Thursday 16 September 2010

യാത്രയ്ക്കൊടുവിൽ...

കഴിഞ്ഞ വർഷം സെപ്റ്റംബർ 16നായിരുന്നു, സജിത്തിനെ അവസാനമായി കണ്ടത്. ആദ്യമായി കണ്ടതും, അതിന് രണ്ട് ദിവസം മുൻപ് മാത്രം.!

രണ്ടാഴ്ചത്തെ അവധിയുമായി നാട്ടിലേക്കുള്ള യാത്ര. ദുബായ് വരെയുള്ള ഏഴരമണിക്കുർ യാത്രയുടെ ക്ഷീണം കാരണം, ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ കയറിയിരുന്നതേ കണ്ണടഞ്ഞു. അടുത്ത സീറ്റിലാരോ വന്നിരുന്ന്, ഇൻ ഫ്ലൈറ്റ് മാഗസിനുകൾ മറിച്ച് നോക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. വിമാനം ടേക്കോഫ് ചെയ്ത്, പതുക്കെ ഒരു മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നപ്പോൾ, അടുത്തിരുന്നയാൾ പതുക്കെ തോണ്ടി.
“ചേട്ടൻ നാട്ടിലേക്കാണോ?”

ഇതാരടേ ഒരു കോമൺസെൻസുമില്ലാത്ത ഈ ചങ്ങാതി എന്നറിയാൻ കണ്ണ് തുറന്ന് നോക്കി. എന്റെയൊക്കെ അതേ പ്രായം തോന്നിക്കുന്ന ഒരു കക്ഷി. ഇവനാണോ എന്നെ കേറി ചേട്ടാന്ന് വിളിച്ചത്!

“നാട്ടിലേക്കല്ല, ഒന്ന് സൌത്താഫ്രിക്ക വരെ പോകുവാ. തിരുവനന്തപുരത്തേക്കുള്ള ഈ വിമാനത്തിലിരിക്കുന്ന ആളോട്, നാട്ടിൽ പോകുവാണോന്ന് ചോദിക്കണ്ട വല്ല കാര്യോമുണ്ടോ മാഷെ..?”

എന്റെ മറുപടി കേട്ട്, ആൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.. ”അല്ല ചേട്ടാ, ഇനി മൂന്നാല് മണിക്കൂറിങ്ങനെയിരുന്ന് ബോറടിക്കണ്ടല്ലോന്നൊർത്ത്.. വെറുതെയൊന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..”
ഞാൻ കൂടുതലൊന്നും പറയുന്നതിന് മുൻപ് തന്നെ ആൾ സ്വയം പരിചയപ്പെടുത്തി. പേര് സജിത്ത്. ത്രശ്ശൂരടുത്താണ് വീട്. ‘ലിഫ്റ്റ് ടെക്നോളജി കോഴ്സ്’ കഴിഞ്ഞ്, ദുബായിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു.

“ഈ ലിഫ്റ്റ് ടെക്നോളജീന്ന് വച്ചാ സാധനങ്ങള് ലിഫ്റ്റ് ചെയ്യുന്ന ഒരുജ്ജാ‍തി പണിയാന്ന് ഇവിടെയെത്തിയപ്പോളാ ഭായി മനസിലായെ..”

തനി ത്രശ്ശൂർ ശൈലിയിലുള്ള സജിത്തിന്റെ സംസാരം എനിക്കൊരു നേരമ്പോക്കായി. ഞാനും സ്വയം പരിചയപ്പെടുത്തി. അതിനിടയിൽ എയർ ഹോസ്റ്റസ് ഭക്ഷണവും, ഡ്രിങ്ക്സുമായെത്തി. “ഒരു ചെറ്ത് പൂശുന്നോ ഗഡീ..? നാട്ടിലേക്കൊക്കെ പോവല്ലേ.. ഒന്ന് ഞെരിപ്പാകട്ടേന്നെ.” സജിത് എന്നെ നോക്കി കണ്ണിറുക്കി. “കണ്ണൂരുകാരനായ താനെന്തിനാ തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റെടുത്തെ ഗഡീ..?”

“ത്രശ്ശൂരുള്ള താനുമെന്തിനാ തിരുവനന്തപുരത്തേക്ക് പോകുന്നെ.. നെടുമ്പാശേരിയല്ലേ അടുത്ത്..? മറുപടിയായി ഞാനും തിരിച്ചൊരു ചോദ്യം ചോദിച്ചു.

ഗ്ലാസ്സിലെ വിസ്കി പതുക്കെ നുണഞ്ഞ്കൊണ്ട് സജിത്ത് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പി.എസ്.സി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനാണ് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. 3 വർഷത്തെ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് സജിത്ത് മഞ്ജുവിനെ സ്വന്തമാക്കിയത്. മഞ്ജു ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായാണ് പി.എസ്.സി ഇന്റർവ്യൂന് വിളിക്കുന്നത്. അതുകൊണ്ട് എമർജൻസി ലീവെടുത്ത് പോകുന്നതാണ്.

“ഇപ്പോളത്തെ പണികൊണ്ട് ഗൾഫിൽ നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഈ ജോലി കിട്ടിയാൽ നാട്ടിൽ തന്നെ സെറ്റാകണം. കിട്ടാൻ ചാൻസുണ്ട് ട്ടോ. നമ്മള് മറ്റേതാന്നേ..യേത്? റിസർവേഷൻ കാറ്റഗറിയേ.. ഞാനിപ്പോ വരുന്ന കാര്യം ചുള്ളത്തിക്കറിയില്ല. നാളെ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ട്രെയിൻ പിടിച്ചാ അവൾടെ കമ്പ്യൂട്ടർ സെന്ററടക്കുമ്പോളേക്കും അവിടെയെത്തും. ഒരു സർപ്രൈസാകട്ടന്നേ.. അല്ലാ, ഭായി പറഞ്ഞില്ലല്ലോ, എന്തുട്ടാ തിരോന്തരത്ത് കേസ്കെട്ട്?.”

“എനിക്കൊരു മോളുണ്ടായി സജിത്തേ. അവളെ കാണാൻ പോകുവാണ്. ഭാര്യയുടെ വീട് തിരുവനന്തപുരത്താണ്.” ഞാൻ പറഞ്ഞു.

“ആഹാ..കൊള്ളാലോ..എന്നിട്ടാണോ ചുള്ളൻ മിണ്ടാണ്ടിരിക്കണെ..ചിലവുണ്ടേ ഭായി’
“പെങ്ങളേ..ഒരു പെഗ്ഗോടെ തര്വോ.. ദാഹിച്ചിട്ട് വയ്യ”
അതിനിടെ അതിലെ വന്ന ഒരു എയർഹോസ്റ്റസിനെ തോണ്ടികൊണ്ട് സജിത്ത് ചോദിച്ചു. എനിക്ക് ചിരിയടക്കാനായില്ല. “പ്ലീസ് ബീ പേഷ്യന്റ് സർ, ഐ വിൽ കം ബാക്”. ഈർഷ്യതയോടെ പറഞ്ഞ് എയർഹോസ്റ്റസ് പോയി.
“ക്ടാവ് കൊള്ളാലോടാ.. മലയാളം മനസിലായല്ലോ.”

സജിത്തിന്റെ തമാശകളും കേട്ടിരുന്ന് അങ്ങനെ മൂന്നര മണിക്കൂർ പോയതറിഞ്ഞില്ല. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ കൌണ്ടറിലേക്കുള്ള നീണ്ട ക്യൂ വരെ, സജിത് പണ്ടേയുള്ളഒരു സുഹ്രത്തിനോടെന്നപോലെ എന്നോട് സംസാരിച്ച്കൊണ്ടിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ്, ബാഗേജ് വരുന്നതും കാത്ത് നിൽക്കുമ്പോൾ ഒരു ബാഗും തോളിലിട്ട് സജിത് വീണ്ടുമെത്തി.

“ലണ്ടൻ ഭായി, ലഗ്ഗേജെടുത്ത് വക്കാൻ വല്ല്ല ഹെല്പൂം വേണോ?, എനിക്കീ ഹാൻഡ് ബാഗ് മാത്രേയുള്ളു, പെണ്ണിന് കുറച്ച് ലൊട്ട് ലൊടുക്ക് ഗിഫ്റ്റ്കളേ.. പിന്നെ ദേ ഇതും” ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറ് കാണിച്ച് കൊണ്ട് സജിത്.
“വേണ്ട സജിത്തേ, താൻ പൊക്കോ. എവിടേലും ഡ്രോപ് ചെയ്യണേ പറ, എന്റെ അമ്മായിഅപ്പൻ പുറത്ത് വണ്ടിം കൊണ്ട് നിൽക്ക്കുന്നുണ്ട്.”
“വേണ്ട ഭായി, എന്റെ കുറേ പഴ്യ ടീമുകളിവിടെയുണ്ട്.. അവമ്മാരുണ്ടാകും പുറത്ത്. അപ്പോ, നമ്മ്ക്കിനി എപ്പോളേലും ലണ്ടൻ ജംക്ഷനിൻ വച്ച് കാണാംട്ടോ.” കൈ തന്ന് സജിത് പോയി.

3ആ‍ഴ്ച മുൻപുണ്ടായ മോളുമൊത്ത് കേക്ക് മുറിച്ച് അന്ന് ഞങ്ങൾ ആദ്യത്തെ വെഡിംഗ് ആനിവേഴ്സറി ആഘോഷിച്ചു.

കണ്ണൂരിലെ എന്റെ വീട്ടിലേക്ക് പോകാനായി അടുത്ത ദിവസം രാവിലെ പപ്പ തമ്പാ‍നൂർ സ്റ്റേഷനിൽ എന്നെയെത്തിച്ചു. രാവിലെ ആറരമണിയായതേയുള്ളുവ്വെങ്കിലും സഹിക്കാൻ പറ്റാത്ത ചൂട്. വിയർത്തൊഴൂകുന്നു. ‘പരശുറാമിനാകെ‘ രണ്ട് എ.സി കോച്ചുകളേയുള്ളു, അതിന് റിസർവേഷനൊന്നും വേണ്ട. പിന്നീട് ടി.ടി.ആർ വരുമ്പോ എക്സ്ട്രാ ഫെയർ അവർക്ക് കൊടുത്താൽ മതിയെന്ന് ടികറ്റ് കൌണ്ടറിലിരുന്നയാൾ പറഞ്ഞു. പാർക്കിംഗിന്റെ പ്രശ്നമുള്ളത്കൊണ്ട് പപ്പ ലഗേജൊക്കെ ട്രയിനുള്ളിലാക്കി തിരിച്ച് പോയി. ട്രെയിൻ പോകാൻ ഇനിയും പതിനഞ്ച് മിനിറ്റോളമുണ്ട്. സ്റ്റേഷനിലെ ടീസ്റ്റാളിൽ നിന്നൊരു കാപ്പിയുംകുടിച്ച്, പ്രത്രത്താളുകൾ മറിക്കുമ്പോൾ പുറകിൽന്നാരോ വിളിച്ചു.

“ഡേയ്, ലണ്ടൻ ഭായ്..”
തിരിഞ്ഞ് നോക്കിയപ്പോൾ കക്ഷി തന്നെ. സജിത്. തലേന്ന് കണ്ട അതേ വേഷത്തിൽ, എമിറേറ്റ്സിന്റെ ടാഗ് പോലും കളയാത്ത അതേ ബാഗും തൂക്കി തിരക്ക് പിടിച്ചുള്ള വരവാണ്.

“താനപ്പോൾ ഇന്നലെ പോയില്ലെ.?” തെല്ലൊരത്ഭുതത്തോടെ, കൌതുകത്തോടെ ഞാൻ ചോദിച്ചൂ.

“എന്റളീയാ ഒന്നും പറയണ്ടാ, എന്റെ കയ്യിലെ ഡ്യൂട്ടിഫ്രീ കവറ് കണ്ടപ്പോ ആ ശവികള് പിടിച്ച പിടുത്തം, രണ്ട് കുപ്പിം തീർന്നപ്പോ, ഇന്നലെ പാതിരാത്രി കഴിഞ്ഞാ വിട്ടത്.. ബൈ ദ് ബൈ, ഒരു ദിവസം നിന്നപ്പോളേക്കും ഭായിയെ ഭാര്യാ വീട്ടുകാര് പായ്ക്ക് ചെയ്തോ.? “

“ഇല്ലടോ, അവരെല്ലാം മൂന്ന് ദിവസം കഴിയുമ്പോൾ കണ്ണൂർക്ക് വരും, മോൾടെ മാമ്മോദീസയുണ്ട്.” ഞാൻ പറഞ്ഞു.

സജിത്തും എന്നോടൊപ്പം കയറി. ഗൾഫ് വിശേഷങ്ങൾ, മലയാളസിനിമ തുടങ്ങി സജിത്തിന് സംസാരിക്കാൻ വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു. ഇടക്ക് ടികറ്റ് ചെക്കർ വന്നു.
“ദെന്തൂട്ടാ സാറേ, ഈ എക്സ്ട്രാ മേടിക്കണ നൂറ്റമ്പത് രൂപേടെ തണുപ്പൊന്നുമീ ഏസിക്കില്ലല്ലോ.. സാറിനിയാ ലാലൂനെ കാണുമ്പോ പറ ട്ടോ വണ്ടിലെ ഏസിയൊക്കെ കമ്പ്ലയന്റാണന്ന്.”

ടികറ്റ് ചെക്കർ അന്തംവിട്ട് സജിത്തിനെ നോക്കി ചോദിച്ചു. “ഏത് ലാലുനെ...?

“നമ്മ്ടെയാ മറ്റേ കന്നാലിയേ.. ലാലു പ്രസാദ്..”

ടികറ്റ് ചെക്കറ് പോലും ചിരിച്ചു പോയി.
“ഇപ്പോ മമതയാ സുഹ്രത്തേ മന്ത്രി. ശരി, ഞാൻ പറഞ്ഞേക്കാം.”

സജിത്തിന്റെ സ്റ്റോക്കൊരിക്കലും കാലിയാകത്തത്കൊണ്ട് യാത്രയുടെ മടുപ്പേ തോന്നിയില്ല.
“യൂറോപ്പിലെ തണുപ്പിൽ ജീവിക്കുന്ന നിങ്ങൾക്കൊന്നും നാട്ടിലെ ഈ പച്ചപ്പ് കാണുമ്പോ ഗൾഫ്കാരെപോലെ ഒരു കുളിരു തോന്നണുണ്ടാകില്ല, അല്ലേ ഭായി..?” പുറകിലേക്കോടി മറയുന്ന പച്ച പാടങ്ങൾ കണ്ട്കൊണ്ട് ട്രെയിനിന്റെ വാതിലിനടുത്ത് നിൽകുമ്പോൾ സജിത് പറഞ്ഞു.

വടയും ചായയും വാങ്ങി കഴിച്ചും, സജിത്തിന്റെ നേരമ്പോക്കുകൾ കേട്ടൂകൊണ്ടുമിരുന്ന് എറണാകുളമെത്തിയതറിഞ്ഞില്ല. ഞങ്ങളിരുന്ന കമ്പാർട്മെന്റ് ആളുകളെകൊണ്ട് നിറഞ്ഞു.

“ഭായിടെ നമ്പർ താ. ഞാനിനി കണ്ണൂരോ, ലണ്ടനിലോ വരേണ്ടി വന്നാ ഭായിയെ കോണ്ടാക്ട് ചെയ്യാല്ലോ..“

ഞാനെന്റെ നമ്പർ കൊടുത്തു. സജിത്തിന്റെ ഫോൺ ബാറ്ററി തീർന്ന് ഓഫായത്കൊണ്ട് ഒരു പേപ്പറിൽ അവൻ നമ്പർ കുറിച്ചെടുത്തു. സജിത്തിന്റെ നമ്പർ ചോദിച്ചപ്പോൾ, തലേന്ന് തിരുവനന്തപുരത്തെന്നെടുത്ത പുതിയ കണക്ഷനാണ്, നമ്പർ ഓർമ്മയില്ലന്നും, വീട്ടിലെത്തി ഫോൺ ചാർജ് ചെയ്താലുടനെ എന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെദിവസങ്ങളായുള്ള യാത്രയുടെ ക്ഷീണവും, ഉച്ചവെയിലും കാരണം സജിത്തിന്റെ കത്തിവക്കലിനിടയിലും ഞാനറിയാതെ മയങ്ങിപോയിരുന്നു.

“ട്രാ‍ാ എന്റെ ബാഗ്..നിൽക്കടാ‍ാ അവിടേ..”

സജിത്തിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. സജിത്തിന്റെ ബാഗുമായി ഒരാൾ വാതിലിന് നേരെ ഓടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. പുറകെ സജിത്തും. ഒരു നിമിഷം കൊണ്ട് അയാൾ, ഓടികൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ചാടി. ട്രെയിൻ ത്രശ്ശുർ സ്റ്റേഷനെത്താറായിരുന്നത് കൊണ്ട് വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ച് നിൽകുമ്പോൾ, സജിത്തും അയാളുടെ പിന്നാലെ ഓടി ട്രെയിനിന് വെളിയിലേക്ക് ചാടുന്നത് കണ്ടു. ഓടി വാതിലിനടുത്തെത്തിയപ്പോളേക്കും ഒരു കൂട്ടമാളുകൾ വാതിലിനടുത്ത് തടിച്ച്കൂടി പുറത്തേക്കെത്തി നോക്കി നിൽക്കുന്നു. ആളുകളെ വകഞ്ഞ്മാറ്റി ഒരുവിധം ഞാൻ പുറത്തേക്ക് നോക്കി. ദൂരെ പുറകിലായി റെയിൽ വേ ട്രാക്കിനരികിലെ പാറക്കഷണങ്ങൾക്കിടയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു രൂപം കണ്ടു. ട്രെയിൻ സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലേക്ക് കയറിയിരുന്നു.

“ഓടുന്ന വണ്ടിടെ എതിർദിശയിലാ ചങ്ങായി ചാടിയിരിക്കുന്നെ..നല്ല വീഴ്ചയാ വീണതെന്ന് തോന്നുന്നു.. വിമാനത്തിന്റെ സ്റ്റികറു പോലും പൊളിക്കാത്ത ബാഗും വച്ച് ട്രെയിനിൽ കേറിയാ ഗൾഫ്കാരനാന്ന് കള്ളന് ആരേലും പറഞ്ഞ് കൊടുക്കണോ.” പുറകിൽ നിന്നാരോ പറഞ്ഞു.

ട്രെയിൻ ഒരുവിധം സ്പീഡ് കുറഞ്ഞ്, നിൽക്കാറായപ്പോൾ ഞാൻ ചാടിയിറങ്ങി പുറകിലേക്കോടി. ട്രെയിനിൽ കയറിപറ്റാനും, ഇറങ്ങാനും തിരക്ക് കൂട്ടുന്ന യാത്രക്കാരുടെയും, ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന കച്ചവടക്കാരെയും തിരക്കിനിടയിലൂടെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റം വരെ ഞാനോടി നോക്കി. സജിത് വീണ സ്ഥലം പ്ലാറ്റ്ഫോമിന് കുറച്ച് പുറകിലായിരുന്നിരിക്കണം. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. അടുത്ത് കണ്ട പോർട്ടറോട് ഞാൻ അനേഷിച്ചു. അയാൾ കൈ മലർത്തി. ഈയിടെയായി ട്രെയ്നിൽ മോഷണവും പിടിച്ച്പറിയുമൊക്കെ സാധാരണമാണന്നും, സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് പരാതിപ്പെടാനുമായിരുന്നു അയാൾടെ മറുപടി. അപ്പോളാണ് സീറ്റിനടിയിലും, മുകളിലെ റാക്കിനുള്ളിലുമൊക്കെയായിരിക്കുന്ന എന്റെ പെട്ടിയുടെം ബാഗിന്റെയും കാര്യമോർമ്മ വന്നത്. പാസ്പോർട്ടുൾപ്പടെയുണ്ടതിൽ. ട്രെയിൻ പുറപ്പെടാറുമായിരിക്കുന്നു.. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. വല്ലാത്തൊരു നിസ്സഹായവസ്തയോടെ ഞാൻ തിരിച്ച് നടന്നു. ഹ്രദയത്തിൽ ഒരു കല്ല് കയറ്റി വച്ചത്പോലെ തോന്നി എനിക്ക്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ത്രശ്ശുർ മുതലുള്ള യാത്ര.

ഒരു യാത്രക്കിടെ എവിടെ നിന്നോ വന്ന്, കുറച്ച് മണിക്കൂറുകൾകൊണ്ട്, നല്ലൊരു സുഹ്രത്തിനേപോലെ തോന്നിപ്പിച്ച്, അതിലേറെ വേദന ബാക്കിവച്ച് മറ്റൊരു യാത്രക്കിടെ എവിടെയോ അപ്രത്യക്ഷനായ ഒരാൾ.! ലോകത്തിലുള്ള സകലകാര്യങ്ങളെപറ്റിയും ഞങ്ങൾ സംസാരിച്ചെങ്കിലും, സജിത്തിനേപറ്റി കൂടുതൽ ചോദിച്ചുമില്ല, പറഞ്ഞതുമില്ലായിരുന്നു ; ത്രശ്ശൂരെവിടെയാണന്ന് പോലും. വീഴ്ചയിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടാകാം. എങ്കിലും, പാസ്പോർട്ടും, മഞ്ജുവിനുള്ള സമ്മാനങ്ങളുമുള്ള ആ ബാഗ് തിരിച്ച് കിട്ടിയിട്ടുണ്ടാകുമോ..? തിരിച്ച് ദുബായിക്ക് പോയിട്ടുണ്ടാകുമോ..? അതോ, സജിത് ആഗ്രഹിച്ചത് പോലെ, ഒരു സർക്കാർ ജോലിയുമായി നാട്ടിൽ സെറ്റായിട്ടുണ്ടാകുമോ..? നാട്ടിലെ ആ യാത്രയിൽ ഞാനുപയോഗിച്ചിരുന്ന, സജിത്തിനു കൊടുത്ത നമ്പർ ഇപ്പോൾ പപ്പയുടെ കൈയിലാണ്. ഇപ്പോളും,വിളിക്കുമ്പോൾ ഇടക്ക് വെറുതെ പപ്പയോട് ചോദിക്കാറുണ്ട് - സജിത്ത് ന്ന് പേരുള്ള ആരെങ്കിലും വിളിച്ചിരുന്നോ..?

19 comments:

  1. സിജോ ,യാത്രകളില്‍ പരിച്ചയപെടുന്നവര്‍ ..അവരെ കുറിച്ച് ഇത്ര വേദനയോടെ എഴുതിയപോള്‍ ,പരിചയം ഉണ്ടായിരുന്നിട്ട് ,അറിയാത്തവരെ പോലെ നടക്കുന്നവരെ കുറിച്ച് എഴുതുവാന്‍ എത്ര പേജുകള്‍ വേണം എന്ന് ഞാന്‍ ചിന്തിക്കുവായിരുന്നു ..

    വളരെ നല്ല പോസ്റ്റ്‌ .....

    ReplyDelete
  2. സിജോ ..തേങ്ങാ പൊട്ടിക്കാന്‍ മറന്ന് പോയി..നമുക്ക് ഇവിടെ തേങ്ങാ ഒന്നും ഇല്ലാത്തത് കൊണ്ട് അടുത്ത പോസ്റ്റിനു തേങ്ങാ പൊട്ടിക്കാം .

    ReplyDelete
  3. ഉന്തുട്ടാ..യ്ക്കാൺണ് ....
    അസ്സല്ല് മൊതല് ...
    ഞങ്ങള് നാട്ടാര് പോലുംത്രാ..കലക്കൻ ശൈല്ലീല് ഇമ്പടെ ഭാഷ്ങ്ങിന്യേ പറേല്ല്യാട്ടാ...
    അത്ര ഗംഭീരായിട്ട്ണ്ട് ഈ വെടിക്കെട്ട്...!

    ദേ..പിട്ച്ചേയീയഭിനന്ദനം...
    കേട്രാ‍ാ ഗെഡീ....

    ReplyDelete
  4. ഇനിയും കണ്ടു മുട്ടും മാഷേ, ആ സുഹൃത്തിനെ. അത് എത്രയും വേഗമാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. അതു പോലെ ആരെങ്കിലും പറഞ്ഞറിഞ്ഞിട്ടെങ്കിലും സജിത്ത് ഈ പോസ്റ്റ് വായിയ്ക്കാനിട വരട്ടെ.

    ReplyDelete
  5. ആ സുഹൃത്തിനെ കണ്ടു മുട്ടാൻ ഇനിയും അവസരം ഉണ്ടാകട്ടെ,സിജോ....

    ReplyDelete
  6. വായിച്ചു തീര്‍‌ന്നതറിഞ്ഞില്ല. സജിത്ത് ശരിക്കും ഒരു പച്ചയായ മനുഷ്യനാണ്‌. അതുകൊണ്ടുതന്നെ ഞങ്ങളുടെ മനസ്സിലും അങ്ങിനെ നിറഞ്ഞു നില്‍‌ക്കുന്നു. ഈ പോസ്റ്റ് സജിത്ത് എപ്പോഴെങ്കിലും വായിക്കാന്‍ ഇടവരട്ടെയെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതു വായിക്കുമ്പോള്‍ ആ മുഖത്ത് വിടരുന്ന സന്തോഷം ഞാന്‍ ഭാവനയില്‍ കാണുന്നു.

    ReplyDelete
  7. എടാ നീ കിടിലമായിട്ടു എഴുതി .. ഞാന്‍ ചുമ്മാ പറയുന്നതല്ല .. നിന്റെ എഴുത്തിനു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് .... ബാക്കി ഫോണില്‍ പറയാം . ഇത് വായിച്ചപ്പോള്‍ തന്നെ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതാ . ഇപ്പം പാതിരാ മൂന്നു മണിയാ .. സൊ സീ യു നാളെ .

    ReplyDelete
  8. സിജോ..ഇതാ പറഞ്ഞത് ഹൃദയ സ്പര്‍ശിയായ അനുഭവങ്ങള്‍ എഴുതുമ്പോള്‍ വാക്കുകള്‍ അറച്ചുനില്കില്ല....നന്നായി. ഭാവുകങ്ങള്‍.....സസ്നേഹം

    ReplyDelete
  9. നല്ല ഒഴിക്കുള്ള പോസ്റ്റ്‌. ആ സജിത്തിനെ മുന്നില്‍ കാണാന്‍ കഴിഞ്ഞു. നല്ല എഴുത്ത്.

    ReplyDelete
  10. വളരെ നല്ല പോസ്റ്റ്‌ .....

    ReplyDelete
  11. സജിത്തിനെ കണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയട്ടെ
    എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
    പ്രാര്‍ത്ഥിക്കുന്നു.
    വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌.

    ReplyDelete
  12. എഴുത്ത് ഇഷ്ടായി..... കൂടുതല്‍ നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ...

    ReplyDelete
  13. ത്രിശ്ശൂര്‍ക്കാരോട് സംസാരിച്ചിറ്റിക്കാന്‍ നല്ല രസമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നര്‍മ്മബോധം ഉള്ളത് അവര്‍ക്കാണെന്നാണ് എന്റെ പക്ഷം. സംസാരിച്ചിരിക്കുംബോള്‍ സമയം പോകുന്നതറിയില്ല.

    നല്ല രസകരമായി പറഞ്ഞു. അവസാനം ഒരു നൊമ്പരം ബാക്കി വച്ചു. ഇതുവായിച്ചവരെല്ലാരും അവന്‍ വേണ്ടി പ്രാര്‍ഥിച്ചുകാണും. ഞാനും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  14. എന്തോന്നടെയ് ..ഇമ്മാതിരി ഒന്നും എഴുതല്ലേ !!!

    ReplyDelete
  15. രാവണാ നന്ദി..

    ReplyDelete