പഠിക്കുന്ന കാലത്തെന്നോ ആയിരുന്നു ഒരു ‘ഭീകര പനി - ഛർദ്ദി - വയറിളക്കം’ ഒക്കെ പിടിച്ച് ഒരാഴ്ചയോളം ഹോസ്പിറ്റലിൽ കിടന്നത്.. നല്ല രസമാരുന്നു അത് (ഇപ്പോ ആലോചിക്കുമ്പോൾ). കിടക്കുന്ന റൂമിന്റെ ജനലിലൂടെ കാണുന്ന നീണ്ട വഴിയും അതിനിരുവശത്തെ കാറ്റാടിമരങ്ങളും.. റോഡിനപ്പുറമുള്ള വർക്കിചേട്ടന്റെ 'മാതാ' ഹോട്ടലിലെ പുട്ട് /ഉപ്പുമാവ്, കടലക്കറിയുടെ മണം കൂട്ടി രാവിലെ റെസ്ക് & റൊട്ടി വിത്ത് കട്ടങ്കാപ്പി. ഉച്ചക്ക് മീൻ വറുത്തതിന്റെയും തിളക്കുന്ന സാമ്പാറിന്റെയും മണം തൊട്ട് നക്കി പൊടിയരി കഞ്ഞി.. നാലുമണിക്കത്തെ പഴമ്പൊരിയുടെ മണം ആവാഹിച്ച് വീണ്ടും ചായേം മരുന്നുകളും.. ഗ്ലൂകോസ് ബോട്ടിലുകൾ മാറ്റാനും, മരുന്ന് തരാനും വരുമ്പോൾ തമാശ പറഞ്ഞും, കളിയാക്കിയും, ഇടയ്ക്ക് പടം വരക്കാൻ പേപ്പറും പെൻസിലും തന്ന സി. ആനി. നൊസ്റ്റാൽജിക് പനി.
ഹോസ്പിറ്റലിനു എതിർവശത്തായിട്ടാരുന്നു 'അനുരാഗ് തീയറ്റർ'. തേന്മാവിൻ കൊമ്പത്ത് തകർത്തോടുന്നു അവിടെ. വീട്ടിലുണ്ടാക്കിയ പൊടിയരിക്കഞ്ഞിയുമായി വന്ന ചേട്ടൻ, തേന്മാവിൻ കൊമ്പത്ത് കണ്ടതിന്റെ വിശേഷങൾ പറഞ്ഞ് കൊതിപ്പിച്ചതോടെ 'മാതാഹോട്ടലിനൊപ്പം തേന്മാവിൻ കൊമ്പത്തും പനി സ്വപ്നത്തിൽ.. 'ആശുപത്രിന്നെറങ്ങുന്ന ദിവസം, രാവിലെ മാതാ ഹോട്ടലിലെ പുട്ടും കടലേം, ഉച്ചക്ക് മീൻ വറുത്തതും, ബീഫ് ഫ്രൈയും, സാമ്പാറും കൂട്ടി ഊണും, പിന്നെ അനുരാഗ് തിയറ്ററിന്ന് 'തേന്മാവിൻ കൊമ്പത്ത്', വൈകിട്ട് പഴമ്പൊരിം. ഇത് കഴിഞ്ഞിട്ട് വീട്ടിൽ പോയാ മതിയെന്ന്' ഡെയിലി മൂന്ന് നേരം പിതാ-മാതാശ്രീകളോട് ഓർമ്മിപ്പിച്ചോണ്ടിരുന്നു. ഒടുവിൽ ആ സുദിനം വന്നെത്തി. ബില്ലൊക്കെയടച്ച് ആശുപത്രീന്ന് പുറത്തേക്ക്, മാതാ ഹോട്ടലിലേക്ക് നടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടി.. ഊണിന്റെ സമയമാരുന്നു.. രാവിലത്തെ ബാക്കിയുണ്ടാരുന്ന പുട്ടും കടലയും പപ്പ പാർസലാക്കി. വാഴയിലയിൽ ഊണു വന്നു.. കൊതി മാത്രം ബാക്കി. മത്തി വറുത്തതിനും, ബീഫ് ഫ്രൈക്കുമൊന്നും മണത്തിന്റെയത്ര ടേസ്റ്റ് ഇല്ല.. വായിൽ കയ്പ് രുചി മാത്രം ബാക്കി. പക്ഷേ ആ നാരങ്ങ അച്ചാർ.. അതുവരെ ഒരു മണവും തന്ന് സസ്പെൻസ് പൊളിക്കാതിരുന്ന ആ കുഞ്ഞൻ എന്നെ ഹടാദാകർഷിച്ചു... ഊണു കഴിച്ചതിന്റെ തന്നെ പകുതിയും മാതാ ഹോട്ടലിന്റെ പുറകിൽ വാളുവച്ച് കളഞ്ഞു എങ്കിലും 'തേന്മാവിൻ കൊമ്പത്ത്' കേറാൻ ഒരു ക്ഷീണവും തോന്നിയില്ല.
കാലമുരുണ്ടു.. ഒരുപാട്...
കഴിഞ്ഞ ദിവസങ്ങൾ പനിയുടെ ആലസ്യത്തിലായിരുന്നു. പനിയെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര -രണ്ട് പനി. അടുത്തകാലത്തൊന്നും പനി ഇത്രയുമെന്നെ വാരിപ്പുണർന്ന് സ്നേഹിച്ചിട്ടില്ല..പക്ഷേ പനി സുഖമൊള്ളൊരു അസുഖമാണ്.. മുന്നാലു ഗ്ലാസ് വൈനടിച്ച് കിടന്നുറങ്ങി എണീക്കുമ്പോൾ തോന്നുന്ന ചെറിയൊരു മന്ദത പോലെ..ഇപ്പോളത്തെ പനി ‘ഇടുക്കി ഗോൾഡ്’ അടിച്ചപോലെയും. അല്ല, അടിച്ചു.. ഈ പനിക്കിടയിൽ പുതപ്പ് മൂടി ചുരുണ്ടി കൂടി സോഫയിൽ കിടന്ന് ‘ഇടുക്കിഗോൾഡും’ കണ്ടു.
കഞ്ഞിയും അച്ചാറും കഴിക്കുമ്പോൾ അടുക്കളയിൽ 'അമ്മുവിനു വേണ്ടി വറക്കുന്ന' മീനിനോട് കൊതി. തീയറ്ററിലോടുന്ന 'ദൃശ്യം' കാണാൻ മറ്റൊരു കൊതി.. പനിച്ച് വിറച്ച്, വണ്ടിയോടിച്ച് പോയി അതും കണ്ടു.
പനി രാത്രികളിൽ കാണുന്ന സ്വപ്നങ്ങൾ.. അത് വല്ലാത്തൊരു അനുഭവമാണു.. നാലാം ക്ലാസ് വരെ മാത്രം കൂടെ പടിച്ച 'ആറു വിരലൻ റോബിൻ' .. അവനെ അതിനുശേഷം കണ്ടിട്ടില്ല, കേട്ടിട്ടില്ല.. അവനെപോലും കണ്ടു, ഇന്നലത്തെ പനി സ്വപ്നത്തിൽ.. അതും ബാംഗ്ലൂരിലെ ഇന്ദിരാനഗറിലെ ഒരു പബ്ബിൽ മത്തിപൊരിച്ചതും ബിയറുമായിട്ടിരിക്കുമ്പോൾ.. ദിലീപ് എന്ന മത്താപ്പിനെയും സ്വപ്നത്തിൽ കണ്ടു. പബ്ബിനു പുറത്ത് ബൈക്കിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്ന അഹങ്കാരി. സ്വപ്നത്തിനു ശേഷമോ മുൻപോ..എപ്പോളോ വിറച്ച് പനിച്ചു.. പ്രിയതമ എണീറ്റ് പാരസെറ്റമോൾ തന്നു.. കെട്ടിപ്പിടിച്ചു.. രാവിലെയെപ്പോളൊ പനിവിട്ടു.. ദേഹം വിയർത്തു.. ആ സ്വപ്നങ്ങൾ.. അതിങ്ങനെ കുറേനാൾ പുറകെയുണ്ടാകും..എന്നാലും ആ റോബിൻ എവിടെയായിരിക്കും ഇപ്പോൾ?. ആ..അടുത്ത പനിയിൽ ഉത്തരം കിട്ടുമാരിക്കും..