Friday, 4 March 2011

മഞ്ഞിന്റെ മറയിട്ടോരോർമകൾക്കുള്ളിൽ...‘സംഗീതം അനന്തസാഗരമാണ്.. അതിന്റെ തീരത്ത് തിരകളെണ്ണി നിൽക്കാൻ പോലും യോഗ്യതയില്ലാത്താത്കൊണ്ട് ആ ഏരിയായിലേക്ക് പോലും അടുക്കാത്ത ആളാണ് ഞാൻ..’

പാട്ടുകളോടുള്ള എന്റെ ഇഷ്ടവും, എന്റെ സോംഗ് കളക്ഷനും കണ്ട്, ഞാൻ പാടുന്ന ആളാണന്ന് തൈറ്റിദ്ധരിക്കുന്നവരോട് സ്ഥിരം പറയാറുള്ളതായിരുന്നു, 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ’ ലാലേട്ടന്റെ ഈ ഡയലോഗ്.

കുട്ടികാലത്തെ അന്താക്ഷരി കളികളിലൂടെയായിരുന്നു പാട്ടുകളോടുള്ള ഇഷ്ടത്തിന്റെ തുടക്കം. ജെന്റിൽമാൻ-കാതലൻ-രംഗീല ട്രെന്റിൽ, ആ പ്രായത്തിലുള്ള മറ്റെല്ലാവരെയും പോലെ തമിഴ്-ഹിന്ദി പാട്ടുകളും, മലയാളത്തിലെ അടിപൊളി പാട്ടുകളുമായിരുന്നു അപ്പോളത്തെ ഫേവറൈറ്റ്സ്.

കോളേജ് ജീവിതകാലത്ത്, ‘ബുദ്ധിജീവിയാകാൻ’ പഠിക്കുന്ന കുറച്ച് കൂട്ട്കാരെ കിട്ടിയതോടെ ‘നമ്മളെന്തോ വല്ല്യ സംഭവമാണന്ന് കാണിക്കാനായി' ജാടയ്ക്ക് വേണ്ടി ഹിന്ദുസ്ഥാനി ക്ലാസികുകളും, ഒന്നും മനസിലാകാത്ത, ഗുലാം അലിയുടെ ഗസലുകളുടെ കാസറ്റുകളുമൊക്കെ പൊക്കിപിടിച്ച് നടക്കാറുണ്ടായിരുന്നെങ്കിലും, പതുക്കെ പതുക്കെ എന്റെ മ്യൂസിക് ടേസ്റ്റ്, ലൈറ്റ് റൊമാന്റിക് - മെലഡികളിലേക്കായി. സിനിമാ പാട്ടുകളുടെ കമ്പ്ലീറ്റ് കാര്യങ്ങളും ചെയ്യുന്നത് യേശുദാസ്, ചിത്ര, എം.ജി.ശ്രീകുമാർ, ജയചന്ദ്രൻ തുടങ്ങിയവരാണന്ന തെറ്റിധാരണ മാറി, ‘ഗാന രചന, സംഗീത സംവിധാനം’ തുടങ്ങിയ സംഗതികളും ഒരു ഗാനത്തിന്റെ പിറവിക്ക് പിന്നിലുണ്ടന്ന് മനസ്സിലായത് ആ കാലത്തായിരുന്നു. ഇഷ്ടമുള്ള പാട്ടുകളുടെയൊക്കെ കാസറ്റ് പൈസ മുടക്കി വാങ്ങുക എന്നത് പ്രാക്ടികലല്ലായിരുന്നത്കൊണ്ട്, ബ്ലാങ്ക് കാസറ്റ് വാങ്ങി റേഡിയോയിൽ വരുന്ന ഇഷ്ടഗാനങ്ങൾ കാസറ്റിലേക്ക് റെക്കോഡ് ചെയ്തായിരുന്നു എന്റെ പാട്ട് ശേഖരണം പുരോഗമിച്ചത്.

ഇന്റർനെറ്റ്-MP3 യുഗമായതോടെ പാട്ട് കളക്ഷൻ എളുപ്പമായി. പാടിയതാരാണന്നതിനൊപ്പം തന്നെ, ആ പാട്ടിനെ ഇത്രയേറെ മനോഹരമാക്കിയ ട്യൂൺ ചെയ്തതാരാണന്നും ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഒരു കാര്യം കൌതുകത്തോടെ ഞാൻ മനസ്സിലാക്കിയത് - എന്റെ പ്രിയപെട്ട മലയാളം പാട്ടുകളിലധികവും ‘രവീന്ദ്രൻ മാസ്റ്റർ’ സംഗീതം നൽകിയവയാണ്.! (ജോൺസൺ - ഔസേപ്പച്ചന്റെയും പാട്ടുകളുമുണ്ടന്നുള്ളത് മറക്കുന്നില്ല..)

നഷ്ടപ്രണയങ്ങളും, വെറുതെയുള്ള ‘ലോൺലി ഫീലിംഗ്സുകളുമായി’ തെക്ക് വടക്ക് നടന്നിരുന്ന ആ യൂത്ത് ഏജിനെ ‘ഇന്നുമെന്റെ കണ്ണുനീരിലും, പ്രമദവനവും, സായന്തനവും, മൂവന്തിതാഴ്വരയുമൊക്കെ’ കൂടുതൽ തീക്ഷ്ണമാക്കി. ലെനിൻ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയും, അതിലെ രവീന്ദ്രൻ മാഷ് ഈണമിട്ട ‘മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ, വാർമുകിലേ വാനിൽ നീ വന്നുനിന്നാലോർമ്മകളിൽ..’ തുടങ്ങിയ പാട്ടുകളും സുഖമുള്ള നൊമ്പരമായി മനസ്സിൽ പെയ്തിറങ്ങുകയും ചെയ്തതോടെ ഞാൻ രവീന്ദ്രൻ മാഷിന്റെ പാട്ടുകളുടെ ഫാനായി.

2003ലെ ഒരു ഈദ് അവധിക്കാലത്ത്, ‘രവീന്ദ്രൻ നൈറ്റ്’ എന്ന സംഗീത പരിപാടിയ്ക്ക് വന്നപ്പോൾ ബഹറൈനിൽ വച്ചായിരുന്നു അപ്രതീക്ഷിതമായി രവീന്ദ്രൻ മാസ്റ്ററെ നേരിട്ട് കാണാനൊരു അവസരം കിട്ടിയത്. സുഹ്രുത്തായ ബോബി നടത്തിയിരുന്ന ജീവൻ ടിവിയുടെ ബഹറൈൻ ഫ്രാഞ്ചൈസി, രവിന്ദ്രൻ നൈറ്റ് ഷോയുടെ ഒഫീഷ്യൽ മീഡിയയായിരുന്നത്കൊണ്ട് പരിപാടിയുടെ ആദ്യാ‍വസാനം പങ്കെടുക്കാൻ പറ്റി. മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിൽനിന്നും വ്യതസ്ഥമായി സ്റ്റേജിന്റെ നടുക്ക് ഒരു കസേരയിലിരുന്ന് മാഷ് കാണികളോട് സംസാരിച്ചു. ഓരോ പാട്ടും രൂപപെട്ട് വന്ന രീതിയും അതിന് പിന്നിലെ കഥകളുമൊക്കെ മാഷ് പറഞ്ഞ് കഴിയുമ്പോൾ ഗായകരായ ബിജു നാരായണൻ, രാധിക തിലക് തുടങ്ങിയവർ വന്ന് ആ പാട്ട് പാടും.

പരിപാടിയുടെ കാമറാമാനായ സുഹ്രുത്ത് അജിയേട്ടനും (അജിത് നായർ - നിലാവ് സിനിമയുടെ സംവിധായകൻ), ഞാനും ഇടയ്ക്കിടെ സ്റ്റേജിന്റെ പിന്നിൽ പോയി ഞങ്ങളുടെ ഇഷ്ടഗാനങ്ങൾ ഒരു പേപ്പറിലെഴുതികൊടുത്തത് ബിജു നാരായണനും,രാധികയും പാടി. ഗൾഫിൽ സ്ഥിരം അരങ്ങേറുന്ന മിമിക്രി - ദപ്പാങ്കുത്ത് ഡാൻസ് സ്റ്റേജ് ഷോകൾ കണ്ട് ശീലിച്ച ഓഡിയൻസിന് പുതിയൊരനുഭവമായിരുന്നു രവീന്ദ്രസംഗീതം. പ്രോഗ്രാമിന് ശേഷം, ബോബിയ്ക്കും സുഹ്രുത്തുക്കൾക്കുമൊപ്പം ഹോട്ടൽ മുറിയിലെത്തി രവീന്ദ്രൻ മാഷിനെ വീണ്ടും കാണാൻ സാധിച്ചു. ‘ഏതാണ് മാഷിന്റെ പുതിയ പാട്ട്’ എന്ന് ചോദിച്ചപ്പോൾ, “ വിഷുപക്ഷിപാടും പാട്ടിൽ.. ല ലല ലാലലല്ല....” എന്ന് മൂളുകയാണ് മാഷ് ചെയ്തത്. ‘കളഭം തരാം..ഭഗവാനെൻ മനസ്സും തരാം...” എന്ന് തുടങ്ങുന്ന, മലയാളികൾ എന്നും ഹ്രുദയത്തിൽ സൂക്ഷിക്കുന്ന ആ പാട്ട് അങ്ങനെ രവീന്ദ്രൻ മാഷിന്റെ ശബ്ദത്തിൽ തന്നെ ആദ്യമായി കേൾക്കാൻ പറ്റിയത് ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളിലൊന്നായിരുന്നു.

യേശുദാസിന്റെ കഴിവുകളെ ഏറ്റവും നന്നായി ഉപയോഗിച്ചത് രവീന്ദ്രൻ മാസ്റ്ററായിരുന്നിരിക്കണം. ഭരതം,ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം,രാജശില്പി, അമരം, ആറാം തംബുരാൻ തുടങ്ങി എത്രയെത്ര സിനിമകളിലെ പാട്ടുകൾ.. പൊന്നോണതരംഗിണി, വസന്തഗീതങ്ങൾ തുടങ്ങിയ ആൽബങ്ങൾ .. ഹ്രദയത്തെ തൊടുന്ന മെലഡികളും,സെമിക്ലാസികലുകളും മാത്രമല്ല - ‘സുന്ദരീ സുന്ദരീ (ഏയ് ഓട്ടോ),കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം) രാമായാണകാറ്റേ (അഭിമന്യു), മനസ്സിൽ മിഥുനമഴ (നന്ദനം)‘ തുടങ്ങിയ ഫാസ്റ്റ് നമ്പർ അടിപൊളിപാട്ടുകളും മാഷ് മലയാളികൾക്ക് സമ്മാനിച്ചു.

സൌപർണ്ണികാമ്രത, തിരുസ്സന്നിധാനം വാഴ്ത്തുന്നു’ , കുടജാദ്രിയിൽ, കാർമുകിൽ വർണന്റെ, തുടങ്ങിയ മാഷ് സംഗീതം നൽകിയ പാട്ടുകൾ ഒരു ദേവാലയത്തിൽ പോകുമ്പോളുണ്ടാകുന്നതിനേക്കാളും വലിയ ആത്മീയാനുഭവമാണ് തരുന്നത്..!

മലയാളി ഹ്രദയങ്ങളിലേക്ക് ഏഴു സ്വരങ്ങളും തഴുകിയെത്തിയ, കാതിൽ തേനും വയമ്പും തൂവിയ, മഞ്ഞക്കിളിയുടെ മൂളിപാട്ട് പോലെ, നിരവധി പാട്ടുകൾ സമ്മാനിച്ച രവീന്ദ്രൻ മാസ്റ്റർ, ഹർമോണിയപെട്ടി താഴെവെച്ച് സംഗീതത്തിന്റെ ഏതോ നിദ്രയിൽ ലയിച്ചിട്ട് മാർച്ച് 3ന് 6 വർഷം കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ മലയാളി ഹ്രദയങ്ങളിൽ മാഷ് എന്നും ജീവിക്കുന്നു.. നേരിട്ട് ബന്ധമില്ലാത്ത ഒരാൾ, അതും ഒരു ‘സെലിബ്രിറ്റി’ മരിച്ചപ്പോൾ ,ആദ്യമായി എന്റെ കണ്ണുകൾ നിറഞ്ഞതെന്തിന് എന്ന ചോദ്യത്തിന് മാഷിന്റെ പാട്ടുകൾ തന്നെ എന്നും എനിക്ക് ഉത്തരം തന്നുകൊണ്ടിരിക്കുന്നു..

----------------------------------
യക്ഷിയും ഞാനും’ എന്ന സിനിമയിലൂടെ രവീന്ദ്രൻ മാഷിന്റെ മകൻ സാജൻ മാധവ് സംഗീത സംവിധായകനായി. തുടക്കം ആശാവകമാണ്; കേട്ടാലറപ്പ് വരുന്ന പാട്ടുകളിറങ്ങുന്ന ഈ കാലത്ത്, രവീന്ദ്ര സംഗീതത്തിന്റെ ഒരംശമെങ്കിലും തരാൻ രവീന്ദ്രൻ മാസ്റ്ററുടെ മകന് കഴിയട്ടെയെന്ന് ആശംസിക്കുന്നു..

16 comments:

 1. ഒരു പവിഴമുത്തുമാലയിൽ നിറമേന്മയുള്ള മുത്തുകൾ കോർത്ത് ഭംഗി പിടിപ്പിക്കുന്നപോലെ..., രവീന്ദ്രസംഗീതത്തിലെ എല്ലാപവിഴമുത്തുകളും കോർത്തിണക്കി, മലയാളത്തിന്റെ ആസ്ഥാന സംഗീത പ്രതിഭയായിരുന്ന രവീന്ദ്രന്മാഷിന്റെ ആറാം ചരമവാർഷികത്തിന്റന്ന്....
  ആ സംഗീതവല്ലന് കാഴ്ച്ചവെച്ച ഏറ്റവും നല്ല ബാഷ്പാജ്ഞലിയായി മാറി കേട്ടൊ ബഹറിൻ സംഗീതവിരുന്നിൽ നിന്നും ...
  സിജോ ഇപ്പോൾ ഇവിടെ വിളമ്പിവെച്ച ഈ രവീന്ദ്രസ്മരണാവിഭവങ്ങൾ....

  അഭിനന്ദനങ്ങൾ...!

  ReplyDelete
 2. അനുഭവം ഹൃദ്യമായി. നന്നായി പറഞ്ഞിരിക്കുന്നു സിജോ!!
  ആശംസകള്‍!!

  ReplyDelete
 3. നല്ല ഓര്‍മ്മക്കുറിപ്പ്‌, സിജോ....

  ReplyDelete
 4. വളരെ നല്ല ഓര്‍മ്മക്കുറിപ്പ്‌ !!ഇതില്‍ പല പാട്ടുകളും എന്റെയും പ്രിയപ്പെട്ടത് ആണ് (ഭരതം,ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം,രാജശില്പി)

  ReplyDelete
 5. ആ നല്ല പാട്ടുകളൊക്കെ കേട്ടു.നന്ദി.

  ReplyDelete
 6. രവീന്ദ്രന്‍ മാഷേ നേരില്‍ കണ്ടു സംസാരിച്ച ഭാഗ്യവാനെ ഒന്ന് നേരില്‍ കാണാന്‍ ഈ സ്വാമികള്‍ക്കും കൊതി ഉണ്ട്. നമ്മുടെ ഒരു സുഹൃത്ത്‌ സിജോയെ പറ്റി പറഞ്ഞിരുന്നു. തിരക്ക് കാരണം ഈ ബ്ലോഗ്ഗില്‍ വന്നെത്തി നോക്കാന്‍ കഴിഞ്ഞില്ല. അതൊരു നഷ്ടമായി എന്ന് ഇത് വായിച്ചപ്പോള്‍ തോന്നുന്നു. സാരമില്ല, better late than never എന്നാണല്ലോ.. നമുക്ക് ഈസ്റ്റ്‌ഹാമില്‍ കൂടാം ഓഗസ്റ്റില്‍.

  ReplyDelete
 7. പാട്ട് പാടാന്‍ അറിയില്ല. എന്നാല്‍ നല്ല പാട്ടുകള്‍ എത്ര കേട്ടാലും മതിവരാറില്ല.

  ReplyDelete
 8. നന്നായി ഈ പാട്ടോര്‍മ്മ. ആശംസകള്‍

  ReplyDelete
 9. മറ്റൊരു ലംണ്ടൻ കാരന്റെ ബ്ലോഗിലും ഈ മണ്ടൻ കൂട് കൂട്ടി.

  ReplyDelete
 10. :)
  രവീന്ദ്രസംഗീതത്തിന്‍‍റെ മാസ്മരികതയില്‍ ഈ ചെറുതും
  സംഗീതത്തെ ഇഷ്ടപെടുന്ന ആരും വാചാലരാകുന്ന വിഷയമാണ് പോസ്റ്റിലുള്ളത്. പറയാന്‍ തുടങ്ങിയാല്‍ ഞാനും കുറേ പറഞ്ഞുപോകും.

  ബട്ട്.......കണ്ട്രോളി ;)

  ആശംസകള്‍ സിജോ.
  വീണ്ടും കാണാം

  ReplyDelete
 11. ഹൃദ്യമായി എഴുതിയിരിക്കുന്നു... പാട്ടുകാരന്‍ അല്ലെങ്കിലും സിജോയെപ്പോലെ തന്നെ പാട്ട് ജീവനായത്‌ കൊണ്ട് ഈ അനുഭവക്കുറിപ്പ് വളരെയധികം ഇഷ്ട്ടപ്പെട്ടു...

  ഇനിയും വരാം...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/
  (പുതിയ ഒരു പോസ്റ്റ്‌ ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

  ReplyDelete