Thursday 1 July 2010

ലണ്ടനിലേക്ക് - ‘ശിലായുഗത്തിലൂടെ’യൊരു യാത്ര -1

ലണ്ടനിലേക്കും, ലണ്ടനിലൂടെയുമുള്ള നിരവധി യാത്രാവിവരണങ്ങൾ സന്തോഷ് ജോർജ് കുളങ്ങര മുതൽ, ബൂലോക പ്രശസ്തരായ നിരക്ഷരൻ, കൊച്ച് ത്രേസ്യ, വിഷ്ണുലോകം, സിയ, പ്രദീപ് തുടങ്ങി ലണ്ടൻ മലയാളി ബ്ലോഗേർസിലെ കാരണവരായ ബിലാത്തിചേട്ടൻ വരെ നമ്മുക്ക് തന്നിട്ടുണ്ട്. ഒന്നര വർഷത്തോളം ലണ്ടൻ വാസിയായിരുന്നെങ്കിലും, അന്നൊന്നും ബ്ലോഗ് ലോകത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടായിരുന്നില്ല. ഇനിയുമൊരു യാത്രാവിവരണത്തിന് പ്രസക്തിയില്ല എങ്കിലും, ഈയടുത്ത് നടത്തിയ ഒരു ലണ്ടൻ യാത്രയിലെ ചില അനുഭവങ്ങളും, കൌതുകങ്ങളും...
--------------------------------------------------------------

അടുക്കളയിൽനിന്നും, ഹാളിൽ നിന്നുമുള്ള കലപില ശബ്ദങ്ങൾ കേട്ടാണ്, തലേന്ന് സുഹ്രത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിക്ക് അർമ്മാദിച്ചതിന്റെ ക്ഷീണത്തിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുവായിരുന്ന ഞാൻ പതുക്കെ കണ്ണ് തുറന്നത്.

“ഇതെത്ര നേരമായി വിളിക്കുന്നെന്റെ കൊച്ചേ, സമയം ദേ ഏഴ് കഴിഞ്ഞു. ഏഴരക്ക് ഇവിടുന്നെറങ്ങണംന്ന് പറഞ്ഞ് കിടന്നതാ”..
അമ്മ വാതിൽക്കൽ വന്നു വിളിക്കുന്നുമുണ്ട്. അപ്പോഴാ ഓർമ്മ വന്നത് - ഇന്ന് എല്ലവരെയും ലണ്ടൻ കാണിക്കാൻ കൊണ്ട്പോകാമെന്നേറ്റിരിക്കുവാണല്ലോ. പതുക്കെ എണിറ്റു. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം പൊതികെട്ടുന്ന തിരക്കിലാണ് അമ്മയും ഭാര്യയും. കഴിഞ്ഞ കുറേ യാത്രകളിൽ ഭാര്യയുടെ വക ഈ പൊതികെട്ട് പരീക്ഷിണം എനിക്കുമിഷ്ടപെട്ടത്കൊണ്ട്, എന്റെ പൊതിയിൽ ഒരു കഷണം വറുത്ത മീൻ കൂടുതലായെടുത്തിട്ട് ഞാനും അവരെ സഹായിച്ചു.

എട്ട് മണിക്കെങ്കിലും പുറപ്പെടണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും, എല്ലാവരുടെയും ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഒമ്പതര. ഏകദേശം കണ്ണൂർ പട്ടണം പോലെ പരിചയമുണ്ട് ലണ്ടൻ നഗരവുമായെങ്കിലും, ഇതാദ്യമായാണ് ലണ്ടനിലേക്കൊരു ഡ്രൈവിംഗ്. പുറമെ കാണിക്കുന്നില്ലങ്കിലും അതിന്റെ ടെൻഷനോടെ, രണ്ട് ദിവസത്തെ താമസം സ്പോൺസർ ചെയ്ത, സുഹ്രുത്ത് ജെറിയുടെ ലണ്ടനിലെ അഡ്രസ്സിലെ പോസ്റ്റ്കോഡ് പല തവണ നേവിഗേറ്ററിൽ സെറ്റ് ചെയ്ത് റൂട്ടൊക്കെ ഉറപ്പ് വരുത്തി.

ഡോളിഷിനടുത്തെ പ്രധാന പട്ടണമായ എക്സിറ്റർ കഴിഞ്ഞപ്പോഴെ, നേവിഗേറ്ററിൽ നിന്നുള്ള കിളിനാദം ശരിയായ വഴിയിലൂടെയല്ല എന്നെ നാവിഗേറ്റ് ചെയ്യുന്നതെന്ന് മനസിലായി. M5 എന്ന മോട്ടോർവേയാണ് എക്സിറ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രധാന പാത. പക്ഷെ, M5 യിലേക്ക് തിരിയേണ്ട ജംക്ഷൻ കഴിഞ്ഞിട്ടും നേവിഗേറ്റർ വീണ്ടും മുന്പോട്ട് തന്നെ നയിക്കുന്നു. ഒരു പന്തികേട് തോന്നിയത്കൊണ്ട്, ആദ്യം കണ്ട സൈഡ് റോഡിലേക്ക് കാറൊതുക്കി നേവിഗേറ്ററിൽ സെറ്റ് ചെയ്ത പോസ്റ്റ്കോഡും അഡ്രസ്സും വീണ്ടും നോക്കി. എല്ലാം ശരിയാണ്. ഒരു കുഴപ്പം മാത്രം- കഴിയൂന്നതും മോട്ടോർവേ ഒഴിവാക്കികൊണ്ടുള്ള വഴി തിരഞ്ഞെടുക്കാനാണ് നേവിഗേറ്റർ സെറ്റ് ചെയ്തിരുന്നത്!. വീണ്ടും M5 മോട്ടോർവേയിൽ എത്തണമെങ്കിൽ 13 മൈലോളം ദൂരം മുൻപോട്ട് പോയി,തിരിച്ച് വരണം!. വരുന്നിടത്ത് വച്ച് കാണമെന്നുള്ള വാശിയോടെ, കുറച്ച് കറങ്ങി തിരിഞ്ഞാണെങ്കിലും നേവിഗേറ്റർ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്നുള്ള ഉറപ്പുള്ളത്കൊണ്ട്, M5 മോട്ടോർവേ ഉപേക്ഷിച്ച് വണ്ടി നേരെ വിട്ടു.

“നാട്ടിലെ ഹൈവേ ദേ, ഇത്പോലിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരും. ഒരു ബ്ലോക്ക് വന്നാൽ, ഇത് പോലെ ക്ഷമ കാണിച്ച് ക്യൂവിൽ നിൽക്കത്തൊന്നുമില്ല്ല, ഒരു ഗാപ് കണ്ടാൽ തോന്നുന്നവൻ ഇടിച്ച് കേറ്റും. പിന്നെ അങ്ങോടുമില്ല, ഇങ്ങോടുമില്ല...”
ചെറിയൊരു നാട്ട് വഴിയിലൂടെ ഓടികൊണ്ടിരുന്നപ്പോൾ, ചില റോഡ് മെയിന്റൻസ് ജോലികൾ കാരണമുള്ള ട്രാഫിക് ബ്ലോക്കിൽ കുറച്ച് നേരം കിടന്നപ്പോൾ പപ്പയുടെ കമന്റ്. ഇവിടെ വന്നപ്പോൾ മുതൽ എന്തിനെയും നാടുമായി താരതമ്യപെടുത്തി പറയുകയാണ് പപ്പയൂടെ ഒരു ഹോബി.

“നൂറ് കോടിയിൽ കൂടുതൽ ജനങ്ങളും, പ്യൂൺ മുതൽ മന്ത്രിമാർ വരെയുള്ളവരിൽ അഴിമതിയില്ലാത്ത ഒരാളെ പോലുംകണ്ട് കിട്ടാൻ പ്രയാസവുമുള്ള നമ്മുടെ രാജ്യം, ഇത്രയെങ്കിലുമായല്ലോ, പപ്പാ. അതോർത്ത് സമാധാനിക്ക്”

എങ്കിലും, മറ്റു വാഹനങ്ങൾ നമ്മുക്ക് കയറി പോകാൻ ക്ഷമാപൂർവ്വം സിഗ്നൾ തരുന്നതും, ചിലപ്പോൾ മറ്റൊരു വാഹനത്തിന് നമ്മളായി വഴി കൊടുത്താൽ ഇൻഡികേറ്റർ ഫ്ലാഷ് ചെയ്തും, കൈ ഉയർത്തിയും നന്ദി പറഞ്ഞ് പോകുന്ന സംസ്കാരം പപ്പായ്ക്ക് വീണ്ടും അത്ഭുതം!. ഇരു വശവും പച്ച പുതച്ച കുന്നിൻ ചെരുവുകളും, താഴ്വരകളും നിറഞ്ഞ മനോഹരമായ ‘സോമർസെറ്റ്” കൌണ്ടിയിലൂടെ ഓടാൻ തുടങ്ങിയീട്ട് ഒരു മണിക്കുറോളമായി. ഇടക്കിടെ മഞ്ഞപട്ട് പുതച്ചപോലെയുള്ള Rapeseed പാടങ്ങളുടെയും, ഡാഫോഡിത്സ് പൂക്കളുടെയും, ഫാമുകളുടെയും നടുവിലൂടെയുള്ള രണ്ട് വരി പാതയിലൂടെ അതികം സ്പീഡിലല്ലാതെയുള്ള ഡ്രൈവിംഗ്, മനസ്സിൽ ചില ‘ദിൽ വാലെ ദുൽഹനിയ..’ സീനുകളെ ഓർമിപ്പിച്ചു. എന്തായാലും ഓർത്തതല്ലേ, ഒരു റിയൽ ഫീൽ വരട്ടെ എന്നോർത്ത് സിഡി മാറ്റിയിട്ടു.‘ഹോ ഗയ ഹെ തുജ്കോ തൊ പ്യാർ സജ്നാ...’ സ്റ്റീരിയോ പാടി തുടങ്ങി.

“ഏത് ‘സിമ്രാനെയാ’ ഇപ്പോളോർമ്മ വന്നത്?”..
പുറകിലെ സീറ്റിലിരുന്ന് അത് വരെ ഉറക്കം തൂങ്ങുകയായിരുന്ന ഭാര്യയാണ്.!
“കുറച്ച് വൈകിപോയി, അല്ലായിരുന്നെങ്കിൽ ‘തുജേ ദേഖാ തോയെയും, ‘കണ്ണോട് കാൺപതെല്ലാമും’ പാടി ചിലരുടെ കൂടെ ഇതിലെയൊക്കെ ഡ്രൈവ് ചെയ്യാമായിരുന്നു അല്ലേ?”
ഹ്ഹും.ഇവൾ വിടാൻ ഭാവമില്ല. മൌനം ബ്ലോഗർക്ക് ഭൂ‍ഷണം.

ചില വഴിയോരകാഴ്ചകൾ


സമയം 12 കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഇടക്കിടെ കാണുന്ന ‘സർവീസസ്‘ എന്ന ബോർഡ് വയറ്റിലേക്ക് ചില സിഗ്നലൂകൾ തന്നു.(ദീർഘദൂര യാത്രകളിൽ എന്തെങ്കിലും ഭക്ഷണം, ഇന്ധനം, വിശ്രമം..ഇതിനുള്ള ഇടത്താവളമാണ് ‘സർവീസസ്’ എന്ന് ഹൈവേകളിൽ കാണുന്ന പ്രതിഭാസം.:)‘സർവീസ്’ സ്റ്റേഷനിൽ കേറിയാലും കിട്ടാൻ പോകുന്നത്, മടുപ്പിക്കുന്ന കെഫ്സി ചിക്കനോ, ബർഗ്ഗറോ ആയിരിക്കും. പുറകിലുള്ള പ്ലാസ്റ്റിക് ബാഗിലൊന്നിൽ ‘അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചോറും, കറികളുമിരിക്കുന്നുണ്ടന്നുള്ള ഓർമ്മ വിശപ്പ് കൂട്ടി. സുഖമായിരുന്ന് പൊതിച്ചോറഴിച്ച് കഴിക്കാനൊരു സ്ഥലമായിരുന്നു, ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത ലക്ഷ്യം.

“ദേ..പന്നികളല്ലേ അത്..!” പപ്പയുടെ ചോദ്യം കേട്ടാണ് ഇടത് വശത്തേക്ക് നോക്കിയത്.! പശുക്കൾ, ആടുകൾ, കുതിരകൾ എല്ലാത്തിനെം വളർത്തുന്ന ഫാമുകൾ സാധാരണ കാഴ്ചകളാണങ്കിലും, ആദ്യമയിട്ടാണ് പന്നിയെ വളർത്തുന്ന ഒരു ഫാം റോഡരികിലായി കാണുന്നത്..

‘വിത്ഷൈർ’ കൌണ്ടിയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് റോഡ്സൈനുകൾ പറഞ്ഞു തന്നു .ഭക്ഷണം കഴിക്കാനായി കാർ എവിടെയെങ്കീലുമൊന്ന പാർക്ക് ചെയ്യണം. സ്പീഡ് വളരെ കുറച്ച് ഓടിച്ചു. വിശ്വസിക്കാനായില്ല, ദൂരെ തെളിഞ്ഞ് വരുന്ന കാഴ്ച..!.



സ്ടോൺഹെൺജ്.. ചരിത്ര പുസ്തകങ്ങളിലും, Windox XP വാൾപേപ്പറായിട്ടും, ട്രാവൽ ഗൈഡുകളിലും, ഈയടുത്ത്, മോഹൻലാലിന്റെ “ആകാശഗോപുരം” സിനിമയിൽ പോലും കണ്ട അതേ സ്റ്റോൺഹെഞ്ജ്..! ഇംഗ്ലണ്ടിൽ വന്നപ്പോൾ മുതൽ കാണണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്ന് അപ്രതീക്ഷിതമായി മുന്നിൽ കണ്ടതിന്റെ സന്തോഷത്തിൽ കാർ അങ്ങോട്ട് തന്നെ തിരിച്ച് വിട്ടു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച മൈതാനത്ത് BC3000 കാലഘട്ടത്തിൽ കൂറ്റൻ കല്ലുകളിൽ തീർത്ത ആദിമ മനുഷ്യന്റെ നിർമ്മിതി!. സ്കൂൾ -യൂണിവേർസ്റ്റി വിദ്യാർഥികളെ കൊണ്ട് വന്ന ബസുകളും, സാധാരണ ടൂറിസ്റ്റ്കളുടെ കോച്ചുകളും, കാറുകളും കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞിരിക്കുന്നു. അല്ലങ്കിലും, 3പൌണ്ട് കൊടുത്ത് പർക്ക് ചെയ്യാനുള്ള പിശുക്ക് കാരണം, അല്പ ദൂരം മാറി പുറത്ത് റോഡ് സൈഡിൽ കാറൊതുക്കി എല്ലാവരും ഇറങ്ങി.

സ്റ്റോൺഹെഞ്ജിനെപറ്റിയുള്ള വിവരണങ്ങളടങ്ങിയ ബൂക്കുകൾ, ലീഫ്ലെറ്റുകൾ, ഗൈഡിന്റെ സേവനം എല്ലാം ലഭ്യമാണന്ന് മനസിലായി, ഇൻഫൊർമേഷൻ കൌണ്ടറിൽ ചെന്നപ്പോൾ. ഒരാൾക്ക് 5 പൌണ്ടിന്റെ ടിക്കറ്റും വേണം മുൾവേലി കെട്ടി തിരിച്ചിരിക്കുന്ന ‘ബ്രിട്ടീഷ് ഹെറിറ്റേജിന്റെ’ നിയന്ത്രണത്തിലുള്ള ഗ്രൌണ്ടിനുള്ളിൽ കയറാൻ. റിസപ്ഷൻ കൌണ്ടറിൽ നിന്നു തുടങ്ങുന്ന ഭൂമിക്കടിയിലൂടെയുള്ള ചെറിയ ഇടനാഴിയിലൂടെയാണ് റോഡിനെതിർവശത്തുള്ള മുൾവേലിക്കുള്ളിൽ ചെല്ലുക. ഉള്ളിൽ കയറിയാലും, സ്ടോൺഹെഞ്ജ് പാറകൾക്ക് അടുത്ത് വരെ പോയി കാണാമെന്നല്ലാതെ, അതിൽ തൊടാനോ, ഉള്ളിലേക്ക് കയറാനോ സാധിക്കുകയുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സ്ടോൺഹെഞ്ജ് പൂർണ്ണമായും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്. Summer Solstice എന്നറിയപ്പെടുന്ന,വർഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം (സാധാരണയായി ജൂൺ പകുതിയിലൊരു ദിവസം) സൂര്യോദയം കാണാൻ വരുന്ന ആയിരകണക്കിനായ ‘പേഗൻസ്’എന്ന പ്രാചീന മത വിഭാഗത്തിന്റെ ആരാധനക്ക്. മന്ത്രോച്ചാരണങ്ങളും, സ്ടോൺഹെഞ്ജിന് ചുറ്റുമുള്ള പ്രദിക്ഷണവുമായി സൂര്യരാധന നടത്തുന്ന ഒരു സമൂഹം ഇപ്പോളും ഇംഗ്ലണ്ട് പോലൊരു രാജ്യത്തുണ്ടന്നുള്ളത് പുതിയൊരറിവായിരുന്നു എനിക്ക്!

“പത്ത് മൂപ്പത് പൌണ്ട് കൊടുത്ത് ഈ കല്ലുംകൂട്ടം കാണാനോ. വേറെ പണിയൊന്നുമില്ലേടാ നിനക്ക്.. നമ്മ്ടെ രാജഗിരിലെ കമ്മാളി കല്ല്ല് ഇതിനേക്കാൾ പത്തിരട്ടിയുണ്ട്. നയാ പൈസേം കൊടുക്കണ്ട.” ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോൾ പപ്പയുടെ പ്രതികരണം!

ഇത്രേം പൈസ് മുടക്കി അകത്ത് കയറിയാലും, അത് പ്രയോജനപ്പെടുത്താൻ മാത്രം ചരിത്രത്തിലും, പൌരാണികതയിലും താല്പര്യമുള്ളവരല്ല കൂടെയുള്ളതെന്നറിയാവുന്നതിനാൽ ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. മുള്ള് വേലിക്കരികിലൂടെ അല്പദൂരം നടന്നപ്പോൾ സ്റ്റോൺഹെഞ്ജിനെ കുറച്ച് കൂടെ അടുത്ത് കാണാൻ സാധിച്ചു. ടൺ കണക്കിന് ഭാരമുള്ള കൂറ്റൻ പാറകൾ വ്രത്താക്രതിയിൽ കുത്തി നിർത്തി, ഒന്നിനു മുകളിൽ മറ്റൊന്നായുള്ള ചരിത്രാതീത കാലത്തെ ഈ നിർമ്മിതി ഇന്നും പുരാവസ്തു ഗവേഷകർക്കൊരു ചോദ്യചിഹ്നമാണ്. ‘നിയോലതിക് കാലഘട്ടത്തിൽ’ ജീവിച്ചിരുന്ന മനുഷ്യരുടെ സൂര്യാരാധനക്കുള്ള ക്ഷേത്രമോ, ശവപ്പറമ്പോ (burial site)ആയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സംഗതി എന്ത് തന്നെയായാലും, പ്രാചീന മനുഷ്യർ നൂറ്കണക്കിന് മൈലുകൾക്കകലെ നിന്ന് എങ്ങനെ, എന്തിന് ഈ കൂറ്റൻ കല്ലുകൾ ഇവിടെ കൊണ്ട് വന്ന് ഇത് നിർമ്മിച്ചു എന്നത് ഇന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നു.




മുൾ വേലിക്കരികിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന് കുറേ ഫോട്ടോകൾ എടുത്ത് തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരെയൊന്നും കാണുന്നില്ല. പപ്പയും, അമ്മയുമൊക്കെ അവർക്ക് കൌതുകമുണർത്തുന്ന കാഴ്ച അതിനകം കണ്ടെത്തി കഴിഞ്ഞിരുന്നു. സ്ടോൺഹെൺജിനെതിർവശത്തായി, അല്പദൂരം മാറിയുള്ള പുൽമൈതാനത്ത് മേഞ്ഞ് നടക്കുന്ന നൂറുകണക്കിന് പശുക്കൾ. വേലിക്കരികിലേക്ക് വന്ന ചിലതിനെ തൊട്ടും തലോടിയും പപ്പയിലെ കർഷകൻ സ്നേഹം പ്രകടിപ്പിച്ചു.



പ്ലാൻ ചെയ്തിരുന്നതിൽ നിന്നൊക്കെ ഒത്തിരി വൈകിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടുമില്ല. വഴിതെറ്റിച്ചാണങ്കിലൂം അപ്രതീക്ഷിതമായി സ്ടോൺഹെഞ്ജ് കാണിക്കാനിടയാക്കിയ നേവിഗേറ്ററിനോട് നന്ദി പറഞ്ഞ് ഞങ്ങൾ സ്ടോൺഹെൺജിനോട് വിട പറഞ്ഞു. നാട്ടിലെ റോഡരികിൽ കരിക്ക് വിൽക്കുന്നത്പോലെ, സന്ദർശകർക്ക് ലോക്കൽ ഫാമുകളിൽ നിന്നുള്ള സ്റ്റ്ട്രോബറി വില്ക്കുന്നവരെ കാണാമായിരുന്നു വഴിയരികിൽ. 2-3 മൈലോളം വീണ്ടും പോയപ്പോളാണ്, വിജനമായ ഒരു പുൽമൈതാനം കണ്ടത്. വണ്ടി നിർത്തി, എല്ലാവരും പായ വിരിച്ച് ഇരുന്നു. അലുമിനിയം ഫോയിൽ പൊതി തുറന്നപ്പോൾ, സ്കൂളരികിലെ തോട്ടിൻ കരയിലിരുന്ന് കൂട്ടുകാരൊപ്പം ഉച്ചക്ക് വാഴയിലപൊതി അഴിക്കുന്ന സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു.

“ഉറക്കം കൺകളിൽ ഊഞ്ഞാല്കെട്ടുമ്പോൾ ഉദിക്കും നിൻ മുഖം ഞെഞ്ചത്തിൽ...”
വയറ് നിറയെ കഴിച്ചതിന്റെ ക്ഷീണത്തിൽ ഇടക്കിടെ കൂമ്പിപ്പോകാൻ തുടങ്ങിയ കണ്ണുകളെ ഉണർത്താൻ ഉച്ചത്തിൽ പാടിക്കൊണ്ട് (കരഞ്ഞ്കൊണ്ട് എന്നും പറയാം) ഞാൻ ഡ്രൈവ് ചെയ്തു.

“ഇങ്ങനെ പാടിയാൽ ഇത് കേൾക്കുന്ന ആരും പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങില്ല”.
ഭാര്യയുടെ കമന്റ് കേട്ടതോടെ ക്ഷീണമൊക്കെ മാറി.

ഇനിയും 120 മൈലോളമുണ്ട് ലണ്ടനിലേക്ക്. നാലു മണിക്കെങ്കിലും ജെറിയുടെ വീട്ടിലെത്തിയാലേ, ഇന്നത്തെ ബാക്കി പ്രോഗ്രാമായ ഈസ്റ്റ് ലണ്ടൻ കാണൽ നടക്കുകയുള്ളു. പറ്റിയാൽ ബിലാത്തിപട്ടണം മുരളിചേട്ടനെ കാണുകയും വേണം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗിനിടക്ക് വീണ്ടും ക്ഷീണം തോന്നിയെങ്കിലും, എവിടെയെങ്കിലും നിർത്തിയാൽ വീണ്ടും വൈകുമെന്നുള്ളത്കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫ്ലാസ്കിലെ കട്ടൻ കാപ്പി കുടിച്ചു.

ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാ‍ക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. ഇടക്കിടെ ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങിയെങ്കിലും, ലണ്ടൻ സിറ്റിക്കുള്ളിൽ കയറാതെ തന്നെ ‘വെംബ്ലിയിൽ’ നിന്നും നോർത്ത് സർകുലർ റോഡിലൂടെ ജെറിയുടെ വീടിരിക്കുന്ന ‘ഇൽഫോർഡിലേക്ക്’ നാവിഗേറ്റർ ക്രിത്യമായി എത്തിച്ചു. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്ടോൺഹെഞ്ചിലും, ഭക്ഷണം കഴിക്കാനമായി ചിലവഴിച്ച ഒന്നര മണിക്കൂറുൾ‌പ്പടെ, ആറു മണിക്കൂർ കൊണ്ട് ഏകദേശം കണ്ണൂർ മുതൽ എറണാകുളം വരെ പോകുന്ന ദൂരം പോന്നിരിക്കുന്നു.! ഇനി അല്പം നേരം വിശ്രമം ജെറിയുടെ വീട്ടിൽ.
(തുടരും..?)

10 comments:

  1. നന്നായി.

    സ്റ്റോൺഹെഞ്ജ് നെപ്പറ്റിയുള്ള വിവരണങ്ങള്‍ക്ക് നന്ദി.

    ReplyDelete
  2. നന്നായിട്ടുണ്ട്, തുടരണം. ഒന്നുമില്ലെങ്കിലും നമുക്കൊക്കെ ലണ്ടന്‍ വരെ വരാതെ തന്നെ. ഇതൊക്കെ കാണാനും അറിയാനും പറ്റുമല്ലോ. ചുമ്മാ ആഹ്ലാദിപ്പിന്‍..... ആഹ്ലാദിപ്പിന്‍.....

    ReplyDelete
  3. പോസ്റ്റ്‌ വായിച്ചു .എന്തായാലും വെറുതെ പോകുനില്ല .ഒരു യാത്രാ വിവരണം എഴുതുവാനുള്ള ബുദ്ധിമുട്ട് എത്ര ആണെന്ന് അത് എഴുതുബോള്‍ ആണ് മനസിലാവുന്നതും .ചിലര്‍ക്ക് ഫോട്ടോ ആവും ഇഷ്ട്ടം ,വേറെ ചിലര്‍ക്ക് വിവരണം .ഇത് രണ്ടും കൂടി ഒരുപോലെ ആക്കി എടുക്കുന്ന തും എഴുതുന്ന ആളുടെ തലയിലും .എന്നാലും നമ്മള്‍ കണ്ട യാത്രാ അതുപോലെ തന്നെ പകര്‍ത്തുമ്പോള്‍ വായിക്കാനും ഒരു സന്തോഷം .എന്തായാലും നല്ല സ്പീഡില്‍ തന്നെ യാത്രാ മുന്‍പോട്ടു പോകട്ടെ

    ഒന്ന് കൂടി പറയാനും ഉണ്ട് .


    ''ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാ‍ക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല''ഇത് സിജോ പറഞ്ഞതും .

    എന്റെ ഡ്രൈവിംഗ് പാസ്‌ ആയി ആദ്യ യാത്രാ ILFORD ആയിരുന്നു .അതും പ്രിയ കൂട്ടുകാരിയെ കാണാനും .വീട്ടില്‍ നിന്നും സന്തോഷായി, കാര്‍ എടുത്ത ഞാന്‍ ഇതുപോലെ ഒരു സ്ഥലത്ത് വന്നപ്പോള്‍ ഷമിന്‍ എനിക്ക് ഒരു പണി തന്നു .ഏറ്റവും സ്പീഡ് ഉള്ള ട്രാക്കില്‍ നില്ക്കാന്‍ പറഞ്ഞു .തമാശ ആണെന്ന് വിചാരിച്ചു ഞാനും ഒന്ന് അതിലൂടെ പോയി നോക്കി .ഒരു ഇരുപതിഅഞ്ചു മിനിറ്റ് ഞാന്‍ അവിടെ നിന്നും മാറിയും ഇല്ല .അവസാനം വേറെ ഒരു ആളുടെ പൊരിഞ്ഞ വഴക്കും കേള്കേണ്ടിയും വന്നു .അവന്റെ വഴക്ക് കേട്ടപോള്‍ ഷമിന്‍ പറഞ്ഞു നിനക്ക് വലിയ ആശ ആയിരുന്നു വല്ലോ? ഈ വഴിയില്‍ കൂടി ഒന്ന് വണ്ടി ഓടിക്കണം എന്നും .(പണ്ട് എന്നോ പറഞ്ഞ ആശ )അവനു 90 SPEED ലിമിറ്റില്‍ പോകാന്‍ ഞാന്‍ വഴി മാറണം എന്നും .എന്ത് നല്ല ആശ അല്ലേ ?അതോടെ ഞാന്‍ ഡ്രൈവിംഗ് പഠിച്ചു .''ആരൊക്കെ 90 യില്‍ പോയാലും ഞാന്‍ 70 വിട്ടു പോകുന്ന പ്രശ്നം ഇല്ല ''.

    ReplyDelete
  4. ഉപ്പ് തൊട്ട് കർപ്പൂരം വരെ
    എന്ന് പറയാറുണ്ടല്ലോ ...അതെന്യേയിത് !

    യാത്രയുടെ തലതൊട്ടപ്പന്മാരെയെല്ലാം വന്ദിച്ച്,വെറും വഴിപ്പോക്കനായ എന്നേയും യാത്രയിൽ കൂട്ടി,യാത്രാവിവരണത്തിന്റെ ഉഗ്രൻ ഒരു തുടക്കം കുറിച്ചിരിക്കുന്നൂ....
    അതും യാതൊന്നും വിട്ടുപോകാതെ....
    പടങ്ങളും,വിവരണങ്ങളും ഒന്നിനൊന്നു മെച്ചം !


    തുടരും എന്നുള്ള ചോദ്യചിഹ്നം മാത്രമാണ് ഇതിലെ അരോചകമായ ഏക സംഗതി കേട്ടൊ..സിജോ

    ReplyDelete
  5. ആശാനെ എന്തരടെ ഇത് നീയും വഴി മാറി പിടിച്ചോ ??? ( വല്യ പുള്ളിയായിപ്പോയി ) ഹും നടക്കട്ടെ ..........
    പിന്നെ ഞാനെപ്പോഴാടെ യാത്രകള്‍ ഒക്കെ എഴുതുന്ന വലിയ ബ്ലോഗ്ഗര്‍ ആയതു . ഹ ഹ . എന്നേ ചുമ്മാ പൊക്കിയതിന് സ്മരണയുണ്ടളിയാ സ്മരണ ...........
    പിന്നെ പോസ്റ്റ്‌ കിടിലം എന്നൊന്നും ഞാന്‍ പറയുന്നില്ല . പക്ഷെ ശരിക്കും എനിക്കിഷ്ടപ്പെട്ടു . ഒരു പക്ഷെ താന്‍ എന്റെ സുഹൃത്തായതു കൊണ്ടാവാം ഞാന്‍ ആസ്വദിച്ചു വായിച്ചത് . അപ്പോള്‍ ബാക്കി കൂടി എഴുതുക .
    ( കാലമാട , ഫാമിലിയായി താമസിക്കുന്ന താന്‍ , പൊതിച്ചോറിനെ കുറിച്ച് എഴുതി എന്നേ പോലത്തെ ഒറ്റക്കോഴികളുടെ ഹൃദയഭാരം കൂട്ടരുത് )

    ReplyDelete
  6. നല്ല പോസ്റ്റ്‌ !!!

    ReplyDelete
  7. ഷിജോ....
    എന്ത് പറ്റി, മീറ്റുകള്‍ മിസ്സാവുന്നുണ്ടല്ലോ. ഇപ്രാവാശ്യത്തെ മീറ്റില്‍ താങ്കള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.
    സാരമില്ല.... അടുത്ത ഊഴം കാത്തിരിക്കാം. സമയമുണ്ടാക്കി വരണം. അടുത്ത മീറ്റില്‍ താങ്കളെ പ്രതീക്ഷിക്കുന്നു.
    എല്ലാ ആശംസകളും.....

    ReplyDelete
  8. പുതിയ പോസ്റ്റ് ഉണ്ടോ എന്നറിയാന്‍ വേണ്ടി വന്നു നോക്കിയതാ. കമന്റുകള്‍ നോക്കിയപ്പോള്‍ എന്റെ ഒരു കമന്റു പോലുമില്ലത്രേ!! ഹെന്താ കഥ. പോസ്റ്റ് പണ്ട് വായിച്ചീട്ട് കമന്റിടാതെ ഞാന്‍ പോയീത്രേ!! അതുകൊണ്ടെന്താ പൊതിച്ചോറീന്റെ മണമുള്ള ഈ പോസ്റ്റ് ഒന്നുകൂടി വായിക്കാന്‍ പറ്റി. ഇട്ടാവട്ടത്തില്‍ കറങ്ങുന്ന എനിക്കീ ലണ്ടന്‍ പര്യടനം ഇഷ്ടമായീന്ന് പ്രത്യേകം പറയണോ? പറയണോന്ന്???
    :)
    (ദുഷ്ടാ, പൊതിച്ചോറിന്റെ കൊതിക്കെറുവും, സഞ്ചാരം ഇഷ്ടമാക്കിയ ഒരു മനസ്സിനെ നട്ടം തിരിക്കുന്ന കെട്ടുപാടുകളുമുള്ള ഒരു പാവം ആത്മാവിനെ മുറിവേല്‍പ്പിച്ചതിനു നിനക്കു ദൈവത്തിന്റെ കയ്യീന്ന് കണക്കറ്റു കിട്ടും. ഖണ്ഠിപ്പാ‍ാ.....)

    ReplyDelete
  9. ഹെയ്. ഇത് ഞാൻ നേരത്തെ വായിച്ചതാണല്ലോ.. കമന്റ് ചെയ്തതും ആണ്.!! ആ കമന്റൊക്കെ എവിടെ പോയി. ഏതായാലും ഒരിക്കൽ കൂടി വായിച്ചു.

    ReplyDelete