Friday, 10 December 2010

പാരീസ് ഡ്രീംസ്-3

പതിവു പോലെ ഞായറാഴചയുടെ ആലസ്യത്തിൽ വൈകിയാണുണർന്നത്. എങ്കിലും കുളിച്ച് ഫ്രഷായി, റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച് വന്നിട്ടും ഇനിയും അരമണിക്കൂറോളമുണ്ട്, ആൾഡ്രിൻ റെഡിയായിനിൽക്കാൻ പറഞ്ഞ 10 മണിക്ക്. വെറുതെ ഹോട്ടലിന് പുറത്തിറങ്ങി നടന്നു. മറ്റ് യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങൾ, തൊട്ടടുത്തുള്ള പാരീസിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഒർളി എയർ പോർട്ടിൽ വന്ന് പോകുന്നതിന്റെ ശബ്ദമൊഴിച്ചാൽ ശാന്തമായൊരു അന്തരീക്ഷം. ഹോട്ടലിനു ചുറ്റിലുമുള്ള ഗാർഡനിലുടെ കുറച്ച് നടന്നപ്പോളേക്കും മൊബൈലിൽ ആൽഡ്രിന്റെ വിളിയെത്തി. കോച്ച് റെഡിയാണ്.

വീണ്ടും ഡിസ്നിലാൻഡിലേക്ക്.

തലേന്ന് ഡിസ്നി സ്റ്റുടിയോയിൽ മിസ്സ് ചെയ്ത സംഗതികളിൽ കേറണോ, അതോ ഇനിം, 4 കി.മി ചുറ്റളവിൽ കിടക്കുന്ന ഡിസ്നി തീം പാർക്കിൽ കേറി നിരങ്ങണോ എന്നതായിരുന്നു അന്നത്തെ കൺഫ്യൂഷൻ.

ഏന്തായാലും ഒന്നും നേരെ ചൊവ്വെ കാണാൻ പറ്റില്ല, അതുകൊണ്ട് തലേ ദിവസത്തേപോലെ ഓടി നടന്നെങ്കിലും, പറ്റുന്നിടത്തോളം ഡിസ്നി തീം പാർക്ക് മാത്രം കാണാൻ തീരുമാനിച്ചു. ഡിസ്നി തീം പാർക്ക് കൂടുതലും കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്.

കുട്ടിക്കലത്ത് ബാലരമയിലും, പൂമ്പറ്റയിലുമൊക്കെ വായിച്ചിരുന്ന കഥകളിലേത് പോലുള്ള ഒരു ലോകം.
‘എന്റെയൊക്കെ കൂട്ടിക്കാലമൊക്കെ എത്ര ദരിദ്രമായിരുന്നു, എത്ര ഭാഗ്യം ചെയ്തവരാ ഇവിടെയൊക്കെ വരാ‍ൻ പറ്റുന്ന കുട്ടികൾ..’ എനിക്കങ്ങനെ തോന്നാതിരിക്കാൻ ഒരു കാരണവുമില്ലായിരുന്നു. വൈകിയാണങ്കിലും കിട്ടിയ ഈ അവസരത്തിൽ ഞങ്ങളെല്ലാം 10 വയസുകാരായി മാറി, ഓരോ കാഴ്ചകളും അത്ഭുതത്തോടെ കണ്ടു.

മിക്കി മൌസും, ഡൊണാൾഡ് ഡക്കുമുൾപ്പടെയുള്ള ഡിസ്നി കാരക്ടേർസ് ഇടക്കിടെ വന്ന് കൈ തന്ന്, കൂടെ നിന്ന് ഫോട്ടൊയെടുത്ത് പോയെങ്കിലും, ഞങ്ങളുടെ പ്രശ്നം വീണ്ടും ഏന്ത് കാണണം, എന്ത് ഒഴിവാക്കണം, ഏത് റൈഡിൽ കേറണം എന്നൊക്കെയായിരുന്നു.

തലേ ദിവസത്തെ റോളർ കോസ്റ്റർ ഹാങ്ങോവർ മാറാത്തത് കൊണ്ട്, വീണ്ടും അത്പോലെയുള്ള ‘അഡ്വവഞ്ചർ’ പരിപാടിക്ക് കേറണോന്നുള്ള സംശയത്തിൽ നിന്നങ്കിലും, മണികണ്ടന്റെ നിർബന്ധത്തിൽ വീണ്ടും ഒരു ‘ജീവന്മരണ പോരാട്ടത്തിന്’ തല വച്ച് കൊടുക്കേണ്ടി വന്നു. ഇത്തവണ, ഗ്രാവിറ്റിയുടെ - അതായാത്, ഒരു തേങ്ങ കണ്ടിച്ച് താഴെയിട്ടാൽ വരുന്ന സ്പീഡിന്റെ 5 ഇരട്ടി സ്പീഡിൽ തഴേക്കും മുകളിലേക്കും പോകുന്ന ഒരു ലിഫ്റ്റിലായിരുന്നു അഗ്നി പരീക്ഷണം. റോളർ കോസ്റ്റർ കണ്ട് പിടിച്ചവന്റെ പൂർവികരെയൊക്കെ ആ റൈഡിൽ സ്മരിച്ചതിന് മാപ്പ് ചോദിക്കുന്ന രീതിയിലുള്ളൊരു പരീക്ഷണമായിരുന്നു 5 മിനിറ്റോളം നിണ്ട് നിന്ന ആ ലിഫ്റ്റ് റൈഡ്. ‘പറ്റിയത് പറ്റി, ഇനി ജന്മത്ത് ഇമ്മാതിരി കോപ്പിലെ പരിപാടിക്കില്ല‘ എന്ന് അവ്ടെ വച്ച് മൂന്ന് വട്ടം സത്യം ചെയ്ത് ആ ലിഫ്റ്റിന്ന് ഇറങ്ങി. പിന്നെ നടക്കുന്ന വഴിക്കെവിടെയെങ്ങാനും റോളർ കോസ്റ്ററോ, അതുപോലത്തെ മനുഷ്യനെ ഇടങ്ങേറാക്കുന്ന എന്തെങ്കിലും പരിപാടിയുടെ ലക്ഷണമെങ്ങാനും കണ്ടാൽ, ഏതേലും തമിഴ് സിനിമയുടെ വിശേഷം പറഞ്ഞ് മണികണ്ടന്റെ ശ്രദ്ധ മാറ്റി വിടാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

അവിടെ എത്തുന്ന മറ്റെല്ലാവരെയും പോലെ, ഞങ്ങളും കുട്ടികളായി ‘സ്ലീപിംഗ് ബ്യൂട്ടി കാസിലിലൂം’, ‘ഇറ്റ്സ് എ സ്മാൾ വേൾഡ്’ എന്ന മറ്റൊരത്ഭുത ലോകത്തിലും, ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയനിലും’ കയറിയിറങ്ങിയും നടന്നെങ്കിലും, ഇനിയും കാണാൻ പോലും പറ്റാതെ നിരവധി സംഗതികൾ വീണ്ടും മിസ്സ് ചെയ്തല്ലോ എന്ന നിരാശയിൽ , തളർന്ന് ഒരു കഫേയിൽ കയറിയിരുന്നു.

6 മണി കഴിഞ്ഞു.ഡ്ഡിസ്നി പരേഡ് എന്നൊരു സംഗതിയുണ്ടന്ന് ‘മാപിൽ നിന്ന് മനസിലായി.’ അത് കാണാൻ വേണ്ടിയായിരിക്കണം, ആ ദിവസം ഡിസ്നി ലാൻഡിലെത്തിയ പതിനായിരക്കണക്കിന് മനുഷ്യർ ചെറിയ മഴയിലും, കാത്ത് നിൽക്കുന്നത്. രാവിലെ മുതൽ തുടങ്ങിയ ഓട്ടത്തിൽ ഞങ്ങളും തളർന്നിരുന്നെങ്കിലും, എല്ലാവരും ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന ‘ഡിസ്നി ലൈറ്റ് & ഷോ പരേഡ്’ മിസ്സ് ചെയ്യാൻ മനസ്സ് വന്നില്ല. ഒടുവിൽ 6.30ന് സ്ലീപിംഗ് ബ്യൂട്ടി കാസിലിൽ നിന്നാരംഭിച്ച ഡിസ്നി പരേഡ്, മറ്റൊരത്ഭുത കാഴ്ച്ചയായി ഞങ്ങളുടെ മുൻപിലൂടെ വന്ന് തുടങ്ങി. മിക്കി മൌസ് മുതൽ ഡിസ്നി ‘ഫെയറി ടെയിൽ’ കഥകളിലെ രാജകുമാരനും, രാജകുമാരിയും, മറ്റ് കഥാപത്രങ്ങളും അവിശ്വസിനീയമായ റിയാലിറ്റിയോടെ’ പരേഡിലെ ഓരോ കാഴ്ചകളായി മുൻപിലൂടെ പൊയ്കോണ്ടിരുന്നു. ഡിസ്നിലാൻഡ് കാഴ്ചകളെല്ലാം തന്നെ ഒരിക്കലും അതിന്റെ പൂർണ്ണതയിൽ വിവരിക്കുക പ്രയാസമാണ്, അത് അനുഭവിച്ചറിയാൻ മാത്രമേ പറ്റു.ഡിസ്നിലാൻഡിലെ രണ്ടാം ദിവസാവും അങ്ങനെ കഴിഞ്ഞു. കോയമ്പത്തൂരിലെ ‘ബ്ലാക് തണ്ടർ തീം പാർക്ക്’, പിന്നെ വീഗാ ലാൻഡ്, ഇവിടെയൊക്കെ പോയതോടെ ‘തീം പാർക്ക്’ എന്ന പരിപാടിയേ മടുത്ത് തുടങ്ങിയിരുന്ന ഞാൻ, പക്ഷേ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഡിസ്നിലാൻഡിൽ നിന്ന് പോന്നത്. അത്രക്കും ആകർഷകവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു, അവിടുത്തെ ഓരോ കാഴ്ചകളും.പാരീസിലെ ഞങ്ങളൂടെ നാലാം ദിവസം.

അന്ന് തിരിച്ച് ലണ്ടനിലേക്ക് മടങ്ങണം. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ ഉണർന്ന് എല്ലാം പായ്ക് ചെയ്ത് ഹോട്ടലിൽ ചെകൌട്ട് ചെയ്തു. ലോകാത്ഭുതങ്ങളിലൊന്നായ ‘ഐഫൽ ടവറിൽ’ കയറുക എന്നതായിരുന്നു അന്നത്തെ മെയിൻ പ്രോഗ്രാം. 12 മണിക്കായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. അതിനിടയിലുള്ള 2 മണിക്കൂർ, ആദ്യ ദിവസം രാത്രിയിൽ കണ്ട പാരീസ് നഗരത്തെ പകൽ വെളിച്ചത്തിൽ ഒന്നുടെ ഓടി നടന്ന് കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയത്തിന്റെ’(ഫ്രഞ്ചിൽ പ്രൊനൌൺസിയേഷനൊക്കെ വേറെന്തൊക്കെയോയാണ്)മുന്നിലെത്തിയപ്പോൾ, പ്രോഗ്രാമിലില്ലാത്തതാണങ്കിലും, ഞങ്ങളുടെ നിർബന്ധം കാരണം അര മണിക്കൂർ അവിടെ ഞങ്ങൾക്കനുവദിച്ചു. ലൂർവ് മ്യൂസിയത്തിലെ ഓരോ പെയിന്റിംഗ്-ശില്പങ്ങൾ കാണാൻ ഓരോന്നിനും രണ്ട് മിനിറ്റ് വച്ചെടുത്താൽ പോലും, മുഴുവൻ കണ്ട് തീർക്കാൻ ആറു മാസമെടുക്കുമത്രേ.! ഗൈഡ് പറഞ്ഞതെത്രത്തോളം ശരിയാണന്നറിയില്ല, എങ്കിലും ‘ഡാവിഞ്ചി കോഡ്’ സിനിമ കണ്ടത് മുതൽ ഒരാവേശമായി മനസിൽ കിടക്കുകയായിരിന്നു ഈ മ്യൂസിയവും, അതിന്റെ മുൻപിലെ ക്രിസ്റ്റൽ പിരമിഡും. ആറ് മാസമെടുത്ത് കാണണ്ട ആ മ്യൂസിയത്തിൽ, അര മണിക്കുറിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റിയത് മ്യൂസിയത്തിന് മുൻപിലെ ക്രിസ്റ്റൽ പിരമിഡിൽ പോയി നിന്ന് കുറച്ച് ഫോട്ടോസെടുക്കാനും, പിന്നെ, അവിടുത്തെ ഏറ്റവും വലിയ ആകർഷണമായാ ഡാവിഞ്ചിയുടെ ‘മൊണോലിസ’ പെയിന്റിംഗ് ഒരു പത്തു മീറ്ററിനപ്പുറമും നാലഞ്ച് ചില്ല് കൂടുകൾക്കുള്ളിൽ വച്ചിരിക്കുന്നത്, ശബരിമലയിൽ ഭക്തർ ക്യൂ നിന്ന് അയ്യപ്പനെ ദർശിക്കുന്നത് പോലെ ഒരു നോക്ക് കാണുവാനും മാത്രമായിരുന്നു.

ലൂർവ് മ്യൂസിയത്തിൽ നിന്ന് ഐഫൽ ടവറിലേക്ക് കാര്യമായ ദൂരമൊന്നുമില്ലങ്കിലും, ട്രാഫിക്കിൽ കുടുങ്ങി 20 മിനിറ്റോളം വൈകിയാണ് എത്തിയത്. ലേറ്റായതിന്റെ പേരിൽ, ടവറിന്റെ മുകളിലേക്കുള്ള എന്റ്രി ഗേറ്റിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും, ഇതൊക്കെ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആൽഡ്രിന്റെ ഇടപെടൽ കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ ‘ഐഫൽ ടവറിന്റെ’ മുകളിലേക്ക്..1887-89 ഇൽ നിർമ്മിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു സ്റ്റീൽ സ്ട്രക്സ്ചർ.! സന്ദർശകർക്ക് ലിഫ്റ്റിൽ പോകാൻ പറ്റുന്ന മൂന്ന് ലെവലുകളാണ് ടവറിലുള്ളത്. ടവറിന്റെ നാലു പ്ലാറ്റ് ഫോമുകളിലുമുള്ള, 60 പേരെയെങ്കിലും ഉൾകൊള്ളാവുന്ന നാല് ലിഫ്റ്റ്കൾ വഴി ടവറിന്റെ 2 ലെവൽ വരെ പോകാൻ കഴിയും. മൂന്നാമത്തെയും, ഏറ്റവും മുകളിലത്തെയും നിലയിലെത്തണമെങ്കിൽ 15 പേരെ മാത്രം ഉൾക്കൊള്ളുന്ന രണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. അതിനുള്ളിലേക്ക് കയറിപറ്റണമെങ്കിൽ മണിക്കുറുകളോളം ക്യൂ നിൽക്കണം.

ടവറിന്റെ രണ്ടാമത്തെ ലെവലിലെത്തി, ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി. താഴെ ദൂരെയായി ഒഴുകുന്ന ‘സീൻ നദി.’ ടവറിന്റെ താഴെകാണുന്ന പച്ച പുതച്ച മൈതാനത്ത് ഉറുമ്പം കൂട്ടങ്ങളേപോലെ തോന്നിക്കുന്ന സഞ്ചാരികൾ. പകലാണങ്കിലും എവിടെയൊക്കെയോ നിന്നൊഴുകിയെത്തുന്ന ഒരു സംഗീതം. അതായിരുന്നു, പാരിസിനെ തികച്ചും വ്യത്യസ്ഥമാക്കിയിരുന്നത്. തണുത്ത കാറ്റു സഹിക്കാവുന്നതിലപ്പുറുമായപ്പോൾ, ഫോട്ടോയെടുക്കലൊക്കെ നിർത്തി ഭാര്യയും, മകളും, ടവറിനു മുകളിലുള്ള ഒരു റെസ്റ്റോറന്റിലിരുന്നു. കൈവരിയിൽ മുറുകെ പിടിച്ച് നിന്നില്ലങ്കിൽ, നമ്മളെ വരെ പറത്തികൊണ്ട് പോകുമെന്ന് തോന്നുന്നത്ര ശക്തിയിലുള്ള കാറ്റ്.. പക്ഷേ, എനിക്കവിടുന്ന് മാറി നിൽക്കാനാകില്ലായിരുന്നു. കൈയിലൊരു ഗ്ലാസ് ഷാമ്പൈനുമായി, തണുപ്പും, കാറ്റുമൊന്നും വകവക്കാതെ, ‘ഫ്രഞ്ച് കിസ്സ്’ അതിന്റെ പൂർണ്ണതോയോടെ പരീക്ഷിക്കുന്ന ‘കപിൾസ്’ ആണ് എവിടെ നോക്കിയാലും.. (വെറുതെയല്ല, പാരീസിനെ, ‘മോസ്റ്റ് റൊമാന്റിക് സിറ്റി’ എന്ന് വിളിക്കുന്നതെന്ന് അപ്പോ മനസ്സിലായി.)

സമായം പോയതറിഞ്ഞില്ല.. മൊബൈലിൽ വീണ്ടും ആൽഡ്രിന്റെ വിളി വന്നപ്പോളാണ്, അവരെല്ലാം ഞങ്ങളെ കാത്ത് താഴെ കോച്ച് പാർക്കിലിരിക്കുവാണന്നോർമ്മ വന്നത്. 15 മിനിറ്റോളം കാത്ത് നിൽകേണ്ടി വന്നു താഴേക്കുള്ള ലിഫ്റ്റിലൊന്ന് കയറികൂടാൻ. ഓടി കിതച്ച് ബസിലെത്തി.

4 ദിവസങ്ങൾ.. എങ്ങനെ പോയി എന്നറിഞ്ഞില്ല. ഹൈസ്കൂൾ ക്ലാസ് മുതൽ കേട്ടിട്ടുണ്ട് (പഠിച്ചിട്ടുണ്ട് എന്ന് പറയുന്നില്ല‌) ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപർട്ട്, ഐഫൽ ടവർ, മൊണോലിസ, വിൻസന്റ് വാങോഗ്.. തുടങ്ങി നിരവധി ഫ്രഞ്ച് കഥകൾ. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല (ആഗ്രഹിച്ചിരുന്നു പോലുമില്ല; കാരണം ആഗ്രഹിച്ചിരുന്നങ്കിൽ അത് അത്യഗ്രഹമല്ല,അതിനുമപ്പുറത്തെ എന്തെങ്കിലുമാകുമായിരുന്നു) ആ കഥകളുടെയൊക്കെ നാട്ടിൽ ഒരിക്കലിങ്ങനെയൊക്കെ വരാനാകുമെന്ന്.

'1998 ലെ വേൾഡ് കപ് ഫുട്ബോൾ ഫൈനലിൽ ഫ്രാൻസ് ബ്രസീലിനെ തോല്പിച്ച സ്റ്റേഡിയമാണത്’ പാരീസ് നഗരത്തെ പിന്നിട്ട് ബസ് ഓടികൊണ്ടിരിക്കുമ്പോൾ Stade de France എന്ന കൂറ്റൻ സൈൻ ബോർഡ് കണ്ടപ്പോൾ ആൽഡ്രിൻ പറഞ്ഞു. പ്രത്യേകിച്ചൊരു താല്പര്യവും തോന്നിയില്ല, കാരണം, ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മറ്റ് നിരവധി സംഭവങ്ങൾക്ക് വേദിയായ ഒരു രാജ്യത്തൂടെ സഞ്ചരിക്കുമ്പോൾ, അതൊക്കെ എത്ര നിസ്സാര സംഗതികൾ!. മൂന്ന് മണിക്കൂർ യാത്രക്കൊടുവിൽ ഫ്രഞ്ച് അതിർത്തിയായ ‘കാലിസ്' തുറമുഖത്തെത്തി.(Port of Calais). അങ്ങനെ നാലു ദിവസം നീണ്ട ‘ഫ്രഞ്ച് വിപ്ലവത്തിന്’ തിരശ്ശീലയായി.. ഇനിയും വരണം, തീർച്ചയായും.. ഗൈഡിന്റെ സഹായമില്ലാതെ, ‘കുറുമാനൊക്കെ‘ നടത്തിയത്പോലെ ഒറ്റക്കൊരു ഫ്രഞ്ച് പര്യടനം വീണ്ടും.

“ടോ മുരളീ മുകുന്ദൻ ചേട്ടാ.. തനിക്ക് നേരത്തേ പറഞ്ഞ് തൊലച്ച് കൂടാരുന്നോ, ഇങ്ങനെയൊരു സംഗതിയുള്ള കാര്യം. എങ്കിൽ അറ്റ് ലിസ്സ് കള്ള് കുടിക്കാനെങ്കിലും ഒരു കമ്പനിയാകുമാരുന്നു..”
‘സീ ഫ്രാൻസ്’ കപ്പലിന്റെ മുകളിലെ ഡക്കിലിരുന്ന് തണുത്ത കാറ്റുമടിച്ച്, ബിയറും കുടിച്ചിരിക്കുമ്പോൾ ഈ ഫ്രഞ്ച് പര്യടനത്തിന് വഴികാണിച്ച് തന്ന മുരളിയേട്ടനെ നന്ദി സൂചകമായി ഫോണിൽ വിളിച്ച് രണ്ട് ചീത്ത പറഞ്ഞു. കപ്പൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തോടടുത്തു.. തിരികെ ‘വീട്ടിലേക്ക്’..
Tuesday, 30 November 2010

പാരീസ് ഡ്രീംസ് 2 - ഡിസ്നി ലാൻഡ്

രാവിലെ അലാറം അടിച്ചപ്പോൾ, പതിവ് പോലെ തന്നെ ഞാൻ മൊബൈൽ എടുത്തൊരേറു കൊടുത്തു. പിന്നെയാണോർമ്മ വന്നത്, ഓഫീസിൽ പോകാനുള്ള ബെല്ലടിയല്ലല്ലോ അത് !. ചാടിയെണീറ്റ് ഒരു മണിക്കൂറിനുള്ളിൽ റെഡിയായി, താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രേക്ഫാസ്റ്റും കഴിച്ച്, ലോഞ്ചിലെത്തിയപ്പോൾ, ആൾഡ്രിൻ ഞങ്ങളെ കാത്തെന്നപോലെ അവിടെയുണ്ടായിരുന്നു. “വീകെൻഡാണ്, നല്ല തിരക്കുണ്ടാവും. പെട്ടന്നു പുറപ്പെടണം.“ ആൽഡ്രിൻ പറഞ്ഞു. കോച്ചിൽ ഒരു മണിക്കൂറോളമുള്ള യാത്രയുണ്ടായിരുന്നു ഡിസ്നിലാൻഡ് വില്ലേജിലേക്ക്. ടികറ്റെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത്കൊണ്ട് നീണ്ട ക്യുവിലൊന്നും നിൽക്കാതെ തന്നെ അകത്ത് കയറാൻ പറ്റി. വാൾട്ട് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സൂം, ഡിസ്നിലാൻഡ് തീം പാർക്കുമാണ് പ്രധാനമായും ഡിസ്നി വില്ലേജിലുള്ളത്. ഇന്ന് ഡിസ്നി സ്റ്റുഡിയോ കോമ്പ്ലക്സിലും, അടുത്ത ദിവസം തീം പാർക്കിലും എന്നാണ് പ്ലാൻ. ഈ രണ്ട് ദിവസം കാണാൻ മാത്രം എന്തൂട്ട് തേങ്ങയാ ഇവിടെയിരിക്കുന്നെ എന്ന് ഞാൻ ന്യായമായൊരു സംശയം ആൽഡ്രിനോട് ചോദിച്ചു. “പോയി കണ്ട് നോക്കു, ഇഷ്ടപെട്ടില്ലങ്കിൽ നിങ്ങളൂടെ ടികറ്റ് ഞാൻ റീഫണ്ട് ചെയ്ത് തരും.” ഡിസ്നി വില്ലേജിന്റെ പൂർണ്ണ വിവരങ്ങളടങ്ങിയ മാപ്പും തന്ന് ആൾഡ്രിൻ പോയി.ഞങ്ങൾ അകത്ത് കയറി. നായുടെ കൈയിൽ പൊതിയാ തേങ്ങ കിട്ടിയപോലെ, ആ മാപ്പും പിടിച്ച്, ഞങ്ങൾ കുറേ നേരം നോക്കി നിന്നു. ഒന്നു മനസിലാകുന്നില്ല. പത്താംക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി മുംബൈയിൽ പോയി, അന്തം വിട്ട് നിന്നത് പോലെ ഞാൻ നിന്നു. നിരവധി റൈഡുകൾ, തീയറ്ററുകൾ, സ്റ്റുടിയോകൾ.. ആകെ മൊത്തം കൺഫ്യൂഷൻ. അങ്ങനെ നോക്കി നിൽകുമ്പോൾ, ഞങ്ങളേപോലെ തന്നെ കൺഫ്യൂഷനിൽ നിൽക്കുന്ന ടൂർ ഗഡിസ് ‘മണികണ്ടൻ ആൻഡ് ഫാമിലിയെ’ കണ്ടു. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷൻ ഷെയർ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചൂ. ആദ്യം കണ്ടത് തന്നെ ‘ഹവാന ക്ലബ്’ എന്ന പബ്ബ് ആയിരുന്നു. “ഒരു ബീയറടിച്ചാൽ എല്ലാ കൺഫ്യൂഷനും മാറും.” മണികണ്ടൻ പറഞ്ഞതനുസരിച്ച്, ‘ഹവാന ക്ലബിൽ’ ഓരോ ബിയറും പൂശിയിരുന്ന് ഡിസ്നിലാണ്ട് മാപ് നോക്കിയപ്പോൾ കുറേ ഐഡിയകൾ കിട്ടി. രണ്ട് ദിവസം പോയിട്ട്, രണ്ടാഴ്ച ചിലവഴിച്ചാലും ഇവിടെ മൊത്തമൊന്ന് നടന്ന് കാണാൻ പോലും പറ്റില്ലന്ന് മനസിലായി. ‘നോട്ട് റ്റു മിസ്സ്’ എന്നെഴുതിയിരിക്കുന്ന കുറേ സംഗതികളുണ്ട്., അതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കുക എന്ന് തീരുമാനിച്ചു.

പബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആദ്യം തന്നെ കണ്ടത് ‘സിനിമാജിക്’ എന്ന തീയറ്ററാണ്. 5 മിനിറ്റേയുള്ളു അടുത്ത ഷോയ്ക്. കേറി നോക്കമെന്ന് തീരുമാനിച്ചു. ബ്ലാക് & വൈറ്റ് യൂറോപ്യൻ കാലഘട്ടത്തിലേത്പോലെ ഇന്റീരിയറുള്ള ഒരു തീയറ്ററായിരുന്നു അത്. തിയറ്റർ നിറഞ്ഞ് ആളുണ്ടായിരുന്നു. ‘ഉദയാനാണ് താരം’ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത് പോലെ, ‘സിനിമ‘ യുടെ ചരിത്രവും, മറ്റ് വിവരണങ്ങളുമൊക്കെ സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങി.

“ഈ കോപ്പിലെ ബ്ലാക് & വൈറ്റ് സിനിമ കാണാനാണോ നമ്മൾ വന്നത്. വാടേ, ഉള്ള സമയം കളയാതെ പോയി വല്ല റൈഡിലും കേറാം.” മണികണ്ടന് സംഗതി അത്രക്ക് പിടിച്ചില്ല. “ഒരു അഞ്ച് മിനിറ്റോടെ ഇരുന്ന് നോക്കാം.” ഞാൻ പറഞ്ഞു.

പെട്ടന്ന് കാണികളുടെ ഇടയിൽ നിന്നും എന്തോ ശബ്ദം കേട്ടു. ഒരാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റ്, ചുറ്റിനും ടോർച്ചടിച്ച് നോക്കി, എന്തൊക്കെയോ അലറി വിളിക്കുന്നു.! അയാളുടെ കൂടെയുള്ള ഒരു സ്ത്രീയും കുട്ടിയും, അയാളെ പിടിച്ചിരുത്താനാവുന്നത് ശ്രമിക്കുന്നുമുണ്ട്.
ശെടാ..ഇതിപ്പോ നാട്ടിലെ തീയറ്ററിൽ പോയപോലെയായല്ലോ!. ഇവിടേമുണ്ടോ ഇത് മാതിരി അലമ്പ് കേസുകൾ.
ഞങ്ങൾ അന്തം വിട്ടിരിക്കുമ്പോളേക്കും, സെക്യൂരിറ്റിക്കാർ വന്ന് അയാളെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അയാൾ പെട്ടന്ന് അവരെ തള്ളി മാറ്റി സ്ക്രീനിനടുത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികൾ അമ്പരന്നിരിക്കുമ്പോൾ, അയാൾ സ്ക്രീനിനോട് ചേർന്നുള്ള സ്റ്റേജിലേക്ക് ചാടി കയറി, കൈവരിയിൽ പിടിച്ച് സ്ക്രീനിലേക്ക് കുതിച്ചു. അടുത്ത നിമിഷം അയാളും സ്ക്രീനിൽ തെളിഞ്ഞ് വന്നു. പഴയൊരു ബ്ലാക്&വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ ദ്രശ്യങ്ങളായിരുന്നു സ്ക്രീനിൽ അപ്പോൾ. ഇയാളും ആ കഥാപാത്രങ്ങൾകൊപ്പം സ്ക്രീനിലെത്തി!. അപ്പോൾ മാത്രമാണ്, ഇതൊക്കെ ആ ഷോയുടെ ഭാഗമാണന്ന് ഞങ്ങൾക്ക് മനസ്സിലായത്. കാണികളുടെ നീണ്ട കരഘോഷങ്ങൾക്കിടെയിൽ, അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും, കുട്ടിയുമെഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന് കയറി. പിന്നീടുള്ള അര മണിക്കൂർ ശരിക്കും ‘വണ്ടറടിപ്പിക്കുന്ന’ കാഴ്ചയായിരുന്നു. പഴയകാല ബ്ലാക്&വൈറ്റ് ക്ലാസികുകൾ, ചാർളി ചാപ്ലിൻ സിനിമകൾ തുടങ്ങി, ടൈറ്റാനികും, അവതാറ് വരെയുള്ള സിനിമകൾ മിക്സ് ചെയ്ത്, സ്റ്റേജും, സ്ക്രീനുമെല്ലാം ചേർന്ന് ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു ഷോ. ഓരോ സിനിമകളിലെയും കഥാപത്രങ്ങളുമൊത്ത് ഇയാൾ അഭിനയിച്ചു. ഇടക്ക് സ്റ്റേജിലുള്ള, അയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെയും സ്ക്രീനിലേക്ക് വിളിച്ച് കേറ്റി. ഒടുവിൽ,ഒരു ജെയിംസ് ബോണ്ട് സിനിമയുടെ സീനിനിടയിൽ, ബോണ്ട്, നമ്മുടെ ‘കഥാനായകനെ’ ഒരു ചവിട്ട് കൊടുത്തതോടെ കക്ഷി, സ്ക്രീനിൽ നിന്നും തെറിച്ച് സ്റ്റേജിലേക്ക് വീണ്, അവിടെയുള്ള സ്ത്രീയെയും,കുട്ടിയെയും കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്, വീണ്ടും, കാണികൾക്കിടയിലേക്കിറങ്ങിയതോടെ, ‘സിനിമാജിക്’ എന്ന വിസ്മയ കാഴ്ച തീർന്നു.

‘കാര്യം എവ്ടെ നോക്കിയാലും മുട്ടൻ ടെക്നോളജിയൊക്കെ തന്നെയാ, പക്ഷേ, എന്നാലും ഇതുപോലൊക്കെ എങ്ങനെ ചെയ്യുന്നെ’ എന്നൊക്കെ സിനിമാജികിന്റെ ഹാങ്ങോവറിൽ കുറച്ച് നേരം ചർച്ച ചെയ്തതിനു ശേഷം അടുത്ത പരിപാടിയെന്താന്ന് നോക്കിയപ്പോൾ, നോട്ട് റ്റു മിസ്സിൽ, ‘സ്പേസ് മൌണ്ടയ്ൻ‘ എന്നൊരു സംഗതി കണ്ടു. റോളർ കോസ്റ്റർ റൈഡാണ്. കുറെ കാലമായി കേൾക്കുന്നു റോളർ കോസ്റ്റർ എന്ന്. എന്ത് പണ്ടാരമെങ്കിലുമാകട്ടെ, ഒന്ന് പരീക്ഷിച്ചിട്ട് ബാക്കി കാര്യം. ‘ദുർബലഹ്രദയർക്ക്’ പറ്റിയ പരിപാടിയല്ല എന്ന് താഴെ എഴുതിയിരിക്കുന്നത് കണ്ട്, ‘ദുർബലരായ’ ഭാര്യമാരെ, ഒരു റെഫ്രഷിംഗ് ബ്രേക്കിന് വിട്ടിട്ട്, ഞാനും മണിയനും, സ്പേസ് മൌണ്ടനിൽ കേറാനുള്ള ക്യൂവിലെത്തി.

മണികണ്ടൻ ഇംഗ്ലണ്ടിലെ പല അമ്യൂസ്മെന്റ് പാർക്കുകളിലും റോളർ കോസ്റ്ററിൽ കയറിയിട്ടുള്ള എക്സ്പീരിയൻസിന്റെ ഗമക്ക് മസില് പിടിച്ച് മുന്നിൽ നടന്നു. നാട്ടില്, ചെറുപുഴ അയ്യപ്പ ക്ഷേത്ര ഉത്സ്തവത്തിനും, കണ്ണൂര് ഓണം ഫെയറിനും ഇതുപോലുള്ള പല റൈഡുകളിലും കയറിയിട്ടുണ്ട് മോനെ, അത്കൊണ്ട് ഈ കോസ്റ്ററു കൊണ്ടൊന്നും നമ്മൾ പേടിക്കില്ല, എന്ന ഭാവത്തോടെ പുറകിൽ ഞാനും.

എന്റ്രി ഗേറ്റിനടുത്തെത്തും തോറും, അകത്ത് നിന്നുള്ള കാതടിപ്പിക്കുന്ന ഒച്ചയും, റൈഡിൽ കയറിക്കഴിഞ്ഞവരുടെ അലർച്ചയും കേൾക്കാൻ തുടങ്ങിയതോടെ എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി. “ആത്മഹത്യ ചെയ്യാൻ പോവുകയാണന്നുള്ള മാനസികാവസ്ഥയുണ്ടാക്കിയെടുക്കുക, പിന്നെ പേടിയൊന്നും തോന്നില്ല.” റോളർ കോസ്റ്റർ കാപ്സൂളിനകത്തേക്ക് കയറുമ്പോൾ മണി പറഞ്ഞു. എങ്ങാനും വടിയായലും, ജീവൻ പറന്ന് പോകാതിരിക്കാൻ വേണ്ടിയായിരിക്കണം, രണ്ട് സൈഡിൽന്നും, ലോക്ക് വന്ന് മൂടി. റോളർ കോസ്റ്റർ പതുക്കെ നീങ്ങി കട്ട പിടിച്ച ഇരുട്ടിലേക്ക് കയറി നിന്നു. എന്താ സംഗതിയെന്നൊന്നും മനസിലാകാതെയിരിക്കുമ്പോൾ, മുന്നിലെ ഇരുട്ടിൽ കൌണ്ട് ഡൌൺ തെളിഞ്ഞ് വന്നു. 10.. 9.. 8..-- 1...0

“ന്റെമ്മ്മ്മേഏഏഏ..” എന്ന് ഞാൻ അലറിക്കൂവിയതോർമ്മയുണ്ട്.

കണ്ണുകളിറുക്കിയടച്ച്, ഈ പണ്ടാരമൊക്കെ കണ്ട്പിടിച്ചവന്റെ മാതാപിതാക്കളെയൊക്കെ സ്മരിച്ച്, ‘ഒന്ന് നിർത്തഡാ ഡേഷുകളെ’ ന്നൊക്കെ അലറിവിളിക്കുന്നതിനിടക്ക് പതുക്കെ കണ്ണൊന്ന് തുറന്ന് നോക്കിയെങ്കിലും തീഗോളങ്ങളും, നക്ഷത്രങ്ങളുമൊക്കെ നേരെ പാഞ്ഞ് വരുന്നത് കണ്ട്, വീണ്ടും കണ്ണുകളിറുക്കിയടച്ചു.. 90 ഡിഗ്രിയിലും, 180 ഡിഗ്രിയിലും,360 ഡിഗ്രിയിലും, ഇനി അതിനപ്പുറത്തെന്തെങ്കിലുമുണ്ടേൽ ആ ഡിഗ്രിയിലും റോക്കറ്റിന്റെ സ്പീഡിൽ പാഞ്ഞ് പോകുമ്പോൾ, ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ഞാനിതാ വരുന്നേയെന്ന് പ്രാർഥിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. മൂന്ന് മിനിട്ട് കഴിഞ്ഞ് സംഗതി പതുക്കെ നിന്നപ്പോൾ വാഷിംഗ് മഷീനിൽ കിടന്ന് കറങ്ങിയത് പോലെയായിരുന്നു എന്റെ അവസ്ഥ.എങ്കിലും പുറത്തിറങ്ങിയപ്പോൾ ഒരു ത്രില്ല് തോന്നാതിരുന്നുമില്ല.

സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. കാണാനും, കയറാനുമായി റൈഡുകളും, കാഴ്ചകളും നിരന്ന് കിടക്കുന്നു. ഉത്സവപറമ്പിലെത്തിയ കുട്ടികളേപോലെ, സമയമൊട്ടും കളയാതെ ഞങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി നടന്നു. മൈക്കൾ ജാക്സൺ കാണികൾക്കിടയിലേക്കിറങ്ങി വന്ന് ന്രത്തം ചെയ്യുന്ന 3D ഷോ, ഒരു ഹോളിവുട് ത്രില്ലറിലെ ആക്ഷൻ രംഗങ്ങളിലേത് പോലെ സ്ഫോടനങ്ങളും, മഴയും, മലവെള്ളപാച്ചിലിലൂടെയുമുള്ള ഒരു സാഹസിക ട്രയിൻ യാത്ര, ഇടയ്ക്ക് ക്ഷീണമകറ്റാൻ ഏതെങ്കിലും കഫേയിൽ ഓടിചെന്നൊരു ബിയറടി, ഇത്രയുമായപ്പോളേക്കും സമയം സന്ധ്യയായിരുന്നു. 7മണിക്ക് കോച്ചിലെത്തണം. ഡിസ്നി സ്റ്റുഡിയോയിലെ പകുതി കാഴ്ച്ചകളും ഇനിയും ബാക്കി കിടക്കുന്നു. സാരമില്ല, അടുത്ത ദിവസം ‘ഡിസ്നി തീം പാർക്കിൽ’ അർമ്മാദിക്കാമെന്നുള്ള ആശ്വാസത്തിൽ ഞങ്ങൾ കോച്ച് പാർക്കിലേക്ക് നടന്നു.
Wednesday, 3 November 2010

പാരീസ് ഡ്രീംസ് 1

യാ‍ത്രകൾ ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക എന്നത് മറ്റെല്ലാവരെയും പോലെ എനിക്കും ചെറുപ്പം മുതൽ തന്നെ ‘അതി ഭയങ്കരമായി’ ഇഷ്ടമുള്ള കാര്യമായിരുന്നു. ആദ്യത്തെ ‘ഒറ്റക്കുള്ള യാത്ര’എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 കി.മി ദൂരെയൂള്ള ‘ചെറുപുഴ‘ എന്ന കൊച്ച് ടൌണിലേക്കായിരുന്നു.(എന്നെ സംബന്ധിച്ച് ഒരു ‘മഹാ നഗരത്തിലേക്ക്’) എന്റെ പ്രായത്തിലുള്ളവരും, കൂട്ടുകാരുമൊക്കെ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ‘ചെറുപുഴ നഗരവും‘, അവിടൂത്തെ ‘അനുരാഗ്, എ.കെ ടാക്കിസുകളുടെ ‘നയനമനോഹരമായ വെള്ളിത്തിരകളുമൊക്കെ’ കാണാൻ ഭാഗ്യം ലഭിച്ചവരായിരുന്നെങ്കിലും വീട്ടിലെ ഏറ്റവും ഇളയതും, പിന്നെ കാണാൻ അല്പം കുഞ്ഞനുമായത് കൊണ്ട് എന്നെ അത്രേം ദൂരേക്കൊക്കെ ഒറ്റക്ക് വിടാൻ വീട്ടിലാർക്കൂം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ വീട്ടിൽ പപ്പയും ചേട്ടനുമില്ലാതിരുന്ന ഒരു ദിവസം, ഒരു ‘എമർജൻസി സിറ്റുവേഷനിൽ’ ചെറുപുഴ വരെ പോകാൻ എനിക്ക് അവസരം കിട്ടി. 9.30ന്റെ കെ.എം.എസ് ബസിനു പോകാൻ, എട്ടരയോടെ ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് തനിച്ച് ചെറുപുഴ വരെ പോയി, 11.30ടെ ‘ഷെറാട്ടൺന്’ തിരിച്ച് വീട്ടിലെത്തിയപ്പോൾ , ചന്ദ്രനിൽ പോയി വന്ന നീൽ ആംസ്ട്രോംഗിനെപോലെയായിരുന്നൂ ഞാൻ. അങ്ങനെ ഒറ്റക്ക് പോയി വന്ന് കഴിവ് തെളിയിച്ചു. പിന്നീട് അതുപോലെ പല ആവശ്യങ്ങൾക്കുമായി ഇടക്കിടെ ചെറിയ യാത്രകൾ ചെയ്തതോടെ അതിന്റെ ത്രില്ല് പോയി.

പിന്നീടുള്ള ജീവിതത്തിലെ എല്ലാ യാത്രകളും അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു. റപ്പായീസ് തട്ട് കടയും, മറൈൻ ഡ്രൈവും, എം.ജി റോഡും, സെന്റ് തെരേസാസ് കോളേജ് പരിസരങ്ങളുമുൾപ്പടെയുള്ള മനോഹരമായ എറണാകുളം നഗരത്തെ സ്നേഹിച്ച് തുടങ്ങി, ഇനിയുള്ള ജീവിതമിവിടെ എന്ന് കരുതിയിരുന്നപ്പോളായിരുന്നു, അപ്രതീക്ഷിതമായി ഗൾഫിലേക്ക് വിമാനം കയറേണ്ടി വന്നത്. പിന്നീടുള്ള 4 വർഷങ്ങളിൽ സൌദി അറേബ്യ, ബഹറൈൻ,ദുബായി, ഒമാൻ എല്ലാം ‘ജോലി’ എന്ന പേരിൽ കറങ്ങി തിരിഞ്ഞ് നടന്നെങ്കിലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, യുറോപിൽ എന്നെങ്കിലും വരാനാകുമെന്ന്. യുറോപ്പ്, അമേരിക്ക എന്നതൊക്കെ എന്നേപോലുള്ളവർക്ക് ‘ചന്ദ്രനിൽ പോകുന്നപോലെ’ അസാധ്യമായ കാര്യമായേ തോന്നിയിട്ടുണ്ടാ‍യിരുന്നുള്ളു. പക്ഷേ, അതുവരെയുള്ള എന്റെ ജീവിതം പോലെ തന്നെ, അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെത്താനും, ഇവിടെ ജോലി ചെയ്യാനുമൊക്കെ അവസരം കിട്ടി.

കടലിലൂടെ 50 കി.മി നീളത്തിലുള്ള ‘ചാനൽ ടണൽ’ തുറന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ‘യുറോസ്റ്റാർ ട്രെയിനിൽ’ വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താമെന്നായി എങ്കിലും, പാരീസിലൊന്ന് പോവുക എന്നത് ഒരു സ്വപ്നമായി മനസിൽ കയറികൂടിയിട്ട് രണ്ട് വർഷത്തോളമായി. തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പന്മാരാണന്ന തെറ്റിദ്ധാരണ ഇംഗ്ലണ്ടിലെത്തിയതോടെ മാറിയിരുന്നു. ജോലി തിരക്കും, പിന്നെ, ഫ്രഞ്ച് അല്ലാതെ ഒരു വാക്ക് പോലും ഒരാളും സംസാരിക്കാത്ത ഫ്രാൻസിൽ കുടുംബവുമായി പോയാൽ കുറച്ച് കഷ്ടപെടേണ്ടി വരുമെന്നുള്ള ചില അനുഭവസ്ഥരുടെ മുന്നറിയിപ്പും പാരീസ് സ്വപ്നത്തിൽ നിന്നും എന്നെ പിറകോട്ട് വലിച്ചു.

അങ്ങനെ , ജോലിയും, വീകെൻഡ് പാർട്ടികളുമായി പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ജീവിതമിങ്ങനെ പൊയ്കോണ്ടിരിക്കെ ഒരു ദിവസം വെറുതെ മുരളി മുകുന്ദനെന്ന ഇംഗ്ലണ്ടിലെ ബൂലോക പുലിയെ വിളിച്ചപ്പോൾ, അങ്ങേര് ഒരു പാരീസ് പര്യടനം കഴിഞ്ഞ് വന്നതിന്റെ കഥകൾ പറഞ്ഞ് കുറെ കൊതിപ്പിച്ചു. ഗൈഡ്, ഹോട്ടൽ, 2ദിവസത്തെ ഡിസ്നിലാൻഡ് ടികറ്റ് എല്ലാം ഉൾപ്പടെയുള്ള പായ്കേജ് ടൂറാണ്, ചാർജും വളരെ കുറവ് എന്ന് കേട്ടതോടെ പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത ദിവസം തന്നെ ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ പോയി വിസയെടുത്തു.

അങ്ങനെ ഒരു വെള്ളിയാഴ്ച പുലർച്ചെ ‘ടാജ് ടൂർസിന്റെ’ ലക്ഷ്വറി കോച്ചിൽ ലണ്ടനിൽ നിന്ന് പുറപ്പെട്ടു. രണ്ടര മണിക്കൂറത്തെ യാത്രക്ക് ശേഷം ഇംഗ്ലണ്ട് അതിർത്തിയായ ‘ഡോവർ’ തുറമുഖത്ത് നിന്നുള്ള 'സീ ഫ്രാൻസ്’ കപ്പലിൽ ഇംഗ്ലീഷ് ചാനലിലൂടെ ഫ്രാൻസിലേക്ക്. ആദ്യമായി കപ്പലിൽ കയറിയതിന്റെ ത്രില്ലിൽ ഡക്കിൽ പോയി നിന്ന് ‘ടൈറ്റാനിക്‘ സ്റ്റൈലിൽ ഫോട്ടോകളെടുത്തും, കപ്പലിനുള്ളിലെ റെസ്റ്റോറന്റുകളിലും, പബ്ബിലുമൊക്കെ കേറിയിറങ്ങിയും ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും അനൌൺസ്മെന്റ് വന്നു, കപ്പൽ ഫ്രഞ്ച് തീരത്തെ പോർട്ട് ഓഫ് കാലിസിലേക്ക് അടുക്കുകയാണന്ന്.(port of Calais) ഫ്രഞ്ച് മണ്ണിലൊന്ന് കാലുകുത്താനവസരം തരാതെ, കപ്പലിൽ നിന്ന് നേരെ വീണ്ടും കോച്ചിലേക്ക് . കാലീസ് തുറമുഖത്ത് നിന്ന് പാരീസ് നഗരത്തിലേക്കുള്ള 3 മണിക്കൂർ യാത്രക്കിടെ, ടൂർ ഗൈഡായാ ആൾഡ്രിൻ ഫെർണാണ്ടസ്, സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച് മറന്ന ഫ്രഞ്ച് വിപ്ലവത്തിന്റെയും, നെപ്പോളിയൻ ബോണപ്പാർട്ടിന്റെയുമൊക്കെ കഥകൾ പറയുന്നത് കേട്ടുകൊണ്ട്, മനോഹരമായ പാടങ്ങളും, ഫാമുകളുമുള്ള ഫ്രഞ്ച് ഗ്രാമങ്ങളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ട് കോച്ചിലിരുന്നു. തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ പതിയെയാണങ്കിലും, 4 മണി കഴിഞ്ഞതോടെ പാരീസ് ഒർളി എയർപോർട്ടിനടുത്തുള്ള നോവോടെൽ ഹോട്ടലിലെത്തി.

ഹോട്ടലിൽ ചെക്കിൻ ചെയ്ത്, ഫ്രഷായി അന്നത്തെ ബാക്കി പരിപാടിയായ പാരിസ് സിറ്റി നൈറ്റ് ടൂറിനായി പുറത്തിറങ്ങി. നഗരത്തോടടുത്തതോടെ, ദൂരെ ഇല്യുമിനേഷനിൽ വെട്ടി തിളങ്ങുന്ന ഈഫൽ ടവർ കാണാമായിരുന്നു. പാരിസിനെ രണ്ടായി പകുത്തൊഴുകുന്ന ‘സീൻ’ നദിയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ ആദ്യ ലക്ഷ്യം. ഈഫൽ ടവറിനടുത്ത് തന്നെയുള്ള ഒരു ജെട്ടിയിൽ നിന്നായിരുന്നു ബോട്ടിൽ കയറേണ്ടിയിരുന്നത്. ഇഫൽ ടവറിന് മുകളിൽ കയറാനുള്ള ഞങ്ങളൂടെ ബുക്കിംഗ്, ടൂറിന്റെ അവസാന ദിവസത്തേക്കായിരുന്നു. ടവറിന് താഴെ നിന്ന് ഫോട്ടോകളെടുത്ത ശേഷം ബോട്ടിൽ കയറി. കലയുടെയും, ഫാഷന്റെയും, പെർഫ്യൂമിന്റെയും, ഷാമ്പയിന്റെയും കേന്ദ്രമായ പാരീസ് നഗരത്തിലൂടെ രാത്രിയിലെ ബോട്ട് യാ‍ത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു.


കാഴ്ചയിൽ മറ്റ് യുറോപ്യൻ നഗരങ്ങളെപോലെയൊക്കെ തന്നെ തോന്നിച്ചെങ്കിലും, പാരീസിന് വേറൊരു സൌന്ദര്യമാണ്. 'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്! അതിനിടെയിൽ പരിചയപ്പെട്ട, ഞങ്ങളൂടെ ടൂർ ഗ്രൂപ്പിലെ തമിഴ്നാട്ടുകാരനായ മണികണ്ടനുമൊത്ത് ബോട്ടിലെ ഓപൺ എയർ റെസ്റ്റോറന്റിൽ നിന്ന് ഷാമ്പയ്നും കുടിച്ചുകൊണ്ട്, സീൻ നദിക്കിരുകരകളിലുമായി, ഇല്ല്യുമനേഷനിൽ തിളങ്ങുന്ന പാരീസ് നഗരത്തെ കൺകുളിർക്കെ കണ്ടു. നഗരത്തിലെമ്പാടുമുള്ള ഓപറ ഹൌസുകളിൽ നിന്നും, തീയറ്ററുകളിൽ നിന്നുമുള്ളതായിരിക്കണം, എവിടെ നിന്നൊക്കെയോ അലയടിക്കുന്ന സംഗീതം പാരീസിനെ കൂടുതൽ ‘റൊമാന്റിക്’ ആക്കി.സൈൻ നദിക്കിരു കരകളയും ബന്ധിപ്പിക്കുന്ന നിരവധിയായ പാലങ്ങൾക്കടിയിലൂടെയാണ് ബോട്ട് യാത്ര. ഓരോ പാലങ്ങളും, നദിക്കിരുവശങ്ങളിലുമായുള്ള ഓരോ ബിൽഡിംഗുകളും, എന്തുകൊണ്ടാണ് പാരീസിനെ ‘ സിറ്റി ഓഫ് ആർട്ട്’ എന്ന് വിളിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് തന്നുകൊണ്ടിരുന്നു. ഒന്നര മണിക്കൂർ എങ്ങനെ പോയെന്നറിഞ്ഞില്ല. ഈഫൽ ടവറിനടുത്തായി, ഞങ്ങളെ കാത്ത് കിടക്കുന്ന കോച്ചിലെത്തി; വീണ്ടും പാരീസ് നഗര പ്രദിക്ഷണം. ചരിത്രപ്രസിദ്ധമായ പാരീസിന്റെ ഓരോ തെരുവുകളിലൂടെയും ബസ് ഓടികൊണ്ടിരിക്കുമ്പോൾ, അതിന്റെ പിന്നിലുള്ള കഥകളെല്ലാം ടൂർ ഗൈഡ് ആൽഡ്രിൻ വിവരിച്ച് തന്നുകൊണ്ടിരുന്നു. ഡയാന രാജകുമാരി ആക്സിഡന്റിൽ കൊല്ലപ്പെട്ട ടണൽ (Alma Tunnel), അതിനു മുൻപ് അവർ അവസാനമായി അത്താഴം കഴിച്ചിറങ്ങിയ ദോദി അൽ ഫയാദിന്റെ ‘ റിറ്റ്സ് ഹോട്ടൽ, ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയം’ (ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിറ്റിംഗ് ഇവിടെയാണ്‌) ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷൻ സ്ട്രീറ്റ്, നെപ്പോളിയന്റെ ശവകുടീരം.. തുടങ്ങി, പാരീസ് നഗരത്തെ കുറേയൊക്കെ കോച്ചിലിരുന്ന് കണ്ടു. “ഇവിടങ്ങളിൽ വീണ്ടും വരും, വിശദമായി കാണുവാൻ. പക്ഷേ, പാരീസിനെ കാണേണ്ടത് രാത്രിയിലാണ്, അതുകൊണ്ടാണ് ഈ ഓടിച്ചുള്ളൊരു നഗരപ്രദിക്ഷണം.” ആൽഡ്രിൻ പറഞ്ഞു.ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്. ആൾഡ്രിൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണന്ന് എനിക്ക് ബോധ്യമായി, രാത്രി ഒരുപാട് വൈകി ഹോട്ടലിലേക്ക് തിരിക്കുമ്പോൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വൈകുന്നേരങ്ങളിലൊന്ന് കഴിഞ്ഞ് പോയല്ലോയെന്ന നഷ്ടബോധത്തോടെ ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ ഫ്രഞ്ച് ഷാമ്പയ്നുമായി രാത്രി ഭക്ഷണം കഴിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്. പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല. ഇനി അടുത്ത രണ്ട് ദിവസം ‘ഡിസ്നിലാൻഡ്’ എന്ന അദ്ഭുത ലോകത്തിലേക്കാണ് എന്ന ആകംക്ഷയോടെ ഒന്നരമണിയായപ്പോൾ ഉറക്കത്തിലേക്ക് വീണു.

ചില പാരീസ് രാത്രി കാഴ്ചകൾ
Monday, 4 October 2010

ഇതാണ് ഇൻഡ്യ!

ഇംഗ്ലണ്ടിൽ ജീവിക്കുമ്പോളും, ഒരു ഇന്ത്യാക്കാരനായിരിക്കുന്നതിൽ അഭിമാനം തോന്നിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് കഴിഞ്ഞ നാലു വർഷങ്ങളിൽ. ഇംഗ്ലണ്ടിലെ ഏത് ഹോസ്പിറ്റലിൽ പോയാലും, ഡോക്ടർമാരിൽ പകുതിയും ഇന്ത്യൻ വംശജരായിരിക്കും. നഴ്സുമാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട. HSBC ബാങ്ക്, മൊബൈൽ -ഇന്റെർനെറ്റ് സർവീസ് പ്രൊവഡേർസുൾപ്പടെ, ഇവിടുത്തെ ഏത് പ്രമുഖ കമ്പനികളുടെയും കസ്റ്റമർ സർവീസിൽ വിളിച്ചാലും പോകുന്നത് മുംബൈയിലേയോ, ഹൈദരാബദിലേയോ, ബാംഗ്ലൂരിലേയോ കോൾ സെന്ററുകളിൽ. (ഒരിക്കൽ ടോക്ക്-ടോക് ഇന്റർനെറ്റ് കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ, മലയാളത്തിൽ കാര്യങ്ങൾ പറയാൻ പോലും അവസരമുണ്ടായി).
ഏതൊരു ഐ.ടി. കമ്പനികളിലെയും പകുതിയിലേറെയും സ്റ്റാഫ് ഇന്ത്യക്കാർ തന്നെ. എന്തിനേറെ, ഒരു ചെറിയൊരു “ഇന്ത്യൻ റെസ്റ്റോറന്റോ, ഇന്ത്യൻ ടേക് ഏവേയൊ” ഇല്ലാത്ത ഒരു ടൌണുകളും ഇംഗ്ലണ്ടിലുണ്ടാകില്ല. ഡയനാ രാജകുമാരി താമസിച്ചിരിന്ന, ലണ്ടനിലെ ഏറ്റവും വിലയേറിയ പ്രോപ്പർട്ടികളിലൊന്നായ ‘കെൻസിംഗ്ടൺ പാലസ്’ പോലും ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവി അലങ്കരിക്കുന്ന ഇന്ത്യക്കാരനായ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ കൈവശമാണ് ഇപ്പോൾ.

നൂറ്റാണ്ടുകളോളം തങ്ങളുടെ കോളനിയായിരുന്ന ഒരു രാജ്യം, പതുക്കെ തങ്ങളെ ‘വിഴുങ്ങുന്നൊരു’ ശക്തിയായി മാറുന്നത് ബ്രിട്ടൻ ഒരു പേടിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയായിരിക്കണം, ബി.ബി.സിയും, മറ്റ് ചാനലുകളും ഇൻഡ്യയെ സംബന്ധിക്കുന്ന ഏതൊരു പരിപാടിയും - എന്തിനേറെ, ഇൻഫോസിസിനെ കുറിച്ചോ, അംബാനിയേകുറിച്ചോയുള്ള വാർത്തയാണങ്ങങ്കിലും പശ്ചാതലം കാണിക്കുന്നത്, ഇൻഡ്യയിലെ ഒരു ചേരിയോ, വ്രുത്തിഹീനമായ ഒരു തെരുവോ ആകുന്നത്. ഇപ്പോൾ നമ്മൾ തന്നെ എറിഞ്ഞ് കൊടുത്ത കോമൺ വെൽത്ത് ഗെയിംസ് എന്ന വടിയുപയോഗിച്ച് വീണ്ടും കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മൾ തല്ല് കൊള്ളുകയായിരുന്നു. അറപ്പുളവാക്കുന്ന ഗെയിംസ് വില്ലേജിന്റെ പടങ്ങൾ ലോക മാധ്യമങ്ങളെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. ബി.ബിസിയുടെ ബ്രേക്ഫാസ്റ്റ് ഷോകളിലെ സ്ഥിരം ചർച്ചാവിഷയമായി മാറി, ഇൻഡ്യയുടെ പിടിപ്പ് കേട്. ഓരോ ഇൻഡ്യക്കാരനും, പ്രത്യേകിച്ചും, പ്രവാസികൾ ലോകത്തിനു മുന്നിൽ നാണം കെട്ടു. പണ്ടാരമടങ്ങാൻ, ഇതൊന്നു തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന് വരെ ഒടുവിൽ തോന്നി തുടങ്ങി.

അങ്ങനെയിരിക്കെ, ഇന്നലെ.. പതിവു പോലെ വീകെൻഡിലെ കറങ്ങലുകളൊക്കെ കഴിഞ്ഞ് വീടണയാനൊരുങ്ങുമ്പോളായിരുന്നു, സുഹ്രത്തിന്, പബ്ബിൽ പോയൊരു ബിയറടിക്കണമെന്നൊരാഗ്രഹം പൊട്ടി മുളച്ചത്.! ഇംഗ്ല്ലീഷുകാരുടെ ‘ചായക്കടയായ’ പബ്ബിൽ പോയിരുന്നുള്ള കള്ള് കുടിയിൽ പൊതുവെ വലിയ താല്പര്യമില്ലങ്കിൽ കൂടിയും, ഇന്നലെയെന്തോ അവൻ പറഞ്ഞപ്പോൾ, ശരി, എങ്കിൽ ഒരു ബിയറുമടിച്ച് , സ്ക്രീനിൽ വല്ല ക്ലബിന്റേം ഫുട്ബോൾ മാച്ചും കണ്ട് അര മണിക്കൂറിരിക്കാമെന്നും പറഞ്ഞ് വീടിനടുത്തുള്ള പബ്ബിലേക്ക് കയറി. പതിവ്പോലെ തന്നെ, നല്ല തിരക്ക്. പുറത്തെ ഗാർഡനിലെ ടി.വിയുടെ മുന്നിലെ ആൾകൂട്ടം കണ്ട്, എന്തൂട്ടാ പരിപാടിന്ന് നോക്കിയപ്പോളാണ് പിടി കിട്ടിയത്. അത് തന്നെ.. നമ്മ്ടെ കോമൺ വെൽത് ഗെയിംസ് ഉദ്ഘാടന ചടങ്ങ്!. നമ്മളെ കണ്ടാലേ ആർക്കും മനസിലാകും ഇൻഡ്യക്കാരാണന്ന്. ഇവിടെയിരുന്ന് ഇവമ്മാരുടെ കളിയാക്കൽ കേൾക്കുന്നേക്കാൾ പതുക്കെ മുങ്ങുന്നതാ നല്ലതെന്ന് തോന്നിയെങ്കിലും, വന്ന സ്ഥിതിക്കൊരു ബിയറ്ടിക്കാമെന്ന് തീരുമാനിച്ചു. സ്ക്രീനിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. ഇത്രയേറെ പഴി കേട്ട ഒരു ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങാണന്ന് വിശ്വസിക്കാനായില്ല!. ഇൻഡ്യക്കാർക്ക് ഈ ഗെയിംസ് നടത്താൻ കൊടുത്തവനെ ചവിട്ടണമെന്ന് പറഞ്ഞുകൊണ്ടിരുന്ന സായിപ്പന്മാർ അവിശ്വസിനീയതയോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, ബിയർ ഗ്ലാസ് പോലും താഴെ വച്ച്, ഹരിഹരൻ ‘സ്വാഗതം’ പാടുന്നതും, ആയിരത്തിൽ പരം സ്കൂൾ കുട്ടികൾ അതിനനസുഅരിച്ച് ഒരു ഒഴുക്കിലെന്നോണം പരിപാടികൾ അവതരിപ്പിക്കുന്നതും നോക്കിയിരുന്നു.

യോഗയെപറ്റിയുള്ള അവതരണവും, ‘ദ് ഗ്രേറ്റ് ഇൻഡ്യൻ ജേർണി’ യിലൂടെ റിക്ഷാക്കാരനെയും, തൊഴിലാളികളെയും, അംബാസിഡർ കാറുമുൾപ്പടെ ഇൻഡ്യയുടെ ‘റിയൽ ക്രോസ് സെക്ഷൻ’ കണ്ടപ്പോൾ ബി.ബി.സിയുടെ അവതാരകൻ പറഞ്ഞു, “യെസ്. ദി ഇസ് ഇൻഡ്യ’. മെമ്മറൈസിംഗ് പ്രസന്റേഷൻ.!“ വേദിയുടെ നടുക്കുള്ള കൂറ്റൻ ഹീലിയം ബലൂണിൽ ദ്രശ്യങ്ങൾ മാറി മറിയുമ്പോൾ, ‘എക്സലന്റ്, വണ്ടർഫുൾ..’ തുടങ്ങി സ്ഥിരം കമന്റുകളിലൂടെയാണങ്കിലും, സായിപ്പ് ഒടുവിൽ സമ്മതിച്ചു, ഒരുമിച്ച് നിന്നാൽ, ഇന്ത്യക്കാർക്ക് ഒന്നും അസാധ്യമല്ലന്ന്!. ‘ഓ യാരോ’ യും, ‘ജയ് ഹോ’യുമായി ഒടുവിൽ റഹ്മാനെത്തിയപ്പോളേക്കും, കൂടെയുണ്ടായിരുന്ന സുഹ്രത്ത്, ടിപ്പികൽ ഇൻഡ്യൻ സ്റ്റൈലിൽ തന്നെ ഒരു വിസിലടിച്ച് ആവേശം പ്രകടിപ്പിച്ചു. ആ പബ്ബിലുണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരായ ഞങ്ങൾക്ക് ഒടുവിൽ പബ്ബിന്റെ മാനേജർ രണ്ട് ഗ്ലാസ്സ് ബിയർ തന്ന് കൊണ്ട് പറഞ്ഞു.” ബീ പ്രൌഡ് ഓഫ് യുവർ കണ്ഡ്രി. യു ഗൈസ് വെൽ ഡൺ.! അടുത്തത് ഞങ്ങളുടെ അവസരമാണ്, 2012 ഒളിമ്പിക്സ്. ഗെയിംസൊക്കെ കുഴപ്പമില്ലാതെ നടന്നേക്കും, പക്ഷേ, ഇൻഡ്യയെ പോലെയത്ര സാംസ്കാരിക വൈവിധ്യങ്ങളില്ലാത്ത ഞങ്ങൾക്ക് ഇതുപോലൊരു ഉദ്ഘാടന ചടങ്ങ് ശരിക്കും വെല്ല് വിളിയായിരിക്കും.”

ഇത് വരെയുള്ള എല്ലാ ആരോപണങ്ങൾക്കും, നാണക്കേടുകൾക്കും, ഒടുവിൽ ഇങ്ങനെയെങ്കിലും മറുപടി കൊടുക്കാനായി.! ഒടുവിൽ ഇൻഡ്യ തെളിയിച്ചു, നമ്മുക്കും ഇങ്ങനെ ചിലതൊക്കെ ചെയ്യൻ കഴിയുമെന്ന്. അതേ, ഇതാണ് ഇൻഡ്യ

Thursday, 16 September 2010

യാത്രയ്ക്കൊടുവിൽ...

കഴിഞ്ഞ വർഷം സെപ്റ്റംബർ 16നായിരുന്നു, സജിത്തിനെ അവസാനമായി കണ്ടത്. ആദ്യമായി കണ്ടതും, അതിന് രണ്ട് ദിവസം മുൻപ് മാത്രം.!

രണ്ടാഴ്ചത്തെ അവധിയുമായി നാട്ടിലേക്കുള്ള യാത്ര. ദുബായ് വരെയുള്ള ഏഴരമണിക്കുർ യാത്രയുടെ ക്ഷീണം കാരണം, ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറിയിരുന്നതേ കണ്ണടഞ്ഞു. അടുത്ത സീറ്റിലാരോ വന്നിരുന്ന്, ഇൻ ഫ്ലൈറ്റ് മാഗസിനുകൾ മറിച്ച് നോക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. വിമാനം ടേക്കോഫ് ചെയ്ത്, പതുക്കെ ഒരു മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നപ്പോൾ, അടുത്തിരുന്നയാൾ പതുക്കെ തോണ്ടി.
“ചേട്ടൻ നാട്ടിലേക്കാണോ?”

ഇതാരടേ ഒരു കോമൺസെൻസുമില്ലാത്ത ഈ ചങ്ങാതി എന്നറിയാൻ കണ്ണ് തുറന്ന് നോക്കി. എന്റെയൊക്കെ അതേ പ്രായം തോന്നിക്കുന്ന ഒരു കക്ഷി. ഇവനാണോ എന്നെ കേറി ചേട്ടാന്ന് വിളിച്ചത്!

“നാട്ടിലേക്കല്ല, ഒന്ന് സൌത്താഫ്രിക്ക വരെ പോകുവാ. തിരുവനന്തപുരത്തേക്കുള്ള ഈ വിമാനത്തിലിരിക്കുന്ന ആളോട്, നാട്ടിൽ പോകുവാണോന്ന് ചോദിക്കണ്ട വല്ല കാര്യോമുണ്ടോ മാഷെ..?”

എന്റെ മറുപടി കേട്ട്, ആൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.. ”അല്ല ചേട്ടാ, ഇനി മൂന്നാല് മണിക്കൂറിങ്ങനെയിരുന്ന് ബോറടിക്കണ്ടല്ലോന്നൊർത്ത്.. വെറുതെയൊന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..”
ഞാൻ കൂടുതലൊന്നും പറയുന്നതിന് മുൻപ് തന്നെ ആൾ സ്വയം പരിചയപ്പെടുത്തി. പേര് സജിത്ത്. ത്രശ്ശൂരടുത്താണ് വീട്. ‘ലിഫ്റ്റ് ടെക്നോളജി കോഴ്സ്’ കഴിഞ്ഞ്, ദുബായിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു.

“ഈ ലിഫ്റ്റ് ടെക്നോളജീന്ന് വച്ചാ സാധനങ്ങള് ലിഫ്റ്റ് ചെയ്യുന്ന ഒരുജ്ജാ‍തി പണിയാന്ന് ഇവിടെയെത്തിയപ്പോളാ ഭായി മനസിലായെ..”

തനി ത്രശ്ശൂർ ശൈലിയിലുള്ള സജിത്തിന്റെ സംസാരം എനിക്കൊരു നേരമ്പോക്കായി. ഞാനും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എയർ ഹോസ്റ്റസ് ഭക്ഷണവും, ഡ്രിങ്ക്സുമായെത്തി. “ഒരു ചെറ്ത് പൂശുന്നോ ഗഡീ..? നാട്ടിലേക്കൊക്കെ പോവല്ലേ.. ഒന്ന് ഞെരിപ്പാകട്ടേന്നെ.” സജിത് എന്നെ നോക്കി കണ്ണിറുക്കി. “കണ്ണൂരുകാരനായ താനെന്തിനാ തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റെടുത്തെ ഗഡീ..?”

“ത്രശ്ശൂരുള്ള താനുമെന്തിനാ തിരുവനന്തപുരത്തേക്ക് പോകുന്നെ.. നെടുമ്പാശേരിയല്ലേ അടുത്ത്..? മറുപടിയായി ഞാനും തിരിച്ചൊരു ചോദ്യം ചോദിച്ചു.

ഗ്ലാസ്സിലെ വിസ്കി പതുക്കെ നുണഞ്ഞ്കൊണ്ട് സജിത്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പി.എസ്.സി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. 3 വർഷത്തെ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് സജിത്ത് മഞ്ജുവിനെ സ്വന്തമാക്കിയത്. മഞ്ജു ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായാണ് പി.എസ്.സി ഇന്റർവ്യൂന് വിളിക്കുന്നത്. അതുകൊണ്ട് എമർജൻസി ലീവെടുത്ത് പോകുന്നതാണ്.

“ഇപ്പോളത്തെ പണികൊണ്ട് ഗൾഫിൽ നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഈ ജോലി കിട്ടിയാൽ നാട്ടിൽ തന്നെ സെറ്റാകണം. കിട്ടാൻ ചാൻസുണ്ട് ട്ടോ. നമ്മള് മറ്റേതാന്നേ..യേത്? റിസർവേഷൻ കാറ്റഗറിയേ.. ഞാനിപ്പോ വരുന്ന കാര്യം ചുള്ളത്തിക്കറിയില്ല. നാളെ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ട്രെയിൻ പിടിച്ചാ അവൾടെ കമ്പ്യൂട്ടർ സെന്ററടക്കുമ്പോളേക്കും അവിടെയെത്തും. ഒരു സർപ്രൈസാകട്ടന്നേ.. അല്ലാ, ഭായി പറഞ്ഞില്ലല്ലോ, എന്തുട്ടാ തിരോന്തരത്ത് കേസ്കെട്ട്?.”

“എനിക്കൊരു മോളുണ്ടായി സജിത്തേ. അവളെ കാണാൻ പോകുവാണ്. ഭാര്യയുടെ വീട് തിരുവനന്തപുരത്താണ്.” ഞാൻ പറഞ്ഞു.

“ആഹാ..കൊള്ളാലോ..എന്നിട്ടാണോ ചുള്ളൻ മിണ്ടാണ്ടിരിക്കണെ..ചിലവുണ്ടേ ഭായി’
“പെങ്ങളേ..ഒരു പെഗ്ഗോടെ തര്വോ.. ദാഹിച്ചിട്ട് വയ്യ”
അതിനിടെ അതിലെ വന്ന ഒരു എയർഹോസ്റ്റസിനെ തോണ്ടികൊണ്ട് സജിത്ത് ചോദിച്ചു. എനിക്ക് ചിരിയടക്കാനായില്ല. “പ്ലീസ് ബീ പേഷ്യന്റ് സർ, ഐ വിൽ കം ബാക്”. ഈർഷ്യതയോടെ പറഞ്ഞ് എയർഹോസ്റ്റസ് പോയി.
“ക്ടാവ് കൊള്ളാലോടാ.. മലയാളം മനസിലായല്ലോ.”

സജിത്തിന്റെ തമാശകളും കേട്ടിരുന്ന് അങ്ങനെ മൂന്നര മണിക്കൂർ പോയതറിഞ്ഞില്ല. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ കൌണ്ടറിലേക്കുള്ള നീണ്ട ക്യൂ വരെ, സജിത് പണ്ടേയുള്ളഒരു സുഹ്രത്തിനോടെന്നപോലെ എന്നോട് സംസാരിച്ച്കൊണ്ടിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ്, ബാഗേജ് വരുന്നതും കാത്ത് നിൽക്കുമ്പോൾ ഒരു ബാഗും തോളിലിട്ട് സജിത് വീണ്ടുമെത്തി.

“ലണ്ടൻ ഭായി, ലഗ്ഗേജെടുത്ത് വക്കാൻ വല്ല്ല ഹെല്പൂം വേണോ?, എനിക്കീ ഹാൻഡ് ബാഗ് മാത്രേയുള്ളു, പെണ്ണിന് കുറച്ച് ലൊട്ട് ലൊടുക്ക് ഗിഫ്റ്റ്കളേ.. പിന്നെ ദേ ഇതും” ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറ് കാണിച്ച് കൊണ്ട് സജിത്.
“വേണ്ട സജിത്തേ, താൻ പൊക്കോ. എവിടേലും ഡ്രോപ് ചെയ്യണേ പറ, എന്റെ അമ്മായിഅപ്പൻ പുറത്ത് വണ്ടിം കൊണ്ട് നിൽക്ക്കുന്നുണ്ട്.”
“വേണ്ട ഭായി, എന്റെ കുറേ പഴ്യ ടീമുകളിവിടെയുണ്ട്.. അവമ്മാരുണ്ടാകും പുറത്ത്. അപ്പോ, നമ്മ്ക്കിനി എപ്പോളേലും ലണ്ടൻ ജംക്ഷനിൻ വച്ച് കാണാംട്ടോ.” കൈ തന്ന് സജിത് പോയി.

3ആ‍ഴ്ച മുൻപുണ്ടായ മോളുമൊത്ത് കേക്ക് മുറിച്ച് അന്ന് ഞങ്ങൾ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറി ആഘോഷിച്ചു.

കണ്ണൂരിലെ എന്റെ വീട്ടിലേക്ക് പോകാനായി അടുത്ത ദിവസം രാവിലെ പപ്പ തമ്പാ‍നൂർ സ്റ്റേഷനിൽ എന്നെയെത്തിച്ചു. രാവിലെ ആറരമണിയായതേയുള്ളുവ്വെങ്കിലും സഹിക്കാൻ പറ്റാത്ത ചൂട്. വിയർത്തൊഴൂകുന്നു. ‘പരശുറാമിനാകെ‘ രണ്ട് എ.സി കോച്ചുകളേയുള്ളു, അതിന് റിസർവേഷനൊന്നും വേണ്ട. പിന്നീട് ടി.ടി.ആർ വരുമ്പോ എക്സ്ട്രാ ഫെയർ അവർക്ക് കൊടുത്താൽ മതിയെന്ന് ടികറ്റ് കൌണ്ടറിലിരുന്നയാൾ പറഞ്ഞു. പാർക്കിംഗിന്റെ പ്രശ്നമുള്ളത്കൊണ്ട് പപ്പ ലഗേജൊക്കെ ട്രയിനുള്ളിലാക്കി തിരിച്ച് പോയി. ട്രെയിൻ പോകാൻ ഇനിയും പതിനഞ്ച് മിനിറ്റോളമുണ്ട്. സ്റ്റേഷനിലെ ടീസ്റ്റാളിൽ നിന്നൊരു കാപ്പിയുംകുടിച്ച്, പ്രത്രത്താളുകൾ മറിക്കുമ്പോൾ പുറകിൽന്നാരോ വിളിച്ചു.

“ഡേയ്, ലണ്ടൻ ഭായ്..”
തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി തന്നെ. സജിത്. തലേന്ന് കണ്ട അതേ വേഷത്തിൽ, എമിറേറ്റ്സിന്റെ ടാഗ് പോലും കളയാത്ത അതേ ബാഗും തൂക്കി തിരക്ക് പിടിച്ചുള്ള വരവാണ്.

“താനപ്പോൾ ഇന്നലെ പോയില്ലെ.?” തെല്ലൊരത്ഭുതത്തോടെ, കൌതുകത്തോടെ ഞാൻ ചോദിച്ചൂ.

“എന്റളീയാ ഒന്നും പറയണ്ടാ, എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ കവറ് കണ്ടപ്പോ ആ ശവികള് പിടിച്ച പിടുത്തം, രണ്ട് കുപ്പിം തീർന്നപ്പോ, ഇന്നലെ പാതിരാത്രി കഴിഞ്ഞാ വിട്ടത്.. ബൈ ദ് ബൈ, ഒരു ദിവസം നിന്നപ്പോളേക്കും ഭായിയെ ഭാര്യാ വീട്ടുകാര് പായ്ക്ക് ചെയ്തോ.? “

“ഇല്ലടോ, അവരെല്ലാം മൂന്ന് ദിവസം കഴിയുമ്പോൾ കണ്ണൂർക്ക് വരും, മോൾടെ മാമ്മോദീസയുണ്ട്.” ഞാൻ പറഞ്ഞു.

സജിത്തും എന്നോടൊപ്പം കയറി. ഗൾഫ് വിശേഷങ്ങൾ, മലയാളസിനിമ തുടങ്ങി സജിത്തിന് സംസാരിക്കാൻ വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു. ഇടക്ക് ടികറ്റ് ചെക്കർ വന്നു.
“ദെന്തൂട്ടാ സാറേ, ഈ എക്സ്ട്രാ മേടിക്കണ നൂറ്റമ്പത് രൂപേടെ തണുപ്പൊന്നുമീ ഏസിക്കില്ലല്ലോ.. സാറിനിയാ ലാലൂനെ കാണുമ്പോ പറ ട്ടോ വണ്ടിലെ ഏസിയൊക്കെ കമ്പ്ലയന്റാണന്ന്.”

ടികറ്റ് ചെക്കർ അന്തംവിട്ട് സജിത്തിനെ നോക്കി ചോദിച്ചു. “ഏത് ലാലുനെ...?

“നമ്മ്ടെയാ മറ്റേ കന്നാലിയേ.. ലാലു പ്രസാദ്..”

ടികറ്റ് ചെക്കറ് പോലും ചിരിച്ചു പോയി.
“ഇപ്പോ മമതയാ സുഹ്രത്തേ മന്ത്രി. ശരി, ഞാൻ പറഞ്ഞേക്കാം.”

സജിത്തിന്റെ സ്റ്റോക്കൊരിക്കലും കാലിയാകത്തത്കൊണ്ട് യാത്രയുടെ മടുപ്പേ തോന്നിയില്ല.
“യൂറോപ്പിലെ തണുപ്പിൽ ജീവിക്കുന്ന നിങ്ങൾക്കൊന്നും നാട്ടിലെ ഈ പച്ചപ്പ് കാണുമ്പോ ഗൾഫ്കാരെപോലെ ഒരു കുളിരു തോന്നണുണ്ടാകില്ല, അല്ലേ ഭായി..?” പുറകിലേക്കോടി മറയുന്ന പച്ച പാടങ്ങൾ കണ്ട്കൊണ്ട് ട്രെയിനിന്റെ വാതിലിനടുത്ത് നിൽകുമ്പോൾ സജിത് പറഞ്ഞു.

വടയും ചായയും വാങ്ങി കഴിച്ചും, സജിത്തിന്റെ നേരമ്പോക്കുകൾ കേട്ടൂകൊണ്ടുമിരുന്ന് എറണാകുളമെത്തിയതറിഞ്ഞില്ല. ഞങ്ങളിരുന്ന കമ്പാർട്മെന്റ് ആളുകളെകൊണ്ട് നിറഞ്ഞു.

“ഭായിടെ നമ്പർ താ. ഞാനിനി കണ്ണൂരോ, ലണ്ടനിലോ വരേണ്ടി വന്നാ ഭായിയെ കോണ്ടാക്ട് ചെയ്യാല്ലോ..“

ഞാനെന്റെ നമ്പർ കൊടുത്തു. സജിത്തിന്റെ ഫോൺ ബാറ്ററി തീർന്ന് ഓഫായത്കൊണ്ട് ഒരു പേപ്പറിൽ അവൻ നമ്പർ കുറിച്ചെടുത്തു. സജിത്തിന്റെ നമ്പർ ചോദിച്ചപ്പോൾ, തലേന്ന് തിരുവനന്തപുരത്തെന്നെടുത്ത പുതിയ കണക്ഷനാണ്, നമ്പർ ഓർമ്മയില്ലന്നും, വീട്ടിലെത്തി ഫോൺ ചാർജ് ചെയ്താലുടനെ എന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെദിവസങ്ങളായുള്ള യാത്രയുടെ ക്ഷീണവും, ഉച്ചവെയിലും കാരണം സജിത്തിന്റെ കത്തിവക്കലിനിടയിലും ഞാനറിയാതെ മയങ്ങിപോയിരുന്നു.

“ട്രാ‍ാ എന്റെ ബാഗ്..നിൽക്കടാ‍ാ അവിടേ..”

സജിത്തിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. സജിത്തിന്റെ ബാഗുമായി ഒരാൾ വാതിലിന് നേരെ ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. പുറകെ സജിത്തും. ഒരു നിമിഷം കൊണ്ട് അയാൾ, ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ചാടി. ട്രെയിൻ ത്രശ്ശുർ സ്റ്റേഷനെത്താറായിരുന്നത് കൊണ്ട് വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ച് നിൽകുമ്പോൾ, സജിത്തും അയാളുടെ പിന്നാലെ ഓടി ട്രെയിനിന് വെളിയിലേക്ക് ചാടുന്നത് കണ്ടു. ഓടി വാതിലിനടുത്തെത്തിയപ്പോളേക്കും ഒരു കൂട്ടമാളുകൾ വാതിലിനടുത്ത് തടിച്ച്കൂടി പുറത്തേക്കെത്തി നോക്കി നിൽക്കുന്നു. ആളുകളെ വകഞ്ഞ്മാറ്റി ഒരുവിധം ഞാൻ പുറത്തേക്ക് നോക്കി. ദൂരെ പുറകിലായി റെയിൽ വേ ട്രാക്കിനരികിലെ പാറക്കഷണങ്ങൾക്കിടയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു രൂപം കണ്ടു. ട്രെയിൻ സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലേക്ക് കയറിയിരുന്നു.

“ഓടുന്ന വണ്ടിടെ എതിർദിശയിലാ ചങ്ങായി ചാടിയിരിക്കുന്നെ..നല്ല വീഴ്ചയാ വീണതെന്ന് തോന്നുന്നു.. വിമാനത്തിന്റെ സ്റ്റികറു പോലും പൊളിക്കാത്ത ബാഗും വച്ച് ട്രെയിനിൽ കേറിയാ ഗൾഫ്കാരനാന്ന് കള്ളന് ആരേലും പറഞ്ഞ് കൊടുക്കണോ.” പുറകിൽ നിന്നാരോ പറഞ്ഞു.

ട്രെയിൻ ഒരുവിധം സ്പീഡ് കുറഞ്ഞ്, നിൽക്കാറായപ്പോൾ ഞാൻ ചാടിയിറങ്ങി പുറകിലേക്കോടി. ട്രെയിനിൽ കയറിപറ്റാനും, ഇറങ്ങാനും തിരക്ക് കൂട്ടുന്ന യാത്രക്കാരുടെയും, ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന കച്ചവടക്കാരെയും തിരക്കിനിടയിലൂടെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ ഞാനോടി നോക്കി. സജിത് വീണ സ്ഥലം പ്ലാറ്റ്ഫോമിന് കുറച്ച് പുറകിലായിരുന്നിരിക്കണം. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. അടുത്ത് കണ്ട പോർട്ടറോട് ഞാൻ അനേഷിച്ചു. അയാൾ കൈ മലർത്തി. ഈയിടെയായി ട്രെയ്നിൽ മോഷണവും പിടിച്ച്പറിയുമൊക്കെ സാധാരണമാണന്നും, സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് പരാതിപ്പെടാനുമായിരുന്നു അയാൾടെ മറുപടി. അപ്പോളാണ് സീറ്റിനടിയിലും, മുകളിലെ റാക്കിനുള്ളിലുമൊക്കെയായിരിക്കുന്ന എന്റെ പെട്ടിയുടെം ബാഗിന്റെയും കാര്യമോർമ്മ വന്നത്. പാസ്പോർട്ടുൾപ്പടെയുണ്ടതിൽ. ട്രെയിൻ പുറപ്പെടാറുമായിരിക്കുന്നു.. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. വല്ലാത്തൊരു നിസ്സഹായവസ്തയോടെ ഞാൻ തിരിച്ച് നടന്നു. ഹ്രദയത്തിൽ ഒരു കല്ല് കയറ്റി വച്ചത്പോലെ തോന്നി എനിക്ക്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ത്രശ്ശുർ മുതലുള്ള യാത്ര.

ഒരു യാത്രക്കിടെ എവിടെ നിന്നോ വന്ന്, കുറച്ച് മണിക്കൂറുകൾകൊണ്ട്, നല്ലൊരു സുഹ്രത്തിനേപോലെ തോന്നിപ്പിച്ച്, അതിലേറെ വേദന ബാക്കിവച്ച് മറ്റൊരു യാത്രക്കിടെ എവിടെയോ അപ്രത്യക്ഷനായ ഒരാൾ.! ലോകത്തിലുള്ള സകലകാര്യങ്ങളെപറ്റിയും ഞങ്ങൾ സംസാരിച്ചെങ്കിലും, സജിത്തിനേപറ്റി കൂടുതൽ ചോദിച്ചുമില്ല, പറഞ്ഞതുമില്ലായിരുന്നു ; ത്രശ്ശൂരെവിടെയാണന്ന് പോലും. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടാകാം. എങ്കിലും, പാസ്പോർട്ടും, മഞ്ജുവിനുള്ള സമ്മാനങ്ങളുമുള്ള ആ ബാഗ് തിരിച്ച് കിട്ടിയിട്ടുണ്ടാകുമോ..? തിരിച്ച് ദുബായിക്ക് പോയിട്ടുണ്ടാകുമോ..? അതോ, സജിത് ആഗ്രഹിച്ചത് പോലെ, ഒരു സർക്കാർ ജോലിയുമായി നാട്ടിൽ സെറ്റായിട്ടുണ്ടാകുമോ..? നാട്ടിലെ ആ യാത്രയിൽ ഞാനുപയോഗിച്ചിരുന്ന, സജിത്തിനു കൊടുത്ത നമ്പർ ഇപ്പോൾ പപ്പയുടെ കൈയിലാണ്. ഇപ്പോളും,വിളിക്കുമ്പോൾ ഇടക്ക് വെറുതെ പപ്പയോട് ചോദിക്കാറുണ്ട് - സജിത്ത് ന്ന് പേരുള്ള ആരെങ്കിലും വിളിച്ചിരുന്നോ..?

Saturday, 14 August 2010

ചരിത്രം ആവർത്തിക്കുമ്പോൾ..

നല്ല വെയിലുള്ളൊരു ദിവസമായിരുന്നത്കൊണ്ട് കുറേ നേരം ഞണ്ട് പിടിച്ചും, കടലിൽ പോയി ചാടി മറിഞ്ഞുമെന്നതൊഴിച്ചാൽ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വീകെൻഡ്. അതിന്റെ ക്ഷീണമകറ്റാൻ ഒരു ബീയറും, കപ്പേം, സ്രാവ് കറീമടിച്ച് 11മണിയായപ്പോളെ നിദ്ര പ്രാപിച്ചു. സൈലന്റ് മോഡിലിടാൻ മറന്ന് പോയ മൊബൈലിന്റെ വിളി കേട്ടാണ് ചാടിയെണീറ്റത്. സമയം നോക്കിയപ്പോൾ 12 കഴിഞ്ഞു.

ഇതേത് പിശാശാ ഈ പാതിരാക്ക്!

“ഡാ,നീയൊന്നിങ്ങോട്ട് പെട്ടന്ന് വരണം..”

സോബിനാണ്.

ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലേ പോലെ, കുടിയേറ്റക്കാരുടെ സാന്നിധ്യം കൊണ്ട് അത്രക്കങ്ങ്ട് ‘കളങ്കപ്പെടാതിരിക്കുന്ന’(നാലും മൂന്ന് ഏഴ് മലയാളികൾ മാത്രമായ ഞങ്ങളെപ്പോലെ ചിലരുടെ സാന്നിധ്യ്യമൊഴിച്ചാൽ) ഡോളിഷ് എന്ന ശുദ്ധ ഇംഗ്ല്ലീഷ് ഗ്രാമത്തിലും ഒരു മലയാളി അസ്സോസിയേഷനുള്ള സാദ്ധ്യതകളെ ഊന്നിപ്പറഞ്ഞ് കൊണ്ട് അടുത്തിടെ ലാൻഡ് ചെയ്ത മൂന്ന് യുവ ബാച്ച്ലേർസിലൊരുവൻ.

ഈ കൊശവനിതെന്തിനെ കേടാ പോലും..

“എന്താടാ..കിടന്നുറങ്ങുന്ന ആളെ വിളിച്ചെണീപ്പിച്ച്.. ഈ പാതിരാക്ക്..

“നീ വന്നേ പറ്റൂ..ഞാനൊരു പ്രശ്നത്തിലാ അളിയാ.”

“ഹും..ഈ ശനിയാഴ്ച പാതിരാക്കുള്ള നിന്റെ പ്രശ്നം എന്തായാലും പുലിവാലായിരിക്കും.. അതുകൊണ്ട് എന്നെ വിട്ട് പിടി മോനേ ”

“അതല്ല്ലളിയാ, നീയൊന്ന് വന്നേ പറ്റൂ, ഒരു അഞ്ച് മിനിറ്റിനുള്ളിൽ നീയിവിടെ വന്നില്ലേൽ, പോലീസ് സ്റ്റേഷനിലോ, ജയിലിലോ വച്ചേ നിനക്കിനിയെന്നെ കാണാൻ പറ്റൂ.”

ദൈവമേ.. ഇവനിതെന്ത് ഏടാകൂടത്തിലാണോ തലവച്ചത്! ഇങ്ങനെ കിടന്ന് കരയുമ്പോ പോകാതിരിക്കുന്നതെങ്ങനെ. കാര്യമൊരു ബിയറേ അടിച്ചിട്ടുള്ളൂവെങ്കിലും, ആരെയാ പൊക്കേണ്ടേന്ന് നോക്കി റോഡായ റോഡ് മുഴുവനും പോലീസ് കുറ്റിയടിച്ച് നിക്കുന്ന ഈ ശനിയാഴ്ച രാത്രിൽ പുറത്തിറങ്ങുന്നതെങ്ങനെ.! എന്തേലും പറഞ്ഞ് ഒഴിവാക്കെന്ന ഭാര്യയുടെ അഭിപ്രായത്തെ നിഷ്കരുണം അവഗണിച്ച്, ഒടുവിൽ അര മൈൽ അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറുമെടുത്ത് സോബിന്റെ വീട്ടിലേക്ക് വിട്ടു. സുഹ്രത്തുക്കൾ എപ്പോളും അങ്ങനെയാണല്ലോ. പാരയായിട്ട് വന്നാലും ഉപേക്ഷിക്കാൻ പറ്റാതെ..

സോബിൻ താമസിക്കുന്ന ബിൽഡിംഗിന്റെ ഗേറ്റിലെത്തിയപ്പോളെ കണ്ടു - അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന നിലയിൽ ഒരു കാർ പകുതി ഗെയ്റ്റിനുള്ളിലായി കിടക്കുന്നു. അവന്റെ സഹ മുറിയനും, ഇൻഡ്യൻ ലൈസൻസ് ‘ഇന്റർനാഷണൽ’ ആക്കി കൊണ്ട് വന്ന, ആ കാറിന്റെ ഓണറുമായ ജെഫിനെ കാണാനുമില്ല.

എന്തോ കളഞ്ഞ അണ്ണാനേപ്പോലെ സോബിൻ കാറിനടുത്ത് നിൽക്കുന്നു. വണ്ടി റോഡ് സൈഡിലൊതുക്കി പുറത്തിറങ്ങി സോബിനോട് കാര്യം ചോദിച്ചു.

“അളിയാ എന്നെ തെറി പറയല്ല്. ഇന്ന് ഞങ്ങക്ക് രണ്ടാൾക്കും ഓഫാരുന്നു. കുറേ നാളായല്ലോന്നോർത്ത് ഞങ്ങളൊന്ന് കൂടാൻ തീരുമാനിച്ചു.’

“അതിന്”?

“അത്..അവൻ ... ജെഫിൻ..നേരത്തേ ഓഫായി പോയി. എനിക്കൊരു സിഗരറ്റ് വലിക്കാതെ ഉറങ്ങാനും പറ്റണില്ല.ആ ഡേഷ് മോനോട് കുറേ പറഞ്ഞ് നോക്കി. അവൻ മൈൻഡ് ചെയ്യണില്ലടാ. ഞാനൊരു സിഗരറ്റ് എങ്ങനേലുമൊപ്പിക്കാൻ നമ്മ്ടെ 24 അവറ് ടെസ്കോയിലേക്കൊന്ന് പോകാൻ നോക്കിയതാ. പക്ഷേ പണി കിട്ടി.. വിചാരിച്ച പോലെ വണ്ടി നീങ്ങണില്ലഡേ.. വണ്ടി അകത്തേക്ക് കേറ്റാൻ പറ്റാത്തോണ്ട് ഈ ബിൽഡിംഗില് താമസിക്കണ കൊറേ പേര് ഓൾ റെഡി വന്ന് എന്നെ തെറി വിളിച്ചിട്ട് റോഡിൽ വണ്ടിമീട്ട് കേറി പോയിട്ടുണ്ട്. ഇനിം നിന്നാ ആരേലും പോലീസില് വിളിച്ച് പറയും. അതാ നിന്നെ വിളിച്ചെ.. ”

“അതെന്തേ വണ്ടിക്കെന്തേലും പ്രശ്നമുണ്ടോ..”?

“ഇല്ലടാ. വണ്ടിയൊക്കെ കണ്ടീഷനല്ലേ. ഇന്നലെ സാർവീസിംഗ് കഴിഞ്ഞതല്ലേയുള്ളൂ. പക്ഷേ പ്രശ്നം എനിക്ക് ശരിക്കും ഡ്രൈവിംഗറിയില്ലന്നേ..”

എന്താ പറയണ്ടേ ഇവനോട്.. എനിക്ക് ചിരിക്കാതിരിക്കാനായില്ല. ചിരിച്ചു. പൊട്ടിചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും..!

കാരണം..
-----------------------------
വർഷങ്ങൾക്ക് മുൻപ്, രണ്ടായിരത്തി ഏഴ് മാർച്ച് മാസത്തിൽ.. ഒരു വ്യാഴാഴ്ച രാത്രി. മസ്കറ്റിൽ.

പതിവ് പോലെ വീകെൻഡ് സദസിൽ, സ്ഥിരം കുറ്റികളായ പ്രേം ജിത്ത്, സത്യേട്ടൻ, മനോഹരേട്ടൻ എല്ലാവരുമുണ്ട്.

“രാമ..രഘുരാമാ.. നാമിനിയും നടക്കാം..
രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”
എന്ന് തുടങ്ങി...
“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ..”
എന്ന് പ്രേംജിത്ത് പാടിയെത്തിയപ്പോഴേക്കും എല്ലാവരും തന്നെ, എന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞ കപ്പയും ബീഫും കഴിച്ച് ഒരു സൈഡായി കഴിഞ്ഞിരുന്നു.

“ഇവിടെ ഒരു ഡേഷുമില്ല്ല.. മതിയാക്ക് “

ഞാൻ പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിൽ വച്ച്, സോഫയിൽ ചുരുണ്ട് കൂടാനുള്ള ഒരുക്കങ്ങൾ നടത്തി.
ഒരു കുറ്റിയെങ്കിലും കിട്ടുമോന്ന് നോക്കി പ്രേംജിത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളൊക്കെ തപ്പി നോക്കികൊണ്ടിരിക്കുന്നു.

“ഡാ,നിന്റെ പർട്ടിക്ക് വിളിച്ച് വരുത്തീട്ടവസാനം ഒരു പൊക എടുക്കാനൊരു സിഗരറ്റ് കുറ്റി പോലുമില്ല. എങ്ങനേലുമൊരു സിഗരൊറ്റൊപ്പിച്ചില്ലേ നീയെന്റെ തനി സ്വഭാവമറിയും..”

സിഗരറ്റ് കിട്ടാത്തത് കൊണ്ട് പ്രേംജിത്ത് ഉടക്കിലാണ്. അത് കിട്ടാതെ ഇവനുറങ്ങില്ലന്ന് എനിക്കുമറിയാം. പക്ഷേ ഈ പാതിരാക്ക് എവിടെ പോയി സിഗരറ്റൊപ്പിക്കാൻ..

“ഡാ, മജാൻ ഹോട്ടലിലെ ഡാൻസ് ബാർ അടച്ചിട്ടുണ്ടാവില്ല. അവിടെ സിഗരറ്റ് കിട്ടും. നീ പോയെരെണ്ണം മേടിച്ചിട്ട് വാടാ..അപ്പോളേക്കും ഞാനിവളെയൊന്ന് സെറ്റപ്പാക്കാം”
പ്രേംജിത്ത് ഇന്റെർ നെറ്റിലേക്ക് കേറി കഴിഞ്ഞു.

“പത്ത് പതിനഞ്ച് മിനിറ്റ് ഇനി ഈ രാത്രില് മജാൻ ഹോട്ടല് വരെ നടക്കാനോ.. പോയേ അവ്ടെന്ന്..” ഞാനൊഴിവാക്കനുള്ള അവസാന ശ്രമവും നടത്തി നോക്കി.

“നീ നടക്ക്ണ്ട.. മോഹനേട്ടന്റെ വണ്ടിയെടുത്ത് വിട്. ഇന്നാ കീ.”

എനിക്ക് നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയില്ലന്ന് എനിക്ക് മാത്രമല്ലേ അറിയു. എങ്കിലും, നേരത്തെ കഴിച്ച ‘നെപ്പോളിയൻ’ തന്ന ആത്മവിശ്വാസത്തിൽ, രണ്ടും കല്പിച്ച് കീ‍യുമെടുത്തിറങ്ങി.

ഒന്നരമണി കഴിഞ്ഞിരിക്കുന്നു. കുറേ നേരത്തെ ശ്രമത്തിനൊടുവിൽ മോഹനേട്ടന്റെ ‘കൊറോള’ സ്റ്റാർട്ട് ചെയ്തു. പക്ഷേ പാർക്ക് ചെയ്തിരിക്കുന്ന വേറെ വണ്ടികളുടേയിടയിലൂടെ പുറത്ത് റോഡിലിറക്കണം. ഫസ്റ്റ് ഗിയറിലിട്ട് എടുക്കാൻ തുടങ്ങുമ്പോ‍ളെ വണ്ടി ഓഫായി പോകുന്നു. കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വിധം ഗേറ്റ് വരെ വണ്ടി എത്തിച്ചപ്പോൾ... പെട്ടന്ന് ഒരു വെളിച്ചം കണ്ണിലേക്കടിച്ചു, ഒപ്പം നീണ്ട ഹോണടിയും. ഒരു കാർ ഗേറ്റിനുള്ളിലേക്ക് വരുന്നതാണ്. അപ്പോളാണോർമ്മ വന്നത് - ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു.

‘നെപ്പോളിയന്റെ’ ധൈര്യമെല്ലാം പതുക്കെ ആവിയായി . ഞാൻ വിയർത്തും തുടങ്ങി. റിവേർസ് എടൂക്കാൻ നോക്കുമ്പോളൊക്കെ വണ്ടി ഓഫായി പോകുന്നു. അത് വരെ അറിയാമായിരുന്ന ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും അപ്പോൾ മറന്നു. ഒന്നും ചെയ്യാനാകുന്നില്ല. പ്രേംജിത്തിനെയോ, മോഹനേട്ടനെയോ വിളിക്കാമെന്നോർത്ത് നോക്കിയപ്പോൾ, ഫോൺ പോലുമെടൂത്തിട്ടില്ല. എതിരെ കിടക്കുന്ന കാറിന്റെ ഡ്രൈവർ അക്ഷമനായി കൈ വെളിയിലിട്ട് അറബിയിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നാമതേ മദ്യപിച്ചിട്ടുണ്ട്. പിന്നെ ലൈസൻസ് പോലുമില്ലാതെ, ഡ്രൈവിംഗറിയാതെ, ഒരു അറബിയുടെ മുന്നിൽ.. ഈ രാത്രിയീൽ.. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി. പോലീസിനെ അയാൾ വിളിക്കണ്ട കാര്യം പോലുമില്ല, എപ്പോൾ വേണമെങ്കിലും അല്ലാതെയുമെത്താം, കാരണം അയാളൂടെ അര കിലോമിറ്റർ നീളമുള്ള ബീഎംഡബ്ല്യ്യു കാറ് പകുതി റോഡ് ബ്ലോക്ക് ചെയ്താണ് കിടക്കുന്നത്.

എന്തും വരട്ടേയെന്ന് കരുതി ഞാൻ പുറത്തിറങ്ങി. അറിയാവുന്ന അറബിയും, ഇംഗ്ലീഷും വച്ച് അയാൾടെ കാറിനടുത്ത് ചെന്ന് ക്ഷമ പറഞ്ഞൂ.

“യൂ ദ്രിങ്ക്?” എന്റെ ശ്വാസമടിച്ചപ്പോളെ അയാൾ ചോദിച്ചു.

“ഒൺലി വൺ ബിയർ. ബട്ട് മൈ ഫ്രണ്ട് വാണ്ട് സിഗരറ്റ്. ഐ ഗോ ഷോപ്പ്. ബട്ട് കാർ കമ്പ്ലയന്റ്.”
ഞാനും അയാൾക്ക് മനസിലാകുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.

“യൂ ലൈയർ. യൂ ദോണ്ട് നോ ദ്രൈവിംഗ്.” പക്ഷേ അയാൾക്ക് സത്യം മനസിലായി.

എങ്കിലും, ഇടക്കെപ്പോളൊക്കെയോ ഞങ്ങളെ കണ്ടിട്ടൂള്ള, ആ ബിൽഡിംഗിലെ തന്നെ അന്തേവാസിയായ, ആ നല്ല അയൽക്കാരൻ ഒടുവിൽ ദയ തോന്നി ഇറങ്ങി വന്ന് എന്റെ കയിൽ നിന്ന് കീ മേടിച്ച് കാർ റിവേർസെടുത്ത് പഴയ സ്ഥിതിയിലാക്കി. എന്റെ ശ്വാസം നേരെ വീണു. അറബിയിലും, ഇംഗ്ലീഷിലും, മലായാളത്തിലുമെല്ലാം ഒരു നൂറ് നന്ദി ഞാൻ പറഞ്ഞു.

“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?” കീ എന്റെ കൈയിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു.

“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
ജീവൻ തിരിച്ച് കിട്ടിയ ഞാൻ, ബാക്കി തെറി മൊത്തം പ്രേംജിത്തിനെ വിളിക്കാനായി ഓടി ഫ്ല്ലാറ്റിനുള്ളിലേക്ക് കേറി.
-------------

“എന്തുവാടേ . നീ കുറേ നേരായല്ലോ കെടന്ന് ചിരിക്കണെ.. നിനക്കീ വണ്ടിയെട്ത്തൊന്ന് മാറ്റിയിടാൻ പറ്റ്വോ?.. അതിനാ നിന്നെ ഞാൻ വിളിച്ചത്..അല്ലാതെ നിന്റെ ഇളി കാണാനല്ല“

സോബിന് ക്ഷമ നശിച്ചു. അതിനിടയിൽ തന്നെ, വേറൊരു കാർ ഗേറ്റിലെത്തി അകത്ത് കയറാനാകാതെ ഹോണടിക്കാൻ തുടങ്ങിയിരുന്നു. സോബിന്റെ കയിൽ നിന്നും കീ മേടിച്ച് ഞാൻ കാർ റിവേർസെടുത്ത് പഴയ പാർക്കിംഗ് സ്ഥലത്തിട്ടു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.

Monday, 2 August 2010

ചില ലണ്ടൻ കാഴ്ചകൾ..

ജെറിയുടെ വീട്ടിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം അതികം വൈകാതെ തന്നെ പുറത്ത് പോകാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ പെട്ടന്ന് മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തണുപ്പ് കൂടി വരുന്നു, ഒപ്പം ചാറ്റൽ മഴയും. ഭാര്യ അതോടെ ‘റിവേർസ് ഗിയറിട്ടു’. “ഈ തണുപ്പത്തും മഴയത്തും ഞാനെങ്ങോട്ടുമില്ല. ഞാനും കൊച്ചുമിവിടെയിരുന്നോളാം, നിങ്ങൾ പോയിട്ട് വാ..”
പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.

ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.
കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.

നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.,

തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. ‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’ നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.


ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.


ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്

ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം.ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാ‍ൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...

(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:)

Thursday, 1 July 2010

ലണ്ടനിലേക്ക് - ‘ശിലായുഗത്തിലൂടെ’യൊരു യാത്ര -1

ലണ്ടനിലേക്കും, ലണ്ടനിലൂടെയുമുള്ള നിരവധി യാത്രാവിവരണങ്ങൾ സന്തോഷ് ജോർജ് കുളങ്ങര മുതൽ, ബൂലോക പ്രശസ്തരായ നിരക്ഷരൻ, കൊച്ച് ത്രേസ്യ, വിഷ്ണുലോകം, സിയ, പ്രദീപ് തുടങ്ങി ലണ്ടൻ മലയാളി ബ്ലോഗേർസിലെ കാരണവരായ ബിലാത്തിചേട്ടൻ വരെ നമ്മുക്ക് തന്നിട്ടുണ്ട്. ഒന്നര വർഷത്തോളം ലണ്ടൻ വാസിയായിരുന്നെങ്കിലും, അന്നൊന്നും ബ്ലോഗ് ലോകത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടായിരുന്നില്ല. ഇനിയുമൊരു യാത്രാവിവരണത്തിന് പ്രസക്തിയില്ല എങ്കിലും, ഈയടുത്ത് നടത്തിയ ഒരു ലണ്ടൻ യാത്രയിലെ ചില അനുഭവങ്ങളും, കൌതുകങ്ങളും...
--------------------------------------------------------------

അടുക്കളയിൽനിന്നും, ഹാളിൽ നിന്നുമുള്ള കലപില ശബ്ദങ്ങൾ കേട്ടാണ്, തലേന്ന് സുഹ്രത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിക്ക് അർമ്മാദിച്ചതിന്റെ ക്ഷീണത്തിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുവായിരുന്ന ഞാൻ പതുക്കെ കണ്ണ് തുറന്നത്.

“ഇതെത്ര നേരമായി വിളിക്കുന്നെന്റെ കൊച്ചേ, സമയം ദേ ഏഴ് കഴിഞ്ഞു. ഏഴരക്ക് ഇവിടുന്നെറങ്ങണംന്ന് പറഞ്ഞ് കിടന്നതാ”..
അമ്മ വാതിൽക്കൽ വന്നു വിളിക്കുന്നുമുണ്ട്. അപ്പോഴാ ഓർമ്മ വന്നത് - ഇന്ന് എല്ലവരെയും ലണ്ടൻ കാണിക്കാൻ കൊണ്ട്പോകാമെന്നേറ്റിരിക്കുവാണല്ലോ. പതുക്കെ എണിറ്റു. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം പൊതികെട്ടുന്ന തിരക്കിലാണ് അമ്മയും ഭാര്യയും. കഴിഞ്ഞ കുറേ യാത്രകളിൽ ഭാര്യയുടെ വക ഈ പൊതികെട്ട് പരീക്ഷിണം എനിക്കുമിഷ്ടപെട്ടത്കൊണ്ട്, എന്റെ പൊതിയിൽ ഒരു കഷണം വറുത്ത മീൻ കൂടുതലായെടുത്തിട്ട് ഞാനും അവരെ സഹായിച്ചു.

എട്ട് മണിക്കെങ്കിലും പുറപ്പെടണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും, എല്ലാവരുടെയും ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഒമ്പതര. ഏകദേശം കണ്ണൂർ പട്ടണം പോലെ പരിചയമുണ്ട് ലണ്ടൻ നഗരവുമായെങ്കിലും, ഇതാദ്യമായാണ് ലണ്ടനിലേക്കൊരു ഡ്രൈവിംഗ്. പുറമെ കാണിക്കുന്നില്ലങ്കിലും അതിന്റെ ടെൻഷനോടെ, രണ്ട് ദിവസത്തെ താമസം സ്പോൺസർ ചെയ്ത, സുഹ്രുത്ത് ജെറിയുടെ ലണ്ടനിലെ അഡ്രസ്സിലെ പോസ്റ്റ്കോഡ് പല തവണ നേവിഗേറ്ററിൽ സെറ്റ് ചെയ്ത് റൂട്ടൊക്കെ ഉറപ്പ് വരുത്തി.

ഡോളിഷിനടുത്തെ പ്രധാന പട്ടണമായ എക്സിറ്റർ കഴിഞ്ഞപ്പോഴെ, നേവിഗേറ്ററിൽ നിന്നുള്ള കിളിനാദം ശരിയായ വഴിയിലൂടെയല്ല എന്നെ നാവിഗേറ്റ് ചെയ്യുന്നതെന്ന് മനസിലായി. M5 എന്ന മോട്ടോർവേയാണ് എക്സിറ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രധാന പാത. പക്ഷെ, M5 യിലേക്ക് തിരിയേണ്ട ജംക്ഷൻ കഴിഞ്ഞിട്ടും നേവിഗേറ്റർ വീണ്ടും മുന്പോട്ട് തന്നെ നയിക്കുന്നു. ഒരു പന്തികേട് തോന്നിയത്കൊണ്ട്, ആദ്യം കണ്ട സൈഡ് റോഡിലേക്ക് കാറൊതുക്കി നേവിഗേറ്ററിൽ സെറ്റ് ചെയ്ത പോസ്റ്റ്കോഡും അഡ്രസ്സും വീണ്ടും നോക്കി. എല്ലാം ശരിയാണ്. ഒരു കുഴപ്പം മാത്രം- കഴിയൂന്നതും മോട്ടോർവേ ഒഴിവാക്കികൊണ്ടുള്ള വഴി തിരഞ്ഞെടുക്കാനാണ് നേവിഗേറ്റർ സെറ്റ് ചെയ്തിരുന്നത്!. വീണ്ടും M5 മോട്ടോർവേയിൽ എത്തണമെങ്കിൽ 13 മൈലോളം ദൂരം മുൻപോട്ട് പോയി,തിരിച്ച് വരണം!. വരുന്നിടത്ത് വച്ച് കാണമെന്നുള്ള വാശിയോടെ, കുറച്ച് കറങ്ങി തിരിഞ്ഞാണെങ്കിലും നേവിഗേറ്റർ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്നുള്ള ഉറപ്പുള്ളത്കൊണ്ട്, M5 മോട്ടോർവേ ഉപേക്ഷിച്ച് വണ്ടി നേരെ വിട്ടു.

“നാട്ടിലെ ഹൈവേ ദേ, ഇത്പോലിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരും. ഒരു ബ്ലോക്ക് വന്നാൽ, ഇത് പോലെ ക്ഷമ കാണിച്ച് ക്യൂവിൽ നിൽക്കത്തൊന്നുമില്ല്ല, ഒരു ഗാപ് കണ്ടാൽ തോന്നുന്നവൻ ഇടിച്ച് കേറ്റും. പിന്നെ അങ്ങോടുമില്ല, ഇങ്ങോടുമില്ല...”
ചെറിയൊരു നാട്ട് വഴിയിലൂടെ ഓടികൊണ്ടിരുന്നപ്പോൾ, ചില റോഡ് മെയിന്റൻസ് ജോലികൾ കാരണമുള്ള ട്രാഫിക് ബ്ലോക്കിൽ കുറച്ച് നേരം കിടന്നപ്പോൾ പപ്പയുടെ കമന്റ്. ഇവിടെ വന്നപ്പോൾ മുതൽ എന്തിനെയും നാടുമായി താരതമ്യപെടുത്തി പറയുകയാണ് പപ്പയൂടെ ഒരു ഹോബി.

“നൂറ് കോടിയിൽ കൂടുതൽ ജനങ്ങളും, പ്യൂൺ മുതൽ മന്ത്രിമാർ വരെയുള്ളവരിൽ അഴിമതിയില്ലാത്ത ഒരാളെ പോലുംകണ്ട് കിട്ടാൻ പ്രയാസവുമുള്ള നമ്മുടെ രാജ്യം, ഇത്രയെങ്കിലുമായല്ലോ, പപ്പാ. അതോർത്ത് സമാധാനിക്ക്”

എങ്കിലും, മറ്റു വാഹനങ്ങൾ നമ്മുക്ക് കയറി പോകാൻ ക്ഷമാപൂർവ്വം സിഗ്നൾ തരുന്നതും, ചിലപ്പോൾ മറ്റൊരു വാഹനത്തിന് നമ്മളായി വഴി കൊടുത്താൽ ഇൻഡികേറ്റർ ഫ്ലാഷ് ചെയ്തും, കൈ ഉയർത്തിയും നന്ദി പറഞ്ഞ് പോകുന്ന സംസ്കാരം പപ്പായ്ക്ക് വീണ്ടും അത്ഭുതം!. ഇരു വശവും പച്ച പുതച്ച കുന്നിൻ ചെരുവുകളും, താഴ്വരകളും നിറഞ്ഞ മനോഹരമായ ‘സോമർസെറ്റ്” കൌണ്ടിയിലൂടെ ഓടാൻ തുടങ്ങിയീട്ട് ഒരു മണിക്കുറോളമായി. ഇടക്കിടെ മഞ്ഞപട്ട് പുതച്ചപോലെയുള്ള Rapeseed പാടങ്ങളുടെയും, ഡാഫോഡിത്സ് പൂക്കളുടെയും, ഫാമുകളുടെയും നടുവിലൂടെയുള്ള രണ്ട് വരി പാതയിലൂടെ അതികം സ്പീഡിലല്ലാതെയുള്ള ഡ്രൈവിംഗ്, മനസ്സിൽ ചില ‘ദിൽ വാലെ ദുൽഹനിയ..’ സീനുകളെ ഓർമിപ്പിച്ചു. എന്തായാലും ഓർത്തതല്ലേ, ഒരു റിയൽ ഫീൽ വരട്ടെ എന്നോർത്ത് സിഡി മാറ്റിയിട്ടു.‘ഹോ ഗയ ഹെ തുജ്കോ തൊ പ്യാർ സജ്നാ...’ സ്റ്റീരിയോ പാടി തുടങ്ങി.

“ഏത് ‘സിമ്രാനെയാ’ ഇപ്പോളോർമ്മ വന്നത്?”..
പുറകിലെ സീറ്റിലിരുന്ന് അത് വരെ ഉറക്കം തൂങ്ങുകയായിരുന്ന ഭാര്യയാണ്.!
“കുറച്ച് വൈകിപോയി, അല്ലായിരുന്നെങ്കിൽ ‘തുജേ ദേഖാ തോയെയും, ‘കണ്ണോട് കാൺപതെല്ലാമും’ പാടി ചിലരുടെ കൂടെ ഇതിലെയൊക്കെ ഡ്രൈവ് ചെയ്യാമായിരുന്നു അല്ലേ?”
ഹ്ഹും.ഇവൾ വിടാൻ ഭാവമില്ല. മൌനം ബ്ലോഗർക്ക് ഭൂ‍ഷണം.

ചില വഴിയോരകാഴ്ചകൾ


സമയം 12 കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഇടക്കിടെ കാണുന്ന ‘സർവീസസ്‘ എന്ന ബോർഡ് വയറ്റിലേക്ക് ചില സിഗ്നലൂകൾ തന്നു.(ദീർഘദൂര യാത്രകളിൽ എന്തെങ്കിലും ഭക്ഷണം, ഇന്ധനം, വിശ്രമം..ഇതിനുള്ള ഇടത്താവളമാണ് ‘സർവീസസ്’ എന്ന് ഹൈവേകളിൽ കാണുന്ന പ്രതിഭാസം.:)‘സർവീസ്’ സ്റ്റേഷനിൽ കേറിയാലും കിട്ടാൻ പോകുന്നത്, മടുപ്പിക്കുന്ന കെഫ്സി ചിക്കനോ, ബർഗ്ഗറോ ആയിരിക്കും. പുറകിലുള്ള പ്ലാസ്റ്റിക് ബാഗിലൊന്നിൽ ‘അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചോറും, കറികളുമിരിക്കുന്നുണ്ടന്നുള്ള ഓർമ്മ വിശപ്പ് കൂട്ടി. സുഖമായിരുന്ന് പൊതിച്ചോറഴിച്ച് കഴിക്കാനൊരു സ്ഥലമായിരുന്നു, ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത ലക്ഷ്യം.

“ദേ..പന്നികളല്ലേ അത്..!” പപ്പയുടെ ചോദ്യം കേട്ടാണ് ഇടത് വശത്തേക്ക് നോക്കിയത്.! പശുക്കൾ, ആടുകൾ, കുതിരകൾ എല്ലാത്തിനെം വളർത്തുന്ന ഫാമുകൾ സാധാരണ കാഴ്ചകളാണങ്കിലും, ആദ്യമയിട്ടാണ് പന്നിയെ വളർത്തുന്ന ഒരു ഫാം റോഡരികിലായി കാണുന്നത്..

‘വിത്ഷൈർ’ കൌണ്ടിയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് റോഡ്സൈനുകൾ പറഞ്ഞു തന്നു .ഭക്ഷണം കഴിക്കാനായി കാർ എവിടെയെങ്കീലുമൊന്ന പാർക്ക് ചെയ്യണം. സ്പീഡ് വളരെ കുറച്ച് ഓടിച്ചു. വിശ്വസിക്കാനായില്ല, ദൂരെ തെളിഞ്ഞ് വരുന്ന കാഴ്ച..!.സ്ടോൺഹെൺജ്.. ചരിത്ര പുസ്തകങ്ങളിലും, Windox XP വാൾപേപ്പറായിട്ടും, ട്രാവൽ ഗൈഡുകളിലും, ഈയടുത്ത്, മോഹൻലാലിന്റെ “ആകാശഗോപുരം” സിനിമയിൽ പോലും കണ്ട അതേ സ്റ്റോൺഹെഞ്ജ്..! ഇംഗ്ലണ്ടിൽ വന്നപ്പോൾ മുതൽ കാണണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്ന് അപ്രതീക്ഷിതമായി മുന്നിൽ കണ്ടതിന്റെ സന്തോഷത്തിൽ കാർ അങ്ങോട്ട് തന്നെ തിരിച്ച് വിട്ടു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച മൈതാനത്ത് BC3000 കാലഘട്ടത്തിൽ കൂറ്റൻ കല്ലുകളിൽ തീർത്ത ആദിമ മനുഷ്യന്റെ നിർമ്മിതി!. സ്കൂൾ -യൂണിവേർസ്റ്റി വിദ്യാർഥികളെ കൊണ്ട് വന്ന ബസുകളും, സാധാരണ ടൂറിസ്റ്റ്കളുടെ കോച്ചുകളും, കാറുകളും കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞിരിക്കുന്നു. അല്ലങ്കിലും, 3പൌണ്ട് കൊടുത്ത് പർക്ക് ചെയ്യാനുള്ള പിശുക്ക് കാരണം, അല്പ ദൂരം മാറി പുറത്ത് റോഡ് സൈഡിൽ കാറൊതുക്കി എല്ലാവരും ഇറങ്ങി.

സ്റ്റോൺഹെഞ്ജിനെപറ്റിയുള്ള വിവരണങ്ങളടങ്ങിയ ബൂക്കുകൾ, ലീഫ്ലെറ്റുകൾ, ഗൈഡിന്റെ സേവനം എല്ലാം ലഭ്യമാണന്ന് മനസിലായി, ഇൻഫൊർമേഷൻ കൌണ്ടറിൽ ചെന്നപ്പോൾ. ഒരാൾക്ക് 5 പൌണ്ടിന്റെ ടിക്കറ്റും വേണം മുൾവേലി കെട്ടി തിരിച്ചിരിക്കുന്ന ‘ബ്രിട്ടീഷ് ഹെറിറ്റേജിന്റെ’ നിയന്ത്രണത്തിലുള്ള ഗ്രൌണ്ടിനുള്ളിൽ കയറാൻ. റിസപ്ഷൻ കൌണ്ടറിൽ നിന്നു തുടങ്ങുന്ന ഭൂമിക്കടിയിലൂടെയുള്ള ചെറിയ ഇടനാഴിയിലൂടെയാണ് റോഡിനെതിർവശത്തുള്ള മുൾവേലിക്കുള്ളിൽ ചെല്ലുക. ഉള്ളിൽ കയറിയാലും, സ്ടോൺഹെഞ്ജ് പാറകൾക്ക് അടുത്ത് വരെ പോയി കാണാമെന്നല്ലാതെ, അതിൽ തൊടാനോ, ഉള്ളിലേക്ക് കയറാനോ സാധിക്കുകയുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സ്ടോൺഹെഞ്ജ് പൂർണ്ണമായും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്. Summer Solstice എന്നറിയപ്പെടുന്ന,വർഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം (സാധാരണയായി ജൂൺ പകുതിയിലൊരു ദിവസം) സൂര്യോദയം കാണാൻ വരുന്ന ആയിരകണക്കിനായ ‘പേഗൻസ്’എന്ന പ്രാചീന മത വിഭാഗത്തിന്റെ ആരാധനക്ക്. മന്ത്രോച്ചാരണങ്ങളും, സ്ടോൺഹെഞ്ജിന് ചുറ്റുമുള്ള പ്രദിക്ഷണവുമായി സൂര്യരാധന നടത്തുന്ന ഒരു സമൂഹം ഇപ്പോളും ഇംഗ്ലണ്ട് പോലൊരു രാജ്യത്തുണ്ടന്നുള്ളത് പുതിയൊരറിവായിരുന്നു എനിക്ക്!

“പത്ത് മൂപ്പത് പൌണ്ട് കൊടുത്ത് ഈ കല്ലുംകൂട്ടം കാണാനോ. വേറെ പണിയൊന്നുമില്ലേടാ നിനക്ക്.. നമ്മ്ടെ രാജഗിരിലെ കമ്മാളി കല്ല്ല് ഇതിനേക്കാൾ പത്തിരട്ടിയുണ്ട്. നയാ പൈസേം കൊടുക്കണ്ട.” ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോൾ പപ്പയുടെ പ്രതികരണം!

ഇത്രേം പൈസ് മുടക്കി അകത്ത് കയറിയാലും, അത് പ്രയോജനപ്പെടുത്താൻ മാത്രം ചരിത്രത്തിലും, പൌരാണികതയിലും താല്പര്യമുള്ളവരല്ല കൂടെയുള്ളതെന്നറിയാവുന്നതിനാൽ ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. മുള്ള് വേലിക്കരികിലൂടെ അല്പദൂരം നടന്നപ്പോൾ സ്റ്റോൺഹെഞ്ജിനെ കുറച്ച് കൂടെ അടുത്ത് കാണാൻ സാധിച്ചു. ടൺ കണക്കിന് ഭാരമുള്ള കൂറ്റൻ പാറകൾ വ്രത്താക്രതിയിൽ കുത്തി നിർത്തി, ഒന്നിനു മുകളിൽ മറ്റൊന്നായുള്ള ചരിത്രാതീത കാലത്തെ ഈ നിർമ്മിതി ഇന്നും പുരാവസ്തു ഗവേഷകർക്കൊരു ചോദ്യചിഹ്നമാണ്. ‘നിയോലതിക് കാലഘട്ടത്തിൽ’ ജീവിച്ചിരുന്ന മനുഷ്യരുടെ സൂര്യാരാധനക്കുള്ള ക്ഷേത്രമോ, ശവപ്പറമ്പോ (burial site)ആയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സംഗതി എന്ത് തന്നെയായാലും, പ്രാചീന മനുഷ്യർ നൂറ്കണക്കിന് മൈലുകൾക്കകലെ നിന്ന് എങ്ങനെ, എന്തിന് ഈ കൂറ്റൻ കല്ലുകൾ ഇവിടെ കൊണ്ട് വന്ന് ഇത് നിർമ്മിച്ചു എന്നത് ഇന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നു.
മുൾ വേലിക്കരികിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന് കുറേ ഫോട്ടോകൾ എടുത്ത് തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരെയൊന്നും കാണുന്നില്ല. പപ്പയും, അമ്മയുമൊക്കെ അവർക്ക് കൌതുകമുണർത്തുന്ന കാഴ്ച അതിനകം കണ്ടെത്തി കഴിഞ്ഞിരുന്നു. സ്ടോൺഹെൺജിനെതിർവശത്തായി, അല്പദൂരം മാറിയുള്ള പുൽമൈതാനത്ത് മേഞ്ഞ് നടക്കുന്ന നൂറുകണക്കിന് പശുക്കൾ. വേലിക്കരികിലേക്ക് വന്ന ചിലതിനെ തൊട്ടും തലോടിയും പപ്പയിലെ കർഷകൻ സ്നേഹം പ്രകടിപ്പിച്ചു.പ്ലാൻ ചെയ്തിരുന്നതിൽ നിന്നൊക്കെ ഒത്തിരി വൈകിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടുമില്ല. വഴിതെറ്റിച്ചാണങ്കിലൂം അപ്രതീക്ഷിതമായി സ്ടോൺഹെഞ്ജ് കാണിക്കാനിടയാക്കിയ നേവിഗേറ്ററിനോട് നന്ദി പറഞ്ഞ് ഞങ്ങൾ സ്ടോൺഹെൺജിനോട് വിട പറഞ്ഞു. നാട്ടിലെ റോഡരികിൽ കരിക്ക് വിൽക്കുന്നത്പോലെ, സന്ദർശകർക്ക് ലോക്കൽ ഫാമുകളിൽ നിന്നുള്ള സ്റ്റ്ട്രോബറി വില്ക്കുന്നവരെ കാണാമായിരുന്നു വഴിയരികിൽ. 2-3 മൈലോളം വീണ്ടും പോയപ്പോളാണ്, വിജനമായ ഒരു പുൽമൈതാനം കണ്ടത്. വണ്ടി നിർത്തി, എല്ലാവരും പായ വിരിച്ച് ഇരുന്നു. അലുമിനിയം ഫോയിൽ പൊതി തുറന്നപ്പോൾ, സ്കൂളരികിലെ തോട്ടിൻ കരയിലിരുന്ന് കൂട്ടുകാരൊപ്പം ഉച്ചക്ക് വാഴയിലപൊതി അഴിക്കുന്ന സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു.

“ഉറക്കം കൺകളിൽ ഊഞ്ഞാല്കെട്ടുമ്പോൾ ഉദിക്കും നിൻ മുഖം ഞെഞ്ചത്തിൽ...”
വയറ് നിറയെ കഴിച്ചതിന്റെ ക്ഷീണത്തിൽ ഇടക്കിടെ കൂമ്പിപ്പോകാൻ തുടങ്ങിയ കണ്ണുകളെ ഉണർത്താൻ ഉച്ചത്തിൽ പാടിക്കൊണ്ട് (കരഞ്ഞ്കൊണ്ട് എന്നും പറയാം) ഞാൻ ഡ്രൈവ് ചെയ്തു.

“ഇങ്ങനെ പാടിയാൽ ഇത് കേൾക്കുന്ന ആരും പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങില്ല”.
ഭാര്യയുടെ കമന്റ് കേട്ടതോടെ ക്ഷീണമൊക്കെ മാറി.

ഇനിയും 120 മൈലോളമുണ്ട് ലണ്ടനിലേക്ക്. നാലു മണിക്കെങ്കിലും ജെറിയുടെ വീട്ടിലെത്തിയാലേ, ഇന്നത്തെ ബാക്കി പ്രോഗ്രാമായ ഈസ്റ്റ് ലണ്ടൻ കാണൽ നടക്കുകയുള്ളു. പറ്റിയാൽ ബിലാത്തിപട്ടണം മുരളിചേട്ടനെ കാണുകയും വേണം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗിനിടക്ക് വീണ്ടും ക്ഷീണം തോന്നിയെങ്കിലും, എവിടെയെങ്കിലും നിർത്തിയാൽ വീണ്ടും വൈകുമെന്നുള്ളത്കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫ്ലാസ്കിലെ കട്ടൻ കാപ്പി കുടിച്ചു.

ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാ‍ക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. ഇടക്കിടെ ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങിയെങ്കിലും, ലണ്ടൻ സിറ്റിക്കുള്ളിൽ കയറാതെ തന്നെ ‘വെംബ്ലിയിൽ’ നിന്നും നോർത്ത് സർകുലർ റോഡിലൂടെ ജെറിയുടെ വീടിരിക്കുന്ന ‘ഇൽഫോർഡിലേക്ക്’ നാവിഗേറ്റർ ക്രിത്യമായി എത്തിച്ചു. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്ടോൺഹെഞ്ചിലും, ഭക്ഷണം കഴിക്കാനമായി ചിലവഴിച്ച ഒന്നര മണിക്കൂറുൾ‌പ്പടെ, ആറു മണിക്കൂർ കൊണ്ട് ഏകദേശം കണ്ണൂർ മുതൽ എറണാകുളം വരെ പോകുന്ന ദൂരം പോന്നിരിക്കുന്നു.! ഇനി അല്പം നേരം വിശ്രമം ജെറിയുടെ വീട്ടിൽ.
(തുടരും..?)

Friday, 21 May 2010

‘കണ്ണോട് കാൺപതെല്ലാം ..’ - ഒരു നീണ്ട (പ്രണയ)കഥ

അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന വുഡൻ റാക്കിനുള്ളിൽ നിരന്നിരിക്കുന്ന കുപ്പികളിലൂടെ ഞാൻ വെറുതെ വിരലോടിച്ചു. ബ്ലൂലേബൽ വിസ്കി മുതൽ നമ്മ്ടെ സ്വന്തം കിംഗ്ഫിഷ് ബിയർ വരെ, ‘നോക്കി വെള്ളമിറക്കാതെ സ്ഥലം കാലിയാക്കെടേ’ എന്ന ഭാവത്തോടെ എന്നെ നോക്കി പുഛിച്ച് ചിരിക്കുന്നതായി എനിക്ക് തോന്നി...

ഇതൊന്നും കുടിക്കാനുള്ള യോഗം നമ്മുക്കില്ലങ്കിലും, പ്രതിസന്ധിയിലായികൊണ്ടിരിക്കുന്ന എന്റെ ജീ‍വിതത്തിൽ മരുഭൂമിയിലെ മരുപ്പച്ച പോലെ മനസിനൊരു കുളിർമ നൽകുന്ന നയനാനന്ദകരമായ കാഴ്ചയായിരുന്നു അത്.

AD 2007 ആഗസ്റ്റ്.
സ്ഥലം - പ്രിയ റെസ്റ്റോറന്റ്, ഈസ്റ്റ് ഹാം - ലണ്ടൻ.
(‘ഒതന്റിക് സൌത്ത് ഇൻഡ്യൻ & ശ്രീലങ്കൻ റെസ്റ്റോറന്റ്’ എന്ന് സൈൻ ബോർഡും, പിന്നെ തമിഴ്പുലികളെ പേടിച്ച് വർഷങ്ങൾക്ക് മുൻപ് നാട് വിട്ട് ഇവിടെ അഭയം തേടിയ ‘തിലകൻ’ എന്ന് ഞങ്ങൾ വിളിക്കുന്ന (കാണാൻ നമ്മ്ടെ തിലകനെപ്പോലെ തന്നെ)‘തിലക് രത്ന’ എന്ന ശ്രീലങ്കൻ ഓണറും മാത്രം പറയുന്ന സ്ഥാപനം)

കറുത്ത പാന്റ്സും, വെള്ള ഷർട്ടും, ആറെസ്സുസ്സുകാർ കുറി തൊടുന്നപോലെ നീളത്തിൽ ‘പ്രിയ റെസ്റ്റോറന്റ്’ എന്നെഴുതിയ ടൈയും തൂക്കി റിസപ്ഷൻ കം ബാർ കൌണ്ടറിനകത്ത് നിൽക്കുകയാണ് ഞാൻ. റെസ്റ്റോറന്റ് ശൂന്യമാണ്, എന്റെ മനസ് പോലെ തന്നെ. പകുതി ടിന്റ് പേപ്പർ ഒട്ടിച്ച ചില്ല് ഭിത്തിക്ക് പുറത്ത് തെരുവിൽ ഒരുവിധം തിരക്ക് കാണാം. ഇടക്കിടെ വന്ന് പോകുന്ന രണ്ട് നിലയുള്ള ചുവന്ന ലണ്ടൻ സിറ്റി ബസിൽ നിന്നും യാത്രക്കാർ ഇറങ്ങുന്നു, കയറുന്നു. എല്ലാം ഏഷ്യൻ,അല്ലങ്കിൽ ആഫ്രിക്കൻ നിറങ്ങൾ തന്നെ. ഇടക്കെങ്ങാനും ഒരു വെള്ള നിറം കണ്ടാലും അതും ദാരിദ്ര്യം പിടിച്ച ഏതേലും പോളണ്ടോ ചെക്ക് കാരോ ആയിരിക്കുമെന്നുറപ്പിക്കാം.

ഇംഗ്ലണ്ടിലേക്കുള്ള വിസ അടിച്ചതിനു ശേഷം, ഗൂഗിൾമാപ്പിൽ വലുതാക്കിയും ചെറുതാക്കിയും ഒരു നൂറ്പ്രാവശ്യം ഞാൻ കണ്ട ലണ്ടൻ തന്നെയാണോ ഇത്.? കാനറി വാർഫിലെ കൂറ്റൻ ബിൽഡിംഗുകളുടെ പടം ഗൂഗിളിൽ കാണിച്ച്, ‘ജയിംസ് ബോണ്ട് പടങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലമാ, ഇതിലേതെങ്കിലുമൊരു ഓഫീസിലായിരിക്കും മിക്കവാറും ഞാൻ ജോലിചെയ്യാൻ പോകുന്നത്’ എന്നൊക്കെ മസ്കറ്റിൽ വച്ച് കൂട്ട്കാരോട് തട്ടിവിട്ടതിനുള്ള ശിക്ഷയാണോ ഇത്?

ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ, കാട്ടിൽ നിന്ന് അവരെ തിരിച്ച് കൊണ്ട് വരാൻ (ചിന്തകളെ) ഞാനൊരു സി.ഡി എടുത്ത് പ്ലയറിൽ ഇട്ടു. ‘..കണ്ണോട് കാൺപതെല്ലാം തലൈവാ..കൺകളുക്ക് ശൊന്തമല്ലൈ..’ റഹ്മാന്റെ മാന്ത്രിക സംഗീതം റെസ്റ്റോറന്റിന്റെ നിശബ്ദദയിൽ അലയടിച്ചു.

നമ്മുടെ ഭാഷയിൽ കേട്ടാൽ ‘അസഭ്യമെന്ന്’ തോന്നാവുന്ന വാക്കുകൾ വച്ച് മുറി തമിഴിൽ, താഴെ കിച്ചണിലുള്ള തമിഴ് ജോലിക്കാരോട് ടോമി കത്തി വക്കുന്നത് അവ്യക്തമായി കേൾക്കാം. ടൺ കണക്കിന് സ്വപ്നങ്ങളുമായി സ്റ്റുടന്റ് വിസയിൽ ലണ്ടനിലെത്തിപെട്ട മറ്റനേകം മലയാളിപയ്യൻസിൽ പെടുന്നവരാണ് ടോമിയും, ഞാനുമെല്ലാം. ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് നാട്ടിൽ തേരാ പാരാ നടന്ന്, 16+ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ഹാർട്ട് ബീറ്റ്സ് കൂട്ടിയതിനു ശേഷം, ‘ന്നാ ഇനി കുറച്ച് നാൾ ലണ്ടനിലാകാം എന്റെ സേവനം’എന്ന് ചിന്തിച്ച്, അപ്പന്റെ അഞ്ചെട്ട് ലക്ഷവും പൊടിച്ച് ഇവിടെയെത്തിയ അവന് പ്രിയ റെസ്റ്റോറന്റിലെ ജോലി ‘മോർ ദാൻ എക്സ്പക്റ്റഡ്’ കാറ്റഗറിയായതിനാൽ കക്ഷി നല്ല ഹാപ്പിയാണ്. പക്ഷെ, അതുപോലെയാണോ ഗൾഫിലെ തരക്കേടില്ലാത്തൊരു പരസ്യ ഏജൻസിയിൽ 'ഡിസൈനർ' ചെയറിലിരുന്ന്, ബംഗാളിയായ ഓഫീസ് ബോയിയോട് ഓരോ മണിക്കുറിലും ‘വൺ കോഫീ പ്ലീസ്, ഇമ്രാൻ’ എന്നൊക്കെ ഓർഡർ ചെയ്ത് പാട്ടും കേട്ട് സുഖിച്ചിരുന്ന എന്റെ അവസ്ഥ.

‘ഈസ്റ്റ് ഹാമിലൊരു റൂം ശരിയാക്കിട്ടുണ്ട്. പാകിസ്ഥാനികളുടെ കൂടെയാ, 50പൌണ്ടേ ആഴ്ചയിൽ വാടകയുള്ളു ’ എന്ന് പറഞ്ഞ് സുഹ്രത്ത് ഷമീർ വിളിച്ചപ്പോൾ ലണ്ടനിലെത്തിയതിന് ശേഷമുള്ള ആദ്യ ഞെട്ടൽ ഞാൻ ഞെട്ടി - പിന്നീടൂള്ള ഞെട്ടൽ പരമ്പരകളുടെ തുടക്കമാണതെന്നറിയാതെ. “ഹെയ്..പാക്കികളുടെ കൂടെയൊ..നോ വെ.”

“ങ്ഹും. ആഴ്ചയിൽ ഒരു നൂറ്-നൂറ്റമ്പത് പൌണ്ട് മുടക്കാൻ റെഡിയാണോ നീ? എന്നാ സെന്റ്റ്ൽ ലണ്ടനിൽ, നല്ല സായിപ്പന്മാരുടെയൊക്കെ കൂടെ അക്കമഡേഷൻ ശരിയാക്കി തരാം’ എന്ന ഷമീറിന്റെ മറുപടി കേട്ട് തളർന്ന് പോയ ഞാൻ വേറെ വഴികളൊന്നുമില്ലാതെ കാശ്മീർ അതിർത്തിയിൽ കഴിയുന്ന ഇൻഡ്യൻ പട്ടാളക്കാരനെപ്പോലെ, തീപ്പെട്ടി കൂട് പോലെയൊരു റൂമിൽ താമസം തുടങ്ങി. പകൽ മുഴുവനും ‘ഡേ ട്രാവൽ കാർഡ്’ ടിക്കറ്റെടുത്ത് ഈസ്റ്റ് ലണ്ടൻ മുഴുവൻ ജോലി തെണ്ടി അലയും.

പഴ്സിന്റെ കനം മിനിറ്റുകൾ വച്ച് കുറഞ്ഞ് തുടങ്ങി. ആദ്യ ദിവസങ്ങളിൽ രാവിലെ സാൻഡ് വിച്ച്, ഉച്ചക്ക് ഏതേലും ഇൻഡ്യൻ റെസ്റ്റോറന്റിൽന്ന് ബിരിയാണി, വൈകിട്ട് ‘ചെന്നൈ ദോശ’യിൽ നിന്ന് മസാല ദോശ-ഈ രീതിയിൽ പൊയ്ക്കോണ്ടിരുന്ന എന്റെ മെനു വളരെ പെട്ടന്ന് തന്നെ രാവിലെ ഒരു കാപ്പി, ഉച്ചക്ക് ഒരു പഴം, വൈകിട്ട് ഒരു ചെറിയ സാൻഡ് വിച്ച് എന്ന ലെവലിലേക്ക് മാറ്റിയത് ദേഹമനങ്ങിയുള്ള ജോലിയൊന്നും നമ്മൾ ചെയ്യുന്നില്ലല്ലോ, അല്പം ഡയറ്റിംഗ് ഒക്കെയാവാം എന്ന് തോന്നിയത്കൊണ്ടായിരുന്നു. ജോബ്സെന്റർ വെബ്സൈറ്റ് തപ്പി ഡൈലി 50 അപേക്ഷകളെങ്കിലും അയക്കും. ഒന്നുരണ്ട് കമ്പനികളിൽ നിന്ന് ഫോണിലേക്ക് കോളും വന്നു. പക്ഷെ അവരുടെ ഇംഗ്ലീഷ് എന്റെയത്ര നിലവാരമില്ലാത്തതായകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല.

വിശപ്പ് സഹിക്കാനാകാതെ ഞാൻ, അവന്മാരുണ്ടാക്കി കിച്ചണിൽ വക്കുന്ന ബിരിയാണിയും ചപ്പാത്തിയുമൊക്കെ അടിച്ച്മാറ്റുമെന്ന് പേടിച്ചിട്ടാണോ എന്തോ, ഒടുവിൽ അടുത്ത റൂമിൽ താമസിക്കുന്ന പാകിസ്താനിയായ ഷാഹുലാണ്, ഈ റെസ്റ്റോറന്റിൽ കൊണ്ടാക്കിയത്.

“എക്സ്ക്യൂസ് മീ, ടേബിൾ ഫോർ ടു..?”

വീണ്ടും കാട് കയറിയ ചിന്തകളിൽനിന്നും ഒരു കിളി നാദമാണെന്നെയുണർത്തിയത്.. പോളണ്ട്കാരിയാണന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകുന്ന ഒരു സുന്ദരിയും, ഒന്നു നോക്കുക പോലും ചെയ്യാതെ തന്നെ ആന്ധ്രക്കാരനാണന്ന് മനസിലാക്കാവുന്ന ഒരു യുവാവും.

“പ്ലീസ് ബീ സീറ്റഡ്..” ഞാൻ രണ്ട് മെനു ഫോൾഡർ എടുത്ത് കൊടുത്ത് അവരെ ആസനസ്ഥരാക്കി.
കാലമാടൻ. ദരിദ്രവാസിയായ ഏതോ പോളണ്ട്കാരിയെ വളച്ച് കൊണ്ട് വന്നിരിക്കുന്നു. എന്നിൽ ധാർമ്മിക രോഷം തിളച്ചു.(അസൂയകൊണ്ടൊന്നുമല്ല)

“ഡാ തോമാ.. ഡേഷേ..എന്നാ കോപ്പൊണ്ടാക്കുവാ നീയവിടെ. കസ്റ്റമേർസ് വന്നിരിക്കണ കണ്ടില്ലേ..” ഞാൻ കൌണ്ടറിനു പുറകിലേക്ക് പോയി ടോമിയെ വിളിച്ചു.

“കെടന്ന് കാറാതെടാ.. ഞാനെന്റെ തമിൾ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുവാരുന്നു.” ടോമി വന്നു. പതിവ്പോലെ, ഒരു പെൺ സാന്നിധ്യം മനസിലാക്കിയ അവൻ ആവേശത്തോടെ ടേബിളിലെത്തി കാര്യങ്ങൾ ഏറ്റെടുത്തു. ഞാൻ കൌണ്ടറിൽ ചെന്ന് പാട്ടിന്റെ വോള്യം അല്പം കുട്ടിയപ്പോളേക്കും ‘പാക്കരാ’ എന്ന് ഞങ്ങൾ സ്നേഹപൂർവം രഹസ്യമായി വിളിക്കുന്ന ‘ഭാസ്കർ - റെസ്റ്റോറന്റ് മാനേജർ' ഡോർ തുറന്ന് കയറിവന്നു.

“ഏൻഡാ ഇത്..നൈറ്റ് ക്ലബാ?.. ലൌഡ് ഫിലിം സോംഗ്സ് ഇങ്ക നോട്ട് അലൌഡ്. അന്ത സോഫ്റ്റ് മ്യുസിക് പ്ലെ പണ്ണ്..’ പാക്കരണ്ണൻ ബോസിന്റെ അധികാരമെടുത്തു.

“സോറി സർ..ബോറടിച്ചപ്പോ..”
പ്രധാനമന്ത്രിയെ വരെ മിസ്റ്റർ ബ്രൌൺ എന്ന് അഭിസംബോധന ചെയ്യാവുന്ന ഈ രാജ്യത്ത് വന്നിട്ട് ഇവനെയൊക്കെ സാറേന്ന് വിളിക്കേണ്ടി വന്ന എന്റെ വിധിയെ പഴിച്ച്കൊണ്ട് ഞാൻ സി.ഡി മാറ്റിയിട്ടൂ. കെന്നി-ജിയുടെ സാക്സഫോൺ സംഗീതം പതിഞ്ഞ ശബ്ദത്തിൽ റെസ്റ്റോറന്റിൽ നിറഞ്ഞു. 6മണിയായതെയുള്ളു. ഇനിയും 5മണിക്കുർ ഈ നില്പ് നില്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ശരീരവും മനസും തളർന്നു. ആന്ധ്രക്കാരൻ പയ്യൻ ടോയ്ലറ്റിലെങ്ങാണ്ട് പോയ തക്കത്തിന് ടോമി ആ പോളണ്ട് സുന്ദരിയുടെ അടുത്ത് പോളിഷ് പഠനം തുടങ്ങികഴിഞ്ഞിരുന്നു.

കൌണ്ടറിൽ ചാരി നിന്ന് പുറത്തെ തെരുവിലേക്ക് നോക്കികൊണ്ടിരുന്ന എന്റെ സൈറ്റ് സീയിംഗിന് വിരാമമിട്ട്കൊണ്ട് നാലു പെൺകൊടികൾ വാതിൽ തുറന്ന് കയറി വന്നു. ജീൻസും ടോപ്പും ധരിച്ച തമിഴോ അതോ തെലുങ്കോ ആയ മൂന്ന് പേരും, അവരിൽ നിന്ന് വ്യതസ്ഥമായി മഞ്ഞ ചുരിദാറിട്ട മലയാളിമുഖമുള്ള ഒരു പെൺക്കുട്ടിയും. ആസ് യുഷ്വൽ, പെൺകുട്ടികളെ കണ്ടതോടെ പോളണ്ടിനൊരു ബ്രേക്ക് കൊടുത്ത്, ടോമി അങ്ങോട്ട് തിരിഞ്ഞു.

“സിജ്..കേൻ യു ..?” പോളണ്ടിന്റെയത്രേം നിറമില്ലാഞ്ഞിട്ടോ, ഓർഡർ എടുക്കാൻ തുടങ്ങിയത്കൊണ്ടോ എന്തോ, ടോമി അവരെ സ്വീകരിച്ച് എന്നെയേല്പിച്ചു. ടേബിൾ കാണിച്ച് കൊടുത്ത്, മെനു ഫോൾഡറുമായി ഞാൻ ചെന്നു .

“ഗുഡ് ഈവനിംഗ്..”
മൂന്ന് ദിവസത്തെ പരിചയമെ ഈ ജോലിയുമായിട്ടുള്ളത്കൊണ്ട് കൂടുതലൊന്നും പറയാതെ മെനു ടേബിളിൽ വച്ച് ഞാൻ തിരിച്ച് നടക്കാൻ തുടങ്ങവെ..
“എക്സ്ക്യൂസ് മീ, വി വിൽ ഓർഡർ ഡ്രിങ്ക്സ് ഫസ്റ്റ്.. 2 ഗ്ലാസസ് ഓഫ് റെഡ് വൈൻ, വൺ ബകാഡി ബ്രീസർ.. വാട്ട് എബട്ട് യു, ലച്ചൂ..?”കൂട്ടത്തിലെ ലീഡർ എന്ന് തോന്നിച്ച കക്ഷി മെനു മഞ്ഞ ചുരിദാറുകാരിക്ക് പാസ് ചെയ്തു.

“ഒരു ഓറഞ്ച് ജ്യൂസ്.” മെനു എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞപ്പോളാണ് ആ മുഖം ശ്രദ്ധിച്ചത്... മെനു ഫോൾഡർ എന്റെ കൈയിലിരുന്ന് വിറച്ചു.

“ഹെയ് ..ആർ യു ഓൾറൈറ്റ്?” ആ മുഖത്ത് നോക്കി ഷോക്കടിച്ചപോലെ നിന്ന എന്നെ തെലൂങ്കത്തി പെണ്ണിന്റെ ചോദ്യമാണ് ഉണർത്തിയത്. ഒരു സോറി പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു. സ്ഥലത്തിന്റെ പേരു ടൈപ്പ് ചെയ്യുമ്പോൾ ഗുഗിൾ എർത്ത് കറങ്ങി പോകുന്നപോലെ എന്റെ മനസ് ഒരു നിമിഷം കൊണ്ട് ലണ്ടനിൽ നിന്നും 9വർഷം പുറകോട്ട് പോയി പാലക്കാട് കോട്ട മൈതാനിയിൽ ക്രാഷ് ലാൻഡ് ചെയ്തു.
--------------------------------

2001 ഇന്റർ പോളിടെക്നിക് കലോത്സവ വേദി. പാലക്കാട്.

“ഡാ കോപ്പെ, നീ എന്തെട്ക്കുവാ..അവിടെ ബെസ്റ്റ് പരിപാടി നടക്കുന്നു. ഓർകസ്ട്രയും ഗാനമേളയും. നീ വാ‍ടാ”
പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിനായി ബ്രഷ് ഒക്കെ നന്നായി കഴുകി, പെൻസിലിനൊക്കെ മൂർച്ചയുണ്ടോ എന്ന് പരിശോധിച്ച് തയ്യാറെടുത്ത്കൊണ്ടിരിക്കുന്ന എന്റെയടുത്തേക്ക് സുഹ്രത്തും, ഞങ്ങളുടെ കണ്ണൂർ പോളിയിലെ ആസ്ഥാന പഞ്ചാരയുമായ ജുനൈദ് വന്ന് പറഞ്ഞു.

“നിനക്കൊന്നും വേറെ പണിയില്ലേടാ.. ഓർകസ്ട്ര പോലും.”
“ഡാ, അതല്ല, നീയൊന്ന് വന്നു കണ്ട് നോക്ക്..ആ കൊച്ചിന്റെയൊരു പാട്ട്..ഹെന്റമ്മോ എന്തൊരൈശ്വര്യമാടാ അവളെ കാണാൻ..”
“ഹോ ഓർകസ്ട്രയാ...ഡാ ഞാൻ കേട്ടത് ലളിത ഗാന മത്സരമാന്നാ” ഞാൻ ചാടിയെണീറ്റ് ജുനുവിന്റെ പുറകെ ഓടി.

സ്റ്റേജ് നമ്പർ 7നു അടുത്തെത്തിയപ്പോളേ മൈക്കിൽ കൂടി കേട്ടു തുടങ്ങി ‘...കണ്ണോട് കാൺപതെല്ലാം തലൈവാ ..കൺകളുക്ക് ശൊന്തമല്ലൈ.. നീയെന്നെവിട്ട് പിരിവതില്ലൈ..’
സ്റ്റേജിന്റെ മുൻപിൽ ഒരു സൈഡിലായി നിന്ന്കൊണ്ട് കേട്ടു, അല്ല കണ്ടു.. പച്ച ലേസ് തുന്നിയ മഞ്ഞ പാവാടയും, ബ്ലൌസുമിട്ട് സ്റ്റേജിൽ, മുല്ലപ്പൂ ചൂടിയ, വെളുത്ത് മെലിഞ്ഞ, നിഷ്കളങ്കമായ മുഖ ഭാവത്തോടെ ഒരു കൊച്ച് പെൺകുട്ടി പാടുന്നു.. ആ മുഖത്തുന്ന് കണ്ണെടുക്കാതെ അവളുടെ പാട്ട് മുഴുവൻ കേട്ടു.

“ഡാ, എനിക്കവളെയൊന്നു പരിചയപ്പെടണം. എന്താടാ വഴി..?” തിരിച്ച് പോസ്റ്റർ ഡിസൈനിംഗ് മത്സരം നടക്കുന്ന ഹാളിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ജുനുവിനോട് ചോദിച്ചു.
“എന്റിഷ്ടാ, അവള് പാലക്കാട് പോളിലെയാ.. നല്ല കിടു പയ്യന്മാരിഷ്ടം പോലെയുണ്ട് അവരുടെ ടീമിൽ. അവന്മാര് നിന്നെ പോസ്റ്ററ് പോലെയാക്കുവേ.”

മനസ് നിറയെ ആ മഞ്ഞപാവാട കുട്ടിയായിരുന്നത് കൊണ്ടാവാം,മത്സരത്തിന് ഞാൻ ഡിസൈൻ ചെയ്ത പോസ്റ്ററിന്റെ മെയിൻ കളർപോലും മഞ്ഞയായിരുന്നു. ജുനുവും, മറ്റ് കൂട്ട്കാരും കലോത്സവ വേദികളിലൂടെ കളറ്കളെണ്ണി നടക്കുമ്പോൾ മീൻ ചട്ടിക്ക് ചുറ്റും നടക്കുന്ന പൂച്ചയെപോലെ ഞാൻ പാലക്കാട് പോളിക്കാരുടെ പ്രാക്സീസ് റൂമിനു പുറത്ത് ചുറ്റിതിരിഞ്ഞു; അവളോടൊരു വാക്ക് മിണ്ടാനൊരവസരം നോക്കി. കുറേ കറങ്ങി തിരിഞ്ഞ് എന്നെയന്വേഷിച്ച് വന്ന ജുനുവിനു മനസിലായി, ഞാൻ വിടാനുള്ള ഭാവമില്ലന്ന്. നീണ്ട കാത്തിരിപ്പിനൊടുവിൽ റൂമിൽ നിന്ന് അവളും കൂട്ട്കാരികളും പുറത്തിറങ്ങി വരാന്തയിലൂടെ നടന്നു.

“എടാ പോയി മുട്ടടാ.. വേറെ ചാൻസിനി കിട്ടില്ല” ജുനു എന്നെ ഉന്തി തള്ളി അവരുടെ മുന്നിലേക്കിട്ടു.
തമിഴ് സിനിമകളിലെ നാട്ടിൻപുറത്ത്കാരിയായ നായികക്ക് ചുറ്റുമുള്ള തോഴിമാരെപ്പോലെ ഒരു കൂട്ടമുണ്ട് അവളുടെ ചുറ്റിനും.

“എന്താ വേണ്ടെ?” തൂണിന്റെ മറവിൽ നിന്ന് പെട്ടന്ന് ചാടി വീണ ഞങ്ങളോട് കൂട്ടുകാരികളിലൊരാൾ ചോദിച്ചു. എന്റെ ധൈര്യമെല്ലാം ചോർന്ന് പോയി.
“അത്.. അത് നിങ്ങൾടെ ടീം കാപ്റ്റനെവിടെയാ‍.” അവളോട് പറയാൻ മനസിൽ ആലോചിച്ച് വച്ച ഡയലോഗ്കളൊക്കെ ഞാൻ മറന്നു.
“ആ റുമിലുണ്ട്” അവർ നടത്തം തുടർന്നു.

“ഹെയ് ഒരു മിനിറ്റ്. ഇവനു ആ കുട്ടിയെയൊന്ന് പരിചയപ്പെടണംന്ന്”.. ജുനൈദ് ഇടപെട്ടു. അവർ സംശയത്തോടെ ഞങ്ങളെ നോക്കി നിന്നു.
“കുട്ടിടെ പ്.പേരെന്താ..?” രണ്ടും കല്പിച്ച് ഞാൻ ചോ‍ദിച്ചു.
“രാജലക്ഷ്മി..” പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
“നല്ല പാട്ടായിരുന്നു കേട്ടോ”.. എനിക്ക് കുറച്ച് ധൈര്യം വന്നു.
“താങ്ക്സ്.. ഞങ്ങൾക്ക് പ്രാക്ടീസുണ്ട്. ലച്ചു, വാ പോകാം”. അവളെന്തോ പറയാൻ വാ തുറന്നപ്പോളേക്കും തോഴി ഇടക്ക് കയറി മറുപടി പറഞ്ഞ് അവളുടെ കയിൽ പിടിച്ച് നടന്നകന്നു.

“രാജലക്ഷ്മി. പേരിനിച്ചിരി നീളം കൂടുതലാ,അല്ലേടാ? ലക്ഷ്മി എന്നാ അവക്ക് കൂടുതൽ ചേരുന്നത്.” തിരിച്ച് നടക്കുമ്പോ ഞാൻ ജുനൈദിനോട് പറഞ്ഞു.
“സാരല്ലടാ. നീ മതം മാറ്റി ഷേർളിന്നോ, സിസിലിന്നോ പേരിട്ടിട്ട് കെട്ടിയാ മതി.” ഉടൻ വന്നു ജുനൈദിന്റെ മറുപടി.

ലച്ചു പങ്കെടുത്ത പരിപാടികൾ - ശാസ്ത്രീയ സംഗീതം, വയലിൻ എല്ലാം ഞാൻ സ്റ്റേജിന്റെ മുന്നിൽ പോയിരുന്നു കണ്ടു. ഒന്നുടെ ഒന്ന് സംസാരിക്കാനൊരവസരം നോക്കി കുറേ നടന്നെങ്കിലും, അവരുടെ കൂടെയുള്ള പയ്യന്മാരുടെ എണ്ണവും സൈസും കണ്ട് പിന്മാറി. കലോത്സവത്തിന്റെ അവസാന ദിവസം. സമ്മാന ദാനത്തിന്റെ സമയമായി. ലച്ചു എന്ന രാജലക്ഷ്മിയാണ് കലാതിലകം. പോസ്റ്റർ ഡിസൈനിംഗിന് എനിക്ക് രണ്ടാം സമ്മാനമുണ്ട്. സമ്മാനം കിട്ടിയതിനേക്കാൾ ഞാൻ സന്തോഷിച്ചത്, സ്റ്റേജിന്റെ പുറകിൽ വച്ചെങ്കിലും ഒന്നുടെ സംസാരിക്കാനൊരു ചാൻസ് കിട്ടാൻ സാധ്യതയുണ്ടല്ലോയെന്നോർത്തായിരുന്നു. പ്രതീക്ഷിച്ചത്പോലെ തന്നെ, സമ്മാനം സ്വീകരിക്കാൻ കൂട്ടുകാരികളും ശല്യങ്ങളുമില്ലാതെ സ്റ്റേജിന്റെ പുറകിൽ വന്ന് നിന്ന ലച്ചുവിനോട് ഞാൻ പോയി സംസാരിച്ചു.

“ലച്ചുവിന്റെ എല്ലാ പരിപാടികളും നന്നായിരുന്നു, കൺഗ്രാറ്റ്സ്..” ഇത്രയൊക്കെയേ പറയാൻ പറ്റിയുള്ളുവെങ്കിലും, മറുപടിയായി ‘ഏത് പോളിന്നാ, ഏതിനാ പ്രൈസുള്ളത്’ ഇത്രയുമേ അവളും ചോദിച്ചുള്ളുവെങ്കിലും സൂപ്പർ ലോട്ടോ അടിച്ചവനെപ്പോലെ ഞാൻ സന്തോഷിച്ചു.

തിരിച്ച് കണ്ണൂർക്കുള്ള യാത്രയിൽ കൂട്ട്കാരെല്ലാം ട്രയിനിൽ പാട്ടും ബഹളവുമായി അടിച്ച്പൊളിക്കുമ്പോൾ, എന്റെ മനസ് പാലക്കാട് പോളിടെക്നികിലും, ഒരിക്കലും കണ്ടിട്ട്പോലുമില്ലാത്ത ഏതോ അഗ്രഹാരത്തിലുമൊക്കെയായിരുന്നു..(ലച്ചു പാലക്കാട്ടെ ഏതോ അഗ്രഹാരത്തിൽനിന്നുള്ള ബ്രാഹ്മിൺ കുട്ടിയായിരിക്കുമെന്ന് ജുനൈദ് പറഞ്ഞത് കേട്ട്, ഞാനും അങ്ങനെ സങ്കല്പിച്ചു). കലോത്സവ വാർത്തകളും വിജയികളുടെ ഫോട്ടോകളുമായി പാലക്കാട് എഡിഷനിൽ ഇറങ്ങിയ ആ ദിവസത്തെ പത്രങ്ങൾ മുഴുവനുണ്ടായിരുന്നു എന്റെ കൈയിൽ. ഇടക്കിടെ ഓരോ പത്രവും തുറന്ന് വിവിധ പോസുകളിലുള്ള ലച്ചുവിന്റെ ഫോട്ടോകൾ നോക്കി നെടുവീർപ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞു. സാധാരണ ഇമ്മാതിരി അസുഖങ്ങൾ പിടിപെട്ടാൽ, ഒന്നു രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണു എന്റെ പൂർവകാല ചരിത്രം.(നമ്മ്ക്ക് ആക്സസബിളായ കേസല്ലങ്കിൽ). പക്ഷെ ഇത്തവണ ലച്ചു എന്റെ മനസിന്റെ അന്തരാളങ്ങളിലെവിടെയോ അനുരാഗത്തിന്റെ വിത്ത് വിതച്ച് മനസിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.(ഹോ.!). രണ്ട് വീതം മൂന്ന് നേരവും ‘ജീൻസ്’ സിനിമയിലെ ‘കണ്ണോട് കാൺപതെല്ലാം.. കേൾക്കാൻ തുടങ്ങി. ഒടുവിൽ എന്റെ അവസ്ഥ കണ്ട് ജുനൈദ് ഒരു ഐഡിയയുമായി വന്നു. പത്രങ്ങളിൽ നിന്ന് കട്ട് ചെയ്തെടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി ഒരു ചിത്രം വരക്കുക. ഒരു കലാകാരിയെ വീഴിക്കാനുള്ള ഏറ്റവും നല്ല വഴി കല തന്നെയാണ്!

ഉച്ചക്ക് ക്ലാസ് കട്ട് ചെയ്ത് ഹോസ്റ്റൽ റൂമിലെത്തി.‘കണ്ണോട് കാൺപതെല്ലാം..‘ ബാക്ഗ്രൌണ്ടിൽ കേട്ട്കൊണ്ട്, ‘മാത്രഭൂമിയിൽ’ നിന്ന് വെട്ടിയെടുത്ത, വയലിൻ വായിച്ച്കൊണ്ടിരിക്കുന്ന പോസിലുള്ള അവളുടെ ഫോട്ടോയിൽ ഗ്രാഫുകളിട്ട് ഞാൻ വര തുടങ്ങി. രണ്ടാം ദിവസമായപ്പോഴേക്കും വാട്ടർ കളറിൽ ഒരുവിധം വരച്ചൊപ്പിച്ചു.

“ഡാ, ഇത് കണ്ടാൽ അവൾടെ ചേച്ചിനെപ്പോലെയിരിക്കും. ഒരു കാര്യം ചെയ്യ്. നമ്മടെ സിവിലിലെ അമേഷ് നിന്നേക്കാ നന്നായി പെൻസിൽ സ്കെച്ച് ചെയ്യും. അവനൊരു ബിയറ് മേടിച്ച് കൊടുത്ത് ഒരെണ്ണോടെ വരപ്പിക്ക്.”
ചിത്രം കണ്ട ജുനൈദിന്റെ പ്രതികരണം. അവനെ കുറേ തെറിവിളിച്ചെങ്കിലും, ഒരു പെർഫക്ഷന്റെ കുറവ് വരണ്ടാ എന്നോർത്ത് അമേഷിനെകൊണ്ട് ഒരു പെൻസിൽ സ്കെച്ചും ചെയ്യിപ്പിച്ചു. (വരച്ചതിന്റെ താഴെ അവന്റെ പേരെഴുതാതിരിക്കാൻ രണ്ടാമതൊരു ബിയറ്കൂടി കൊടുത്തു.) ഇനി എങ്ങനെ ഇതവിടെ എത്തിക്കും.? പോസ്റ്റിലയച്ചാലും, അവളുടെ കൈയിൽ കിട്ടണമെന്നില്ല. കലുങ്കഷമായ ചർച്ചകൾക്കൊടുവിൽ, ഞാനും ജുനൈദും (അവന്റെ ചിലവ് ഞാൻ വഹിക്കാമെന്ന വ്യവസ്ഥയിൽ) പാലക്കാട് പോയി ലച്ചുവിന് നേരിട്ട് കൊടുക്കാമെന്ന തീരുമാനത്തിലെത്തി. നേരിട്ട് കണ്ട് സംസാരിക്കുകയുമാവാമല്ലോ. പ്രൊജക്ട് വർക്കിന് പോകുന്നെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് പുലർച്ചെയുള്ള ട്രയിനിൽ ഞങ്ങൾ പാലക്കാടേക്ക് തിരിച്ചു.

പാലക്കാട് പോളിടെക്നിക്കിനു വെളിയിൽ ഓട്ടോ നിർത്തിയിറങ്ങുമ്പോൾ ഓട്ടോയുടെ ശബ്ദത്തേക്കാളുച്ചത്തിലായി എന്റെ ഹ്രദയമിടിപ്പ് . എക്സാം അടുത്തിരുന്നതിനാലും, വിദ്യാർത്ഥികളെല്ലാം തന്നെ പ്രൊജക്റ്റ് വർക്കിന്റെ തിരക്കുകളിലുമായിരുന്നതിനാലും അങ്ങിങ്ങ് കുറച്ച് കുട്ടികൾ മാത്രമേ കോമ്പൌണ്ടിലുണ്ടായിരുന്നുള്ളു. ഫൈനലിയർ ഇലക്ട്രോണിക്സ് ബ്രാഞ്ചിന്റെ ക്ലാസ്സെവിടെയാണന്ന് പ്യുണെന്ന് തോന്നിയ ഒരാളോട് ചോദിച്ചു മനസിലാക്കി. രണ്ടാം നിലയിലെ ക്ലാസ്സ് റൂമിനു വെളിയിലെത്തിയതോടെ എന്റെ ടെൻഷൻ അതിന്റെ മാക്സിമത്തിലെത്തി. കൈയിലെ വിറയലൊന്ന് കുറയ്ക്കാനായി ജുനൈദിന്റെ കയിൽനിന്ന് ഞാൻ ചെയ്ത പെയിന്റിംഗിന്റെ കവർ വാങ്ങി പിടിച്ചു. വരാന്തയിൽ നിന്ന് ജനലിലൂടെ നോക്കിയപ്പോളെ കണ്ടു, റൂമിന്റെ ഏറ്റവും പുറകിലെ ഡസ്കിൽ ലച്ചുവും രണ്ട് പെൺകുട്ടികളുമിരുന്ന് റെക്കോർഡ് വരക്കുന്നു. വേറെ കുറച്ച് ആൺകുട്ടികൾ ബഹളമുണ്ടാക്കിയിരിക്കുന്നുമുണ്ട്.

“ഡാ, നമ്മൾ നേരിട്ട് ഇവ്ടെ നിന്ന് വിളിച്ചാൽ ഈ പയ്യന്മാര് വന്ന് ചോദിക്കും. നമ്മൾ ഈ പോളിലെയല്ലന്നു അവന്മാർക്ക് ഈസിയായിട്ട് മനസിലാകും, സംഗതി പാളും. ഓഫീസിൽ പോയി പറഞ്ഞ് പ്യൂൺ വഴി അവളെ വിളിപ്പിക്കുവാരിക്കും നല്ലത്.”
ജുനു പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നി. ഓഫീസിലേക്ക് നടന്നു. ആദ്യം കണ്ട ടേബിളിലെ, ഫയലുകൾക്കിടയിൽ തലകുമ്പിട്ടിരിക്കുന്ന താടിക്കാരനായ ക്ലർക്കിനോട് ഞങ്ങൾ കാര്യം പറഞ്ഞു.‘ഫൈനലിയർ ഇലക്ട്രോണിക്സിലെ രാജലക്ഷ്മിനെ കാണണം.’

“നിങ്ങളാരാ. എവിടുന്നാ. എന്താ കാര്യം.?” താടിക്കാരൻ ക്ലർക്ക് ഫയലിൽനിന്ന് മുഖമുയർത്തി.

“ഞങ്ങളവൾടെ കസിൻസാ. പ്രൊജക്ട് വർക്കിന്റെ കുറച്ച് പേപ്പേർസ് അവൾ വീട്ടിൽ മറന്ന് വച്ചൂ. അത്കൊണ്ട് കൊടുക്കാൻ അവൾടെ അമ്മ പറഞ്ഞിട്ട് വന്നതാ.” ജുനു പെട്ടന്ന് മറുപടി പറഞ്ഞു. ക്ലെവർ ബോയ്. ജുനുവിനെപറ്റി എനിക്കഭിമാനം തോന്നി. താടിക്കാരൻ ഞങ്ങളെയൊന്നു സൂക്ഷിച്ച് നോക്കി. പേന ഫയലിൽ വച്ച് ആൾ എണീറ്റു.

“സാർ വരണമെന്നില്ല. പ്യൂണിനെ വിട്ടൊന്ന് വിളിപ്പിച്ചാ മതി.” ജുനു വിനയാന്വിതനായി പറഞ്ഞു.
“സാരമില്ല. ആട്ടെ, കസിൻസിന്റെ വീടെവിടെയാണ്?” ഓഫീസിന് വെളിയിലേക്ക് നടക്കുമ്പോൾ അയാൾ ചോദിച്ചു.
“കഞ്ചിക്കോട്’ ഞാൻ പറഞ്ഞു.

അയാൾ അല്പനേരം ഞങ്ങൾ രണ്ടാളെം മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു :
“ഞാൻ രാജലക്ഷ്മിടെ അഛനാണ്. ഞാനറിയാത്ത ഈ കസിൻസ് ആരാന്ന് അവളോടൊന്ന് ചോദിക്കണമെല്ലോ. ആ പേപ്പറിങ്ങ് തരൂ.”
ആ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് തലയിൽ വീണപോലെ ഞങ്ങൾ നിൽക്കുമ്പോൾ ജുനൈദിന്റെ കൈയിലിരുന്ന അമേഷ് വരച്ച പെൻസിൽ ഡ്രോയിംഗിന്റെ കവർ അയാൾ തട്ടിപറിച്ചെന്നവണ്ണം മേടിച്ചു. ഒരു നിമിഷംകൊണ്ട് ജുനൈദ് അപ്രത്യക്ഷനായി. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ മൂന്ന് സ്റ്റെപ്പ് ഒറ്റ ചാട്ടത്തിനെന്ന നിരക്കിൽ സ്റ്റെപ്പിറങ്ങി ജുനുവിന്റെ പിന്നാലെയോടി. ഗേറ്റിനടുത്ത് മരച്ചുവട്ടിൽ കിതച്ച്കൊണ്ട് നിന്ന് ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു - രണ്ടാം നിലയിലെ വരാന്തയിൽ ക്ലാസ്സ് റൂമിനുവെളിയിലായി അയാളും ലച്ചുവും കവർ പൊട്ടിച്ച്കൊണ്ട്, താഴെ മരചുവട്ടിൽ നിൽക്കുന്ന ഞങ്ങളെ നോക്കുന്നു. ക്ലാസ് റൂമിൽ നിന്നും അവളുടെ കൂടെയുണ്ടായിരുന്ന കുട്ടികളും പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

“ഡാ, വിട്ടോ..ഇനി നിന്നാ പ്രശ്നമാ” ജുനു ഗേറ്റിനു വെളിയിലേക്കോടി. പുറകെ ഞാനും.
-------------------------

“ഏതവളെ കിനാവ് കണ്ട് നിക്കുവാടാ നീ. ആ ടേബിള് പോയി ക്ലിയർ ചെയ്തേ..”

ആരോ പുറത്ത് തട്ടി. ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. ടോമിയാണ്. അവൻ വീണ്ടും എ.ആർ റഹ്മാൻ ഹിറ്റ്സ് സി.ഡി ഇട്ടു. ഭാസ്കരണ്ണൻ പുറത്ത് പോയിട്ടുണ്ടാവും. ഒരു ദീർഘനിശ്വാസത്തോടെ ഞാനവരുടെ ടേബിളിനടുത്തേക്ക് ചെന്നു. അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. തമാശകളൊക്കെ പറഞ്ഞ് ചിരിച്ച്, ഐസ്ക്രീം കഴിക്കുകയാണ് ലച്ചു. അല്പം വണ്ണം വെച്ചിട്ടുണ്ട്. മുല്ലപ്പൂ ചൂടിയിരുന്ന ആ നീണ്ട മുടി ഇപ്പോൾ കഴുത്തിനു താഴെവരെ മാത്രം . നെറ്റിയിലെ ചന്ദനകുറിയില്ല, പകരം നിറുകെയിൽ സിന്ദൂരം.!

“യു കാൻ കീപ് ദിസ്.” ബിൽ പേ ചെയ്തതിന്റെ ബാക്കി, ബിൽ ഫോൾഡറിനുള്ളിൽ വച്ച് ടേബിളിൽ വച്ചപ്പോൾ എന്നെ നോക്കി ലച്ചു പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്ന ഞാൻ ഒന്നും പറയാതെ 2പൌണ്ടിന്റെ ആ കോയിനെടുത്ത് പോക്കറ്റിലിട്ടു. ലച്ചു എനിക്ക് തന്ന ടിപ്സ്!. അവർ പോകാനെണീറ്റു.

“രാജലക്ഷ്മിയല്ലേ..? പാലക്കാട് പോളിയിൽ പഠിച്ചിരുന്ന..?” ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.
“അതെ..എന്നെ എങ്ങനെയറിയാം.? അവിടെ പഠിച്ചിരുന്നോ ഇയാൾ?’. അത്ഭുതത്തോടെ ലച്ചു ചോദിച്ചു.

‘ഇല്ല. പക്ഷെ അറിയാം. ഇന്റർപോളി കലോത്സവത്തിന് കണ്ടിട്ടുണ്ട്. ഈ പാട്ടല്ലേ അന്ന് ഓർകസ്ട്ര മത്സരത്തിനു പാടിയത്.?’ ഞാൻ പറഞ്ഞു.
‘ഈശ്വരാ.. എന്റെ ക്ലാസ്മേറ്റ്സിനെ പലരെപോലും ഞാനിപ്പോ ഓർക്കുന്നില്ല. കലോത്സവത്തിനൊരു ദിവസം കണ്ടിട്ട് ഇയാളെന്നെയോർക്കുന്നെന്നോ! ഞാൻ പാടിയ പാട്ട് പോലും...ഹോ.. വാട്ട് ടു സെ.. ഇറ്റ്സ് സർപ്രൈസിംഗ്!” ലച്ചുവിന് അത്ഭുതമടക്കാനായില്ല.

“ഒരിക്കൽ എന്റെ എത്ര രാത്രികളെ നിദ്രാവിഹീനമാക്കിയതാ ഈ മുഖം. വയലിൻ വായിച്ചിരിക്കുന്ന നിന്റെ ചിത്രം ഞാൻ വരച്ചത് കാൻ വാസിൽ മാത്രമല്ല, എന്റെ ഹ്രദയത്തിൽകൂടിയായിരുന്നു. പത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത് ഞാൻ സൂക്ഷിച്ച നിന്റെ ഫോട്ടോകൾ എന്റെ പഴയ ഡയറികൾക്കുള്ളിലെവിടെയോ ഇപ്പോളുമുണ്ടാകും.. പിന്നെ എങ്ങനെ മറക്കാനാ ഈ മുഖം” - ഇങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല, പകരമൊന്നു ചിരിച്ചു.

കുറച്ച് നേരം കൂടി ഞങ്ങൾ സംസാരിച്ച് നിന്നു. ലച്ചുവിന്റെ വിവാഹം കഴിഞ്ഞിട്ട് 1 വർഷമാകുന്നു. രണ്ട് പേരും ലണ്ടനടുത്തുള്ള റെഡിംഗിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. കൂട്ടുകാരെ കാണാനായി വന്നതാണ് ഈസ്റ്റ് ഹാമിൽ. അല്പനേരത്തിനുള്ളിൽ ഹസ്ബൻഡ് പിക് ചെയ്യാൻ വരും. എപ്പോളെങ്കിലും കാണാമെന്ന് പറഞ്ഞ് ഷേക് ഹാൻഡ് തന്ന് ലച്ചു ഇറങ്ങി. ഇനിയും ഓർമിക്കാനായി, ആ 2പൌണ്ടിന്റെ കോയിൻ സൂക്ഷിച്ച് വക്കണമെന്ന് തമാശ പറഞ്ഞ്, പുറത്തിറങ്ങി അല്പം നടന്ന അവൾ വീണ്ടൂം തിരിഞ്ഞ് എന്നെ നോക്കിയതെന്തിനായിരിക്കും.!

കണ്ണോട് കാൺപതെല്ലാം തലൈവാ കൺകളുക്ക് ശൊന്തമല്ലൈ. ഡാ തോമാ, നീയിപ്പോ തമിഴിൽ നല്ല എക്സ്പെർട്ടായില്ലെ. ഈ ലൈനിന്റെ അർത്ഥമെന്താടാ.?”
രാത്രി വൈകി, റെസ്റ്റോറന്റിൽ നിന്നെടുത്ത ബിയറുമടിച്ച് വിജനമായ ഈസ്റ്റ് ഹാം ഹൈസ്ട്രീറ്റിലെ ബഞ്ചിലിരിക്കുമ്പോൾ ഞാൻ ടോമിയോട് ചോദിച്ചു.

“ഇത് സിമ്പിളല്ലേ.. കണ്ടത്കൊണ്ട് മാത്രം കാണുന്നതെല്ലാം നമ്മുക്ക് സ്വന്തമാകില്ലന്ന്. അതിന് തലേവര കൂടി വേണമെന്ന് പൊട്ടാ‍!.” അവൻ ബീയറെടുത്ത് എന്റെ നേരെ തെറിപ്പിച്ചു.
---------------------------------------------------ലോകപ്രശസ്ത ചിത്രകാരനായിരുന്ന ഞാൻ 1998-2001 കാലയളവിൽ ചെയ്ത ചില പെയിന്റിംഗുകൾ.
മാർക്ക് ചെയ്തിരിക്കുന്നതാണ്, ലച്ചുവിന്റെ ചിത്രം. :)

Tuesday, 4 May 2010

‘ഫിയസ്റ്റ ബാർ’

‘ഡാ..ദെവഡ്യാ ഗഡ്ഡീ നീ.. കൊറേ നാളായിട്ട് നിന്റനക്കമൊന്നുമില്ലല്ലോ..’

ഒരു വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യത്തിൽ സോഫയിൽ ചുരുണ്ട് കൂ‍ടിയിരുന്ന് ഇൻഡ്യാവിഷനിലെ നിതീഷ് കുമാറിന്റെ കുസ്രുതികൾ കണ്ട്കൊണ്ടിരിക്കുമ്പോളാണ് ത്രശ്ശൂർകാരനായ സുഹ്രത്ത് ജിനിയുടെ ഫോൺ വന്നത്.

‘ഓ. എന്നാ പറയാനാ മാഷെ..ചുമ്മാ ടിവി കണ്ടിരിക്കുവാ.’ ഞാൻ പറഞ്ഞു.

‘ദെന്ത് പറ്റിഡാ നിനക്ക്.. അല്ലേ വെള്ളിയാഴ്ച ഉച്ചക്കേ ഇന്നേത് ബ്രാൻഡാന്നും ചോദിച്ച് വിളിക്കണ നീ..’ ജിനിക്ക് എന്റെ നിസംഗത സഹിക്കണില്ല.

‘ഓ..അതൊക്കെ നിന്നില്ലേ അളിയാ‍.. ഞാൻ കുരിശും വരച്ച് എന്തേലും കഴിച്ച് ഉറങ്ങാൻ നോക്കുവാ. വരുവാണേൽ കപ്പേം ബീഫും അടിക്കാം’

‘ആ..നിന്റെ കാർന്നോമ്മാര് വന്നല്ലേ.. ഒരു സ്മാള് പോലുമില്ലാതെ നിന്റെ ഒണക്ക കപ്പ തിന്നാൻ വരുവല്ലേ ഞാൻ. ’ ജിനിക്ക് കാര്യം പിടികിട്ടി. ‘ഡാ, ഇതാ പറേണത് തലക്കകത്ത് കിഡ്നി വേണം എന്ന്.’

‘എന്തോന്നാ ചേട്ടാ.കാര്യം പറ.’ ഞാൻ കൺഫ്യൂഷനിലായി..

‘നിന്റെ കാറിന് ഡിക്കിയില്ലേ..അതിലൊരു പൈന്റ് വക്കാനുള്ള സ്ഥലം പോലുമില്ലേ.. എന്നെ കണ്ട് പടി. അല്ലേ വേണ്ട. ഐഡിയ ഞാൻ പറഞ്ഞ് തരാം. നീ ജോലി കഴിഞ്ഞ് വരുന്ന വഴി ഒരു കുപ്പിയും സോഡയും മേടിച്ച് കാറിൽ വക്കുക. വീട്ടിലെത്തി കുളീം കുരിശ് വരേമൊക്കെ കഴിഞ്ഞ് വണ്ടീടെ പാർക്കിംഗ് ശരിയല്ല, അല്ലേ ഓയിലു മാറ്റാനുണ്ട് അങ്ങനെ എന്തേലും തട്ടിവിട്ട് താഴെയിറങ്ങി വന്ന് രണ്ട് നില്പൻ കാച്ചീട്ട് പോണം.ഹല്ല പിന്നെ.’

എന്റമ്മോ...എന്തൊരു പുത്തി. ഞാൻ തലയിൽ കൈവച്ച് പോയി. മറ്റാരും കേക്കണ്ട എന്ന് കരുതി ഫോണുമെടുത്ത് പതുക്കെ പുറത്തിറങ്ങി.

‘അല്ല ചേട്ടാ, അങ്ങനെ രണ്ട് നില്പനടിച്ചാലും തിരിച്ച് ചെല്ലുമ്പോൾ മണമടിക്കില്ലേ? ഒരു ബീയറ് കുപ്പി കണ്ടാൽ ബിൻ ലാദനെ കണ്ട ഒബാമെയെ പോലെ പെരുമാറുന്ന അമ്മയും, കഴിഞ്ഞ വർഷം ഒരു ബിയറടിച്ചു, ഇനി 6 മാസം കുടിയില്ല എന്ന് പറയുന്ന പപ്പേടെം അടുത്ത് അതൊന്നും ശരിയാകില്ലന്നെ.’ എനിക്ക് ഐഡിയ അങ്ങട് പൂർണ്ണമായി ദഹിച്ചില്ല.

‘ഡാ നീയേത് സ്കൂളിന്നാ കള്ള്കുടി പടിച്ചെ. വോഡ്ക അടിച്ചാ മതി.ഒരു സ്മെല്ലും വരില്ല. വേണേൽ ഒരു ബബിൾഗമെടുത്ത് ഒന്ന് ചവച്ചിട്ട് കേറണം.’

‘പക്ഷെ..എന്നാലും ഒറ്റക്ക് കള്ള്കുടി പരമ ബോറാ മാഷെ..എനിക്കത് ശീലമില്ല’ ഞാൻ ഒഴിഞ്ഞ് മാറാൻ നോക്കി.

‘അതിന് നിന്നോടാരാ ഒറ്റക്കടിക്കാൻ പറഞ്ഞത്. വണ്ടിയെടുത്ത് നേരെയിങ്ങ് വിട്. ഞാൻ ഫ്രീയാ.’ അപ്പോ അതാണ് കാര്യം. കക്ഷിയുടെ വീടും മദ്യനിരോധിത മേഘലയിലാണ്.

വെള്ളിയാഴ്ചയല്ലേ. ഒന്ന് പരീക്ഷിച്ച് നോക്കമെന്ന് തീരുമാനിച്ചു. പപ്പയും അമ്മയും നാട്ടിൽ നിന്ന് വിസിറ്റിംഗിന് വന്നതിന് ശേഷം വീകെൻഡ് കൂടലുകളൊന്നുമില്ല. രണ്ട്മൂന്നാഴ്ചയായി ഒരു ബീയർ പോലും തൊട്ടിട്ട്.

“ഡീയെ, നമ്മടെ വണ്ടീടെ ആ ലൈറ്റിന്റെ ബൾബ് പോയികിടക്കുവല്ലേ.. ജിനിയിപ്പോ ഫ്രീയാന്ന്. ഞാനൊന്നു കൊണ്ട്പോയി ഫിക്സ് ചെയ്തിട്ട് വരാം.’ ഭാര്യയോട് അനൌൺസ് ചെയ്ത് ഞാൻ കീയുമെടുത്തിറങ്ങി.

‘ഡാ നിന്റെ ഗ്ലോബോ..ബ്ലോഗോ..എന്തൂട്ട് തേങ്ങയാ. ഞാൻ കണ്ടാരുന്നു. നീയിനി ബാറ്റൺ ബോസിനെപോലെയൊക്കെ എഴ്തി ജ്നാന പീടമൊക്കെ മേടിക്കുമോ.. പക്ഷെ നീളം കൂടുതലാ.അത്രക്കങ്ങട് വായിക്കാനൊള്ള ക്ഷമയൊന്നും റീഡേർസിനൊണ്ടാകില്ല.’ കാറിലിരുന്ന് രണ്ടാമത്തെ പെഗ്ഗൊഴിച്ച്കൊണ്ട് ജിനി പറഞ്ഞു.

‘ഈ ഗ്ലാസ്സ് കാലിയാക്കി നിങ്ങൾ ഈ പീടം ഒന്നൊഴിഞ്ഞ് തന്നാൽ എനിക്ക് പോയേക്കാമായിരുന്നു. ഹും. അല്ലേലും ബ്ലോഗെന്താ ഗ്ലോബെന്താന്നറിയാത്ത നിങ്ങളെപോലെയുള്ള കൺഡ്രി ഫെല്ലോസിനെ ഉദ്ദേശിച്ചല്ല ഞാനെഴുതുന്നത്. ബൌദ്ധികമായി ഉയർന്ന നിലവാരമുള്ളവരാണ് എന്റെ വായനക്കാർ’. ജിനിയുടെ മിണ്ടാട്ടം മുട്ടി.

“നീ ഈ ഫോർഡ് ഫിയസ്റ്റ മാറ്റി , കുപ്പിയും സോഡയുമൊക്കെ സൂക്ഷിക്കാനൊക്കെ സ്ഥലമുള്ള നല്ലൊരു വണ്ടിയെട്ക്ക്.” ബാക്കിയുള്ള സ്മിർനോഫ് കുപ്പി വളരെ ശ്രദ്ധയോടെ കാറിന്റെ ഡിക്കിയിൽ മാറ്റിനടിയിൽ വക്കുമ്പോൾ ജിനി പറഞ്ഞു.

വീട്ടിലെത്തി. ചൂടോടെ കപ്പയും ബീഫും കഴിച്ചു. സുഖമായി ഉറങ്ങി.
--------------------------------

ഒരാഴ്ച കഴിഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, 5മണിയാകാൻ ഇനി എത്ര മിനിറ്റുകളും സെക്കന്റ്കളുമുണ്ടന്ന് കാൽകുലേറ്റ് ചെയ്ത് ഓഫീസിലിരിക്കുമ്പോൾ ജിനിയുടെ വിളി വന്നു.

“ഡാ നിന്റെ ഫിയസ്റ്റ ബാറിൽ കഴിഞ്ഞയാഴ്ചത്തേതിന്റെ ബാക്കിയിരിപ്പില്ലേ.. ഈ വഴി വരണട്ടാ.”
ഹോ..ഈ മനുഷ്യൻ ഒരാഴ്ച്ചയായി ഇത് തന്നെയാലോചിച്ചിരിക്കുവരുന്നോ പോലും! 5 മണിയായി. ജിനിയുടെ വീട് വഴി വണ്ടി തിരിച്ച് വിട്ടു. ദൂരെ നിന്നേ കണ്ടു - കടലിൽ പോയ അരയനെ കാത്തിരിക്കുന്ന അരയത്തിയെപ്പോലെ, ഗേറ്റിന് വെളിയിൽ ഒരു സിഗരറ്റും പുകച്ച് ആളുണ്ട്.

“നിന്റെ ഗ്ലോബിൽ പുതിയ കതകളൊന്നും കാണുന്നില്ലല്ലോടാ..”
ഡിസ്പോസിബിൾ ഗ്ലാസ്സിലേക്ക് ശ്രദ്ധയോടെ സ്മിർനോഫ് പകരുന്നതിനിടെ ജിനി പറഞ്ഞു.

“മാഷെ, കഴിഞ്ഞ രണ്ട് മൂന്നാഴ്ചയായിട്ട് ഓഫീസിൽ വല്ല്യ പണിയൊന്നുമില്ലാരുന്നു. നേരം പോകാൻവേണ്ടി ചെയ്ത പരിപാടിയാ അത്. അല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന പരിപാടിയൊന്നുമല്ല എഴുത്ത്.”

“ഡാ‍.. നിനക്ക് എഴുതാൻ പറ്റിയ ഒരു ഐഡിയ തരാം. പൈങ്കിളി മാത്രമെഴുതാതെ നമ്മ്ടെ ഈ ഫിയസ്റ്റ ബാറിനെകുറിച്ച് ഒരു കാച്ചങ്ങ്ട് കാച്ച്. വീട്ടുകാരറിയാണ്ട് എങ്ങനെ സ്മാളടിക്കാമെന്നാലോചിച്ച് വിഷമിക്കുന്ന ആർക്കേലും കൊണമുണ്ടാകട്ടെ.”

ശരിയാണ്. കുറേ നാളായി പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്നാലോചിക്കുന്നു. സംഗതി എനിക്കിഷ്ടപെട്ടു. സ്മിർനോഫ് അല്പം ബാക്കിയുള്ളത് സുരക്ഷിതമായി ‘ഫിയസ്റ്റ മൊബൈൽ ബാറിന്റെ’ ഡിക്കിയിൽ വച്ചു. വീട്ടിലെത്തി. ഭക്ഷണം കഴിച്ചു.

ജിനി പറഞ്ഞ ഐഡിയ മോശമില്ല. ഫിയസ്റ്റ ബാറിനെപറ്റി എഴുതാം. ബ്ലോഗിൽ പോസ്റ്റിയില്ലങ്കിലും, ‘പെണ്ണ് കെട്ടിയതോടെ നിന്റെ കട്ടേം പടോമൊക്കെ മടങ്ങിയില്ലേടാ’ എന്നും പറഞ്ഞ് വെബ്കാമിൽ കൂടി ലൈവായി വെള്ളമടി മീറ്റ് നടത്തി കൊതിപ്പിക്കുന്ന ഗൾഫിലെ ഗഡീസിനൊരു മറുപടിയെങ്കിലും കൊടുക്കാം. ലാപ്ടോപ് എടുത്ത് blogger.com/home തുറന്നു. സ്മിർനോഫിന്റെ ശക്തിയായിരിക്കും, ആവശ്യത്തിൽ കൂടുതൽ എരിവും പുളിയും മസാലയുമൊക്കെ ചേർത്ത് പട പടെന്ന് വാക്കുകൾ വന്നു. 12മണിയായി. ബാക്കി നാളെ. ഉറങ്ങാൻ കിടന്നു.

നല്ല ചെമ്മീൻ കറി വേകുന്ന മണമടിച്ചാണ് ഉറക്കമുണർന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ 10 മണി.!ഈശ്വരാ..ഓഫീസിൽ പോകാൻ ലേറ്റ് ആയല്ലോന്നോർത്ത് ചാടിയെണീറ്റപ്പോളാ ഓർമ്മ വന്നത് - ഇന്ന് ശനിയാഴ്ചയാണല്ലോ. എന്തായാലും യവളു കൊള്ളാമല്ലൊ..കുറെ നാളായി ചെമ്മീൻ കറി കൂട്ടിയിട്ട് എന്ന് ഇന്നലെ വെറുതെ പറഞ്ഞതെയുള്ളു, അപ്പോളെക്കും ദേ ഉണ്ടാക്കിയിരിക്കുന്നു. ഭാര്യയെപ്പറ്റി പതിവില്ലാത്തവിധം അഭിമാനം തോന്നി. ‘ബ്രഞ്ചിന്’ (ശനി-ഞായർ ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റും ലഞ്ചും ചേർന്നയൊരു സങ്കരയിനം) കുത്തരിച്ചോറും, ചെമ്മീൻ കറിയും കൂട്ടിയൊന്നു പെടക്കാമെന്നുള്ള സന്തോഷപ്രദമായ ചിന്തയിൽ ചാടി എണീറ്റു. കണ്ണും തിരുമ്മി ചെല്ലുമ്പോൾ കക്ഷി ലാപ്ടോപിനു മുന്നിലിരിക്കുന്നു. ങും. ‘പാചകം.കോം’ നോക്കിയിട്ടാണ് ചെമ്മീൻ കറിയുണ്ടാക്കുന്നത്. സാരമില്ല, എങ്ങനെയായലും നമ്മുക്ക് ചെമ്മീൻ കൂട്ടിയാൽ മതി.

‘പപ്പാ, നാട്ടില് ചെറുപുഴയിലൊക്കെ ഒക്കെ ബാറുണ്ടോ..?’ ചോറും ചെമ്മീനും കൂട്ടി ഉരുട്ടി വിഴുങ്ങുന്നതിനിടയിലാണ്, ഭാര്യയുടെ വക അസാധാരണമായൊരു സംശയം പപ്പയോട്.

‘ഇതെന്താ പതിവില്ലാത്ത രീതിയിലൊരു സംശയം?’ പപ്പക്കും അദ്ഭുതം. ‘ചെറുപുഴയിൽ ബാറുണ്ടന്ന് തോന്നുന്നു..’
‘അതിന്റെ പേരെന്താ’? അടുത്ത ക്വസ്റ്റ്യൻ.
‘വോൾവോ ബാർ എന്നാന്നാ തോന്നുന്നെ.. ഇതെന്താ മോളെ നീയിപ്പോൾ നാട്ടിലെ ബാറിന്റെയൊക്കെ പേരന്വേഷിക്കാൻ’?
‘ങും. അപ്പോൾ നാട്ടിലും കാറിന്റെയൊക്കെ പേരിൽ ബാറുകൾ ഉണ്ട് അല്ലേ..’
എന്നെ നോക്കി പതുക്കെ ചിരിച്ച്കൊണ്ടുള്ള ആ മറുപടി കേട്ടതോടെ ചോറ് എന്റെ തൊണ്ടയിൽ കുടുങ്ങി. ഈശ്വരാ..ഇതെന്താ ഇവളിങ്ങനെ മുന വച്ചുള്ള സംസാരം..

ഊണു കഴിഞ്ഞു. അല്പം വിശ്രമത്തിനു ശേഷം, പതിവ് വീക്കെൻഡ് ഷോപ്പിംഗിനായി ‘ടെസ്കോ’യിലേക്ക് പുറപ്പെട്ടു. ടെസ്കോ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരങ്ങി കറിവേപ്പില മുതൽ ഷേവിംഗ് സെറ്റ് വരെ പറക്കിയിട്ടു - കൂട്ടത്തിൽ, പള്ളിൽ കുർബാനക്ക് കൊടുക്കുന്ന അതേ ഐറ്റമാ, ഈസ്റ്ററൊക്കെയല്ലേ എന്ന് പറഞ്ഞ് അമ്മയെ സോപ്പിട്ട് ഒരു കുപ്പി വൈനും. ഷോപ്പിംഗ് ബാഗുകൾ നിറഞ്ഞ ട്രോളിയും തള്ളി കാർ പാർക്കിലെത്തി, കൊച്ചിനും അമ്മക്കും കയറിയിരിക്കാനായി ഡോർ തുറന്നു. അപ്പോളാണ്,പതിവില്ലാത്തവിധം, കൊച്ചിനെ കാർ സീറ്റിലിരുത്തി ബെൽറ്റൊക്കെയിട്ട് ഭാര്യയതാ ഷോപ്പിംഗ് ബാഗുകൾ ഡിക്കിയിലെടുത്ത് വക്കാൻ സഹായിക്കാൻ വരുന്നു. ഇതെന്താ ഇവൾക്ക് പതിവില്ലാത്തവിധമുള്ള ഹെല്പിംഗ് മെന്റാലിറ്റി എന്നാലോചിച്ച് സന്തോഷിച്ചെങ്കിലും ഉടൻ തന്നെ ഞാൻ അപകടം മണത്തു. ഡിക്കിയുടെ ഒരു മൂലക്കുള്ള സ്മിർനോഫ്.!

‘ഡീ, തണുപ്പല്ലേ..നീ കേറിയിരുന്നോ.. ഞാൻ എല്ലാം എടുത്ത് വച്ചോളാം.’ സ്മിർനോഫ് കുപ്പി ഒരു മൂലയിലേക്ക് ഒതുക്കി വച്ച്കൊണ്ട് ഞാൻ പറഞ്ഞു.

‘സാരമില്ലന്നേ.. എന്റെ കെട്ടിയോൻ മാത്രമല്ലേ എന്നും തണുപ്പ് കൊള്ളുന്നെ. സുഖവും ദുഖവും ഷെയർ ചെയ്യണമന്നല്ലെ ബൈബിളിൽ പോലും പറഞ്ഞിരിക്കുന്നെ..’

സംഗതി കൈവിട്ട് പോയി. ട്രോളിയിനിന്നും ഒരു ബാഗെടുത്ത് ഡിക്കിയിൽ വച്ച് കഴിഞ്ഞു കക്ഷി.

‘പപ്പാ ..ദേ ഇങ്ങോട്ടൊന്ന് നോക്കിക്കേ..’ പരീക്ഷാ ഹാളിൽ നിന്നും കോപ്പിയടി കടലാസ് പൊക്കിയെടുക്കുന്ന ടീച്ചറെപ്പോലെ ക്രൂരമായ ചിരിയോടെ സ്മിർനോഫ് കുപ്പിയെടുത്ത് അവൾ അതിനകം കാറിൽ കയറിക്കഴിഞ്ഞ പപ്പയെ വിളിച്ചു.

‘ദ് .. ദെങ്ങനെ ഇവിടെ..ഹെയ്..എന്റെയൊന്നുമല്ല.. ഇന്നാളെപ്പോളൊ ഓഫീസിന്ന്.. അവന്മാരു..പാർട്ടി നടത്തിയപ്പോ..’. കോപ്പിയടി പിടിക്കപ്പെട്ട വിദ്യാർത്ഥിയായി ഞാൻ. ഹെഡ്മാസ്റ്ററും ടീച്ചറും ഇറങ്ങി. ഞാൻ നിന്ന് പരുങ്ങി.

‘ന്നാലും നിനക്കെങ്ങനെ എന്നെ ഒറ്റുകൊടുക്കാൻ മനസ് വന്നെടീ പാരേ..സോറി ഭാര്യേ.. ഇടക്കൊക്കെ രണ്ട് ബിയർ, അല്ലേ രണ്ട് പെഗ് ഒക്കെ നമ്മുടെ കുടുംബ ഭരണ ഘടനയിൽ നീ അനുവദിച്ചതായിരുന്നല്ലോ.’ അതിവേഗ കോടതിയിലെ വിചാരണയും ശിക്ഷവിധിക്കലും കഴിഞ്ഞ് - (ശിക്ഷ കടിനമാണ്-ഡൈലി കാർ മെറ്റൽ ..സോറി ബോട്ടിൽ ഡിറ്റക്ടർ വച്ച് പരിശോധനയുണ്ടാകും, യമഹാ, സ്വാഹ തുടങ്ങിയ കേരളാ പോലീസ് കണ്ട്പിടിച്ച മന്ത്രങ്ങൾ ജപിച്ചതിനു ശേഷമേ വീട്ടിൽ എൻഡ്രി അനുവദിക്കു..etc.)തളർന്നുറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ ദയനീയമായി ഭാ‍ര്യയോട് ചോദിച്ചു.

ചെമ്മീൻ കറിയുടെ റെസിപി നോക്കാനായി രാവിലെ കമ്പ്യുട്ടറിനു മുന്നിലെത്തിയപ്പോളാണ്, തലേദിവസം ഞാൻ പകുതി ടൈപ്പ് ചെയ്ത് ക്ലോസ് ചെയ്യാൻ മറന്ന ബ്ലോഗ് പേജ് ഭാര്യ കണ്ടത്. രണ്ട് കാര്യങ്ങളാണ് ഈ കടുംകൈ ചെയ്യാൻ കക്ഷിയെ പ്രേരിപ്പിച്ചത്.
1. ഞാൻ ബ്ലോഗെഴുത്ത് തുടങ്ങിയതും, ഒന്നു രണ്ട് പോസ്റ്റിട്ടതും ആൾ അറിഞ്ഞിരുന്നില്ല. അത് രഹസ്യമാക്കി വച്ചതിലുള്ള പ്രതിഷേധം. (ചമ്മൽകൊണ്ടായിരുന്നു ഞാൻ പറയാതിരുന്നത്).
2. ഇടക്കൊരു സ്മാളടിക്കണമെന്നുണ്ടായിരുന്നെങ്കിൽ, അവളോട് തന്നെ കാര്യം പറഞ്ഞ്, പപ്പയും അമ്മയുമറിയാതെ ഒരു കുഞ്ഞി കുപ്പി റൂമിനുള്ളിൽ മേടിച്ച് വച്ചാൽ പോരായിരുന്നോ..എന്തിനാ വല്ല്യ കുടിയന്മാരെപ്പോലെ കാറിലിരുന്നൊക്കെ കുടിക്കാൻ പോയെ..?

‘ശരിയാണ്. എല്ലാം എന്റെ തെറ്റ്. നാളെ തന്നെ ഞാനൊരു കുപ്പി മേടിച്ച് റൂമിൽ വച്ചേക്കാം. പോരെ?.’ ഞാൻ ചോദിച്ചു. മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളത്കൊണ്ട്, പുതപ്പ് വലിച്ച് ചെവി മൂടി ഞാൻ ഉറങ്ങി.

അങ്ങനെ ‘ഫിയസ്റ്റ ബാർ’ പൂട്ടി.
-----------------------------------