Saturday 14 August 2010

ചരിത്രം ആവർത്തിക്കുമ്പോൾ..

നല്ല വെയിലുള്ളൊരു ദിവസമായിരുന്നത്കൊണ്ട് കുറേ നേരം ഞണ്ട് പിടിച്ചും, കടലിൽ പോയി ചാടി മറിഞ്ഞുമെന്നതൊഴിച്ചാൽ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വീകെൻഡ്. അതിന്റെ ക്ഷീണമകറ്റാൻ ഒരു ബീയറും, കപ്പേം, സ്രാവ് കറീമടിച്ച് 11മണിയായപ്പോളെ നിദ്ര പ്രാപിച്ചു. സൈലന്റ് മോഡിലിടാൻ മറന്ന് പോയ മൊബൈലിന്റെ വിളി കേട്ടാണ് ചാടിയെണീറ്റത്. സമയം നോക്കിയപ്പോൾ 12 കഴിഞ്ഞു.

ഇതേത് പിശാശാ ഈ പാതിരാക്ക്!

“ഡാ,നീയൊന്നിങ്ങോട്ട് പെട്ടന്ന് വരണം..”

സോബിനാണ്.

ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലേ പോലെ, കുടിയേറ്റക്കാരുടെ സാന്നിധ്യം കൊണ്ട് അത്രക്കങ്ങ്ട് ‘കളങ്കപ്പെടാതിരിക്കുന്ന’(നാലും മൂന്ന് ഏഴ് മലയാളികൾ മാത്രമായ ഞങ്ങളെപ്പോലെ ചിലരുടെ സാന്നിധ്യ്യമൊഴിച്ചാൽ) ഡോളിഷ് എന്ന ശുദ്ധ ഇംഗ്ല്ലീഷ് ഗ്രാമത്തിലും ഒരു മലയാളി അസ്സോസിയേഷനുള്ള സാദ്ധ്യതകളെ ഊന്നിപ്പറഞ്ഞ് കൊണ്ട് അടുത്തിടെ ലാൻഡ് ചെയ്ത മൂന്ന് യുവ ബാച്ച്ലേർസിലൊരുവൻ.

ഈ കൊശവനിതെന്തിനെ കേടാ പോലും..

“എന്താടാ..കിടന്നുറങ്ങുന്ന ആളെ വിളിച്ചെണീപ്പിച്ച്.. ഈ പാതിരാക്ക്..

“നീ വന്നേ പറ്റൂ..ഞാനൊരു പ്രശ്നത്തിലാ അളിയാ.”

“ഹും..ഈ ശനിയാഴ്ച പാതിരാക്കുള്ള നിന്റെ പ്രശ്നം എന്തായാലും പുലിവാലായിരിക്കും.. അതുകൊണ്ട് എന്നെ വിട്ട് പിടി മോനേ ”

“അതല്ല്ലളിയാ, നീയൊന്ന് വന്നേ പറ്റൂ, ഒരു അഞ്ച് മിനിറ്റിനുള്ളിൽ നീയിവിടെ വന്നില്ലേൽ, പോലീസ് സ്റ്റേഷനിലോ, ജയിലിലോ വച്ചേ നിനക്കിനിയെന്നെ കാണാൻ പറ്റൂ.”

ദൈവമേ.. ഇവനിതെന്ത് ഏടാകൂടത്തിലാണോ തലവച്ചത്! ഇങ്ങനെ കിടന്ന് കരയുമ്പോ പോകാതിരിക്കുന്നതെങ്ങനെ. കാര്യമൊരു ബിയറേ അടിച്ചിട്ടുള്ളൂവെങ്കിലും, ആരെയാ പൊക്കേണ്ടേന്ന് നോക്കി റോഡായ റോഡ് മുഴുവനും പോലീസ് കുറ്റിയടിച്ച് നിക്കുന്ന ഈ ശനിയാഴ്ച രാത്രിൽ പുറത്തിറങ്ങുന്നതെങ്ങനെ.! എന്തേലും പറഞ്ഞ് ഒഴിവാക്കെന്ന ഭാര്യയുടെ അഭിപ്രായത്തെ നിഷ്കരുണം അവഗണിച്ച്, ഒടുവിൽ അര മൈൽ അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറുമെടുത്ത് സോബിന്റെ വീട്ടിലേക്ക് വിട്ടു. സുഹ്രത്തുക്കൾ എപ്പോളും അങ്ങനെയാണല്ലോ. പാരയായിട്ട് വന്നാലും ഉപേക്ഷിക്കാൻ പറ്റാതെ..

സോബിൻ താമസിക്കുന്ന ബിൽഡിംഗിന്റെ ഗേറ്റിലെത്തിയപ്പോളെ കണ്ടു - അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന നിലയിൽ ഒരു കാർ പകുതി ഗെയ്റ്റിനുള്ളിലായി കിടക്കുന്നു. അവന്റെ സഹ മുറിയനും, ഇൻഡ്യൻ ലൈസൻസ് ‘ഇന്റർനാഷണൽ’ ആക്കി കൊണ്ട് വന്ന, ആ കാറിന്റെ ഓണറുമായ ജെഫിനെ കാണാനുമില്ല.

എന്തോ കളഞ്ഞ അണ്ണാനേപ്പോലെ സോബിൻ കാറിനടുത്ത് നിൽക്കുന്നു. വണ്ടി റോഡ് സൈഡിലൊതുക്കി പുറത്തിറങ്ങി സോബിനോട് കാര്യം ചോദിച്ചു.

“അളിയാ എന്നെ തെറി പറയല്ല്. ഇന്ന് ഞങ്ങക്ക് രണ്ടാൾക്കും ഓഫാരുന്നു. കുറേ നാളായല്ലോന്നോർത്ത് ഞങ്ങളൊന്ന് കൂടാൻ തീരുമാനിച്ചു.’

“അതിന്”?

“അത്..അവൻ ... ജെഫിൻ..നേരത്തേ ഓഫായി പോയി. എനിക്കൊരു സിഗരറ്റ് വലിക്കാതെ ഉറങ്ങാനും പറ്റണില്ല.ആ ഡേഷ് മോനോട് കുറേ പറഞ്ഞ് നോക്കി. അവൻ മൈൻഡ് ചെയ്യണില്ലടാ. ഞാനൊരു സിഗരറ്റ് എങ്ങനേലുമൊപ്പിക്കാൻ നമ്മ്ടെ 24 അവറ് ടെസ്കോയിലേക്കൊന്ന് പോകാൻ നോക്കിയതാ. പക്ഷേ പണി കിട്ടി.. വിചാരിച്ച പോലെ വണ്ടി നീങ്ങണില്ലഡേ.. വണ്ടി അകത്തേക്ക് കേറ്റാൻ പറ്റാത്തോണ്ട് ഈ ബിൽഡിംഗില് താമസിക്കണ കൊറേ പേര് ഓൾ റെഡി വന്ന് എന്നെ തെറി വിളിച്ചിട്ട് റോഡിൽ വണ്ടിമീട്ട് കേറി പോയിട്ടുണ്ട്. ഇനിം നിന്നാ ആരേലും പോലീസില് വിളിച്ച് പറയും. അതാ നിന്നെ വിളിച്ചെ.. ”

“അതെന്തേ വണ്ടിക്കെന്തേലും പ്രശ്നമുണ്ടോ..”?

“ഇല്ലടാ. വണ്ടിയൊക്കെ കണ്ടീഷനല്ലേ. ഇന്നലെ സാർവീസിംഗ് കഴിഞ്ഞതല്ലേയുള്ളൂ. പക്ഷേ പ്രശ്നം എനിക്ക് ശരിക്കും ഡ്രൈവിംഗറിയില്ലന്നേ..”

എന്താ പറയണ്ടേ ഇവനോട്.. എനിക്ക് ചിരിക്കാതിരിക്കാനായില്ല. ചിരിച്ചു. പൊട്ടിചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും..!

കാരണം..
-----------------------------
വർഷങ്ങൾക്ക് മുൻപ്, രണ്ടായിരത്തി ഏഴ് മാർച്ച് മാസത്തിൽ.. ഒരു വ്യാഴാഴ്ച രാത്രി. മസ്കറ്റിൽ.

പതിവ് പോലെ വീകെൻഡ് സദസിൽ, സ്ഥിരം കുറ്റികളായ പ്രേം ജിത്ത്, സത്യേട്ടൻ, മനോഹരേട്ടൻ എല്ലാവരുമുണ്ട്.

“രാമ..രഘുരാമാ.. നാമിനിയും നടക്കാം..
രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”
എന്ന് തുടങ്ങി...
“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ..”
എന്ന് പ്രേംജിത്ത് പാടിയെത്തിയപ്പോഴേക്കും എല്ലാവരും തന്നെ, എന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞ കപ്പയും ബീഫും കഴിച്ച് ഒരു സൈഡായി കഴിഞ്ഞിരുന്നു.

“ഇവിടെ ഒരു ഡേഷുമില്ല്ല.. മതിയാക്ക് “

ഞാൻ പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിൽ വച്ച്, സോഫയിൽ ചുരുണ്ട് കൂടാനുള്ള ഒരുക്കങ്ങൾ നടത്തി.
ഒരു കുറ്റിയെങ്കിലും കിട്ടുമോന്ന് നോക്കി പ്രേംജിത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളൊക്കെ തപ്പി നോക്കികൊണ്ടിരിക്കുന്നു.

“ഡാ,നിന്റെ പർട്ടിക്ക് വിളിച്ച് വരുത്തീട്ടവസാനം ഒരു പൊക എടുക്കാനൊരു സിഗരറ്റ് കുറ്റി പോലുമില്ല. എങ്ങനേലുമൊരു സിഗരൊറ്റൊപ്പിച്ചില്ലേ നീയെന്റെ തനി സ്വഭാവമറിയും..”

സിഗരറ്റ് കിട്ടാത്തത് കൊണ്ട് പ്രേംജിത്ത് ഉടക്കിലാണ്. അത് കിട്ടാതെ ഇവനുറങ്ങില്ലന്ന് എനിക്കുമറിയാം. പക്ഷേ ഈ പാതിരാക്ക് എവിടെ പോയി സിഗരറ്റൊപ്പിക്കാൻ..

“ഡാ, മജാൻ ഹോട്ടലിലെ ഡാൻസ് ബാർ അടച്ചിട്ടുണ്ടാവില്ല. അവിടെ സിഗരറ്റ് കിട്ടും. നീ പോയെരെണ്ണം മേടിച്ചിട്ട് വാടാ..അപ്പോളേക്കും ഞാനിവളെയൊന്ന് സെറ്റപ്പാക്കാം”
പ്രേംജിത്ത് ഇന്റെർ നെറ്റിലേക്ക് കേറി കഴിഞ്ഞു.

“പത്ത് പതിനഞ്ച് മിനിറ്റ് ഇനി ഈ രാത്രില് മജാൻ ഹോട്ടല് വരെ നടക്കാനോ.. പോയേ അവ്ടെന്ന്..” ഞാനൊഴിവാക്കനുള്ള അവസാന ശ്രമവും നടത്തി നോക്കി.

“നീ നടക്ക്ണ്ട.. മോഹനേട്ടന്റെ വണ്ടിയെടുത്ത് വിട്. ഇന്നാ കീ.”

എനിക്ക് നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയില്ലന്ന് എനിക്ക് മാത്രമല്ലേ അറിയു. എങ്കിലും, നേരത്തെ കഴിച്ച ‘നെപ്പോളിയൻ’ തന്ന ആത്മവിശ്വാസത്തിൽ, രണ്ടും കല്പിച്ച് കീ‍യുമെടുത്തിറങ്ങി.

ഒന്നരമണി കഴിഞ്ഞിരിക്കുന്നു. കുറേ നേരത്തെ ശ്രമത്തിനൊടുവിൽ മോഹനേട്ടന്റെ ‘കൊറോള’ സ്റ്റാർട്ട് ചെയ്തു. പക്ഷേ പാർക്ക് ചെയ്തിരിക്കുന്ന വേറെ വണ്ടികളുടേയിടയിലൂടെ പുറത്ത് റോഡിലിറക്കണം. ഫസ്റ്റ് ഗിയറിലിട്ട് എടുക്കാൻ തുടങ്ങുമ്പോ‍ളെ വണ്ടി ഓഫായി പോകുന്നു. കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വിധം ഗേറ്റ് വരെ വണ്ടി എത്തിച്ചപ്പോൾ... പെട്ടന്ന് ഒരു വെളിച്ചം കണ്ണിലേക്കടിച്ചു, ഒപ്പം നീണ്ട ഹോണടിയും. ഒരു കാർ ഗേറ്റിനുള്ളിലേക്ക് വരുന്നതാണ്. അപ്പോളാണോർമ്മ വന്നത് - ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു.

‘നെപ്പോളിയന്റെ’ ധൈര്യമെല്ലാം പതുക്കെ ആവിയായി . ഞാൻ വിയർത്തും തുടങ്ങി. റിവേർസ് എടൂക്കാൻ നോക്കുമ്പോളൊക്കെ വണ്ടി ഓഫായി പോകുന്നു. അത് വരെ അറിയാമായിരുന്ന ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും അപ്പോൾ മറന്നു. ഒന്നും ചെയ്യാനാകുന്നില്ല. പ്രേംജിത്തിനെയോ, മോഹനേട്ടനെയോ വിളിക്കാമെന്നോർത്ത് നോക്കിയപ്പോൾ, ഫോൺ പോലുമെടൂത്തിട്ടില്ല. എതിരെ കിടക്കുന്ന കാറിന്റെ ഡ്രൈവർ അക്ഷമനായി കൈ വെളിയിലിട്ട് അറബിയിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നാമതേ മദ്യപിച്ചിട്ടുണ്ട്. പിന്നെ ലൈസൻസ് പോലുമില്ലാതെ, ഡ്രൈവിംഗറിയാതെ, ഒരു അറബിയുടെ മുന്നിൽ.. ഈ രാത്രിയീൽ.. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി. പോലീസിനെ അയാൾ വിളിക്കണ്ട കാര്യം പോലുമില്ല, എപ്പോൾ വേണമെങ്കിലും അല്ലാതെയുമെത്താം, കാരണം അയാളൂടെ അര കിലോമിറ്റർ നീളമുള്ള ബീഎംഡബ്ല്യ്യു കാറ് പകുതി റോഡ് ബ്ലോക്ക് ചെയ്താണ് കിടക്കുന്നത്.

എന്തും വരട്ടേയെന്ന് കരുതി ഞാൻ പുറത്തിറങ്ങി. അറിയാവുന്ന അറബിയും, ഇംഗ്ലീഷും വച്ച് അയാൾടെ കാറിനടുത്ത് ചെന്ന് ക്ഷമ പറഞ്ഞൂ.

“യൂ ദ്രിങ്ക്?” എന്റെ ശ്വാസമടിച്ചപ്പോളെ അയാൾ ചോദിച്ചു.

“ഒൺലി വൺ ബിയർ. ബട്ട് മൈ ഫ്രണ്ട് വാണ്ട് സിഗരറ്റ്. ഐ ഗോ ഷോപ്പ്. ബട്ട് കാർ കമ്പ്ലയന്റ്.”
ഞാനും അയാൾക്ക് മനസിലാകുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.

“യൂ ലൈയർ. യൂ ദോണ്ട് നോ ദ്രൈവിംഗ്.” പക്ഷേ അയാൾക്ക് സത്യം മനസിലായി.

എങ്കിലും, ഇടക്കെപ്പോളൊക്കെയോ ഞങ്ങളെ കണ്ടിട്ടൂള്ള, ആ ബിൽഡിംഗിലെ തന്നെ അന്തേവാസിയായ, ആ നല്ല അയൽക്കാരൻ ഒടുവിൽ ദയ തോന്നി ഇറങ്ങി വന്ന് എന്റെ കയിൽ നിന്ന് കീ മേടിച്ച് കാർ റിവേർസെടുത്ത് പഴയ സ്ഥിതിയിലാക്കി. എന്റെ ശ്വാസം നേരെ വീണു. അറബിയിലും, ഇംഗ്ലീഷിലും, മലായാളത്തിലുമെല്ലാം ഒരു നൂറ് നന്ദി ഞാൻ പറഞ്ഞു.

“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?” കീ എന്റെ കൈയിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു.

“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
ജീവൻ തിരിച്ച് കിട്ടിയ ഞാൻ, ബാക്കി തെറി മൊത്തം പ്രേംജിത്തിനെ വിളിക്കാനായി ഓടി ഫ്ല്ലാറ്റിനുള്ളിലേക്ക് കേറി.
-------------

“എന്തുവാടേ . നീ കുറേ നേരായല്ലോ കെടന്ന് ചിരിക്കണെ.. നിനക്കീ വണ്ടിയെട്ത്തൊന്ന് മാറ്റിയിടാൻ പറ്റ്വോ?.. അതിനാ നിന്നെ ഞാൻ വിളിച്ചത്..അല്ലാതെ നിന്റെ ഇളി കാണാനല്ല“

സോബിന് ക്ഷമ നശിച്ചു. അതിനിടയിൽ തന്നെ, വേറൊരു കാർ ഗേറ്റിലെത്തി അകത്ത് കയറാനാകാതെ ഹോണടിക്കാൻ തുടങ്ങിയിരുന്നു. സോബിന്റെ കയിൽ നിന്നും കീ മേടിച്ച് ഞാൻ കാർ റിവേർസെടുത്ത് പഴയ പാർക്കിംഗ് സ്ഥലത്തിട്ടു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.

11 comments:

  1. “ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
    സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.
    ഹ ഹ ഹ അതു കലക്കി.
    ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. പത്തില്‍ താഴെ മാത്രം വരികളില്‍ കഴിയുന്ന കഥകള്‍ക്കായി. ദേ ഇവിടെ
    . സമയം കിട്ടുമ്പോള്‍ ഇറങ്ങ്.

    ReplyDelete
  2. ഹും... കൊള്ളാമല്ലോ അളിയാ... ഒരു കലാകാരന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അല്ലേ... അറിഞ്ഞില്ല... വൈകിപോയി...

    ReplyDelete
  3. ഹഹഹഹഹ്ഹഹ!!! രസ്യന്‍

    ഫ്ലാഷ് ബാക്കും, ഇന്റര്‍കട്ടും ഒക്കെ ഇട്ട് ഒരു തകര്‍പ്പന്‍ എഴുത്താണല്ലോ സിജോ! എനിക്കാ സ്റ്റൈല്‍ ഭയങ്കര ഇഷ്ടായി.

    (ഒരെണ്ണം വിട്ടിട്ടാ ഈ ഗുമ്മ്? ഉം?! ദെന്‍
    “ഇഫ് യൂ ദ്രിങ്ക്, പ്ലീസ് റൈറ്റ്/ടൈപ്പ് എ പോസ്റ്റ്. ഓക്കെ?” )
    ;) ;)

    ReplyDelete
  4. സിജോ .നല്ലപോലെ എഴുതി കേട്ടോ .ബിലാത്തി വിശേഷത്തില്‍ സിജോ ടെ പഴയ പോസ്റ്റ്‌ വായിച്ചു ,അതിന്‍റെ ചിരി കഴിഞ്ഞതേ ഉള്ളു ,അപ്പോള്‍ ഇനിയും എഴുതണം ....ആശംസകള്‍ .


    ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു..ഹഹഹ ..ഇത് പോലെ വണ്ടി ഓടിച്ച് ഇത് വഴി വരുമ്പോള്‍ ഒരു മാസം എടുക്കും അല്ലേ ?

    ReplyDelete
  5. നീ നമ്മുടെ കണ്ണൂര്‍ ലെ മനോഹരേട്ടനെ ഒക്കെ മസ്കറ്റ് ഇലെ ഫ്രണ്ട്s ആക്കിയോ ??? ഏതായാലും അടിപൊളി ആയിട്ടുണ്ട് ..... അഭിനനദനങ്ങള്‍ !!!

    ReplyDelete
  6. സിജോ, എഴുത്ത് രസകരമായിരുന്നു.

    “രാമ..രഘുരാമാ.. നാമിനിയും നടക്കാം..
    രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”

    മധൂസൂധനന്‍ നായരുടെ "അഗസ്ത്യഹൃദയം" എന്ന കവിത എനിക്കിഷ്ടപ്പെട്ട ഒരു കവിതയാണ്‌. ഞാനിപ്പോള്‍ ഈ കവിത കേട്ടുകൊണ്ടാണ്‌ കമന്റ് എഴുതുന്നത്. ഈ കവിത ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.

    “നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
    സത്യം ആണല്ലോ അല്ലേ? വാക്കുമാറരുത് കേട്ടോ..:)

    ReplyDelete
  7. ഇഫ് യൂ ദ്രിങ്ക് ...യൂ റൈറ്റ് വെര്യി വെൽ.....!

    രണ്ട് കുഞ്ഞുക്കുടിയന്മാരുടെയും/പുക വലിയന്മാരുടേയും കാറോടിയ്ക്കൽ ചരിതം ഫ്ലാഷ്ബാക്ക് സഹിതം പൂശിയിരിക്കുന്നത് അസ്സലായി കേട്ടൊ....സിജൊ

    ബിലാത്തിമലയാളിയിലും,അഭിപ്രായങ്ങളിലും കൈവെച്ചത് കൊണ്ട് ഇനി ഹിറ്റ്കളുടെ എണ്ണം കൂടും....

    ഇത് പരമമായ സത്യം !

    ReplyDelete
  8. ആശാനെ സിമ്പിള്‍ എഴുത്താണ് നിന്‍റെ ............ ഒരു കാര്യം നന്നായി അവതരിപ്പിക്കുകയും ചെയ്തു ... ( ചുമ്മാ പറയുന്നതല്ലടോ .. ഒന്ന് വിശ്വസിക്ക്)
    പിന്നെ
    രാമ രഘു രാമ നാമിനിയും നടക്കാം
    രാവിന്റെ മുന്‍പേ കനല്‍ക്കാട് താണ്ടാം
    നോവിന്റെ ശൂലമുന മുകളില്‍ കരേറാം......

    എന്റെ വീക്നെസ് കളില്‍ കയറി പിടിക്കാതെടോ പുല്ലേ ............

    ReplyDelete
  9. ഒടുവില്‍ നാമെത്തി ഈ ജന്മ ശൈലത്തിന്റെ കൊടുമുടിയില്‍ .. ഇവിടാരുമില്ലേ !!!!!!!
    ഇന്നെന്തായാലും പഴയ ഓര്‍മകളിലേക്ക് തിരികേ പോയേക്കാം ...

    ReplyDelete
  10. വളരെ രസകരമാണീ പോസ്റ്റ്! നന്ദി.
    രാമ, രഘുരാമ, നാമിനിയും കഴിക്കാം
    ഡ്രൈവിന്നു മുമ്പേ ഗ്ലാസുകൾ ഒഴിക്കാം
    ലഹരിയുടെ കൊടുമുടിയിലൊന്നിച്ചു കേറാം
    പോലീസ് പിടിച്ചാൽ അഴിക്കുള്ളിലാകാം

    ReplyDelete
  11. ആദ്യമായി ഇന്നാണു ഈ വഴി വരുന്നത്,സിജോ.ഒറ്റയിരുപ്പിനു എല്ലാം വായിച്ച് തീര്‍ത്തു.
    വളരെ രസകരം.അത് മാത്രമേ പറയാനുള്ളൂ.ഇനിയും ധാരാളം എഴുതൂ.ആശംസകള്‍..

    ReplyDelete