Tuesday, 3 June 2014

സ്കൂളോർമ്മകൾ..

എഫ്ബിയിൽ ഇന്നലെ ശ്രീചിത്രന്റെ സ്കൂളോർമ്മ പോസ്റ്റ് കണ്ടപ്പളാണു സ്കൂളിലെ ആ ആദ്യ സുഹ്രുത്തിനെ ഓർമ്മ വന്നത്.. 
മൂന്നാം ക്ലാസിലുണ്ടായിരുന്ന ചേച്ചീടെ കൂടെയാരുന്നു എസെൻഡിപി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് ആദ്യം  പോയത്. പോകാനൊക്കെ ഭയങ്കര ആവേശമായിരുന്നെങ്കിലും സ്കൂളിലെത്തി, ചേച്ചി എന്നെ ഒന്നാം ക്ലാസിലേക്ക് കേറ്റിവിട്ടതും ഞാൻ അലറിക്കൂവി ചേച്ചീടെ ക്ലാസിലേക്ക് ഓടിയെന്നും, ആദ്യത്തെ ഒന്നു രണ്ടാഴ്ചകൾ പകുതിയും ഞാൻ ചേച്ചീടെ കൂടെ മൂന്നാം ക്ലാസിൽ ചിലവഴിച്ചു എന്നുമൊക്കെയാണു ചേച്ചിയും, പിന്നെ അന്ന് സ്കൂളിലെ പ്രധാനാധ്യാപകനും അയൽക്കാരനുമായ പ്രഭാകരൻ മാഷുമൊക്കെ ചരിത്ര രേഖകളിൽ എഴുതി വച്ചിരിക്കുന്നത്. അതിന്റെ നിജസ്ഥിതിയെപ്പറ്റിയൊന്നും കാര്യമായ ഓർമ്മയില്ലങ്കിലും, ആദ്യമായി കിട്ടിയ കൂട്ടുകാരനെ നല്ല ഓർമ്മയുണ്ട്. 
തൊട്ടടുത്ത് ഇരുന്ന റോബി. അവനെ പെട്ടന്ന് ശ്രദ്ധിക്കാൻ കാരണം ഇഷ്ടനു ആറു വിരലുണ്ടായിരുന്നു വലത്തേ കൈയിൽ. സ്വാഭാവികമായിട്ടും 'ആറുവിരലൻ' എന്ന ഇരട്ടപ്പേർ/ ഐഡന്റിറ്റിയിൽ അറിയപ്പെടുകയും ചെയ്തു അവൻ. നല്ലപോലെ പടം വരക്കുമായിരുന്നു. ‘ഓമ്ലറ്റിന്റെ’ മണമുള്ള ചോറ്റുപാത്രത്തിൽ ചോറുണ്ണുമ്പോൾ  സ്കൂൾ വരാന്തയിലും, കിണറ്റിൻ കരയിലും വച്ച് കണ്ടും, പിന്നെ ചോറ്റ് പാത്രം കഴുകാൻ സ്കൂളിന്റെ പിന്നിലെ തോട്ടിൽ വച്ച് കാണുമ്പോ ചിരിച്ചും ഒക്കെ എങ്ങനെയോ ഞങ്ങൾ ‘സുഹ്രുത്തുക്കളായി’.  ആറു വിരലെന്ന അപകർഷതാ ബോധം പേറി നടന്ന അവനോട് എന്നെ അടുപ്പിച്ചത് അവന്റെ ‘വര’ തന്നെയാരുന്നു..  
ഒരിക്കൽ, ഉച്ച ബ്രേക്കിൽ ചോറൊക്കെയുണ്ടു സ്കൂളിനു പിറകിലെ തോട്ടിൽ പോയി ചോറ്റുപാത്രമൊക്കെ കഴുകി ഞാനും റോബിയും തിരിച്ച് നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ലവനൊരു അങ്ക്യുഷ്യം.. ആദ്യമൊന്നും പറഞ്ഞില്ലങ്കിലും, കുറേ നേരം വിജനതയിലേക്ക് കണ്ണും നട്ട് നിന്ന് ആ‍ശാനൊടുവിൽ ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി.. പ്രകൃതിയുടെ വിളി വരുന്നു.. നമ്പർ 2 അഥവാ അപ്പിയിടാൻ മുട്ടുന്നു എന്ന്. നിക്കറിൽ തൂറി എന്ന പേരിൽ ഓള്രെഡി സതീഷ് എന്നൊരുത്തൻ സ്കൂളിലൊണ്ട്. ഇനിപ്പോ നിക്കറിൽ തൂറി സെകൻഡ് ആകണ്ടന്നോർത്താരിക്കും, റോബി രണ്ടും കല്പിച്ച് ആ ദുർഘട സിറ്റ്വേഷൻ എന്റെയടുത്ത് വെളിപ്പെടുത്തിയത്.. ആരെങ്കിലും വന്നാൽ കൂവി ഒരു മുന്നറിയിപ്പ് കൊടുക്കണം എന്നും പറഞ്ഞ് ആൾ ഒറ്റ ഓട്ടത്തിനു തിരിച്ച് തോട്ടിലെ ഏതോ പൊന്തക്കാട്ടിൽ മറഞ്ഞു.. കുറേ നേരം എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞാൻ പതുക്കെ ആൾടെ ‘സിറ്റ്വേഷനെന്താ‍ന്നറിയാ‍ാൻ’ ലവനെ കൂക്കി വിളിച്ചു. കുറേ നേരം കഴിഞ്ഞപ്പോളൊരു ദീന രോദനം കേട്ട് തോട്ടിറമ്പിലെ ആറ്റുവഞ്ചി കാട്ടിനരികിലേക്ക് ചെന്ന ഞാൻ കണ്ടത് ദയനീയമായൊരു കാഴ്ചയായിരുന്നു. കാട്ടിനിടയിലെ ഏതോ മുള്ളോ, ചുള്ളിക്കമ്പോ മറ്റോ കൊണ്ട് കുത്തിക്കീറിയതോ, അതോ കാലപ്പഴക്കം കൊണ്ടോ എന്തോ, 'കാര്യം സാധിച്ച്' എഴുന്നേറ്റ റോബിയുടെ നിക്കറു കീറി ഏകദേശം ടെന്നിസ് പ്ലെയർ സ്റ്റെഫി ഗ്രാഫിന്റെ പാവാട പോലെയായിരിക്കുന്നു. ആ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണമെന്നറിയാതെ ഞാനും റോബിയും ഇതികർത്തവ്യമൂഡരായി അന്വോന്യം നോക്കി കുറേ നേരം നിന്നു. ഒടുവിൽ ഞാൻ രണ്ടും കല്പിച്ച് സ്കൂളിലേക്ക് തിരിച്ച് ചെന്ന് പ്രഭാകരൻ മാഷിനോട് ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെടുത്തി. ആദ്യം കുറേ ചീത്ത വിളിക്കുകേം കളിയാക്കുകയും ചെയ്തെങ്കിലും മാഷ് ഒടുവിൽ ഒരു സൊല്യുഷൻ കണ്ടെത്തി. സ്കൂളിനടുത്ത് തന്നെ വീടുള്ള മറ്റൊരു ചെക്കനെ വിളിച്ച് വരുത്തി, അവനെ വീട്ടിലേക്ക് വിട്ട് ഒരു നിക്കർ എടുപ്പിച്ചോണ്ട് വന്നു. ഞാനതുമായി ഒരു രക്ഷകനേപ്പോലെ തോട്ടരികിലേക്ക് ഓടി, അവിടെ ചെടികൾക്കിടയിൽ പമ്മി നിൽക്കുന്ന റോബിക്ക് നിക്കർ കൈമാറിയപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ കൃതഞ്ജതാ ഭാവം ഇന്നും ഓർമ്മയിലുണ്ട്..  
കാലമുരുണ്ടു.. വിഷു വന്നു, വർഷം വന്നു.. തിരുവോണം വന്നു.. നാലാം ക്ലാസ് വരെ തല്ലുകൂടിയും, കൂട്ടുകൂടിയും, പാര വച്ചുമൊക്കെ ലവൻ എന്റെ കൂടെയുണ്ടാരുന്നു. അഞ്ചാം ക്ലാസിലേക്ക് വേറെ സ്കൂൾ മാറിയപ്പോൾ രണ്ടാളും രണ്ട് വഴിക്കായി.. പിന്നെ കണ്ടിട്ടില്ല. ഓർകൂട്ടിലും ഫേസ്ബുക്കിലുമൊക്കെ ഇടയ്ക്കൊക്കെ വെറുതെ തിരഞ്ഞെങ്കിലും മലേഷ്യൻ ഫ്ലൈറ്റ് പോലെ ദുരൂഹമായി തുടരുന്നു ആ പഴയ കൂട്ടുകാരനും. 

Wednesday, 28 May 2014

ഒരു മൊബൈൽ ദുരന്ത കഥ..

പഠനത്തനിടയിൽ പാർട്ട് ടൈം ആയിട്ടാണു എസ്ക്ടോടെൽ മൊബൈലിൽ സി.ആർ.ഈ എന്ന പണിക്ക് കേറിയത്. (churn return executive  എന്നൊക്കെ ട്രെയിനിംഗ് സമയത്ത് പറഞ്ഞെങ്കിലും എന്തൂട്ട് തേങ്ങയാന്നൊരു ഐഡിയയുമില്ലാരുന്നു.  ബില്ലടക്കാത്തതും കണക്ഷൻ ടെർമിനേറ്റ് ചെയ്തതുമായ പോസ്റ്റ് പെയ്ഡ് കസ്റ്റമേർസിനെ വിളിച്ചും, നേരിട്ടു കണ്ടും സോപ്പിട്ടും എങ്ങനേലും റീകണക്ട് ചെയ്യിപ്പിക എന്നതാരുന്ന് പരിപാടി.. ചുമ്മാ മനുഷ്യരുടെ തെറി, അതും ഒരു കാര്യോമില്ലാണ്ട് കേൾക്കാൻ താല്പര്യമില്ലാത്തകൊണ്ട് അത് കാര്യമായിട്ട് നടന്നില്ല, എന്നു മാത്രമല്ല മൊബൈൽ കമ്പനിൽ വർക്ക് ചെയ്താലെങ്കിലും സൊന്തമായിട്ടൊരു മൊബൈൽ കിട്ടി മിന്നി നടക്കാമെന്ന ആഗ്രഹവും നടക്കുന്നില്ല എന്ന് മനസിലായപ്പോ, (അവരു പിരിച്ച് വിടുന്നേനും മുൻപേ) എസ്കോടെലിന്റെ ‘അസംതൃപ്തരായാ കസ്റ്റമേർസിന്റെ’ നല്ലൊരു ഡാറ്റാ ബേസുമായി പതുക്കെ ബി.പി.എൽ മൊബൈലിൽ സെയിത്സ് എക്സിക്യുട്ടീവായി ജോയിൻ ചെയ്തു.  
മൊബൈലിന്റെ തൂടക്ക കാലം.. കണ്ണുരിലെ തയ്യിൽ കടാ‍പ്പുറം, മാപ്പിളബേ, തലശ്ശേരി തുടങ്ങിയ ഫിഷറീസ് ഏരിയകൾ, പിന്നെ  വളപട്ടണത്തെ തടിമില്ലുകളിലെ കാശുകാരായ, എന്നാ കാര്യമായ വിദ്യാഭ്യാസമില്ലാത്തവരുമായിരുന്ന ആ എസ്ക്ടോടെൽ  ‘അൺസാറ്റിസ്ഫൈഡ് കസ്റ്റമേർസിനെ‘ പോയി കണ്ട് ബി.പി.എൽ കമ്പനി ചിന്തിച്ചിട്ട് പോലുമില്ലാത്ത ‘ഓഫറുകളൊക്കെ ചുമ്മാ വാരിവിതറി സോപ്പിട്ട് വളച്ച്, ജോയിൻ ചെയ്ത ആദ്യം മാസം തന്നെ മുപ്പത് പോസ്റ്റ് പെയ്ഡ് കസ്റ്റമേർസിനെ ബി.പി.എൽ മൊബൈലിലേക്ക് ചേർത്ത് ഫ്രാഞ്ചൈസി മുതലാളിനെപ്പോലും ഞെട്ടിച്ചു.. കിട്ടി, കമല ഇന്റർനാഷണൽ ഹോട്ടലിൽ ഒരു പാർട്ടിയും, ഓഫീസിലെ ഒരു യുസ്ഡ്  അൽകാടെൽ  മൊബൈലും.. !!
റബ്കോയിൽ ജോലിയുള്ള സുനിലേട്ടനാരുന്നു ലോഡ്ജിൽ സ്വന്തമായി മൊവീലുള്ള മറ്റൊരാൾ.. മൊബൈല് കിട്ടി. ഇനിപ്പോ അത് വച്ച് ഷൈൻ ചെയ്യണമെങ്കിൽ നാലാളു ഉള്ള സ്തലത്ത് നിൽക്കുമ്പോ ആരെങ്കിലും വിളിക്കണം. അങ്ങനെ ബസ്സ്റ്റോപ്പിൽ, വൈകിട്ട് നിൽക്കുമ്പോ ‘ക്ടാങ്ങളൊക്കെ’ കോളേജ് വിട്ട് വരുന്ന സമയം നോക്കി എന്നെ മിസ് കോളടിക്കണം എന്ന് സുനിലേട്ടനെ പറഞ്ഞേല്പിച്ചു. (മിസ്കാൾ മാത്രം മതി- ഇൻ കമിംഗിനും പൈസ പോകും.) പറഞ്ഞപോലെ സുനിലേട്ടന്റെ റിംഗ് ഫോണിൽ. ചാടിയെടുത്തു. തോട്ടടയിലെ ബസ്റ്റോപ്പ് നിറഞ്ഞ് നിൽക്കുന്ന തരുണീമണികളുൾപ്പെടുന്ന ജനസമുഹം എന്നെ ‘ആദരവോടെയും, കുശുമ്പോടെയും നോക്കുന്നു.’.  ഭയങ്കര സീരിയസ്സായി ഇന്റർനാഷണൽ ലെവൽ ബിസിനസ് കാര്യങ്ങളൊക്കെ (ഇടക്ക് മുറി ഇംഗ്ലീഷും ചേർത്ത്) അടിച്ച് വിടുന്നു.. അപ്പോൾ പുറകിൽ നിന്നൊരാൾ തോണ്ടി.. ‘ദേ, ഫോണിന്ന് എന്തോ താഴെ വീണു കിടക്കുന്നു’ എന്ന്.. തിരക്കും ആക്രാന്തവും ടെൻഷനും കൊണ്ട് ഫോൺ പാന്റിന്റെ പോകറ്റിന്നെടുത്തപ്പോ ബാറ്ററിം കവറുമൊക്കെ താഴെ ചാടി പോയത് അറിഞ്ഞില്ലാരുന്നു..  ;((

Friday, 14 February 2014

ഒരു ക്രോസ് ബോർഡർ പ്രണയകഥ...

ജീവിതം യവ്വന തീക്ഷ്ണവും പ്രണയസുരഭിലവുമായിരുന്ന കാലം.. പ്രായം 22. ആറുമാസത്തെ സൗദി അറേബ്യൻ 'അഗ്നിപരീക്ഷണത്തെ' അതിജീവിച്ച്, 'ദി കിംഗ്ഡം ഓഫ് ബഹറൈനിൽ' ജീവിതം അർമ്മാദിച്ച് തകർത്ത് വാരുന്ന സമയം.. കൂട്ടിനു തൃശൂർക്കാരായ ഷിഹാബുദ്ദിൻ, താജുദീൻ, ഷൈൻ എക്സ്റ്റട്രാ ഗഡീസും. അഞ്ചരയാകുമ്പോ ജോലികഴിയും. പിന്നെ ഷിബുവും (ഷിഹാബുദ്ദിൻ) താജുവുമൊക്കെ ജോലി ചെയ്യുന്ന, താജുന്റെ ഇക്കയുടെ സ്ഥപനമായ ക്വീൻ കമ്പയുട്ടേർസിൽ വന്നിരുന്ന്, അവരു കട അടക്കുന്ന എട്ട് മണിവരെ ഇന്റർനാഷണൽ ലെവൽ ചാറ്റിംഗ്. 
ഒരു ദിവസം പതിവ് പോലെ ചാറ്റിങ്ങിൽ വ്യാപ്രുതനായിരിക്കുംപോൾ ഷിബു വന്ന് മുട്ടി. 
'ഡേ, നീയിങ്ങനെ ഡൈലി  ഓസിനു ചാറ്റി അർമ്മാദിക്കുന്നത് അത്ര ശരിയല്ല, ഒരു പണിയുണ്ട്, ചെയ്യാമോ?' 
എന്തൂട്ട് പണി? എനിക്കങ്ങനെ നിന്റെ ഔദാര്യമൊന്നും വേണ്ട, പറ, കാശെത്ര വേണം?'
ഞാൻ പേഴ്സ് തുറന്നു ഒരു ദിനാറെടുത്ത് വീശി. 
'നിന്റെ പിച്ച ദിനാറെടുത്ത്...കോണാത്തി വക്ക്. നിനക്കീ ക്ടാവിനെ കമ്പ്യൂട്ടർ പഠിപ്പിക്കാമോ?. നിനക്ക് അത്യാവശം ചില്ലറ തടയേം ചെയ്യും. ഹിന്ദിക്കാരിയാന്ന് തോന്നുന്നു'. 
അപ്പോളാണു ഷിബുവിന്റെ പുറകിൽ നിൽക്കുന്ന പെൺകിടാവിനെ ഞാൻ ശ്രദ്ധിച്ചത്.. 
സുന്ദരി.. തരുണീമണി. അപ്സരസ്..! 
'ഞാം... ഞാൻ പഠിപ്പിക്കാം. വേണേ പൈസ അങ്ങോട്ട് തരാം.'
ഷർമ്മിള.. നേപ്പാളി.. സുന്ദരി. മനീഷ കൊയ്രാളയുടെ അനിയത്തി. (അദ്ദേന്ന്..:)  വയസ് ഏകദേശം 17. അങ്ങനെ കമ്പ്യൂട്ടർ പഠിപ്പിക്കൽ ആരംഭിച്ചു, അന്ന് തന്നെ. കമ്പ്യൂട്ടറിന്റെ ബേസിക്സ്, എമ്മെസ് ഓഫിസ്, പറ്റുങ്കിൽ ഇച്ചിരെ ഫോട്ടോഷോപ്പ്, ഇതൊക്കെയാണു ഷർമ്മിയുടെ (സ്നേഹപൂർവ്വം അങ്ങനെയേ വിളിക്കാൻ എനിക്കായുള്ളു) ആവശ്യം.
പിന്നീടുള്ള ദിവസങ്ങൾ ഓഫിസിലിരുന്നാൽ ഇരിപ്പുറക്കാതായി.. അഞ്ചരയാകാൻ കാത്തിരിക്കും. ഓടി ക്വീൻസിലെത്തും.. ഷർമ്മിയെങ്ങാനും ലേറ്റായാൽ ആകെ അസ്വസ്ഥനാകും.. കൈരളി പീപ്പിളുകാരൻ സുനന്ദ പുഷ്കർ മരിച്ച വാർത്തയിൽ ഹിന്ദി പറയുന്നപോലെ ഞാൻ ഹിന്ദിയിലും മുറി ഇംഗ്ലീഷിലും ഷർമ്മിയ്ക്ക് വേഡും, പവർപോയിന്റുമൊക്കെ പറഞ്ഞ് കൊടുക്കും. ഞാൻ കമ്പ്യുട്ടർ പഠിച്ചത് തന്നെ ഷർമ്മിയെ പഠിപ്പിക്കാനുള്ള ഈ നിയോഗത്തിനാണന്ന് തോന്നിതുടങ്ങി. ഷർമ്മി ആദ്യമൊക്കെ സർ എന്നു വിളിക്കുമായിരുന്നു. ഇനിയെങ്ങാനും എന്നെ 'ഗുരുതുല്യനായി' കാണുമോ എന്ന പേടിയിൽ സ്നേഹപൂർവ്വം ശാസിച്ച് പേരു വിളിപ്പിച്ചു. രാത്രിയിൽ കിടന്നാൽ ഉറക്കമില്ലാതായി.. നേപ്പാളിലെ മഞ്ഞണിഞ്ഞ മലനിരകളിലൂടെ ഞാനും ഷർമ്മിയും 'താരകമലരുകൾ വിടരും പാടവും, ഉയിരേ..യുമൊക്കെ' പാടി പറന്ന് നടന്നു. ഒരേയൊരു ടെൻഷൻ, ഭാവിയിൽ വീട്ടിൽ അമ്മയും, പപ്പയുമൊക്കെ എങ്ങനെ മരുമോളോട് ഹിന്ദി പറയും എന്നതാരുന്നു. 
കമ്പ്യുട്ടർ പഠിപ്പിക്കലിനിടക്ക് 'യോദ്ധ'യുടെ സിഡി ഇട്ട് കാണിച്ച് ചരിത്രാതീത കാലം മുതൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തെപറ്റിയൊക്കെ ഷർമ്മിയെ കണ്വിൻസ് ചെയ്യിപ്പിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ കഴിഞ്ഞ് പോകും തോറും ടെൻഷൻ കൂടി.. വേഡ്, എക്സൽ, എല്ലാം ഷർമ്മി പട പടേന്ന് പഠിച്ചു.. ഇനി ക്ലാസ് കഴിഞ്ഞാൽ..? എങ്ങനെ പ്രണയം തുറന്ന് പറയും..? ഷിബു & ടീംസ് ഒരു ഐഡിയ ഇട്ടു. കമ്പ്യുട്ടർ ക്ലാസിൽ വച്ച് എന്തായാലും പറയണ്ട.. എങ്ങാനും അവൾ നേപ്പാളി ഗുർഖയായി പ്രതികരിച്ചാൽ പണിയാകും. ഐസ്ക്രീം ഷർമ്മിക്കൊരു വീക്നെസാണന്ന് ഷിബു കണ്ടുപിടിച്ചു. (പലപ്പോഴും ക്ലാസിനു വരുമ്പോൾ ഐസ്ക്രിം നുണഞ്ഞ് നടന്നാണു വരുന്നത്). ഒരു ദിവസം ക്ലാസ് കഴിഞ്ഞ് പതുക്കെ ഞാനും ഷർമ്മിയുടെ ഒപ്പം പുറത്തേക്ക് പോവുക.. ഏതെങ്കിലും ഐസ്ക്രിം പാർലറിലേക്ക് വിളിക്കുക.. അവിടെ വച്ച് പ്രണയം വെളിപ്പെടുത്തുക. ഇതാരുന്നു ഐഡിയ. 
അങ്ങനെ.. അന്ന് ക്ലാസ് കഴിഞ്ഞു. ബൈ പറഞ്ഞ് ഷർമ്മി പുറത്തേക്കിറങ്ങി. ടെൻഷനിൽ ഹൃദയം പ്രകമ്പനം കൊള്ളുന്നു.. 'പുറകെ ചെല്ലഡാ ഡേഷേ' എന്നും പറഞ്ഞ് ഷിബു എന്നെ തള്ളിവിട്ടു. പക്ഷേ, പുറത്തേക്കിറങ്ങിയ ഷർമ്മി പെട്ടന്ന് വാതിൽ തുറന്ന് അകത്തേക്ക് വന്നു ഷിബുവിന്റെ ഓഫിസിലേക്ക് കയറി. എന്താ സംഭവമെന്നറിയാതെ കൺഫുഷനടിച്ച് നിന്ന എന്നെ ഷിബു അകത്തേക്ക് വിളിച്ചു. ഷർമ്മി ഒരു ചെറു ചിരിയോടെ നിൽക്കുന്നു. ഒരു കവറെടുത്ത് എന്റെ നേരെ നീട്ടി. 'എന്റെ വെഡിങ്ങിന്റെ എംഗേജ്മെന്റ് ആണു അടുത്തയാഴ്ച. ഒരു പാർട്ടിയുണ്ട്, സർ തീർച്ചയായും വരണം. ഞാൻ ഈ ആഴ്ച കൂടെയെ ക്ലാസിനു വരുന്നുള്ളു.' 
ടിം. 
കാട്മൺടുവിലെ മലനിരകളിൽ നിന്ന് താഴെക്കുള്ള വീഴ്ച്ച.. കഠിനമായിരുന്നു.. 

Friday, 17 January 2014

പനിയും നൊസ്റ്റാൾജിയയാണ്...


പഠിക്കുന്ന കാലത്തെന്നോ ആയിരുന്നു ഒരു ‘ഭീകര പനി - ഛർദ്ദി - വയറിളക്കം’ ഒക്കെ പിടിച്ച് ഒരാഴ്ചയോളം ഹോസ്പിറ്റലിൽ കിടന്നത്.. നല്ല രസമാരുന്നു അത് (ഇപ്പോ ആലോചിക്കുമ്പോൾ). കിടക്കുന്ന റൂമിന്റെ ജനലിലൂടെ കാണുന്ന നീണ്ട വഴിയും അതിനിരുവശത്തെ കാറ്റാടിമരങ്ങളും.. റോഡിനപ്പുറമുള്ള വർക്കിചേട്ടന്റെ 'മാതാ' ഹോട്ടലിലെ  പുട്ട് /ഉപ്പുമാവ്, കടലക്കറിയുടെ മണം കൂട്ടി രാവിലെ റെസ്ക് & റൊട്ടി വിത്ത് കട്ടങ്കാപ്പി. ഉച്ചക്ക് മീൻ വറുത്തതിന്റെയും തിളക്കുന്ന സാമ്പാറിന്റെയും മണം തൊട്ട് നക്കി പൊടിയരി കഞ്ഞി.. നാലുമണിക്കത്തെ പഴമ്പൊരിയുടെ മണം ആവാഹിച്ച് വീണ്ടും ചായേം മരുന്നുകളും.. ഗ്ലൂകോസ് ബോട്ടിലുകൾ മാറ്റാനും, മരുന്ന് തരാനും വരുമ്പോൾ തമാശ പറഞ്ഞും, കളിയാക്കിയും, ഇടയ്ക്ക് പടം വരക്കാൻ പേപ്പറും പെൻസിലും തന്ന സി. ആനി. നൊസ്റ്റാൽജിക് പനി.
ഹോസ്പിറ്റലിനു എതിർവശത്തായിട്ടാരുന്നു 'അനുരാഗ് തീയറ്റർ'. തേന്മാവിൻ കൊമ്പത്ത് തകർത്തോടുന്നു അവിടെ. വീട്ടിലുണ്ടാക്കിയ പൊടിയരിക്കഞ്ഞിയുമായി വന്ന ചേട്ടൻ, തേന്മാവിൻ കൊമ്പത്ത് കണ്ടതിന്റെ വിശേഷങൾ പറഞ്ഞ് കൊതിപ്പിച്ചതോടെ 'മാതാഹോട്ടലിനൊപ്പം തേന്മാവിൻ കൊമ്പത്തും പനി സ്വപ്നത്തിൽ..  'ആശുപത്രിന്നെറങ്ങുന്ന ദിവസം, രാവിലെ മാതാ ഹോട്ടലിലെ പുട്ടും കടലേം, ഉച്ചക്ക് മീൻ വറുത്തതും, ബീഫ് ഫ്രൈയും, സാമ്പാറും കൂട്ടി ഊണും, പിന്നെ അനുരാഗ് തിയറ്ററിന്ന് 'തേന്മാവിൻ കൊമ്പത്ത്',  വൈകിട്ട് പഴമ്പൊരിം. ഇത് കഴിഞ്ഞിട്ട് വീട്ടിൽ പോയാ മതിയെന്ന്' ഡെയിലി മൂന്ന് നേരം പിതാ-മാതാശ്രീകളോട് ഓർമ്മിപ്പിച്ചോണ്ടിരുന്നു.  ഒടുവിൽ ആ സുദിനം വന്നെത്തി. ബില്ലൊക്കെയടച്ച് ആശുപത്രീന്ന് പുറത്തേക്ക്, മാതാ ഹോട്ടലിലേക്ക് നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടി.. ഊണിന്റെ സമയമാരുന്നു.. രാവിലത്തെ ബാക്കിയുണ്ടാരുന്ന പുട്ടും കടലയും പപ്പ പാർസലാക്കി. വാഴയിലയിൽ ഊണു വന്നു.. കൊതി മാത്രം ബാക്കി. മത്തി വറുത്തതിനും, ബീഫ് ഫ്രൈക്കുമൊന്നും മണത്തിന്റെയത്ര ടേസ്റ്റ് ഇല്ല.. വായിൽ കയ്പ് രുചി മാത്രം ബാക്കി. പക്ഷേ ആ നാരങ്ങ അച്ചാർ.. അതുവരെ ഒരു മണവും തന്ന് സസ്പെൻസ് പൊളിക്കാതിരുന്ന ആ കുഞ്ഞൻ എന്നെ ഹടാദാകർഷിച്ചു... ഊണു കഴിച്ചതിന്റെ തന്നെ പകുതിയും മാതാ ഹോട്ടലിന്റെ പുറകിൽ വാളുവച്ച് കളഞ്ഞു എങ്കിലും 'തേന്മാവിൻ കൊമ്പത്ത്' കേറാൻ ഒരു ക്ഷീണവും തോന്നിയില്ല.

കാലമുരുണ്ടു.. ഒരുപാട്...

കഴിഞ്ഞ ദിവസങ്ങൾ പനിയുടെ ആലസ്യത്തിലായിരുന്നു. പനിയെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര -രണ്ട് പനി. അടുത്തകാലത്തൊന്നും പനി ഇത്രയുമെന്നെ വാരിപ്പുണർന്ന് സ്നേഹിച്ചിട്ടില്ല..പക്ഷേ പനി സുഖമൊള്ളൊരു അസുഖമാണ്.. മുന്നാലു ഗ്ലാസ് വൈനടിച്ച് കിടന്നുറങ്ങി എണീക്കുമ്പോൾ തോന്നുന്ന ചെറിയൊരു മന്ദത പോലെ..ഇപ്പോളത്തെ പനി ‘ഇടുക്കി ഗോൾഡ്’ അടിച്ചപോലെയും. അല്ല, അടിച്ചു.. ഈ പനിക്കിടയിൽ പുതപ്പ് മൂടി ചുരുണ്ടി കൂടി സോഫയിൽ കിടന്ന് ‘ഇടുക്കിഗോൾഡും’ കണ്ടു. 
കഞ്ഞിയും അച്ചാറും കഴിക്കുമ്പോൾ അടുക്കളയിൽ 'അമ്മുവിനു വേണ്ടി വറക്കുന്ന' മീനിനോട് കൊതി. തീയറ്ററിലോടുന്ന 'ദൃശ്യം' കാണാൻ മറ്റൊരു കൊതി.. പനിച്ച് വിറച്ച്, വണ്ടിയോടിച്ച് പോയി അതും കണ്ടു.  
പനി രാത്രികളിൽ കാണുന്ന സ്വപ്നങ്ങൾ.. അത് വല്ലാത്തൊരു അനുഭവമാണു.. നാലാം ക്ലാസ് വരെ മാത്രം കൂടെ പടിച്ച 'ആറു വിരലൻ റോബിൻ' .. അവനെ അതിനുശേഷം കണ്ടിട്ടില്ല, കേട്ടിട്ടില്ല.. അവനെപോലും കണ്ടു, ഇന്നലത്തെ പനി സ്വപ്നത്തിൽ.. അതും ബാംഗ്ലൂരിലെ ഇന്ദിരാനഗറിലെ ഒരു പബ്ബിൽ മത്തിപൊരിച്ചതും ബിയറുമായിട്ടിരിക്കുമ്പോൾ.. ദിലീപ് എന്ന മത്താപ്പിനെയും സ്വപ്നത്തിൽ കണ്ടു. പബ്ബിനു പുറത്ത് ബൈക്കിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്ന അഹങ്കാരി.  സ്വപ്നത്തിനു ശേഷമോ മുൻപോ..എപ്പോളോ വിറച്ച് പനിച്ചു.. പ്രിയതമ എണീറ്റ് പാരസെറ്റമോൾ തന്നു.. കെട്ടിപ്പിടിച്ചു.. രാവിലെയെപ്പോളൊ പനിവിട്ടു.. ദേഹം വിയർത്തു.. ആ സ്വപ്നങ്ങൾ.. അതിങ്ങനെ കുറേനാൾ പുറകെയുണ്ടാകും..എന്നാലും ആ റോബിൻ എവിടെയായിരിക്കും ഇപ്പോൾ?. ആ..അടുത്ത പനിയിൽ ഉത്തരം കിട്ടുമാരിക്കും.. 

Wednesday, 12 September 2012

‘അരയന്നങ്ങളുടെ വീടിനോട്’ വിട..

...നഗരങ്ങളുടെ തിരക്കും, യാന്ത്രികതയും നിറഞ്ഞതായിരുന്നു അതുവരെയുള്ള ജീവിതം. അതുകൊണ്ടായിരിക്കണം, ശാന്തസുന്ദരമായ ഈ കൊച്ച് കടലോര ഗ്രാമവുമായി ഞാൻ ആദ്യ ദർശനത്തിൽ തന്നെ പ്രണയത്തിലായത്.  2008ലെ ഒരു തണുത്ത നവംബർ ദിവസത്തിൽ ആദ്യമായി ഇവിടെ വന്നിറങ്ങിയിട്ട് ഇപ്പോൾ നാലു വർഷമാകുന്നു. പുതിയൊരു സ്ഥലത്ത് വന്ന് സെറ്റിലാകുന്നത് വരെയുള്ള കുറച്ച് നാളത്തെ അസൌകര്യങ്ങളൊഴിച്ചാൽ ഈ ഗ്രാമം പോലെതന്നെ ശാന്തമായിരുന്നു പിന്നീടുള്ള ജീവിതവും.. കാര്യമായ തിരക്കുകളൊന്നുമില്ലാത്ത ജോലിക്കിടെയുള്ള ബോറടി മാറ്റാനായിരുന്നു അതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത മലയാളം ബ്ലോഗ് വായന തുടങ്ങിയത്. കൊടകരപുരാണം മുതല് എല്ലാ ഹിറ്റ് ബ്ലോഗുകളും കാണുന്നതും വായിക്കുന്നതുമെല്ലാം അതിനുശേഷം മാത്രം.. ബ്ലോഗിൽ കമന്റിടാൻ മാത്രമായിരുന്നു ആദ്യമായി മലയാളം ടൈപ്പ് ചെയ്യുന്ന കീമാൻ ഇൻസ്റ്റാൾ ചെയ്തത്. ബ്ലോഗ് വായന അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ, എല്ലാവരേയും പോലെ ഒരാവേശത്തിൽ സ്വന്തമായി ഒരു ബ്ലോഗും ക്രിയേറ്റ് ചെയ്തു. നിറയെ അരയന്നങ്ങളും, താറാവുകളുമുള്ള ഈ ടൌണിലെ റെയില്വേ സ്റ്റേഷനിലെ ബോർഡിൽ ‘വെൽകം ടു ദ് ഹോം ഓഫ് ബ്ലാക്ക് സ്വാൻസ്’ എന്ന് കണ്ടപ്പോൾ മനസിൽ പതിഞ്ഞ് പോയ ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമാപ്പേര് തന്നെ ബ്ലോഗിനുമിട്ടു. (ആദ്യമായി ബ്ലോഗിലിട്ട കുറിപ്പും ഈ സ്ഥലത്തേപറ്റിയായിരുന്നു.. http://sijogeorge.blogspot.co.uk/2010/03/blog-post.html   ഒരുപക്ഷേ,അവസാനത്തേതും ഇങ്ങനെയുമാകാം .:( ) ഒന്നൊരവർഷത്തോളം ഇടയ്ക്കിടെ പോസ്റ്റുകളിട്ട് ‘മലയാള സാഹിത്യത്തെ ധന്യുമാക്കിയതിലും’ സന്തോഷവും, നേട്ടവും ബ്ലോഗിൽ നിന്ന് കിട്ടിയ സൌഹൃദങ്ങളായിരുന്നു. മലയാളികളും, കൂട്ടുകാരും ഒട്ടുംതന്നെയില്ലാത്ത ഈ സ്ഥലത്തെ ഒറ്റപ്പെടലിൽനിന്നും, വിരസതയിൽനിന്നും ഏറ്റവും രക്ഷിച്ചത് ബ്ലോഗും, അതിലെ സൌഹൃദങ്ങളുമായിരുന്നു..

ഗൂഗിൾ ബസ്സ് വന്നതോടെ അതിലായി അടുത്ത അങ്കം.. ബ്ലോഗിലെ മിക്കവരും, പിന്നെ നിരവധി പുതിയമുഖങ്ങളും അവിടെയും. അതോടെ ബ്ലോഗിംഗിന്റെ ചൂട് കുറഞ്ഞു. കാലമുരുണ്ടു.. മഞ്ഞും, മഴയും, തണുപ്പും, വസന്തവും.. തുക്കൾ പലത് മാറിവന്നു. രാവിലെയെണീറ്റ് ഒരുമണിക്കൂറോളം ഡ്രൈവ് ചെയ്ത് ജോലിസ്ഥലത്തെത്തുന്നു.. കമ്പ്യുട്ടർ ഓൺ ചെയ്താൽ ആദ്യം തന്നെ ബ്ലോഗ്/ബസ്സ്/പ്ലസ് ഒന്നു നോക്കിയില്ലങ്കിൽ എന്തോ ഒരു പോരായ്മ. രാവിലത്തെ കട്ടങ്കാപ്പി പോലെ ഒരു ശീലമായി അതും. ജോലിക്കിടയിലും ഇടയ്ക്കിടെ പോസ്റ്റുകൾ നോക്കുന്നു, കമന്റുന്നു, ചിരിക്കുന്നു, അടികൂടുന്നു, അർമ്മാദിക്കുന്നു.. വൈകിട്ട് വീട്ടിലെത്തി ലൊട്ട്ലൊടുക്ക് പണികൾക്ക് ശേഷം വീണ്ടും ഇതിലെവന്നു നോക്കുന്നു..ഉറങ്ങുന്നു.. ഒരേ റൊട്ടീനിൽ ജീവിതം പൊയ്ക്കോണ്ടിരുന്നു.

ഇതിനിടയിൽ, മറന്ന് പോയ, അല്ലങ്കിൽ ശ്രദ്ധിക്കാതിരുന്ന ഒരു സംഗതി പക്ഷേ ഈയിടെയായി തലപൊക്കുന്നു ഇടയ്ക്കിടെ..  ഈ ഓൺലൈൻ - വർച്വൽ ലൈഫിലെ എഞ്ജോയ്മെന്റുകളല്ലാതെ, റിയൽ ലൈഫ് കൂടുതൽ ബോറടിക്കുന്നു. പ്രത്യേകിച്ച് ആക്ടിവിറ്റിസ്, സോഷ്യൽ ലൈഫ് ഒന്നുമില്ല. നാലുവർഷത്തിനിടയിൽ പലപ്പോഴായി ഈ കുഞ്ഞുഗ്രാമത്തിൽ വന്നുപെട്ട് സുഹൃത്തുക്കളായ കുറച്ച് മലയാളികൾ മിക്കവരും തന്നെ പലപല കാരണങ്ങൾകൊണ്ട് ഇവിടം വിട്ടു പോയതോടെ കൂടുതൽ മടുപ്പായി.. ഇനി പുതിയതായി ആരുമിങ്ങോട്ട് വരാനും സാധ്യതയില്ല.. ‘അരയന്നങ്ങളുടെ വീടിനോടുള്ള’ ആദ്യത്തെ പുതുമ, കൌതുകം, ഇഷ്ടം എല്ലാം കുറഞ്ഞ് തുടങ്ങി..  ഒരുതരം ‘സാച്വുറേഷൻ’ എന്നപോലൊരവസ്ഥ..   ഇതുവരെ ജോലിചെയ്തതിൽ ഏറ്റവും നീണ്ട കാലയളവും ഇവിടെതന്നെ. വലിയ ‘ഉത്തരവാദിത്വ ഭാരങ്ങളോ‘, ഭരിക്കാൻ മാനേജർമാരോ ഇല്ലാത്ത ജോലിയും ആദ്യകാലങ്ങളിലെ ‘ആസ്വദിക്കൽ’ കഴിഞ്ഞതോടെ മടുപ്പിക്കാൻ തുടങ്ങുന്നു. സ്വതവേ മടിയനായ ഞാൻ കുഴിമടിയനായി എന്ന അവസ്ഥ.. മനസ് ഒരു മാറ്റം ആഗ്രഹിച്ച് തുടങ്ങി.

2002ൽ എറണാകുളത്ത് ഒരു വെബ് ഡിസൈനിംഗ് കമ്പനിയിൽ തുടങ്ങിയ ‘ജോലി ജീവിതത്തിൽ’,  പത്തുവർഷങ്ങൾക്കിടയിൽ നിരവധി കമ്പനികളും, രാജ്യങ്ങളും മാറി. ചിലതെല്ലാം നിസ്സാരകാരണങ്ങളുടെ പേരിൽ ‘പോട്ട് പുല്ലെന്ന’ മനോഭാവത്തോടെ..(അഹങ്കാരമെന്നും പറയാം). പക്ഷേ, ഇപ്പോൾ അങ്ങനെ എടുത്ത് ചാടാനൊരു ധൈര്യക്കുറവ്.. കൂടുതൽ ഉത്തരവാദിത്വങ്ങൾ, കുടുംബം..  എങ്കിലും മാറിയേ പറ്റു എന്ന ചിന്ത കൂടുതൽ ശക്തമായി. ഒരിക്കലൊരു സാധാരണ സംഭാഷണത്തിനിടക്ക്, അല്പം ‘ദയനീയത, സെന്റി’ കലർത്തി മാറാനുള്ള ആഗ്രഹം ബോസിനോട് സൂചിപ്പിച്ചു. പ്രതിക്ഷിച്ചതിലും അപ്പുറമായിരുന്നു ‘ദയാനിധിമാരനായ’ ആ മനുഷ്യന്റെ പ്രതികരണം. ഇപ്പോൾ ചെയ്യുന്ന ജോലിയുടെ പകുതിമുക്കാലും, സ്ഥലം മാറിയാലും വീട്ടിലിരുന്നും ചെയ്യാം. ബിസിനസിൽ കാര്യമായ പുരോഗതിയൊന്നുമില്ലാത്തത്കൊണ്ട് പുതിയ സ്റ്റാഫിനെ എടുക്കുന്നതിലും നല്ലത് ദൂരെന്നായാലും  ഉള്ളവനെവച്ച് തന്നെ ഒപ്പിക്കാമെന്ന് ആൾക്ക് തോന്നിയിട്ടുണ്ടാവും. അങ്ങനെ, സ്ഥലം മാറിയാലും’വർകിംഗ് ഫ്രം ഹോം’ എന്നൊരു സെറ്റപ്പ് സമ്മതിച്ചതോടെ ബാക്കിയെല്ലാം വളരെ പെട്ടന്നായിരുന്നു. എങ്ങോട്ട് മാറണം എന്ന കാര്യത്തിൽ നേരത്തേ തന്നെ തീരുമാനമാക്കിയിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കളൊക്കെയടുത്തുള്ള, കുറച്ചൂടെ ലൈവ്ലിയായ,  ലണ്ടനോടടുത്ത് മറ്റൊരു കൊച്ച് കടലോരപട്ടണം.. ഇവിടുന്ന് മുന്നുറ്കിലോമീറ്ററോളം അകലെ..

ജോലിക്ക് പോകുമ്പോളും, വരുമ്പോളും പലപ്പോഴും അടുത്ത കുറ്റിക്കാട്ടിൽ നിന്ന് വണ്ടിക്ക് കുറുകെ ചാടുന്ന കുസൃതിക്കാരായാ മാൻ - മുയൽ കുട്ടന്മാർ.. സമ്മറിൽ മാത്രം തന്റെ ചെറുബോട്ട്കൊണ്ട് കടലിൽ പോയി മീൻ പിടിച്ച് വരുന്ന ജോണങ്കിളിനെ സോപ്പിട്ട് വിലപേശി മേടിക്കുന്ന മുട്ടൻ ഫ്രഷ് സ്രാവുകളും, അയലകളും..  രാവിലെ വാതിൽ തുറന്നാൽ എന്നും ആദ്യം കാണുന്ന, റോഡിൽ പോകുന്ന സകലവാഹനങ്ങൾക്കും കൈവീശി കാണിക്കുന്ന അടുത്ത വീട്ടിലെ ഇതുവരെ പേരറിയാത്ത അപ്പൂപ്പൻ.. ജില്ലമ്മായി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന, ഇടയ്കിടെ ഫ്രൈഡ് റൈസും, ബിരിയാണിയും ഞങ്ങൾ ഉണ്ടാക്കികൊടുക്കാറുണ്ടായിരുന്ന ഇന്ത്യൻ ഫുഡ് കൊതിച്ചിയായ, അപ്പുറത്തെ വീട്ടിലെ ജിൽ അമ്മുമ്മ.. എല്ലാത്തിനുമുപരിയായി, ഇവിടെ വന്ന് ആദ്യനാളുകളിൽ സ്ഥിരമായി നടക്കാൻ പോകാറുണ്ടായിരുന്ന ടൌണിന് നടുക്കൂടെയൊഴുകുന്ന കൊച്ചരവിക്കരയും അതിലെ അരയന്നങ്ങളും, കടൽ തീരവും.. എല്ലാം ഓർമ്മകൾ മാത്രമാകുന്നു. അതങ്ങനെ തന്നെയാവണം.. ഒന്നും സ്വന്തമല്ല, ഒന്നും സ്ഥിരവുമല്ല. മാറ്റമില്ലാത്തതായി ഉള്ളത് മാറ്റങ്ങൾ മാത്രം. നാലുവർഷങ്ങൾക്കിടയിൽ ഒരുപാട് അനുഭവങ്ങൾ, ഓർമ്മകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ..എല്ലാം തന്ന ഈ ‘അരയന്നങ്ങളുടെ വീടിനോട്’ തൽക്കാലം വിട...