Friday 26 March 2010

‘കറുത്ത അരയന്നങ്ങളുടെ വീട്...’

അരയന്നങ്ങളുടെ വീട്.
മലയാള സിനിമയിലെ ഒരു ക്ലാസ്സിക് ഒന്നുമല്ല ഈ ലോഹിതദാസ് ചിത്രം. എങ്കിലും 'വാത്സല്യം' പോലെയൊക്കെ കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു കുടുംബചിത്രമായിരുന്നു അരയന്നങ്ങളുടെ വീട്.. എന്റെ ജീവിതത്തിൽ എവിടെയൊക്കെയൊ ,എപ്പോളൊക്കെയോ പരിചയമുള്ള കഥാപാത്രങ്ങളും,സിറ്റ്വേഷൻസ് കൊണ്ടും ,രവീന്ദ്രൻ മാസ്റ്ററുടെ കയ്യൊപ്പുള്ള പാട്ടുകൾ കൊണ്ടും എനിക്ക് ‘അരയന്നങ്ങളുടെ വീട്’ ഒരു മധുര നൊമ്പരമുണർത്തുന്ന ഒരു സിനിമ അനുഭവമായിരുന്നു..
------------------------------
വീട്ടിലെ വല്ല്യ പ്രശ്നക്കാരനൊന്നുമല്ല എങ്കിലും, എന്നെപറ്റിയൂള്ള ഒരു സ്ഥിരം പരാധി, അല്ലങ്കിൽ പൊതുവെയുള്ള അഭിപ്രായം - സ്ഥിരമായൊരിടത്ത് നിൽക്കില്ല എന്നതായിരുന്നു.. 2003 മെയ് മാസത്തിൽ കൊച്ചിയിൽ പാലാരിവട്ടത്തുള്ള ഒരു വെബ് ഡിസൈനിങ് കമ്പനിയിൽ നിന്ന് തുടങ്ങിയ കരിയർ ലൈഫ് 7 വർഷം കൊണ്ട് പിന്നീട് സൌദി അറേബ്യ-ബഹറൈൻ-ദുബയി-മസ്ക്കറ്റ് വഴി ലണ്ടനും കഴിഞ്ഞ് ഇംഗ്ലണ്ടിന്റെ വടക്ക്പടിഞ്ഞാറുള്ള പ്ലിമത്ത് എന്ന കൊച്ച്പട്ടണത്തിലെത്തി നിൽക്കുന്നു..7 കൊല്ലത്തിനിടയിൽ 6 രാജ്യങ്ങളിലൂം ,7 കമ്പനികളിലൂം പണിയെടുത്തു എന്ന് ചിലപ്പോളൊക്കെ പൊങ്ങച്ചം പറയാറുണ്ടെങ്കിലും സാമ്പത്തികമായും, തൊഴിൽ പരമായും ഈ ‘ചാടികളി’ എനിക്ക് ദോഷമേ ഊണ്ടാക്കിയിട്ടുള്ളു...കൂടെയുണ്ടായിരുന്നവർ പലരും നാട്ടിലും, ഗൾഫ് രാജ്യങ്ങളീലും കരിയറിൽ ഒരുപാട് ഉയരങ്ങളിലേക്ക് പോകുമ്പോളും,എന്റെ ജീവിതം ഞാൻ പോലുമറിയാതെ ഇങ്ങനെ രാജ്യങ്ങൾ പലത് മാറുന്നതൊഴികെ കാര്യമായ പുരോഗതിയില്ലാതെ പൊയ്കോണ്ടിരുന്നു..

മസ്കറ്റിലെ ഒരു ചെറിയ കാലയളവിൽ,ബഹറൈൻ ജീവിതത്തിന്റെ തുടർച്ചയെന്നോണം പരമാവധി ആസ്വദിച്ച് ഇനി കുറേ കാലം ഇവിടെ എന്നൊക്കെ പ്ലാൻ ചെയ്തിരിക്കുമ്പോളായിരുന്നു, ഇംഗ്ലണ്ടിലുള്ള ചേച്ചിയുടെയ്യും അളിയന്റെയും ക്ഷണം.സ്റ്റുടന്റ് വിസ ഇപ്പോ ശരിയ്യാക്കി തരാം, ബാക്കിയൊക്കെ ഇവിടെ വന്ന് കഴിഞ്ഞിട്ട് എന്ന്. എറ്റവും അടുത്ത സുഹ്രുത്തായ ജെറി അവിടെയുണ്ട്. പുള്ളിക്കാരന്റെ പ്രലോഭനം കൂടിയായപ്പോൾ പിന്നെ അലോചിച്ചില്ല, 5 കൊല്ലം നീണ്ട ഗൾഫ് ജീവിതത്തിനോട് ഗുഡ്ബൈ പറഞ്ഞ് ,മസ്കറ്റിൽ നിന്ന് ഒരു എമിറേറ്റ്സ് വിമാനം പിടിച്ച് ലണ്ടൻ ഗാറ്റ്വികി ൽ ഇറങ്ങി.വന്ന് ആദ്യത്തെ കുറച്ച് നാൾ ചിലവഴിച്ച, ചേച്ചിയുടെയൊക്കെ വീടിരിക്കുന്ന ഗ്രാമം കണ്ടപ്പോളെ മനസിൽ തോന്നിയ ആഗ്രഹമാണ് ഇംഗ്ലണ്ടിൽ താമസിക്കുന്നെങ്കിൽ ഇത്പോലെ കണ്ട്രി സൈഡിൽ (ഇവരുടെ ഭാഷയിൽ കൌണ്ടി) താമസിക്കണമെന്ന്.

പക്ഷെ,ലണ്ടനിലെത്തുന്ന മറ്റേതൊരു മലയാളി (പ്രത്യേകിച്ചും സ്റ്റൂടന്റ് വിസയിലെത്തുന്നവർ)എത്തിപെടുമ്പോലെ, ഞാനും ചെന്ന് ചേർന്നത് ലണ്ടനിലെ കോയമ്പത്തുരായ ഈസ്റ്റ് ഹാമിൽ..(തമിഴരും, മലയാളികളും തിങ്ങി പാർക്കുന്ന സ്ഥലം). അവിട്ത്തെ 1 കൊല്ലം നീണ്ട ജീവിതം.. സ്റ്റുടന്റ് വിസയൊക്കെ മാറി,സെന്റ്രൽ ലണ്ടനിലെ ഒരു കമ്പനിയിൽ തന്നെ ജോലി കിട്ടി, എങ്കിലും ഈസ്റ്റ് ഹാമിൽ നിന്ന് താമസം മാറാൻ ഒരിക്കലും തോന്നിയില്ല.കാ‍രണം ബംഗാളികൾ - ഇൻഡ്യൻ റെസ്റ്റോറന്റ് എന്ന പേരിൽ തട്ടി കൂട്ടി സായിപ്പിനെ പറ്റിക്കുന്ന ഏർപ്പാടല്ലാതെ,ഒറിജിനൽ ചെന്നൈ ദോശയും, ശരവണ ഭവനും, തട്ട്കടയുമൊക്കെ, ഈസ്റ്റ് ഹാമിലും,അത്പോലെ ഇൻഡ്യക്കാ‍ർ തിങ്ങിപാർക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലുമല്ലാതെ ഇംഗ്ലണ്ടിന്റെ ഒരു മൂലക്കും കാണില്ല.. ലണ്ടൻ ബ്രിജും, ബക്കിംങ്ങാം പാലസുമുൾപ്പടെ ലോകപ്രശസ്തമായ ലണ്ടൻ ഐക്കൺസ് എല്ലാം കണ്ടു തീർത്തു.ഒരു കൌതുകത്തോടെ കണ്ടു എന്നതൊഴിച്ചാൽ പ്രത്യേകിച്ചൊരു അനുഭവവും തോന്നിയില്ല.. മനസിൽ കിടക്കുന്നത് ചെറുപ്പത്തിൽ അമ്പലത്തിലെ ഉത്സവത്തിലും, പള്ളി പെരുന്നാളിലും വരുന്ന വച്ച് വാണിഭക്കാരുടെ കയിലുള്ള, ചിലപ്പോൾ വീട് വീടാന്തരം കയറിയിറങ്ങി ഡയറ്ക്റ്റ് മാർക്കറ്റിങ്ങ് നടത്തുന്നവരുടെ കയിലുമുള്ള ചുമരിൽ ഒട്ടിക്കുന്ന ചിത്രങ്ങളിൽ കാണുന്ന തരത്തിലുള്ള യുറോപ്യൻ ഗ്രാമങ്ങളാണ്..

അങ്ങനെയിരിക്കൂമ്പോളാണ് ലണ്ടനിൽ നിന്ന് മാറി തെംസ് നദിക്കരയിലുള്ള റെഡിംഗ് എന്ന സ്ഥലത്തൂന്ന് ഒരു ഇന്റർവ്യു കാൾ വരുന്നത്..മനസിൽ കൊണ്ട് നടന്ന വലിയൊരാഗ്രഹം സാധിക്കുന്നു. ഓഫീസ് ബിൽഡിങ് ഇരിക്കുന്നത് ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിലാണെങ്കിലും, ട്രയിനിറങ്ങി ഓഫീസ് വരെ ഒരു അരുവി പോലെയൊഴൂകുന്ന തെംസ് നദിയുടെ കരയിലൂടെ നടന്ന് ഇന്റർവ്യുനു അവിടെയ്ത്തിയപ്പോളെ പ്രാർഥിച്ച് പോയി, ഈശ്വരാ..ഈ ജോലി എനിക്ക് തരണേ എന്ന്.. ചിലപ്പോളൊക്കെ നമ്മുടെ ജീവിതത്തിൽ നടക്കുന്ന ടേണിംഗ് പോയന്റ് എന്നൊക്കെ പറയാവുന്ന അദ്ഭുതമായിരിക്കണം,പത്തിരുപത്തഞ്ച് സായിപ്പ്മരുടെ ഇടയിൽ നിന്നും, എനിക്കാ ജോലി കിട്ടി.. ജനുവരിയിലെ തണുത്ത് മരവിച്ച ഒരു പ്രഭാതത്തിൽ പെട്ടിയുമായി റെഡിംഗിലേക്ക്..

ചില റെഡിംഗ് കാഴ്ചകൾ




തണുപ്പ് മാറി വേനൽ വന്ന ഏപ്രിൽ - മെയ് മാസങ്ങളിൽ,ആ തെംസ് കരയിലൂടെ നടന്ന സാ‍യാഹ്നങ്ങൾ.. ഓഫീസിൽ നിന്നു കിട്ടിയ ഹംഗറിക്കാരനായ സുഹ്രത്ത് ഡാനിയുടെ കൂടെ, അരുവിപോലെ ഒഴുകുന്ന തെംസിലെ അരയന്നങ്ങളുടെ ഇടയിലൂടെ നാട്ടിലെ കൊതുമ്പ് വള്ളം പോലുള്ള ചെറുവഞ്ചി തുഴഞ്ഞ് ബീയറുമടിച്ച് അർമാദ്ദിച്ച ദിവസങ്ങൾ..

പിന്നീട് അപ്രതീക്ഷിതമായി,എന്നാൽ പ്രതീക്ഷിച്ചതുമായ ;)ഉഴവൂർകാരിയുമായുള്ള വിവാഹം... അപ്പോഴേക്കും, അത്യാവശം അഹങ്കാരമായി .റെഡിങിലെ തെംസ് നദിക്കരയിലെ ആ ജോലിയൊക്കെ പോട്ടെ പുല്ല് എന്നു പറഞ്ഞ് റിസൈൻ ചെയ്ത് ഭാര്യ ജോലിചെയ്യുന്ന ഡെവണിലേക്ക് പോകാൻ തീരുമാനിച്ചു.ഇംഗ്ലണ്ടിലെ കൌണ്ടികളിൽ ഏറ്റവും പ്രക്രതി രമണീയമായത് ഡെവൺ ആണെന്ന് കേട്ടതും,അവിടെയെത്തിയാലും ഒരു ജോലിയൊക്കെ സുഖമായി കണ്ട് പിടിക്കാമെന്നുള്ള ഓവർ കോൺഫിഡൻസുമായിരുന്നു റെഡിംഗ് വിടാൻ എന്നെ പ്രേരിപ്പിച്ച കാര്യങ്ങൾ.

അങ്ങനെ..തണുത്ത് വിറുങ്ങലിച്ച ഒരു നവംബറിൽ ഞങ്ങൾ ‘കറുത്ത അരയന്നങ്ങളുടെ വീട്ടിൽ - ഹോം ഓഫ് ബ്ലാക് സ്വാൻസ് ’എന്നറിയപ്പെടുന്ന ഡോളിഷ് എന്ന തീരദേശ ഗ്രാമത്തിൽ ട്രെയിനിറങ്ങി. സൌത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പ്രധാന പട്ടണമായ എക്സിറ്ററിൽ നിന്ന് അല്പം ദൂരം കഴിയുമ്പോൾ മുതൽ കടൽ തീരത്ത് കൂടെ 25 കിലോമീറ്ററോളം നീളുന്ന ട്രയിൻ യാത്ര ഒരനുഭവം തന്നെയാണ്.ഡോളിഷ് ഒരു കൊച്ച് ഗ്രാമമാണ്. തീരദേശമായത്കൊണ്ട് സ്വാഭാവികമായും മീൻപിടുത്തക്കാർ ഒരുപാടുണ്ട്. ലണ്ടൻ മേയറുടെ മാതാപിതാക്കൾ ഉൾപ്പടെ, പ്രായമായവരും, നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരുമാണ് ശാന്തമായ ഈ ഗ്രാമത്തിലേറെയും.കടൽത്തിര വന്ന് തഴുകൂന്ന കൊച്ച് റെയിൽവേ സ്റ്റേഷൻ..ദൂരെയുള്ള മലനിരകളിലെ ഉറവകളിൽ നിന്നെവിടെയോ തുടങ്ങി പുരാതനമായ ക്രിസ്ത്യൻ പള്ളികളും,പബ്ബുകളും, പച്ചവിരിച്ച മൈതാനങ്ങളുടെയും ഇടയിലൂടെ ഒഴുകി കടലിൽ ചേരുന്ന ഡോളിഷ് വാട്ടർ എന്നറിയപ്പെടുന്ന കൊച്ചരുവി .. ബ്ലാക്ക് സ്വാൻസ് എന്ന കറുത്ത അരയന്നങ്ങളും, അങ്ങിങ്ങായി കുറച്ച് വെള്ള അരയന്നങ്ങളും നിറയെയുണ്ട് ഈ അരുവിയിൽ. വെയിൽ തെളിയുന്ന ദിവസങ്ങളിൽ (തണുപ്പും,മഴയും ഒഴിയാത്ത ഈ രാജ്യത്ത് അത് വളരെ അപൂർവമാണ്)ഡോളിഷ് വാസികളായ കുടുംബങ്ങളും, ദൂരെ നിന്ന് അവധിക്കാലം ചെലവഴിക്കാനെത്തി കാരവനുകളിൽ താമസിക്കുന്നവരും പുറത്തിറങ്ങുന്നതോടെ ഡോളിഷ് ഉണരും.അരുവിയുടെ ഇരു കരകളിലുമുള്ള പാർക്ക്ബെഞ്ചുകളിലിരുന്ന് ബിയർ കുടിച്ചും,ബർഗ്ഗർ തിന്നും, അരയന്നങ്ങൾക്ക് തീറ്റ കൊടുത്തും, കടലിലൂടെ ബോട്ട് സവാരി നടത്തിയും,ചിലർ ചൂണ്ടയിട്ട് മീൻപിടിച്ചൂം സമയം ചിലവഴിക്കും.. വന്നെത്തിയ ആദ്യ ദിവസം മുതൽ എനിക്ക് വല്ലതെയിഷ്ട്ടപെട്ടു, ഈ ശാന്ത സുന്ദര ഗ്രാമം. ഉഴവൂർക്കാരി ഭാര്യക്ക് നേരെ തിരിച്ചും.ഈ വയസ്സന്മാരുടെ ഗ്രാമത്തിൽ ജീവിച്ച് നമ്മൾക്കും അകാല വാർധക്യം വരുമെന്ന് കക്ഷിക്ക് പേടി. ഏഷ്യൻ വംശജരൊന്നുമില്ലാത്ത ഈ പ്രദേശത്ത് നമ്മുടെ പച്ചക്കറി,അടുക്കള സാധനങ്ങളൊന്നും കിട്ടില്ല. എന്തെങ്കിലും വേണമെങ്കിൽ കുറച്ച് മലയാളികളുള്ള 20കി.മി. അകലെയുള്ള എക്സിറ്ററിൽ പോകണം.ആദ്യ കുറെ മാസങ്ങളിൽ കാറില്ലാതിരുന്നതിനാൽ ട്രയിനിൽ വേണമായിരുന്നു എക്സിറ്ററിൽ പോകാൻ.കടൽതീരത്ത്കൂടെയുള്ള ആ ട്രയിൻയാത്രയും എനിക്കേറെയിഷ്ടമായിരുന്നു. സ്വദേശക്കാർ പോലും തൊഴിൽ രഹിതരാ‍യികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ കാലയളവിൽ,എക്സിറ്ററിലോ, സമീപ പട്ടണങ്ങളിലോ പ്രതീക്ഷിച്ചപോലെ ഒരു ജോലി കണ്ട്പിടിക്കാൻ കഴിയാത്തതോടെ തെംസ് നദിയിലേക്ക് വലിച്ചെറിഞ്ഞ് കളഞ്ഞ ജോലിയെയോർത്ത് നെടുവീർപ്പെട്ട് മക്ഡൊണാൾഡ്സിൽ ബർഗ്ഗർ ഉണ്ടാക്കാൻ പോകേണ്ടി വന്നെങ്കിൽ പോലും ഡോളിഷ്നെ വെറുക്കാൻ എനിക്കായില്ല.

കാലം കടന്ന്പോയി.. 2വർഷം ആകുന്നു ഡോളിഷിലെ ജീവിതം.ആദ്യത്തെ പ്രശ്നങ്ങളൊക്കെ പതുക്കെ മാറി.കുറച്ച് ദൂരെയാ‍ണങ്കിലും, ഡോളിഷിലെ വീട്ടിൽ നിന്ന് പോയി വരാവുന്ന പ്ലിമത്ത് എന്ന പട്ടണത്തിൽ തരക്കേടില്ലാത്ത ജോലി കിട്ടി.കാർ വാങ്ങിയതോടെ സൌത്ത് വെസ്റ്റ് കോസ്റ്റിലൂടെയുള്ള ആസ്വദിച്ചുള്ള ട്രെയിൻ യാത്ര നിന്നെങ്കിലും കൂടുതൽ സ്ഥലങ്ങൾ കാണാൻ പറ്റി.പതുക്കെ പതുക്കെ ഭാര്യയും ഡോളിഷിനെ ഇഷ്ടപെട്ട് തുടങ്ങി.. കൂട്ടുകാർ,പഴയ സഹപ്രവർത്തകർ എല്ലാം ബാംഗ്ലൂർ, ഗൾഫ് രാജ്യങ്ങൾ, ലണ്ടൻ, അമേരിക്ക എന്നിവിടങ്ങളിലൊക്കെ മോഡേൺ മെട്രോ ലൈഫ് ആസ്വദിക്കുമ്പോൾ , ഇവിടെ അരയന്നങ്ങളുടെ കൂടെ നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമില്ലാതെ വല്ലാത്തൊരു ശാന്തതയിൽ ജീവിക്കുമ്പോൾ തെല്ലും നിരാശയില്ല.ഡ്രൈവിംഗ് പടിപ്പിച്ച ഫ്രാങ്ക് എന്ന പഴയ പൈലറ്റായ ഇംഗ്ലീഷ്കാരൻ പറഞ്ഞു - ‘നീ ഭാഗ്യവാനാണ്.സാധാരണ വയസ്സകുമ്പോളാണ് ആളുകൾക്ക് ഇത്പോലൊരു സ്ഥലത്ത് വന്ന് താമസിക്കാൻ തോന്നലുണ്ടാവുന്നത്. അപ്പോളേക്കും ഇതൊക്കെ ആസ്വദിക്കാനുള്ള മനസ് മരവിച്ചിട്ടുണ്ടാകും...’ അത് സത്യമാണന്ന് തോന്നുന്നു - ഈ അരയന്നങ്ങളുടെ വീട്ടിലിരുന്ന് ജനൽ തുറന്ന്,കടൽത്തിരകളുടെ തഴുകലേറ്റ് കടന്ന് പോകുന്ന ട്രെയിനും, അതിനപ്പൂറം കടലിൽ ഒഴുകി നടക്കുന്ന കൊച്ച് ഉല്ലാസ ബോട്ടുകളും, അതിനുമപ്പുറം ആഴക്കടലിൽ പ്ലിമത്ത് പോർട്ടിലേക്ക് പോകാൻ നങ്കൂരമിട്ട് കിടക്കുന്ന കൂറ്റൻ കപ്പലുകളും കണ്ടിങ്ങനെ ഇരിക്കുമ്പോൾ..




12 comments:

  1. സിജോ,കലക്കൻ അവതരണം !
    കറുത്തയരയന്നങ്ങളുടെ നാടിന്റെ വർണ്ണനയും,ഭംഗിയും കണ്ടപ്പോൾ അവിടെ താമസിക്കുന്ന ആളുകളോട് കുശുമ്പുപോലും തോന്നിക്കും കേട്ടൊ.
    പിന്നെ നമ്മുക്ക് യു.കെ മലയാളം ബ്ലോഗ്ഗേഴ്സിന്റെ ഒരു മീറ്റ് നടത്തണം കേട്ടൊ.ഇപ്പോൾ പത്തിൽ കൂടുതൽ ബൂലോഗരുണ്ടിവിടെ...
    ഞാൻ ബന്ധപ്പെടാം..മൊ:നമ്പർ- 07930134340.

    ReplyDelete
  2. നല്ല ഒരു അവതരണം
    അവിടേയെല്ലാം ഒന്ന് കറങ്ങിയ പ്രതീതി
    കൊള്ളാം...
    എഴുത്ത് തുടരട്ടെ
    മസ്ക്കറ്റിലെ ജീവിതവും ഇടക്കൊക്കെ
    കുത്തിക്കുറിക്കുക.

    ReplyDelete
  3. സിജോ ...
    ബൂലോകത്തേക്ക് സ്വാഗതം. യാത്രാവിവരണങ്ങള്‍ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. സ്ഥിരമായി അവിടെ താമസിക്കുന്ന ആളാകുമ്പോള്‍ ഓരോ യാത്രയും എഴുതി ഇടാന്‍ ശ്രമിച്ചാല്‍ അത് എന്നെപ്പോലുള്ളവര്‍ക്ക് വലിയ ഉപകാരമാകും. റെഡ്ഡിങ്ങിലാണ് ആദ്യമായി ഞാനും വന്നത്. 11 ദിവസത്തെ ഒരു ട്രെയിനിങ്ങിനായിരുന്നു അത്. പിന്നീട് 2 കൊല്ലത്തിലധികം പീറ്റര്‍ബറോയിലും വന്നുപോകാന്‍ അവസരമുണ്ടായി. ഒരുപാട് നല്ല അനുഭവങ്ങള്‍ തന്നു അവിടത്തെ ജീവിതം.

    തീവണ്ടിപ്പാതയിലേക്ക് വെള്ളം അടിച്ച് കയറുന്ന പടം കൊതിപ്പിക്കുന്നു. പടങ്ങള്‍ കുറച്ച് കൂടെ വലുതാക്കി ഇട്ടാല്‍ നന്നായിരിക്കും. അടുത്ത വിവരണത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  4. ബൂലോകത്തേയ്ക്ക് സ്വാഗതം.

    നല്ല അവതരണം തന്നെ. ചിത്രങ്ങളും ഇഷ്ടമായി. (നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞ ആ ചിത്രം എനിയ്ക്കും നന്നായി ഇഷ്ടപ്പെട്ടു) ഇനിയും എഴുതൂ... ആശംസകള്‍!

    ReplyDelete
  5. Sijo superb ! just waiting for the nxt post..

    ReplyDelete
  6. വിഷു വിഷാദങ്ങൾ

    വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
    വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
    വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
    വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

    വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
    വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
    Off Peak:-
    പ്രിയ സിജോ, ഒരു ബിലാത്തി ബൂലോഗ സംഗമം ,മിക്കവാറും മെയ് അവസാനം നടത്താനുള്ളയൊരുക്കത്തിലാണ് ഞങ്ങൾ .
    ഇത്തവണത്തെ എന്റെ പോസ്റ്റിൽ യുകെ ബൂലോകരുടെ ലിങ്കുകൾ ചേർത്തിട്ടുണ്ട് കേട്ടൊ

    ReplyDelete
  7. എന്‍റെ ഹൃദയത്തില്‍ നിന്നും നിങ്ങളോട് ഒരു വാക്ക് . മനോഹരമായി നിങ്ങള്‍ എഴുതി .. എഴുതിയത് മുഴുവന്‍ നിങ്ങളുടെ മനസ്സാണ് . ഈ കുറിപ്പില്‍ നിങ്ങള്‍ താമസിക്കുന്ന നാടിന്റെ ഭംഗിയെക്കാള്‍ നിങ്ങളുടെ വ്യക്തിത്തത്തെയാണ് എനിക്കിഷ്ടപ്പെട്ടത് . ഇനിയും ഇത് പോലെ സിമ്പിള്‍ ആയി എഴുതൂ. വായിക്കാന്‍ ഇനിയും വരാം . ആശംസകള്‍ . ( ലണ്ടന്‍ ബ്ലോഗ്‌ മീറ്റില്‍ കാണാം എന്ന് വിശ്വസിക്കുന്നു ) .

    ReplyDelete
  8. സിജോ...സ്വാഗതം.....ഒരുപാടിഷ്ടമായി. കൂടെ ഉണ്ടാവും ......സസ്നേഹം

    ReplyDelete
  9. സിജോ റെഡിംങ്ങും ഡോളിഷ് ഗ്രാമവും ഇഷ്ടമായി....ഒരിക്കല്‍ ഞാന്‍ അങ്ങ് വരുന്നുണ്ട് ഈ മനോഹര ഗ്രാമം കാണാന്‍...നീരുഭായ് പറഞ്ഞ പോലെ പടങ്ങള്‍ അല്പം കൂടി വീതി കൂട്ടി ഇട്ടാല്‍ കൂടുതല്‍ നന്നാവും. ആശംസകള്‍ !!

    ReplyDelete
  10. ബ്ലോഗ്‌ടെ പേര് കണ്ടു വെറുതെ നോക്കിയത് ആണ് ..ലണ്ടന്‍ ലെ വിശേഷവും ഞാന്‍ ഇതിലൂടെ അറിയുന്നതും ഒരു സന്തോഷം തോന്നി ഞാനും ഇവിടെ ആയതു കൊണ്ട് ആവും ...ഒരുപാടു ഉണ്ട് എഴുതുവാനും .ഇതുപോലെ ആരും കാണാത്ത തും എഴുതി കാണുമ്പോള്‍ വായിക്കാനും തോന്നും ട്ടോ .എല്ലാ വിധ ആശംസകളും ....

    ReplyDelete
  11. അരയന്നങ്ങളുടെ വീട്ടിൽ വന്ന മുരളിയേട്ടൻ, മനോഹരേട്ടൻ, ശ്രീ , വിഷ്ണു,kris, siya ..എല്ലാവർക്കും നന്ദി.. :)

    ReplyDelete