ‘ബ്രഞ്ചിന്’ (ശനി-ഞായർ ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റും ലഞ്ചും ചേർന്നയൊരു സങ്കരയിനം) കുത്തരിച്ചോറും, ചെമ്മീൻ കറിയും കൂട്ടിയൊന്നു പെടക്കാമെന്നുള്ള സന്തോഷപ്രദമായ ചിന്തയിൽ ചാടി എണീറ്റു. കണ്ണും തിരുമ്മി ചെല്ലുമ്പോൾ കക്ഷി ലാപ്ടോപിനു മുന്നിലിരിക്കുന്നു. ങും. ‘പാചകം.കോം’ നോക്കിയിട്ടാണ് ചെമ്മീൻ കറിയുണ്ടാക്കുന്നത്. സാരമില്ല, എങ്ങനെയായലും നമ്മുക്ക് ചെമ്മീൻ കൂട്ടിയാൽ മതി.

‘പപ്പാ, നാട്ടില് ചെറുപുഴയിലൊക്കെ ഒക്കെ ബാറുണ്ടോ..?’ ചോറും ചെമ്മീനും കൂട്ടി ഉരുട്ടി വിഴുങ്ങുന്നതിനിടയിലാണ്, ഭാര്യയുടെ വക അസാധാരണമായൊരു സംശയം പപ്പയോട്.

‘ഇതെന്താ പതിവില്ലാത്ത രീതിയിലൊരു സംശയം?’ പപ്പക്കും അദ്ഭുതം. ‘ചെറുപുഴയിൽ ബാറുണ്ടന്ന് തോന്നുന്നു..’
‘അതിന്റെ പേരെന്താ’? അടുത്ത ക്വസ്റ്റ്യൻ.
‘വോൾവോ ബാർ എന്നാന്നാ തോന്നുന്നെ.. ഇതെന്താ മോളെ നീയിപ്പോൾ നാട്ടിലെ ബാറിന്റെയൊക്കെ പേരന്വേഷിക്കാൻ’?
‘ങും. അപ്പോൾ നാട്ടിലും കാറിന്റെയൊക്കെ പേരിൽ ബാറുകൾ ഉണ്ട് അല്ലേ..’
എന്നെ നോക്കി പതുക്കെ ചിരിച്ച്കൊണ്ടുള്ള ആ മറുപടി കേട്ടതോടെ ചോറ് എന്റെ തൊണ്ടയിൽ കുടുങ്ങി. ഈശ്വരാ..ഇതെന്താ ഇവളിങ്ങനെ മുന വച്ചുള്ള സംസാരം..

ഊണു കഴിഞ്ഞു. അല്പം വിശ്രമത്തിനു ശേഷം, പതിവ് വീക്കെൻഡ് ഷോപ്പിംഗിനായി ‘ടെസ്കോ’യിലേക്ക് പുറപ്പെട്ടു. ടെസ്കോ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരങ്ങി കറിവേപ്പില മുതൽ ഷേവിംഗ് സെറ്റ് വരെ പറക്കിയിട്ടു - കൂട്ടത്തിൽ, പള്ളിൽ കുർബാനക്ക് കൊടുക്കുന്ന അതേ ഐറ്റമാ, ഈസ്റ്ററൊക്കെയല്ലേ എന്ന് പറഞ്ഞ് അമ്മയെ സോപ്പിട്ട് ഒരു കുപ്പി വൈനും. ഷോപ്പിംഗ് ബാഗുകൾ നിറഞ്ഞ ട്രോളിയും തള്ളി കാർ പാർക്കിലെത്തി, കൊച്ചിനും അമ്മക്കും കയറിയിരിക്കാനായി ഡോർ തുറന്നു. അപ്പോളാണ്,പതിവില്ലാത്തവിധം, കൊച്ചിനെ കാർ സീറ്റിലിരുത്തി ബെൽറ്റൊക്കെയിട്ട് ഭാര്യയതാ ഷോപ്പിംഗ് ബാഗുകൾ ഡിക്കിയിലെടുത്ത് വക്കാൻ സഹായിക്കാൻ വരുന്നു. ഇതെന്താ ഇവൾക്ക് പതിവില്ലാത്തവിധമുള്ള ഹെല്പിംഗ് മെന്റാലിറ്റി എന്നാലോചിച്ച് സന്തോഷിച്ചെങ്കിലും ഉടൻ തന്നെ ഞാൻ അപകടം മണത്തു. ഡിക്കിയുടെ ഒരു മൂലക്കുള്ള സ്മിർനോഫ്.!

‘ഡീ, തണുപ്പല്ലേ..നീ കേറിയിരുന്നോ.. ഞാൻ എല്ലാം എടുത്ത് വച്ചോളാം.’ സ്മിർനോഫ് കുപ്പി ഒരു മൂലയിലേക്ക് ഒതുക്കി വച്ച്കൊണ്ട് ഞാൻ പറഞ്ഞു.

‘സാരമില്ലന്നേ.. എന്റെ കെട്ടിയോൻ മാത്രമല്ലേ എന്നും തണുപ്പ് കൊള്ളുന്നെ. സുഖവും ദുഖവും ഷെയർ ചെയ്യണമന്നല്ലെ ബൈബിളിൽ പോലും പറഞ്ഞിരിക്കുന്നെ..’

സംഗതി കൈവിട്ട് പോയി. ട്രോളിയിനിന്നും ഒരു ബാഗെടുത്ത് ഡിക്കിയിൽ വച്ച് കഴിഞ്ഞു കക്ഷി.

‘പപ്പാ ..ദേ ഇങ്ങോട്ടൊന്ന് നോക്കിക്കേ..’ പരീക്ഷാ ഹാളിൽ നിന്നും കോപ്പിയടി കടലാസ് പൊക്കിയെടുക്കുന്ന ടീച്ചറെപ്പോലെ ക്രൂരമായ ചിരിയോടെ സ്മിർനോഫ് കുപ്പിയെടുത്ത് അവൾ അതിനകം കാറിൽ കയറിക്കഴിഞ്ഞ പപ്പയെ വിളിച്ചു.

‘ദ് .. ദെങ്ങനെ ഇവിടെ..ഹെയ്..എന്റെയൊന്നുമല്ല.. ഇന്നാളെപ്പോളൊ ഓഫീസിന്ന്.. അവന്മാരു..പാർട്ടി നടത്തിയപ്പോ..’. കോപ്പിയടി പിടിക്കപ്പെട്ട വിദ്യാർത്ഥിയായി ഞാൻ. ഹെഡ്മാസ്റ്ററും ടീച്ചറും ഇറങ്ങി. ഞാൻ നിന്ന് പരുങ്ങി.

‘ന്നാലും നിനക്കെങ്ങനെ എന്നെ ഒറ്റുകൊടുക്കാൻ മനസ് വന്നെടീ പാരേ..സോറി ഭാര്യേ.. ഇടക്കൊക്കെ രണ്ട് ബിയർ, അല്ലേ രണ്ട് പെഗ് ഒക്കെ നമ്മുടെ കുടുംബ ഭരണ ഘടനയിൽ നീ അനുവദിച്ചതായിരുന്നല്ലോ.’ അതിവേഗ കോടതിയിലെ വിചാരണയും ശിക്ഷവിധിക്കലും കഴിഞ്ഞ് - (ശിക്ഷ കടിനമാണ്-ഡൈലി കാർ മെറ്റൽ ..സോറി ബോട്ടിൽ ഡിറ്റക്ടർ വച്ച് പരിശോധനയുണ്ടാകും, യമഹാ, സ്വാഹ തുടങ്ങിയ കേരളാ പോലീസ് കണ്ട്പിടിച്ച മന്ത്രങ്ങൾ ജപിച്ചതിനു ശേഷമേ വീട്ടിൽ എൻഡ്രി അനുവദിക്കു..etc.)തളർന്നുറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ ദയനീയമായി ഭാ‍ര്യയോട് ചോദിച്ചു.

ചെമ്മീൻ കറിയുടെ റെസിപി നോക്കാനായി രാവിലെ കമ്പ്യുട്ടറിനു മുന്നിലെത്തിയപ്പോളാണ്, തലേദിവസം ഞാൻ പകുതി ടൈപ്പ് ചെയ്ത് ക്ലോസ് ചെയ്യാൻ മറന്ന ബ്ലോഗ് പേജ് ഭാര്യ കണ്ടത്. രണ്ട് കാര്യങ്ങളാണ് ഈ കടുംകൈ ചെയ്യാൻ കക്ഷിയെ പ്രേരിപ്പിച്ചത്.
1. ഞാൻ ബ്ലോഗെഴുത്ത് തുടങ്ങിയതും, ഒന്നു രണ്ട് പോസ്റ്റിട്ടതും ആൾ അറിഞ്ഞിരുന്നില്ല. അത് രഹസ്യമാക്കി വച്ചതിലുള്ള പ്രതിഷേധം. (ചമ്മൽകൊണ്ടായിരുന്നു ഞാൻ പറയാതിരുന്നത്).
2. ഇടക്കൊരു സ്മാളടിക്കണമെന്നുണ്ടായിരുന്നെങ്കിൽ, അവളോട് തന്നെ കാര്യം പറഞ്ഞ്, പപ്പയും അമ്മയുമറിയാതെ ഒരു കുഞ്ഞി കുപ്പി റൂമിനുള്ളിൽ മേടിച്ച് വച്ചാൽ പോരായിരുന്നോ..എന്തിനാ വല്ല്യ കുടിയന്മാരെപ്പോലെ കാറിലിരുന്നൊക്കെ കുടിക്കാൻ പോയെ..?

‘ശരിയാണ്. എല്ലാം എന്റെ തെറ്റ്. നാളെ തന്നെ ഞാനൊരു കുപ്പി മേടിച്ച് റൂമിൽ വച്ചേക്കാം. പോരെ?.’ ഞാൻ ചോദിച്ചു. മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളത്കൊണ്ട്, പുതപ്പ് വലിച്ച് ചെവി മൂടി ഞാൻ ഉറങ്ങി.

അങ്ങനെ ‘ഫിയസ്റ്റ ബാർ’ പൂട്ടി.
-----------------------------------