Thursday, 17 February 2011

ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -1

“കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നൂ‍ൂ‍ൂ‍ൂ‍ൂ...”

ചാർജ് തീർന്ന ബാറ്ററിയുടെ അവസാന തുള്ളി ഊർജവും ഊറ്റിയെടുത്ത്കൊണ്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫുട്പാത്ത് കടയിൽ നിന്നും വാങ്ങിയ, റൂം മേറ്റ് പ്രസൂണിന്റെ 'മേഡ് ഇൻ കോയമ്പത്തൂർ' വാക്മാൻ ആസ്മരോഗിയെപോലെ പാടികൊണ്ടിരുന്നു.. ഉടുത്തിരുന്ന ലുങ്കിയും ബെഡ്ഷീറ്റും ചേർന്ന ഡബിൾ ലെയർ ബ്ലാങ്കറ്റ് ഞാൻ തലയിലേക്ക് മൂടി. ഊട്ടിയിലെ പൈൻ മരങ്ങൾ നിറഞ്ഞ മലഞ്ചെരുവിലൂടെ ലാലേട്ടനും കാർത്തികയ്ക്കും പകരം ഞാനും ‘ഫസ്റ്റ് ഇയർ സിവിലിലെ രേഖയും’ മരം ചുറ്റി നടന്നു. പക്ഷേ പുറത്തുനിന്നുള്ള കലപില ശബ്ദങ്ങളും, അടുത്ത റൂമിൽ അനീഷ് 7.30ന്റെ പ്രാദേശിക വാർത്തകളുടെ വോള്യം കൂട്ടിയതും പിന്നെ ‘നിറഞ്ഞ ബ്ലാഡർ എമ്പ്റ്റി ചെയ്യാ‍നുള്ള ഉൾവിളിയും‘ കാ‍രണം അധികം വൈകാതെ തന്നെ ഊട്ടിയിൽ നിന്ന് തൽകാലത്തേക്ക് മടങ്ങാൻ ഞാൻ നിർബന്ധിതനായി.

‘ലക്ഷ്മി ലോഡ്ജ്’ 1999ലെ മറ്റൊരു സുപ്രഭാതത്തിലേക്കുറക്കമുണർന്നു. 8 റൂമുകളിലെ 17 അന്തേവാസികൾക്കായുള്ള രണ്ട് ടോയ്ലെറ്റിന്റെയും, 3 ബാത്രൂമിന്റെയും മുന്നിൽ പതിവ് പോലെ ക്യു രൂപം പ്രാപിച്ച് വരുന്നു. എന്തായാലും ഇനി ഒരു മണിക്കുറത്തേക്കെങ്കിലും ആ സൈഡിലേക്ക് പോയിട്ട് കാര്യമില്ല. ഓപൺ എയറിൽ കാര്യം സാധിക്കാനായി ഞാൻ രണ്ടാം നിലയിലെ റൂമിൽ നിന്നും സ്റ്റെപ്പിറങ്ങി.

എസ്.എൻ കോളേജ്, ഗവ.പോളിടെക്നിക്, ഗവ. ഐ.ടി.ഐ, ജൂനിയർ ടെക്.സ്കൂൾ തുടങ്ങി അക്ഷര കേരളത്തിന്റെ തിലകക്കുറികളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരനിരയായി സ്ഥിതിചെയ്യുന്ന, കണ്ണുർ - തലശേരി ദേ.പാ.47നരികെ ‘തോട്ടട’യിലാണ് ചരിത്രപ്രസിദ്ധമായ ലക്ഷ്മി ലോഡ്ജ് ‘ബർജ്-അൽ അറബ്’ പോലെ രണ്ട് നിലകളിൽ തലയുയർത്തി നിൽക്കുന്നത്. ഐ.ടി.ഐയിൽ നിന്നും മെക്കാനിക്കൽ ഇൻസ്ട്രക്സ്ടറായി വിരമിച്ച കുഞ്ഞിക്കണ്ണൻ മാഷ്, തന്റെ റിട്ടയർമെന്റ് ജീവിതം എംഗേജ്ഡ് ആയി നിലനിർത്താനും, ഒപ്പം പെൻഷൻ കൂടാതെ ഒരു സൈഡ് വരുമാനവും എന്ന ലക്ഷ്യത്തോടെ, എസ്.എൻ കോളേജ്-പോളി-ഐടിഐ കളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പഠിക്കുന്ന കുട്ടികളെ മുന്നിൽ കണ്ട് തുടങ്ങിയ ഒരു മഹദ് സ്ഥാപനമാണ് - നെരൂദയുടെയും,ഖലിൽ ജിബ്രാന്റെയും, രാജേഷിന്റെയും, ബിനുവിന്റെയും കവിതാ ശകലങ്ങൾ ചോക്കിലും കരിയിലും ആലേഖനം ചെയ്ത, പായൽ പിടിച്ച ചുവരുകളുള്ള - ‘ലക്ഷ്മി ലോഡ്ജ്’. മാഷിന്റെ ഔദ്യോഗിക വസതിയായ ‘ലക്ഷ്മി നിവാസിന്റെ’ കോമ്പൌണ്ടിനുള്ളിൽ തന്നെ ഒരു ഔട്ട് ഹൌസ് പോലെ സ്ഥിതി ചെയ്യുന്നത്കൊണ്ടാണ് ‘ലക്ഷ്മി ലോഡ്ജെന്ന്’ പേര് വീണത്.

പുറത്തിറങ്ങി പറമ്പിന്റെ മൂലയ്ക്ക് ഒരു വാഴയുടെ മറവിൽ ‘കാര്യം സാധിച്ച്’ തിരിഞ്ഞപ്പോളാണ്, മാഷിന്റെ പത്നി ലക്ഷ്മിയേടത്തി ഉണങ്ങാനായി അഴയിൽ വിരിച്ചിട്ടിരിക്കുന്ന സാരിയെ ഒരു മിനി മറപ്പുരയാക്കി മാറ്റി, അതിന്റെ പിന്നിൽ പുറത്തെ ടാപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം പിടിച്ച്, തോർത്ത്മുണ്ട് മാത്രമുടുത്ത് വിശാലമായി കുളിക്കുന്ന പോളി ചെയർമാനും, SFIയുടെ യൂണിറ്റ് സെക്രട്ടറിയും, കൂടാതെ ദാസ് കാപിറ്റലും, എം.എൻ വിജയൻ-അഴിക്കോട് തുടങ്ങിയവരുടെ പുസ്തകങ്ങളും വായിച്ചിട്ടുള്ള, പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ പോകാറുള്ള മനോജ് മാത്യു നിന്ന് കുളിക്കുന്നത് ഞാൻ കണ്ടത്.

“മനോജേട്ടാ, പബ്ലിക്കായി കുളി പാടില്ലന്ന് കുഞ്ഞിക്കണ്ണൻ മാഷിന്റെ വാണിംഗുള്ളതാ കേട്ടോ”. ഞാൻ പറഞ്ഞു.

“സുഹ്രത്തേ, മനുഷ്യന്റെ പ്രാധമിക-അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അവനെ വിലക്കാൻ ഒരു മുതലാളിത്ത-ബൂർഷ്വാ വ്യവസ്ഥിതിക്കും കഴിയില്ല.” മനോജേട്ടന്റെ മറുപടി കേട്ട് ഞെട്ടിയ ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു.

“എന്തോന്നാടേ.. ഗവണ്മെന്റാശുപത്രീന്ന് വന്ന പോലെ രാവിലെ തന്നെ ബക്കറ്റും പിടിച്ച് ടോയ്ലെറ്റിന്റെ മുന്നിൽ ക്യൂ നിൽക്കാൻ നിങ്ങൾക്കൊന്നും ലജ്ജയില്ലേ..?”
ബാത്രൂമിന്റെ മുന്നിൽ നിൽക്കുകയായിരുന്ന അടുത്ത റൂമുകളിലെ സിബിച്ചൻ, തോമസ്, ബിജു തുടങ്ങിയവരുടെ നേർക്ക് പൊതുവായൊരു ചോദ്യമുയർത്തിയിട്ട്, ടെലികോം ഓഫീസിലെ ജീവനക്കാരനും എന്റെ നാട്ടുകാരനുമായ സുനിലേട്ടന്റെ മുറിയിലേക്ക് കയറി. പടങ്ങളിൽ കാണുന്ന ശ്രീനാരയണ ഗുരുവിനേപ്പോലെ കട്ടിലിൽ കണ്ണടച്ച് ചമ്രം പടിഞ്ഞിരുന്ന് ‘പ്രാണയാമം’ ചെയ്യുകയാണ് കക്ഷി. അടുത്തിടെ ചെയ്ത ‘ആർട് ഓഫ് ലിവിങ്’ കോഴ്സിന്റെ ആഫ്റ്റർ ഇഫക്ട്. അടുത്ത കട്ടിലിൽ, ഈജിപ്റ്റിലെ ‘മമ്മിഫിക്കേഷൻ’ ചെയ്ത ഡെഡ്ബോഡി പോലെ പുതപ്പിൽ പൊതിഞ്ഞ് ഒരു രൂപം കിടക്കുന്നു. സുനിയേട്ടന്റെ സഹമുറിയനും, കമ്പനി വക 0.5kg വെയ്റ്റുള്ള അൽകാടെൽ മൊബൈൽ സ്വന്തമായുള്ള, എസ്കോടെൽ മൊബൈലിലെ മാർകറ്റിംഗ് എക്സിക്യുട്ടീവ് അഭിലാഷ് തോമസ്. ലക്ഷ്മി ലോഡ്ജിലെ താമസക്കാരിലെ രണ്ടേ രണ്ട് ‘ഉദ്യോഗസ്ഥർ’.

റൂമിന്റെ പിന്നിലായുള്ള ചെറിയ കിച്ചണിലേക്ക് ചെന്ന് ഞാൻ പാത്രങ്ങൾ പൊക്കി നോക്കി. ചീനചട്ടിയിൽ കുറച്ച് ഉപ്പ്മാവിരിക്കുന്നു. അഭിലാഷിന്റെ വിഹിതമായിരിക്കും. സ്റ്റീൽ കപ്പിലെ കട്ടൻ കാപ്പി ഒരു ഗ്ലാ‍സ്സിലൊഴിച്ച് സിപ്പെടുത്തു. മധുരം നഹി.
“പഞ്ചാരയില്ലേ സുനിയേട്ടാ..?”

“വേണേ എട്ത്ത് മോന്തീട്ട് പോടാ. ഓസിന് കിട്ടുന്ന കാപ്പിയല്ലേ.” പ്രാണയാമം തടസപ്പെട്ടതിന്റെ അരിശത്തിൽ സുനിലേട്ടൻ.

“ഇന്നെന്ത് പറ്റി.. ജൂനിയേർസ് പെമ്പിള്ളേരെ ബസ്റ്റോപ്പ് മുതൽ സ്വീകരിച്ചാനയിക്കാൻ പോണില്ലേ.? അല്ലേ രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് എഴുന്നുള്ളുന്നതാണല്ലോ.?” പാന്റ്സിന്റെ സിബ്ബ് വലിച്ചിട്ട്കൊണ്ട് സുനിലേട്ടൻ ചോദിച്ചു.

“ഇന്നൊരു 30റുപീസ് തടയുന്ന പണിയൊത്തിട്ടുണ്ട് സുനിയേട്ടാ. മെക്കാനിക്കലിലെ സുരേഷിന്റെ റെക്കോഡ് വരച്ച് കൊടുക്കണം. സോ, ഉച്ച വരെ കാഷ് ലീവെടുത്തു.” ഞാൻ പറഞ്ഞു.

ലഞ്ച് ബോക്സ് ബാഗിലെടുത്ത് വച്ചതിന് ശേഷം പോകാനായൊരുങ്ങിയ സുനിയേട്ടൻ, റൂമിലെ മേശയിലിരുന്ന ബ്രഡ് കൂടിലേക്കും രണ്ട് നേന്ത്രപ്പഴത്തിലേക്കും, പിന്നെ എന്റെ മുഖത്തേക്കും മാറി മാറി സംശയത്തോടെ നോക്കി. പിന്നെ മുകളിലെ ഷെൽഫിലിരിക്കുന്ന വലിയ സ്യൂട്കേസ് പെട്ടി തുറന്ന് ബ്രെഡും, പഴവുമെടുത്ത് അതിനുള്ളിൽ സുരക്ഷിതമായി വച്ച്, നമ്പർ ലോക്കിട്ട് പെട്ടി പൂട്ടി. “ഒരുത്തനേം വിശ്വസിക്കാൻ പറ്റാത്ത കാലമാണേ.. നമ്മള് സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ.”

“വിശന്നിരുന്ന ഒരു ദുർബല നിമിഷത്തിൽ, ആ ജയൻ സുനിയേട്ടന്റെ ഒരു പഴമെടുത്ത് തിന്നതിന്റെ പേരിൽ ലക്ഷ്മി ലോഡ്ജ് നിവാസികളെ ഒന്നടങ്കം അപമാനിക്കുന്ന സുനിയേട്ടന്റെ പെരുമാറ്റം അങ്ങേയറ്റം ക്രൂരവും പൈശാചികവും, അപലപനീയവുമാണ്.” ഞാൻ പ്രതിഷേധമറിയിച്ച്കൊണ്ട് കാപ്പിയുമെടുത്ത് റൂമിൽ നിന്നിറങ്ങി; ബജാജ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് സുനിയേട്ടൻ ഓഫീസിലേക്കും.

സ്റ്റെപ്പ് കയറി മുകളിലെത്തി. വരാന്തയിലൊരു കസേരയിൽ, പോളിടെക്നികിലെ രണ്ടാംവർഷ മെക്.എഞ്ചി. സ്റ്റുഡന്റ്, വയനാട് സ്വദേശി - അടുത്ത റൂമിൽ താമസിക്കുന്ന ജയൻ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ യൂത്ത് സ്പെഷ്യൽ സപ്ലിമെന്റിൽ ആകാംക്ഷയോടെ മുഖം പൂഴ്ത്തിയിരിക്കുന്നു. ഒരു കസേര വലിച്ചിട്ട് അരമതിലിൽ കാലും കേറ്റി വച്ച് ഞാനുമിരുന്നു. ജയന്റെ മടിയിൽ നിന്ന് പത്രത്തിന്റെ ഒരു ഷീറ്റ് വലിച്ചെടുത്തു.

“വയ്ക്കടാ അവിടെ.. തൊട്ട് പോകല്ല്.”
ജയൻ ഗർജ്ജിച്ചു. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ജയന്റെ നേത്രുത്വത്തിൽ തുടങ്ങിയ ഇൻഡ്യൻ എക്സ്പ്രസ് സബ്സ്ക്രിപ്ഷൻ - തങ്ങളെല്ലാം ആൾറെഡി ഇംഗ്ലീഷിൽ നല്ല എക്സ്പെർട്സ് ആണന്ന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും ബോദ്ധ്യപ്പെട്ടത്കൊണ്ടും, പടങ്ങൾ കാണാൻ നാന, ചിത്രഭൂമി തുടങ്ങിയ ധാരാളം മാസികകളുള്ളത്കൊണ്ടും - ഒരു വൻപരാജയമായി മാറുകയും, പത്രത്തിന്റെ ഒരു മാസത്തെ ബില്ല് ജയൻ തന്നെ അടയ്കേണ്ടി വരികയും ചെയ്തതാണ് ഈ ഗർജ്ജനത്തിന് കാരണം. ഇപ്പോൾ, പത്രത്തിന്റെ കൂടെ കിട്ടുന്ന 'YES' എന്ന യൂത്ത് സപ്ലിമെന്റ് വായിക്കാൻ ബുധനാഴ്ചകളിൽ മാത്രം ജയൻ പത്രം വാങ്ങും.

മുന്നിലെ ടീപോയിൽ റെക്കോഡ് ബുക്ക് തുറന്ന് വച്ച്, ഇടയ്ക്കിടെ കാപ്പിയും സിപ്പ് ചെയ്ത് ഞാൻ സുരേഷിന്റെ റെക്കോഡ് വരയ്ക്കാനാരംഭിച്ചു.

“ഡേയ്, കുഞ്ഞാ, ഇങ്ങോട്ട് നോക്കിക്കേ.. എനിക്ക് നിന്റെയൊരു ഹെല്പ് വേണം.” പത്രത്തിൽ നിന്നും മുഖമുയർത്തികൊണ്ട് ജയൻ പറഞ്ഞു.

“ഒന്ന് പോടാവ്ടുന്ന്. ആ പത്രത്തേലൊന്ന് തൊട്ടപ്പോ എന്താരുന്നു ബഹളം.എന്നിട്ടിപ്പോ അവന് ഹെല്പ് വേണം പോലും.” ഞാൻ രോഷത്തോടെ പ്രതികരിച്ചു.

“എന്റളിയാ, നീയീ പത്രം മുഴോനോടെയെടുത്തോ. ഇത് സംതിംഗ് വെരി ഇമ്പോർട്ടന്റ് ആൻഡ് അർജന്റ്. എടാ കഴിഞ്ഞ ഒന്നൊന്നര മാസമായിട്ട് ഞാനീ 'YES vibes'ൽ വരുന്ന കമ്പ്ലീറ്റ് പെൻ ഫ്രണ്ട് റിക്വസ്റ്റിനും ലെറ്ററെഴുതാറുണ്ട്. ഒരൊറ്റ ലവളുമാരും ഇത് വരെ എനിക്കൊരു റിപ്ലേ അയച്ചിട്ടില്ല. കൂടുതലും കോഴിക്കോട്,കൊച്ചിൻ സൈഡിന്നായകൊണ്ട് അതൊക്കെ പോട്ടേന്ന് വയ്ക്കാം. പക്ഷേ ദേ ഇത് നോക്ക്, ഇവിടെ കണ്ണോത്തുംചാലിന്ന് ഒരു കൊച്ചിന്റെ പരസ്യം. ആതിര വിശ്വനാഥൻ.ഇത് മിസ്സാവാൻ പാടില്ല.” ജയൻ ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തി.

“അതിന് ഞാനെന്ത് വേണം.? ആതിരയെ പോയി കണ്ട് നിനക്ക് വേണ്ടി സംസാരിക്കണോ.?” ഞാൻ ചോദിച്ചു.

“എടാ കോപ്പേ, അതല്ല. ഞാൻ പുതിയൊരൈഡിയ പരീക്ഷിക്കാൻ തീരുമാനിച്ചു. നീയെനിക്കൊരു കത്തും കവറും നിന്റെ വാട്ടർകളറുപയോഗിച്ച് നല്ല കലാപരമായി അലങ്കരിച്ച് ചെയ്ത് തരണം. അവൾക്ക് കിട്ടുന്ന നൂറുകണക്കിന് കത്തുകളിൽ നിന്ന് ഇത് സ്റ്റാൻഡൌട്ട് ചെയ്ത് നിൽക്കണം. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ് ബെസ്റ്റ് ഇമ്പ്രഷൻ.”

“നിനക്ക് കത്ത് ഡിസൈൻ ചെയ്ത് തന്നിട്ട് എനിക്കെന്ത് ഗുണം..?” ഞാനൊരു ചൂണ്ടയിട്ടു.

“ടോപ് സ്റ്റാർ ഹോട്ടലിന്ന് പൊറോട്ടേം ബീഫും, പിന്നെ ക്രിഷ്ണാ ടാക്കിസില് ഫസ്റ്റ് ഷോയ്ക്കൊരു ടികറ്റും. പോരെ.?”

“പൊറോട്ടേം ബീഫും ഓകെ. പക്ഷെ, ക്രിഷ്ണാ ടാക്കിസില് ‘ആദിപാപമാ’ പടം. അത് ഞാൻ കണ്ടതാ. അടുത്തയാഴ്ച കവിതയിൽ നരസിംഹം റിലീസുണ്ട്. പകരം അതിന്റെ ബാൽക്കണി ടികറ്റ് മതി.”

“ഡേ, കവിതയില് ബാൽക്കണി ടിക്കറ്റിന് 25രൂപയാ. ഒന്നഡ്ജസ്റ്റ് ചെയ്യടാ..പ്ലീസ്.” ജയൻ ബാർഗൈനിംഗ് തുടങ്ങി.
“ഒരു രക്ഷയുമില്ല മോനേ. നിനക്ക് നഷ്ടപെടുന്നത് വെറും 25രൂപ. പക്ഷേ നിന്നെ കാത്തിരിക്കുന്നത് ആതിരയുമൊത്തുള്ള പ്രണയസുരഭിലമായ നാളുകളാണ്.”

ഒടുവിൽ ജയൻ സമ്മതിച്ചു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് വരുമ്പോഴേയ്ക്കും ലെറ്ററും കവറും കളർഫുള്ളായി ഡിസൈൻ ചെയ്ത് വച്ചേക്കണമെന്ന് പറഞ്ഞ് ജയൻ ഡ്രസ്സ് ചെയ്ത് പോളിയിലേക്ക് പോയി.

ഞാൻ വെറുതെ പത്രത്തിലെ പെൻ ഫ്രണ്ട്ഷിപ് കോളമെടുത്ത് നോക്കി. Hey pals.. എന്ന് തുടങ്ങി,കേംബ്രിഡ്ജ് ഇംഗ്ലീഷിൽ മുന്നാല് ലൈൻ പരസ്യം. ‘ആതിര വിശ്വനാഥൻ, സൌപർണ്ണിക (ഹൌസ്), കെ.കെ. റോഡ്, കണ്ണോത്തുംചാൽ പി.ഓ., കണ്ണുർ’. പേരും, പിന്നെ ഇംഗ്ലീഷിന്റെ ലെവലുമൊക്കെ വച്ച് നോക്കുമ്പോ ഇതേതോ കൂടിയ ഇനമാ. മനസിലോർത്തു.

പ്രണയം വിഷയമായിട്ടുള്ള എന്ത് കാര്യങ്ങളിലും ഭയങ്കരമായ ഡെഡിക്കേഷനും ആത്മാർത്ഥതയുമുള്ളത് കൊണ്ട് ഒരു മണിക്കുറിനുള്ളിൽ, ഒരു A4 വെള്ളകടലാസിൽ ‘കാല്പനിക പ്രണയത്തിന്റെ സിംബത്സായാ' ഇലകൾ പൊഴിഞ്ഞ് കിടക്കുന്ന, നേർത്ത മഴ ചാറുന്ന വഴിയും ഒരു പെൺകുട്ടി കുടചൂടി നടക്കുന്നതിന്റെ ബാക് വ്യൂവും, പിന്നെ സൈഡിലൊരു റോസപ്പൂവുമൊക്കെ വാട്ടർകളറിൽ ചെയ്തൊപ്പിച്ചു. കവറിലും അതുപോലെന്തൊക്കെയോ ചെയ്ത്, കൂടെ, ഏതോ സിനിമ പോസ്റ്ററിൽ കണ്ട 'Friendship is a blessing..'എന്ന വാചകവുമെഴുതി. ഒന്നുടെയൊന്നു നോക്കി. ഇനി ജയൻ മെയിൻ കണ്ടന്റ് കൂടി എഴുതിയാൽ മതി. ആകെമൊത്തം സംഭവം കൊള്ളാം..


പക്ഷേ..

ഒരു നിമിഷം എന്നിലെ ‘ചതിയൻ ചന്തു’ ഉണർന്നു. എന്ത്കൊണ്ട് എന്റെ പേരിൽ ഈ ലെറ്റർ ആതിരയ്ക്ക് അയച്ച്കൂടാ..? 5പായ്ക് മസിലുള്ള (അന്ന് 6പായ്ക് മാർകറ്റിലെത്തിയിട്ടില്ലായിരുന്നു), പോളി ക്രികറ്റ് ടീമിന്റെ കാപ്റ്റനായ, സൈനിക് സ്കൂളിൽ പഠിച്ചത്കൊണ്ട് മണിമണിപോലെ ഇംഗ്ലീഷ് പറയുന്ന ജയന്, വേണമെന്ന് വച്ചാ 10 ആതിരമാരെ ഈസിയായി വളയ്ക്കാം. ടോട്ടൽ പോപുലേഷന്റെ 30%ൽ താഴെമാത്രം നാരീമണികളുള്ള ഒരു പോളിടെക്നികിൽ, ഇന്ദ്രൻസിനെ വെല്ലുന്ന ബോഡി സ്ട്രക്ചറും വച്ച്, അല്പസ്വല്പം വരയുടെയും നാക്കിന്റെയും ബലത്തിൽ പിടിച്ച് നിൽക്കുന്ന എനിക്കല്ലേ ജയാ ശരിക്കുമൊരു ‘തൂലികാ സുഹ്രുത്തിന്റെ’ ആവശ്യം..? എന്റെ മനസ് പലവിധ ചിന്തകളാൽ പ്രക്ഷുബ്ധമായി.

ആരോ സ്റ്റെപ് കയറി മുകളിലേക്ക് വരുന്ന ശബ്ദം എന്നെ ചിന്തകളിൽനിന്നുണർത്തി. ക്ലാസ്മേറ്റും, കോളേജിലെ ‘അറിയപ്പെടുന്ന സാഹിത്യകാരനും’, ലവ് ലെറ്ററെഴുത്തിൽ അഗാത പാണ്ഡിത്യവുമുള്ള സോൾഗഡി രഞ്ജിത്താണ്. ഇത്പോലുള്ള സന്ദർഭങ്ങളിൽ അഡ്വൈസ് തരാൻ ഇവനാണ് ബെസ്റ്റ്.

“എന്തുവാടേ, ക്ലാസും കട്ട് ചെയ്ത് നീയിവിടെ പടംവരേം കൊണ്ടിരിക്കുവാണോ.” രഞ്ജിത് ചോദിച്ചു.

“കറക്ട് സമയത്താ അണ്ണാ നിന്റെ വരവ്...” രഞ്ജിതിന് ഞാൻ കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.

“ഇതിലിപ്പോ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. കിട്ടിയ അവസരങ്ങൾ ഉപയോഗിച്ചവരാണ് ഈ ലോകത്ത് മഹാന്മാരായവരെല്ലാം തന്നെ. ടോൾസ്റ്റോയി, നെഹ്രു, ഗാന്ധിജി, കെ മുരളീധരൻ, ഈ ഞാൻ..അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.! എന്തിനേറെ, യേശുദാസിന് തൊണ്ടവേദനായത്കൊണ്ട് കിട്ടിയ ഒരവസരത്തിൽ പാടിയിട്ടാണ് എം.ജി ശ്രീകുമാറിന് ദേശീയ അവാർഡ് വരെ കിട്ടിയത്. സോ, നോ സെകൻഡ് ഒപീനിയൻ, ലെറ്ററെഴുതാൻ ഞാനും സഹായിക്കാം. ഇന്ന് തന്നെ പോസ്റ്റ് ചെയ്താൽ അവൾക്ക് കിട്ടുന്ന ആദ്യത്തെ കത്തുകളിലൊന്ന് നിന്റെയായിരിക്കും. ജയന് നീ ഒരു തട്ടികൂട്ട് ഡിസൈൻ ചെയ്ത് കൊടുക്ക്. ചങ്ങായി ഇതറിയുകേ വേണ്ട.”

“എന്നാലും.. ഇതിച്ചിരി കൂടിയ കേസല്ലേടെ. ഒടുക്കത്തെ ഇംഗ്ലീഷും. മലയാളത്തിൽ മാത്രമെഴുതിയാൽ നമ്മള് വെറും ലോക്കലാണന്ന് അവൾ വിചാരിച്ചാലോ.. ?” എനിക്ക് കോൺഫിഡൻസ് പോര.

“ഒന്ന് പോടേ.. ഇവൾക്കുള്ള ഇംഗ്ലീഷൊക്കെ എന്റെ കയിലുണ്ട്. എഴുതിക്കോ നീ.
For no reason, for a moment, i wished if you were my friend..“

“കൊള്ളാലോടാ. ഇത്രപെട്ടന്ന് എവിടുന്ന് വരുന്ന് ഇതൊക്കെ.?” ഞാൻ രഞ്ജിതിന്റെ കഴിവിൽ അത്ഭുതപ്പെട്ടു.

“ഇതൊക്കെ വെറും സാമ്പിള്. പിന്നെ നിന്നോടായത്കൊണ്ട് സത്യം പറയാം. കോളേജ് മാഗസിനിൽ ഒരു ഇംഗ്ലീഷ് കവിതകൊടുത്ത് എന്റെ റേഞ്ചൊന്ന് കൂട്ടാൻ വേണ്ടി, നാട്ടിലെയൊരു ചങ്ങായിനെകൊണ്ട്, “അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ..ഒരുമാത്ര വെറുതെ നിനച്ച്പോയി” എന്ന പാട്ട് ട്രാൻസ്ലേറ്റ് ചെയ്യിപ്പിച്ചതാഷ്ട. പക്ഷേ, അത് ചീറ്റിപോയി. ഇതിപ്പോ അതില് ചെറിയൊരു മാറ്റം വരുത്തി ഫ്രണ്ടാക്കിന്നേയുള്ളു.”

രഞ്ജിത്തിന്റെ സാഹിത്യത്തിന്റെ ബാക്ക്പ്പിൽ - ആതിരയുടെ മോർ ഡിറ്റൈത്സ്, വിത് ഫോൺ നമ്പറുമായി റിപ്ലേ ചെയ്യണമെന്ന അപേക്ഷയോടെ- മുന്നാല് പാരഗ്രാഫിൽ ലെറ്റർ പൂർത്തിയാക്കി. ജയന് വേണ്ടി ‘മോഡേൺ ആർട്ട് പെയിന്റിംഗ്’പോലെ ഒരു പേപ്പറിൽ കളറ് വാരിപൂശി വച്ച് ഞങ്ങൾ ലെറ്ററുമായി ഇറങ്ങി.

“....കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ.. പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി..”

ബസ്റ്റോപ്പിനടുത്തുള്ള പോസ്റ്റ് ബോക്സിൽ കത്ത് പോസ്റ്റ് ചെയ്ത് തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ ഊട്ടിയിലെ പൈൻ മരങ്ങൾക്കിടയിലൂടെ എന്റെകൂടെ ഡ്യയറ്റ് പാടാൻ രേഖയ്ക്ക് പകരം ആതിരയായിരുന്നു. കണ്ണോത്തുംചാലിലെ ‘സൌപർണ്ണിക’യിലേക്ക്, ആതിരയ്ക്കായുള്ള എന്റെ ‘സ്നേഹസന്ദേശം’ അങ്ങനെ പ്രയാണമാരംഭിച്ചു..

(ബാക്കി തുടരുമായിരിക്കും..)

20 comments:

 1. or no reason, for a moment, i wished if you w.. മൊഴിമാറ്റം കസറി.... നല്ല പോസ്റ്റ് മച്ചാ.. അടുത്ത ഭാ‍ഗം പോരട്ടെ വേഗം

  ReplyDelete
 2. ഈശ്വരാ ,ഇത് തുടര്‍ക്കഥ ആണോ ?ആതിരയ്ക്കായുള്ള എന്റെ ‘സ്നേഹസന്ദേശം’ വണ്ടി പോകട്ടെ ,..ഇനിപ്പോള്‍ അടുത്ത പോസ്റ്റ്‌ കൂടുതല്‍ വൈകിയാല്‍പ്രശ്നം ആവും ..എനിക്കും ഒരു നല്ല penfriend ഉണ്ടായിരുന്നു ..കുറെ കുറെ വര്ഷം ,പിന്നെ ഞാന്‍ തന്നെ എഴുതാതെ ആയി ,കാരണം എന്റെ തിരക്കിനിടയില്‍ ഞാന്‍ എഴുതാതെ മടി പിടിച്ചു ..അതോ അവരുടെ തിരക്കിനിടയില്‍ ഞാന്‍ ഒഴിഞ്ഞു മാറിയത് ആണോ .....അതുമറിയില്ല .

  ReplyDelete
 3. തുടക്കം അതിഗംഭീരം....സംഭവബഹുലമായ ഒരു ക്ലൈമാക്സിനു വേണ്ടി കാത്തിരിക്കുന്നു....

  ReplyDelete
 4. എന്തായാലും ക്ലൈമാക്സ് ഇപ്പോഴേ പൊളിച്ചേക്കാം....ഈ ആതിര വെറും ആണാകുന്നു :-)

  ReplyDelete
 5. ചാണ്ടിക്കുഞ്ഞേ,സ്വന്തമായി പറ്റിയ അമളി ഇതുപോലെ പറയല്ലേ ?

  ഇതില്‍ ആതിര പെണ്‍കുട്ടി തന്നെ ....കണ്ടില്ലേ,കുട ഒക്കെ പിടിച്ചു നടക്കുന്നത് ?ഒരു കഥയുടെ അവസാനം ആ ഫോട്ടോ കണ്ടാല്‍ അറിയാല്ലോ ?കാത്തിരിക്കാം ,ആരാ വരുന്നത് എന്ന് ?

  ReplyDelete
 6. സിജോ...രസകരമായി എഴുതി..വരയും നന്നായിരിക്കുന്നു ...ബാക്കി പോരട്ടെ ......സസ്നേഹം

  ReplyDelete
 7. ഇനി പ്രണയവല്ലഭനാം സിജോയുടെ
  ആതിരാരാവുകളായിരിക്കും കാച്ചാൻ പോകുന്നത് അല്ലേ...!
  സൂപ്പറായി തുടക്കം കുറിച്ച ഈ കഥയിലെ വരികളാണോ,അതോ ആ വരയാണൊ കൂടൂതൽ... കൂടുതൽ നന്നായതെന്ന് പറയാൻ പറ്റുന്നില്ല കേട്ടൊ സിജോ

  ReplyDelete
 8. കൊള്ളാം...
  നന്നായി എഴുതി...ബാക്കിയുള്ളത് വേഗം പോന്നോട്ടെ...

  ReplyDelete
 9. നന്നായി എഴുതിയിട്ടുണ്ട് സിജോ. ബാക്കി കൂടി പോരട്ടെ.
  വിശാലന്റെ ഒരു പെന്‍ഫ്രെണ്ട് വീട്ടില്‍ വന്നു കയറിയ കഥ ഓര്‍ത്തു പോവുന്നു.
  ആശംസകള്‍!!!

  ReplyDelete
 10. സിജൊ,വളരെ രസകരമായി എഴുതിയിരിക്കുന്നു.പഴവും,ബ്രെഡ്ഡും പെട്ടിയില്‍ പൂട്ടുന്ന രംഗം അസ്സലായി.തുടരെട്ടെ.ആശംസകള്‍

  ReplyDelete
 11. Anna kidilam, adutha bhagam eppozha ?

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. എല്ലാവർക്കും നന്ദി.:)
  ചാണ്ടി..യൂ ദുഷ്ട്.. ക്ലൈമാക്സ് ഇപ്പോളേ പൊളിച്ചല്ലേ.. ;)
  (ചുമ്മാ ഇഷ്ടാ. ഇതിനങ്ങനെ വല്ല്യ സസ്പെൻസ് ക്ലൈമാക്സ് ഒന്നുമില്ല, എഴുതി വന്നപ്പോ കുറച്ച് നീണ്ട് പോയത്കൊണ്ട് 2പാർട്ടാക്കിന്നേയുള്ളു.)

  ReplyDelete
 14. മച്ചാ ഇത് കലക്കും. എനിക്ക് ഏറ്റവും അങ്ങ് ബോധിച്ചത് ആ ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ ആയിരുന്നു. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ .... അതൊരു ഫ്രഷ്‌ ഐറ്റം ആണല്ലോ..!

  ReplyDelete
 15. വായിക്കാന്‍ നല്ലരസമുണ്ട്.
  പെട്ടെന്ന് തുടരൂ..ങ്ഹൂ...ം.

  ReplyDelete
 16. നല്ല ബെസ്റ്റ് ചതി!

  എന്നിട്ട് ബാക്കി പറയ്!!!

  ReplyDelete
 17. daaaa ... really good.. specially that picture .. kidilam .
  onnezhuthi theerkkada pulleee

  ReplyDelete
 18. രസമുണ്ട്‌. ബാക്കി വരട്ടെ.

  ReplyDelete